°•꧁.🔥ҒႮᏞᏞ-ᏢᎪᎡͲ 🔥. ꧂°•. ജീവിതത്തിലെ ആദ്യ വിരഹം.... അന്ന് കല്യാണ ശേഷം അദ്ദേഹം തിരിച്ചു ഗൾഫിലേക്ക് മടങ്ങിയപ്പോയായിരുന്നു... രണ്ടു മാസം തികച്ചു നിന്നില്ല... മനസ്സുകൊണ്ടും ശരീരം കൊണ്ടും അടുത്ത് വരികയായിരുന്നു... അപ്പോഴേക്കും.... അന്നാദ്യമായി പെണ്ണുകാണാൻ വന്നപ്പോൾ മുഖത്ത് ശരിക്ക് ഒന്ന് നോക്കിയത് പോലുമില്ല. ഒരുതരം ദേഷ്യമായിരുന്നു, പഠിപ്പുമുടങ്ങുമോ എന്ന പേടിയും... എനിക്ക്പഠിക്കണം എന്ന എന്റെ ഒറ്റക്കാലിലെ തപസ്സൊന്നും വീട്ടുക്കാർചെവികൊണ്ടില്ല.... ''അവർക്കിഷ്ടണങ്കിൽ കല്യാണം കഴിഞ്ഞും പഠിക്കാല്ലേ " എന്ന ഉപ്പാന്റെ മുടന്തൻ ന്യായത്തിലൊന്നും എന്റെ മനസ്സ് തണുത്തില്ല... തിരക്കിട്ട് കോളേജിലേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും ഒരശ്ശരീരി , ''ഇന്ന് ക്ലാസിൽ പോകണ്ട വൈകിട്ട് ഒരുകൂട്ടര് നിന്നെ കാണാൻ വരുന്നുണ്ട് " ഉപ്പായുടെ കർകശകാരിയായ പെങ്ങളായിരുന്നു അത്... അമ്മായിയുടെ മുഖത്ത് നോക്കി മറുത്തൊന്നും  പറയാൻ നാവു പൊങ്ങിയില്ല... ആളും ബഹളത്തിനിടയിൽ ടെറസ്സിലേക്ക് തനിച്ച് സംസാരിക്കാൻ ഉന്തി തള്ളി വിടുകയായിരുന്നു കസിൻസ്... ലജ്ജയേക്കാൾ അപ്പോൾ മനസിനെ ഭരിച്ചത് ഒരു തരം ചമ്മൽ ആയിരുന്നു... ബന്ധുവിന്റെ കല്യാണ ആൽബത്തിലെ എന്റെ ഒരു മൊഞ്ചുള്ള ഫോട്ടോ കണ്ട് ഇഷ്ടമായി വന്ന ആലോചന... "പേരെന്താ?'' പേരും നാളും വയസ്സും എല്ലാം അറിഞ്ഞു കൊണ്ട് ആദ്യായി അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം... ആ ചോദ്യം കേട്ടപ്പോഴേ ഒട്ടും ദഹിക്കാത്ത മട്ടിൽ ഞാനൊന്നു നോക്കി... പക്ഷേ ആ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു... "എന്തിനാ പഠിക്കുന്നത് '' വീണ്ടും ഞാൻ രൂക്ഷമായി നോക്കി "ഊമയാണോ?" ചിരിയടക്കി പുള്ളി ചോദിച്ചപ്പോൾ എനിക്കും ചിരി വന്നു... "ഹാവൂ ചിരിക്കനറിയാലോ അതു മതി" ചിരിച്ചു കൊണ്ട് തന്നെ അദ്ദേഹം തുടർന്നു. " എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ?" ആ ചോദ്യം എന്റെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു... ആ നോട്ടം നേരിടനാവതെ ഞാൻ മുഖം കുനിച്ചു... മറുപടി പറയാതെ... '' ചെക്കൻ കാണാൻ കൊള്ളാമെടീ '' കസിൻസിലാരോ കളിയാക്കി പറഞ്ഞങ്കിലും കാണാൻ കൊള്ളാമെന്ന് എനിക്കും തോന്നി.. "നല്ല ചിരി " ''നല്ല മുടി " ഓരോരുത്തരും ഞാൻ കേൾക്കെ ഓരോ കമന്റ് പറഞ്ഞു കൊണ്ടിരുന്നു... ആ പറച്ചിലുകൾക്കിടയിലെപ്പോഴോ ആ മുഖവും ആ ചിരിയും എന്റെ മനസ്സിൽ കയറി കൂടി... "കല്യാണം വേണ്ടാന്ന് പറഞ്ഞ പെണ്ണാ" അമ്മായിയും കളിയാക്കി തുടങ്ങി... മൂന്നാഴ്ച്ചക്കുള്ളിൽ കല്യാണം അതിനിടയിൽ ഒന്നു രണ്ടു തവണ ഫോൺ വിളിച്ചു... ഒരു പെണ്ണിന്റെ മനസ്സിൽ , അവൾ എത്ര ഉയർന്നവളായാലും എന്തോരം പഠിപ്പുള്ളവളയാലും വിവാഹ സ്വപ്നങ്ങൾ അവളെ തരളിതയാക്കുമെന്ന് അന്നു മനസ്സിലാക്കി... കല്യാണ തലേന്ന്, രണ്ടു കൈകളുടെ മുട്ടോളം മൈലാഞ്ചിയണിഞ്ഞപ്പോൾ മനസ് നിറഞ്ഞു തുളുമ്പി... നാളെ താൻ ഒരു മണവാട്ടിയാകാൻ പോകുകയാണെന്ന ഓർമ്മയിൽ... പുള്ളി ഒന്നു വിളിച്ചെങ്കിൽ.... മനസ്സ് വല്ലാതെ തുടിച്ചു ആ ശബ്ദം കേൾക്കാൻ. .. രാത്രി ഏറേ വൈകിയതിനാൽ അങ്ങോട്ട് വിളിക്കാനും തോന്നിയില്ല.... അന്നു രാത്രി ഉറങ്ങാനേ സാധിച്ചില്ല... നൂറായിരം കിനാക്കൾ കണ്ട് തിരഞ്ഞും  മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.... ഏതു പെണ്ണും സ്വപ്നം കാണുന്ന ദിവസം അത് കല്യാണ ദിവസം തന്നെ... മണവാട്ടിയായി അണിഞ്ഞൊരുങ്ങിയപ്പോൾ മനസ്സ് പറക്കുകയായിരുന്നു... ഒരു നൂലില്ലാ പട്ടം കണക്കേ... സ്വന്തം സൗന്ദര്യത്തിൽ മതി മറന്ന ദിവസം ഓരോരുത്തരേയും സ്വീകരിച്ചിരുത്തുമ്പോഴും മനസ് അങ്ങ് മണവാളന്റ ചാരത്തായിരുന്നു.... പുള്ളിയും ഇതുപോലെ അണിഞ്ഞൊരുങ്ങി എല്ലാവരേയും സ്വീകരിക്കയാവും... "പുതിയാപ്ല എത്തി " കുട്ടികളാരോ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ മനസ്സു പിടക്കാൻ തുടങ്ങി.... "വാ പെണ്ണ നമ്മുക്ക് നിന്റെ മാരനെ ഒന്ന് കാണാം " കൂട്ടുക്കാരികൾ എന്റെ കയ്യും വലിച്ച് ബാൽക്കണിയിലേക്ക് നടന്നു.... ഞാനും ആഗ്രഹിച്ചിരുന്നു ഒന്നു കാണാൻ... ബാൻറും മേളവും ഒക്കെയായി ആകെ ബഹളമായിരുന്നു താഴെ... അതിന്റെ നടുക്ക് എന്റെ മാരനും... ആ ബഹളത്തിനിടയിലും പുളളി എന്നെ നോക്കാൻ മറന്നില്ല... ആ സ്റ്റൈലൻ ചിരിയുമായി ഒരു കള്ളനോട്ടം... ബിസ്മി ചൊല്ലി ആ വീടിന്റ പടി കയറിയത് ഒരു പിടി സ്വപ്നങ്ങളും ഒത്തിരി പ്രതീക്ഷകളുമായാണ്... ആദ്യരാത്രിയിലെ പേടിയും ആകുലതയുമൊക്കയും അദ്ദേഹം സ്നേഹത്തിലലിയിച്ചു.... ഇന്നിതാ രണ്ട് മാസമാകാനായി  അദ്ദേഹം ഗൾഫിലേക്ക് തിരിച്ചു പോകുകയാണെന്നു ഓർക്കുമ്പോഴേ നെഞ്ച് പൊടിഞ്ഞു... '' ഇങ്ങള് ഇനി എന്നാ വരണത്?'' നട്ടപാതിരാത്രി ഉറക്കത്തീന്ന് എണീപ്പിച്ചു പോലും ചോദിക്കാറുണ്ടായിരുന്നു... ''ഒട്ടും വൈകില്ല പെണ്ണേ" എന്നു പറഞ്ഞു നെഞ്ചോട് ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിക്കുമ്പോൾ ആ ശബ്ദം ഇടറിയാരുന്നു.... സ്വർഗ്ഗതുല്യമായ ദിവസങ്ങൾ... ആ വീടുമായി പരിചയിച്ചു വരുന്നതേയുള്ളൂ... അങ്ങനെ ഒരിടത്ത് അദ്ദേഹമില്ലാതെ... തനിച്ച്... പോകുന്നതിന്റെ ഒരാഴ്ച്ച മുന്നേ എന്റെ സങ്കടം തുടങ്ങിയിരുന്നു... '' ഇങ്ങള് പോയ ഈ മുറിയിൽ ഒറ്റക്ക് ഞാൻ...." പറഞ്ഞത് മുഴുമിപ്പിക്കാതെ ഞാൻ കരഞ്ഞു.. പിന്നെയും നെഞ്ചിൽ ചേർത്ത് മുടിയിൽ തലോടി ചെവിയിൽ പറയും '' ഈ മുറിയിൽ മാത്രമല്ല ഈ വീടു മുഴുവൻ ഞാനുണ്ട് പെണ്ണേ,, നീ ഒന്നുകൊണ്ടും പേടിക്കണ്ട " പോകാനുള്ള സമയം വരെ അദ്ദേഹത്തിന്റെ കൺവെട്ടത്തു നിന്ന് മനപൂർവ്വം മാറി നിന്നു... അകത്ത് ബന്ധുക്കൾ വന്നു തുടങ്ങിയിരുന്നു സങ്കടപ്പെടുന്ന മനസ്സും വെച്ച്  ആരേയും നേരിടാൻ വിഷമം തോന്നി... യാത്ര പറയാൻ അദ്ദേഹം മുറിയിലേക്ക് വന്നു ആ മുഖം തുടുത്ത് കണ്ണുകൾ ചുവന്നിരിക്കുന്നു... "മോളേ " സ്നേഹത്തോടെയുള്ള ആ വിളിയിൽ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടു... ആ മാറിൽ ചേർന്ന് ഞാൻ പൊട്ടി കരഞ്ഞു... കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ..... കാലുകൾക്ക് തളർച്ച ബാധിച്ച പോലെ.... ഞാൻ തളർന്നു താഴേക്ക് വിഴുന്ന പോലെ..... അദ്ദേഹം എന്റെ കവിളിൽ തട്ടി ഉണർത്താൻ ശ്രമിക്കുന്നുണ്ട്..... പക്ഷേ..... പിന്നെ ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റൽ ബെഡിലാണ്..... ബെഡിനു ചുറ്റും എന്റെയും അദ്ദേഹത്തിന്റെയും ബന്ധുക്കൾ...... എവിടെ ആള് പോയോ?? കണ്ണുകൾ അദ്ദേഹത്തിനു വേണ്ടി പരതുകയായിരുന്നു.... "ഇക്ക ഡോക്ടറുടെ മുറിയിലാണ് ഇപ്പോൾ വരും " എന്നു പറഞ്ഞു അനിയത്തി ഒന്ന് അമ്മർത്തി മൂളുകയും ഒരു കള്ള ചിരി പാസ്സാക്കുകയും ചെയ്തു... അദ്ദേഹം മുറിയിലേക്ക് വന്നതും എല്ലാവരും പുറത്തിറങ്ങി.... പുള്ളിയുടെ മുഖം നിറയെ സന്തോഷവും കണ്ണുകളിൽ വാത്സല്യവും തുളുമ്പി.... " ഇനി എനിക്ക് ധൈര്യമായി പോകാം ഇപ്പോൾ നീ തനിച്ചല്ലല്ലോ" ഒന്നും മനസ്സിലാകത്ത മട്ടിൽ അദ്ദേഹത്തെ നോക്കുമ്പോൾ അദ്ദേഹം എന്റെ വയറിൽ ചുണ്ടുമ്മർത്തി ചുംബിക്കുകയായിരുന്നു.... അടിവയറ്റിൽ കൈ വെച്ചു പുള്ളി പറഞ്ഞു "ഇവിടെ ഞാനുണ്ട്, താൻ തനിച്ചല്ല " സന്തോഷത്തിനതിരുകളില്ലായിരുന്നു.... സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു.... ഒപ്പം കണ്ണുകളും.... നനഞ്ഞ കണ്ണുകളിൽ അദ്ദേഹം മാറി മാറി ചുംബിച്ചു.... സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയാക്കി... സങ്കടം വരുമ്പോഴും ഒറ്റക്കാണെന്നു തോന്നുമ്പോഴും അടിവയറിൽ  കൈ ചേർക്കും.... അതെ, അദ്ദേഹം ഇവിടുണ്ട്... ഒരു കുഞ്ഞു ജീവനായി.... രചന : രസീന സക്കറിയ
44.8k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post