ഭാഗം 2 #📙 നോവൽ
പെൺവിഷയത്തിൽ കിരൺസാറിനി ത്തിരിതാല്പര്യം കൂടുതലാണ്.
സത്യം പറഞ്ഞാൽ അതുകൊണ്ടാണ് താൻ ജീവിച്ച് പോകുന്നത്.
അതിനായി പണം എത്ര വേണമെങ്കിലും തരും.
കിരൺ സാർ പറഞ്ഞാൽ അനുസരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ,
കാശിനത്യാവശ്യം വന്നാൽ പുള്ളി മാത്രേ തരാൻ ഉള്ളൂ...
അതുകൊണ്ടാണ് വെറുപ്പിക്കാതെ നിൽക്കുന്നത്.
ഇന്ന് എങ്ങനെയേലും ചിന്നുവിനെ സാറിന്റെ അടുത്ത് എത്തിക്കണം.
ഇന്ന് ക്ലാസ്സ് ഇല്ലാത്തത് കൊണ്ട് അവൾ വീട്ടിൽ തന്നെ കാണും.രാഘവൻ ചിന്നുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു.
അവളുടെ വീട് അൽപ്പം ഉള്ളിലായിട്ടാണ്..
ആ വഴിയിലേക്ക് കാലെടുത്തു വച്ചതും ചിന്നു എവിടെ നിന്നോ ഓടി അങ്ങോട്ട് വന്നു.
മോളെ ഇതെവിടെ പോയതാ...? അയാൾ ചോദിച്ചു.
ശ്... മിണ്ടല്ലേ,അവൾ ചുണ്ടിൽ വിരൽ ചേർത്തു
എന്താ... മോളെ?
ഇങ്ങ് വാ...
വഴിയോരത്തെ കലുങ്കിനരുകിലേക്ക് അവൾ പതിയെ ചെന്നു..
അവിടെ ഒരു പൂച്ച പെറ്റു കിടപ്പുണ്ടത്രേ...
ഒച്ചയുണ്ടാക്കാതെ അവൾ കൈയിൽ ഇരുന്ന ബിസ്കറ്റ് അവിടെ വച്ചു..
ഇതെന്താ...?
പാവം പൂച്ചയല്ലേ ചേട്ടാ, അതിന് തിന്നാൻ എന്തെങ്കിലും വേണ്ടേ. ഈ കുഞ്ഞുങ്ങളെ ഇട്ടേച്ചും തള്ളപ്പൂച്ച എങ്ങനെ തീറ്റ തേടും.
രാഘവന് ചിരി വന്നു.
എടീ... ചിന്നു... നീയവിടെ എന്തെടുക്കുവാ?
പെട്ടന്നുള്ള ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി.
അയ്യോ.. ഏട്ടൻ.
ഇവിടെ വാ...അയാൾ അവളെ വിളിച്ചു
എന്താ... ഏട്ടാ? അവൾ അയാൾക്കരുകിലേക്ക് ഓടിച്ചെന്നു.
നിനക്കൊന്നും പഠിക്കാൻ ഇല്ലേ? നേരം വെളുക്കുമ്പോൾ തുടങ്ങി, ഇങ്ങനെ കറങ്ങി നടന്നോണം. അയാൾ അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി.
അയ്യോ..വിട്... ഏട്ടാ. അവൾ അയാളുടെ കൈയ്യ് വിടുവിച്ചു.
ഇന്നെന്താ ഏട്ടാ എനിക്ക് കൊണ്ടുവന്നത്?
കുന്തം...
ഞാനെന്താ ലുട്ടാപ്പി ആണോടാ പൊട്ടാ..
ദേ... പെണ്ണേ...
പറ എനിക്കൊന്നും കൊണ്ടുവന്നില്ലേ?
ഇന്നാ... കൊതിച്ചിക്ക്.. അയാൾ കൈയിൽ ഇരുന്ന പൊതി അവൾക്കു കൊടുത്തു.
അവളോടൊപ്പം നടക്കുമ്പോൾ അയാൾ
രാഘവന് നേരെ ഒന്ന് രൂക്ഷമായി നോക്കി.
നിന്നോട് പറഞ്ഞിട്ടില്ലേ ചിന്നൂ..
കാണുന്ന മനുഷ്യരോടൊന്നും കിന്നാരം പറഞ്ഞോണ്ട് നിൽക്കരുതെന്ന്.
അതിന് ആരാ കിന്നാരം പറഞ്ഞോണ്ട് നിന്നത്? ഞാനാ പൂച്ചക്ക് ബിസ്കറ്റ് കൊടുക്കാൻ പോയതാ.
ഓഹ്... മേടിച്ച് വയ്ക്കുന്നതെല്ലാം ഇങ്ങനെ ഓരോന്നിനൊക്കെ എടുത്ത് കൊടുത്ത് തീർത്തോളണം..
അയ്യോ... ഒരു ജോലിക്കാരൻ വന്നേക്കുന്നു. എനിക്കും ജോലി കിട്ടും അന്നേരം ഞാനും ഓരോന്നൊക്കെ വാങ്ങിക്കോളാം.
ജോലി കിട്ടണമെങ്കിൽ നന്നായി പഠിക്കണം ഇങ്ങനെ തേരാ പാര നടന്നാൽ പോരാ..
അയാൾ അവളുടെ തോളിൽ കൈയിട്ടു ചേർത്തു പിടിച്ചു.
ഏട്ടന്റെ കൈയിൽ എന്ത് രോമവാ.. മുൻജന്മത്തിൽ വല്ല കരടിയും ആയിരുന്നോ?
ആവോ ആർക്കറിയാം. എന്തായാലും ഈ കറുമ്പിയായ എന്റെ കുഞ്ഞി പെങ്ങൾ അന്നും എന്റെ കൂടെ ഉണ്ടായിരുന്നു.
ദേ... മനുഷ്യരെ നിറം പറഞ്ഞു വേർതിരിക്കരുത് കേട്ടോ.
കേട്ടില്ല. ഞാൻ കറുമ്പി എന്ന് വിളിക്കും.
പോടാ...
ചിന്നുവിന്റെ ഏട്ടനാണ് വിവേക്. ഇരുപത്തിയേഴ് വയസ്സ് പ്രായമുണ്ട്.
ടെക്നോ പാർക്കിലാണ് ജോലി.
എപ്പോഴും ചിരിയുള്ള ആ മുഖത്ത് പൗരുഷം നിറഞ്ഞു നിന്നിരുന്നു.
കൂട്ടുപുരികങ്ങൾക്ക് താഴെ ചെറിയ മുന്തിരി കണ്ണുകളാണ് അയാൾക്ക്.
അൽപ്പം നീണ്ട മൂക്ക്, കട്ടിയുള്ള മീശ.
താടി വളർത്തിയിട്ടില്ല.
ഉയരത്തിന് അനുസരിച്ചുള്ള വണ്ണമുണ്ട്.
ചിന്നൂ... ഇന്ന് നമുക്ക് സിനിമക്ക് പോയാലോ? അയാൾ ചോദിച്ചു.
അയ്യോ നേരാണോ ഏട്ടാ...
അച്ഛനോടും അമ്മയോടും നേരത്തെ പണി നിർത്തി വരാൻ പറയട്ടെ ഞാൻ?
അതൊന്നും വേണ്ട. അവരുടെ പണിയൊക്കെ കഴിഞ്ഞിട്ട് നമുക്ക് പോകാം.
എന്നാലും മതി, അപ്പോൾ ഇന്നത്തെ രാത്രി ഭക്ഷണവും പുറത്തൂന്ന് ആവും അല്ലേ...
അവൾ വലിയ സന്തോഷത്തിൽ ആയിരുന്നു.
കൂലിപ്പണിക്കാരായ കല്യാണിയുടെയും സുരേന്ദ്രന്റേയും മൂത്ത മകനാണ് വിവേക്.
മിക്കവാറും ആഴ്ചകളിൽ കുടുംബത്തെയും കൂട്ടി പുറത്ത് പോകും അയാൾ.
തന്റെ കുടുംബം അയാൾക്ക് അത്ര വിലപ്പെട്ടതാണ്.
