*ഷഹ്സാന..!* ____________________ പെണ്ണിന് കുറുമ്പിത്തിരി കൂടുതലാ.. ഓള്‍ടെ ഉമ്മാനെപ്പോലെ പഞ്ചപ്പാവൊന്നും അല്ല..! ഷാനി എപ്പഴും പറയും.. "ഇങ്ങടെ വാശീം കുറുമ്പും തന്യാ പൊന്നൂസിന് കിട്ടീട്ടുള്ളത്.. ഒന്ന് പറഞ്ഞാ മറ്റൊന്നിന് വഴക്കാ..!" എത്രയൊക്കെയായാലും പൊന്നൂസിനെച്ചൊല്ലിയുള്ള പരാതി ഫോണിലൂടെ ഇങ്ങ് സൗദീലെത്തുമ്പഴും ഖല്‍ബങ്ങനെ പെടയുമായിരുന്നു..! വേറൊന്നിനുമല്ല..! ഓള്‍ടെ വാശീം കുറുമ്പും നേരിട്ട് കാണാനുള്ള ഭാഗ്യം ഇന്‍ക്കില്ലാതെ പോയല്ലോ എന്നോര്‍ത്ത്..! പ്രവാസത്തിന്‍റെ കുപ്പായമണിഞ്ഞിട്ട് ഇന്നേക്ക് പതിനേഴ് വര്‍ഷം..!! ഈടത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിലൊരു കൊച്ചു കച്ചോടം തുടങ്ങി ഓള്‍ടേം കുട്ട്യോള്‍ടേം കൂടെ സുഖായ് ജീവിച്ച് മരിക്കാന്‍ ഒരുപാട് കാലായി ആഗ്രഹിക്കുന്നതാ.. പക്ഷേങ്കി.. എത്തിപ്പെട്ണില്ല..!! ആഴക്കടലില്‍ ആര്‍ത്തട്ടഹസിച്ച് തിരിയുന്ന രാക്ഷസച്ചുഴി പോലേയാണല്ലോ പ്രവാസം..! എത്തിപ്പെട്ടാല്‍ തിരിച്ചൊരു മടക്കമില്ലാന്നറിയാമെങ്കിലും തിരുദൂതരുടെ നാട്ടിലാണെന്‍റെ ആയുസ്സില്ലാതാവുന്നതെന്നോര്‍ക്കുമ്പോള്‍ അല്‍ഹംദുലില്ലാഹ്..!! "ഇക്കാ.. ലീവ് ശരിയായില്ലേ..? പോയിട്ട് മൂന്ന് കൊല്ലാവാനായീട്ടോ..! ഈ വരുന്ന പെരുന്നാളിനെങ്കിലും ഇങ്ങള് നാട്ടിലുണ്ടാവൂലേ..?" "ഇയ്യൊന്ന് ക്ഷമിക്ക് ഷാനീ... നിന്നേം നമ്മുടെ കുറുമ്പിപ്പെണ്ണിനേം കാണാന്‍ ഇക്കാന്‍റെ ഖല്‍ബങ്ങനെ പെടയാണ്..! പറഞ്ഞിട്ടെന്താ.. ഏറ്റെടുത്ത വര്‍ക്കൊന്നും തീരാതെ ലീവിനുള്ള ഒരു വഴീം ഞാന്‍ കാണുന്നില്ല..!" "ഉം.. ഇന്‍ക്കറിയാം.. പിന്നേയ്.. ഒരു കാര്യോണ്ട്.." "എന്തേയ്.." "പൊന്നൂസിനെക്കുറിച്ച് തന്ന്യാ..!" "ഉം.. ഇന്‍ക്കറിയാ.. ന്‍റെ കുട്ടി എന്തേലും കുറുമ്പ് കാണിച്ചിട്ടുണ്ടാവും.. അയിന് പരാതി പറയാനാവും അല്ലേ..?" "അതൊന്നും അല്ല ഇക്കാ..! ഓള്‍ വല്ല്യ കുട്ടിയായി.." "വല്യ കുട്ട്യായീന്നോ..? അല്ല ഷാനീ.. എന്താപ്പോ അന്‍റെ വിചാരം.. ന്‍റെ കുട്ടീനെ ഞാന്‍ തന്നെ കണ്ട് കൊതി