ജൂൺ 𝟑: മഹാകവി
ജി ശങ്കരക്കുറുപ്പിന്റെ
ജന്മദിനം
🌹🌹🌹🌹🌹🌹🌹🌹
അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകൾ. ദർശനങ്ങളുടെ വിവിധ ആകാശങ്ങൾ അവ കാണിച്ചുതന്നു..
കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാർശനികകവിയെന്നു വിളിക്കാം.. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു..
1901 ജൂൺ 3ന് കാലടി നായത്തോട് ഗ്രാമത്തിൽ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്കൃതം പഠിച്ചു. ഹയർ പരീക്ഷ ജയിച്ച് 17-ാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സിൽതന്നെ കവിതയെഴുതിത്തുടങ്ങിയ ജി. അപ്പോൾ അറിയപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോൺവെന്റ് സ്കൂളിൽ ജോലിചെയ്ത ജി., പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ൽ വിദ്വാൻപരീക്ഷ ജയിച്ച് തൃശ്ശൂർ ട്രെയ്നിങ് കോളേജിൽ ചേർന്നു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി. 1956-ൽ വിരമിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദർശനം എന്ന കൃതിക്ക് 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 'ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷൺ പുരസ്കാരവും ജി.യെ തേടിയെത്തി. 1978 ഫിബ്രവരി 2ന് അന്തരിച്ചു..
പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണർത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആർദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങൾ, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങൾ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാൻ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി.യെ അതിപ്രശസ്തനാക്കി. ടാഗോറിന്റെ കവിതകൾ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗോർക്കവിതകളുടെ പല സവിശേഷതകളും ജി.ക്കും ബാധകമാണെന്ന് നിരൂപകർ പറയുന്നു. ചന്ദനക്കട്ടിൽ, കൽവിളക്ക്, ഇണപ്രാവുകൾ, ഭഗ്നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചൻ തുടങ്ങിയ ആഖ്യാനകവിതകൾ പ്രശസ്തങ്ങളാണ്...
🌹🌹🌹🌹🌹🌹
#ജന്മദിനം #മഹാകവി ജി ജന്മദിനം 🌹🌹🌹