അയാൾ ജോലി നേടിയതിനു ശേഷമാണ്, ആ വീട്ടിലെ കഷ്ടപ്പാടുകൾ തീർന്നത്.
മകൻ ജോലിക്കാരൻ ആയതോടെ കഷ്ടപ്പാടുകൾ കുറഞ്ഞെങ്കിലും,
പറ്റുന്ന കാലം വരെ അധ്വാനിച്ചു ജീവിക്കണം എന്നാണ് കല്യാണിയുടെയും സുരേന്ദ്രന്റേയും ആഗ്രഹം.
വിവേക് ഒരിക്കലും പറഞ്ഞിട്ടില്ല പണിക്കു പോകണ്ട എന്ന്. അയാൾക്കറിയാം. അവർ മണ്ണിനെ അത്ര മാത്രം സ്നേഹിക്കുന്നവർ ആണെന്ന്.അവരുടെ സന്തോഷവും സംതൃപ്തിയും അതാണ്.അപ്പോൾ പിന്നെ വേണ്ടെന്ന് പറഞ്ഞാൽ അതവരെ വേദനിപ്പിക്കും.
വിവേക് സ്വന്തമായി ടൗണിനടുത്ത് കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ട്.
എന്നിരുന്നാലും അവിടെ വീട് വയ്ക്കാൻ അയാൾക്ക് തെല്ലും ആഗ്രഹമില്ല.
ജനിച്ചു വളർന്ന ആ കുഞ്ഞ് വീടും ആ ഇത്തിരി സ്ഥലവും ആയിരുന്നു അവരുടെ സ്വർഗം.
ചിന്നുവിന് പക്ഷെ ഒരുപാട് സ്വപ്നങ്ങളുണ്ട്.
അവൾക്ക് വിദേശത്ത് ജോലി നേടണം എന്നൊക്കെയാണ് ആഗ്രഹം.
അവളുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെയാണ് ഏട്ടൻ വിവേകും ആഗ്രഹിക്കുന്നത്.
അയാൾക്ക് അത്രക്കും ജീവനാണ് അവളെ.
അയാൾക്ക് പതിമൂന്ന്
വയസ്സുള്ളപ്പോഴാണ് ചിന്നു ജനിക്കുന്നത്
അതുകൊണ്ട് അയാൾ നെഞ്ചിലിട്ട് വളർത്തിയതാണവളെ.
അവൾ അച്ഛനെപ്പോലെയാണ് ഇരിക്കുന്നത്, അൽപ്പം ഇരുണ്ട കളറിൽ, ആര് കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന ചേലുണ്ട് അവൾക്ക്.
കുട്ടിക്കാലം മുതൽ നല്ലെണ്ണ തലയിൽ പുരട്ടി അവളെ കുളിപ്പിക്കുന്നത് വിവേകാണ്.
അവൾ ഇത്തിരി വളർന്നതിൽ പിന്നെയാണ് അയാൾ അവളെ കുളിപ്പിക്കുന്നത് നിർത്തിയത്.
എങ്കിലും അവളുടെ തലമുടി ഇപ്പോഴും ചീകി കെട്ടി കൊടുക്കുന്നത് വിവേകാണ്.
നിലം മുട്ടാറായ അവളുടെ തലമുടി കണ്ടാൽ ആരും നോക്കിപ്പോകും.
മുടി തെല്ലു നീളം കുറയ്ക്കാൻ പോലും അയാൾ സമ്മതിക്കില്ല. അയാൾക്കിഷ്ടമില്ലാത്തതൊന്നും അവൾ ചെയ്യാറുമില്ല.
അവരുടെ വീടിനടുത്തേക്കു വണ്ടി ചെല്ലില്ല. വയൽവരമ്പിലൂടെ കുറച്ച് ദൂരം നടന്നാലേ അവരുടെ വീട്ടിൽ എത്തൂ.
വീട്ടിലേക്ക് നടപ്പു വഴി മാത്രമേ ഉള്ളൂ..
