full part ''കറുത്ത ചുണ്ടുളള ഭാര്യ ====== ''പെണ്ണ് കാണാൻ ചെന്നപ്പോൾ തോന്നിയ സംശയം ,ആദ്യരാത്രിയിൽ തന്നെ സ്ഥിരപ്പെട്ടു , അന്ന്, കുംഭത്തിലാണ് പെണ്ണുകാണാൻ പോയത്, കുംഭത്തിലെന്നു പറഞ്ഞാൽ കുംഭമാസത്തിൽ, പെണ്ണ് കണ്ട് ക്ഷീണിച്ചെത്തിയ ഞാൻ പെണ്ണിന്റെ മുഖവും രൂപവും മനസിലോർത്ത് അടുക്കളയിലെ അടുപ്പിൻ തറയിൽ കയറിയിരിക്കുകയാണ്, ''എന്താടാ, പെണ്ണിനെ ഇഷ്ടപ്പെട്ടോ, ? ഉമ്മയുടെ ചോദ്യം ഉത്തരത്തിനായി മുന്നിലേക്ക് വന്നു, ''പെണ്ണ് വെളുത്തതാ, വെളുത്ത പെണ്ണാണെങ്കിലും കാണാൻ കൊഴപ്പമൊന്നുമില്ലാട്ടോ, ൂ!! പക്ഷേ , ''പരിപ്പുകറി താളിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉമ്മ എന്റെ നേരെ നോക്കി കൊണ്ട് വീണ്ടും ചോദ്യം ചിഹ്നം അയച്ചു, ''എന്താടാ ഒരു പക്ഷേ ? ''അടുപ്പിൻ തറയിൽ നിന്ന് ഊർന്നിറങ്ങി കൊണ്ട് സ്വരം താഴ്ത്തി ഞാമ്പറഞ്ഞു, ! ''അതെ, പെണ്ണിന്റെ ഒരു ഭാഗം കറുത്തിരിക്കുവാ !! ''അയ്യേ, ദേ ചെറുക്ക ഒരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ലോ, ? എണീറ്റു പൊക്കോണം, ന്റെ മുമ്പീന്ന്, ! ''അതിന് ഉമ്മായെന്തിനാ ചൂടാകുന്നത്, പെണ്ണിന്റെ ''ചുണ്ട് കറുത്തിരി''ക്കുവാന്നാ പറഞ്ഞു വന്നത്,, ! ''അതാണോടാ '' ഒരു ഭാഗം ? ''കറുത്ത ചുണ്ടാണെന്നു പറഞ്ഞാൽ പേരെ, !! ഈ ആലോചനയും മുടക്കാനാണ് നിന്റെ ഭാവമെങ്കിൽ ഉലകത്തിൽ നീ പെണ്ണ് കെട്ടൂലാട്ടോ,!! 'സംഭാഷണം കേട്ട് അനിയത്തി കടന്നു വന്നു, ''എന്റെ ബ്രോ അത് ലിപ്റ്റിക്ക് തേച്ചതാകും, ! ''കറുത്ത ലിപ്റ്റിക്കുണ്ടോടീ ?'' എനിക്ക് സംശയം,! ''പിന്നല്ലേ, നീഗ്രോ പെണ്ണുങ്ങളുടെ ചുണ്ട് കണ്ടിട്ടില്ലേ , ബ്ളാക്ക് ലിപ്റ്റിക്കല്ലേ അവർ യൂസ് ചെയ്യുന്നത് , ബൈ ദ ബൈ . മിസ്റ്റർ ബ്രോ, ലക്ഷണം വച്ച് നോക്കിയാൽ, ഈ പെൺകുട്ടി ഒരു നീഗ്രോ ഇൻഡ്യൻസാണോ, എന്നൊരു ബലമായ സംശയം ഉരിത്തിരിഞ്ഞു വരുന്നു,!! നീഗ്രോ ഇൻഡ്യനോ, ? ആംഗ്ളോ ഇൻഡ്യനെന്ന് കേട്ടിട്ടുണ്ട് ,! ''അല്ല ബ്രോ, പെണ്ണിന്റെ ഉമ്മയുടെ ചുണ്ടെങ്ങിനെ, ? ''ഒന്ന് പോടി പെണ്ണേ, പെണ്ണു കാണാൻ ചെല്ലുമ്പോൾ തളേളടെ ചുണ്ട് നോക്കലല്ലേ എന്റെ പണി, !! ഉമ്മ ,അനിയത്തിയെ രൂക്ഷമായി നോക്കി, അവൾ മെല്ലെ രംഗം വിട്ടു, പിറ്റേന്ന് , ബ്രോക്കർ വിളിച്ചപ്പോൾ കറുത്ത ചുണ്ടിന്റെ കാര്യം പറഞ്ഞു, ബ്രോക്കറുടെ മറുപടി കേട്ട് ഞെട്ടിപ്പോയി, ''അതിനെ പറ്റി മോൻ ആശങ്കപ്പെടണ്ട, പറഞ്ഞ സ്ത്രീധനത്തിനു പുറമെ അമ്പതിനായിരം രൂപ വാങ്ങി തരുന്ന കാര്യം ഞാനേറ്റു, !! അല്ലേലും കറുത്ത ചുണ്ട് ഒരു കുറവ് തന്നെയാണ്, ഒരു ചുണ്ടിന് ഇരുപത്തയ്യായിരം വീതം രൂപ അരലക്ഷം ഞാൻ വാങ്ങിത്തരും, നോക്കിക്കോ, !! ങ്ഹാ, !! പിന്നെ ഒരു കാര്യം, ഞാനിത്ര റിസ്ക്കെടുക്കുവാനുളള കാരണം പറയാം, നല്ല തറവാടിത്തം, വിദ്യഭ്യാസം , സൗന്ദര്യം, ഇതെല്ലാം ഒത്ത് വന്ന കേസാ, കറുത്ത ചുണ്ടിന്റെ പേരും പറഞ്ഞ് കല്ല്യാണം മുടങ്ങരുത് ! ഏതായാലും വൈകാതെ കല്ല്യാണവും കഴിഞ്ഞു, ''രണ്ട് ജീവിതങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന മണിയറയിൽ മണവാട്ടിയെ വെയ്റ്റു ചെയ്യുകയാണ് ഞാൻ, ഇവളെന്താ വൈകുന്നത്,? വൈകിവരാൻ ഇവളെന്താ ജയന്തിജനത എക്സ്പ്രസോ,? കക്ഷിയെ കാണുന്നില്ലല്ലോ, ?! ഇനി ആദ്യരാത്രിയെങ്ങാൻ നാളെ പകലിലേക്ക് മാറ്റിവച്ചോ, ? പെട്ടന്ന് , വാതില്ക്കൽ ഒരു നിഴലനക്കം, തറയിൽ മൈലഞ്ചി തേച്ച പാദങ്ങൾ പ്രത്യക്ഷപ്പെട്ടു, വധുവെത്തി, ഞാൻ സൂക്ഷിച്ചു നോക്കി, രാവിലെ താലി കെട്ടിയ പെണ്ണ് തന്നെയല്ലേ ഇത്, ,കാലമല്ലാത്ത കാലമാണ്, ഇതുങ്ങൾ ഏത് നേരവും മുങ്ങാം അജ്ജാതികളാണ്,! അവൾ കട്ടിലിൽ ഇരുന്നു, ഞാനവളോട് ഒട്ടിയിരുന്നു, കറുത്ത ചുണ്ടടർത്തി അവൾ ചിരിച്ചു, , പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടന്നവൾ ചാടി എണീറ്റു, ''എന്താ, ?' ഞാൻ ചോദിച്ചു, ''പാലെടുക്കാൻ മറന്നു,'' ഞാനിപ്പം വരാവേ, !! വാതിൽ തുറന്ന് അവൾ പുറത്തേക്കിറങ്ങി പോയി, അഞ്ച് മിനിറ്റു കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, അരമണിക്കൂറായി, !! പാലെടുക്കാൻ പോയവളെവിടെ? ഇവളെന്തൊ തൊഴുത്തിൽ പോയി പശുവിനെ കറന്നുകൊണ്ടിരിക്കുകയാണോ, ? ക്ഷമയുടെ നെല്ലിപ്പലകയും, പേരയ്ക്കാ പലകയും കടന്നപ്പോൾ ഞാനെണീറ്റു, മെല്ലെ പുറത്തേക്ക് ,മുറ്റത്തേക്കിറങ്ങി , പിന്നാമ്പുറത്തേക്ക് ചെന്നു, ഞെട്ടിപ്പോയി, അവിടെ കണ്ട കാഴ്ച, വിശ്വസിക്കാൻ പറ്റിയില്ല, കണ്ണുകൾ തിരുമ്മി ഒന്നൂടി നോക്കി, അതെ അവൾ തന്നെ, മണവാട്ടി വേഷത്തിൽ , തമ്പുരാനേ, ഇവൾ ഇത്തരക്കാരിയായിരുന്നോ, ? ഞാൻ ഭിത്തിയോട് മറഞ്ഞു നിന്ന് ആ കാഴ്ച ഒന്നു കൂടി കണ്ടു, !! അമ്മിക്കല്ലിന്റെ ചോട്ടിൽ നിന്ന് അവൾ ബീഡി ആഞ്ഞ് ആഞ്ഞ് വലിക്കുന്നു,! പുക ഊതി വിടുന്നു, അവളൂതി വിട്ട പുക എന്റെ മുഖത്തേക്ക് പാറി വന്നു, ബീഡിപ്പുക ശ്വസിച്ച ഞാൻ ചുമച്ചു, ചുമ കേട്ട്, അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി, പുകച്ചുരുളുകൾക്കിടയിലൂടെ അവളുടെ കറുത്ത ചുണ്ടിലെരിയുന്ന ബീഡി ഞാൻ തിരിച്ചറിഞ്ഞു, കേരള ദിനേശ് ബീഡി, ഉന്മേഷത്തിനും, ഉണർവ്വിനും, കേരള ദിനേശ് ബീഡി, കൈ വിരലുകൾക്കിടയിലുണ്ടായിരുന്ന ബീഡിക്കുറ്റി അമ്മിക്കല്ലിൽ കുത്തിക്കെടുത്തി സാരിയുടെ തുമ്പു കൊണ്ട് വാ പൊത്തിപ്പിടിച്ച് ദയനീയമായി എന്നെ നോക്കി അവൾ , പുറത്തേക്ക് ഊതി വിടാതെ വായിൽ കിടന്ന് ശ്വാസം മുട്ടി മരിക്കുന്ന പുകയുടെ നിലവിളി ഞാൻ കേട്ടു, ഞാനൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു, അവൾ കൊണ്ടു വച്ച പാൽ മേശപ്പുറത്തിരുന്നു തണുത്തു പാട കെട്ടി, തലയ്ക്ക് മീതെ കൈകൾ വച്ച് മലർന്ന് കിടക്കുകയാണ് ഞാൻ, ബീഡി വലിക്കുന്ന ഭാര്യയെയാണല്ലോ തമ്പുരാനേ എനിക്ക് കിട്ടിയത്,! പെണ്ണു കാണാൻ വന്നപ്പോൾ അനുഭവപ്പെട്ട ബീഡിയുടെ മണം ഞാൻ സ്ഥിരപ്പെടുത്തി,! കുറ്റബോധം കൊണ്ട് തല കുനിച്ച് കട്ടിലിൽ ഇരിക്കുകയാണ് അവൾ, ആ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് വിഷമമായി, ഞാനെണീറ്റ് അവളുടെ തോളിൽ പിടിച്ചു, ''എന്നു മുതലാണ് ഈ ശീലം തുടങ്ങിയത്, ? ''ഓർമ്മവച്ച നാൾ മുതൽ,!! ''എന്നാണ് ഓർമ്മവച്ചത്,? ''ഈ ശീലം തുടങ്ങിയതേ ഓർമ്മ വച്ചു, ! ''അതെന്നാണെന്ന്, '? ''അത്, അത് ==അവൾ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു, ''ഓർമ്മ വച്ച നാള് ഓർമ്മയില്ലേ, ? ''ങാ നാൾ ഓർമ്മയുണ്ട്, പൂരൂരൂട്ടാതി, ! 