പേരിനൊരു താലി 💫❣️
"നിന്റെ അച്ഛൻ മരിച്ചതിൽ പിന്നെ, സന്തോഷമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല... മനസ് തുറന്നൊന്നു ചിരിച്ചിട്ട് പോലുമില്ല... അങ്ങനെയുള്ള നിന്റെ അമ്മയ്ക്ക് ഒരല്പം സന്തോഷം നേടികൊടുക്കണം എന്നെന്റെ മോന് തോന്നുന്നില്ലല്ലോ..."
ആശ വരുത്തി തീർത്ത കണ്ണുനീർ മുഴുവൻ സാരി തലപ്പുകൊണ്ട് ഒപ്പിയെടുത്തു...ഏറെ നേരമായി ഈ കണ്ണീർ നാടകം തുടങ്ങിയിട്ട്.. ആദി ഇതെല്ലാം കേട്ടൊരു അസ്വസ്ഥതയോടെ ബെഡിൽ ഇരിക്കുകയാണ്...
"നീയല്ലാതെ എനിക്ക് വേറെയാരാ ഉള്ളത്... ഇപ്പൊ കല്യാണം നടന്നില്ലെങ്കിൽ പിന്നെയങ്ങനെ പെട്ടന്നൊന്നും നടക്കില്ലെന്നാ പണിക്കര് പറയുന്നേ...നിന്റെ കാര്യത്തിൽ ആധിയെടുത്തു നീറി നീറി മരിക്കാനാകും എന്റെ വിധി...!"
"അമ്മേ....!!"
ശാസനയുടെ സ്വരത്തിൽ അവൻ വിളിച്ചു നിർത്തി...
"അമ്മക്കിപ്പോ എന്താ വേണ്ടത്... ഞാൻ ആ ജോലിക്കാരിയെ തലയിൽ ചുമക്കണം.. അതിനല്ലേ ഈ കണ്ണീരും പരിഭവവും.... ശരി.. ഞാൻ തലവെച്ച് തരാം... പക്ഷെ, കാര്യങ്ങൾ ഒക്കെ അവളോടും കൂടി പറയണം... എന്റെ മനസ്സിൽ പോയിട്ട് ഈ മുറിയിൽ പോലും അവൾക്കൊരു സ്ഥാനം ഞാൻ കൊടുക്കില്ല... താലിക്കെട്ട് കഴിഞ്ഞാൽ എന്റെ കൺവെട്ടത്തു പോലും അവളെ കാണരുത്...! അങ്ങനെയാണെങ്കിൽ ഞാൻ സമ്മതിക്കാം..."
അവന്റെ ഉറച്ച വാക്കുകൾ കേട്ടതും ആശയ്ക്ക് ശ്വാസം നേരെ വീണു... തന്റെ ശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു... അവർ വേഗം കണ്ണും മുഖവുമൊക്കെ തുടച്ചു...
"ശരി, എല്ലാം നീ പറഞ്ഞപോലെ തന്നെയായിരിക്കും... ഞാൻ ഇക്കാര്യം അമ്മയോടൊന്ന് പറയട്ടെ..."
അവർ തിടുക്കത്തോടെ താഴേക്ക് ഇറങ്ങിയോടി... ആദി വല്ലാത്തൊരു മനപ്രയാസത്തോടെ മുറിയിലെ ജനലോരത്ത് വന്നൊരു സിഗരറ്റ് എടുത്ത് പുകച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു...
"എടി പൂവാലി...മര്യാദക്ക് നടന്നില്ലെങ്കിൽ ചെവിക്ക് പിടിച്ചു കിഴുക്കും ഞാൻ... നിന്റെ പുറകെ ഓടാനേ വേറെയാളെ നോക്ക്...."
പുല്ല് മേയ്ക്കാൻ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരുന്ന പയ്യിനോട് പുന്നാരം പറയുന്നവളെ കണ്ടതും അവൻ ആ സിഗരറ്റ് താഴെയിട്ട് ചവിട്ടിയമർത്തി ജനൽ അടച്ചു കളഞ്ഞു...
