ശ്രീഭദ്ര 51
അവിടെ തറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവനെ നിറകണ്ണാലെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങി..അവനും അവളെ നോക്കി നിൽക്കുകയായിരുന്നു. ഒരുപാട് നാളുകൾ കഴിഞ്ഞ് ഇപ്പൊൾ മുന്നിൽ.. തന്റെ ശ്രീ...
"ഏയ് നിക്ക്... ശ്രീ പ്ലീസ്... നിക്ക്.."
മൈക്ക് താഴെ ഇട്ടവൻ കൈനീട്ടി അവളെ തടയാണെന്നവണ്ണം അടുത്തെത്തി.. അവൾ പക്ഷേ സഹിക്കാനാകാത്ത സങ്കടത്തോടെ പുറം കൈകൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു പിന്നോട്ട് തിരിഞ്ഞു നടന്നു. അവൻ നെഞ്ചിൽ കൈവെച്ചു. എന്നുംതന്നെ കൊതിപ്പിച്ചിട്ടുള്ള അവളുടെ ആ കണ്ണുതുടക്കൽ.. അവന് പിന്നെ നിയന്ത്രിക്കാനായില്ല. ഓടി ചെന്ന് അവളെ പിന്നിൽ നിന്ന് പുണർന്നു.
അവളൊന്ന് നിന്നു.. തേങ്ങിപ്പോയി. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.അവനവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി. അവളുടെ കൈയിലിരുന്ന ബാഗ് താഴേക്ക് ഊർന്നു വീണു.
ഭദ്രക്ക് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു. സങ്കടം കൊണ്ട് വീർപ്പുമുട്ടി പൊട്ടിക്കരഞ്ഞു. അവനവളെ നെഞ്ചോട് ചേർത്തു.അവളെ ചേർത്ത് പിടിച്ച് സ്റ്റേജിലേക്ക് കയറി. അവൾ മുഖമുയർത്താതെ അപ്പോളും അവനോട് ചേർന്ന് എങ്ങലടിച്ചു.
"ഹായ്... ഫ്രണ്ട്സ്.. കുട്ടികളെ.. കണ്ടോ ഇതാണ് എന്റെ ആറ് വർഷത്തെ പ്രണയം. ഇവളെ കണ്ടുപിടിക്കാൻ വേണ്ടി ഏതെല്ലാം കോളേജ് കറങ്ങിയെന്ന് അറിയാമോ? ഒരിടത്തും കാണാൻ സാധിക്കാതെ അവസാന തിരച്ചിലിന് വന്നതാണിവിടെ. ഇവിടെ കാലെടുത്തു കുത്തിയപ്പോൾ തന്നെ എനിക്കൊരു സ്പാർക് ഉണ്ടായതാണ്. പക്ഷേ മറഞ്ഞിരുന്നു ഇവൾ. ഒരിക്കൽ പോലും മുന്നിൽ വന്നില്ല. മനപ്പൂർവ്വം ഒഴിഞ്ഞു മാറി. പക്ഷേ ഇന്നലെ ഞാൻ കണ്ടിരുന്നു കോളേജ് വിട്ട സമയം. അതാണ് അവൾക്കേറ്റവും ഇഷ്ടമുള്ള എന്റെ പാട്ട് ഞാനിന്ന് പാടിയത്. ഇനി കൈവിട്ടു കളയാൻ പറ്റില്ല.. എന്ത് ചെയ്യണം നിങ്ങൾ പറയൂ.."
എല്ലാവരും ഉച്ചത്തിൽ കൈയടിച്ചു. വിസിലടിച്ചു.. ആർപ്പ് വിളിച്ചു. ഓഡിറ്റോറിയം ആകെ ശബ്ദമുഖരിതമായി..നിങ്ങൾ കൊണ്ടൊക്കോ സാറെ എന്നാരൊക്കെയോ വിളിച്ചു പറഞ്ഞു.