അതുകൊണ്ട്, അയാൾ വണ്ടി സുഹൃത്തിന്റെ വീട്ടിലാണ് ഇടാറുള്ളത്.
അവൾക്കൊപ്പം നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി.
ദൂരെ രാഘവൻ നിൽപ്പുണ്ട്.
അയാൾ അത്ര നല്ലവൻ ഒന്നുമല്ലെന്ന് വിവേകിന് അറിയാം.
അതുകൊണ്ട് തന്നെ, തന്റെ അനിയത്തിയുടെ അടുത്ത് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ ഭയം തോന്നി.
മോളെ.. ചിന്നൂ...
എന്താ ഏട്ടാ... അവൾ ചോക്ലേറ്റും വായിലിട്ട് ചവച്ചുകൊണ്ട് ചോദിച്ചു.
ആ മനുഷ്യൻ അത്ര നല്ലവൻ ഒന്നുമല്ല.
ഏത് മനുഷ്യൻ?
മോളോട് ഇപ്പോൾ മിണ്ടിയില്ലേ,അയാൾ.
അയാൾ ദുഷ്ട്ടൻ ആണോ?
അതൊന്നും എനിക്കറിയില്ല. മോൾ കാണുന്ന എല്ലാവരോടും മിണ്ടാൻ നിൽക്കണ്ട.
ഇല്ല...
ഈ കാലം അത്ര നല്ലതൊന്നും അല്ല.
ഏത് കാലത്തിൽ ആയാലും എനിക്ക് ഒരു പേടിയും ഇല്ല. എനിക്കെന്റെ ഏട്ടൻ ഇല്ലേ കൂടെ..
അതൊക്കെ ശരി. എന്നും പറഞ്ഞ് പഠിക്കേണ്ട സമയത്ത് ഇങ്ങനെ കറങ്ങിനടന്നാൽ നല്ല പൊട്ടീര് വച്ച് തരും ഞാൻ.
നീ പോടാ...
ചിരിച്ചു കൊണ്ടവൾ മുന്നോട്ട് ഓടി.
💚💚💚💚💚
ഞായറാഴ്ച രാവിലെ ഉത്തരയേയും കുഞ്ഞിനേയും, ഉത്തരയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കിരണിന്റെ വീട്ടിൽ കൊണ്ടുവന്നാക്കി.
പെൺ കുഞ്ഞാണ്.
മോൾക്ക് ഭൂമിക എന്ന് പേരിടണമെന്ന് പറഞ്ഞത് ജിനിയാണ്.
അതുകൊണ്ട് അയാൾ,ആ പേരാണ് ഇട്ടത്.
ഉത്തരക്കും ആ പേര് ഇഷ്ട്ടമായിരുന്നു.
അയാൾ കുഞ്ഞിനെ വാരി എടുത്തു ചുംബിച്ചു.
ഒരു കൈകൊണ്ട് ഉത്തരയെ തന്റെ ദേഹത്തേക്കു ചേർത്തു നിർത്തി.
ഉത്തരയുടെ അമ്മ അവർക്കരികിലേക്ക് വന്നു.
മോനേ... ഈ ചെറിയ കുഞ്ഞിനേയും കൊണ്ട് അവൾക്കു മറ്റ് ജോലികൾ കൂടെ ചെയ്യാൻ പറ്റില്ലല്ലോ. ഇത്രനാൾ നിങ്ങൾ രണ്ടാളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ ഇനി അതുപോലെ അല്ലല്ലോ.അതുകൊണ്ട്
ഒരു ജോലിക്കാരിയെ വച്ചാൽ നല്ലതായിരിക്കും.
അതൊക്കെ ഏർപ്പാട് ചെയ്തിട്ടുണ്ട് അമ്മേ.. നാളെ മുതൽ അവർ വരും.
അമ്മ ചിരിച്ചു.
നമ്മുടെ മോളുടെ ഭാഗ്യമാ കിരൺ. എല്ലാം മുൻകൂട്ടി കണ്ടറിഞ്ഞു ചെയ്തോളും. ഉത്തരയുടെ അച്ഛൻ ഭാര്യയുടെ ചെവിയിൽ പറഞ്ഞു.
