രണ്ടു ദിവസമായി ആമി എന്ന അഭിരാമിയിലെ മാറ്റത്തെ ഉൾകൊള്ളാൻ കഴിയാതിരിക്കുകയാണ് ദിവ്യയും ശാരികയും. ഇന്നലെ രാത്രി വിളിച്ചപ്പോൾ ഒരു വാക്കുപോലും പറയാതെ പൊട്ടിക്കരച്ചിൽ മാത്രമേ ഉണ്ടായിരുന്നുള്ളു....
എപ്പോഴും കളിച്ചു ചിരിച്ചു തമാശകൾ പറഞ്ഞു ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാറുള്ള അവരുടെ ആമിയിപ്പോൾ മൗനത്തെ കൂട്ടുപിടിച്ചിരിക്കുന്നു. എപ്പോഴും കണ്മഷി എഴുതാറുള്ള അവളുടെ വിടർന്ന കണ്ണുകൾ ഇന്ന് കരഞ്ഞു തളർന്നിരിക്കുന്നു.. കെട്ടിയൊതുക്കി വെക്കാറുള്ള കാർകൂന്തൽ അലസമായി വിടർത്തിയിട്ടിരിക്കുന്നു. അവളുടെ വേദനയുടെ ആഴം മനസിലാകുമ്പോഴും കാരണം എന്തെന്നറിയാതെ ദിവ്യയും ശാരുവും കുഴങ്ങി..
ഇനിയും ആമിയെ ഒറ്റക്ക് വേദനിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു ആണ് അവർ ആമിയെ കോളേജിലെ പലമരചുവട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. ഇവിടെ വന്നിരിക്കാൻ തുടങ്ങി അര മണിക്കൂർ നേരമായിട്ടും ആമിയൊന്നും സംസാരിക്കാതെ എവിടേക്കോ നോക്കി പലമറച്ചുവട്ടിലെ പടവിൽ ഇരിക്കുന്നത് കാൺകെ വേദനയും ദേഷ്യവും തോന്നി ദിവ്യക്ക്...
" എടി.... മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കരുത്. നിനക്കിതു എന്തു പറ്റി എന്റെ ആമി?? എന്തുകോലമാടി ഇത്?? എന്താണേലും ഞങ്ങളോട് പറഞ്ഞൂടെ മോളെ ?? " ദിവ്യ ആമിയുടെ ഇരു ചുമലിലും പിടിച്ചു ചോദിച്ചു...
ഒന്നും മിണ്ടാതെ ദിവ്യയുടെ വയറിൽ ചുറ്റിപിടിച്ചു ആമി പൊട്ടിക്കരഞ്ഞു... പെട്ടന്നുള്ള ആമിയുടെ പ്രതികരണത്തിൽ ദിവ്യയും ശാരുവും ഒന്നു ഞെട്ടി,പിന്നീട് ആമിയെ പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. കരച്ചിൽ ഒന്നൊതുങ്ങി എന്നുറപ്പായപ്പോൾ ദിവ്യ പതിയെ ആമിയെ തന്നിൽ നിന്നും വേർപെടുത്തി. ശാരു വെള്ളക്കുപ്പി എടുത്തുകൊടുത്തു ആമിയെക്കൊണ്ട് മുഖം കഴുകിപ്പിച്ചു കുറച്ചു കുടിപ്പിച്ചു.
പരസ്പരം ഒന്നും ചോദിക്കാതെ പറയാതെ അവർ മൂന്നുപേരും ആ പലമരച്ചുവട്ടിലെ കല്പടവുകളിൽ ഇരുന്നു. പതിയെ ശാരു ആമിയുടെ വലതുകൈ തന്റെ വലതുകൈയ്യിൽ ചേർത്തുപിടിച്ചു, അതുപോലെ ഇടതുകൈയിൽ ദിവ്യയും....എന്നും കൂടെ ഞങ്ങളുണ്ട് എന്നു അവളോട് പറയാതെ പറഞ്ഞുകൊടുത്തു..
ആമി അവരെ രണ്ടുപേരെയും ഒന്നു നോക്കി വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു. പതുക്കെ തന്റെ കൈകൾ അവരിൽ നിന്നും മോചിപ്പിച്ചു, ബാഗിൽ നിന്നും മൊബൈൽ എടുത്തു മെസ്സഞ്ചർ ഓപ്പൺ ആക്കി അരവിന്ദ് കൃഷ്ണകുമാർ എന്ന പ്രൊഫൈലിനോട് അവൾ നടത്തിയ ചാറ്റ് തുടക്കം മുതൽ അവർക്കു വായിക്കാൻ കൊടുത്തു...
വായിച്ചു തീർന്നതും ആമിയോട് എന്തു പറയണം എന്നറിയാതെ അവരിരുവരും പരസ്പരം നോക്കി...
അപ്പോഴും ആമിയുടെ മനസ്സ് തന്റെ കണ്ണേട്ടനൊത്തു ആയിരുന്നു.
അരവിന്ദ് കൃഷ്ണകുമാർ... തന്റെ കണ്ണേട്ടൻ.... തന്റെ നാട്ടിലെ കൂട്ടുകാരി അനന്യയുടെ ഏട്ടൻ, അവളുടെ വല്യമ്മയുടെ മകൻ..... അനന്യയും താനും അയൽവാസികൾ ആണ്. ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ളവർ... പ്ലസ് 2 വരെ ഒരേ സ്കൂളിൽ പഠിച്ചു, അവളിപ്പോൾ കോയമ്പത്തൂർ ഒരു എഞ്ചിനീയറിംഗ് കോളേജിലും താനിവിടെ അടുത്ത് ആർട്സ് & സയൻസ് കോളേജിലും...
അനന്യയുടെ അച്ഛൻ ഗൾഫിൽ ആണ്. അവളും അമ്മയും അനിയത്തിയും ഉള്ള വീട്ടിൽ തനിക്ക് ഏത് നേരവും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവൾക്ക് എന്റെ വീട്ടിലോ എനിക്ക് അവളുടെ വീട്ടിലോ ഒരു വേർതിരിവും ഉണ്ടായിരുന്നില്ല.
10 ലെ സ്റ്റഡി ലീവ് സമയത്തു ആണ് കണ്ണേട്ടനെ ആദ്യമായി കാണുന്നത്. അവളുടെ വല്യമ്മയെയും മറ്റു രണ്ടു മക്കളെയും കണ്ടിട്ടുണ്ടെങ്കിലും ഒരുപാട് തവണ കേട്ടിട്ടുള്ള മൂത്തമകനെ ആദ്യമായി കണ്ടത് അന്നാണ്.. ജിം ബോഡിക്കാരൻ, ക്ലീൻ ഷേവ് ചെയ്തു ചുണ്ടിലൊരു പുഞ്ചിരിയോടെ കണ്ണിലൊരു കാന്തം ഒളിപ്പിച്ച ചുള്ളൻ പയ്യൻ... ഡിഗ്രി പഠനം കഴിഞ്ഞു mba പഠിക്കാൻ ബാംഗ്ലൂർ പോകാൻ നിൽക്കുകയായിരുന്നു അന്ന് കണ്ണേട്ടൻ.
ആദ്യ കാഴ്ചയിൽ തന്നെ നെഞ്ചിനകത്തു പറഞ്ഞറിയിക്കാൻ ആകാത്ത ഒരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു... ഓരോ വിഷയവും അടുത്തിരുന്നു പഠിപ്പിച്ചു തരുമ്പോൾ... അറിയാതെ കൈകളിൽ ആ നീണ്ട വിരലുകൾ തൊടുമ്പോൾ... തനിക്കു നേരെ ആ കണ്ണുകൾ വന്നെത്തുമ്പോൾ..... ഇതുവരെ അറിയാത്ത എന്തോ ഒന്നു.... ഇന്നുവരെ എത്തിച്ചേരാത്ത ഒരു മായികലോകത്തു താൻ എത്തിച്ചേർന്നെന്നു തോന്നി....
പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങി കുടുംബവും നാടും സമ്മാനങ്ങൾ തന്നു ആശംസകൾ അറിയിച്ചപ്പോളും അനന്യയുടെ കൈയ്യിൽ കണ്ണേട്ടൻ എനിക്കായി കൊടുത്തുവിട്ട കൃഷ്ണന്റെ ചെറിയ വിഗ്രഹം തന്നെയായിരുന്നു പ്രിയമേറിയതു... അന്നുമുതൽ തന്റെ എല്ലാകാര്യങ്ങളും ആ കള്ളക്കണ്ണനോട് തന്നെയാണ് താൻ പറഞ്ഞിട്ടുള്ളത്...
അവിടെ നിന്നും കണ്ണേട്ടൻ ബാംഗ്ലൂർ പോയപ്പോൾ തനിക്കേറെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്നുതോന്നി... യാത്ര പറഞ്ഞിറങ്ങുമ്പോൾ അറിയാതെ തന്റെ മിഴികളിൽ കണ്ണീർ വന്നു കാഴ്ചയെ മറച്ചിരുന്നു...
പിന്നീട് ഓരോ ഒഴിവുദിവസങ്ങളിലും അവളുടെ വീട്ടിലെത്തുന്നതും ലീവിന് അവിടേക്ക് വന്നിട്ടുണ്ടേൽ ഒരുനോക്കു കാണാൻ കൊതിച്ചായിരുന്നു... അനന്യയുടെ വായിൽ നിന്നും കണ്ണേട്ടന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരുന്നു...
കുസൃതി ഒളിപ്പിച്ച മിഴികളും ചിരിയും എന്റെ സ്വപ്നങ്ങളിൽ പോലും നിറഞ്ഞുനിന്നു... ഒരു പ്രണയ മഴയായ് നീയെന്നിലേക്ക്.... എന്റെ ഓരോ അണുവിലേക്കും പടർന്നുകൊണ്ടിരുന്നു.... നീയെന്ന പ്രണയവൃക്ഷം എന്റെ ഹൃദയത്തിൽ വേരുകൾ ആഴ്ത്തിതുടങ്ങിയിരുന്നു....
പ്ലസ് 2 കഴിഞ്ഞുള്ള വേനലവധിക്ക് അനന്യയെ തിരക്കി വീട്ടിലേക്ക് കയറിയപ്പോൾ കണ്ടു വീണ്ടും ആ കുസൃതി ഒളിപ്പിച്ച മിഴികൾ.... എന്നെ ഒരു കാന്തം പോലെ വലിച്ചടുപ്പിക്കുന്ന മിഴികൾ...
ദേഹം മുഴുവൻ അപ്പൂപ്പൻ താടിപോലെ കനമില്ലാതെ വായുവിൽ ഉയരുന്നുവെന്നു തോന്നി... നാണത്താൽ മുഖം ഉയർത്താതെ ഇടംകണ്ണുകൊണ്ട് നോക്കികൊണ്ടേയിരുന്നു എന്റെ കണ്ണേട്ടനെ....
മുകളിലെ മുറിയിൽ ഇരുന്നു അനന്യയോട് കത്തിയടിക്കുമ്പോഴും ഹൃദയം താഴെ ടീവി റൂമിൽ പ്രിയപ്പെട്ട ആൾക്കൊപ്പം ആയിരുന്നു. പെട്ടന്ന് മുറിയിലേക്ക് കടന്നു വന്നു കട്ടിലിൽ അടുത്തിരുന്നു കളി പറയാനും പൊട്ടി ചിരിക്കാനും കൂടിയപ്പോഴും എന്റെ ഹൃദയത്തെ കണ്ണുകളെ നിലക്കുനിർത്താൻ ഞാനെത്ര പാടുപെട്ടുപോയെന്നോ.... പ്രണയപൂർവമുള്ള ആ നോട്ടങ്ങളിൽ ഞാനെത്ര പകച്ചുപോയെന്നോ....
കണ്ണേട്ടനും ഞാനും തനിച്ചായ നിമിഷത്തിൽ എന്റെ ഇടത്തെ കൈ ആ നെഞ്ചിലേക്ക് ചേർത്തുവെച്ചു, ഈ നെഞ്ചിൽ നീ മാത്രമേയുള്ളു.... നീയാണെന്റെ പെണ്ണ് എന്നു പറഞ്ഞു കവിളിൽ ഒരുമ്മ തന്നു നടന്നു നീങ്ങിയപ്പോൾ..... ആ ഹൃദയതാളം അറിഞ്ഞകൈയ്യാൽ കവിളിൽ തലോടിക്കൊണ്ടിരുന്നു....