അവളെ അപ്പോളും അവൻ ചേർത്ത് പിടിച്ചിരുന്നു. പക്ഷേ അവളുടെ ശരീരം കുഴഞ്ഞു അവന്റെ കൈകളിൽ നിന്ന് ഊർന്നുപോകാൻ തുടങ്ങി. അപ്പോളാണ് അവനാ മുഖത്തേക്ക് നോക്കിയത്.. ബോധം മറഞ്ഞിരിക്കുന്നു. കാലുകൾ തളർന്ന പോലെ അവൾ താഴെക്കിരുന്നു. പക്ഷേ അവനവളെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് സ്റ്റേജിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു.വാടിയ താമരത്തണ്ടു പോലെ അവളവന്റെ കൈകളിൽ കിടന്നു.
കാറിൽ കയറിയ അവന്റെ കൈയിൽ ആരോ അവളുടെ ബാഗ് കൊണ്ട് കൊടുത്തു. ആമി പെട്ടന്ന് ഓടി ചെന്നു.
"സാർ.. എന്റെ കസിനാണിവൾ.. ഞങ്ങടെ വീട്ടിൽ ആണ് താമസം. ഞാനും കൂടി."
"നോ.. ഇപ്പോ കുട്ടി വരണ്ട.. അച്ഛനേം അമ്മയേം കൂട്ടി ഹോസ്പിറ്റലിൽ വരൂ.സിറ്റി ഹോസ്പിറ്റലിൽ..അവിടെ കാണും ഞാനും."
അതും പറഞ്ഞു കാർ ഗേറ്റ് കടന്നു പോകുന്നത് ഒരു ഇച്ഛാഭംഗത്തോടെ ആമി നോക്കി നിന്നു. പെട്ടെന്ന് തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞു. അവർ പക്ഷേ സോഷ്യൽ മീഡിയ വഴി കാര്യങ്ങൾ എല്ലാം ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ക്യാമറക്കണ്ണുകൾ എല്ലാം ഇന്ദ്രന് പിന്നാലെ ആയിരുന്നല്ലോ. പല കുട്ടികളും ലൈവ് വീഡിയോ ഇട്ടിരുന്നു. സത്യത്തിൽ ആ കോളേജ് മുഴുവൻ അമ്പരപ്പിൽ ആയിരുന്നു. തങ്ങൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പെൺകുട്ടി അവൾ ഒരു ബിസിനസ് മാഗ്നെറ്റിന്റെ രാജകുമാരി ആണെന്നുള്ള സത്യം ഇപ്പോളും പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല.
ആശുപത്രിയിൽ അത്യാഹിതവാർഡിൽ ഡ്രിപ് ഇട്ട് കിടത്തിയ ഭദ്ര ശാന്തമായ ഉറക്കത്തിൽ ആയിരുന്നു. ഇന്ദ്രൻ അവൾക്കരികിൽ ഇരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും.ഇത്രനാളും പിരിഞ്ഞിരിക്കാൻ എങ്ങനെ കഴിഞ്ഞെന്ന് അവനോർത്തു.
കുറച്ചു കഴിഞ്ഞപ്പോളേക്കും ഭദ്രയുടെ അമ്മാവനും അമ്മായിയും ആമിയും അനൂപും എത്തി. അവർ വന്നപ്പോൾ ഇന്ദ്രൻ അവളെത്തന്നെ നോക്കിയിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവനറിയുന്നില്ല.
"മോനെ.. എങ്ങനെയുണ്ട് ഇപ്പൊ?"
ശബ്ദം കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി. അവരെക്കണ്ട് പെട്ടെന്ന് എഴുന്നേറ്റു.സംശയത്തിൽ എല്ലാവരെയും നോക്കി.
"സംശയിക്കണ്ട. ഞങ്ങൾ അവളുടെ അമ്മാവനും അമ്മായിയും.ഞങ്ങളോടൊപ്പം ആണ് അവളിപ്പോ."
"മ്മ്മ്.. കുഴപ്പമില്ല.. കുറച്ചു ടെൻഷൻ അടിച്ചതിന്റെ ഒക്കെ ക്ഷീണം.. ഉറക്കം ഉണരുമ്പോൾ ശരിയാവും. നിങ്ങൾ ഇരിക്കു."
"വേണ്ട.മോനിങ്ങ് വാ കുറച്ചു സംസാരിക്കാൻ ഉണ്ട്. ഇവിടെ സിസ്റ്റേഴ്സ് നോക്കിക്കോളും.. നമുക്ക് കുറച്ചങ്ങോട്ട് മാറിയിരുന്നു സംസാരിക്കാം. വരൂ."
