ശിക്ഷാർഹം part 8 ബാക്കി
കേസല്ലെങ്കി വേറെ എന്തെങ്കിലും വെച്ച് അവൻ നിന്നെ പിടിക്കും.”
“ഷാജി ഇപ്പൊ എവിടുന്നാ സംസാരിക്കുന്നെ ? ”
“ഒന്നു പോയേഡാ! നീ ചോദിച്ചാ അപ്പത്തന്നെ പറഞ്ഞു തരാനിരിക്കുവല്ലേ ഞാൻ. ഒരുപകാരം ചെയ്യാമെന്നോർത്ത് വിളിച്ചതാ അന്ന്. നീയെനിക്കൊരു പട്ടീടെ വെല തന്നോ ? ഇല്ലല്ലോ ? നീയവനെ ജീപ്പീന്നു തള്ളിയിടുന്നതും,വെടി വെക്കുന്നതും, പോലീസുകാരവനെ പൊക്കിയെടുത്ത് വെള്ളത്തിലിടുന്നതും നല്ല വ്യക്തമായി കണ്ട സാക്ഷികളുണ്ട് എന്റെ കൂടെ. ഇനിയിപ്പൊ പോത്തൻ നിന്നെ കുടുക്കിയില്ലെങ്കിതന്നെ എന്റെ കയ്യീന്ന് നീ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല. മനസ്സിലായോ ? “
കൂറേ സമയത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഒടുവിൽ...
“ഷാജിക്കെന്താ വേണ്ടത് ? എന്തിനാ ഈ ബ്ലാക്ക്മെയിലിങ്ങ് ? എന്നെക്കൊണ്ട് എന്തെങ്കിലും ഒരാവശ്യമുള്ളതുകൊണ്ടായിരിക്കുമല്ലോ-“
“എനിക്ക് വേണ്ടത് നിന്നെയാരുന്നു! എനിക്കു സ്വന്തമായിട്ട് ഒരു സർക്കിൾ ഇൻസ്പെക്ടർ! നമുക്ക് രണ്ടു പേർക്കും പ്രയോജനമായേനേ. ചില്ലറക്കളിയല്ല. നല്ല കോടികൾ വീശിക്കൊണ്ടുള്ള കളി കളിക്കാർന്നു നമുക്ക്. പക്ഷേ ഒക്കെ നീ നശിപ്പിച്ചു. ഇനി ഈ പോത്തൻ കേറി കൊത്തിയ സ്ഥിതിക്ക് ഒരു വഴിയുമില്ല. നീ കുടുങ്ങി! ഞാൻ കേസു വിട്ടു! ”
ഫോൺ കട്ടായി.
ആൽബി പല്ലു ഞെരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി. വല്ലാത്തൊരു നിസ്സഹായാവസ്ഥ. എത്ര ആലോചിച്ചിട്ടും ഷാജി ആരാണെന്നോ, എങ്ങനെ താൻ അവന്റെ ഇരയായെന്നോ അയാൾക്ക് മനസ്സിലായില്ല.
ഗിയറിലിട്ടതും, പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നില്ക്ക്കുന്ന ഒരു കടലാസു കഷണം അയാളുടെ ശ്രദ്ധയിൽ പെട്ടു. നാലായി മടക്കി സിബ്ബ് തുറന്ന് അകത്തേക്ക് തിരുകി കയറ്റി വച്ചിരിക്കുന്ന നിലയിലാണ്. സൂക്ഷ്മതയോടെ അയാൾ അത് വലിച്ചെടുത്ത് നിവർത്തി.
“പോത്തനെ വിശ്വസിക്കാം ആൽബി. എന്താണുണ്ടായതെന്ന് അയാളോട് തുറന്നു പറഞ്ഞോളൂ. അയാൾ ചതിക്കില്ല.” പേന കൊണ്ടെഴുതിയ ഒരു കൊച്ചു കുറിപ്പാണ്. ആൽബി അത് രണ്ടു മൂന്നു വട്ടം വായിച്ചു. പിന്നെ തിരിഞ്ഞ് മുകളിലെ നിലയിലെ പോത്തന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഒന്നു നോക്കി.
ജനലരികിൽ തന്നെ അയാൾ നില്പ്പുണ്ടായിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് പോത്തൻ!
തിരിച്ചുള്ള യാത്രയിൽ ആൽബി ചിന്താധീനനായിരുന്നു. അദൃശ്യമായ എന്തൊക്കെയോ കുരുക്കുകൾ തനിക്കു ചുറ്റും മുറുകിക്കൊണ്ടിരിക്കുന്നതു പോലൊരു തോന്നൽ. ഒപ്പം മനസ്സിന്റെ കോണിലെവിടെയോ, ഡെയ്സിയുമായി പിണങ്ങേണ്ടി വന്നതിലുള്ള ഒരു ബുദ്ധിമുട്ട്. അയാൾ വണ്ടി നേരെ അടുത്തു കണ്ട വെറ്റിനറി/അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്ക് ഓടിച്ചു കയറ്റി.
ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണത്. ആൽബിയുടെ ലക്ഷ്യം അവരുടെ വിശാലമായ പ്ലേ ഗ്രൗണ്ടായിരുന്നു. അതിനു ചുറ്റുമായി മനോഹരമായി രൂപകല്പ്പന ചെയ്തിട്ടുള്ള നേഴ്സറിയുണ്ട്. വിവിധ തരം വിളകൾ ആധുനീക രീതിയിൽ കൃഷി ചെയ്യുന്ന വിധം പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു കൂറ്റൻ പാർക്കു പോലെയാണ് അവിടം. മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം, ആൽബി അവിടെ ചെന്നിരിക്കാറുണ്ട്. ആ വൃക്ഷ ലതാദികൾക്കിടയിലിരുന്ന് വിശാലമായ പുല്പ്പരപ്പിലേക്ക് നോക്കി ഇരിക്കുമ്പോൾ വല്ലാത്തൊരു ശാന്തത തോന്നും മനസ്സിന്.
അയാൾ കയറി ചെന്നപ്പോൾ, യൂണിഫോം കണ്ടിട്ടാകണം, കുറേ കുട്ടിക്കമിതാക്കൾ ഭയന്നോടുന്നതു കണ്ടു. അതിൽ പലർക്കും തൊട്ടടുത്ത സ്കൂളിലെ യൂണിഫോമായിരുന്നു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾ. ആൽബിക്ക് വല്ലായ്മ തോന്നി. തിരിച്ച് ഡ്യൂട്ടിയിൽ കയറിയാലുടൻ ഇതിനെന്തെങ്കിലുമൊരു പരിഹാരം കാണണം. അയാൾ ചിന്തിച്ചു.
അവിടെ കണ്ട സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചതും ഫോണിൽ ഒരു മെസേജ് വന്നു.
സ്കൂളിൽ നിന്നാണ്. മെലിൻഡയുടെ സ്കൂൾ ബസിന്റെ സമയക്രമവും, ഡ്രൈവറുടെ നമ്പറുമെല്ലാം അടങ്ങുന്ന ഒരു എസ്. എം. എസ്. അയാൾ അത് വിശദമായി വായിച്ചതിനു ശേഷം ആൻസിക്ക് ഫോർവേഡ് ചെയ്തു. കാര്യം എന്തൊക്കെ പറഞ്ഞാലും, ആ സ്കൂൾ വളരെ അഡ്വാൻസ്ഡ് ആണ്. അയാൾക്ക് അഭിമാനം തോന്നി. നിസ്സാര കാര്യമല്ല ഈ അഡ്മിഷൻ. തനിക്കു പകരം മറ്റൊരാളായിരുന്നെങ്കിൽ, ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം! അന്ന് ഡെയ്സിയെ കണ്ടില്ലായിരുന്നെങ്കിൽ...
പെട്ടെന്ന് അയാളുടെ മനസ്സിൽ ഡെയ്സിയുടെ മുഖം തെളിഞ്ഞു.
രാവിലെ താൻ വളരെ ഇൻസെൻസിറ്റീവായിട്ടാണ് സംസാരിച്ചത്. ഒറ്റക്കു താമസിക്കുന്ന ഒരു സ്ത്രീയാണ്. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നിട്ടുണ്ടാകുമെന്നൊരു തോന്നൽ വന്നാൽ അത് വല്ലാത്തൊരു ഭയം ഉളവാക്കും.
ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. ‘കോൾ’ ബട്ടനിൽ വിരലമർത്തി അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഫോൺ ചെവിയോടു ചേർത്തു.
“ഹലോ! ” ഗൗരവത്തിലാണ് ഡെയ്സി.
“ഡെയ്സി... ഞാൻ ഇപ്പോ വാട്ട്സാപ്പിൽ തന്നെ അൺബ്ലോക്ക് ചെയ്യാം. വീടിന്റെ ലൊക്കേഷൻ ഒന്നയക്കൂ.” ആൽബിയുടെ സ്വരം നന്നേ നേർത്തിരുന്നു.
“റിയലി സർ ? ? ” മറുപടിയിൽ ആഹ്ളാദം വ്യക്തമായിരുന്നു.
“യെസ്. ഞാൻ ഇപ്പൊ ഫ്രീയാണ്. അങ്ങോട്ടു വരാം.”
“ഓ മൈ ഗോഡ്! ! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനിപ്പൊ അയക്കാം സർ! ”
“ഓക്കേ! ”
“ഒരു കാര്യം സർ... സർ ഇപ്പൊ യൂണിഫോമിലാണോ ? ആ സ്റ്റാറൊക്കെയുള്ള ? ”
“യെസ്. എന്തുപറ്റി ? ”
“വെറുതേ... എനിക്കൊന്നു കാണാൻ “അവൾ പൊട്ടിച്ചിരിച്ചു. “ സീ യൂ സൂൺ സർ. ഞാനിപ്പൊ തന്നെ ലൊക്കേഷൻ അയക്കാം.” ഫോൺ കട്ടു ചെയ്തു.
വാട്ട്സാപ്പിൽ ഡെയ്സിയെ അൺബ്ലോക്ക് ചെയ്യുമ്പോൾ ആൽബിയുടെ മനസ്സിൽ നിറയെ അവളുടെ ആ ചോദ്യമായിരുന്നു. താൻ യൂണിഫോമിലാണോ എന്ന ചോദ്യം. എത്ര ആലോചിച്ചിട്ടും അതിന് ഒരേ ഒരു അർത്ഥം മാത്രമേ അയാൾക്ക് മനസ്സിലാക്കാനായുള്ളൂ. വികാരത്തിനു തീ പിടിച്ച ഒരു സ്ത്രീയാണവൾ. അത് അടക്കി വെക്കാൻ അവൾ യാതൊരു ശ്രമവും നടത്തുന്നുമില്ല. വസ്ത്ര ധാരണത്തിൽ, ചിരിയിൽ, സംസാരത്തിൽ എല്ലാം അവളുടെ ലൈംഗീക താല്പ്പര്യം വ്യക്തമാണ്. താൻ ഇത്രക്കും ദുർബ്ബലനായിപ്പോയല്ലോ എന്നോർത്ത് അയാൾ സ്വയം പഴിച്ചു.
നിമിഷങ്ങൾക്കുള്ളിൽ വാട്ട്സാപ്പിൽ മെസേജെത്തി. അവിടെ നിന്നും ഏതാണ്ട് 6 കിലോമീറ്റർ ദൂരത്തിലുള്ള അവളുടെ വീടിന്റെ ലൊക്കേഷൻ.
ഏതോ കാർട്ടൂൺ സിനിമയിൽ മുൻപ് കണ്ടതു പോലെ, തന്റെ ഇടതു തോളിൽ ചെകുത്താനും, വലതു തോളിൽ ഒരു മാലാഖയും നിന്ന് പരസ്പരം വാഗ്വാദത്തിലേർപ്പെടുന്നതായി ആൽബിക്ക് തോന്നി. ചെകുത്താനേ വിജയിക്കൂ എന്നുറപ്പായിരുന്നു. അയാൾ എഴുന്നേറ്റ് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.