തീര്‍ന്നിട്ടില്ല.. അയിന് മുന്‍പ് ഇയ്യോളെ വല്യ കുട്ട്യാക്കി കെട്ടിക്കാനുള്ള വല്ല പരിപാടീം നോക്ക്വോ..!" "എന്‍റിക്കാ.. അതല്ല...! അവിടെയായാലും ഇങ്ങടെ കുരുത്തക്കേടിനിത്തിരിം കുറവില്ലല്ലോ.. പൊന്നൂസിനെത്ര വയസ്സായീന്നാ..? മ്മളെ മോള്‍ വയസ്സറിയിച്ചൂന്ന്.." ഷാനി ഇക്കാര്യം പറയുമ്പോള്‍ ഒരു പിതാവിന്‍റെ ഹൃദയത്തിലൂടെ ഞാനൊരുപാട് സന്തോഷിച്ചെങ്കിലും.. എന്തോ.. ന്‍റെ ചങ്കൊന്നിടറിയിരുന്നു..! പെട്ടെന്ന് കേട്ടത് കൊണ്ടാണോ.. എന്തോ അറിയില്ല..! എനിക്ക് പിന്നെ ഒന്നും പറയാന്‍ കഴിഞ്ഞില്ല.. മനസ്സിന്‍റെ അകത്തളം വിതുമ്പിക്കരയുകയായിരുന്നു..! ന്‍റെ കുട്ടീനെ നെഞ്ചോട് ചേര്‍ത്ത് ലാളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഭാഗ്യം കെട്ടവന്‍..! പ്രവാസം മനുഷ്യ മനസ്സുകളെ ഏതെല്ലാം തലത്തിലൂടെയാണ് നീറി നോവിപ്പിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഖല്‍ബ് ഇടറുകയാണ്..! മോള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയപ്പം ഓള്‍ടെ ആ കുഞ്ഞിക്കൈ പിടിച്ച് നടത്തിക്കാന്‍ എനിക്കായില്ലല്ലോ.. അവളാദ്യമായി ഉപ്പച്ചീ എന്നെന്നെ വിളിച്ചപ്പം വാരിപ്പുണര്‍ന്ന് ആ കുഞ്ഞിച്ചുണ്ടിലൊന്നമര്‍ന്ന് ചുംബിക്കാനാവാതെ അറബിക്കടല്‍ എനിക്ക് മുന്‍പില്‍ പ്രവാസത്തിന്‍റെ വന്‍മതില്‍ കെട്ടിപ്പണിതല്ലോ..! കൊലുസണിഞ്ഞ ആ കുഞ്ഞിക്കാലുകളുമായി വീട്ടിലൊട്ടാകെ ഓടിക്കളിക്കുമ്പം വീഴല്ലേ മോളേ എന്ന് പറഞ്ഞ് നെഞ്ചോട് ചേര്‍ക്കാന്‍ എനിക്കായില്ലല്ലോ..!! അവളുടെ കുറുമ്പും പിണക്കോം വാഴാടിത്തരോം.. എല്ലാം എന്നില്‍ നിന്ന് ഒരുപാട് അകലെയായിപ്പോയത് ഈ ഒരു പ്രവാസംകൊണ്ട് മാത്രാ...! ഇതൊരു സത്യമാണ്..! അംഗീകരിച്ചല്ലേ പറ്റൂ...! "എന്താ ഇക്കാ.. എന്താ ഇങ്ങളൊന്നും മിണ്ടാത്തെ.." ചിന്തകള്‍ കെട്ടണഞ്ഞപ്പോള്‍ അവളുടെ കാളിനു മുന്‍പില്‍ ഞാന്‍ ഒരക്ഷരം മിണ്ടാനാവാതിരിക്കുകയാണ്..! "ഷാനീ.. ഞാന്‍.. ഞാന്‍ അങ്ങട്ട് വര്വാണ്.. മതിയായി ഇന്‍ക്കിവടത്തെ പണീം ജീവിതോം.. ഇന്‍ക്ക് ന്‍റെ കുട്ടീനെ കാണണം.." "ഇക്കാ.. ഇങ്ങള്‍ക്കെന്താ വട്ട് പിടിച്ചോ..? പണി മതിയാക്കി പോരാനോ..? ഒരു ലീവിനുള്ള വഴീണ്ടാക്കി പോരല്ലാതെ.." "ഷാനി... ഇന്‍ക്ക്.. ഇന്‍ക്കിന്‍റെ മോളെ കാണണം.. ഓളെ കണ്ട് മതിയായിട്ടില്ല ഇന്‍ക്ക്.. നാളെ വേറൊരാള്‍ടെ കൈ പിടിച്ച് കൊടുക്കുന്നതോടെ.. എന്നന്നേക്കുമായി ഇന്‍ക്കിന്‍റെ കുട്ടീനെ..?" "ആഹാ.. പറഞ്ഞ് പറഞ്ഞ് ഓളെ കെട്ടിക്കാനുള്ള തിടുക്കം ഇങ്ങള്‍ക്കായോ..? എന്തായാലും ഞാന്‍ ഫോണ്‍ ഓള്‍ക്ക് കൊടുക്കാം.. ഉപ്പച്ചീം മോളും സംസാരിച്ചോളീം.. ഇങ്ങളിങ്ങനെ ടെന്‍ഷനാവല്ലീം.." "ഉം.. കൊട്ക്ക്.." "പൊന്നൂ....! പൊന്നൂ.. ദേ ഉപ്പച്ചി വിളിക്ക്ണൂ.. ഇവളിതെവിടെപ്പോയ് കിടക്കാ.." "എന്തേ ഷാനീ.. ഓളവിടെയൊന്നുമില്ലേ..?" "ഈടെ എവിടെലും ഉണ്ടാവും.. എന്തേലും വായിക്കാന്‍ കിട്ടിയാ പിന്നെ ആകാശം പൊട്ടി വീണാലും പെണ്ണ് കേക്കൂല..! ഇങ്ങള് വെക്കല്ലീം ഇക്കാ.. ഓളിവിടെ എവിടെലും ഉണ്ടൊ നോക്കട്ടെ.." ഫോണും കയ്യില്‍ പിടിച്ച് ഷാനി പൊന്നൂസിനെത്തിരഞ്ഞ് നടന്നു.. "പൊന്നൂസേ... പൊന്നൂ..! ഡീ ഷഹ്സാനാ...!!! എവിടെപ്പോയി ഇരിക്കാ ഇയ്യ്..??" "എന്താണുമ്മച്ചീ ഇത്..! ഇങ്ങളോട് ഞാന്‍ എത്രം വട്ടം പറഞ്ഞതാ വീട്ടീന്ന് ന്നെ ഷഹ്സാനാന്ന് വിളിക്കണ്ടാന്ന്..!!" "ഇനി അതിമ്മെപ്പിടിച്ച് തൂങ്ങണ്ട.. ദാ.. ഉപ്പച്ചിയുണ്ട് ഫോണില്‍.. സംസാരിക്ക്.." ഷഹ്സാന എന്ന് വിളിക്കുന്നത് അവള്‍ക്ക് പിടിക്കുല.. അതിന് കാരണോണ്ട്.. ദേഷ്യം വരുമ്പഴാണ് ഷാനി അവളെ ഷഹ്സാന എന്ന് വിളിക്കാത് അങ്ങിനെ ശീലായതാ.." ഫോണവള്‍ പൊന്നൂസിന്‍റെ കയ്യില്‍ കൊടുത്തു..! "ഉപ്പച്ചീ.... അസ്സവാമു അലൈക്കും.." "വ അ ലൈക്കുമസ്സലാം വ റഹ്മത്തുല്ലാഹ്..! എന്താ ഉപ്പച്ചീന്‍റെ കുട്ടി ഇന്ന് വല്യ കുറുമ്പിലാണെന്ന് തോന്ന്ണൂ..! "കുറുമ്പ് കാട്ടാതെ പിന്നെ.. ഉമ്മച്ചി ഇന്നെ ഷഹ്സാനാന്ന് വിളിച്ചു.. ഉപ്പച്ചിക്കറിയൂലേ..? പൊന്നൂസിനതിഷ്ടല്ലാന്ന്..!" "അറിയാം പൊന്നൂ.. നിന്‍റുമ്മച്ചി നിന്നെ ഒരുപാട് നേരായി അന്വോഷിക്ക്ണു.. ക്ഷമ കെട്ട് വിളിച്ചതാവും.. ഉമ്മച്ചി പാവല്ലേ.. ഇയ്യോളോട് ക്ഷമിച്ചേക്ക്.. അല്ലെങ്കി ഉമ്മച്ചി കേള്‍ക്കാതെ ഓളെ ഷഹാനാ എന്ന് വിളിച്ചോ.?" "ഹിഹി.. വേറെന്തെക്ക്യാ വര്‍ത്താനം ഉപ്പച്ചി നാട്ടില്‍ വരുന്നില്ലേ..? പൊന്നൂസിന് കാണാന്‍ പൂതിയായിക്ക്.." "വരാം മോളൂ.. പെട്ടെന്ന് വരും.." ഇവളാടെ മാറിയ പോലെ.. കൊഞ്ചിക്കുണുങ്ങിയുളള ആ സംസാരമൊന്നും ഇന്നിവളിലില്ല..! കാലം പക്വത നല്‍കുമ്പോള്‍ കുഞ്ഞു നിഷ്കളങ്കതയും പൊന്നുമക്കളില്‍ നിന്നും അടര്‍ന്ന് വീഴുമല്ലേ..? അതെല്ലാം കണ്ട് വിതുമ്പിക്കരയാനല്ലെ പ്രവാസഗര്‍ത്തത്തിലകപ്പെട്ട ഞാനെന്ന പിതാവിനാവുള്ളൂ..! രണ്ട് പേരോടും സലാം ചൊല്ലി ഒന്നമര്‍ന്ന് ദീര്‍ഘശ്വാസം വഹിച്ചു..! ബാത്ത്റൂമില്‍ പോയി ടാപ്പ് തുറന്ന് ആ കണ്ണാടിിച്ചില്ലില്‍ പ്രതിഫലിച്ച സ്വന്തം പ്രതിബിംഭത്തിലേക്ക് സസൂക്ഷ്‌മം നോക്കി...! മുഖം ചുളിഞ്ഞ് തുടങ്ങിയിരിക്കുന്നു..! മുടിയും താടിയുയെല്ലാം നെര വന്ന് വെളുത്ത് തുടങ്ങിയിരിക്കുന്നു..! കൈകളിലെ ഞരമ്പുകള്‍ തെളിഞ്ഞങ്ങനെ കാണാം...! ഊര്‍ന്നിറങ്ങുന്ന ടാപ്പിലെ ധാരയില്‍ നിന്ന് കൈക്കുമ്പിളിലേക്കിത്തിരി വെള്ളമെടുത്ത് മുഖത്ത് തളിച്ചു..! കണ്ണീരും ജലധാരയും ഒരുമിച്ച് ഒരൊറ്റ പാതയില്‍ കവിളില്‍ വരകള്‍ തീര്‍ത്തപ്പോള്‍ വേടന്‍റെ കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ ഞാന്‍ ആര്‍ത്തുകരഞ്ഞു..!! ബക്കറ്റില്‍ നിറഞ്ഞൊഴുകിയ വെള്ളത്തിന്‍റെ ശബ്ദത്തില്‍ ആ അലര്‍ച്ചയാരും കേട്ടില്ലെന്ന നിര്‍വൃതിയില്‍ ബക്കറ്റ് ചവിട്ടിപ്പൊട്ടിച്ച് ഒരൊറ്റ തോര്‍ത്തു മുണ്ടിന്‍റെ മറയില്‍ റൂമിലെ കട്ടിലില്‍ മലര്‍ന്നു കിടന്നു..!! ഇനി കിട്ടുന്ന സാലറിയിലൊരു പങ്ക് ബാത്ത്റൂമിലെ ബക്കറ്റ് വാങ്ങാന്‍ മുടക്കിയാലെന്താ..!! ഒരു പ്രവാസിയുടെ മനസ്സിന്‍റെ രോദനങ്ങളെ ആത്മാര്‍ത്ഥമായ് ക്ഷമിപ്പിക്കുവാന്‍ ആ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ക്കു മാത്രമേ ആവൂ..! സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി #📔 കഥ
36.8k കണ്ടവര്‍
7 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post