പഠിപ്പുകഴിഞ്ഞു ജോലിയും കിട്ടിയാണ് ഇത്തവണ വന്നിരിക്കുന്നത്... ആരുമറിയാതെ ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടേയിരുന്നു.....
വീട്ടിലെ സാമ്പത്തികം ഒരു വില്ലൻ ആയപ്പോൾ ഞാനൊരു ആർട്സ് & സയൻസ് കോളേജിൽ Bsc ഫിസിക്സ് വിദ്യാർത്ഥിനിയായി അനന്യ കോയമ്പത്തൂരിൽ എൻജിനീയറിങ് കോളേജ് വിദ്യാര്ഥിനിയായും മാറി...
അനന്യയോട് പറയാത്ത ഒരേയൊരു രഹസ്യമേ തന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളു.. കണ്ണേട്ടൻ... ആരും അറിയണ്ട എന്നത് കണ്ണേട്ടന് തന്നെ ആയിരുന്നു നിർബന്ധം. ആളുകളുടെ ഇടയിൽ പ്രണയം പരസ്യമായി അവർക്ക് പറഞ്ഞുനടക്കാൻ ഒരു കഥയാക്കണ്ട നമ്മുടെ പ്രണയം എന്ന തീരുമാനത്തിൽ തനിക്കും അഭിമാനം തന്നെയാണ് തോന്നിയത്..
ശാരിക, ദിവ്യ...ആമിക്ക് ഈ കലാലയം സമ്മാനിച്ച സൗഹൃദമാണ്... കുറഞ്ഞനാളുകൾ കൊണ്ടുതന്നെ ഒരാത്മബന്ധം പരസ്പരം മൂന്നുപേർക്കും ഉണ്ടാക്കിത്തീർക്കാൻ സാധിച്ചു... കണ്ണേട്ടന്റെ കാര്യം അറിയുന്നതും ഇവർക്കുമാത്രമാണ്... വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ഒളിച്ചും പാത്തും സംസാരിക്കുന്നത് ബുദ്ധിമുട്ടായപ്പോൾ ഉച്ചസമയത്തു കോളേജിനടുത്തുള്ള std ബൂത്തിൽ കൂട്ടുവരാൻ രണ്ടുപേരും നിർബന്ധിതരായി.
കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ എല്ലാം കണ്ണേട്ടൻ നാട്ടിലേക്ക് ഓടിവന്നിരുന്നു... ആ കൈപിടിച്ചു നടക്കാനും മതിവരുവോളം സംസാരിക്കാനും കൺനിറയെ കണ്ടിരിക്കാനും ആശ ഉണ്ടെങ്കിലും ഒരു പുഞ്ചിരിക്കൊ വാക്കുകൾക്കോ മാത്രമേ അവസരം കിട്ടുമായിരുന്നുള്ളു....
കോളേജിൽ ചേർന്നു രണ്ടാം വർഷത്തിലേക്ക് എത്തിയപ്പോൾ ആണ് സ്വന്തമായി ഒരു മൊബൈൽ ഫോൺ കിട്ടിയത്... കിട്ടിയ ഉടനെ അനന്യക്ക് നമ്പർ കൈമാറി... അനന്യയിൽ നിന്നും കണ്ണേട്ടന്റെ നമ്പർ എങ്ങനെ വാങ്ങും എന്നാലോചിച്ചു തലപുകയുമ്പോൾ ആണ് എന്നെ ഇങ്ങോട്ട് വിളിച്ചു ഞെട്ടിച്ചത്.... പിന്നെ കണ്ണേട്ടനും എനിക്കുമിടയിലെ ദൂരം കുറഞ്ഞുവന്നു... ഒരു മിനുട്ട് സംസാരത്തിൽ നിന്നും മണിക്കൂറുകൾ നീണ്ട ഫോൺ കാളുകളിലേക്ക് അത് നീണ്ടു...