അച്ഛനും അമ്മയും ഇല്ലാത്ത ആളാ എന്നും പറഞ്ഞ് ബന്ധുക്കൾക്കൊക്കെ എതിർപ്പായിരുന്നു ഈ വിവാഹത്തിന്. പക്ഷെ ഇപ്പോൾ നോക്കിക്കേ, എല്ലാർക്കും കിരണിനെ വലിയ ഇഷ്ട്ടമാ...
അല്ലേലും നമ്മുടെ കുട്ടി ഭാഗ്യം ഉള്ളവളാ.
വൈകുന്നേരത്തോട് കൂടി എല്ലാവരും പിരിഞ്ഞു പോയി.
കുഞ്ഞിനെ പാലുട്ടുകയായിരുന്ന ഉത്തരയുടെ മുഖത്തേക്ക് കിരൺ നോക്കി.
ഹും... നീ ഇനി അധിക ദിവസം ഇല്ലെടീ...
നീ അവസാനിക്കാൻ പോകുവാ...
അയാൾ മനസ്സിൽ പറഞ്ഞു.
അയാളുടെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുണ്ടായിരുന്നു.
🍀🍀🍀🍀🍀🍀
ഉറങ്ങിയ കുഞ്ഞിനെ ഉത്തര കട്ടിലിലേക്ക് കിടത്തി.
കിരൺ മോളെ ഒന്ന് നോക്കണേ. ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം.
ശരി അയാൾ തലയാട്ടി.
അയാൾ കുഞ്ഞിന്റെ അരികിലേക്ക് ചെന്നിരുന്നു..
ഉത്തരയുടെ അതേ രൂപമാണ് കുഞ്ഞിന്.
തന്റെ ഒരു ഷേപ്പും ഇല്ല.
അതുകൊണ്ടാണോ എന്തോ കുഞ്ഞിനോട് ഒരു സ്നേഹവും തോന്നുന്നില്ല.
ആഹ്... ഇതിവിടെയെങ്ങാനും കിടന്നുറങ്ങട്ടെ, ചെറിയ കുഞ്ഞല്ലേ എങ്ങും എഴുന്നേറ്റ് പോകില്ലല്ലോ.
അയാൾ ഫോണുമായി പുറത്തേക്കിറങ്ങി.
ജിനിയെ ഒന്ന് വിളിക്കാം, ഇനിയിപ്പോൾ ഉത്തര വന്നത് കൊണ്ട് ജിനിയെ വിളിക്കുമ്പോൾ ശ്രദ്ധിക്കണം.
കിരൺ... അവളുടെ കിളിക്കൊഞ്ചൽ കേട്ടതും, അവന്റെ ഹൃദയം ആർദ്രമായി
അല്ലെങ്കിലും അതങ്ങനെ ആയിരുന്നു.
അവൾ ആയിരുന്നു അയാളുടെ സകലതിനും ഉള്ള മരുന്ന്.
അയാൾക്ക് അവളെ കാണണം എന്ന് തോന്നി.
നീ എന്നാ വരിക? അയാൾ ചോദിച്ചു.
കുറച്ച് ദിവസങ്ങൾ കഴിയട്ടെ, ഞാൻ എത്തും.
നിന്റെ മോൾ എവിടെ?
ഓഹ്... അത് എന്നെപ്പോലെ അല്ല, അവളെ പോലെ തന്നെയാ ഇരിക്കുന്നത്.
ഉവ്വോ..?
ഉം... എനിക്കെന്റെ ജിനിയെ പോലെ ഇരിക്കുന്ന കുഞ്ഞിനെ മതി.
ഒക്കെ ശരിയാവും കിരൺ. നമ്മൾ വിചാരിച്ചതു പോലെ ഒക്കെ നടക്കട്ടെ..
ഞാനിപ്പോൾ ഡ്യൂട്ടിയിലാണ് വയ്ക്കട്ടെ.
ഇനി എപ്പോഴാ മിണ്ടാൻ പറ്റുക?
ഞാൻ മെസ്സേജ് ഇട്ടോളാം.
ഉം. അയാൾ കാൾ കട്ടാക്കി.
