ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനം
പൈതൽ മിഴിപൂട്ടി
ഒരു മണിക്കൂറെങ്കിലുമൊന്നുറങ്ങാനായെങ്കിൽ..
കൊതിയോടെയവളാ കാമുകനെ
പാതി തളർന്നടഞ്ഞ കണ്ണുകളിലേക്ക്
ആവാഹിച്ചു
കുഞ്ഞുറങ്ങാൻ കാത്തിരുന്ന പോലയാളും വീർത്തുരുണ്ട തുടയിലൊരെണ്ണം കൊണ്ടവളെ ഇറുക്കിയുണർത്തി..
പിന്നിലനക്കം വെച്ച തൃഷ്ണയറിഞ്ഞെങ്കിലുമശക്തിയുടെ
പിടിയിലമർന്നവൾക്ക് ഉറങ്ങിയാൽ മാത്രം മതിയായിരുന്നു...
മുട്ടൊപ്പം ചെരച്ചു കയറ്റിയ നൈറ്റിക്കുള്ളിലൂടെ
വരയും കുറിയും വീണ വയറിൽ ഞെക്കിയയാൾ പലതും പിറുപിറുത്തു
വെള്ളം നിറച്ച ബലൂണ് പോലെന്ന് പറയവേ
അയാളുടെ കുടവയറോർത്തവളൊരു
പരിഹാസച്ചിരിയെ കുടിയിറക്കി വിട്ടു.
കുഞ്ഞുണരും മുന്നൊന്നു കഴിഞ്ഞിരുന്നുവെങ്കിൽ....
ദേഹത്തയാളുടെ ഭാരവും പേറി
ഉള്ളിലവൾ ഇറങ്ങിപ്പോയ ഉറക്കത്തെ
ഓർത്തു വിലപിച്ചു.
ഉലയുന്ന കട്ടിൽ കാലുകൾ കുഞ്ഞിനെ യുണർത്തുമോ എന്ന് കാതോർക്കവേ
പാൽമണചൂരിലയാൾ അസഹ്യതയോടെ
നിറമാറിൽ നിന്നും തലയുയർത്തി
നാറുന്നു നാറുന്നു എന്ന് മൂക്ക് ചുളിച്ചു.
അപ്പോളുമവൾ മുഖത്തേക്കടിച്ച പുകയില ശ്വാസവും ഇറച്ചി ചീഞ്ഞ വായ്മണവും
തടയാൻ മൂക്കിനൊരു മതിൽ കെട്ടി.
സൗമ്യ സാബു ✍️
#poem #malayalam #malayalamkavitha #📔 കഥ #കഥ