സംസ്ഥാനത്തെ പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ നടന്നു. നാലു വേദികളിലായി സമാന്തരമായി നടന്ന പാനൽ ചർച്ചയിൽ നിന്നുരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് സമാപന വേദിയിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു.
ലഹരി വിമുക്തമാക്കാൻ കുട്ടികൾക്കായി ഡീ അഡിക്ഷൻ സെന്റർ തുടങ്ങണം, കൗമാരക്കാർക്കായി അഡോളസെന്റ് ക്ലബ്ബുകൾ രൂപീകരിക്കണം, ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ മക്കൾക്കായി പകൽ വീടുകൾ ആരംഭിക്കണം, അങ്കണവാടികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണം തുടങ്ങി വിപുലമായ നിർദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്. ഭരണ, നേതൃപരമായ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സ്ത്രീ സംരഭങ്ങൾ സാങ്കേതിക-ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടവയാകണമെന്നും അതിനുതകുന്ന സപ്പോർട്ടിങ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സീറോ ടോളറൻസ് ഉള്ള സമൂഹമായി മാറണമെന്നും മന്ത്രി പറഞ്ഞു.
#vision2031
#kerala