അവൻ അതനുസരിച്ചു. അവർക്കൊപ്പം നടന്നു.കുറച്ചു ദൂരെ കാന്റീനിൽ ചെന്ന് ചായക്ക് ഓർഡർ കൊടുത്ത് അമ്മാവൻ അതുവരെ ഉള്ള കഥകൾ മുഴുവനും പറഞ്ഞു.. സങ്കടം കൊണ്ട് ഇന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭദ്ര കടന്നുപോയ സാഹചര്യങ്ങൾ കേട്ടപ്പോൾ അവനാകെ നെഞ്ചിലൊരു വല്ലാത്ത കനം..
"ഛെ.. എന്തായിത് താങ്കളെപ്പോലെ ഉള്ളൊരാൾ ഇങ്ങനെ? സാരമില്ല.. കണ്ണുകൾ തുടക്ക്.. ഇത്രയും നാള് ഇയാൾ എവിടെ ആയിരുന്നു. അറിയണം. പറയൂ."
അവൻ എല്ലാം വിശദമായിതന്നെ പറഞ്ഞു.. ഭദ്രയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ. ആമിക്കതൊരു ഷോക്ക് ആയി. ഇത്രയും തീവ്രമായ പ്രണയം ഇന്നുണ്ടോ എന്ന് വരെ തോന്നി അവൾക്ക്.
"മോനെ നിനക്ക് അങ്ങനെ ഒക്കെ സംഭവിച്ചത് ഒരിക്കലെങ്കിലും പറയാൻ പാടില്ലായിരുന്നോ അവളോട്? എന്റെ കുഞ്ഞ് എന്ത് സങ്കടപ്പെട്ടെന്ന് അറിയാമോ? പോട്ടെ സാരമില്ല.. പക്ഷേ അവൾക്കിപ്പോളും നിന്നോട് ഇഷ്ടം ഉണ്ടോന്ന് എങ്ങനെ അറിയും? ഉണ്ടെങ്കിൽ നീ കോളേജിൽ വന്നിട്ടും ഇത്രേം അവോയ്ഡ് ചെയ്യുമോ? ക്ലാസ്സിൽ കയറാതെ ഇരിക്കുമോ?"
"അല്ല.. ചേച്ചിക്ക് ഇപ്പോളും ജീവനാ.. എനിക്കറിയാം."
"അതെങ്ങനെ നിനക്കറിയാം അനൂ? നിന്നോട് അവൾ പറഞ്ഞിട്ടുണ്ടോ?"
ഉണ്ടെന്ന് അവൻ തലയാട്ടി.. പിന്നെ അന്ന് മാസിക കിട്ടിയത് മുതൽ ഉണ്ടായ കാര്യങ്ങൾ അവൻ വിവരിച്ചു. ഒടുവിൽ അന്ന് രാവിലെ അവളെ അവൻ നിർബന്ധം പിടിച്ച് ഇന്ദ്രന് മുന്നിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടത് വരെ പറഞ്ഞു നിർത്തി.
എല്ലാവരും ശരിക്കും അമ്പരന്ന് പോയിരുന്നു.ഇന്ദ്രൻ വീണ്ടും സങ്കടത്തിൽ ആയി.അപ്പോളാണ് അമ്മാവന്റെ ഫോൺ ശബ്ദിച്ചത്. അത് അറ്റൻഡ് ചെയ്ത് കൊണ്ട് അദ്ദേഹം അവിടെ നിന്ന് മുന്നോട്ട് നടന്നു. ഭദ്രയുടെ അച്ഛനും അമ്മയും ആണ്. ആകെ പരിഭ്രാന്തരായി വിളിക്കുകയാണ്. സോഷ്യൽ മീഡിയ വഴി സംഭവം വൈറൽ ആയിക്കഴിഞ്ഞു.അതവരും അറിഞ്ഞിരിക്കുന്നു. ഇങ്ങോട്ട് പുറപ്പെടുകയും ചെയ്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭദ്ര മയക്കം വിട്ടുണർന്നു. എല്ലാവരും അവൾക്കരികിൽ എത്തി. അവരെക്കണ്ട് കരയാൻ തുടങ്ങിയ അവളെ അമ്മായി ചേർത്ത് പിടിച്ചു. ആശ്വസിപ്പിച്ചു. എഴുനേറ്റിരുന്ന് അമ്മായിയുടെ ദേഹത്തേക്ക് ചാഞ്ഞു അവരെ കെട്ടിപ്പിടിച്ചു അവൾ. അവർ പതുക്കെ തലോടി. കുറച്ചു നേരം അങ്ങനെ ഇരുന്നു.
