#📔 കഥ
ഭരതൻ
ആരാണയാൾ...?
ചിലനേരത്ത് ചുമരിലൂടെ ഓടുന്ന വാൽമുറിഞ്ഞ പല്ലിയെപോലെ.... അതല്ലെങ്കിൽ അടുക്കളയിൽ നിലത്ത് വീഴുന്ന സ്റ്റീൽ പാത്രം പോലെ.. എങ്ങനെ അയാളെ കുറിച്ച് പറഞ്ഞു തുടങ്ങണമെന്നറിയാതെ അനു ആവിപൊന്തുന്ന ചായയുമായി ജനൽ കർട്ടൻ നീക്കി പുറത്തേക്ക് നോക്കി...പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു.. അയാളെക്കുറിച്ചോർക്കുമ്പോഴൊക്കെ അവൾക്ക് ചുറ്റിലും മഴ പെയ്യുന്നുണ്ടായിരുന്നു... ഒരുവേള ഭരതൻ ഒരു മഴയായിരുന്നെന്ന് അവൾക്ക് തോന്നി...ചിലനേരത്ത് പതിയെ ചാറിയെത്തി തകർത്തുപെയ്ത് ഒരു വേനൽ ബാക്കിയാക്കി എങ്ങോ പൊയ്മറയുന്ന ഒരു രാത്രിമഴ പോലെ..
ചില നേരത്ത് തെരുവിലലയുന്ന മഴനനഞ്ഞ തെരുവുപട്ടിയുടെ രോമത്തിന്റെ മണമാണയാൾക്ക്.. തീണ്ടാരിതുണിയുടെ ചുവപ്പ് പോലെ മുറുക്കിചുവപ്പിച്ച നാവുമായി ഇരുണ്ട രാത്രിയുടെ ഏതോയാമത്തിൽ ഗുഹ്യഭാഗത്ത് അയാളെന്തോ തിരയുന്നതായി തോന്നും...രതിമൂർച്ചയേകാൻ അയാൾ കണ്ടെത്തുന്ന കുറുക്കുവഴി..അറപ്പറിയാത്ത അറവുകാരനാണയാളെന്ന് തോന്നാറുണ്ട് പലപ്പോഴും..
ഒരിക്കൽ അയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു
"ക്യാമറയുടെ ചലനങ്ങൾക്കനുസരിച്ച് ചിത്രങ്ങളൊപ്പിയെടുക്കാനെളുപ്പമാണ്... പക്ഷേ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ ആളുകളുടെ മനസിൽ പതിയണമെങ്കിൽ കഥാപാത്രത്തിന് ജീവൻ വേണം... അഭിനയിക്കാനെളുപ്പമാണ് പക്ഷേ കഥാപാത്രത്തെ എഴുതിയുണ്ടാക്കുന്നവൻ കഥാപാത്രമാവണം.. ഞാനറിയാത്ത ജീവനില്ലാത്ത കഥാപാത്രങ്ങളെ ഞാനെഴുതില്ല.. "
അത് കേട്ടപ്പോൾ മനസിൽ തോന്നിയ ഒരു ചോദ്യമുണ്ട്
" ഒരു ഭാര്യ എന്നതിലുപരി അയാളെന്നെ ഒരു കഥാപാത്രമായാണോ കാണുന്നത്.. എന്റെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കി ഒരു കഥാപാത്രത്തെ സൃഷ്ടിക്കാനാണോ അയാൾ ശ്രമിക്കുന്നത്... "
ജനലിലൂടെ നോക്കുമ്പോൾ തൊടികക്ക് അപ്പുറമുള്ള നടപ്പാതയുടെ അറ്റത്ത് മഴനനഞ്ഞൊരു താടിക്കാരൻ നിൽക്കുന്നതായി തോന്നി.. ജീവനുള്ള കഥാപാത്രങ്ങൾ തേടിയിറങ്ങിയ ജീവനില്ലാത്ത ചേറിന്റെ മണമുള്ള താടിക്കാരൻ...
കപ്പിലുണ്ടായിരുന്ന ചുടുചായ ഇടക്കിടെ മൊത്തിക്കുടിച്ച് ചീത്താലടിച്ച് നനഞ്ഞ് തുടങ്ങിയ ജനൽ കർട്ടൻ ചുരുട്ടിവെച്ച് ജനലഴികൾ പിടിച്ച് ചുമര് ചാരി പുറത്തേക്ക് നോക്കി നിന്നു... മഴകൾ ഒന്നിടവിട്ട് പിന്നെയും പെയ്തുകൊണ്ടിരുന്നു.. ഒരിക്കലും പെയ്തു തോരാത്ത മഴയും വേനലുമായി ഭരതൻ ഉള്ളിൽ നിറഞ്ഞു നിന്നു....
യൗവ്വനത്തിന്റെ കഥകളെഴുതുമ്പോൾ അയാൾ യുവാവാവുകയും വാർദ്ധക്യത്തിന്റെ കഥകളെഴുതുമ്പോൾ അയാൾ വൃദ്ധനാവുകയും ചെയ്തു... ഒരു കാലത്തിലും ഒരുദേശത്തിലുമുറച്ചുനിൽക്കാതെ ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പാറി നടന്നു..
പാതിരാവിൽ പടികടന്ന് വരികയും പുലരും മുമ്പേ പടിയിറങ്ങി പോവുകയും ചെയ്യുമ്പോൾ അതിനിടയിലുള്ള സമയത്താണയാൾ എഴുതി തീർക്കാനുള്ള കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ അറിയുന്നതെന്ന് തോന്നി.. ഗുഹ്യഭാഗത്തെ അസഹ്യവേദനയും പൊട്ടിയ ചുണ്ടുകളും.. പുറവടിവിലെ നഖം പൂണ്ട മുറിവുകളും ബാക്കിയാക്കി സംതൃപ്തനായി പടിയിറങ്ങി പോകുന്ന അയാൾക്ക് പിറകിൽ അയാളെഴുതി തീർത്ത നിരവധി കഥാപാത്രങ്ങളും പടിയിറങ്ങിപോകുന്നത് അർദ്ധനഗ്നയായി കിടന്നുകൊണ്ട് കാണും...
ഒരിക്കലും തന്റെ വേദനയോ സുഖങ്ങളോ അറിയാൻ ശ്രമിക്കാത്ത അയാളെഴുതിയ ഏതോ കഥാപാത്രം മാത്രമാണ് താനെന്ന് അപ്പോൾ തോന്നാറുണ്ട്...
ശരിക്കും ഭരതനാരാണ്.... സിനിമാക്കാർക്ക് ഒരെഴുത്തുകാരൻ.. കഥാപാത്രങ്ങൾക്ക് ഒരു സൃഷ്ടാവ്.. തനിക്കോ... രാവിരുളുമ്പോൾ മദ്യഗന്ധവുമായെത്തി ഉഴുതുമറിച്ച് ഇറങ്ങി പോകുന്ന ഒരു കഥാപാത്രം മാത്രം.
എന്നിട്ടും... എന്നിട്ടുമെന്തേ അയാളോട് വെറുപ്പ് തോന്നാത്തത്.. വഴികണ്ണുമായി അയാളുടെ വരവിനായി കാത്തിരിക്കുന്നതെന്തിനാണ്...അറിയില്ല.. ഒരുപക്ഷേ ഒരൽപനേരത്തെ വേദനിപ്പിക്കുന്ന സാമീപ്യത്തിൽ നിന്ന് ഒരായുഷ്ക്കാലത്തേക്കുള്ള ഓർമ്മകൾ സമ്മാനിക്കുന്നതിനാലാവാം. ഒരിക്കലും ഉത്തരം കിട്ടാത്തൊരു ചോദ്യമായി ഭരതൻ ഉള്ളിൽ അവശേഷിച്ചു...
"നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കുക.. നിങ്ങളെ സ്നേഹിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ" എന്ന ഓഷോ വചനം അന്വർത്ഥമാക്കുന്ന രീതിയിൽ അയാളിവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നൽ..
കപ്പിലുണ്ടായിരുന്ന അവസാന തുള്ളി ചായയും കുടിച്ചു തീർത്ത് അവൾ ഉമ്മറവാതിലിൽ മുട്ടുന്നത് കേൾക്കാൻ കാത്തിരുന്നു..മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു.. അകലെ നിന്നും കടൽകാറ്റിന്റെ ഇരമ്പത്തോടൊപ്പം പാലം കടന്നുപോകുന്ന തീവണ്ടിയുടെ ചക്രങ്ങൾ പാളത്തിലുരയുന്ന നേർത്ത ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..
ഉത്തരം കിട്ടാത്ത ചോദ്യമായി ഭരതൻ അവളെ പോലെ പലർക്കും ഉള്ളിൽ നിറഞ്ഞു നിന്നു... മങ്ങികത്തുന്ന തെരുവു വിളക്കിന്റെ ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ട് പാറുകയും ചിറക് കൊഴിഞ്ഞ് നിലംപറ്റുകയും മണ്ണോടലിഞ്ഞു ചേരുകയും ചെയ്തു മഴ നനഞ്ഞു കുതിർന്നു കിടന്ന നടപ്പാതയിലൂടെ ഭരതൻ അപ്പോഴുമലയുകയായിരുന്നു ഉത്തരം കിട്ടാത്ത നിരവധി കഥാപാത്രങ്ങളെ തേടി കൊണ്ട്...
ശുഭം
രമേഷ്കൃഷ്ണൻ