#😱 താരത്തിന്റെ വീട്ടിൽ പൊരിഞ്ഞ അടി; മാതാപിതാക്കളോട് ഉടക്കി മകൻ; 'ബ്ലോക്ക്' ചെയ്തു 😱മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരവും നായകനുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ കുടുംബത്തിൽ പൊട്ടിത്തെറി. വീട്ടിലെ കലഹം മറനീക്കി പുറത്തെത്തി. ഡേവിഡ് ബെക്കാമിനേയും ഭാര്യ വിക്ടോറിയ ബെക്കാമിനേയും മകൻ ബ്രൂക്‌ലിൻ ബെക്കാം ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതാണ് ഈ ചർച്ചകളിൽ പുതിയത്. നേരത്തെ ഇരുവരും മകനെ അൺഫോളോ ചെയ്തിരുന്നു. പിന്നാലെയാണ് മകന്റെ ബ്ലോക്ക്. ഇതോടെയാണ് പരസ്യകലഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്.
മാതാപിതാക്കളെ മാത്രമല്ല, സഹോദരങ്ങളായ ക്രൂസ്, റോമിയെ ബെക്കാം എന്നിവരേയും ബ്രൂക്‌ലിൻ ബ്ലോക്ക് ചെയ്തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രൂക്‌ലിന്റെ ഭാര്യയും അമേരിക്കൻ നടിയുമായ നിക്കോള പെൽറ്റ്സ് ബെക്കാം കുറച്ചുകാലമായി ബെക്കാം കുടുംബാംഗങ്ങളിലെ ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല.
ബ്രൂക്‌ലിനും നടിയായ നിക്കോളയും 2022ലാണ് വിവാഹിതരായത്. ഫ്‌ളോറിഡയിലെ പാം ബീച്ചിൽ നടന്ന ആഡംബര വിവാഹത്തിനു പിന്നാലെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവാഹച്ചടങ്ങുകൾക്കിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ബ്രൂക്‌ലിന്റെ അമ്മയായ വിക്ടോറിയ ഡിസൈൻ ചെയ്ത വസ്ത്രത്തിനു പകരം നിക്കോള മറ്റൊരു ഗൗൺ ധരിച്ചതാണ് അസ്വാരസ്യങ്ങൾ രൂക്ഷമാക്കിയത്. വിവാഹാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാർക്ക് ആന്റണിയുടെ നൃത്ത പരിപാടി വിക്ടോറിയ ഇടപെട്ട് മാറ്റിയതും പ്രശ്നങ്ങൾക്ക് കാരണമായി. നവദമ്പതികൾ ഒന്നിച്ചു നൃത്തം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നിക്കോളയെ മാറ്റി നിർത്തി വിക്ടോറിയ മകനൊപ്പം നൃത്തം ചെയ്തതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.
നേരത്തേ ഫോട്ടോഗ്രാഫറും ഇപ്പോൾ സംരംഭകനുമായ 26കാരൻ ബ്രൂക്‌ലിൻ ഇത്തവണത്തെ ക്രിസ്മസ് ഭാര്യ നിക്കോളാ പെൽറ്റ്‌സിന്റെ ശതകോടീശ്വരന്മാരായ മാതാപിതാക്കൾക്കൊപ്പമാണ് ആഘോഷിക്കുന്നത് എന്നു വിവരങ്ങളുണ്ട്. ബ്രൂക്‌ലിൻ തന്നെ പേരിൽ നിന്ന് ബെക്കാം ഒഴിവാക്കാൻ ഒരുങ്ങുന്നതായും പകരം ‘ബ്രൂക്‌ലിൻ പെൽറ്റ്സ്’ എന്ന് അറിയപ്പെടാൻ ആലോചിക്കുന്നതായും ഇതൊഴിവാക്കണമെങ്കിൽ അമ്മ വിക്ടോറിയ ക്ഷമാപണം നടത്തണമെന്ന് ബ്രൂക്‌ലിൻ ആവശ്യപ്പെടതായും വിവരമുണ്ടായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ഡേവിഡ് ബെക്കാമിന്റെ 50ാം പിറന്നാളാഘോഷത്തിലും കുടുംബത്തിലെ ഭിന്നത പ്രകടമായി. ലണ്ടനിൽ നടന്ന താരനിബിഡമായ ആഘോഷത്തിൽ ഡേവിഡിന്റെ ഭാര്യ വിക്ടോറിയയും മക്കളായ ക്രൂസും റോമിയോയും ഹാർപ്പറുമെല്ലാമുണ്ടായിരുന്നു. എന്നാൽ ക്ഷണമുണ്ടായിട്ടു പോലും ബെക്കാമിന്റെ മകൻ ബ്രൂക്‌ലിനും ഭാര്യ നിക്കോളയും ചടങ്ങിനെത്താതിരുന്നത് ഏവരും ശ്രദ്ധിച്ചിരുന്നു.
എന്നാൽ സഹോദരൻ റോമിയോയുടെ കാമുകി കിം ടേൺബുൾ മുമ്പ് ബ്രൂക്‌ലിന്റെ കാമുകിയായിരുന്നു എന്നു ഗോസുപ്പുകൾ വന്നിരുന്നു. ഇതാണ് ബ്രൂക്‌ലിനും കുടുംബവും പിറന്നാളാഘോഷത്തിന് വരാത്തതിന് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ. കിമ്മും ബ്രൂക്‌ലിനും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. കിം ഇതു നിഷേധിച്ചിരുന്നു.