ആയിഷ (റ)- ചുവന്ന നിറമുള്ള സുന്ദരിക്കുട്ടി. ആയിഷ എന്ന പേര്‌ കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക്‌ വരുന്ന ചിത്രം എന്താണ്‌? ആയിഷയുടെ വിവാഹപ്രായം? സത്യത്തിൽ ആയിഷയോട്‌ ചെയ്യുന്ന എറ്റവും വലിയ അനീതിയാണത്‌. കേവലം വിവാഹപ്രായത്തിനപ്പുറത്തേക്ക്‌ തീർച്ചയായും ചർച്ച ചെയ്യപ്പേടേണ്ട വ്യക്തിത്വമാണ്‌ ആയിഷ. കാരണം ഇസ്ലാമികചരിത്രത്തിൽ എന്നല്ല, ലോകചരിത്രത്തിൽ തന്നെ ആയിഷയെപ്പോലെ ഇന്റഗ്രിറ്റിയും ഇച്ഛാശക്തിയും ധിഷണയും ഒക്കെയുള്ള സ്ത്രീകൾ അപൂർവ്വമാണ്‌.. . ആയിഷക്കെതിരെ വ്യഭിചാരാരോപണം മദീനയിലാകെ കപടവിശ്വാസികൾ പറഞ്ഞുപരത്തിയിരുന്ന കാലം. ആയിഷ നിരപരാധിയാണെന്ന് നബിക്ക്‌ വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പക്ഷെ സ്വന്തം ഭാര്യയുടെ കാര്യം വന്നപ്പോൾ തെറ്റ്‌ ന്യായീകരിക്കുന്നു എന്ന ആരോപണം ഉണ്ടാകുമെന്ന ആശങ്ക കാരണം എന്ത്‌ ചെയ്യണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരുന്നു നബി. ഇത്‌ ആയിഷയിൽ വലിയ വിഷമമുണ്ടാക്കി. നബി പോലും തന്നെ സംശയിക്കുന്നോ എന്ന് പോലും അവർ വിഷമിച്ചു. ഒടുവിൽ ആയിഷയുടെ നിരപരാധിത്വം വ്യക്തമാക്കിക്കൊണ്ട്‌ ദൈവവചനങ്ങൾ അവതരിച്ചപ്പോൾ അത്യധികം സന്തോഷവാനായി നബി ആയിഷയുടെ അടുക്കലെത്തി വിവരം പറഞ്ഞു. കേട്ടു ആയിഷയുടെ ഉമ്മ സന്തോഷത്താൽ മതിമറന്നു. 'ആയിഷാ, നിന്റെ പ്രിയപ്പെട്ടവനോട്‌ നന്ദി പറയൂ' എന്ന് പറഞ്ഞ ഉമ്മയോട്‌‌ ആയിഷ നബിയെ അൽപ്പം പരിഭവം കലർന്ന മുഖത്തോടെ നോക്കിയ ശേഷം പറഞ്ഞു. "എന്റെ നിരപരാധിത്വം വ്യക്തമാക്കിയ ദൈവത്തോട്‌ മാത്രമേ ഞാൻ നന്ദി പറയൂ." അത്‌ കേട്ട ആയിഷയുടെ ഉമ്മ മാത്രമല്ല, ചരിത്രം വായിക്കുന്ന ഓരോരുത്തരും ഞെട്ടിപ്പോയിട്ടുണ്ടാവാം. ആയിഷയല്ലാതെ മറ്റൊരാളും അങ്ങനെ പറയില്ല. നബിയോട്‌ അങ്ങനെ പറയാൻ ഒരു സഹാബിയും ധൈര്യപ്പെടില്ല. പക്ഷെ ആയിഷ.. ആയിഷ മാത്രം.. ആയിഷയുടെ വാക്കുകൾ കേട്ടു ഒട്ടും ഞെട്ടലില്ലാതെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ആയിഷയെ നോക്കുന്ന നബിയുടെ പ്രണയം നിറച്ച നയനങ്ങൾക്കും, ഉള്ളിൽ നിന്നും നുരഞ്ഞു പൊങ്ങുന്ന പുഞ്ചിരിയെ മുഖത്തെ പരിഭവം കൊണ്ട്‌ മറയ്ക്കാൻ പാടുപെടുന്ന ആയിഷയുടെ കുസൃതി ഒളിപ്പിച്ച നേത്രങ്ങൾക്കുമിടയിൽ വർണ്ണപ്പൂക്കളും ചൂടി ഒരു പ്രണയകഥ തന്നെ വസിക്കുന്നുണ്ട്‌. ആയിഷ. 