"വിവാഹം കഴിഞ്ഞു ഏറിപ്പോയാൽ രണ്ടുമാസം അത്രവരെയെ കാണുള്ളൂ കുടുംബവീട്ടിൽ... അതു കഴിഞ്ഞാൽ ധ്രുവ് നിന്നെയും കൂട്ടി ബാംഗ്ലൂർക്ക് ഷിഫ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞത്..." അച്ഛന്റെ വാക്കുകൾ പിന്നെയും പിന്നെയും മനസ്സിൽ ഉരുവിട്ടുകൊണ്ടാണ് ആ നാലുകെട്ടിലേയ്ക്ക് നിലവിളക്കുമായി കാലെടുത്തുവച്ചത്... അച്ഛനും അമ്മയും സഹോദരങ്ങളും മുത്തശ്ശനും മുത്തശ്ശിയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ബന്ധുജനങ്ങൾ കൊണ്ടു സമൃദ്ധമായിരുന്നു അന്നത്തെ ദിവസം ... വിവാഹം കൂടാനെത്തി യവരെന്നായിരുന്നു ആദ്യം ധരിച്ചത് ... കല്യാണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും യാത്ര പോകുന്ന മട്ടി ല്ലെന്ന് കണ്ടപ്പോഴാണ് മനസ്സിലായത് ഒട്ടുമിയ്ക്കപേരും നാലുകെട്ടിന്റെ സ്വന്തക്കാർ തന്നെയാണെന്ന്... ആദ്യരാത്രി തന്നെ കട്ടിലിനടിയിൽ പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ചെറിയച്ഛന്റെയും വല്യമ്മയുടെയും മക്കൾ സ്വയം പരിചയപ്പെടൽ നടത്തിയത്... ധ്രുവ് എങ്ങനെയൊക്കെയോ വലിയ കുട്ടികളെ ഓടിപ്പായിച്ചതും നാലും അഞ്ചും വയസ്സു ചെന്ന മൂന്നു കുട്ടികളുമായി ധ്രുവിന്റെ അനുജത്തി കയറിവന്നു ... ഇളയച്ഛന്റെ കൂടെ കിടന്നാലേ ഉറക്കം വരുള്ളുവത്രേ ... രണ്ടു നാത്തൂന്മാരിൽ മൂത്തതിന്റെ കുട്ടികളാണ്... രാവിലെ മുതൽക്കുള്ള ക്ഷീണം അതിന്റെ കൂടെ കുട്ടിക്കുരങ്ങുകളുടെ തൊഴിയും ചവിട്ടും ... ദേഷ്യത്തോടെ ധ്രുവനെ നോക്കുമ്പോഴെല്ലാം ചമ്മലോടെ കണ്ണടച്ചു കാണിയ്ക്കുന്നുണ്ടായിരുന്നു... വെളുപ്പിനെ എഴുന്നേറ്റ് ശീലമില്ലാതിരുന്ന ഞാൻ പുതപ്പിൽ നനവ് പടർന്നത് അറിഞ്ഞു ചാടിയെഴുന്നേറ്റു ... കുട്ടികൾ എഴുന്നേറ്റു പൊയ്ക്കഴിഞ്ഞിരിയ്ക്കുന്നു ...