ShareChat
click to see wallet page
ഗുരുവായൂർ സത്യഗ്രഹത്തിന് ഇന്ന് 94 വയസ്സ്!!! കേരളനവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികകല്ലായ പ്രക്ഷോഭമാണ് ഗുരുവായൂർ സത്യഗ്രഹം (1931-1932)!! തൊട്ടുകൂടായ്മ, തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കെതിരായി നടത്തിയ സമരമായിരുന്നു ഗുരുവായൂർ സത്യഗ്രഹം! വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയപ്രകാരമാണ് ഗുരുവായൂർ സത്യഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിന് ശ്രീ. കെ. കേളപ്പൻ, ശ്രീ.പി. കൃഷ്ണപിള്ള, ശ്രീ.മന്നത്ത് പത്മനാഭൻ, ശ്രീ.സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിലൂടെ ജാതിഭേദമന്യേയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം 1924-ൽ നവോത്ഥാന നായകർ നടത്തിയത്. എന്നാൽ ഗുരുവായൂർ സത്യഗ്രഹം ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നു. മറ്റ് ഏത് ക്ഷേത്രങ്ങളെയും പോലെ അക്കാലത്ത് ഗുരുവായൂർ അമ്പലത്തിലും താഴ്ന്ന ജാതിക്കാർ എന്ന് മുദ്രകുത്തിയവർക്ക് പ്രവേശനം ഇല്ലായിരുന്നു!ക്ഷേത്രങ്ങളുടെ പരിസരത്തോ അവയുടെ പരിസരത്തുള്ള വഴിയിലൂടെ നടക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല!! ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ സമസ്ത ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി, ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സാമൂതിരിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമൂതിരി സമരക്കാരുടെ ഈ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്! ഇതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കാൻ സമരക്കാർ തീരുമാനിച്ചത്. 1931 ജൂലൈ 7 ന് ബോംബെയിൽ വെച്ചു നടന്ന എ.ഐ.സി.സിയിൽ ശ്രീ. കെ. കേളപ്പൻ‍‍ ക്ഷേത്ര സത്യഗ്രഹത്തിനായി വാദിക്കുകയും ഇതിനു വേണ്ടി ഗാന്ധിജിയുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു. 1931 ആഗസ്റ്റ് 2 ന് കോഴിക്കോട് കൂടിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ തീണ്ടലിനും മറ്റാചാരങ്ങൾക്കുമെതിരെ സമരം നടത്താൻ ശ്രീ.കെ.കേളപ്പജി അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുകയും ഗുരുവായൂരിൽ സത്യഗ്രഹം നടത്താൻ കേളപ്പജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിനെതിരെ പോരാടാനുള്ള തീരുമാനം കൂടിയായിരുന്നു അതു്. എന്നാൽ കോൺഗ്രസിലെ തന്നെ മേൽജാതി ഹിന്ദുക്കളിലൊരു വിഭാഗം ഇത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി!എങ്കിലും എല്ലാ എതിർപ്പിനെയും തൃണവത്ഗണിച്ച് കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ സത്യാഗ്രഹവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. സമരത്തിന്റെ താത്ത്വിക വശങ്ങളോടു താത്പര്യമുണ്ടായിരുന്നില്ലെങ്കിലും,ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനുള്ള മാർഗമായി കണ്ടുകൊണ്ട് നിരീശ്വരവാദികളും യുക്തിവാദികളും ആയ സവർണ്ണ നേതാക്കൾ കൂടി പ്രക്ഷോഭത്തിൽ അണിനിരന്നു! ശ്രീ. എ.കെ.ജി. ആണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യഗ്രഹത്തിന്റെ പ്രചാരണാർത്ഥം കേളപ്പജിയും എ. കെ. ജി.യും അടക്കമുള്ളവർ നിരവധി പ്രദേശങ്ങൾ സന്ദർശിച്ച് തീണ്ടലും തൊടീലും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ചു. വടക്കൻ മേഖലയിലെ പ്രചാരണദൗത്യം എ.കെ.ജിക്കും സുബ്രഹ്മണ്യൻ തിരുമുമ്പിനുമായിരുന്നു. സത്യഗ്രഹത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഒരു പ്രചാരണം പൊന്നാനി താലൂക്കിൽ സംഘടിപ്പിക്കുകയുണ്ടായി. ശക്തമായ ഈ പ്രചാരണങ്ങളാൽ ഗുരുവായൂർ സമരത്തിനനുകൂലമായി കേരളമൊട്ടാകെ പൊതുജനാഭിപ്രായം രൂപപ്പെട്ടു. കൂടാതെ സെപ്തംബർ 21- ന് ചേർന്ന കെ.പി.സി.സി യോഗം കന്യാകുമാരി മുതൽ കാസർഗോഡ് വരെ സമരത്തിനു മുന്നോടിയായി ഒരു പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രചാരണവേലയുടെ അവസാനം ക്ഷേത്ര ഭാരവാഹികളെ കണ്ട് ഒരു നിവേദനം സമർപ്പിക്കാനും കെ.പി.സി.സി യോഗം നിശ്ചയിച്ചു. ഗുരുവായൂർ സത്യഗ്രഹം നടത്താനായി കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടി. സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് മാമൂൽവാദികൾ ഭീഷണി മുഴക്കി. എന്നാൽ ഇതൊന്നും കണ്ട് സമരക്കാർ പിൻവാങ്ങിയില്ല. ശ്രീ.എ.കെ.ജി. യുടെയും ശ്രീ.സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21-ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി. ഗുരുവായൂർ എത്തുന്നതുവരെയുള്ള യാത്രയും പ്രചാരണവും നാട്ടിൽ ഉണർവുണ്ടാക്കി. ഒക്ടോബർ പതിനെട്ടിന് കോഴിക്കോടു വച്ചു കൂടിയ പ്രത്യേക കെ.പി.സി.