full part എന്തൊരു ഭംഗിയാണെന്നോ അവനെ കാണാൻ, കോളേജിലെ സകല സുന്ദരിമാർക്കും അവനിലൊരു കണ്ണുണ്ടായിരുന്നു എന്നതിനേക്കാൾ, അവർക്കെല്ലാം അവനൊരു ലഹരിയായിരുന്നു, കോളേജിലെ ശ്രീകൃഷ്ണനായിരുന്നു അവൻ, അവനെ വെറുതെ കണ്ടു കൊണ്ടിരിക്കുക എന്നതു തന്നെ ഞങ്ങൾ പെൺകുട്ടികൾക്കെല്ലാം വല്ലാത്തൊരു അനുഭൂതിയാണ്, ഭംഗി എന്നു പറയുമ്പോൾ ഹോളിവുഡ് സൂപ്പർ ഹീറോ ടോം ക്രൂയിസ്നെ പോലെയോ, ബോളിവുഡ് ഹീറോ രൺബീർ കപൂറിനെ പോലെയോ, മോളിവുഡ് ഹീറോ ദുൽക്കറിനെ പോലെയോ ഒന്നുമല്ലാട്ടോ, അലൈപായുതെയിലെ നമ്മുടെ ആ പഴയ മാധവനെ പോലെ ചിരിക്കുമ്പോൾ മുത്തു കൊഴിയും പോലെയൊരുവൻ, എന്നാൽ പെൺക്കുട്ടികൾ അവനിലെക്ക് തലയും കുത്തി വീഴുന്നത് അതിലൊന്നുമല്ല, അതവന്റെ ശബ്ദത്തിലും സംസാരശൈലിയിലുമാണ്, അത്ര സുന്ദരമാണ് അവന്റെ സംസാരം കേൾക്കാൻ, ഏറ്റവും സൗമ്യമായി ഏറ്റവും നല്ല വാക്കുകൾ കൊണ്ട് വളരെ ഹൃദ്യവും മനോഹരവുമായാണ് അവൻ ആരോടും സംസാരിക്കുക, അതു കേൾക്കുമ്പോൾ തന്നെ നമുക്കവനെ അങ്ങിനെ തന്നെ വാരിയെടുത്ത് നമ്മുടെ ഹൃദയത്തിലടച്ചു വെക്കാൻ തോന്നും, എവിടെ വെച്ചായാലും അവൻ നമ്മളെ നോക്കുമ്പോൾ അവന്റെ ആ സുന്ദരമായ മിഴികൾ നമ്മളിൽ പതിയുന്ന ആ നിമിഷം നമുക്കു ചുറ്റും ഒരുപ്പറ്റം പൂമ്പാറ്റകൾ പാറി പറക്കുന്ന പോലെ നമുക്ക് തോന്നും, ആ നോട്ടത്തിനോടൊപ്പം അവനെങ്ങാനും നമ്മളെ നോക്കി ഒന്നു പുഞ്ചിരിക്കുക കൂടി ചെയ്താൽ അവിടെ കഴിഞ്ഞു, അതോടെ നമ്മുടെ സകല നിയന്ത്രണങ്ങളും നമ്മളെ സ്വയം വിട്ടകന്ന് നമ്മൾ അവനെന്ന ഒറ്റ മായാപ്രപഞ്ചത്തിനകത്ത് പെട്ടു പോകും, അത്ര വശ്യതയാണ് അവന്റ പുഞ്ചിരിക്ക്, അതിന്റെ കാരണം മറ്റെല്ലാവരും മുഖം കൊണ്ട് പുഞ്ചിരിക്കുമ്പോൾ, അവൻ പുഞ്ചിരിക്കുന്നത് അവന്റെ ഹൃദയത്തിൽ നിന്നാണ് " ഒരു ദിവസം അവനെന്നെ വഴിയിൽ വെച്ചു കണ്ടപ്പോൾ അവനെനിക്കൊരു ലിഫ്റ്റ് തന്നു, എനിക്കു തന്നെ വിശ്വസിക്കാൻ കഴിയാത്ത വലിയൊരു അത്ഭുതമായിരുന്നു അവന്റെ ആ ക്ഷണം, അന്ന് അവന്റെ ബൈക്കിന്റെ പുറകിലിരുന്ന് കോളേജിലെക്കു വന്നപ്പോൾ അവിടെയുള്ള സകല സുന്ദരിമാരുടെ നോട്ടവും എന്നിലെക്കായിരുന്നു, എന്റെ ആ വരവിൽ അവിടെയുള്ളവരുടെ ഉള്ളിൽ എന്നെ വെട്ടി നുറുക്കാനുള്ള ദേഷ്യമുണ്ടായിരുന്നു, എന്നാൽ എന്നെ സംബന്ധിച്ച് പണ്ട് സേവാഗ് സച്ചിന്റെ കൂടെ ഒാപ്പണിങ്ങിന് ഇറങ്ങുന്നതിനെപ്പറ്റി പറഞ്ഞപ്പോലെ, അവന്റെ കൂടെ കോളേജിലെക്ക് ബൈക്കിൽ വന്ന ആ നിമിഷം " സിംഹത്തിന്റെ കൂടെ കാട്ടിൽ വേട്ടക്കിറങ്ങിയ പോലെ ഒരു മാരക ഫീലിങ്ങായിരുന്നു, അവനെങ്ങാനും ഒരു ദിവസം ലീവായാൽ മരണവീടു പോലെയായി മാറും ഞങ്ങളുടെ ക്യാമ്പസ്. കൈയ്യിൽ ഒരു കെട്ട് റോസുമായി ചെന്ന് അവന്റെ മുന്നിൽ മുട്ടു കുത്തി നിന്ന് അതവനു നേരെ നീട്ടി ഐ ലൗ യൂ " എന്നു പറയാൻ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും...! ചില രാത്രികളിൽ ആകാശത്ത് ഒറ്റ നക്ഷത്രം മാത്രം ഉദിക്കും അതു കാണുമ്പോൾ ചിലപ്പോഴൊക്കെ എനിക്കു തോന്നും അതവനാണോന്ന്, അത്രമേൽ ഉയരത്തിലും ആഴത്തിലും അവൻ ഞങ്ങളിൽ പതിഞ്ഞിരുന്നു, കല്യാണാലോചനയുടെ ഭാഗമായി ഞങ്ങൾ ആരോടെങ്കിലും എങ്ങിനെയുള്ള ചെക്കനെയാണു നിങ്ങൾക്കു വേണ്ടത് എന്നു ചോദിക്കുമ്പോൾ തന്നെ സകലരിലും ആദ്യം ഉയർന്നു വരുന്നത് അവന്റെ മുഖമായിരുന്നു, ഒരു ഒാണക്കാലത്ത് കോളേജിലെ ഒാണാഘോഷത്തിന്റെ അന്ന് ഒരു മെറൂൺ കളർ ഫുൾ കൈഷർട്ടും കസവുമുണ്ടും നെറ്റിയിലൊരു ചന്ദന കുറിയും അണിഞ്ഞ് അവനന്ന് കോളേജിൽ വന്നിറങ്ങിയമ്പോൾ, എന്റെമ്മോ എന്താപ്പോ പറയാ...? അവനെ കണ്ട് നമ്മുടെ കിളിയങ്ങ് പോയി "🕊 കോളേജിൽ ഗസ്റ്റ് ലക്ച്ചറായി വന്ന ആഞ്ജലിന മിസ്സിനു പോലും അവനിലൊരു കണ്ണുണ്ടായിരുന്നു എന്നു പറയുമ്പോൾ നിങ്ങൾക്കൂഹിക്കാം ആരാധന അത് എവിടം വരെ ചെന്നു നിൽക്കുന്നു എന്ന്, ഒരു ദിവസം പി ജി ക്കു പഠിക്കുന്ന സുന്ദരിയായ ഒരു ചേച്ചി വന്ന് അവനോടു ചോദിച്ചു, " ഞാൻ ജോലിയെടുത്ത് നിന്നെ പൊന്നു പോലെ നോക്കിക്കോള്ളാം, നിനക്ക് എന്റെ കൂടെ ജീവിക്കാമോന്ന് ? അതു കേട്ടതും ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൻ അവരോടു പറഞ്ഞു, പ്രണയിക്കണം എന്നും, ഒരു പെൺക്കുട്ടിയേ സ്വന്തം ഹൃദയമിടുപ്പുകൾക്കു തുല്യം കാത്തു സൂക്ഷിക്കണം എന്നൊക്കെ എനിക്കും ആഗ്രഹമുണ്ട്, എന്നാൽ ? ഒന്നു നിർത്തി അവൻ അടുത്ത ഒരു വാചകം പറഞ്ഞതും, ...................................................................................................................................................... അതിനു മറുപടിയായി എന്തു പറയണം എന്നറിയാതെ അവരും നിന്നു കുഴങ്ങി, അതോടെ അവന്റെ ഹൃദയത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ലെന്നവർക്ക് മനസിലായി, എന്നാൽ അന്ന് ഞാനാദ്യമായി നല്ല ചങ്കുറപ്പുള്ള ഒരാണൊരുത്തനെ നേരിൽ കണ്ടു, എന്തു കൊണ്ടാണ് അവനങ്ങിനെ പറഞ്ഞത് എന്ന് ഞാനൊരുപാട് ആലോചിച്ചെങ്കിലും അന്നൊന്നും എനിക്കൊരു പിടിയും കിട്ടിയില്ല, അവനെ തിരഞ്ഞു വന്ന സകലരോടും ആ വാചകം തന്നെയാണവൻ പറഞ്ഞത്, അതീവ സുന്ദരികളായ പലരും അവനു വേണ്ടി പ്രാണനും, ജീവനും, ജീവിതവും, കൂടെ ഉള്ളതെല്ലാം തരാമെന്നു പറഞ്ഞിട്ടും അവൻ അവരുടെ ആരുടെ വാക്കിലും വീണില്ല, താൻ ഭംഗി പോരാത്തതു കൊണ്ടാണോ ഇനി അവനു തന്റെ ഇഷ്ടപ്പെടാനാവാത്തത് എന്നുള്ള സംശയം പലർക്കും തോന്നാറുണ്ടായിരുന്നെങ്കിലും, അവൻ അവരോടു പറഞ്ഞ ആ വാചകം ഒാർമ്മയിൽ തെളിയുന്നതോടെ അവരുടെ ആ സംശയവും തീരും, അന്ന് ശരിക്കും അവന്റെ ഉള്ളിലെന്താണെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല, അന്നെല്ലാം ഒരു ചിത്രശലഭം പോലെ ഞാനും അവനു പിന്നാലെ ചിറകടിച്ചു പറന്നിരുന്നു " എന്നാൽ എനിക്കെന്നല്ല ഒരാൾക്കും അവന്റെ മനസിൽ കയറാനായില്ല, അവനെ മനസിലാക്കുന്നതിൽ ഞങ്ങൾ അമ്പെ പരാജയപ്പെട്ടു, അവനോടുള്ള ഞങ്ങളുടെ ഇഷ്ടങ്ങൾ വെറും നോട്ടങ്ങൾ മാത്രമായി അവസാനിക്കുകയായിരുന്നു, പതിയെ ആ കോളേജ് കാലവും അവസാനിച്ചു, പിന്നീട് അവൻ അമേരിക്കയിൽ പഠിക്കാൻ പോയതായും തിരിച്ചു വന്ന് അമ്മ അവനായി കണ്ടെത്തിയ ഏതോ പെൺകുട്ടിയേ വിവാഹം കഴിച്ചതായും, ഞാനറിഞ്ഞിരുന്നു, കോളേജ് കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഒരു ഷോപ്പിങ്ങ് മാളിൽ വെച്ച് ഞാനവനെ വീണ്ടും കാണുന്നത്, അന്ന് അവന്റെ കൂടെ ഒരു പെൺക്കുട്ടിയും ഉണ്ടായിരുന്നു, ഒറ്റനോട്ടത്തിൽ തന്നെയറിയാം കൂടെയുള്ളത് അവന്റെ ഭാര്യയാണെന്ന്, കാരണം, അവളെ നോക്കുന്ന അവന്റെ ഒരോ നോട്ടത്തിലും അത് തെളിഞ്ഞു കാണുന്നുണ്ട്, അവനെ അറിയുന്നവർക്ക് ആ നോട്ടങ്ങളിലെ അവന്റെ ഇഷ്ടത്തെ എളുപ്പത്തിൽ മനസിലാകും, അത്ര തന്മയത്തോടെയാണ് അവൻ അവളോടു പെരുമാറുന്നത്, അവനവളെ നോക്കുന്നതും, അവളോടു ചിരിക്കുന്നതും, അവളെ തൊടുന്നതും, പലപ്പോഴും അവനവളെ തന്നോട് ചേർത്തു നിർത്തി സംരക്ഷിക്കുന്നതും കാണുമ്പോൾ എനിക്ക് തന്നെ അവളോടു വല്ലാത്തൊരു അസൂയ തോന്നി, അന്നും ഒറ്റ നിമിഷം കൊണ്ടു തന്നെ അവൻ അവനോടുള്ള എന്റെ ആ പഴയ ഇഷ്ടങ്ങളെ പിന്നെയും തിരിച്ചു പിടിച്ചു, അവരെ അവരറിയാതെ പിൻതുടരാൻ എന്നെ പ്രേരിപ്പിച്ചതും ആ ഇഷ്ടം തന്നെയായിരുന്നു, പലപ്പോഴും അവൾ ആവശ്യപ്പെടാതെ തന്നെ ചില മധുര പലഹാരങ്ങളും ഐസ്ക്രീമും വാങ്ങി അവൾക്കു നൽകുമ്പോൾ അവളുടെ ഒരു നോട്ടം അവന്റെ കൈയ്യിലെ സാധനത്തിലേക്കും മറു നോട്ടം അവന്റെ മുഖത്തേക്കും സഞ്ചരിച്ചവസാനിക്കുന്നതിനിടയിൽ അവളുടെ കണ്ണുകളിൽ വിടർന്നൊരു പുഞ്ചിരിയുണ്ട് , അതു കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും അവൻ വാങ്ങി നൽകുന്നതെല്ലാം അവളുടെ ഇഷ്ടങ്ങളാണെന്ന്...! അന്നേരവും ചുറ്റുമുള്ള പല കണ്ണുകളും അവരുടെ മേൽ പതിയുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു, ആ ഷോപ്പിങ്ങ് മാളിലെ പല പല ഷോപ്പുകളിലും അവർ കയറി ഇറങ്ങി നടക്കുന്നതോടൊപ്പം അവർക്കു പിന്നാലെ ഞാനും നടന്നു, എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അത്രമാത്രം വലിയ ഒരു സുന്ദരിയൊന്നും ആയിരുന്നില്ല, അവന്റെ ഭാര്യ എന്നതാണ്, ചിലപ്പോൾ മുന്നേ അവനെ പ്രണയിക്കാൻ ശ്രമിച്ചവരുമായി ഞാനവളെ താരതമ്യം ചെയ്തു നോക്കിയതു കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത്, അല്ലെങ്കിലും പ്രണയിക്കാനും കല്യാണം കഴിക്കാനും മാത്രമാണല്ലോ സൗന്ദര്യം വേണമെന്നു നിർബന്ധമുള്ളത്, അതു കഴിഞ്ഞാൽ സൗന്ദര്യത്തേക്കാൾ തന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാളിലെക്ക് ചുരുങ്ങുന്ന കാഴ്ച്ചയാണല്ലോ പല ബന്ധങ്ങളിലും കണേണ്ടി വന്നിട്ടുള്ളത്, കുറച്ചു നേരത്തെ ചുറ്റലുകളൊക്കെ കഴിഞ്ഞ് അവർ കാറിൽ കയറി മടങ്ങി പോകുമ്പോൾ അവളുടെ കൈയ്യിൽ രണ്ടു കവർ നിറയേ സാധനങ്ങളുണ്ടായിരുന്നു, എല്ലാം