ShareChat
click to see wallet page
"അമ്മേ, ഞാൻ തിരിച്ച് പോവാതിരുന്നാലോ?" മകൾ അനുവിൻ്റെ ചോദ്യം കേട്ട് രുക്മിണി ഭക്ഷണം കഴിക്കുന്നത് നിർത്തി തലയുയർത്തി നോക്കി. തല കുനിച്ച് ഭക്ഷണം കഴിക്കുകയാണ് അവൾ. അരുതാത്തതെന്തോ ചോദിച്ച ഭാവം പോലുമില്ല മുഖത്ത്. ഭർത്താവ് വിജയനാകട്ടെ മകൾ പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തിൽ ഭക്ഷണം തുടരുകയാണ്. ' ഇനി ഞാൻ കേട്ടത് തെറ്റിയതാണോ?!' വിശ്വസിക്കാനും ആശ്വസിക്കാനും എളുപ്പം അതൊരു തോന്നൽ ആയി മറക്കുന്നതായത് കൊണ്ട് അവർ അടുക്കള തിരക്കുകളിലേക്ക് ഊളിയിട്ടു. പിറ്റേന്ന് തന്നെ മകൾ ഭർതൃവീട്ടിലേക്ക് പോയി. അന്ന് രാത്രിയാണ് വിജയൻ അതെക്കുറിച്ച് സംസാരിച്ചത്. "എന്നാലും അവൾ തിരികെ പോകുന്നില്ലെന്ന് പറഞ്ഞത് എന്തിനാവും?!" " തന്നത്താൻ ചോദിച്ചു കൂടിയായിരുന്നോ" അവർക്ക് അരിശം വന്നു. " നീ അവൾടെ അമ്മയല്ലെ. ഇത്തരം കാര്യങ്ങളൊക്കെ ഒരു തഞ്ചത്തിന് ചോദിച്ചറിയണ്ടേ?" " അറിഞ്ഞിട്ട്? നിങ്ങൾ അവളെ ഇവിടെ നിർത്താൻ പോകുവാണോ?" അവരുടെ വാക്കുകളിൽ അമർഷവും പരിഹാസവും വേദനയും നിറഞ്ഞു നിന്നു. അതെന്തിനാണെന്ന് വിജയന് നന്നായി അറിയാം. വിവാഹ ശേഷം എത്ര തവണ നിൻ്റെ വീട് ഇതു മാത്രം ആണെന്ന് താൻ ശഠിച്ചിരിക്കുന്നു. സ്വന്തം വീട്ടിൽ പോകാനുള്ള അവളുടെ മോഹങ്ങളെ നിർദ്ദയം തിരസ്ക്കരിച്ചിരിക്കുന്നു. അമ്മ മാത്രം ആയിരുന്നു അവൾക്കുണ്ടായിരുന്നത്. തൻ്റെ മാതാപിതാക്കളെ സ്വന്തം പോലെ അവൾ നോക്കിയിട്ടും ' ആ തള്ള ചത്താലെങ്കിലും നിൻ്റെ ഈ രണ്ടു തോണിയിൽ കാലു വെക്കുന്ന ഏർപ്പാട് നിർത്തുമോ' എന്ന് പോലും ചോദിച്ചിട്ടുണ്ട് താൻ. ആ ഓർമ്മയിൽ ഒരു നിമിഷം നിശ്ശബ്ദനായി നിന്നെങ്കിലും " നീ ഒന്ന് അവിടം വരെ ചെന്ന് രണ്ട് ദിവസം നിന്നിട്ട് വാ. കാര്യങ്ങൾ ഒന്നറിയാമല്ലോ" എന്ന് പറയാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. കണ്ണേ പൊന്നേ എന്ന് വളർത്തിയ മകൾ ആണ്. പിറ്റേന്ന് തന്നെ രുക്മിണി മകളുടെ വീട്ടിലേക്ക് തിരിച്ചു. അസ്വാഭാവികം ആയി അവിടൊന്നും അവർക്ക് കാണാൻ കഴിഞ്ഞില്ല. മകൾ നല്ലൊരു കുടുംബിനി ആയിരിക്കുന്നു. കീ കൊടുത്ത പാവയെ പോലെ എല്ലാ ജോലികളും നിഷ്ഠയോടെ ചെയ്യുന്നു. പാലു കറക്കുന്നു, കാലികൾക്ക് തീറ്റ കൊടുക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, വീട്ടുകാർക്കും വേലക്കാർക്കും വിളമ്പുന്നു, വീട് വൃത്തിയാക്കുന്നു , തുണികൾ ഒതുക്കി വെക്കുന്നു.... വന്നത് ചാരവൃത്തിക്ക് ആയതുകൊണ്ട് കുറച്ച് കൂടി സൂക്ഷമമായി കാര്യങ്ങൾ ഗ്രഹിക്കാതെ വയ്യല്ലോ. അവർ ജാകരൂകരായി. ചെയ്യുന്നത് എന്തെല്ലാം എന്ന് നോക്കുന്നതിനൊപ്പം ചെയ്യാത്തവ എന്തെന്ന് കൂടി നോക്കാൻ തുടങ്ങി. " ഈ പുസ്തകം തീരും വരെ എന്നെ ശല്യം ചെയ്യരുതെന്ന് ' പറഞ്ഞു മുറിയടച്ച് വായിച്ചിരുന്നവൾക്ക് പത്രം വായിക്കാൻ പോലും സമയമില്ല, നാല് മനുഷ്യന്മാരെ കാണാതെ വീട്ടിൽ ഇരിക്കാൻ എന്ത് ബോറാണെന്ന് പറഞ്ഞ് എല്ലാ വാരാന്ത്യങ്ങളിലും നിഷ്‌കർഷയോടെ പുറത്ത് പോയിരുന്നവൾക്ക് ഗേറ്റ് കടക്കാൻ പോലും സമയം ഇല്ലാതെ ആയിരിക്കുന്നു, റിമോട്ട് തട്ടി പറിച്ചെങ്കിലും വേണ്ടത് വെച്ച് കണ്ടിരുന്നവൾക്ക് ഭർതൃ വീട്ടിൽ ഒരു ടിവി ഉണ്ടെന്നത് തന്നെ അറിയില്ലെന്ന് തോന്നി. മകൾ കൈവരിച്ച കാര്യപ്രാപ്തിയിൽ അഭിമാനിക്കണോ, അതോ സഹതപിക്കണോ എന്ന ചിന്തയിൽ അവർ കുഴങ്ങി. " അവൾക്കവിടെ കുഴപ്പമൊന്നും ഇല്ല" തിരികെ വീട്ടിൽ വന്ന് രുഗ്മിണി പറഞ്ഞു. " ഒരു കുഴപ്പവും ഇല്ലതെയാണോ തിരികെ പോകുന്നില്ലെന്ന് പറഞ്ഞത്..." അയാൾ സ്വയമെന്നോളം ചോദിച്ചു "പണ്ട് എന്നോട് നിങ്ങൾ ചോദിച്ചു, 'നിനക്കിവിടെ എന്തിൻ്റെ കുറവാ ' എന്ന്. അതുപോലെ നിങ്ങളുടെ കണ്ണുകൾക്കും ബോധത്തിന്നും കണ്ട് പിടിക്കാൻ കഴിയുന്ന കുറവുകൾ ഒന്നും അവൾക്കവിടെ ഇല്ല. എൻ്റെ കുട്ടി ചിരിക്കാൻ മറന്ന് പോകുന്നു എന്ന് മാത്രം." അവസാന വാചകം പറഞ്ഞപ്പോൾ അവരുടെ കണ്ഠം ഇടറിയോ. " കയ്യോടെ കൂട്ടി കൊണ്ട് വരാമായിരുന്നില്ലെ" അയാൾ ദേഷ്യപ്പെട്ടു. " ഞാൻ വിളിക്കാതെ ആണോ" അവരുടെ ഒച്ചയും പൊങ്ങി. " വിളിച്ചോ, എന്നിട്ട്, വരുന്നില്ലെന്ന് പറഞ്ഞോ?" " ചില ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും എക്സ്പയറി ഡേറ്റ് ഉണ്ടത്രേ. പോകുന്നില്ല എന്നു പറഞ്ഞ ആ ഒരു നിമിഷത്തിൽ അവൾക്ക് ഉണ്ടായിരുന്ന ധൈര്യം, നമ്മളോടുള്ള വിശ്വാസം, അതിനെയൊക്കെയാണ് നമ്മുടെ മൗനം മുറിവേല്പിച്ചത്..." അവർക്ക് പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടുന്നില്ല. " ഞാൻ.. അവനൊരു നല്ല ചെറുക്കാൻ ആണെന്ന് കരുതിയാണ് മകളെ അവന് നൽകിയത്" അയാൾ കുപിതനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. " നന്മ!" രുഗ്മിണി ഒരു പുച്ഛചിരി ചിരിച്ചു. "നിങ്ങടെ ഇതേ നന്മ അവനിലും കാണും, പക്ഷേ അവർക്ക് ഒരു മകൾ ഉണ്ടായി വളർന്ന് ഇതേ അവസ്ഥ വരണം ആ നന്മ പുറത്തു വരാൻ എന്ന് മാത്രം" അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു. ------------------------------------------------------------- ഒരു മാസത്തിനു ശേഷമുള്ള പ്രഭാതം. അലാറം വെച്ചില്ലെങ്കിലും അനു അഞ്ചു മണിക്ക് തന്നെ ഉറക്കം ഉണർന്നു. പിന്നെ അതിൻ്റെ ആവശ്യം ഇല്ലെന്ന ഓർമ്മയിൽ വീണ്ടും കണ്ണടച്ച് കിടന്നു. എങ്കിലും ഭർത്താവിന് പെട്ടെന്ന് വന്ന മനം മാറ്റത്തിൻ്റെ കാരണം മാത്രം അവൾക്ക് പിടി കിട്ടിയില്ല. നാല് പശുക്കളിൽ ഒന്നൊഴികെ മറ്റെല്ലാത്തിനെയും വിറ്റു. പുറം പണിക്ക് ഒരാളെയും വെച്ചു. അതിൻ്റെ പുറകിൽ തൻ്റെ അച്ഛൻ ആണെന്ന് ഒരുപക്ഷെ ഒരിക്കലും അവൾ അറിയില്ല. അയാൾക്കാകട്ടെ അത് വൈകി വന്ന വിവേകം ആണ്. ചെയ്ത തെറ്റിനെ തിരുത്താൻ കഴിയില്ലെങ്കിലും മറ്റൊരാളെ തെറ്റ് ആവർത്തിക്കാതിരിക്കാൻ സഹായിച്ചെന്ന് അയാൾക്ക് സമാധാനിക്കാം. #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ

More like this