"മോളെ ഭദ്രേ... ഒന്നിങ്ങു വന്നേ..."
പയ്യിനെ തൊഴുത്തിൽ കൊണ്ട് പോയി കെട്ടി തിരികെ വന്ന് കയ്യും മുഖവും കഴുകുന്നവളെ വടക്കേ ഉമ്മറത്ത് വന്ന് നിന്ന് വിളിക്കുകയാണ് ആശ...
അവരുടെ പതിവില്ലാത്ത മോളെയെന്നുള്ള വിളിയിൽ അതിശയിച്ചു കൊണ്ട് ഭദ്ര അവരോടൊപ്പം അകത്തേക്ക് നടന്നു...
അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന സീത അത് ശ്രദ്ധിക്കാതിരുന്നില്ല...
"എന്താ ആശമ്മേ...?"
ആശയുടെ മുറിയിൽ അവരുടെയും ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് തെല്ലൊരു പരിഭ്രമത്തോടെ നിൽക്കുകയാണ് ഭദ്ര...
"ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിരൊന്നും പറയരുത്..."
ആശമ്മയുടെ മുഖവുര കേട്ടപ്പോൾ അവൾക്ക് കാര്യം പിടികിട്ടിയില്ല... അവരെന്ത് പറഞ്ഞാലും താൻ എതിര് പറയാറില്ല... പിന്നെയെന്താണിപ്പോൾ പ്രത്യേകമായൊരു പറച്ചിൽ....
"മോളെ... ആരോരുമില്ലാതെ ഈ തറവാട്ടിൽ ഒരാശ്രയം ചോദിച്ചു വന്നവളാ നിന്റെയമ്മ കല്യാണി... ആ കല്ല്യാണിക്ക് അവള് മരിക്കുവോളം അഭയവും ആശ്രയവും നൽകിയതും അവള് പോയേപ്പിന്നെ മകളായ നിന്നെ സംരക്ഷിക്കുന്നതും ഈ കാവുമ്പാട്ടുകാരാ.... അങ്ങനെയുള്ള ഞങ്ങൾക്ക് ഇന്നിപ്പോ നിന്റെയൊരു സഹായം വേണ്ടി വന്നിരിക്കുകയാ..."
"എന്താ ആശമ്മേ....എനിക്കൊന്നും മനസ്സിലാവുന്നില്ല..."
അവളുടെ മുഖത്ത് പരിഭ്രമമേറി....
"എന്റെ മകൻ ആദിയുടെ ജാതകത്തിൽ എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ട്...അതുകൊണ്ട് പൊരുത്തമില്ലാത്ത ജാതകം ചേർത്ത് വെച്ചാൽ അവനെന്തെങ്കിലും ജീവഹാനി സംഭവിക്കാനിടയുണ്ടെന്നാ പണിക്കര് പറയുന്നത്... പക്ഷെ... നിന്റെ ജാതകം അവനുമായി ചേരും... പൊരുത്തം നോക്കാൻ വേണ്ടിയാ ഞാനിന്നലെ നിന്റെ ജാതകം വാങ്ങിയത്... നല്ല പൊരുത്തമുണ്ടെന്നാ പണിക്കര് പറഞ്ഞത്... പക്ഷെ എത്രയും പെട്ടന്ന് വിവാഹം നടത്തണം...അതുകൊണ്ട് നിന്നെ ആദിക്ക് വേണ്ടി ആലോചിക്കാമെന്നാ ഞങ്ങളുടെ തീരുമാനം...നിന്നോട് ഇതേ കുറിച്ച് പറയാനാ ഞാൻ വിളിച്ചത്..."
കേട്ടതത്രയും വിശ്വസിക്കാൻ ആകാതെ തരിച്ചു നിൽക്കുകയാണ് ഭദ്ര....