ഡോക്ടർ വന്നു പരിശോധിച്ചു. ഡിസ്ചാർജ് എഴുതികൊടുത്തു. വീട്ടിലേക്ക് പോകാനായി അമ്മാവനോടൊപ്പം അവളിറങ്ങി. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ. ഇന്ദ്രന്റെ നെഞ്ച് വിങ്ങി.കണ്ണുകൾ നിറഞ്ഞു.അമ്മാവൻ ഭദ്രയെ കാറിൽ ഇരുത്തിയതിനു ശേഷം തങ്ങളെ നോക്കി നിൽക്കുന്ന ഇന്ദ്രനടുത്തേക്ക് വന്നു.
"വിഷമിക്കാതെടോ.. അവൾ ഇപ്പോളും തന്നെ കണ്ടത് ഉൾക്കൊള്ളാൻ ആവാതെ ഇരിക്കുകയാവും.താൻ അങ്ങോട്ട് വാ. ഞങ്ങളുടെ പിന്നാലെ.നിങ്ങൾ തനിച്ചൊന്ന് സംസാരിക്ക്. കുറേ കാലത്തിനു ശേഷം കണ്ടതല്ലേ. താൻ വാ.. കേട്ടോ."
അവനതിന് തലയാട്ടി.അവർക്ക് പിന്നാലെ വീട്ടിൽ എത്തുകയും ചെയ്തു. ഭദ്ര ആരെയും ശ്രദ്ധിക്കാതെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു. മുറിക്കകത്ത് കയറി. വാതിലടക്കാറില്ല സാധാരണ. അതുപോലെ തന്നെ വാതിൽ അടക്കാതെ ജനാലക്കരികെ കമ്പിയിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. അന്ന് കോളേജിൽ വെച്ചുണ്ടായതെല്ലാം ഓർമകളിൽ എത്തി. മിഴികൾ നിറഞ്ഞു.
അമ്മായി ഇടക്ക് അവളുടെ സാധനങ്ങൾ മുറിയിൽ കൊണ്ട് വെച്ചു. അവളതൊന്നും ശ്രദ്ധിച്ചില്ല. തിരിഞ്ഞു നോക്കിയത് പോലുമില്ല.
"ശ്രീ..."
തൊട്ടടുത്ത് അവന്റെ സ്വരം എങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ല.. കേൾക്കുന്നില്ലെന്നുള്ളതാവും ശരി.അവൻ കുറച്ചു കൂടി അവൾക്ക് അടുത്തേക്ക് നീങ്ങി നിന്നു.
"ശ്രീ... ഇങ്ങോട്ട് നോക്ക് പെണ്ണേ."
അവനവളെ തനിക്കഭിമുഖം ആയി തിരിച്ചു നിർത്തി.അവൾ മുഖമുയർത്താതെ നിന്നു. അവനവളുടെ മുഖം പിടിച്ചുയർത്തി. വിതുമ്പുന്ന ചുണ്ടുകൾ.അവളൊന്ന് തേങ്ങി.
അവനവളെ മാറോട് ചേർത്തു. അവന്റെ മാറിൽ മുഖം പൂഴ്ത്തി അവൾ അവനോട് ചേർന്നു നിന്നു.അവനവളെ തലോടി ഉണ്ടായതെല്ലാം വിവരിച്ചു.
"നോക്ക് നിന്നെ എനിക്ക് അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ പറ്റില്ലായിരുന്നു. മറക്കാനും.. അതുകൊണ്ട് മാത്രമാണ് ഞാൻ.. ക്ഷമിക്ക് നീ.. ഞാൻ വേണമെങ്കിൽ നിന്റെ കാൽക്കൽ വീഴാം.നീയില്ലാതെ ഇന്ദ്രനൊരു ജീവിതം ഇല്ല പെണ്ണേ.ക്ഷമിക്ക്.. മാപ്പാക്കെടി. ഇനി ഒരിക്കലും കരയിക്കില്ല ഞാൻ. നിന്നെ എനിക്ക് വേണം. പ്ലീസ്.. സമ്മതമല്ലേ. ഇനിയും വിരഹം താങ്ങാൻ പറ്റില്ല.ഉറപ്പ് നീയില്ലാതെ ഈ പടി ഇറങ്ങേണ്ടി വന്നാൽ നിനക്കെന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്റെ മരണം സംഭവിക്കും. പിന്നെ ഇന്ദ്രനൊരു ജീവിതം വേണ്ട."
ഗൗരവത്തിൽ പറഞ്ഞു തുടങ്ങിയത് അവസാനം എത്തിയപ്പോൾ അവന്റെ തൊണ്ട ഇടറി. അത് കേട്ട് അവളവന്റെ വാ പൊത്തി പിടിച്ചു. അരുതെന്ന് വിലക്കി.അവനെ രണ്ടു കൈകൊണ്ടും ഇറുകെ പുണർന്നു. കുറച്ചു നേരം അങ്ങനെ നിന്നു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. അവൾ പതുക്കെ ആ കണ്ണുകൾ തുടച്ചു കൊടുത്തു..
അവന്റെ മുഖം രണ്ടു കൈക്കുള്ളിലാക്കി പതിയെ നെറ്റിയിൽ ചുംബിച്ചു. പിന്നെ ഒന്നൂടെ ചേർന്ന് നിന്ന് കണ്ണുകൾ അടച്ചു.അവനവളെ നെഞ്ചോട് ചേർത്തു പുണർന്നു നിന്നു. കുറച്ചു സമയം അങ്ങനെ നിന്ന് ഇടക്കെന്തോ ശബ്ദം താഴെ നിന്ന് കേട്ടപ്പോൾ പെട്ടെന്ന് വേർ പിരിഞ്ഞു.
നാണം കൊണ്ടവളുടെ മുഖം പൂത്തു. ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.അവനും അവളോട് ചേർന്ന് നിന്നു.
ഇതിനിടെ താഴെ അവളുടെ അച്ഛനും അമ്മയും വന്നു. അവർ ഓടി കയറി അവളുടെ മുറിയിൽ എത്തി. അവരെകണ്ടതും അവൻ പതുക്കെ അവിടെ നിന്നും പിൻവാങ്ങി. താഴേക്ക് പോയി. അവൾ അമ്മയെ കെട്ടിപ്പുണർന്നു.അച്ഛനും അവളെ തലോടി ആശ്വസിപ്പിച്ചു.കുറച്ചു സമയം അങ്ങനെ നിന്നു.
"മോളെ... ഞങ്ങൾ എല്ലാം അറിഞ്ഞിട്ടാണ് വരുന്നത്. നീ പറ.. നിനക്ക് അവനെ വിവാഹം കഴിക്കണോ? നിന്റെ ഇഷ്ടം എന്തായാലും നടത്തിത്തരും.. പക്ഷേ നീ പറയണം സമ്മതം.."
അവൾ കണ്ണുകൾ അമർത്തി തുടച്ച് അവരെ നോക്കി.
"അച്ഛാ.. അത്..എനിക്കറിയില്ല. എനിക്കാകെ മരവിപ്പ്. നിങ്ങൾ എന്ത് തീരുമാനം എടുത്താലും എതിർക്കില്ല ഞാൻ. പക്ഷേ നിങ്ങളുടെ പൂർണ മനസ്സോടെ മാത്രമേ എന്തും സമ്മതിക്കാവൂ.ഞാൻ ഒന്ന് കിടക്കട്ടെ. ക്ഷീണം തോന്നുന്നു അമ്മേ."
അവർ അവളെ അവിടെ കിടത്തിയിട്ട് താഴേക്ക് പോയി.
താഴെ ഇന്ദ്രൻ ആകെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അവർ വരുന്നത് കണ്ട് അടുത്തേക്ക് ഓടിച്ചെന്നു.