ചേച്ചി വെള്ളം തൊട്ടു ബെഡ്ഷീറ്റ് ചെറുതായി തുടച്ചെടുക്കയാണ്... " മോളുടെ ഉറക്കം പോയല്ലേ... ഇന്നലെ വരെ അവന്റെ കൂടെയല്ലേ മക്കൾ കിടന്നേ അതായിരുന്നു ഇന്നലെ വാശി... ഇന്ന് തൊട്ട് അതൊക്കെ മാറ്റിയെടുക്കാംട്ടോ... " ചിരിച്ചുകൊണ്ട് ചേച്ചി പുതപ്പ് വലിച്ചെടുത്തു ... "രാത്രി ബാത്റൂമിലേയ്ക്ക് പോകാൻ പറഞ്ഞാൽ ഇളയവൻ കേൾക്കെ ഇല്ല അതൊണ്ടിപ്പോ എന്താ രാവിലെ എഴുന്നേറ്റാൽ ഇതാണിപ്പോൾ എന്റെ പാട്... " ഞാൻ പതിയെ ജനലിനരുകിലേയ്ക്ക് ചെന്നു നിന്നു... "കുട്ടി വേഗം താഴേയ്ക്ക് പൊന്നോളൂ രാവിലെ എല്ലാവരും ഒത്തിരുന്നെ ആഹാരം കഴിയ്ക്കുള്ളൂ അതു മുത്തശ്ശന് നിർബന്ധം ആണ്..." പോകുന്നവഴി അതും പറഞ്ഞുകൊണ്ട് ഏട്ടത്തി മുറിയിൽ നിന്നു പോയപ്പോൾ ഞാൻ ക്ലോക്കിലേയ്ക്ക് നോക്കി ഏഴ് മണിയാകുന്നു ...വീട്ടിൽ ഒന്പതടിയ്ക്കാതെ കണ്ണു തുറക്കാത്ത ഞാൻ ആണ്... അടുക്കളയിലേക്ക് എത്തുന്നതിനു മുൻപേ അറിയാൻ കഴിയുമായിരുന്നു എന്തായിരിക്കും കഴിയ്ക്കാനെന്നു ... കായ് കൂട്ടാന്റെ മണം... കടുക് തളിയിക്കുന്ന ശബ്ദം... അമ്മ വെന്ത കഞ്ഞി അടുപ്പിൽ നിന്ന്താഴ്ത്തി വയ്ക്കുകയാണ്... പെട്ടെന്ന് വീടോർമ്മ വന്നു ... രാവിലെ എഴുന്നേൽക്കുമ്പോഴേയ്ക്കും വീട്ടിൽ അച്ഛനും അമ്മയും ഓഫീസിൽ പോയിരിക്കും ഡൈനിങ്ങ് ടേബിളിൽ ഒന്നുകിൽ കോണ്ഫലക്‌സ് അല്ലെങ്കിൽ ബ്രെഡും ബട്ടർബോട്ടിലും അതിലും കവിഞ്ഞൊരു പ്രഭാതഭക്ഷണം കാണണമെങ്കിൽ അച്ഛമ്മ വീട്ടിൽ വന്നു നിൽക്കണം അതും അപൂർവ്വം ... "മോളുണർന്നു കുളിയും കഴിഞ്ഞോ...?" ധ്രുവന്റെ അമ്മ എന്റെ മുടിയിൽ നിന്നു തോർത്തിന്റെ കെട്ടഴിച്ചു ... "വെള്ളം ഇറ്റ് വീഴുവാ ശ്രീദേവി അവളുടെ മുടിയൊന്നു തോർത്തികൊടുക്കു .." അടുക്കളയിലെ ചിരവതട്ടിനു മുകളിലിരുന്നു കൊണ്ടു വലിയമ്മമാരിൽ ഒരാൾ അമ്മയോട് പറയുന്നുണ്ട്... അമ്മ മുടി തോർത്തിത്തന്നു കഴിഞ്ഞതും മുത്തശ്ശി രാസ്നാദി ഉച്ചിയിൽ തൊട്ടതും ഒരുമിച്ചായിരുന്നു .. "വെള്ളം മാറിയാലും പനി പിടിയ്ക്കും...ഇതു കുട്ടി കയ്യിൽ വച്ചേക്കു ട്ടോ എന്നും രാവിലെ കുളി കഴിഞ്ഞാൽ ഇത് നെറുകുമെലെ തൊടണം അവിടെ പോയാച്ചാലും .... " അതു പറയുമ്പോൾ അവരുടെ കണ്ണുകൾ ചെറുതായി നിറയുന്നുണ്ടായിരുന്നു... ഭക്ഷണം കഴിയ്ക്കുമ്പോഴായിരുന്നു ധ്രുവനെ ഒന്നു കണ്ടു കിട്ടിയത്...ഡൈനിങ്ങ് ടേബിളിൽ ഇരുപതിലധികം കസേരകൾ... ധ്രുവന്റെ അനുജത്തി എന്റെ കൂടെയെ ഇരിക്കൂ എന്നു വാശി പിടിയ്ക്കുന്നുണ്ടായിരുന്നു അമ്മ അവളെ വഴക്കു പറയുമ്പോഴും അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ ആദ്യമായി ഞാൻ ആ നാലുകെട്ടിനു വേണ്ടി ഒരു പുഞ്ചിരി നൽകി എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്ന അതിനു വേണ്ടി വാശി പിടിയ്ക്കുന്ന ഒരനിയത്തികുട്ടി എന്റെ ആദ്യാനുഭവം ആയിരുന്നു... ധ്രുവന്റെ ദയനീയമായ നോട്ടം വകവയ്ക്കാതെ ഏട്ടത്തിയുടെയും അവളുടെയും നടുക്കായി ഇരിയ്ക്കുമ്പോൾ ഒരു രാജകുമാരിയുടെ ഭാവമായിരുന്നു എനിയ്ക്ക്... കാപ്പികുടി കഴിഞ്ഞു മുറിയിലേയ്ക്ക് വന്നപ്പോഴായിരുന്നു ധ്രുവ് ഒരു പൊതി എന്നെ ഏൽപ്പിച്ചത് എന്താണെന്ന ഭാവത്തിൽ ഞാൻ മുഖമുയർത്തവേ ധ്രുവ് പറഞ്ഞു തുടങ്ങി ... "റൂട്ടിൻ ഒന്നും തെറ്റിയ്ക്കണ്ട.. കഞ്ഞിയും കറിയുമൊന്നും ശീലമില്ലാത്ത ആളല്ലേ.. തന്റെ സ്ഥിരം ബ്രേക്ഫാസ്റ്റാണ് ഇതിൽ പകുതി ബാക്കിയാക്കി വച്ചുപോയ പ്ളേറ്റ് ഞാൻ കണ്ടിരുന്നു ... " എന്തോ കള്ളത്തരം കണ്ടുപിടിച്ച മട്ടിൽ എന്നെ നോക്കി പറഞ്ഞ ധ്രുവിന്റെ മുഖത്തേയ്ക്ക് ഞാനൊരു പുഞ്ചിരിയെറിഞ്ഞു... കടലാസു പൊതി തിരികെ ആ കയ്യിൽ തന്നെ വച്ചുകൊടുത്തു... " എന്റെ ഇരുപത്തിനാലു വർഷക്കാലത്തെ ജീവിതത്തിനിടയിൽ ഇത്രയും സ്വാദേറിയ ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല ... വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന ഭക്ഷണത്തിനെക്കാൾ സൗന്ദര്യം മറ്റെന്തിനാണ് ...?പകുതിയാക്കിയ പ്ളേറ്റ് മാത്രമേ ധ്രുവൻ കണ്ടുള്ളൂ ..?എത്രാമത്തെ വട്ടമാണ് ഞാൻ വീണ്ടും വീണ്ടും അതു കഴിച്ചത് എന്നറിഞ്ഞില്ലേ...!" പറഞ്ഞുതീരുന്നതിനു മുൻപേ വാതിൽ തള്ളിതുറന്നു കൊണ്ടു കുട്ടിപട്ടാളങ്ങൾ മുറിയ്ക്കുള്ളിൽ മാർച്ച് നടത്തിതുടങ്ങി... "ഇളയമ്മയെ ഞങ്ങൾ കൊണ്ടു പോകുവാണ് വൈകിട്ട് തിരിച്ചു തരാം..." ധ്രുവൻ വായും പൊളിച്ചുനിൽക്കെ എന്റെ കയ്യും