ദക്ഷിണ.............. Part :7 to 9 ✍️ maya s അവന്‍ ദേഷ്യത്തോടെ സാവിത്രി അമ്മക്ക് മറുപടി നല്‍കി മുകളിലേക്ക് കയറി പോയി.... . . . . സാവിത്രിയമ്മ പുറത്ത്‌ ചെന്നു നോക്കിയപ്പോള്‍ വലിയ സംഭവത്തില്‍ കഥ പറയുന്ന ദക്ഷയെയും അത് കേട്ടു നില്‍ക്കുന്ന സുഭദ്രയെയും ദാസനെയും കണ്ടു.... "കുഞ്ഞേ ദേ അരുണ്‍മോന്‍ വന്നിട്ടുണ്ട്" ... "ഞാൻ കണ്ടല്ലോ" ........ "കുഞ്ഞ് നല്ല ദേഷ്യത്തിലാ" ........ "അവന് ദേഷ്യം പിടിക്കാന്‍ മാത്രം ഇവിടെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ ".... അരുണിന്റെ അച്ഛൻ ചോദിച്ചു... "അതെനിക്ക് അറിയില്ല.... ഞാൻ ചായ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ അതു മോൾക്ക് കൊണ്ട് കൊടുക്കാന്‍ പറഞ്ഞു... നല്ല ദേഷ്യത്തില്‍."..... ദക്ഷ ഇരുന്നിടത്ത് നിന്നും ഞെട്ടലോടെ എഴുന്നേറ്റു..... അപ്പോൾ ഇന്നും എന്റെ നെഞ്ചത്തോട്ട് തന്നെ........ "അത് കാര്യമാക്കണ്ട..... അവന് എപ്പോഴും ഉള്ളതല്ലേ ഈ ദേഷ്യം... മോള് പോയി ഉടുപ്പൊക്കെ മാറി ഒന്നു കുളിക്ക്... അമ്മ അപ്പോഴേക്കും ചായ എടുത്തു വയ്ക്കാം"... "ദക്ഷ ബാഗും എടുത്ത് മുറിയിലേക്ക് പോയി" ..... അയാളോട് ഒന്നും സംസാരിക്കണ്ട... മിണ്ടിയാല്‍ അയാൾ കാരണം ഉണ്ടാക്കി എന്നെ വഴക്കു പറയും.... അവള്‍ മുറിയില്‍ കയറിയപ്പോള്‍ അരുണ്‍ കിടക്കയിലിരുന്നു ഫോണിൽ കളിക്കുകയായിരുന്നു.... അവന്‍ ഇടയ്ക്ക് അവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.... അവള്‍ മിണ്ടാതെ ബാഗ് മുറിയിലെ ഒരു ഭാഗത്ത് കൊണ്ട്‌ വച്ച് കുളിക്കാന്‍ കയറി.. പെട്ടന്നു കുളിമുറിയില്‍ നിന്നും ദക്ഷ ഉറക്കെ അലറി വിളിച്ചു കരയാന്‍ തുടങ്ങി..... അതു കേട്ടതും അരുണ്‍ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് കുളിമുറിയുടെ വാതില്‍ക്കലേക്ക് നടന്നു... പെട്ടന്നു ദക്ഷ വാതില്‍ തുറന്നു പുറത്തു നില്‍ക്കുന്ന അരുണിന്റെ ഷര്‍ട്ടില്‍ കയറി മുറുകെ പിടിച്ചു... പിന്നീട് അവന്റെ പിന്നിലേക്ക് മാറി ഒളിച്ചു നിന്നു... "എന്താ?? എന്തിനാ നീ കരഞ്ഞത്" ? "അവിടെ" ..... അവൾ കുളിമുറിയിലേക്ക് വിരൽ ചൂണ്ടി..... "അവിടെ എന്താ? പാമ്പോ മറ്റെന്തെങ്കിലുമാണോ" ? "അല്ല"..... "പിന്നെ" ? "ഞാൻ പൈപ്പ് തുറന്നപ്പോള്‍ ബക്കറ്റിലേക്ക് ഒരു പല്ലി വീണു" ..... "അതിനാണോ നീ ഇങ്ങനെ കൂവി വിളിച്ചത്" ?? ദേഷ്യം കൊണ്ട്‌ അവന്റെ മുഖം ചുവന്നു.... "എനിക്ക് പേടി ആണ്.... അവള്‍ രണ്ട് കൈ കൊണ്ടും മുഖം പൊത്തി"... അപ്പോഴേക്കും അവളുടെ കരച്ചില്‍ കേട്ട് താഴെ നിന്നും സുഭദ്രയും സാവിത്രിയമ്മയും മുകളിലേക്ക് എത്തിയിരുന്നു..... "അരുണ്‍.. എന്താ ഇവിടെ..? മോള് എന്തിനാ കരഞ്ഞത്" ? "അവളോട് തന്നെ ചോദിക്ക്" എന്നു പറഞ്ഞ് അരുണ്‍ ദേഷ്യത്തോടെ മുറിയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങി പോയി... "എന്താ മോളെ.." ? "അത് അമ്മേ ഞാന്‍ കുളിക്കാനായി പൈപ്പ് തുറന്നപ്പോള്‍ ബക്കറ്റിലേക്ക് ഒരു പല്ലി വീണു" .... " ഓ.. അത്രയേ ഉള്ളുവോ ? ഞാന്‍ അങ്ങ് പേടിച്ചു പോയി"...... മോൾടെ ദേഹത്തേക്കൊന്നും വീണില്ലല്ലോ "?? "ഇല്ല"..... " കുട്ടി നന്നായി പേടിച്ചിട്ടുണ്ട്"..... സാവിത്രിയമ്മ പറഞ്ഞു....... "മോള് താഴേന്നു കുളിച്ചോ... വാ" .... എന്ന് പറഞ്ഞു സുഭദ്ര അവളെ അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി..... "എന്ത്‌ പറ്റി? മോളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്"? "അവള് കുളിക്കാന്‍ കയറിയപ്പോള്‍ ബക്കറ്റിലേക്ക് പല്ലി വീണു... ആകെ പേടിച്ചു പോയി".... "ആള് ഇത്രയേ ഉള്ളൂ...... സംസാരം കേട്ടാല്‍ വിചാരിക്കും വലിയ ധൈര്യശാലി ആണെന്ന്" ..... "അമ്മേ അച്ഛൻ എന്നെ കളിയാക്കുന്നു".... " വേണ്ട ട്ടോ ദാസേട്ടാ... ആ"....... " ഓ ഇപ്പോൾ നിങ്ങൾ അമ്മയും മോളും ഒന്നായി... ഞാൻ പുറത്ത്‌..... അല്ലേ... എന്നു പറഞ്ഞു ദാസന്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി"... " മോള് കുളിച്ചോ" ... " ഉം" ........ പിന്നെ അവള്‍ മുകളിലേക്ക് പോയതേ ഇല്ല....... താഴെ ദാസന്റെയും സുഭദ്രയുടെയും കൂടെ സംസാരിച്ചിരുന്നു...... . . . . . . . . ഇവളിതെവിടെ പോയി!... കുളിക്കാന്‍ എന്നു പറഞ്ഞ് അമ്മയുടെ കൂടെ പോയതാണല്ലോ.... താഴെ പോയി നോക്കിയാലോ.... വേണ്ട.. അവളെവിടെ പോയാലും എനിക്കെന്താ........ എന്റെ ആരാ..... അരുണ്‍ മനസ്സിൽ ഓര്‍ത്തു...... . . . . "മോള് ഭക്ഷണം കഴിച്ച് കിടന്നോ... നാളെ പോവാന്‍ ഉള്ളതല്ലേ" .... "കുറച്ച് നേരം കൂടെ കഴിഞ്ഞിട്ട്" ..... "പറ്റില്ല... വൈകുന്നേരം വന്നിട്ടും ഒന്നും കഴിച്ചിട്ടില്ല.. വന്നേ അമ്മ ഭക്ഷണം എടുത്തു തരാം" ... "ചെല്ല് മോളെ" ...... അവള്‍ അനുസരണയുള്ള കുട്ടിയെ പോലെ സുഭദ്രയുടെ പിന്നാലെ നടന്നു..... " അമ്മേ അരുണേട്ടനെ വിളിക്കണ്ടേ" ? " അമ്മ വിളിക്കാം.. മോള് കഴിച്ചോ" ... " ഉം"..... " അരുണ്‍... താഴേക്ക് വാ... വന്നു ഭക്ഷണം കഴിക്കൂ"..... സുഭദ്ര താഴെ നിന്നും അരുണിനെ വിളിച്ചു..... അരുണ്‍ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു... സുഭദ്രയും ദാസനും.. കൂടെ സാവിത്രിയമ്മയും ഇരുന്നു... അരുണ്‍ ഇടയ്ക്കിടെ ദക്ഷയെ ഇടംകണ്ണിട്ട് നോക്കുന്നത് ദക്ഷ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... " നാളെ ഞാനും ദാസേട്ടനും തിരുവനന്തപുരം പോകും..... അച്ഛമ്മയ്ക്ക് വയ്യാ എന്ന് ചെറിയച്ഛൻ വിളിച്ചു പറഞ്ഞു..... മൂന്ന് നാല് ദിവസം കഴിഞ്ഞേ ഞങ്ങൾ വരുകയുള്ളൂ" .... അത് കേട്ടപ്പോള്‍ അരുണും ദക്ഷയും ഒരു പോലെ ഞെട്ടി..... "അമ്മേ... ഞാനിവിടെ ഒറ്റയ്ക്കാവില്ലേ" ... "അരുണ്‍ ഇല്ലേ... സാവിത്രിയമ്മയും ഇല്ലേ"!? " ഞാനും വരട്ടെ നിങ്ങളുടെ കൂടെ".... " ഞങ്ങള്‍ ചിലപ്പോൾ മൂന്ന് ദിവസത്തില്‍ കൂടുതല്‍ അവിടെ തങ്ങും... മോളുടെ കോളേജും പോകില്ലേ... അരുണും ഒറ്റയ്ക്കാവും"..... "എനിക്ക് ഒറ്റയ്ക്ക് നില്‍ക്കുന്നത് കൊണ്ട്‌ പ്രശ്നം ഒന്നുമില്ല".. " ഞങ്ങൾക്ക് പ്രശ്നം ഉണ്ട്" ... "ഞങ്ങൾ നാളെ രാവിലെ പോകും... മോളെ കോളേജില്‍ വിട്ടിട്ട് ആ വഴിക്ക്"... " അച്ഛാ അച്ഛമ്മയെ ഇവിടെ ആക്കാന്‍ പറയ് ചെറിയച്ഛനോട്".... " അതൊന്നും നടക്കില്ല അരുണ്‍... നാളെ ഞാനും സുഭദ്രയും പോകും... കൂടുതൽ സംസാരം വേണ്ട..... ആ പിന്നെ അരുണ്‍ ഭക്ഷണം കഴിച്ചിട്ട് ഒന്ന് എന്റെ മുറിയിലേക്ക് വരണം..ഓഫിസിലെ കുറച്ച് കാര്യങ്ങള്‍ പറയാൻ ഉണ്ട്" .... " ഉം.. ശരി" ... . . . . . . . . . . ഭക്ഷണം കഴിച്ച് അരുണ്‍ അച്ഛന്റെ അടുക്കലേക്ക് ചെന്നു..... "അച്ഛാ ഓഫിസിലെ എന്ത് കാര്യമാ പറയാൻ ഉള്ളത്"? " ഇവിടെ ഇരിക്ക്" ..... അരുണ്‍ അവിടെ ചെന്നിരുന്നു... " അരുണ്‍ നാളെ ഞങ്ങൾ പോകും എന്ന് പറഞ്ഞല്ലോ" .... " ഉവ്വ്" ..... "ദക്ഷ മോളുടെ എല്ലാ കാര്യവും നാലഞ്ച് ദിവസത്തേക്ക് ഞാൻ നിന്നെ ഏല്പിച്ചു" .... "അച്ഛാ"....... " അരുണ്‍ ഞാന്‍ പറയട്ടെ.... നിനക്ക് അവളെ ഇഷ്ടം അല്ല ഓക്കെ ഞാൻ സമ്മതിച്ചു... നിന്നോട് അവളെ ഇഷ്ടപ്പെടാൻ ഞാന്‍ പറയുന്നുമില്ല.... എന്നെയും നിന്റെ അമ്മയേയും വിശ്വസിച്ചാണ് രവി അവളെ നിന്റെ കയ്യിലേക്ക് ഏല്‍പ്പിച്ചത്... ദയവു ചെയത് ഞങ്ങൾ വരുന്ന വരെ.. അത്രയേ നിന്നോട് ആവിശ്യപ്പെടുന്നുള്ളൂ.... എനിക്ക് വേണ്ടി നീ അവളെ ശ്രദ്ധിക്കണം..... അവൾക്കൊരു കുറവും ഉണ്ടാകരുത്"..... " ഉം" .... " വാക്കാണോ" ? " ഉം. വാക്ക്" .... " ശരി... പൊയ്ക്കോ... ഓഫിസിലെ കാര്യങ്ങൾ എല്ലാം നീ ശ്രദ്ധിക്കും എന്നെനിക്ക് അറിയാം"...... " ഉം" ..... അരുണ്‍ മുറിയില്‍ ചെന്നപ്പോഴേക്കും ദക്ഷ ഉറങ്ങിയിരുന്നു........... പിറ്റേന്നു രാവിലെ ദക്ഷയെ കോളേജില്‍ ഇറക്കി ദാസനും സുഭദ്രയും യാത്ര പുറപ്പെട്ടു......... . . . . . . . . വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ദക്ഷ വേഗം കോളേജിന് പുറത്തേക്ക്‌ നടന്നു.... "നീ എന്തിനാ ദക്ഷേ ഇത്ര തിരക്ക് പിടിച്ച് ഓടുന്നത്" ?? "ഇനി രണ്ട് ദിവസത്തേക്ക് ഞാൻ ബസ്സില്‍ പോകണം... അച്ഛന്‍ വരില്ല... മാത്രമല്ല നല്ല മഴയും വരുന്നുണ്ട്.... ഞാൻ ആണേല്‍ കുടയും എടുത്തിട്ടില്ല" ........ "ആ എന്നാല്‍ വേഗം പൊയ്ക്കോ" ...... "ശെരി... നാളെ കാണാം" .... " ആ"........ വന്ന രണ്ട് ബസ്സിലും കാല് കുത്താനുള്ള സ്ഥലം പോലുമില്ല.... മഴ ചെറുതായി പെയ്യാനും തുടങ്ങി..... ഇനി ഇങ്ങനെ ഇവിടെ നിന്നാല്‍ ശരിയാകില്ല എന്ന് മനസ്സില്‍ ഓര്‍ത്തു ദക്ഷ പിന്നീട് വന്ന ആദ്യ ബസ്സില്‍ കയറി..... ബസ്സിറങ്ങി അഞ്ച് മിനിറ്റോളം നടക്കാൻ ഉണ്ട് വീട്ടിലേക്ക്...... അവള്‍ ബസ്സിറങ്ങി രണ്ടടി നടന്നപ്പോഴേക്കും മഴ തകർത്തു പെയ്യാന്‍ തുടങ്ങി..... അവള്‍ ബാഗും കൂട്ടി പിടിച്ച് വീട്ടിലേക്ക് ഓടി...... ഗേറ്റു തുറന്ന് വീട്ടിലേക്ക് കയറിയതും ഉമ്മറത്ത് നില്‍ക്കുന്ന അരുണിനെ ആണ് കണ്ടത്........ അവളെ കണ്ടതും അരുണ്‍ ദേഷ്യത്തോടെ ഒന്നു നോക്കി..... "നിന്നോടാരാ ബസ്സ് കയറി വരാൻ പറഞ്ഞത്" .... "അത് പിന്നെ അച്ഛൻ ഇല്ലാത്തത് കൊണ്ട്‌ ഞാൻ." ...... അത് പറയുമ്പോൾ തണുത്ത് വിറച്ചു അവളുടെ പല്ലുകള്‍ കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു... അവന്‍ അവളെ തന്നെ നോക്കി നിന്നു.... മഴ കൊണ്ട്‌ നെറ്റിയില്‍ നിന്നവളുടെ സിന്ദൂരം ഒലിച്ചിറങ്ങി നിലത്തേക്ക് ഓരോ തുള്ളികളായി വീണു കൊണ്ടിരുന്നു.... അവളുടെ കണ്ണിലെ കണ്മഷി ആകെ പരന്നിരുന്നു ....വെള്ളതുള്ളികള്‍ പതിച്ച് അവളുടെ മൂക്കുത്തി പതിവിലും കൂടുതൽ തിളങ്ങുന്നതായ് അവനു തോന്നി..... എന്ത്‌കൊണ്ടോ അവനവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല.... "എന്താ കുഞ്ഞേ... ആകെ നനഞ്ഞല്ലോ? കുട കൊണ്ട് പോയില്ലായിരുന്നോ" ? "ഇല്ല... മറന്നു പോയി സാവിത്രിയമ്മേ" ..... "നല്ല കഥ... ഇങ്ങനെ നനഞ്ഞു നില്‍ക്കാതെ വന്നേ... ഞാൻ തോര്‍ത്ത് എടുത്ത് തരാം... എല്ലായിടത്തും ഓരോ പനി ഒക്കെ ഉള്ളതാ" .... എന്ന് പറഞ്ഞു കൊണ്ട് സാവിത്രിയമ്മ അവളെ കൂട്ടി അകത്തേക്ക് കയറി .... . . . . . . . മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു...... കൂടെ ഇടിയും മിന്നലും........ അരുണ്‍ മുറിയിലേക്ക് കയറിയപ്പോള്‍ ദക്ഷ കസേരയില്‍ രണ്ടു കാലും കയറ്റി വച്ച് ഇരിക്കുന്നു... " നീ കുളിക്കുന്നില്ലേ" ? "ഇല്ല.... നല്ല മിന്നല്‍ ഉണ്ട്" .... "അതുകൊണ്ട്‌" ... "മിന്നല്‍ ഉള്ളപ്പോൾ വെളളം തൊടരുത്....... അത് അറിയില്ലേ" ? "എന്നിട്ടാണോ കഴുതേ ഈ നനഞ്ഞ വസ്ത്രം മാറ്റാതെ ഇവിടെ ഇരിക്കുന്നത്" ....... "എനിക്ക് കാല് നിലത്ത് വയ്ക്കാൻ പേടി ആയിട്ടാ"...... " ഈശ്വരാ..... ഇങ്ങനെ ഒരു സാധനം.... നീ നിലത്തേക്കു നോക്ക്" .... അവള്‍ ഇരുന്നിടത്തെല്ലാം അവളുടെ വസ്ത്രത്തില്‍ നിന്നുമുള്ള വെള്ളമായിരുന്നു...... അവള്‍ പേടിച്ച് കൊണ്ട്‌ അരുണിനെ നോക്കി... " പോയി