പതിനഞ്ചു മിനിട്ടിനുള്ളിൽ അയാൾ സ്ഥലത്തെത്തി. നഗരാതിർത്തിയിലുള്ള ആ കൊട്ടാരത്തിന്റെ പടിവാതില്ക്കൽ.
അയാളെ കണ്ടതു പോലെ ആ കനത്ത ഇരുമ്പു ഗേറ്റുകൾ തനിയെ തുറന്നു. സെക്യൂരിറ്റി റൂമിൽ നിന്നും യൂണിഫോമിട്ട ഒരു യുവാവ് ഇറങ്ങി ഓടിയെത്തി അയാളെ അകത്തേക്കാനയിച്ചു.
“മാഡം അകത്തുണ്ട്. സർ നേരെ മെയിൻ പോർച്ചിലേക്കു ചെന്നോളൂ.” അയാൾ ഉപചാരപൂർവ്വം ചൂണ്ടിക്കാണിച്ചു.
അന്തം വിട്ട് നോക്കി നിന്നു പോയി ആൽബി.
ഗേറ്റിൽ നിന്നും കുറേ ദൂരെയാണ് വീട്. പോകുന്ന വഴിയിലെല്ലാം മനോഹരമായി വിരിച്ചിരിക്കുന്ന ഹോൺഡ് ഗ്രാനൈറ്റ്. ഗേറ്റിൽ നിന്നും പുറപ്പെട്ട് പോർച്ചുകളിലൂടെ കയറിയിറങ്ങി തിരിച്ച് ഗേറ്റിൽ തന്നെയെത്തുന്ന ഒരു പടു കൂറ്റൻ റൗണ്ട് എബൗട്ടാണത്. അതിന്റെ നടുവിൽ തന്നെ ഒരു കൂറ്റൻ ഫൗണ്ടൻ. അതിന്റെ ഭാഗമായി കുറേയേറെ ചെറു വെള്ളച്ചാട്ടങ്ങളും. വഴിയുടെ ഇരു വശത്തും പടർന്നു നില്ക്കുന്ന ചെറു മരങ്ങൾ. മിക്കതിനും ചുവപ്പും വയലറ്റും ഇലകളായിരുന്നു. ഇൻഡ്യൻ മരങ്ങളല്ലെന്നു വ്യക്തം.
പതിയെ ആ വഴിയിലൂടെ ബൈക്ക് ഓടിച്ച് മുൻപോട്ടു ചെല്ലുമ്പോൾ ആൽബിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി വന്നു. താൻ കരുതിയിരുന്നതിലുമെല്ലാം എത്രയോ വലിയൊരു കോടീശ്വരിയാണ് ഡെയ്സി എന്നയാൾ തിരിച്ചറിഞ്ഞു. വെറുതേയല്ല നിസ്സാരമായി അവൾ ആ അഡ്മിഷൻ തരപ്പെടുത്തിത്തന്നത്.
തൂവെള്ള മാർബിൾ പതിച്ച കൂറ്റൻ നാലു തൂണുകൾക്കിടയിൽ തന്റെ ബുള്ളറ്റ് നിർത്തി ഒതുക്കി വെക്കുമ്പോൾ വല്ലാത്തൊരു അപകർഷതാ ബോധം അയാളെ ബാധിച്ചു. മാനസികമായി പൊരുത്തപ്പെടാനാകാത്തതെന്തോ ചെയ്യുന്ന ഒരു തോന്നൽ. നിന്ന നില്പ്പിൽ ഒന്നു മുകളിലേക്ക് പാളി നോക്കി അയാൾ. മൂന്നു നിലകളാണ് വീട്! തറ നിരപ്പിൽ നിന്നു താഴേക്ക് ഒരു നില കൂടിയുണ്ടെന്നു തോന്നുന്നു. വിശാലമായ മുൻ വരാന്തയിലേക്ക് കാലെടുത്തു വെച്ചതും, ഏതാണ്ട് 12 അടി ഉയരമുള്ള ഭീമാകാരമായ രണ്ടു വാതിലുകൾ അയാൾക്കു മുൻപിൽ തനിയെ തുറന്നു.