'ഹുമൈറ'. അങ്ങനെയായിരുന്നു നബി അവരെ വിളിച്ചിരുന്നത്‌. ചുവന്ന നിറമുള്ള സുന്ദരിക്കുട്ടി.. നബിയുടെ ചുമലിൽ കയറി നിന്ന് മദീനയിലെ കളരിയഭ്യാസികളുടെ അഭ്യാസപ്രകടനം മതിവരുവോളം വീക്ഷിക്കുന്ന, കണ്ണുകളിൽ കൗതുകം ഒളിപ്പിച്ചു വച്ചവൾ. നബിയെ ഓട്ടമൽസരത്തിൽ തോൽപ്പിച്ചപ്പോൾ ചാടിക്കളിച്ച്‌ കയ്യടിച്ച്‌ ചിരിക്കുന്ന കുസൃതിക്കുടുക്ക. പിതാവായ അബൂബക്കർ അടിക്കാനായി വന്നപ്പോൾ നബിയുടെ പിറകിലൊളിച്ച, 'ആ മനുഷ്യനിൽ നിന്നും നിന്നെ ഞാൻ രക്ഷപ്പെടുത്തിയില്ലേ' എന്ന നബിയുടെ ചോദ്യം കേട്ടു കുപ്പിവളകൾ കിലുങ്ങും പോലെ കുലുങ്ങിച്ചിരിച്ചവൾ. നബിയെ ചോദ്യങ്ങളും സംശയങ്ങളും കൊണ്ടു എപ്പോഴും പൊതിയുന്ന ജിജ്ഞാസു. ഇണങ്ങുമ്പോൾ മുഹമ്മദിന്റെ ദൈവം എന്നും പിണങ്ങുമ്പോൾ ഇബ്രാഹിമിന്റെ ദൈവം എന്നും പറയുന്ന കുശുംബത്തി.. തന്റെ മടിയിൽ കിടന്നു നബി ഉറങ്ങുമ്പോൾ, ഉറക്കം ശല്യമാവാതിരിക്കാൻ വേണ്ടി ശരീരത്തിൽ നേരിയ ചലനം പോലും വരുത്താതെ നബിയെ പ്രണയാതുരമായ നോട്ടത്തോടെ നോക്കിയിരിക്കുന്ന പ്രണയിനി.. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു ആയിഷ കൂടിയുണ്ട്‌. ഉമ്മുൽ മുഅമിനീൻ. മുഴുവൻ വിശ്വാസികളുടെയും മാതാവായ ആയിഷ. പണ്ഡിതയും ചിന്തകയും കലാകാരിയും പ്രതിഭാശാലിയുമായ ആയിഷ. നബിയെ ചോദ്യം ചെയ്യാൻ പോലും ധൈര്യപ്പെടുന്ന പ്രവാചകാനുയായി.. സംശയങ്ങൾ തീർക്കാനും അറിവ്‌ നേടാനുമായി മറ്റൊരാളുടെ വീട്ടിലുമില്ലാത്ത തിരക്ക്‌ ഒരു സ്ത്രീയുടെ വീട്ടിൽ ഉണ്ടാവുന്നത്‌ ആ സമൂഹത്തിന്‌ നവ്യാനുഭവമായിരുന്നു. പ്രമുഖ സഹാബികൾ പോലും സംശയനിവാരണത്തിനായി തേടുന്ന ആയിഷ.. കേവലം അക്ഷരവായനക്കാരായ സഹാബികളെ പലപ്പൊഴും തിരുത്തുന്ന, അക്ഷരങ്ങൾക്കിടയിലെ ആശയം കണ്ടെത്തുന്ന പ്രതിഭ. അതോടൊപ്പം കവിതാവാസനയും അതുല്യമായ പ്രാസംഗികപാടവവും. പലപ്പോഴും ഖലീഫമാരെ പോലും വെല്ലുന്ന പ്രസംഗമായിരുന്നു ആയിഷയുടെത്‌ എന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ വധത്തിന്‌ ശേഷം ഉസ്മാന്റെ ഘാതകരെ കൊല്ലാൻ ഖലീഫയായ അലിയുടെ വിലക്ക്‌ പോലും ലംഘിച്ച്‌ ആളുകൾ ആയിഷയുടെ കീഴിൽ അണിനിരന്നതിന്റെ പ്രധാനകാരണം ആയിഷയുടെ തീപ്പൊരി പ്രസംഗങ്ങളായിരുന്നു. ശക്തമായ എതിരാളികളെ പോലും തന്നിലേക്കടുപ്പിക്കുന്ന പ്രാവീണ്യം. ഉസ്മാന്റെ വധത്തിന്‌ കാരണക്കാരായ കലാപകാരികളെ എത്രയും പെട്ടെന്ന് കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന, എന്നാൽ എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുന്ന