❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1K views
🦋 മരുമകൾ 🦋 42 അമ്പലത്തിൽ തൊഴുതു മടങ്ങുമ്പോൾ മുൻപ് ഞങ്ങളുടെ ഒപ്പം വരുന്ന രണ്ട് മാമിമാരും കൂടെ ഉണ്ടായിരുന്നു. അന്നൊക്കെ അവര് രണ്ടാളും എന്നോട് എന്തൊക്കെ കുശലങ്ങൾ ചോദിക്കുമായിരുന്നെന്നോ? ഇന്നിപ്പോ അവരെന്റെ മുഖത്ത് നോക്കിയോ എന്ന് കൂടി സംശയമാണ്. അമ്മേടെ നാവിന്റെ ഗുണം അത്രയ്ക്കുണ്ട്. എന്നോട് ഒന്നും ചോദിച്ചില്ല എന്നത് പോട്ടെ... ഞാൻ അവരോട് ഒന്ന് രണ്ട് വാക്ക് ചോദിച്ചതിനൊക്കെ താല്പര്യം ഇല്ലാത്ത രീതിയിൽ ആയിരുന്നു മറുപടി. അതിന്റെ കൂടെ മരുമക്കൾ അങ്ങനെ ആകണം.. ഇങ്ങനെ ആകണം എന്നൊക്കെ പൊതുവായി പറയുന്ന പോലെ ചില പറച്ചിലുകളും.... " ചില പെൺപിള്ളാരുണ്ട് ചേച്ചി.... ഭർത്താക്കന്മാരെ വേണം... അവരുടെ അമ്മമാരെയാണേൽ കണ്ണെടുത്താൽ കണ്ടൂടാ....... ആ അമ്മയില്ലാതെ മോൻ ഉണ്ടാവില്ല എന്നൊന്നും ചിന്തിക്കാനുള്ള വിവരം ചിലതുങ്ങൾക്കൊന്നും ഉണ്ടാവില്ല.... അതാ കാര്യം.... " എന്നെ ഒളികന്നിട്ട് നോക്കി അമ്മയോടെന്ന പോലെയാണ് പറച്ചില്. ഇതൊക്കെ പറയുന്നവരും മരുമക്കളാണെന്ന് അവരോർക്കാത്തത് എന്താണാവോ? സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാൻ ഏത് മരുമക്കൾക്കും കഴിയുമെന്ന് മനസ്സിലാക്കാത്തത് എന്താണാവോ? " അത് ശരിയാ മാമി. ചില മരുമക്കൾ അങ്ങനെയാ.... അത് പോലെ ചില അമ്മായിയമ്മമാരുമുണ്ട്. മരുമക്കളോട് നല്ല സ്നേഹം ആണെന്ന് ഭാവിച്ചിട്ട് അവര് കേൾക്കാതെ എല്ലാവരോടും ഇല്ലാത്ത കുറ്റം പറഞ്ഞു നടക്കുന്ന ചിലര്.... " " സുമേ... നിനക്ക് എന്തൊക്കെ സാധനം വാങ്ങണം എന്നല്ലേ പറഞ്ഞത്....? ദാണ്ടേ സുഘുന്റെ കടേന്നു വാങ്ങാല്ലോ ? " എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല അമ്മായി. അതിന് മുൻപേ സുമ മാമീടെ കയ്യിൽ തട്ടി വിളിച്ച് കട ചൂണ്ടി കാണിച്ചു കഴിഞ്ഞിരുന്നു. പൊട്ടി വന്ന ചിരി ഞാൻ ചുണ്ട് കൂട്ടിപ്പിടിച്ചു ഒതുക്കി. " ഹാ... ചേച്ചി ഓർമ്മിപ്പിച്ചത് നന്നായി. എന്നാ ഞങ്ങൾ ചെല്ലട്ടെ... നാളെ കാണാം. വാ ഷീലെ.... " അമ്മയോട് യാത്ര പറഞ്ഞ് കൂടെയുള്ള മാമിയേം വിളിച്ച്, എന്റെ മുഖത്ത് പോലും നോക്കാതെ സുമ മാമി റോഡ് സൈഡിലുള്ള രഘു മാമന്റെ കടയിലേക്ക് കയറിപ്പോയി. അമ്മായിയാകട്ടെ കത്തിച്ചു വിട്ട വാണം പോലെ മുന്നേ സ്പീഡിൽ നടക്കുന്നുണ്ട്. ഇന്നലെ ഫോണിൽ പറഞ്ഞതൊക്കെ ഞാൻ നല്ല വെടിപ്പായിട്ട് കേട്ടു എന്നും, അതിന് ശേഷം അവര് പറഞ്ഞ കള്ളക്കഥ ഞാൻ വിശ്വസിച്ചിട്ടില്ല എന്നും, കുറച്ചു മുന്നേ ഞാൻ പറഞ്ഞ ഡയലോഗ് കേട്ടപ്പോ അവർക്ക് മനസ്സിയിലായിട്ടുണ്ട്. അതാണ്‌ നടത്തതിന് ഇത്ര