'ഒരുപാട് ഉരുട്ടല്ലേ,!! ! ദേഷ്യം കൊണ്ട് ഞാൻ കട്ടിലിന്റെ കാലിൽ ആഞ്ഞിടിച്ചു, ''കുട്ടി, ഹൃദയം സ്പോഞ്ച് പോലെയാണ്, ഇതിന് നീ കനത്ത വില നല്കേണ്ടി വരും, !! ''ആ വില തന്നല്ലോ ,! സ്ത്രീധന തുകയിൽ അമ്പതിനായിരം കൂടുതൽ കൈപ്പറ്റിയില്ലേ, 'എന്റെ തല കുനിഞ്ഞു, പിന്നെ മെല്ലെ അനുനയത്തോടെ പറഞ്ഞു, ''അതെ ഇന്നലെ വരെയുളള എല്ലാ ദുശീലങ്ങളും നമൂക്കീ മണിയറയിൽ ഉപേക്ഷിക്കാം, ഇന്ന് മുതൽ നമ്മൾ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്, അതു കൊണ്ട് പുകവലി ഉപേക്ഷിച്ചേക്കണം,! ''അവൾ തലയാട്ടി, ! അവളുടെ കവിളത്ത് ഒരു നുളള് കൊടുത്തപ്പോൾ , ഒരു ചുംമ്പനം തരാൻ അവളുടെ ചുണ്ടുകൾ എന്റെ മുഖത്തേക്ക് അടുപ്പിച്ചു, ഞാൻ മുഖം തിരിച്ചു, വ്യത്തികെട്ട പുകയില മണം, ! തത്ക്കാലം പരസ്പ്പരം നേർക്കു നേരുളള ചുംമ്പന പരിപാടി ഞാൻ നിരോധിച്ചു, ചുംമ്പന ബന്ദ് പ്രഖ്യാപിച്ചു,!! ''പിറ്റേന്ന് , നേരം വെളുത്തപ്പോൾ അവൾ വയറും തിരുമ്മി റൂമിലൂടെ ഉലാത്തുന്നു, ! ';എന്തു പറ്റി ? കാര്യമന്വേഷിച്ചു, ! ''ബാത്ത്റൂമിൽ പോകണം, ! അവൾ പറഞ്ഞു, ! 'അതിനെന്താ പോയിട്ട് വാ, ! ''പക്ഷ, വയറ്റീന്ന് പോകണമെങ്കിൽ ഒരു പുക എടുക്കണം, നിങ്ങളെനിക്കൊരു ബീഡി കൊണ്ടു തരുമോ,? യാചനയാണ് ! പുക വയറ്റിൽ ചെല്ലാതെ മലാശയമുണരാത്ത പെണ്ണ്, മലം പുകച്ച് പുറം തളളുന്നവർ, പുകഞ്ഞ മലത്തിൽ ഈച്ച പോലുമിരിക്കില്ല, കാരണം, ഈച്ചയുടെ ഹൃദയവും സ്പോഞ്ചു പോലെയാണ്, ഈച്ച കനത്ത വില നല്കേണ്ടി വരും, !! എനിക്ക് ദേഷ്യം വന്നു, പിന്നെ ഞാനോർത്തു, '' പെട്ടന്ന് ഈ ദുശീലം നിർത്താനാകില്ല, പടി പടിയായി മാറ്റിയെടുക്കാം,!'' ''അതിന് ബീഡി എവിടെയാണ് ? ഞാൻ ചോദിച്ചു, ''ബാപ്പാന്റെ പോക്കറ്റിലുണ്ട്, ഒന്ന് വേഗം കൊണ്ടു വാ, ! ''ഞാനോടീ ബാപ്പാന്റെ റൂമിലേക്ക്, റൂമിൽ ബാപ്പയില്ല, ഷർട്ടുമില്ല, റൂമാകെ അരിച്ചുപെറുക്കീയപ്പോൾ ബാപ്പ വലിച്ച് ഉപേക്ഷിച്ച് കളഞ്ഞ ബീഡിയുടെ പഴയ കുറ്റി കിട്ടി , '' ബാപ്പാടെ പഴയ ബീഡിക്കുറ്റിയുമായി മകൾ വേഗത്തിൽ ശൗചാലയത്തിലേക്ക് നടന്നു,!! തീപ്പെട്ടി വേണ്ടേ, ? ഞാൻ ചോദിച്ചു, 'അത് കക്കൂസിലൊളിപ്പിച്ചു വച്ചിട്ടുണ്ട്, ! ചിരിച്ചു കൊണ്ടുളള മറുപടി ! പിറ്റേന്ന് രാത്രി അവളെന്നോട് പറഞ്ഞു, ''ഉടനെ ഗർഭം ധരിക്കണം,! ''ആര് ഞാനോ, ? 