വേഷം മാറ്റി വാടി" ..... അവള്‍ ഓടി പോയി അലമാരയില്‍ നിന്നും അവളുടെ വസ്ത്രങ്ങൾ എടുത്ത് കുളിമുറിയിലേക്ക് ഓടി .... അവളുടെ ഓട്ടം കണ്ട് അരുണിന് ചിരി വന്നു....... ഇങ്ങനെ ഒരു പൊട്ടത്തി...... തുടരും........... ദക്ഷിണ....... Part :8 അവള്‍ ഓടി പോയി അലമാരയില്‍ നിന്നും അവളുടെ വസ്ത്രങ്ങൾ എടുത്ത് കുളിമുറിയിലേക്ക് ഓടി .... അവളുടെ ഓട്ടം കണ്ട് അരുണിന് ചിരി വന്നു....... ഇങ്ങനെ ഒരു പൊട്ടത്തി...... കുളിമുറിയില്‍ നിന്നും പുറത്തിറങ്ങി അവൾ സാവിത്രി അമ്മയുടെ അടുക്കലേക്ക് ചെന്നു........ സുഭദ്രയും ദാസനും ഇല്ലാത്തതിനാല്‍ അന്ന് അവർ എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ചു....... ഭക്ഷണം കഴിച്ചു പത്രങ്ങൾ എല്ലാം കഴുകി വച്ചവൾ മുറിയിലേക്ക് ചെന്നു... ഇടിയും മിന്നലും ശക്തമാകാൻ തുടങ്ങി...... അവള്‍ കസേരയില്‍ കയറി ഇരുന്നു...... "നീ കടക്കുന്നില്ലേ" ...... അവള്‍ പേടിയോടെ അരുണിനെ നോക്കി.... അവന് കാര്യം മനസ്സിലായി... "നല്ല മിന്നല്‍ ഉണ്ട്.. നീ കിടക്കയിൽ കിടന്നോ.. ഞാൻ തറയില്‍ കിടന്നോളാം" .... "അത് വേണ്ട......ഞാൻ സമ്മതിക്കില്ല" ... "നിന്റെ സമ്മതം ആര്‍ക്കു വേണം"? പെട്ടന്ന് ശക്തമായ മിന്നലടിച്ചു.... അവൾ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് അരുണിനെ കെട്ടിപിടിച്ചു.... "അരുണ്‍ ഞെട്ടി" ..... " എടി..... വിട്.... എനിക്ക് ശ്വാസം മുട്ടുന്നു"...... അവള്‍ എന്തോ ഓര്‍ത്തതു പോലെ പെട്ടന്നു തന്നെ അരുണിൽ നിന്നും മാറി നിന്നു.... വീണ്ടും മിന്നലടിച്ചപ്പോൾ അറിയാതെ തന്നെ അവൾ അരുണിനെ പിടിക്കുവാനായി തുനിഞ്ഞു.....പെട്ടന്ന് അവൾ കൈ പിറകോട്ട് വലിച്ചു...... "ശരി.. നീ ഇവിടെ കിടക്ക്... ഞാൻ അച്ഛന്റെയും അമ്മയുടെയും മുറിയില്‍ കിടക്കാം" ... "ഞാൻ ഒറ്റയ്ക്കു കിടക്കില്ല... എനിക്ക് പേടിയാണ്" ...... "ഓ... ഇത് വലിയ തലവേദന ആയല്ലോ" ..... അവള്‍ നിസ്സഹായതയോടെ അരുണിനെ നോക്കി...... "അരുണ്‍ കിടക്കയിൽ ചെന്നിരുന്നു" ... " ഒാരോ ഇടിക്കും അവൾ അവളുടെ കൈകൾ കൊണ്ട്‌ ചെവി പൊത്തി പിടിച്ചു"..... അവളുടെ ആ പേടിച്ചരണ്ടുള്ള നില്‍പ്പ് അരുണിൽ വല്ലാതെ കൗതുകമുണർത്തി.. " വാ... ഇവിടെ വന്ന് കിടക്ക്"...... അവള്‍ വിശ്വാസം വരാത്ത പോലെ അവനെ നോക്കി... " ഉണ്ട കണ്ണ് മിഴിച്ചു നില്‍ക്കാതെ ലൈറ്റ് ഓഫ് ചെയ്ത് വന്നു കിടക്കെടി"...... അവള്‍ ഓടി ചെന്നു ലൈറ്റ് ഓഫ് ചെയ്ത് കിടക്കയിൽ ഒരറ്റത്ത് ചുരുണ്ട് കൂടി കിടന്നു... അരുണിന് ഉറങ്ങാനെ കഴിഞ്ഞില്ല...... കുറച്ച് കഴിഞ്ഞ് അവന്‍ എണീറ്റ് ലൈറ്റ് ഇട്ട് ദക്ഷയെ നോക്കി അവൾ താൻ കെട്ടിയ താലി കൈക്കുളളിൽ മുറുകെപ്പിടിച്ച് കിടക്കുകയാണ്....... അവന്‍ പുതപ്പെടുത്ത് അവളുടെ മേല്‍ ഇട്ടു...... ബാൽക്കണിയിലേക്ക് നടന്നു.... എന്തൊക്കെയാ മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചതായി അരുണിന് തോന്നി.... മനസ്സിന്റെ ഏതോ ഒരു കോണില്‍ തനിക്ക് അവളോട് സ്നേഹം ഉണ്ടോ!! തുടക്കത്തിൽ അവളെ ശ്രദ്ധിക്കാൻ പോലും ഇഷ്ടമില്ലാത്ത താനിപ്പോൾ.......................... അവന്റെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ന്നു........ അവന്‍ തിരിച്ചു മുറിയിലേക്ക് പോയി....... ദക്ഷ നല്ല ഉറക്കത്തിലാണ്... അവന്‍ ലൈറ്റ് ഓഫ് ചെയ്തു കിടന്നു.......... പിറ്റേന്ന് രാവിലെ ദക്ഷ എഴുന്നേറ്റപ്പോഴും മഴ തോർന്നിട്ടില്ലായിരുന്നു........ ഒരു അവധിയുടെ കാറ്റ്‌ വീശുന്നുണ്ടല്ലോ എന്നു മനസ്സിലോർത്തു അവൾ ഓടി ചെന്നു ടിവി ഓണ്‍ ചെയ്തു.......... "സാവിത്രിയമ്മേ.... തിരക്കിട്ട് ഭക്ഷണം വയ്ക്കേണ്ട.... എനിക്ക് ഇന്ന് കോളേജ് അവധി ആണ്" ... "മഴ ആയതു കൊണ്ടാണോ കുഞ്ഞേ?" "ആ അതേ" ........ "ഇനി നാളെയും ഇല്ല..... ടീച്ചർമാരെല്ലാം വാല്വേഷനു പോവാ... പിന്നെ ശനിയും ഞായറും അവധി അല്ലേ...... ഹായ് ... നാല് ദിവസം ഇനി പോകണ്ട".... " ഞാൻ പോയി കുളിച്ചിട്ടു വരാം" .... " ശരി കുഞ്ഞേ"...... അരുണ്‍ എണീറ്റിട്ടും ദക്ഷയെ കണ്ടില്ല... അല്ലെങ്കിൽ ഒരു നൂറ് പ്രാവിശ്യം തന്റെ മുന്നിലൂടെ യക്ഷി നടക്കുന്ന പോലെ പാദസരം കിലുക്കി കൊണ്ട്‌ നടക്കുന്നവളാണ്.... അവനെഴുന്നേറ്റ് താഴേക്കു ചെല്ലാനായി കോണി പടികള്‍ ഇറങ്ങുമ്പോൾ അടുക്കളയില്‍ നിന്ന് അവളുടെ സംസാരം കേട്ടു... അവനവിടെ നിന്നു.... "അരുണിന് ഭയങ്കര ദേഷ്യം ആണല്ലേ മോളോട്" .... "ഏയ് ദേഷ്യം ഒന്നുമില്ല..... പാവം ആണ്.. പിന്നെ എന്റെ കൈയിലിരിപ്പ് കൊണ്ട്‌ ആര്‍ക്കായാലും ദേഷ്യം പിടിക്കും" ...... "എനിക്കറിയാം കുഞ്ഞേ എല്ലാം........ മോള് വിഷമിക്കണ്ട എല്ലാം ശരിയാകും" ... "എനിക്ക് വിഷമം ഒന്നുമില്ല.... എനിക്ക് ഇതൊക്കെ ശീലം ആണ്...എന്റെ വിധിയാ സാവിത്രിയമ്മേ.... അല്ലെങ്കിൽ ഒന്നു ഓര്‍ത്തു നോക്കിക്കേ...എത്രയോ മുമ്പേ അമ്മയെ ഈശ്വരന്‍ കൊണ്ടു പോയി..... പിന്നെ അച്ഛൻ... എന്നോട് ഒരുപാട് സ്നേഹം ഉണ്ട്.... പക്ഷേ എനിക്ക് ഓര്‍മ വച്ചതു മുതൽ അച്ഛൻ എന്നെ ഒന്നു മോളെ എന്നു പോലും വിളിച്ചിട്ടില്ല.... ഞായറാഴ്ചകളില്‍ പോലും അച്ഛനെ എനിക്ക് കിട്ടാറില്ല... ആ വീട്ടിനുള്ളില്‍ ഞാൻ എപ്പോഴും ഒറ്റയ്ക്കായിരുന്നു..... പിന്നെ ജീവിതം......... അതും അച്ഛന്റെ ഇഷ്ടം... ഇടുന്ന വസ്ത്രങ്ങൾ, പഠിക്കേണ്ട വിഷയങ്ങള്‍,ഇപ്പോൾ ദേ കല്ല്യാണം വരെ അച്ഛന്റെ തീരുമാനം.... പക്ഷേ ഞാൻ എല്ലാം സമ്മതിച്ചു കൊടുക്കും കേട്ടോ...... എന്റെ അച്ഛന് ഞാൻ അല്ലേ ഉള്ളൂ...... ഇവിടെ ഒന്നുമില്ലെങ്കിലും അമ്മയും അച്ഛനും ഇല്ലേ... ഇത്രയ്ക്ക് സ്നേഹമൊന്നും എനിക്ക് ഇതു വരെ കിട്ടിയിട്ടില്ല.... അതു കൊണ്ട്‌ എനിക്ക് പരാതി ഒന്നുമില്ല.... എല്ലാവരുടെ സ്നേഹവും കിട്ടണം എന്നു വാശി പിടിക്കുന്നത് അതിമോഹമല്ലേ..... ചില പിള്ളേരൊക്കെ ഈ പ്രേമം ഒക്കെ പൊട്ടിയതിന് കരയുന്നതു കാണുമ്പോഴും , ആത്മഹത്യ ചെയ്യാൻ നോക്കി എന്നു കേള്‍ക്കുമ്പോഴുമൊക്കെ ഞാൻ ചിന്തിക്കാറുണ്ട് എന്നെ പോലെ ഉള്ള കുട്ടികള്‍ ഒക്കെ അപ്പൊ എന്ത് ചെയ്യണം എന്ന്.... ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ആരും ഇല്ലാത്തവരായി കഴിഞ്ഞ് കൂടേണ്ട ഗതിക്കേട്... നമ്മുടെ അച്ഛനും അമ്മയും സ്നേഹിക്കുന്നതു പോലെ ലോകത്ത് ആര്‍ക്കും നമ്മളെ സ്നേഹിക്കാന്‍ കഴിയില്ലേ... ഇനി അങ്ങനെ സ്നേഹിക്കുന്നവര്‍ ഉണ്ടെങ്കിൽ ഒരു കാലത്തും ഒരു കാരണത്തിന്റെ പേരിലും അവർ നമ്മളെ ഉപേക്ഷിക്കില്ല".... " അത് ശരിയാ കുഞ്ഞേ.. എന്റെ മോന്‍ എന്നെ ഉപേക്ഷിച്ചിട്ടും ഇന്നും അവന്റെ നന്മയ്ക്കായേ ഞാൻ പ്രാര്‍ത്ഥിക്കാറുള്ളൂ".. അവരുടെ കണ്ണുകള്‍ നിറഞ്ഞു..... ദക്ഷ വേഗം വിഷയം മാറ്റി.... " അയ്യോ അരുണേട്ടൻ എഴുന്നേറ്റു കാണും ഞാൻ ഈ ചായ ഒന്നു കൊണ്ടു കൊടുക്കട്ടെ".... "ശരി കുഞ്ഞേ"... അത് കേട്ടതും അരുണ്‍ വേഗം മുകളിലേക്ക് ഓടി... മുറിയില്‍ കയറി ഫോൺ എടുത്തു കിടക്കയിലിരുന്നു... " ചായ" ..... "അവിടെ വച്ചോ" ....... അവൾ ചായ കൊണ്ട്‌ മേശപ്പുറത്ത്‌ വച്ചു... " നിനക്ക് ഇന്ന് ക്ലാസ്സില്ലേ"....... " ഇല്ല മഴ കാരണം അവധിയാ" ..... " ഉം"..... അവള്‍ താഴേക്ക് പോയി........ അവള്‍ പറഞ്ഞ വാക്കുകൾ അരുണിന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു....... അവനവളോട് വല്ലാത്ത സഹതാപം തോന്നി...... താന്‍ പക്വതയില്ല എന്ന് കരുതിയ പെണ്ണിന് പല കാര്യത്തിലും തന്നെക്കാൾ ഏറെ പക്വതയുണ്ടെന്ന് അവൻ ചിന്തിച്ചു ...... . . . . . . . . . . ഓഫീസിലെത്തിയിട്ടും അവനൊന്നിലും ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല... അവന്‍ പെട്ടന്നു ഫോൺ എടുത്ത് സുഭദ്രയെ വിളിച്ചു.... "ഹലോ അമ്മേ" .... "എന്താ മോനെ....എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? " "അതെന്താ പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിലെ എനിക്ക് അമ്മയെ വിളിക്കാൻ പറ്റുള്ളൂ" ?? "അല്ല മോനെ.. നീ സാധാരണ വിളിക്കാറില്ലല്ലോ" ...... "ഉം"........ "അച്ഛമ്മയ്ക്ക് എങ്ങനെ ഉണ്ട്" ? " തീരെ വയ്യ" ... "നിങ്ങൾ രണ്ട് പേരും ഇങ്ങോട്ട് വരണം... അച്ഛമ്മയ്ക്ക് നിങ്ങളെ കാണണം എന്നു പറയുന്നുണ്ട്" .... " അതൊന്നും പറ്റില്ല.....