അപ്പോഴാണ് കുഞ്ഞിന്റെ ചിണുങ്ങിക്കരച്ചിൽ കേട്ടത്.അയാൾ മുറിയിലേക്ക് ചെന്നു.
കുഞ്ഞ് കരയുകയാണ്..
ഉത്തര കുളി കഴിഞ്ഞ് എത്തിയിട്ടില്ല.
കുഞ്ഞിന്റെ കരച്ചിൽ അയാൾക്ക് അസഹ്യമായി തോന്നി.
ഈ ചെറിയ വായിൽ നിന്നാണോ ഇത്രയും വലിയ ഒച്ച കേൾക്കുന്നത്.
ഗത്യന്തരമില്ലാതെ അയാൾ കുഞ്ഞിനെ എടുത്തു.
അയാൾ എടുത്തതും കുഞ്ഞ്
മൂ **ത്ര**മൊഴിച്ചു.
ഛെ... ഇതിനെ ഡയപ്പർ ഇടീച്ചിട്ടില്ലേ..
അയാൾക്ക് വെറുപ്പ് തോന്നി
ഉത്തര കുളി കഴിഞ്ഞ് ഇറങ്ങി വന്നു.
എന്ത് പറ്റി കിരൺ?
മോള് മൂ ** ത്രം ഒഴിച്ചു..
അതേ... അവളുടെ അച്ഛൻ ആണെന്ന് അവൾക്കറിയാം. അതാ അച്ഛൻ എടുത്തപ്പോൾ തന്നെ അച്ഛനെ അങ്ങ് നനച്ചത്.
അച്ഛൻ... ആ വാക്ക് കേട്ടപ്പോൾ അയാൾക്ക് അറപ്പാണ് തോന്നിയത്.
അതേ അറപ്പ് ആ കുരുന്നിനോടും അയാൾക്ക് തോന്നി.
എങ്കിലും ഉത്തരയെ കാണിക്കാനായി അയാൾ കുഞ്ഞിനെ കട്ടിലിൽ കിടത്തി, അവളുടെ നനഞ്ഞ ഡ്രസ്സ് മാറ്റി, പിഞ്ചുടൽ തുടച്ച്, മറ്റൊരു വസ്ത്രം ധരിപ്പിച്ചു.
ഉത്തര അത് നോക്കി നിൽക്കുകയായിരുന്നു.
അവൾക്ക് അയാളോട് അതിയായ സ്നേഹം തോന്നി.
അവൾ അയാളുടെ അരികിൽ ചെന്നു. കട്ടിലിൽ കുഞ്ഞിനേയും കൊണ്ട് ഇരിക്കുന്ന അയാളുടെ തല തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
എന്റെ ലോകം ഇപ്പോൾ നിങ്ങളും മോളും മാത്രമായി പോയിട്ടുണ്ട്...
അവളിൽ നിന്നുയരുന്ന മുലപ്പാലിന്റെ മണം. അയാൾക്ക് വെറുപ്പ് തോന്നി.
കുഞ്ഞിനെ പിടിച്ചേ... അവൾക്ക് വിശക്കുന്നുണ്ട് അയാൾ പറഞ്ഞു.
ഉത്തര കുഞ്ഞിനെ വാങ്ങി.
ഞാൻ ഉത്തരക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കാം. അയാൾ അടുക്കളയിലേക്ക് നടന്നു.
ജോലിക്കാരി രാവിലേ വന്ന് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കി വയ്ക്കും.വീടും അടിച്ചു തുടച്ച് വൃത്തിയാക്കി ഇടും.
തുണികളൊക്കെ കിരൺ തന്നെയാണ് മിഷ്യനിൽ ഇട്ട് അലക്കി ഉണക്കി എടുത്തു വയ്ക്കുന്നത്.
ഉത്തരയെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തന്റെ പുരുഷന്റെ കരുതലിൽ
ഉത്തരയുടെ ഹൃദയം നിറഞ്ഞിരുന്നു.
ഇടക്ക് ഒന്നുരണ്ടു വട്ടം ഉത്തരയുടെ വീട്ടുകാർ വന്നു.