'ഒന്ന് പോ, എനിക്കുടനെ കുട്ടി വേണം, ! 'പറ്റില്ല, ഉടനെ കുട്ടി വേണ്ട, ! ''അതെന്താ ,? ''ആദ്യം നിന്റെ പുകവലി നിർത്ത്, എന്നിട്ട് മതി ഗർഭധാരണം, ! കുഞ്ഞിന്റെ ഹൃദയം സ്പോഞ്ചു പോലെയാണ്, കനത്ത വില നല്കേണ്ടി വരും, !! 'എന്നാൽ, കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഏതോ രാത്രിയിൽ അവൾ ഗർഭിണിയായി,!! ആ രാത്രി ഏതായിരുന്നു,? വരന്റേയും, വധുവിന്റേയും രാത്രി ആദ്യരാത്രി,!! ഭാര്യ ഗർഭം ധരിച്ച രാത്രി ഗർഭരാത്രി, ഒന്നാം യാമം, രണ്ടാം യാമം, അർദ്ധ രാത്രി, രാത്രിക്കുളളിലെ രാത്രികൾക്ക് പ്രത്യേകതകളേറെയാണ്, !! അതിനിടയിൽ, പാതിരാത്രിയും, കാളരാത്രിയും വേറെ, പുകവലിക്കെരുതെന്ന് കടുത്ത ഭാഷയിൽ തന്നെ താക്കീത് നല്കി ഞാൻ,! എങ്കിലും , എനിക്ക് സംശയമായിരുന്നു അതിനു ഞാനൊരു വഴി കണ്ടെത്തി,, ജോലി കഴിഞ്ഞെത്തുമ്പോൾ അവളെ ചേർത്തണച്ച് കവിളത്ത് ഒരുമ്മ, ആ സമയം കൊണ്ട് അവളുടെ ചുണ്ടും മണക്കാം, പുകയിലയുടെ നാറ്റം തിരിച്ചറിയാം, ഈ വിദ്യ തുടർന്നു കൊണ്ടേയിരുന്നു, !! ചുണ്ട് മണക്കാൻ കവിളിലൊരുമ്മ,!! ഒന്നു രണ്ടു വട്ടം കൈയ്യോടെ പിടിക്കുകയും ചെയ്തു, !! ഒരു ദിവസം ബാത്ത്റൂമിൽ കയറി വന്ന ഞാൻ അവളോട് ചോദിച്ചു, ''നീ പുകവലിച്ചില്ലേ, ?'' ''അയ്യോ, ഇല്ല,'' ''എങ്കിൽ ,നാളെ ഡോക്ടറെ കാണണം ,നിന്റെ യൂറിനൊന്ന് പരിശോധിക്കണം,!!? ''അതെന്തിനാ, ?! ''ക്ളോസറ്റിൽ ബീഡിക്കുറ്റി കിടക്കുന്നുണ്ട്, നിന്റെ മൂത്രത്തിലൂടെ ബീഡിക്കുറ്റിയാണോ വരുന്നത്, !! ''അവൾ ചമ്മി, !പിന്നെ തെറ്റ് സമ്മതിച്ചു, !! അങ്ങനെ പുക വലിച്ചും, വലിക്കാതേയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി, !! പ്രസവത്തിനായി ലേബർ റൂമിനുളളിലേക്ക് അവളെ കൊണ്ടു പോയി, ലേബർ എന്നു പറഞ്ഞാൽ തൊഴിലാളി എന്നല്ലേ അർത്ഥം, പ്രസവ റൂമിലാരാണ് തൊഴിലാളി, പ്രസവം തൊഴിലാണോ,? അങ്ങനെയെങ്കിൽ പ്രസവിക്കുന്ന തൊഴിലാളി വർഗത്തിന്റെ നേതാക്കളാണ് ഭർത്താക്കന്മാർ, അല്ലേ,?! ഈ സമയം ലേബർ റൂമിന്റെ വാതിൽ തുറന്ന് വന്ന പൊക്കം കുറഞ്ഞ നഴ്സ് വിളിച്ചു ചോദിച്ചു, ''പാത്തുമ്മാടെ ആളുണ്ടോ ,? ''ഹഹഹ ,ഞാൻ പൊട്ടിച്ചിരിച്ചു, ചേട്ടനെന്തിനാ ചിരിക്കുന്നത്, ? നഴ്സ് ചോദിച്ചു, ! ''അല്ല പാത്തുമ്മാടെ ആടിനെ പ്രസവിക്കാൻ കൊണ്ടു വന്നല്ലോ എന്നോർത്ത് ചിരിച്ചതാ, !! ''എന്റെ ചേട്ടാ, പാത്തുമ്മയുടെ ആടല്ലാ, ആളുണ്ടോ ?, ' എന്നാ ചോദിച്ചത്, ? 