പിടിച്ചു കൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു.... വയലിൽ പൂട്ടുന്ന സമയമാണ് കുട്ടികളെല്ലാം ചെളിയിൽ ഉരുണ്ടു മറിയുന്നു .... അച്ഛൻ കാളകളെ കൊണ്ടുവന്ന ആളുമായി എന്തോ കാര്യമായി സംസാരിയ്ക്കുന്നുണ്ട്... അമ്മയും ചെറിയമ്മയും വരമ്പിലൂടെ വലിയ ചോറ്റുപാത്രങ്ങളുമായി വരുന്നത് കണ്ടപ്പോഴാണ് രാവിലെ ഭക്ഷണം കഴിയ്ക്കാൻ അച്ഛൻ ഇല്ലായിരുന്നല്ലോ എന്നു ഓർത്തത്... തോട്ടിൽ കാലുമിട്ട് വെറുതെ നത്തയ്‌ക്ക ഒഴുകുന്നതും നോക്കി നിന്ന എന്നെ അമ്മ ചേർത്തുപിടിച്ചു കൊണ്ടു തണൽ ഉള്ള ഇടം നോക്കിയിരുന്നു ... "മോള് കഴിച്ചല്ലോ ..?" പ്ലാവില കരണ്ടി കൊണ്ടു കഞ്ഞിയൂറി കുടിയ്ക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു ...അതെയെന്ന് തലയാട്ടി... ചെറിയച്ഛന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചു കൊടുക്കുന്നതോടൊപ്പം ചെറിയമ്മയുടെ വായിലേക്ക് ഒരു ഇലകുമ്പിൾ കഞ്ഞിയെത്തുന്നത് കണ്ടു എനിയ്ക്ക് ചിരി പൊട്ടി ... "അടങ്ങിയിരിക്കുന്നു കൊച്ചിരിക്കുന്നത് കണ്ടില്ലേ..." " അത് ഞാൻ കണ്ടല്ലോ... മോളിങ്ങു് അടുത്തേയ്ക്ക് വായോ ...." ചെന്നതും വേണ്ടായെന്നു പറഞ്ഞു വിലക്കിയിട്ടും അച്ഛനും ചെറിയച്ചനും വായിൽ വച്ചു തന്നിട്ടെ സമാധാനപ്പെട്ടുള്ളൂ... തലേദിവസത്തെ രാത്രിയേക്കാൾ ഈ രാത്രി സുഖപ്രദമായാണ് തോന്നിയത്... മണിയറയൊരുക്കി മുല്ലപ്പൂക്കളും വിതറി കാത്തിരുന്ന ധ്രുവന്റെ മുന്നിലേയ്ക്ക് ഏടത്തിയുടെ മക്കളും ഞാനും ചെന്നു ... പ്രയാസപ്പെട്ട് ചിരി വരുത്തിയ്ക്കാൻ ധ്രുവ് ശ്രമിയ്ക്കുമ്പോൾ ഞാൻ ആ കാതിൽ മെല്ലെ പറഞ്ഞു ... "റൂട്ടിൻ ഒന്നും തെറ്റിയ്ക്കണ്ട.. ഇന്നലെ വരെ എങ്ങനെയോ അതുപോലെ ഇനിയും... മക്കൾ ഇവിടെ കിടന്നോട്ടെ ..." മൂന്നു കുന്നിമണികളെയും ഇറുകെ ചേർത്തുപിടിച്ചു കട്ടിലിലേക്ക് മറിയുമ്പോൾ ധ്രുവൻ നിലത്തു പായ വിരിയ്ക്കുന്നുണ്ടായിരുന്നു... " ഇതിന്റെ ഇരട്ടി നിന്റെ വയറ്റിൽ വിതച്ചില്ലെങ്കിൽ ഈ ധ്രുവനെ നീ ആണായിട്ട് കൂട്ടേണ്ടടി... " വിരൽ കൊണ്ട് എന്റെ നേരെ ഞൊടിച്ചു ധ്രുവ് തിരിഞ്ഞു കിടന്നപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി... രണ്ടു ദിവസം കഴിഞ്ഞു ചടങ്ങു പ്രകാരം എന്റെ വീട്ടിലേയ്ക്ക് പോയി.... പത്തുമിനിട്ടൊന്നിരുന്നപ്പോഴേയ്ക്കും വല്ലാത്തൊരു വെപ്രാളമായിരുന്നു മനസ്സിൽ ..... ടേബിളിന് മുൻപിൽ വിഭവങ്ങൾ നിരന്നു വറുത്തതും മൊരിഞ്ഞതും എന്നുവേണ്ട ഒരു ഹോട്ടലിൽ ചെന്നു സ്‌പെഷ്യൽ ലഞ്ച് പറഞ്ഞതുപോലൊരു രീതി... എന്തോ ഒന്നിനും രുചി തോന്നിയതെയില്ല... നാലുകെട്ടിലേ അമ്മയുടെ വെളുത്തുള്ളി ചേർത്തെടുത്ത ആവോലി വരട്ടലും മാമ്പഴപുളിശ്ശേരിയും പവയ്ക്കത്തൊരനും ചക്കവറ്റല ഒക്കെയാണ് നാവിൽ... " കഴിയ്ക്കെടാ ...കല്യാണം കഴിഞ്ഞിട്ടും നിന്റെ ആഹാരരീതി മാറിയിട്ടില്ല അല്ലെ...കേട്ടോ ധ്രുവാ ...ചെറുപ്പം മുതലേ ഇങ്ങനെയാണ് ആഹാരത്തിനു മുൻപിൽ വെറുതെ ചിക്കിചികഞ്ഞുകൊണ്ടിരിയ്ക്കും...അവസാനം ഒന്നും കഴിയ്‌ക്കെമില്ല..." ധ്രുവൻ എന്നെ അത്ഭുദത്തോടെ നോക്കുന്നുണ്ട്...കഴിഞ്ഞ രണ്ടു ദിവസമായി ആൾടെ പങ്കുപോലും മേടിച്ചു കഴിയ്ക്കുന്ന എന്നെ പറ്റിയാണോ അമ്മ ഈ പറയുന്നത് എന്നതിലെ ആശ്ചര്യമാകാം... "എത്ര കഴിച്ചാലും ഒന്നും കഴിയ്ക്കില്ല്യ എന്നു പറയുന്ന അമ്മമാരെ കുറിച്ചു കേട്ടിട്ടുണ്ട്... ഇവിടെ കണ്ടു... " കൈകഴുകാനായി വാഷ് ബസിന് അടുത്തു നിന്നപ്പോൾ ധ്രുവൻ സ്വകാര്യം കണക്കെ പറഞ്ഞു... "അമ്മ പറഞ്ഞത് സത്യമാണ്.. പത്തു നിമിഷം കൊണ്ട് ഞാൻ ഒരു പാത്രം വടിച്ചു വൃത്തിയാക്കി യിട്ടുണ്ടെങ്കിൽ ആ പാത്രത്തിൽ ആഹാരം വിളമ്പിയിട്ടുള്ളത് നിങ്ങളുടെ അമ്മയാണ്..." ധ്രുവന്റെ താടിയിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ തുടച്ചെടുക്കുന്നതിനിടയിൽ ഞാൻ പറയുന്നത് കേട്ട് അയാൾ മന്ദഹസിക്കുന്നുണ്ടായിരുന്നു.... പിറ്റേന്ന് രാവിലെ ചെല്ലാമെന്നു ഏറ്റ ഞങ്ങൾ വൈകുന്നേരം എത്തിയത് കണ്ടതും ചെറിയച്ചനും അച്ഛനും അന്ധാളിച്ചു ... "എന്താ ഇത്ര നേരത്തെ പോന്നത്...? ഇന്ന് കഴിഞ്ഞേ തിരിയ്ക്കുള്ളൂ എന്നല്ലേ പറഞ്ഞിരുന്നത്... " മറുപടിയായി എന്നെ ഒന്ന് നോക്കിയപ്പോൾ അമ്മയും ഏട്ടതിയും എന്റെ ഇരുകൈകളും പിടിച്ചു ചേർത്തു നിർത്തി... "ഏട്ടത്തി ഇന്ന് തന്നെ വരുമെന്ന് എനിക്കറിയാമായിരുന്നു..." ധ്രുവന്റെ അനുജത്തി എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചപ്പോൾ തിരികെയും കൊടുക്കാതിരിക്കാൻ ഞാൻ മറന്നില്ല... "ഇന്നെന്തായിരുന്നമ്മേ ഉച്ചയ്ക്ക് ....?" ചോദിച്ചുകൊണ്ട് ഞാൻ അടുക്കളയിലേക്ക് കടന്നതും വലിയമ്മ ചോറും കറികളും വിളമ്പിയിരുന്നു ... മുകളിലത്തെ അടുക്കിൽ നിന്നു ഉപ്പുമാങ്ങ ഭരണി വലിച്ചെടുക്കവേ അവൾ അമ്മയോട് പരിഭവിയ്ക്കുന്നുണ്ടായിരുന്നു ... "ഇതെവിടെ ഒളിപ്പിച്ചിരിക്കയായിരുന്നു...? എവിടെല്ലാം നോക്കീന്നറിയോ ..." ഓടിപ്പിടഞ്ഞു കൊണ്ടു ഭരണിയിൽ കയ്യിടാൻ നോക്കിയ അവളുടെ കയ്യിൽ രണ്ടു തല്ലു കൊടുത്തു അമ്മ അതെനിയ്ക്കായി വിളമ്പി... " ആദ്യം എന്റെ കൊച്ചു കഴിയ്ക്കട്ടെ എന്നിട്ട് മതി നീ... ധ്രുവൻ പോലും അതു കഴിഞ്ഞു കഴിച്ചാൽ മതി..." ചിരിയോടെ അവൾക്കും ഒരു മാമ്പഴ കഷ്ണം വായിൽ വച്ചുകൊടുക്കുമ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണിൽ വെള്ളം ഉറഞ്ഞുകൂടിയിരുന്നു ... "എരിവ് കൂടുതലാണോ മോളെ ... ? ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇത്രയും കാന്താരി കീറിയിടേണ്ടെന്നു ഏട്ടത്തിയെ ശകാരിച്ചു കൊണ്ടു ചെറിയമ്മ വെള്ളമെടുത്ത് ചുണ്ടോടടുപ്പിച്ചു... ദിവസങ്ങൾ കൊഴിഞ്ഞു പോകുംതോറും ആ നാലുകെട്ട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ അടിസ്ഥാനം പൂണ്ടിരുന്നു.. മത്സരം പരസ്പരം സ്നേഹിയ്ക്കുന്നതിലാകണം... ആ പഴകിയ കെട്ടുകൊട്ടാരത്തിന്റെ ഓരോ ചുവരുകളിൽ പോലും അവാച്യമായ കുടുംബസ്നേഹത്തിന്റെ തെളിഞ്ഞ മണ്പതിപ്പുകൾ തന്നെയായിരുന്നു...... ഒരു ദിവസം മുറിയിലേയ്ക്ക് വരുമ്പോൾ ധ്രുവൻ കാര്യമായെന്തോ ലാപ്ടോപ്പിലേയ്ക്ക് നോക്കുന്ന തിരക്കിലായിരുന്നു ... "എന്താണ് ഇത്രയ്ക്കും ധൃതിയിൽ നോക്കുന്നത്..?" പിറകിലൂടെ ചെന്നു മുഖമമർത്തുമ്പോൾ ധ്രുവൻ എന്നെ വലിച്ചു മടിയിലേയ്ക്ക് കിടത്തി.. " അടുത്ത ആഴ്ചത്തേയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്...