#😱 'അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു'; പരാതിയുമായി മക്കൾ അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് മക്കളുടെ പരാതി. വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു.
കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നം കുടുംബ കോടതിയിലൂടെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്എച്ച്ഒ മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു