#😢 ഒരുനാൾ എന്റെ അശ്ലീല ചിത്രങ്ങൾ മകൻ കാണും'; ആശങ്ക വെളിപ്പെടുത്തി വൈറൽ നടി 😢 ഒരൊറ്റ വിഡിയോ കൊണ്ട് നാഷണല് ക്രഷ് ആയി മാറിയിരിക്കുകയാണ് മറാത്തി നടി ഗിരിജ ഓക്ക്. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തി കാരണം തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഗിരിജ. എഐ ഉപയോഗിച്ച് തന്റെ വ്യാജ ചിത്രങ്ങളുണ്ടാക്കി പ്രചരിക്കുകയാണെന്നാണ് ഗിരിജ പറയുന്നത്. സോഷ്യല് മീഡിയയില് പങ്കുവച്ച വിഡിയോയിലൂടെ ഇത്തരം ചിത്രങ്ങള് ഉണ്ടാക്കുന്നവരോടും പ്രചരിപ്പിക്കുന്നവരോടും പിന്മാറാന് ആവശ്യപ്പെടുകയാണ് നടി. ആ വാക്കുകളിലേക്ക്:
തീര്ത്തും ഭ്രാന്തമായ കാര്യങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത്. ഒരേസമയം ഭ്രാന്തവും മികച്ചതുമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു. അത് ഉള്ക്കൊള്ളാന് ഞാന് പഠിച്ചു വരികയാണ്. ഒരുപാട് സ്നേഹം ലഭിക്കുന്നുണ്ട്. നല്ല കമന്റുകളും മെസേജുകളും ഫോണ് കോളുകളും ലഭിക്കുന്നു. എന്റെ പോസ്റ്റുകളും മറ്റ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകളുമൊക്കെ കണ്ടാണ് അതെല്ലാം വരുന്നത്. ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും എന്നെ അറിയാവുന്നവരും മീമുകളും പോസ്റ്റുകളും അയച്ചു തരുന്നുണ്ട്. ചിലതൊക്കെ ക്രീയേറ്റീവും തമാശനിറഞ്ഞതുമാണ്.
അതേസമയം അവയില് ചിലത് എഐ ഉപയോഗിച്ച് മോര്ഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്. അത് നല്ല ഉദ്ദേശത്തോടെയുള്ളതല്ല. ഒബ്കെട്ഫൈ ചെയ്യുന്ന, ലൈംഗികച്ചുവയോടെയുള്ളതാണ് അവ. അത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഞാനും ഇന്നത്തെ കാലത്ത് ജീവിക്കുന്നയാളാണ്. ഞാനും സോഷ്യല് മീഡിയ ഉപയോഗിക്കുന്നുണ്ട്. ഒരു കാര്യം വൈറലാകുമ്പോള്, ട്രെന്റാകുമ്പോള് എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയാം. ലൈക്കും ഇന്ററാക്ഷനും വ്യൂസും കിട്ടുന്നത് വരെ ഇത്തരം ചിത്രങ്ങള് ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഈ കളി എങ്ങനെയെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.
എന്നെ അലട്ടുന്നത് ഈ കളിയ്ക്ക് യാതൊരു നിയമവുമില്ലെന്നതാണ്. ഈ കളിയില് അനുവദനീയമല്ലാത്തതായി ഒന്നും തന്നെയില്ല. എനിക്ക് പന്ത്രണ്ട് വയസുള്ളൊരു മകനുണ്ട്. അവന് ഇപ്പോള് സോഷ്യല് മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷെ ഭാവിയില് ഉപയോഗിക്കും. അവന് വലുതാകുമ്പോള് ഈ ചിത്രങ്ങള് കാണും. ഇപ്പോള് പ്രചരിക്കുന്നത് എല്ലാക്കാലത്തും ഇന്റര്നെറ്റില് ലഭ്യമായിരിക്കും.
അവന് ഒരുനാള് തന്റെ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള് കാണും. അത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭയപ്പെടുത്തുന്നുണ്ട്. അവന് എന്താകും അപ്പോള് ചിന്തിക്കുക. ഈ ചിത്രങ്ങള് യഥാര്ത്ഥമല്ലെന്നും എഐയുടെ സഹായത്തോടെ മോര്ഫ് ചെയ്യപ്പെട്ടതാണെന്നും അവന് മനസിലാക്കും. ഇപ്പോള് ഈ ചിത്രങ്ങള് കാണുന്നവര്ക്കുമറിയാം ഇതൊന്നും യഥാര്ത്ഥമല്ലെന്നും ഉണ്ടാക്കിയതാണെന്നും. എന്നാല് അവര്ക്കത് വിലകുറഞ്ഞൊരു ത്രില്ല് കൊടുക്കുന്നുണ്ട്. അത് ഭയപ്പെടുത്തുന്നതാണ്.
എനിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്ന് അറിയാം. പക്ഷെ വെറുതെയിരിക്കാനും സാധിക്കില്ല. അതിനാല് ഇത് കാണുന്ന ആരെങ്കിലും സ്ത്രീകളുടെയോ പുരുഷന്മാരുടേയോ ചിത്രങ്ങള് ഐഐ ഉപയോഗിച്ച് മോര്ഫ് ചെയ്യുന്നവരാണെങ്കില് ഒന്ന് ചിന്തിക്കണം. ഇത്തരം ചിത്രങ്ങള്ക്ക് ലൈക്ക് ചെയ്യുന്നവരാണ് നിങ്ങളെങ്കില് നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗമാണ്. പുനർവിചിന്തനത്തിന് അപേക്ഷിക്കാനേ എനിക്ക് സാധിക്കൂ.