"അച്ഛാ.. ക്ഷമിക്ക്.. അമ്മേ എന്നോട് ക്ഷമിക്ക്.. എല്ലാത്തിനും കാരണം ഞാൻ ഞാൻ മാത്രം.. ഞാൻ നിങ്ങളുടെ കാല് പിടിക്കാം..പ്ലീസ് എനിക്ക് വേണം അവളെ. എത്ര നാളായി ഞാൻ.. എന്റെ അച്ഛനോട് ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം .. ഒരു വർഷത്തിനുള്ളിൽ ശ്രീയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്നെ പിന്നെ അവരാരും കാണില്ലെന്ന്.. ആ സമയം ഇനി ഒരാഴ്ച കൂടി. ഇത്രയും നാൾ ഞാൻ തിരയാത്ത സ്ഥലങ്ങൾ ഇല്ല..എല്ലായിടത്തും കയറിയിറങ്ങി ഒരു ഭ്രാന്തനെപ്പോലെ.അവസാന ശ്രമം ആയിട്ടാണ് ഇവിടെ വന്നത്.. ഇനി പിരിക്കല്ലേ.. എനിക്ക് വേണം. ഇനിയാ കണ്ണുകൾ നിറയാതെ ഞാൻ നോക്കിക്കൊള്ളാം.. പ്ലീസ്."
അവസാനം അവൻ ശരിക്കും കരഞ്ഞുകൊണ്ട് അവരുടെ കാൽക്കൽ ഇരുന്നു.. ഭദ്രയുടെ അച്ഛൻ അവനെ പിടിച്ചുയർത്തി..
"ഞങ്ങൾക്ക് സമ്മതമാണ് മോനെ. നീ അച്ഛനെയും കൂട്ടി വീട്ടിൽ വാ. ഒരാഴ്ചക്കുള്ളിൽ അത്യാവശ്യം ആൾക്കാരെക്കൂട്ടി വിവാഹം നടത്തണം. ഇനി നിശ്ചയം എന്നുള്ള പ്രഹസനം വേണ്ട. എന്റെ മോള് അത്രക്ക് അനുഭവിച്ചു. വീണ്ടും നിന്നെ നഷ്ടപ്പെട്ടാൽ ഇനി അവൾ മുഴുഭ്രാന്തി ആയേക്കാം.. അതുകൊണ്ട് വെച്ചു നീട്ടാതെ കയ്യോടെ നടത്തണം.. സമ്മതമാണെങ്കിൽ വാ.."
"ശരി.. ഞാൻ ഒന്നൂടെ അവളെ കണ്ടിട്ട് പൊക്കോളാം.കാണട്ടെ.?. അനുവദിക്കുമോ?"
അവരുടെ അനുവാദത്തോടെ അവൻ ഭദ്രയുടെ അടുത്തേക്ക് വീണ്ടും വന്നു. കട്ടിലിൽ കിടക്കുന്ന അവൾക്കരികിൽ എത്തി.അവൾ അവനെക്കണ്ട് എഴുനേറ്റിരുന്നു. അവനോട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു.അവൾക്കരികിൽ ഇരുന്ന അവനോട് ചേർന്നിരുന്നു.
"ജിത്തേട്ടാ.എന്താ അച്ഛൻ പറഞ്ഞത്? നമ്മുടെ കാര്യത്തിൽ അവരുടെ അഭിപ്രായം."
"അവർക്ക് സമ്മതമാണ് ശ്രീ.. ഇനി നീ എന്റെയാ. ആരെതിർത്താലും ഞാൻ കൊണ്ട് പോകും..എനിക്കിനി നീയില്ലാതെ പറ്റില്ല പെണ്ണേ.. പോയിട്ട് അച്ഛനേം അമ്മയേം കൂട്ടി ഞാൻ വരാം.. എത്രയും പെട്ടെന്ന്.. പോട്ടെ ഇപ്പോ."
സങ്കടം വന്നെങ്കിലും അവൾ തലയാട്ടി. അവൻ എഴുന്നേറ്റു നിന്ന് അവളെ മാറോട് ചേർത്തു പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു.
"ജിത്തേട്ടന്റെ ശ്രീ ഇനി വിഷമിക്കല്ലേ.. ഞാൻ വരും.. നമുക്കൊന്നാവണം.. സ്വപ്നം കണ്ടു ഉറങ്ങിക്കോ. പോയിട്ട് വരാം ഞാൻ."
അവളെ സമാധാനിപ്പിച്ച് അവൻ താഴേക്കു ചെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി പോയി. ജനാലയിൽ ക്കൂടി അവന്റെ കാർ ഗേറ്റ് കടന്നു പോകുന്ന കാഴ്ച്ച ഒരു വിങ്ങലോടെ ഒപ്പം മനം നിറഞ്ഞ സന്തോഷത്തോടെ നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു നിന്നു.