അവൾ സന്തോഷവതിയായി ഇരിക്കുന്നത് കണ്ടപ്പോൾ അവർക്കും മനസ്സ് നിറഞ്ഞു.
മോൾക്ക് പതിനാലാമത്തെ ആഴ്ചയിലെ കുത്തിവയ്പ്പ് എടുക്കാൻ ഉള്ള ദിവസം അടുത്തു.
കിരൺ പല കണക്കു കൂട്ടലുകളും നടത്തിയിരുന്നു.
അയാൾ ആ ആഴ്ച്ച മുഴുവനും തിരക്ക് ഭാവിച്ചു.
ഉത്തരയുടെ അച്ഛനെയും അമ്മയെയും കൂട്ടി പോകാമോ എന്ന് അയാൾ ചോദിച്ചു.
തിരക്കാണെങ്കിൽ ഞാൻ അവരെയും കൂട്ടിപ്പൊയ്ക്കോളാം, അവൾ അയാളെ ആശ്വസിപ്പിച്ചു.
കുത്തിവയ്പ്പിന് പോകാനുള്ള ദിവസം,അയാൾ വീട് പണിയാൻ പറ്റിയ ഒന്ന് രണ്ട് പ്ലോട്ടുകൾ നോക്കാനുണ്ടെന്ന് പറഞ്ഞ് പോകാൻ തയ്യാറായി.
പോകും മുമ്പ് അയാൾ കുഞ്ഞിന്റെ അരികിൽ എത്തി. എന്റെ പൊന്നിനെ ഇന്ന് സൂചി വയ്ക്കുമോ... അയാൾ അവളുടെ പിഞ്ചു കൈയിൽ പിടിച്ച് കൊഞ്ചിച്ചു.
സ്വന്തം പിതാവിനെ മനസ്സിലാക്കി തുടങ്ങിയ പൈതൽ അയാളുടെ സംസാരം കേട്ട് വായ തുറന്ന് ചിരിച്ചു.
അമ്പടീ... അവൾക്ക് അച്ഛനോടാ സ്നേഹം കൂടുതൽ. ഉത്തര പറഞ്ഞു.
എന്നാലും എങ്ങനാടി ഇഞ്ജക്ഷൻ എടുക്കുമ്പോൾ എന്റെ മോൾക്ക് വേദനിക്കില്ലേ അയാൾ നിറ കണ്ണുകളോടെ ചോദിച്ചു.
അമ്പടാ... കുഞ്ഞിനെ കുത്തിവയ്ക്കുന്നത് കാണാൻ പറ്റില്ലാത്തത് കൊണ്ടാണല്ലേ തിരക്ക് ഭാവിച്ചത്.
പോടീ.. അതൊന്നും അല്ല.
ഒന്ന് രണ്ടു സ്ഥലം നോക്കാനുണ്ട്. അതാ..
എന്നാൽ പോയിട്ട് വാ. ഉത്തര ചിരിയോടെ പറഞ്ഞു.
അയാൾ ഉത്തരക്കും കുഞ്ഞിനും ഓരോ ചുംബനങ്ങൾ നൽകി.
അച്ഛൻ വരുമ്പോൾ പൊന്നിന് കളിപ്പാട്ടം വാങ്ങിക്കാം കേട്ടോ, അയാൾ കുഞ്ഞിനോട് പറഞ്ഞു.
ഒന്ന് പോ കിരൺ, ഇപ്പോൾ തന്നെ കിരൺ വാങ്ങിച്ചു കൂട്ടിയ കളിപ്പാട്ടങ്ങൾ
കൊണ്ട് വീട് നിറഞ്ഞു.
മോൾ ഇത്രയല്ലേ ആയിട്ടുള്ളൂ...
ഇക്കണക്കിനു പോയാൽ അവൾ കളിക്കുന്ന പ്രായമാകുമ്പോൾ കളിപ്പാട്ടങ്ങൾ ഇടാനായി വേറെ വീട് പണിയേണ്ടി വരുമല്ലോ.
ഒന്ന് പോടീ... ചിരിയോടെ അയാൾ പുറത്തേക്കു പോയി.