"പക്ഷെ ഒരു പ്രശ്നമുണ്ട്...."
ആശമ്മയുടെ മുഖത്തെ വല്ലായ്മ കണ്ടവൾ സംശയഭാവത്തിൽ നോക്കി...
"ആദിക്ക് ഈ ബന്ധത്തോട് എതിർപ്പുണ്ട്... നിന്നെ ഭാര്യായിട്ട് കാണാൻ കഴിയില്ലെന്നാ അവൻ പറയുന്നത്.. പക്ഷെ ഒരുവിധത്തിൽ ഞാൻ അവനെ സമ്മതിപ്പിച്ചെടുത്തു... ഒടുക്കം എന്റെ നിർബന്ധം കൊണ്ട് അവൻ സമ്മതിച്ചിരിക്കുകയാ... പക്ഷെ ഒരു നിബന്ധനയോടെ...."
ആശയുടെ കുടിലത നിറഞ്ഞ വാക്കുകൾ ഓരോന്നും കേട്ട ഞെട്ടലിൽ അതിലെ ദുരുദ്ദേശങ്ങളൊന്നും അറിയാതെ തരിച്ചു നിൽക്കുകയാണ് അവൾ....
"വിവാഹശേഷം അവനായിട്ട് തോന്നും വരെ നിന്നെ സ്വീകരിക്കാൻ കഴിയില്ലെന്നതാണ് അവന്റെ നിബന്ധന... അതുവരെ യാതൊരു ബന്ധവും ഇല്ലാതെ ഇപ്പോഴുള്ള പോലെ തന്നെ കഴിയണമെന്ന്... പക്ഷെ കഴുത്തിൽ അവന്റെ താലിയുണ്ടാകും..."
ഭാവമാറ്റങ്ങൾ ഏതുമില്ലാതെ ആശ പറഞ്ഞു നിർത്തിയതും ഭദ്ര ഞെട്ടി തരിച്ചു നിന്നു....
"ഞാൻ എന്താ വേണ്ടത് മോളെ... ഇതെല്ലാം അറിഞ്ഞപ്പോൾ നിന്നോട് തന്നെ എല്ലാം പറയണമെന്ന് തോന്നി... ഇനി എന്നേ.. അല്ല ഈ തറവാടിനെ തന്നെ രക്ഷിക്കാൻ നിന്നെക്കൊണ്ടേ കഴിയൂ... ഈ ധനുമാസം തീരും മുൻപേ വിവാഹം നടത്തിയില്ലെങ്കിൽ ഇനി നടക്കില്ലത്രേ.... അതുകൊണ്ട് ഇനിയൊരു പെണ്ണിനെ തിരഞ്ഞു പോകാനും പറ്റില്ല... നിന്റെ ജാതകം നല്ല പൊരുത്തവുമുണ്ട്... അതുകൊണ്ട് മറ്റൊന്ന് ആലോചിക്കേണ്ട എന്നാ എന്റെ മനസ് പറയുന്നത്...."
പണിക്കർ പറഞ്ഞതും തങ്ങളായിട്ട് മെനഞ്ഞെടുത്തതും എല്ലാം കൂട്ടികലർത്തി അവൾക്ക് മുന്നിൽ തന്റെ മനോവിഷമം അത്രയും ചൊരിഞ്ഞ് ആശ കണ്ണുകൾ തുടച്ചു...
"ഈ അമ്മ വേണമെങ്കിൽ നിന്റെ കാല് പിടിക്കാം... മോള് ഈ വിവാഹത്തിന് സമ്മതിക്കണം...."
അത്രയും പറഞ്ഞവർ മുന്നോട്ട് വന്നതും ഭദ്രയൊരു പിടിച്ചിലോടെ പുറകിലേക്ക് നീങ്ങി...
