#🌀 'മോന്ത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ ജാഗ്രത, മഴ കനക്കുംസംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.
27ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ ആൻഡമാൻ തീരത്തോടു ചേർന്നു രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്ന് തീവ്ര ന്യൂനമർദമാകും. ഇത് നാളെ അതിതീവ്ര ന്യൂനമർദമായും 27ന് പുലർച്ചെയോടെ ചുഴലിക്കാറ്റായും മാറുമെന്നാണു മുന്നറിയിപ്പ്. കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച ‘മൊൻ ന്ത’ എന്ന പേരാണ് നൽകിയിരിക്കുന്നത്. തായ് ഭാഷയിൽ മനോഹരമായ, സുഗന്ധമുള്ള പുഷ്പം എന്നാണ് അർഥം.