വലിയ സംഘത്തിന്റെ മുമ്പിൽ നിന്നുകൊണ്ട്‌ 'എന്റെ ജനനേതാക്കന്മാർ ഞാൻ പറയുന്നത്‌ അനുസരിക്കുന്ന പക്ഷം ഞാനവരെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തും' എന്ന് പ്രഖ്യാപിച്ച ഒറ്റവാക്കിൽ അവരുടെ മുഴുവൻ നേതൃത്വം ഏറ്റെടുത്ത ധീര. ഉസ്മാന്റെ ഖിലാഫത്ത്‌ കാലത്ത്‌ ചില തെറ്റുകൾ കണ്ടപ്പോൾ വിമർശിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ആയിഷ. പലപ്പോഴും അവർ ശക്തമായ ഭാഷയിൽ പൊട്ടിത്തെറിച്ചു. എന്നാൽ ഉസ്മാൻ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോൾ അവർ അതിനോടു ഒരിക്കലും യോജിച്ചില്ല. ഉസ്മാനെതിരെ കലാപം നയിച്ചവരെ ശിക്ഷിക്കുന്നതിനു മുമ്പ്‌ അലി ഭരണത്തിന്റെ മറ്റു കാര്യങ്ങൾക്ക്‌ ഊന്നൽ കൊടുക്കുന്നത്‌ തെറ്റാണെന്ന് ഉറച്ച്‌ വിശ്വസിച്ച അവർ ഇസ്ലാമികരാഷ്ട്രത്തിന്റെ ഖലീഫയെ പോലും ധിക്കരിച്ചു ഒരു സൈന്യത്തെയും രൂപീകരിച്ചു ഇറങ്ങി. എന്നാൽ താൻ ചെയ്തതാണ്‌‌ തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ യാതൊരു ഈഗോയോ കോമ്പ്ലക്സോ കൂടാതെ തെറ്റ്‌ ഏറ്റുപറയാൻ തയ്യാറായവൾ. അതോർക്കുമ്പോൾ ഉത്തരീയം നനയുമാറ്‌ കരയുന്ന ദൈവഭക്ത. ആശയപരമായി തന്റെ എതിർപ്പക്ഷത്ത്‌ നിൽക്കുമ്പോൾ പോലും വ്യക്തിപരമായി അലിയോട്‌ ഒരു വിദ്വേഷവും പുലർത്താതെ, സ്ത്രീസഹജമായ ദുർബലവികാരങ്ങളെ പോലും മറികടന്നവൾ.. എതിർശബ്ദങ്ങളെ വാൾമുനയിൽ നിശ്ശബ്ദനാക്കുന്ന മുആവിയാ രാജാവിന്റെ മുഖത്ത്‌ നോക്കി 'നിനക്ക്‌ പടച്ചവനെപ്പേടിയില്ല. എന്റെ വീട്ടിൽ ഇങ്ങനെ നിസ്സങ്കോചം കയറിവരുന്നവരെ നോക്കാൻ ഞാൻ വല്ലവരെയും നിർത്തിയിരുന്നെങ്കിൽ നിന്റെ തല ഇപ്പോൾ വേറിട്ടു പോയേനെ' എന്ന് തുറന്നടിച്ച ധീരവനിത. ആയിഷ.. . ആയിഷയുടെ വിവാഹപ്രായമല്ല, ആയിഷയുടെ ചിന്തകളാണ്‌ ചർച്ച ചെയ്യപ്പെടേണ്ടത്‌. സ്ത്രീകൾ ഏറെ ദുരിതമനുഭവിക്കുന്ന ഈ വർത്തമാനകാലത്തിൽ അതിന്‌ ഒരുപാട്‌ പ്രസക്തിയുണ്ട്‌. ആയിഷയ്ക്ക്‌ ആരുടെയും സഹതാപം ആവശ്യമില്ല. ഒരു അനീതി സംഭവിച്ചു എന്ന് തോന്നിയാൽ സ്വന്തമായി ഒരു സൈന്യവുമായി പുറപ്പെടാൻ വരെ ധൈര്യമുള്ളവളാണവൾ.. അവൾ ആയിഷയാണ്‌. പ്രവാചകന്റെ പ്രിയപത്നി. വിശ്വാസികളുടെ മാതാവ്‌. അവൾ ചുവന്ന നിറമുള്ള സുന്ദരിക്കുട്ടി മാത്രമല്ല, സിരകളിൽ ചുവന്ന രക്തമോടുന്ന പോരാളിയുമാണ്‌.. ആയിഷയുടെ അനുയായികളും.
847 views
27 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post