ഓരോ തവണ വിളിക്കുമ്പോഴും ഓരോ ദിവസത്തെയും വിശേഷങ്ങൾ അറിയുന്നതിനോ സുഖമാണോ എന്നന്വേഷിക്കുന്നതിനോ ആയിരുന്നില്ല കണ്ണേട്ടന് തിടുക്കം... ഇട്ട വസ്ത്രത്തിന്റെ നിറവും വലിപ്പവും അറിയുന്നതിനായിരുന്നു താല്പര്യം.... അയക്കുന്ന മെസ്സേജുകളിലും പ്രണയത്തിനല്ലാതെ കാമത്തിന് മുൻതൂക്കം വന്നുതുടങ്ങി... പക്ഷേ.... പ്രണയം കൊണ്ട് അന്ധയായവൾ ആദ്യം ഒന്നും തിരിച്ചറിയാതെയായി....
ദിവ്യയോടും ശാരുവിനോടും വിവരം പറഞ്ഞപ്പോൾ ഈ പ്രണയം തുടരുന്നതിൽ താല്പര്യം കാണിച്ചില്ല... പലപ്പോഴും ഉപദേശിച്ചുനോക്കി... അവസാനം അവർ അക്കാര്യം പറയാതെയായി...
മൂന്നാഴ്ച മുൻപ് ഗൾഫിൽ നിന്നും വന്ന അമ്മാവൻ ഒരു സ്മാർട്ട് ഫോൺ കൊണ്ടുവന്നു തന്നു... കണ്ണേട്ടനിപ്പോൾ ജോലി ആവശ്യാർഥം അമേരിക്കയിലേക്ക് പോയ ദുഃഖത്തിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങനൊരു സമ്മാനം തേടിവന്നത്...
സ്മാർട്ട് ഫോൺ കിട്ടിയകാര്യം കണ്ണേട്ടനോട് പറയാൻ യാതൊരു വഴിയും ഇല്ലതാനും.. അനന്യയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുന്ന കണ്ണേട്ടൻ എന്നെയും ഉപയോഗിക്കാൻ സമ്മതിക്കില്ല എന്നുറപ്പായിരുന്നു..
മോശമല്ലാത്ത രീതിയിൽ കഥകളും കവിതകളും എഴുതുന്ന തനിക്ക് ഒരു പ്ലാറ്റുഫോം ഓൺലൈൻ രംഗത്ത് ലഭിക്കും എന്ന കൂട്ടുകാരികളുടെ ഉപദേശത്തിൽ ആണ് യമുന എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരും അറിയാതെ എടുത്തത്... തന്റെ ഡയറിയിൽ കുറിച്ചിട്ട കഥകൾ ഓൺലൈൻ ഗ്രുപ്പുകളിൽ എഴുതിയിട്ടപ്പോൾ തുടക്കകാരി ആയിട്ടുപോലും k ലൈക്കുകൾ വാരിക്കൂട്ടാൻ സാധിച്ചു... അത്രയും ഹൃദ്യം ആയിരുന്നു അവളുടെ കഥകൾ.... വായനക്കാരോട് ചേർന്നു നിൽക്കുന്നവ...
തന്റെ എഴുത്തുകൾ ശ്രെധിക്കപെട്ടപ്പോഴും സന്തോഷത്തേക്കാളുപരി കുറ്റബോധം ആണ് അവളുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നത്... കണ്ണേട്ടനോട് സത്യം തുറന്നു പറഞ്ഞു സമ്മതമല്ലെങ്കിൽ അക്കൗണ്ടും പൂട്ടികെട്ടാം എന്ന തന്റെ തീരുമാനത്തെ ദിവ്യയും ശാരുവും എതിർത്തിരുന്നു... അതുകൊണ്ട് തന്നെ അവരോട് പറയാതെയാണ് കണ്ണേട്ടനു റിക്വസ്റ്റ് അയച്ചത്...
ഇന്നലെ വൈകിട്ടാണ് ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു എന്ന നോട്ടിഫിക്കേഷൻ വന്നത്.. തൊട്ടുപിന്നാലെ " hi... ആരാണെന്നു മനസിലായില്ല " എന്നൊരു മെസ്സേജും....