സ്പീഡ്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഇന്നലത്തേത് മാത്രമല്ല... ഇത് വരെ അവര് പറഞ്ഞിട്ടുള്ള പലതും ഞാൻ കേട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കണ്ടേ? ഞാൻ അവരുടെ ഒപ്പം എത്താൻ ആഞ്ഞു നടന്നു. " എന്റെ ഒരു കൂട്ടുകാരി ഉണ്ടേ അമ്മാ... " അടുത്തെത്തിയതും ഞാൻ പറഞ്ഞു തുടങ്ങി. കുട്ടി മിണ്ടുന്നില്ല....! വേറെ എന്തോ ഗഹനമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. " അതേ... അമ്മാ.... " ഞാൻ അവരെ തോണ്ടി വിളിച്ചു. " ഹാ... പറ മക്കളേ... " അവരൊന്നു ഞെട്ടിയത് പോലെ പറഞ്ഞു. " അതേ.. അമ്മാ.... എന്റെ ഒരു കൂട്ടുകാരി ഉണ്ടേ.... അവളുടെ അമ്മായീടെ കാര്യമാ ഞാൻ നേരത്തെ സുമ മാമീടെ അടുത്ത് പറഞ്ഞത്. അവരുണ്ടല്ലോ ഇവളോട് ഭയങ്കര സ്നേഹം കാണിക്കും, അവളുടെ ചേട്ടനോട് അവള് പൊന്നാണ് തങ്കമാണ് തങ്കമ്മയാണ് എന്നൊക്കെ പറയും, എന്നിട്ട് ഇവൾ ഇല്ലാത്തപ്പോ ഇവളുടെ ഇല്ലാത്ത കുറ്റോം പറയും.... അതും നാട്ടകാരോട് മുഴുവൻ.... " എന്നും പറഞ്ഞ് അമ്മായി എന്നെക്കുറിച്ച് പറഞ്ഞു കേട്ടതൊക്കെ എന്റെ കൂട്ടുകാരീടെ അമ്മായി അവളെക്കുറിച്ച് പറഞ്ഞതാണെന്ന രീതിയിൽ ഞാൻ തട്ടി വിട്ടു. ഒക്കേം കേട്ട് അമ്മായി ഒരക്ഷരം മിണ്ടാതെ കിളി പോയത് പോലെ മുന്നോട്ട് നടന്നു. എന്തായാലും ഞാൻ പറഞ്ഞതൊക്കെ അവർക്ക് കൃത്യമായിട്ട് കൊണ്ടിട്ടുണ്ട് എന്ന് നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെയുള്ള നടത്തം കണ്ടാൽ അറിയാം. . ഇല്ലെങ്കിൽ പരദൂഷണത്തിൽ പി എച് ഡി എടുത്തവര് ഇങ്ങനെ ഒരു കാര്യം പറയുമ്പോ മിണ്ടാതെ നടക്കുമോ? ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ഗൂഢമായ ആനന്തത്തോടെ ഞാനും അവരോടൊപ്പം നടന്നു. 🦋 🦋 🦋 🦋 🦋 ഒന്നുകിൽ ഇവർക്ക് വട്ടാണ്. അല്ലാതെ നാട്ടുകാരോട് മുഴുവൻ കുറ്റം പറഞ്ഞു നടന്നിട്ട് എന്ത് കിട്ടാൻ....? അല്ലെങ്കിൽ മീനു ഒരിക്കൽ പറഞ്ഞത് പോലെ ഇവരുടെ ഉദ്ദേശം വേറെ പലതും ആകും. " നീ നോക്കിക്കോടി... ആദ്യം നാട്ടുകാരോടൊക്കെ പലതും പറഞ്ഞു കൊടുക്കും. അത് കഴിഞ്ഞു പതുക്കെ ഹരി ചേട്ടനോട് പറഞ്ഞു തുടങ്ങും. അത് കഴിഞ്ഞു അവര് നേരിട്ട് നിന്നോട് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നിട്ട് എല്ലാത്തിനും കാരണക്കാരി നീയാണെന്ന് വരുത്തി നിന്നെ അവിടുന്നു ചവിട്ട് പുറത്താക്കും. ആദ്യമേ എല്ലാരോടും നീയാണ് കുറ്റക്കാരി എന്ന് പറഞ്ഞു നടന്നത് കൊണ്ട് എല്ലാരും നിന്റെ കുറ്റം ആണെന്ന് പറയുകേം ചെയ്യും. സൈക്കോ തള്ളയ്ക്ക് കാഞ്ഞ ബുദ്ധിയാ... " അന്നവള് പറഞ്ഞു. " എന്തായാലും നിന്റെ അത്രേം കാഞ്ഞതല്ല " എന്ന് അന്ന് ഞാൻ അവളോട് പറഞ്ഞെങ്കിലും അന്നവളാ പറഞ്ഞതിൽ കാര്യമില്ലാതില്ല എന്ന് ഇന്നെനിക്ക് തോന്നുന്നുണ്ട്. ഇത് വരെ സ്നേഹത്തോടെ സംസാരിച്ചിരുന്നവരൊക്കെ വെട്ടിതിരിഞ്ഞു പോകുന്നത് കാണുമ്പോ, കുത്തി കുത്തി സംസാരിക്കുന്നത് കേക്കുമ്പോ ഒരു സാധാരണ മനുഷ്യന് എന്ത് തോന്നും? ഞാനും ഒരു സാധാരണ മനുഷ്യനാണ്. ദേഷ്യവും സങ്കടവും എനിക്കും വരും. ഒരു സാമൂഹിക ജീവി ആകുമ്പോ സമൂഹത്തിൽ ഉള്ളവരുമായി ഇടപഴകാതെ ജീവിക്കാനാകുമോ? ചുറ്റുമുള്ളവർ തന്നെ മുഖം തിരിച്ചു പോകുന്നത് കാണുമ്പോ അതെന്നെ ബാധിക്കുന്നതല്ല എന്ന് കരുതാൻ പറ്റുമോ? ശ്രമിച്ചതാണ് ഞാൻ... പക്ഷെ പറ്റുന്നില്ലെനിക്ക്.... ഇനിയും ഇവരുടെ ഈ പരിപാടികൾ നിർത്തിയില്ലെങ്കിൽ പലതും കേട്ടും കണ്ടും എനിക്ക് വട്ടായിപ്പോകും. ശാരീരികമായി വേദനിപ്പിച്ചാൽ മാത്രേ ഒരാൾക്ക് വേദനിക്കൂ എന്നാ? ഭർത്താവിന്റെ തല്ലും ഉപദ്രവവും മാത്രേ അസ്സഹനീയമാകൂ എന്നാ? എന്നാൽ ഞാൻ ഒന്ന് പറയട്ടെ....? അതിനേക്കാളൊക്കെ ആയിരം ഇരട്ടി നമ്മളെ അസ്വസ്ഥരാക്കുന്ന ചിലതുണ്ട്. എന്റെ അമ്മായിയെപോലെ ഉള്ളവരുടെ സംസാരം. ഭർത്താവിന്റെ മോശം പെരുമാറ്റം ഭാര്യയെ എത്രത്തോളം ബുദ്ധിമുട്ടിപ്പിക്കുമോ ഏതാണ്ട് അത്ര തന്നെ വിഷമമാണ് ഒപ്പം താമസിക്കുന്ന ഭർത്താവിന്റെ അമ്മയുടെ കുശുമ്പും കുന്നായ്മയും. അനുഭവിച്ചറിയുന്നതാണ് ഞാനത്. എത്ര കേൾക്കണ്ട എന്ന് കരുതിയാലും നമ്മളെക്കുറിച്ചാണ് എന്നറിയുമ്പോൾ കേട്ട് പോകുന്നതാണ്. പറയുന്നത് നമ്മളെക്കുറിച്ചാണ് എന്ന് തോന്നിയാൽ, അത് നല്ലതായാലും മോശമായാലും എന്താണ് എന്നറിയാനുള്ള മനുഷ്യ സഹജമായ ജിജ്ഞാസ....! ഒന്നും എന്നെ ബാധിക്കില്ല എന്ന് കരുതാൻ... കേട്ടതൊക്കെ മറക്കാൻ... അതൊന്നും അത്ര എളുപ്പമല്ല. പറയാൻ എളുപ്പമാണെങ്കിലും.... അവരുടെ വീട്ടിൽ വന്ന് കയറിയ മൂദേവി ആണ് ഞാൻ എന്ന് പറഞ്ഞത് മരണം വരെ എനിക്ക് മറക്കാനൊക്കുമോ? കേട്ടത് പലതും ഒരിക്കലും മറക്കാൻ അനുവദിക്കാതെ വണ്ട് പോലെ പിന്നെയും പിന്നെയും ചെവിയിൽ വന്ന് മൂളി അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരിക്കും.... മനസ്സ് വലിഞ്ഞു മുറുകി തല പൊട്ടിച്ചിതറുന്നത് പോലെ തോന്നുന്ന തരം അസ്വസ്ഥത. അതിന്റെ ഇന്റൻസിറ്റി അറിയണമെങ്കിൽ അനുഭവിച്ചു തന്നെയാകണം.... ഇനിയെങ്കിലും അവരറിയട്ടെ.... ഞാൻ എല്ലാം അറിയുന്നുണ്ടെന്ന്... അങ്ങനെ എങ്കിലും അവരീ പരിപാടി നിർത്തട്ടെ.... ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും. ഹരിയേട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ പലപ്പോഴും ഒന്നും കേട്ടില്ല എന്ന് നടിക്കാൻ ശ്രമിച്ചത്. പക്ഷെ ഇപ്പൊ ആ മനുഷ്യന്റെ ആശ്വസിപ്പിക്കലിനും എന്റെ മനസ്സിലെ സംഘർഷം കുറയ്ക്കാൻ പറ്റാതെ വരുന്നുണ്ട്. എന്നെക്കുറിച്ച് നാട്ടുകാരോടും ഇല്ലാത്തത് പറഞ്ഞു നടക്കുന്നുണ്ട് എന്നറിഞ്ഞത് മുതൽ... എനിക്ക് അവരോട് നിയന്ത്രിക്കാനാകാത്ത വിധം ദേഷ്യം വരുന്നുണ്ട്. എല്ലാം ഇതോടെ തീരുന്നെങ്കിൽ തീരട്ടെ..... അങ്ങനെ ഒരു പ്രതീക്ഷയോടെ തന്നെയാണ് വീട്ടിലേക്ക് വന്ന് കയറിയത്. പക്ഷെ രാത്രി ഇതിനേക്കാളൊക്കെ വലിയൊരു ഭൂകമ്പം എന്നെ കാത്തിരിപ്പുണ്ട് എന്ന് ഞാൻ അന്നേരം അറിയാതെ പോയി. 🦋 🦋 🦋 🦋 🦋 അന്ന് വൈകിട്ടായിട്ടാണ് ഹരിയേട്ടൻ വന്നത്. രാവിലെ അവരുടെ കോളേജിൽ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു. ഹരിയേട്ടൻ, പഠിപ്പിക്കുന്ന കോളേജിലെ തന്നെ പൂർവ്വ വിദ്യാർഥിയാണ്. അത് കൊണ്ട് ആളിനെ അസോസിയേഷന്റെ ട്രെഷററോ മറ്റോ ആക്കിയിട്ടുണ്ട്. അത് കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം അദ്ധ്യാപക സംഘടനേടെ വേറെന്തോ പരിപാടി. ഉച്ചയ്ക്ക് പുറത്തൂന്ന് ഊണ് കഴിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. ഇന്ന് സൺ‌ഡേ ആയിട്ടും രാവിലെ പോയിട്ട് വന്ന് കയറിയത് ഈ നേരത്താണ്..... വന്നതേ " തലവേദന ആണമ്മാ... ചായ ഇടുമോ? " എന്ന് പറഞ്ഞിട്ടാണ് മുറിയിലേക്ക് കേറിപ്പോയത് തന്നെ. അപ്പോഴേ ഞാൻ കരുതിയതാണ് ച്ചായ കുടിച്ച് കഴിഞ്ഞിട്ട് " നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാമോ ദേവൂ? " എന്ന ചോദ്യം വരുമെന്ന്.... സാധാരണ എല്ലാരും എന്തെങ്കിലും വയ്യായ്ക വന്നാൽ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാൻ നോക്കും. ഇവിടെ ഒരാള് അക്കാര്യത്തിൽ വെത്യസ്തനാണ്. തല വേദന വന്നാൽ ആളിന് ബൈക്ക് എടുത്തൊന്ന് കറങ്ങണം. ചുമ്മാ സിറ്റിയിലൊക്കെ ബൈക്കിൽ തന്നെ ഒന്ന് കറങ്ങി പത്തോ പതിഞ്ചോ മിനിറ്റ് പാർക്കിൽ വന്നിരിക്കും. അത്രേം മതി. " ഹരിയേട്ടൻ ബൈക്കിലല്ലേ കോളേജിന്ന് ഇത് വരെ വന്നത്? " എന്ന് ചോദിച്ചാൽ പറയും " അത് വേ ഇത് റേ " ന്ന്.... ആ വേ യും റേ യും എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ. ഒന്ന് ചുറ്റിക്കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞപ്പോ ചായ കുടിച്ചിട്ടിറങ്ങി. വെറുതെ ബൈക്കിൽ ഒന്ന് ചുറ്റി, ഒരൈസ്‌ക്രീമും കഴിച്ചിട്ട് തിരികെ എത്തിയപ്പോ രാജേഷ് ചേട്ടൻ വന്നിരിപ്പുണ്ട്. എന്നോട് പുള്ളിക്കാരൻ ഭൂലോക തെമ്മാടി ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ആളിനെ കണ്ടാൽ വിടാതെ കത്തി വയ്ക്കുന്ന കൂട്ടത്തിൽ ആണമ്മ. ഇന്ന് പക്ഷെ അമ്മേ കാണാനില്ല. രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