സി യോഗം നവംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്ര നടക്കൽ സമരം ആരംഭിക്കാൻ തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഇരുപതുപേരുടെ ഒരു സംഘം കണ്ണൂരിൽ നിന്നും കാൽനടയായി ഗുരുവായൂരിലേക്കു തിരിച്ചു. ഈ ജാഥ ഒക്ടോബർ 31-ന് ഗുരുവായൂർ അമ്പല നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. അന്നേ ദിവസം അഖിലകേരള ക്ഷേത്ര പ്രവേശന ദിനമായി ആചരിക്കപ്പെട്ടു. ശ്രീ.കെ. കേളപ്പജി പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. എന്നും പുലർച്ചെ മൂന്നുമണിക്ക് നടതുറക്കുമ്പോൾ സത്യഗ്രഹം തുടങ്ങും. പല നേതാക്കളും ഗുരുവായൂർ സമരസ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ഉണ്ണിനമ്പൂതിരി സഭ തുടങ്ങിയ സാമുദായിക സംഘടനകൾ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സമരത്തിന്റെ ആവേശം കുറഞ്ഞു വന്നു. സത്യഗ്രഹസമരം പരാജയത്തിലേക്കു നീങ്ങാൻ തുടങ്ങി. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് ശ്രീ.എ.കെ.ജി.യെയും അറസ്റ്റ് ചെയ്തു! സത്യാഗ്രഹത്തിനിടെ ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽ നിന്നും സമരമുഖത്ത് തിരിച്ചെത്തിയ ശ്രീ.എ.കെ.ജി വീണ്ടും സത്യഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞു നീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് ശ്രീ.പി. കൃഷ്ണപിള്ള ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണി മുഴക്കി തൊഴുകുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു. പിറ്റേ ദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു, മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായിനിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി. ഈയവസരത്തിൽ തെല്ലും കൂശാതെ, "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായന്മാർ അവരുടെ പുറത്തടിക്കും" എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു. ശ്രീ.കൃഷ്ണപിള്ളയേയും, ശ്രീ.പത്മനാഭൻ നമ്പ്യാരേയും ക്ഷേത്രം ജീവനക്കാർ ബലമായി പിടിച്ചു പുറത്താക്കി. കൃഷ്ണപിള്ള അവിടെ പിക്കറ്റിംഗ് ആരംഭിക്കുകയും,ക്ഷേത്രത്തിൽ വരുന്നവരോട് ഈ അനീതി അവസാനിക്കുന്നതുവരെയെങ്കിലും ക്ഷേത്രത്തിലേക്ക് വരരുതേയെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ വിവരം രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മറുപടിക്കായി ഒരാഴ്ച കാത്തിരിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ, കൃഷ്ണപിള്ള യോടാവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം സമരം അവസാനിപ്പിച്ചു. ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28-ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്. ജനുവരി 28-ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻവരെ ബലികഴിക്കുവാൻ കേളപ്പജി തയ്യാറായി. അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി. ഇതോടെ ഗുരുവായൂർ പ്രക്ഷോഭം അഖിലേന്ത്യാ ശ്രദ്ധ നേടാൻ തുടങ്ങി. രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും ക്ഷേത്ര ഭാരവാഹി കൂടിയായ സാമൂതിരിക്ക് സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. കേളപ്പജിയുടെ ജീവൻ രക്ഷിക്കാനായി ഒപ്പ് ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു. സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു!ഇതൊരു വമ്പിച്ച പൊതു ജനപ്രക്ഷോഭമായി മാറിയേക്കാമെന്നു ഭയപ്പെട്ട് സർക്കാരും വിഷമവൃത്തത്തിലായി! നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിയ്ക്ക് കമ്പി സന്ദേശമയച്ചു. അവസാനം സമരം താത്ക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പജിയ്ക്ക് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താത്പര്യത്തോടെയല്ലെങ്കിലും കേളപ്പജി സമരമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.15568 പേർ ക്ഷേത്രപ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. 1947 ജൂൺ 12-ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു. 1936- ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു! കേരളത്തിലെ ഒരു ക്ഷേത്രത്തിലും അവർണർക്ക് പ്രവേശിക്കാൻ ഇന്ന് തടസ്സമില്ലെങ്കിലും, അന്യമതത്തിൽ ജനിച്ചുപോയ ഹിന്ദുവിശ്വാസികളായ ഭക്തന്മാരെ പ്രവേശിപ്പിക്കാൻ പല ക്ഷേത്രാധികാരികളും തയ്യാറായിട്ടില്ല. ക്ഷേത്രങ്ങൾ, ക്ഷേത്രാചാരങ്ങളിൽ വിശ്വാസമുള്ള ഈശ്വര ഭക്തന്മാരായ എല്ലാ മനുഷ്യർക്കുമായി തുറന്നു കൊടുക്കേണ്ടതാണ്. ഗുരുവായൂർ സത്യാഗ്രഹം നൽകുന്ന പാഠം ഇതായിരിക്കട്ടെ! സ്നേഹപൂർവം, ആർഷവിദ്യാസമാജം. #aarshavidyasamajam
aarshavidyasamajam - ShareChat

More like this