'ഞാൻ ചാടി എണീറ്റു ,! 'അയ്യോ ,ഞാനുണ്ട് സിസ്റ്റർ,! ''അതുശരി, എന്നിട്ടാണോ ഇളിച്ചോണ്ടിരുന്നത്, ''ദാ, വേഗം ഇതു വാങ്ങി കൊണ്ടു വാ, ! നഴ്സ് നീട്ടിയ കുറിപ്പുമായി ഞാനോടി മെഡിക്കൽ സ്റ്റോറിലേക്ക്,! ''ഇതാർക്കുളളതാ ,? മെഡിക്കൽ സ്റ്റോറിലെ ആൾ ചോദിച്ചു, ! ''ഭാര്യയ്ക്കാ, ലേബർ റൂമിലാ ! ''കടയുടമ ചിരിച്ചു, ചേട്ടാ , ഇത് മരുന്നല്ല !! ''പിന്നെ, ? ''ഒരു പായ്ക്കറ്റ് ദിനേശ് ബീഡിയും തീപ്പെട്ടിയുമാ, !! ''ങേ, ! പ്രസവിക്കാനും പുകവലിക്കേണ്ട അവസ്ഥയായി, ലേബർ റൂമിനുളളിൽ പുകവലിക്കാൻ പറ്റുമോ ? ഒരു പക്ഷേ പുറത്തിരുന്ന് വലിക്കാനായിരിക്കും,!! ഇവളുടെ ഒടുക്കത്തെ പുകവലി, ഞാൻ കാണിച്ചു കൊടുക്കാം,!! ബീഡിയുമായി തിരികെ എത്തിയപ്പോൾ ,വാതിൽ തുറന്ന് വന്ന നഴ്സ് പറഞ്ഞു, ''വേണ്ട ചേട്ട, ബീഡി വലിക്കാതെ തന്നെ ,പാത്തുമ്മ പ്രസവിച്ചു, !! ഇനി അവൾ പുകവലിക്കില്ല, !! ''സത്യമാണോ, ? ''അതെ ചേട്ടാ പുകവലിയുടെ ദൃഷ്യവശങ്ങളെ പറ്റി ഡോക്ടർ പറഞ്ഞ് കൊടുത്തിട്ടുണ്ട്,! ലേബർ റൂമിൽ നിന്ന് വേറെ റൂമിലേക്ക് മാറ്റിയപ്പോൾ അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു, ''പാത്തു, ഹൃദയം സ്പോഞ്ചു പോലെയാണ് ,ഇതിനു നീ വലിയ വില നല്കേണ്ടി വരും,!! ''എന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു, ''നിങ്ങടെ ഖൽബാണ് സ്പോഞ്ചു പോലെ, എന്റെ ദുശീലത്തെ ഏറെ ക്ഷമിക്കുകയും, സഹിക്കുകയും ചെയ്ത് എന്നെ മാറ്റിയെടുത്തില്ലേ,?! ''അതിനു നീ കനത്ത വില നല്കേണ്ടിവരും, !! ഞാൻ പറഞ്ഞു,! ''ആ വിലയാണ് ഈ തന്നിരിക്കുന്നത്, !!!! മുലപ്പാൽ നുണയുന്ന കുഞ്ഞിനെ ചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ, അവളുടെ കറുത്ത അധരങ്ങൾക്ക് ഏറെ തിളക്കമുളളതായി തോന്നി, !!! ========= ഷൗക്കത്ത് മൈതീൻ , കുവൈത്ത് ,!!
25.4k views
13 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post