അവളുടെ സന്തോഷത്തിനായി അവൻ വാങ്ങി നൽകിയത്, അവൻ അവന്റെ ആഗ്രഹങ്ങളിലെ സ്ത്രീയായി കണ്ടവളെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു വ്യക്തം, ഇനിയവളെ അവനിൽ നിന്നു പിരിക്കുക എന്നതിനേക്കാൾ എളുപ്പം, കടലിനെ ആകാശത്തേക്കും ആകാശത്തെ കരയിലേക്കു പറിച്ചു നടുന്നതായിരിക്കും...! കോളേജ് കാലം കഴിഞ്ഞിട്ടും ഇന്നും ഒറ്റ നക്ഷത്രം മാത്രം പ്രകാശിക്കുന്ന രാത്രികളിൽ ഞാനവനെ ഒാർക്കും, സത്യത്തിൽ അവൻ അവനെ പ്രണയിക്കാൻ വന്നവരെ ഒഴിവാക്കാനോ നിരുത്സാഹപ്പെടുത്താനോ വേണ്ടി പറഞ്ഞല്ലായിരുന്നു ആ വാചകം...! അവൻ പ്രണയിക്കാൻ തയ്യാറല്ലാന്നോ, പ്രണയിക്കില്ലെന്നോ എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല, ആത്മാർത്ഥമായി അവനെ സ്നേഹിക്കുന്നവർക്ക് അവനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുകയായിരുന്നു അവൻ ശരിക്കും ആ വാചകത്തിലൂടെ., എന്നാൽ വളരെ വൈകിയാണ് എനിക്കു പോലും അതെല്ലാം മനസിലായത്, അന്ന് ആ വാചകത്തിന്റെ ശരിയായ അർത്ഥം മനസിലാക്കി എടുക്കുന്നതിൽ ഞങ്ങൾ തീർത്തും പരാജയപ്പെടുകയായിരുന്നു, അവന്റെ ജീവിതം അവൻ ഞങ്ങളോടു പറഞ്ഞതു പോലെ ആയി തീരാതിരിക്കാൻ, അവൻ ആഗ്രഹിക്കുന്ന തരത്തിൽ നമ്മൾ മാറിയാൽ തീരാവുന്ന പ്രശ്നമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എന്നത് വളരെ വൈകിയാണ് എനിക്കും മനസിലായത്, സത്യത്തിൽ അവനോടു സ്നേഹം പ്രകടിപ്പിച്ച എല്ലാവർക്കും അവനെ സ്നേഹിക്കാനുള്ള അവസരം അവൻ കൊടുത്തിരുന്നു എന്നത് പലർക്കും മനസിലായതു പോലുമില്ല, അവനോടു പ്രണയം പറഞ്ഞ സകലരോടും അവൻ തിരിച്ചു പറഞ്ഞ വാചകം വഴി അവൻ ഉയർത്തിയ ചോദ്യങ്ങൾ ഇതായിരുന്നു, എന്തു വാക്കിന്റെ പുറത്ത് ഞാൻ നിന്നെ വിശ്വസിക്കും...? നാളെ എന്നെക്കാൾ നല്ലൊരു പ്രൊപ്പോസിൽ വന്നാൽ എന്നെ വിട്ട് നീ അവന്റെ കൂടെ പോകില്ല എന്നതിന് എന്തു ഉറപ്പാണുള്ളത്...? കാര്യത്തോട് അടുക്കുമ്പോൾ വീട്ടുകാരെ പിരിയാൻ പറ്റുന്നില്ല, മറക്കാൻ കഴിയുന്നില്ല, Be Practical...! എന്നൊക്കെയുള്ള സ്ഥിരം പല്ലവികൾ ആവർത്തിക്കില്ലാന്ന് എന്തുറപ്പാണുള്ളത്...? സ്വന്തം ജീവൻ പോയാലും