ഞാനാണ്... കണ്ണേട്ടന്റെ ആമി എന്നു പറയാൻ കൊതിച്ചുവെങ്കിലും ചീത്ത കേൾക്കുമെന്ന് ഭയന്ന് " hi.... കണ്ണേട്ടാ... ഞാൻ അനന്യയുടെ കൂട്ടുകാരിയാണ് " എന്നേ പറഞ്ഞുള്ളു...
അനന്യയുടെ കൂടെ എൻജിനീയറിങ് പഠിക്കുന്ന യമുന ആണെന്ന് കണ്ണേട്ടൻ തെറ്റിധരിച്ചു എന്നത് തുടർന്നുള്ള മെസ്സേജുകളിൽ മനസിലായി... തിരുത്താൻ ശ്രെമിക്കും മുൻപേ... യമുനയുടെ സൗന്ദര്യത്തെ പറ്റിയും സ്വഭാവത്തെ പറ്റിയും വാതോരാതെ മെസ്സേജുകൾ അയക്കുന്നതുകണ്ടപ്പോൾ ഹൃദയത്തിൽ കുശുമ്പും വേദനയും ദേഷ്യവും വന്നു നിറഞ്ഞു...
ആമിയെന്നു വെളിപ്പെടുത്താതെ യമുനയായി സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എന്റെ പ്രണയം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു... അയാളപ്പോൾ മറ്റൊരു പ്രണയകൊട്ടാരം പണിതു അതിൽ യമുനയെ അവരോധിച്ചുകൊണ്ടിരുന്നു...
നിറഞ്ഞുവന്ന മിഴികളെ തടഞ്ഞുകൊണ്ട് ആമിയെ കുറിച്ച് ചോദിച്ചു... വീടിനടുത്തുള്ള കുട്ടിയാണെന്നും ഇടക്കെപ്പോഴോ കണ്ടിട്ടുണ്ട് ഓർമയില്ല എന്നു പറഞ്ഞൊഴിഞ്ഞു അയാളെന്റെ പ്രണയത്തിനു അവസാന ആണിയും അടിച്ചു...
ഹൃദയം നിറഞ്ഞ പ്രണയിച്ചവന് ഞാൻ വെറുമൊരു പരിചയക്കാരി മാത്രമായപ്പോൾ എന്തു വേണം എന്നറിയാതെ പൂർണ്ണമായും തകർന്നുപോയി... സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ പകരം കരഞ്ഞുറങ്ങാത്ത രാവുകൾ ആയിമാറി..
ഇനിയും ഞാനെന്തു വേണം എന്ന അർത്ഥത്തിൽ ദിവ്യയെയും ശാരുവിനെയും നോക്കിയിരിക്കാൻ മാത്രമേ എനിക്കാവതുണ്ടായുള്ളു...
" എടി... എന്താ ഇത്?? കണ്ണേട്ടൻ... ഇത്തരക്കാരൻ ആണോ??? " ശാരു സംശയം പോലെ ചോദിച്ചു..
ഇതൊരു സ്വപ്നം മാത്രമാകണെ എന്നു ആശിച്ചിരിക്കുന്ന ആമി അവളോട് എന്തുത്തരം നൽകണം എന്നറിയാതെയായി...
" എന്താ നിന്റെ തീരുമാനം??? ഇവനെ പറഞ്ഞു തിരുത്തി ഒപ്പം ജീവിക്കാനോ അതോ....? ദിവ്യയും ആമിയുടെ തീരുമാനം എന്തെന്നറിയാൻ കാത്തുനിന്നു..
"ഈ അക്കൗണ്ട് ഇതുപോലെ തന്നെ തുടർന്നും ഉപയോഗിക്കും ... അവനെ ബ്ലോക്കും .... ഫേസ്ബുക്കിൽ നിന്നുമാത്രമല്ല എന്റെ ജീവിതത്തിൽ നിന്നുകൂടി "
ആമിയുടെ തീരുമാനത്തെ അവർ നിറഞ്ഞൊരു കൈയ്യടിയോടെ സ്വീകരിച്ചു...
#✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