"അയ്യോ.. എന്തായിത് ആശമ്മേ.... ഈയൊരു കാര്യവും പറഞ്ഞ് ആശമ്മ ന്റെ കാലിൽ വീഴാനോ... പാടില്ല... അതിനുമാത്രം ആളൊന്നും ഇല്ല്യ ഈ ഭദ്ര...."
അവരെ തടഞ്ഞുകൊണ്ട് അവൾ ഒന്നാലോചിച്ചു...
ഏറെ നാളായി മനസ്സിലുള്ള മോഹമാണ് ആദീശ്വർ... ഇന്നലെ കൂടി അവൻ വന്നിറങ്ങിയപ്പോൾ ഭാഗവാനോട് പറഞ്ഞതേയുള്ളു ആരോരും അറിയാതെ ഞാൻ ഉള്ളിലിട്ടു സ്നേഹിച്ചോളാമെന്ന്... എന്നിട്ടിപ്പോ ഭാഗവാനായിട്ട് തന്നെ...തന്റെ ഉള്ളം കയ്യിൽ വെച്ച് തരുമ്പോലെയാണ് അവൾക്ക് തോന്നിയത്... പക്ഷെ ആദിയേട്ടന് തന്നെ ഇഷ്ടമില്ലെന്ന്.... അതെങ്ങനെ ശരിയാകും.. തന്നെ ഇഷ്ടമില്ലാത്തൊരു ആളുടെ താലി കഴുത്തിൽ അണിയുന്നതെങ്ങനെയാ...
"ആദിയേട്ടന് എന്നേ ഇഷ്ടമില്ലെങ്കിൽ എങ്ങനെയാ ആശമ്മേ ഈ കല്യാണം നടക്കാ...?"
ഉള്ളിൽ വന്ന സംശയം മറച്ചു വെക്കാതെയവൾ ചോദിച്ചു...
"മോളെ ആദിക്ക് നിന്നോട് ഇപ്പോൾ ഇഷ്ടമില്ലെന്നത് നേരാ... പക്ഷെ, നാളെയൊരിക്കൽ അവൻ നിന്നെ സ്നേഹിക്കും... ആ ഉറപ്പ് എനിക്കുണ്ട്... നല്ലവളാ നീ... നിന്നെപ്പോലെ ഒരു പെണ്ണിനെ അവന് കിട്ടുന്നത് തന്നെ വലിയ കാര്യാ... അവൻ നിന്നെ
അംഗീകരിക്കും വരെ നീയൊന്ന് കാത്തിരിക്കേണ്ടി വരും... പക്ഷെ ഇപ്പോൾ അതിനേക്കാൾ വലുത് അവന്റെ ജീവന്റെ കാര്യമല്ലേ മോളെ... നീയൊന്ന് പാതി സമ്മതം മൂളിയാൽ തന്നെ ബാക്കി എല്ലാം ഈയമ്മ ശരിയാക്കാം..."
അമ്മയെന്നുള്ള അവരുടെ സംബോധനയിൽ അവളുടെ മനസ് ഉറച്ചു കിടന്നു... എന്തോ ആരുമില്ലാത്ത തനിക്ക് ആരൊക്കെയോ ഉണ്ടാകാൻ പോകുന്നുവെന്നൊരു വ്യാമോഹം ആ പെണ്ണിന്റെ ഉള്ളിൽ മൊട്ടിട്ടു തുടങ്ങി, മുന്നിൽ ഒരുങ്ങുന്നതൊരു മാന്ത്രിക കളിക്കളമാണെന്നും താൻ അതിലെ വെറുമൊരു കരുവാണെന്നും അറിയാതെ തന്നെ അവൾ മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തു കഴിഞ്ഞു...
"എനിക്ക് സമ്മതമാണ് ആശമ്മേ...!! ഞാൻ കാരണം ആദിയേട്ടന്റെ ജീവിതം രക്ഷപ്പെടുമെങ്കിൽ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്....!!!"