ഇപ്പോഴുള്ള നിന്റെ ഈ സ്നേഹം ഏതു പ്രതിസന്ധിയിലും എന്നെ വിട്ടു പോകില്ലാന്ന് ഞാനെങ്ങനെ വിശ്വസിക്കും...? എക്കാലവും നീ എന്റെതായിരിക്കും എന്നുള്ള നിന്റെ വാക്കുകൾ അതെന്നും പൂർണ്ണമായും പാലിക്കപ്പെടും എന്നതിനു എന്തു തെളിവാണുള്ളത്...? നിന്റെ വാക്കുകൾക്ക് നിന്റെ ശബ്ദത്തിന്റെ ശക്തിയല്ലാതെ നിന്റെ ശരീരത്തിലോടുന്ന രക്തത്തിന്റെ അതെ കരുത്തും, ആയുസ്സും, പിൻബലവും ഉണ്ടോയെന്ന് എനിക്കെങ്ങനെ അറിയാനാകും ? " " അതിൽ തന്നെ അവൻ ഉയർത്തിയ ഏറ്റവും ശക്തമായ ചോദ്യം ഇതായിരുന്നു, " ഒരു താലിയുടെ പിൻബലമില്ലാതെ ഞാൻ നിന്നെ സ്നേഹിച്ചാൽ നീയെന്നെ വിട്ടു പോകില്ലെന്ന് എന്തുറപ്പാണുള്ളത്...? അവൻ പറഞ്ഞ ആ വാചകത്തിൽ നിന്നു ഈ ചോദ്യങ്ങളെ എല്ലാം ഉൾക്കൊണ്ട്, അവന്റെ സംശയങ്ങളെ മറികടന്ന് അവനാശിച്ച പോലെ, വാക്കുകൾക്ക് സ്വന്തം ജീവന്റെ വില കൽപ്പിക്കുന്ന ഒരു പെണ്ണായി മാറി അവനോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കാനായിരുന്നെങ്കിൽ അന്നേ ആ പുഞ്ചിരിയേ സ്വന്തമാക്കാനാകുമായിരുന്നു, കാരണം അവനു വേണ്ടിയിരുന്നത് വാക്കുകൾ കൊണ്ട് മാത്രം സ്നേഹിക്കുന്ന ഒരുവളെ അല്ലായിരുന്നു, ഹൃദയത്തിന്റെ ഒരോ അണുവിലും അവനെന്ന മന്ത്രണം ഉൾക്കൊള്ളുന്ന വാക്കുകൾക്കു വജ്ജ്രത്തിന്റെ തിളക്കമുള്ള ഒരുവളെയായിരുന്നു, അതു കൊണ്ടാണ് അവനോടടുക്കാൻ ശ്രമിച്ച ഞങ്ങളോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ ഈ ചോദ്യങ്ങളെല്ലാം ഞങ്ങൾക്കു വിട്ടുതന്ന് അവൻ ഞങ്ങളോടെല്ലാം ഈ വാചകം മാത്രം പറഞ്ഞത്, വഞ്ചനക്ക് തലവെച്ചു തരാനും, നിരാശക്ക് കാമുകനായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ലാന്ന്.....! " " സ്വന്തം സ്നേഹത്തിൽ പൂർണ്ണമായും വിശ്വാസമുള്ളവർ അങ്ങിനാണ്, അവരാൽ നമ്മൾ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും...! അതു പോലെ നമുക്ക് മുന്നിലുള്ള അവസരങ്ങൾ നമ്മുടെ ജീവിതമായി മാറണമെങ്കിൽ, എത്ര വിദൂരമായ സാധ്യതയേയും വലിയ സാധ്യതയായി കാണാൻ നമുക്കും കഴിയണം...! . #Pratheesh ❤❤❤❤❤❤❤
10.4k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post