“ഹേയ്! ! ” രണ്ടു കൈകളും വിടർത്തിപ്പിടിച്ച് ഡെയ്സി അയാളെ സ്വാഗതം ചെയ്തു. “ഞാൻ കരുതിയതിലും 10 മിനിറ്റ് നേരത്തെയെത്തിയല്ലോ.”
ആൽബി പുഞ്ചിരിക്കുക മാത്രം ചെയ്തു.
അകത്ത് - ഭീമാകാരമായ സ്വീകരണമുറിയുടെ അറ്റത്ത് സോഫയിൽ ഒരു മധ്യവയസ്കൻ ഇരുന്നിരുന്നു. ആൽബിയെ കണ്ടതും അയാൾ എഴുന്നേറ്റു നിന്നു.
“ഇത് മിസ്റ്റർ അനന്തു. അനന്തരാമയ്യർ. എന്റെ പേഴ്സണൽ അക്കൗണ്ടന്റ്-ഓഡിറ്റർ ഒക്കെയാണ്.“ ഡെയ്സി പരിചയപ്പെടുത്തി. ”ഇദ്ദേഹം ഇറങ്ങാൻ നില്ക്കുകയാണ്. നിങ്ങൾ സംസാരിക്കൂ. ഞാൻ ഒന്ന് ഡ്രസ്സ് മാറി വരാം. ഇപ്പൊ ഓഫീസിൽ നിന്നു വന്നതേയുള്ളൂ.“ ചിരിയോടെ ആൽബിയുടെ തോളിൽ തട്ടിയതിനു ശേഷം അവൾ സ്റ്റെയറിലൂടെ ഓടി മുകളിലേക്ക് ചെന്ന് അപ്രത്യക്ഷയായി.
”ഞാൻ ആൽബർട്ട് സാമുവൽ.“ അയാൾ ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോഴേക്കും അയ്യർ ഇരു കൈകളും കൊണ്ട് ആ കൈ കൂട്ടിപ്പിടിച്ചു.
”സാറിനെ നന്നായിട്ടറിയാം സർ. ഒത്തിരി കേട്ടിട്ടുണ്ട്. ടീവീലൊക്കെ ധാരാളം കണ്ടിട്ടുണ്ട്. യൂ ആർ ഗ്രേറ്റ് സർ! ബിഗ് ഫാൻ! “ തമിഴ് കലർന്ന മലയാളത്തിൽ അയാൾ ആവേശം കൊണ്ട് നിന്ന് വിറക്കുകയാണ്.
”താങ്ക് യൂ...“ ആൽബി അയളുടെ തോളിൽ തട്ടി ശാന്തനാക്കി. ”മിസ്റ്റർ അയ്യർ, സി. എ. അല്ലേ ? “
”അതേ സർ. ഫ്രീലാൻസർ ആണ്. പക്ഷേ ഇപ്പൊ ഡെയ്സി മാഡത്തിന്റെ വർക്കു മാത്രമേ ചെയ്യുന്നുള്ളൂ.“
”ഓക്കേ! “
”ഓഡിറ്റിങ്ങ് മാസമല്ലേ സർ. അതുകൊണ്ട് എല്ലാം ഒന്ന് ഡിസ്കസ്സ് ചെയ്യാമെന്നു കരുതി വന്നതാ. മാഡത്തിനെ അങ്ങനെ ഫ്രീ ആയി കിട്ടാറില്ല.“
ആൽബിക്കെന്തോ അയാളുടെ ഓവർ ബഹുമാനമൊക്കെ കണ്ടപ്പോൾ കള്ള ലക്ഷണമാണ് തോന്നിയത്.
