മുണ്ടക്കൈയിലെയും ചൂരൽമലയിലേതുമുൾപ്പെടെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും കേരളത്തിന് കരുത്തും കരുതലുമായി ആദ്യമോടിയെത്തുന്ന സിവിൽ ഡിഫൻസ് സേനയ്ക്ക് ശക്തി പകരാൻ ഇനി കൂടുതൽ അംഗങ്ങൾ. 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമായി.
നിലവിൽ സംസ്ഥാനത്താകെ 129 അഗ്‌നിരക്ഷാനിലയങ്ങളിലായി 8500 ഓളം സിവിൽ ഡിഫൻസ് വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശീയമായി ഉണ്ടാകുന്ന അപകടങ്ങളിൽ ആദ്യം എത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി അപകടത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് തെരഞ്ഞെടുത്ത പൊതുജനങ്ങൾക്ക് പരിശീലനം നൽകി സിവിൽ ഡിഫൻസ് സേനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.
പെട്ടിമുടി ദുരന്തം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം, കോഴിക്കോട് വിമാന അപകടം, മുണ്ടക്കൈ-ചൂരൽമല ദുരന്തം എന്നിവിടങ്ങളിലെല്ലാം അഗ്‌നിരക്ഷാസേനയോടൊപ്പം ചേർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. കോവിഡ് - 19 വേളയിൽ അണുനശീകരണം, രോഗികൾക്ക് മരുന്ന് വിതരണം, ഭക്ഷ്യവിതരണം, ക്വാറന്റൈൻ സെൻററിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുക എന്നീ പ്രവർത്തനങ്ങൾ സേന ഏറ്റെടുത്തിരുന്നു. തെരഞ്ഞെടുത്ത വോളന്റിയർമാരിൽ വനിതകൾ,ജെസിബി ഓപ്പറേറ്റർ, മത്സ്യത്തൊഴിലാളികൾ, ആദിവാസി മേഖലയിൽ നിന്നുള്ളവർ, നേഴ്‌സ്, വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു.
സിവിൽ ഡിഫൻസ് വോളന്റിയർമാരാകാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് www.fire.kerala.gov.in #kerala മുഖേന രജിസ്റ്റർ ചെയ്യാം.
#civildefence #keralagovernment