ഞാൻ വേണമെങ്കില്‍ വരാം... അവളെ എന്റെ കൂടെ കൊണ്ടുവരുമെന്ന് വിചാരിക്കണ്ട" ..... "അങ്ങനെ നീ മാത്രമായി വരണ്ട"...... "ഓ.... അല്ലെങ്കിലും നിങ്ങള്‍ക്ക് ഇപ്പോൾ അവളെ മതിയല്ലോ"...... " ആ മതി... അവള്‍ ഞങ്ങളെ പൊന്നു മോളാണ്".... " ആ പൊന്നു മോള് ഇപ്പോൾ എന്റെ കൂടെയാ.... നിങ്ങൾ വരുമ്പോഴേക്കും അവളെ ഞാൻ ചെമ്പ് ആക്കി തരാം"....... " എടാ.. അതിനെ വിഷമിപ്പിക്കരുത്"..... "അമ്മ വച്ചോ"..... " മോനെ ഞാൻ പറഞ്ഞത്".... " ഒന്നും പറയണ്ട...... ഒരു പൊന്നു മോള്... നിങ്ങളെ വിളിച്ച എന്റെ മണ്ടയ്ക്കാദ്യം അടിക്കണം... നിങ്ങള് അവളെ വിളിച്ചോ".... എന്ന് പറഞ്ഞവൻ കോൾ കട്ട് ചെയ്ത്...... " ആരാ വിളിച്ചത്"? " അരുണ്‍ ആണ്"... " നമ്പര്‍ മാറി വിളിച്ചതാവും അല്ലേ" ? " ഏയ് അല്ല..... അവന്‍ വെറുതെ വിളിച്ചതാ എന്നു പറഞ്ഞു".... " അങ്ങനെ സംഭവിക്കാന്‍ വഴി ഇല്ലല്ലോ".... " അവന്റെ സംസാരത്തില്‍ ഒരു മാറ്റം ഒക്കെ ഉണ്ട് ദാസേട്ടാ......അവനാ പഴയ അരുണ്‍ ആയാല്‍ മതിയായിരുന്നു" ...... . . . . . . . . . അവന്‍ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോഴേക്കും ദക്ഷ ഉമ്മറത്തേക്ക് ഓടി വന്നു...... " നിനക്കീ ചിലങ്ക ഒന്നു അഴിച്ചു വച്ചൂടെ.... യക്ഷികള്‍ നടക്കുന്നത് പോലെ"... അവന്‍ ദേഷ്യത്തോടെ അതും പറഞ്ഞു അകത്തേക്ക് പോയി......... വെറുതെ അവളോട് ഇങ്ങനെ ചൂടാവാന്‍ ഒരു രസം....... അവന്‍ മനസ്സിലോർത്തു..... "ചായ" ........... "എനിക്ക് വേണ്ട"...... "ഞാൻ പാദസരം അഴിച്ചു.... അതുകൊണ്ട്‌ ദേഷ്യം പിടിച്ച് ചായ കുടിക്കാതെ നിക്കണ്ട"..... എന്നു പറഞ്ഞവൾ ചായ മേശപ്പുറത്ത് വച്ച് താഴേക്കു പോയി.. . . . . . . പിറ്റേ ദിവസം അരുണ്‍ ജോലി കഴിഞ്ഞ് വന്നപ്പോൾ ദക്ഷയെ പുറത്തൊന്നും കണ്ടില്ല...... സാധാരണ കാറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും അവൾ ഉമ്മറത്തേക്ക് ഓടി വരുന്നതാണല്ലോ.... അവന്‍ ഹാളിലേക്ക് കയറി അവിടെയും അവളെ കണ്ടില്ല..... തന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ വരുമായിരിക്കും എന്നു കരുതി അവൻ ഉറക്കെ സാവിത്രിയമ്മയെ വിളിച്ചു.. "സാവിത്രിയമ്മേ"....... "ഓ"...... "എനിക്ക് ഒരു ചായ വേണം" .... എന്ന് പറഞ്ഞവൻ കസേരയില്‍ ഇരുന്നു.... "ഇപ്പോൾ കൊണ്ട് വരാം കുഞ്ഞേ" ..... ദക്ഷയെ അവിടെയെങ്ങും കണ്ടില്ല.... ഇനി വീട്ടില്‍ എങ്ങാനും പോയി കാണുമോ...... അവന് എന്തോ അസ്വസ്ഥതക്കേട് തോന്നി...... ഈ പെണ്ണിത് എവിടെ പോയി!!! അവന് ദേഷ്യം വരാൻ തുടങ്ങി.... തുടരും...........
30k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post