അവളുടെ ഉറച്ച വാക്കുകൾ കേട്ടതും ആശയും ലക്ഷ്മിയമ്മയും പരസ്പരം നോക്കി നിഗൂഢമായൊന്ന് ചിരിച്ചു....
പെട്ടന്നൊരു നിമിഷം കൊണ്ട് തന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചൊരാ തീരുമാനം ഓർത്തുകൊണ്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു...
അവൾക്കെന്തോ ഒന്നുമങ്ങോട്ട് വിശ്വാസമായില്ല... സ്വയം ഇടത്തെ കൈത്തണ്ടയിൽ ഒന്ന് നുള്ളി നോക്കി... നോവുന്നുണ്ട്... സ്വപ്നമല്ലെന്ന് വ്യക്തം...
ഞാനിത് വിശ്വസിച്ചോട്ടെ ഭഗവാനെ...പതിയെ അവൾ പുറത്തേക്ക് നടക്കാനൊരുങ്ങിയതും.. യന്ത്രികമായി നടന്നുവരുന്നവളെ നോക്കി സീത അതിശയിച്ചു...
"എന്താ ഭദ്രേ.. എന്തിനാ ആശേടത്തി വിളിച്ചത്...?"
അവർ കാര്യം തിരക്കിയപ്പോൾ അവൾ ഓടി വന്നവരെ കെട്ടിപിടിച്ചു... പിന്നെ അതെ നിൽപ്പിൽ കാര്യമങ്ങു പറഞ്ഞു...
"എന്നിട്ട് നീ സമ്മതിച്ചോ??"
എല്ലാം കേട്ടൊരു പിടച്ചിലോടെയാണ് സീതയുടെ ചോദ്യം...
"മ്മ്ഹ്ഹ്... സമ്മതിച്ചു..."
"അത് വേണ്ടായിരുന്നു കുട്ടി... നല്ലപോലെ ആലോചിച്ചിട്ട് മതിയായിരുന്നു അങ്ങനെയൊരു തീരുമാനം..."
സീതയുടെ ആശങ്ക കലർന്ന വാക്കുകൾ കേട്ട് ഭദ്ര മുഖമുയർത്തി നോക്കി...
"എന്താ സീതമ്മേ...ആദിയേട്ടൻ എന്നേ കല്യാണം കഴിക്കുന്നത് സീതമ്മയ്ക്ക് താല്പര്യം ഇല്ലേ...?"
"അതുകൊണ്ടല്ല മോളെ... എന്തോ ഇക്കാര്യം ശരിയായിട്ട് തോന്നുന്നില്ല എനിക്ക്... ആദിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും അവര് ഇങ്ങനയൊരു വിവാഹം നടത്തുന്നെങ്കിൽ അവന്റെ ജീവനെകുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളു... അവിടെ നിന്നെക്കുറിച്ചു പോലും ആലോചിക്കുന്നില്ല എന്നാ എനിക്ക് മനസ്സിലായത്...കാര്യം നമുക്ക് അന്നം തരുന്നത് ഇവരാ.. പക്ഷെ, അതിനു പകരം സ്വന്തം ജീവിതം തന്നെ അവർക്കു തീറെഴുതി കൊടുക്കാന്നു പറഞ്ഞാൽ... വേണ്ടായിരുന്നു മോളെ..."
താൻ പെറ്റതല്ലെങ്കിൽ പോലും ഭദ്രയോട് അവർക്കുള്ള മാതൃവാത്സല്യമത്രയും ആ വാക്കുകളിൽ പ്രകടമായിരുന്നു...
"ഈ തറവാട്ടിലെ സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടല്ല അമ്മേ... സത്യം പറഞ്ഞാൽ ആദിയേട്ടനോട് എനിക്കൊരു കുഞ്ഞിഷ്ടമുണ്ട്... പക്ഷെ ഇതിപ്പോ ഞാനൊന്ന് സമ്മതം മൂളിയാൽ ആദിയേട്ടന് ആപത്തൊന്നും വരാതെ കഴിയുമല്ലോ എന്ന് കരുതിയാ ഞാൻ സമ്മതിച്ചത്... പിന്നെ... എന്റെ കഴുത്തിലൊരു താലി കെട്ടി കഴിഞ്ഞാൽ എന്നെങ്കിലും ആദിയേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങിയാലോ..."
അവളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് സീത അവളുടെ മുടിയിൽ തലോടി...
പാവം കുട്ടി... അവൾ പറയുന്നത് നേരാണ്... നാളെയൊരിക്കൽ അവൻ ഭദ്രയെ സ്നേഹിച്ചു തുടങ്ങിയാൽ ഈ പാവത്തിന് പിന്നെ ഈയൊരു അടുക്കളയിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരില്ല... എന്നാലും അതിനെത്ര നാൾ കാത്തിരിക്കേണ്ടി വരും...
ഉള്ളിലെ ആശങ്കയോടെ സീതയങ്ങനെ നിൽക്കെ ഭദ്ര തന്റെ മുറിയിലേക്ക് പോയി...
അടുക്കളയുടെ എതിർവശമുള്ള കുഞ്ഞൊരു ഇടനാഴിയുടെ തൊട്ടടുത്താണ് അവളുടെ മുറി..അതിനടുത്ത മുറിയാണ് സീതയുടെ....
മുറിയിൽ കയറി ജനലിനോരംവെച്ചിരിക്കുന്ന ഭഗവാന്റെ ഫോട്ടോയെടുത്തു അവൾ ഏറെ ഭംഗിയായൊന്ന് പുഞ്ചിരിച്ചു...
"അങ്ങനെ എന്റെ കയ്യിൽ തന്നെ കൊണ്ട് വന്നു തന്നൂലെ... എനിക്കങ്ങോട്ട് വിശ്വസിക്കാനേ പറ്റുന്നില്ല... ആകാശത്തെ അമ്പിളി മാമനെ കയ്യെത്തിച്ചു തൊടാൻ പോവാ ഈ ഭദ്ര... അപ്പോഴും കയ്യിലെടുക്കാൻ പറ്റില്ലാട്ടോ... അതിന് അമ്പിളി മാമൻ കൂടി സമ്മതിക്കണം..."
അവളൊന്ന് ചിരിച്ചു...
"എങ്ങനെയാ നന്ദി പറയാന്ന് എനിക്കറിയില്ല ഭഗവാനെ... എത്രയും വേഗം ആ മനസ്സിൽ എനിക്കൊരു സ്ഥാനം തരണേ..."
കണടച്ച് പ്രാർത്ഥിക്കുമ്പോൾ, പണ്ട് മുതലേ തറവാട്ടിലെ കുട്ടികൾക്ക് പങ്കു വെച്ച് കിട്ടുന്നതിൽ നിന്ന് തനിക്ക് കൂടി കൊണ്ട് വന്ന് തരുന്ന ആദിയേട്ടന്റെ മുഖമായിരുന്നു... അന്ന് ആ മനസ്സിൽ തന്നോട് ഏറെയിഷ്ടമുണ്ടെന്ന് ഭദ്ര സ്വയം വിശ്വസിച്ചിരുന്നു... വളർന്നു വലിയ ആളായപ്പോൾ ആ അടുപ്പമൊട്ടും ഇല്ലാതായി...
കാവുമ്പാട്ടെ ആദീശ്വർ മഹാദേവ് കഴിവുറ്റൊരു വക്കീലും... ഭദ്ര വെറുമൊരു വാല്യക്കാരിയുമായി പോയി....
എന്നെങ്കിലും അവൻ തന്നെ സ്നേഹിക്കുമെന്ന് മാത്രം അവളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു...
തുടരും...
വായനക്കാരെ.. ഇഷ്ടമായാൽ രണ്ട് വാക്ക് കുറിക്കണെ..🥰🥰
#💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💌 പ്രണയം