**********************************
"ശ്രീ.. ഇങ്ങോട്ട് നോക്ക്.."
ഇന്നവരുടെ വിവാഹം കഴിഞ്ഞു. വളരെ വർഷങ്ങൾക്ക് ശേഷം ഉള്ള കാത്തിരിപ്പ്.. ആ സ്വപ്നം പൂവണിഞ്ഞ ദിവസം. രാവിലെ അമ്പലത്തിൽ വെച്ച് അത്യാവശ്യം ആളുകളെ വിളിച്ചൊരു താലികെട്ട്.ഇനി ഉച്ചക്ക് സദ്യ ഇന്ദ്രന്റെ വീട്ടുമുറ്റത്തെ വലിയ പന്തലിൽ.
ഭദ്ര വലതുകാൽ വെച്ച് കയറി ചെറിയ ചടങ്ങുകളെല്ലാം തീർന്ന് തനിച്ച് മുറിയിൽ എത്തിയതായിരുന്നു രണ്ട് പേരും.
തന്റെ കഴുത്തിലണിഞ്ഞ താലിയിൽ പിടിച്ച് ഇപ്പോളും ഒന്നും വിശ്വാസം വരാത്തത് പോലെ ഇരിക്കുകയായിരുന്നു ഭദ്ര.അപ്പോളാണ് അവന്റെ വിളി.അവൾ മുഖമുയർത്തി നോക്കി.
"നോക്ക് ശ്രീ.. ഇത്രയും കാലം എനിക്ക് ജീവിക്കാൻ കഴിഞ്ഞത് ഒരു സാധനം എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട്. എന്നും നിന്റെ ഓർമ്മകൾ എന്നിൽ നിന്ന് അടർന്നു പോകാതിരിക്കാൻ ഞാൻ അത് എന്നോടൊപ്പം എന്നും കരുതി. ദേ എന്റെ ഹൃദയത്തിനടുത്ത് ഈ പോക്കെറ്റിൽ. കാണണോ നിനക്ക് അതെന്താണെന്ന്?"
അവൾ തലയിളക്കി വേണം എന്ന് പറഞ്ഞു, അവൻ പോക്കെറ്റിൽ നിന്ന് അവളുടെ പണ്ടത്തെ പാദസരം എടുത്ത് കാണിച്ചു. അവൾ ശരിക്കും അമ്പരന്നു. അന്ന് അവസാനം ഉണ്ടായ കൂടികാഴ്ച്ചയിൽ തനിക്ക് നഷ്ടപ്പെട്ടത്.അവളുടെ കണ്ണുകൾ നിറഞ്ഞു.
"നോക്ക്.. ഇതും പോക്കെറ്റിൽ ഇട്ടാണ് ഇത്രയും കാലം ഞാൻ ജീവിച്ചത്.എന്നെങ്കിലും ഒരിക്കൽ നിന്നിലേക്കെത്തും എന്നെനിക്ക് ഉറപ്പായിരുന്നു. അതുവരെ എന്റെ പ്രാണൻ പോകാതിരിക്കാൻ.. എനിക്കിത് ഊർജ്ജം നൽകി. കാണാതെ നിന്റെ കാൽപാദങ്ങളിൽ കെട്ടിപ്പിടിച്ചു മാപ്പിരന്നിട്ടുണ്ട്. പല രാത്രികളിലും ഉറക്കമില്ലാതെ നെഞ്ചോട് ചേർത്തു കിടന്നിട്ടുണ്ട്.ശ്രീ.. നിന്നെ മാത്രം ഓർത്ത്. പക്ഷേ ഞാനറിഞ്ഞില്ല ശ്രീ നീയിവിടെ ഭ്രാന്തിയെപ്പോലെ.സോറി.. സോറി.. "
കൂടുതൽ പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊത്തി പിടിച്ചു. വേണ്ടെന്ന് തലയാട്ടി. അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.അത് കണ്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് കൂമ്പി.. തല താഴ്ത്തി നിലത്തു നോക്കി നിന്നു.