നീയാദ്യമായി ഇവിടേയ്ക്ക് വന്ന ദിവസം ഓർമ്മയുണ്ടോ ...ഇത്രയും ആൾക്കാരെയൊന്നും നിനക്ക് അഫോർഡ് ചെയ്യാൻ കഴിയില്ല ... നിന്റേതും എന്റേതുമായ സ്പെയ്സ് വേണം പ്രൈവസി വേണം അങ്ങനെയൊക്കെ ....എത്രയും വേഗം ബാംഗ്ലൂർക്ക് പോകാനായിരുന്നു നിന്റെ ആഗ്രഹം ... പായ്ക്ക് ചെയ്തു തുടങ്ങിക്കോള്ട്ടോ... " "എവിടേക്ക് പോകാൻ..?" ഞാൻ ഞെട്ടലോടെ ആ കയ്യിൽ മുറുകെ പിടിച്ചു ... "ബാംഗ്ലൂർക്ക്... നമുക്ക് പോകണ്ടെടോ..." ചിരിച്ചു കൊണ്ട് എന്റെ നെറുകയിൽ ഒരു മുത്തം തന്നു ധ്രുവൻ ലാപ്ടോപ്പ് മടക്കി എഴുന്നേറ്റപ്പോൾ എന്റെ സർവ്വവും അവസാനിച്ചതുപോലെ തോന്നിപ്പോയി... ഇതായിരുന്നോ എന്റെ സ്വപ്നം..? അല്ല.. കഴിഞ്ഞ രണ്ടുമാസക്കാലമായി ഞാൻ അനുഭവിച്ചതെന്തോ അതായിരുന്നു അതു മാത്രമായിരുന്നു എന്റെ സ്വപ്നം ആഗ്രഹം... പിടഞ്ഞു കൊണ്ടു ഞാൻ ഉമ്മറത്തെ കോണിപ്പാടിയോരം ചേർന്നിരുന്നു കരഞ്ഞപ്പോഴായിരുന്നു പിറകിലൊരു കൈ പതിഞ്ഞത്... "പോകുന്ന കാര്യം അവനെന്നോട് പറഞ്ഞിരുന്നു കുട്ടിയ്ക്ക് ഇഷ്ടല്യച്ചാൽ പോണ്ട... മോള് കരയണ്ട...അച്ഛൻ അവനോട് പറഞ്ഞോളാം..." ആർത്തലച്ചു കൊണ്ടു ആ വിയർത്ത നെഞ്ചിൽ എന്റെ സങ്കടങ്ങൾ ഒതുക്കിവെയ്ക്കുമ്പോൾ ഞാൻ അറിഞ്ഞു... ഒന്നുംപറയാതെയും എന്തും മനസിലാക്കാനുള്ള കഴിവാണ് ഒരു അച്ഛന്റേത് എന്ന്...! ആരെന്ത് പറഞ്ഞിട്ടും എന്നെയും കൂടെ കൊണ്ടുപോകാൻ തന്നെ ധ്രുവൻ ഉറച്ചു... വന്നു കേറിയത് മുതൽ ഒരു നിമിഷവും ഒറ്റപ്പെടൽ എന്തന്നറിഞ്ഞിട്ടില്ലാത്ത ഇവിടം വിട്ടുപോകുമ്പോൾ ഹൃദയം പറിഞ്ഞു പോകുന്ന വേദന.. ഇറങ്ങാൻ നേരവും അമ്മയുടെ കൈകൾ എന്നെ സ്വതന്ത്ര്യമാക്കിയിരുന്നില്ല... കാറിലേക്ക് കയറാൻ തുടങ്ങിയതും അത്രയും നേരം ഒതുക്കിവച്ച സങ്കടം പൊട്ടിയൊഴുകി ഒരു നിമിഷം ധ്രുവനോട് ദേഷ്യം തോന്നിപ്പോയി ... ഡോർ തുറന്നു കയറവേ പെട്ടെന്നാണ് ധ്രുവൻ എന്റെ കൈകൾ തടഞ്ഞത്... " വരണ്ട... തിരിച്ചു കയറിപോയ്ക്കോ..." തുറന്ന ഡോർ പുഞ്ചിരിയോടെ വലിച്ചടച്ചുകൊണ്ടായിരുന്നു ധ്രുവൻ അതു പറഞ്ഞത്... എല്ലാവരുടെയും കണ്ണുകളിൽ എന്താണെന്നറിയാണുള്ള ആകാംഷ... ഒന്നും മനസ്സിലാവാതെ ഞാനും നിന്നു... " ഈയൊരു നിമിഷം നിനക്ക് സ്വന്തമാക്കിത്തരുമെന്നത് ഞാൻ എന്നോട് തന്നെ നൽകിയ വാക്കായിരുന്നു... ജനിച്ചപ്പോൾ മുതൽ ഒറ്റപ്പെട്ട ഈ ഒറ്റമകൾക്ക് ഒരുപാട് സ്നേഹം വാരിക്കോരിതരണമെന്നു തോന്നി ... ആ സ്നേഹം കിട്ടാത്തതിന്റെ കുറവ് നിന്നിൽ ഒരുപാട് കുറവുകൾ വരുത്തിയിട്ടുണ്ടെന്നു തോന്നി...ഈ പടി വാതിലിനു മുന്നിൽ നിൽക്കുന്ന ഓരോ മനസ്സിലും നീയ് പോകരുതെന്നാണ്.. നിന്റെയുൾപ്പെടെ.. ശരിയല്ലേ...?" ഞാൻ നിശ്ശബ്ദം തല താഴ്ത്തി... "അപ്പോൾ ഞാനായിട്ട് തന്റെ പതിവുകളൊന്നും തെറ്റിയ്ക്കുന്നില്ല ...ഓർമ്മയില്ലേ റൂട്ടിൻ...!" പതിയെ എന്റെ കവിളുകളിൽ കൊട്ടിക്കൊണ്ടു ധ്രുവൻ കാറിനകത്തേയ്ക്ക് കയറുമ്പോൾ അതുവരെ മങ്ങിനിന്ന മുഖങ്ങളെല്ലാം വർണ്ണമാർന്നിരുന്നു ... "പിന്നെയിതൊരു പതിവാക്കണ്ട ഇതുപോലൊരു നാലുകെട്ടും കുടുംബവും നമുക്കും വേണം ട്ടോ... അടുത്ത വരവിന് ഒരു എക്സ്ക്യൂസും കേൾക്കില്ല ഞാൻ ... " ധ്രുവന്റെ വാക്കുകളോടൊപ്പം എന്റെ മിഴികളും നിറഞ്ഞൊഴുകി ... ഡോറിനകത്തേയ്ക്ക് തലയെത്തിച്ചുകൊണ്ടു ഞാൻ പതിയെ സമ്മതം മൂളിയപ്പോഴേയ്ക്കും ആരും കാണാതെ എന്റെ കൈ കവർന്നെടുത്തിരുന്നു ... " കഴുത്തിൽ താലി കെട്ടിയവനെ ഇനി കുറച്ചു നാള് കഴിഞ്ഞേ കാണാനോക്കുള്ളൂ അല്പസ്വല്പം കരച്ചിലൊക്കെ ആവാം പെണ്ണേ...." "ഈ നാലുകെട്ടിനോളം വലിയൊരു സൗഭാഗ്യം ഇനിയെനിയ്ക്ക് നൽകാൻ ആർക്കും കഴിയില്ല ധ്രുവ... അതേനിയ്ക്ക് സമ്മാനിച്ച നിങ്ങളോളം വലുതായി എനിയ്ക്ക് ആരുമില്ല...!" വിരഹത്തിന്റെ വേദന മുഖത്തു പടരുമ്പോഴും താങ്ങായി ആ നാലുകെട്ട് എന്നെ ചേർത്തു പിടിച്ചിരുന്നു.....!!! കടപ്പാട് #📔 കഥ
33.6k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post