336 ഏക്കര്‍, രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല,
#വാർത്ത തൃശൂര്‍: രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക്,കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ട്.
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാന്‍ ഫണ്ടിലെ 40 കോടി രൂപയും ചേര്‍ത്ത് 337 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിനു പുറമെ 17 കോടി കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും മികച്ച മൃഗശാല ആയി മാറുന്ന വിധത്തിലാണ് 336 ഏക്കറില്‍ വിവിധഘട്ടങ്ങളിലായി തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്കിന്റെ അനുബന്ധമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിങ് സൂ, പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ എന്നിവയുടെ നിര്‍മാണവും ഇതിനകം തുടങ്ങിയിട്ടുണ്ട്. പാര്‍ക്ക് ചുറ്റിക്കാണാന്‍ കെഎസ്‌ആര്‍ടിസിയുടെ ചെറിയ ബസുകളും നഗരത്തില്‍നിന്ന് പാര്‍ക്കിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസും ഉണ്ടാകും.
മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്. സൈലന്റ് വാലിയിലെ നിത്യഹരിതവന സമാനതയും ചീവീടുകളില്ലാത്ത നിശബ്ദ താഴ്വരയും ഒരുക്കി. സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സൈലന്റ് വാലിക്ക് സമാനമായ സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കി.
ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് സുളു ലാന്‍ഡ്. ജിറാഫ്, ഹിപ്പോപൊട്ടാമസ്, സീബ്ര എന്നിവയുടെ വാസ സ്ഥലങ്ങളായി ഇത് മാറും. കന്‍ഹസോണില്‍ മധ്യപ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുക. ഇവിടെ മാനുകള്‍ തുള്ളിച്ചാടും. ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി. വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.
♥️♥️♥️♥️♥️