"എന്താ പെണ്ണേ നാണം.ദേ എനിക്ക് കൺട്രോൾ പോകും കേട്ടോ.ആദ്യരാത്രി ആദ്യപകലിൽ തന്നെ നടക്കും മിക്കവാറും. അത്രക്ക് ഇപ്പോ.. "
അവനതും പറഞ്ഞ് അവൾക്കടുത്തേക്ക് കുസൃതിയോടെ നടന്നുടുത്തു. പെട്ടെന്ന് വാതിലിൽ മുട്ട് കേട്ടു.അവളുടെ മുഖത്തേക്ക് അടുത്തെത്തിയ തന്റെ മുഖം അവൻ പെട്ടെന്ന് പിൻവലിച്ചു.
"ശേ.. നശിപ്പിച്ച്.. എന്തിനാണാവോ. ബാ പോകാം."
ദേഷ്യത്തിൽ അങ്ങനെ പറഞ്ഞ് വാതിൽ തുറക്കാൻ പോകുന്നവനെ നോക്കി അവൾ മനോഹരമായൊന്ന് ചിരിച്ചു. മുന്നോട്ട് നീങ്ങിയ അവൻ ആ ചിരി സഹിക്ക വയ്യാതെ വേഗത്തിൽ തിരിച്ചു വന്നു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. പെട്ടെന്ന് വാതിൽ തുറന്ന് പുറത്തു പോയി. അവളൊരു ഞെട്ടലോടെ തറഞ്ഞു നിന്നു. ഇന്ദ്രന്റെ അമ്മ വന്നു തട്ടിയുണർത്തിയപ്പോൾ ആണ് അവരാണ് വാതിലിൽ തട്ടിയതെന്ന് മനസ്സിലായത്. അവർ അവളെ താഴേക്ക് വിളിച്ചു കൊണ്ട് പോയി.
**********************************
"ഇനി ആ വെറ്റില വെച്ച് കുഞ്ഞിന്റെ ഇടത് ചെവി അടച്ചു പിടിച്ച് വലതു ചെവിയിൽ പേര് വിളിക്കു."
പൂജാരിയുടെ നിർദ്ദേശത്തിനനുസരിച്ച് ഇന്ദ്രൻ തന്റെ മടിയിൽ കിടക്കുന്ന തങ്കകുടത്തിന്റെ ചെവിയിൽ പേര് വിളിച്ചു. ""ഇന്ദ്രജ ഇന്ദ്രജിത് ""
തൊട്ടടുത്തു തൊഴുകയ്യോടെ കണ്മണിയുടെ പേരിടൽ ചടങ്ങിനായി പ്രാർത്ഥനയോടെ ഇരുന്നു..
ചുറ്റും കൂടി നിന്നവർ കരഘോഷത്തോടെ അവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി..
ചടങ്ങെല്ലാം കഴിഞ്ഞ് ഇന്ദ്രനും ഭദ്രയും കുഞ്ഞുമോളെയും കൊണ്ട് റൂമിലെത്തി..
കുഞ്ഞിനെ കട്ടിലിൽ കിടത്തി രണ്ടുപേരും പരസ്പരം നോക്കി പ്രണയത്തോടെ കുഞ്ഞിനെ ചേർത്തു പിടിച്ച് കിടന്നു...അവരുടെ ആ കുഞ്ഞ് ലോകത്തിൽ നാളെയെക്കുറിച്ച് നിറമാർന്ന സ്വപ്‌നങ്ങൾ കണ്ടുകൊണ്ട്.
ഇന്ദ്രനും അവന്റെ പ്രാണനായ ശ്രീയും യഥേഷ്ടം അവരുടെ ലോകത്ത് പ്രണയം പങ്കിട്ട് അവരുടെ കുഞ്ഞു രാജകുമാരിക്കൊപ്പം ജീവിക്കട്ടെ... 😍😍😍😍
✍️പവിഴമല്ലി #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💌 പ്രണയം
എന്റെ കഥ ഞാനിവിടെ നിർത്തട്ടെ.. വീണ്ടുമൊരു ഇടവേളക്ക് ശേഷം രണ്ടാം ഭാഗം തോന്നിയാൽ തീർച്ചയായും എഴുതാം... വായിച്ചു പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി പറയുന്നു. തുടർന്നും ഉണ്ടാവുമെന്നും കരുതുന്നു..