നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ പുതിയ വീഡിയോ കണ്ട ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിന് താരം എത്തിയതിൻ്റെ വിഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന് സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായത്. സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു. ആ പരിപാടിയുടെ വിഡിയോയിലാണ് അദ്ദേഹത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകൾ വ്യക്തമായത്.
കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. തന്റെ ആരോഗ്യപ്രശ്നങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും ഉല്ലാസ് പന്തളം വിശദീകരിക്കുകയുണ്ടായി.
ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഉല്ലാസ് പന്തളത്തിന്റെതായി പുറത്തുവന്ന വീഡിയോയിൽ ഇടത് കൈയ്ക്ക് ഉള്ള സ്വാധീനക്കുറവും സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്നതും ആരാധകരെ ആശങ്കയിലാക്കുകയാണ്.