ഉത്തര കുളിച്ച്, കുഞ്ഞിനേയും കുളിപ്പിച്ച്,
റെഡിയായി നിന്നു.
ഉത്തരയുടെ അച്ഛനും അമ്മയും പത്തു മണി ആയപ്പോഴേക്കും എത്തി.
മകൾ ഒന്നുകൂടെ നന്നായിട്ടുണ്ട്.അവളുടെ മുഖത്തെ സന്തോഷം കണ്ട് അവരുടെ ഉള്ളം നിറഞ്ഞു.
നമുക്ക് പോയാലോ...
പോവാം അച്ഛാ..
ഉത്തരയുടെ അമ്മ കുഞ്ഞിനെ എടുത്തു.
ഓഹ്... ഇതെന്താ മോളെ വീടിനകം മുഴുവൻ കളിപ്പാട്ടങ്ങൾ ആണല്ലോ.
എന്റെ അമ്മേ ഒന്നും പറയണ്ട. കിരണിന് ഇത് തന്നെ പണി. കുഞ്ഞെന്നു വച്ചാൽ ഭ്രാന്താ..
കുഞ്ഞിനെ മാത്രമല്ല കേട്ടോ എന്നെയും ജീവനാ. ഇങ്ങനെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ അമ്മേ.
ഉത്തരയുടെ കണ്ണുകൾ സ്നേഹാദിക്യത്താൽ നിറഞ്ഞു.
ഇപ്പോൾ ഇടിടെയാ സ്ഥലം നോക്കാൻ പോയത്.
രണ്ടു മൂന്ന് പ്ലോട്ട് നോക്കാൻ ഉണ്ടെന്നാ പറഞ്ഞത്.
പ്ലോട്ട് വാങ്ങിക്കോളാൻ പറ, വീട് പണിയാനുള്ള പണം ഞാൻ തരാം. ഉത്തരയുടെ അച്ഛൻ പറഞ്ഞു.
അതൊന്നും വേണ്ടച്ഛാ, കിരൺ അഭിമാനിയാ.
പണം വാങ്ങുന്നതൊന്നും കിരണിന് ഇഷ്ട്ടമല്ല.
അതിന് അവന്റെ കൈയിൽ കൊടുക്കുന്നില്ല. നിന്റെ അക്കൗണ്ടിൽ ഇട്ട് തരാം.
അതാകുമ്പോൾ അവന് എടുക്കാമല്ലോ, വീട് വിൽപ്പന കഴിയുമ്പോൾ അവനത് വേണമെങ്കിൽ നിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തോളുമല്ലോ.
അതൊന്നും വേണ്ടച്ഛാ..
എല്ലാം നിങ്ങൾക്കുള്ളത് തന്നെയല്ലേ...
എന്തായാലും കിരണിനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യമാ. ഉത്തരയുടെ അമ്മ പറഞ്ഞു.
അത് നേരാ... അച്ഛനും ശരിവച്ചു.
ഇൻജെക്ഷൻ എടുത്തപ്പോൾ കുഞ്ഞു ഭൂമിക ഉറക്കെ കരഞ്ഞു.
ആ കരച്ചിൽ കണ്ടപ്പോൾ ഉത്തരക്ക് തന്റെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.
വല്ലവിധേനയും കുഞ്ഞിന്റെ കരച്ചിൽ അടക്കി, അവർ തിരിച്ചു പോരാൻ വണ്ടിയിൽ കയറി.
കുറച്ച് ദൂരം മുന്നോട്ട് പോന്നപ്പോൾ മുതൽ ഒരു ലോറി അവർക്ക് പിന്നാലെ വരുന്നുണ്ടായിരുന്നു.
പ്രധാന നിരത്തിൽ നിന്നും അവരുടെ വാഹനം മറ്റൊരു വഴിയിലേക്ക് കയറി മുന്നോട്ട് പോയതും
പിന്നിലൂടെ വന്ന ലോറി അവരുടെ കാറിന് നേരെ കുതിച്ചു.
🍀🍀🍀🍀🍀
തുടരും