”ഈ ഡെയ്സീസ് ഗ്രൂപ്പിന്റെ മുഴുവൻ അക്കൗണ്ടിങ്ങ് താൻ ഒരാളാണോ ചെയ്യുന്നത് ? “
”അയ്യോ അല്ല സർ! ഗ്രൂപ്പ് ഇന്റർനാഷണലല്ലേ. എല്ലാ നാട്ടിലും ഹെഡ് ക്വാർടേഴ്സ് ഉണ്ട്. അവരുടെ അക്കൗണ്ടിങ്ങിനൊക്കെ അവർക്ക് ഡിപ്പാർട്ട്മെന്റുണ്ട്. ഞാൻ മാഡത്തിന്റെ പേഴ്സണൽ അക്കൗണ്ടിങ്ങ് മാത്രം. അവർക്ക് കുറേ സ്ഥാപനങ്ങൾ വേറെയുണ്ട് സൈഡ് ബിസിനസ് പോലെ. ചെറിയ ഷോപ്പുകൾ. സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സലോൺസ് അങ്ങനെയൊക്കെ.“
”ഓ...ഐ സീ. എനിവേ, താങ്ക്സ് മിസ്റ്റർ അയ്യർ! പരിചയപ്പെട്ടതിൽ സന്തോഷം. എനിക്ക് ഒരു ചെറിയ കാര്യമുണ്ട്. അതു കഴിഞ്ഞാൽ ഉടനെ പോകണം.നല്ല തിരക്കാണ്.“
”ഓക്കെ സർ! “ അയാൾ തന്റെ ലാപ്പ്ടോപ്പ് ബാഗെടുത്ത് തോളിലിട്ടു. ”സർ... എപ്പൊഴാണ് ഒന്ന് ഫ്രീ ആകുക ? നമുക്ക് വേറൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.“ ശബ്ദം താഴ്ത്തി, രഹസ്യം പോലെയാണ് ചോദ്യം.
”എന്താണ് കാര്യം ? പേഴ്സണലാണെങ്കിൽ ഇപ്പൊ പറഞ്ഞോളൂ. ഒഫീഷ്യലാണെങ്കിൽ നേരേ സർക്കിൾ ഓഫീസിലേക്കു പോരെ. ഞാൻ സാധാരണ രാവിലെ 11 മണി വരെ അവിടെ കാണും.“
അനന്തരാമയ്യർ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ആലോചിക്കുകയാണെന്നു തോന്നി. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ മുകളിലേക്ക്, ഡെയ്സി പോയ ദിശയിൽ ഒന്നു നോക്കി.
“സാറിന്റെ നമ്പർ ഒന്നു തരാമോ ? ഞാൻ വിളിച്ചോളാം. ഒരല്പ്പം കുഴപ്പം പിടിച്ച കേസാണ്.” ഇടക്കിടെ തിരിഞ്ഞു മുകളിലേക്ക് നോക്കിക്കൊണ്ട് ശബ്ദം വളരെ താഴ്ത്തിയാണ് അയാൾ സംസാരിച്ചത്.
“ആയിക്കോട്ടെ.” ആൽബി അയാൾക്ക് തന്റെ നമ്പർ കൈമാറി. “എന്തു വിഷയമാണെങ്കിലും വിളിച്ചോളൂ.”
“താങ്ക് യൂ സർ! ” ആൽബിയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്യുമ്പോൾ ആ മനുഷ്യന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
“ഏയ് അനന്തു! ” പെട്ടെന്നാണ് ഉച്ചത്തിൽ ആ വിളിയുയർന്നത്. “താനിതുവരെ പോയില്ലേ ? എന്താ സാറുമായി ഇടപാട് ? ” സ്റ്റെയറിനു മുകളിൽ ഡെയ്സി പ്രത്യക്ഷപ്പെട്ടിരുന്നു.
“ഒന്നില്ല മാഡം... “അയാളുടെ ശബ്ദം വിറച്ചു “സറിന്റെ നമ്പർ വാങ്ങിയതാണ്. പിന്നീട് എന്തെങ്കിലും ആവശ്യം വന്നാൽ...”
“ഉം...” ഡെയ്സിയുടെ കണ്ണുകൾ ചെറുതായി.
തുടരും
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