കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിന് കർക്കടകത്തിന്റെ അഞ്ചാം ദിവസം വെളുപ്പിനാണ് അയ്യപ്പൻകാവിൽ നിന്നും പുറപ്പെടുന്നത്.
തിരക്ക് കുറവായിരിക്കും എന്ന ധാരണയിൽ ആണ് അഞ്ചാം ദിവസമായ തിങ്കളാഴ്ച തെരഞ്ഞെടുത്തതെങ്കിലും തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല.
രാവിലെ തന്നെ ചിന്നം പിന്നം മഴ ഉണ്ടായിരുന്നു വെങ്കിലും കൃത്യസമയത്ത് തന്നെ സുകുമാരൻ ചേട്ടൻ വിമല ടീച്ചറെ എത്തിച്ചു. ഭവൻസിലെ റിട്ട. അദ്ധ്യാപികയായ വിമല ടീച്ചർ ഞങ്ങളുടെ എല്ലാ യാത്രയിലെയും പങ്കാളിയാണ്. എറണാകുളം വികസന സമിതി പ്രസിഡന്റ് ദിലീപ് കുമാറിന്റെ വാഹനമായിരുന്നു യാത്രക്കായി പ്രയോജനപ്പെടുത്തിയത്.
ഞായറാഴ്ചത്തെ പ്രോഗ്രാം കഴിഞ്ഞു കോറിയോ ഗ്രാഫർ റോഷ്‌ണി വിജയകൃഷ്ണൻ എത്തുന്നത് തന്നെ അർദ്ധരാത്രി യാണ്. വെളുപ്പിന് അയ്യപ്പൻകാവ് വരെ എത്തേണ്ട. പോകും വഴി വീട്ടിൽ നിന്നും പിക്ക് ചെയ്തോളാം എന്ന് പറഞ്ഞത് ഞാൻ ആയിരുന്നു.
തിങ്കളാഴ്ച അതിരാവിലെ ഉണർന്ന് വണ്ടിയിൽ കയറുമ്പോൾ ആ മുഖത്ത് തലേ ദിവസത്തെ ഉറക്ക ക്ഷീണം ഒന്നും തന്നെ കണ്ടതെ ഇല്ല. രോഷ്‌ണി വിജയകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ യൂണിവേഴ്സ് അതൊന്നും അറിയിക്കുന്നില്ല എന്ന് പറയുന്നതാവും ശരി.
ദശരഥ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെയാണ് നാലമ്പല ദർശനം എന്നു വിവക്ഷിക്കുന്നത്. നാലു ക്ഷേത്രങ്ങളിലും ഒറ്റ ദിവസം ദർശനം നടത്തുന്നതിലൂടെ സകല ദുരിതങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷനേടാം എന്നാണ് വിശ്വാസം.
നാലമ്പല ദർശനത്തിന്റെ ആരംഭം തൃപ്രയാറിലാണ്. തൃശൂർ എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച് പായമ്മൽ ശത്രുഘ്ന സന്നിധിയിൽ അവസാനിക്കുന്നതാണ് നാലമ്പല ദർശനം.
കനത്ത മഴയിൽ റോഡുകൾ തകർന്നു കിടക്കുന്നതു മൂലം ചില റോഡുകളിൽ യാത്ര പതുക്കെയായിരുന്നു. അതുകൊണ്ട് തന്നെ തൃപ്രയാർ എത്താൻ 2 മണിക്കൂറിൽ അധികം സമയം വേണ്ടി വന്നു.
പ്രഭാത ഭക്ഷണം ഞങ്ങൾക്കായി ഒരുക്കിയിരുന്നത് വി ബി മാളിൽ ആയിരുന്നു. ദർശനത്തിന് സമയം ഏറെ എടുത്തേക്കാം എന്നത് കൊണ്ട് വി ബി മാളിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ദർശനത്തിനായി ക്ഷേത്രത്തിൽ എത്തി വരി നിന്നത്.
തൃപ്രയാറിൽനിന്ന് കൂടൽമാണിക്യത്തിലേക്കെത്തി.
കൂടൽമാണിക്യം ഭരതസ്വാമി സന്താനദായകനും, രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടികൾ ഉണ്ടാകുന്നതിന് കടുംപായസവും, പെൺകുട്ടികൾ ഉണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും, അർശസ്സിന് നെയ്യാടിസേവയും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് 31 കിലോമീറ്ററോളം സഞ്ചരിച്ച് മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ എത്തി. ലക്ഷ്മണനാണ് ഇവിടത്തെ പ്രതിഷ്ഠ.
നാലിടത്തും നട തുറന്ന് ഇരുന്നാൽ മാത്രമേ സമയം അഡ്ജസ്റ്റ് ആകൂ വെങ്കിലും, ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും സമയം വൈകും.
നാലമ്പല ദർശനത്തിൽ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം.
തൃപ്രയാർ ക്ഷേത്ര ദർശനം കഴിഞ്ഞു ഇറങ്ങുമ്പോഴാണ് റോഷ്‌ണി വിജയകൃഷ്ണൻ ഷമ്മി ലാൽ എന്ന സൂപ്പർ ഷമ്മിയെ കൊണ്ട് നറുക്കെടുപ്പിന് മണികൂറോളം മാത്രം ശേഷിക്കേ ലോട്ടറി എടുപ്പിച്ചത്.
വാഹനം മുൻപോട്ടു നീങ്ങി കൊണ്ടിരിക്കുമ്പോൾ ആണ് ഷമ്മിയുടെ " അടിച്ചേ... " എന്നുള്ള ശബ്ദവും പൊട്ടി ചിരിയും...! തൃപ്രയാറിൽ നിന്നും എടുത്ത ലോട്ടറി അടിച്ചിരിക്കുന്നു.
എന്റെ ഭാഗ്യം നിങ്ങളുടെ കൂടി ഭാഗ്യമാണ്. നാലമ്പല ദർശനം എന്റെ വളരെ നാളത്തെ ആഗ്രഹം കൂടിയായിരുന്നു. ദൈവാനുഗ്രഹം ഉള്ളത് കൊണ്ടായിരുന്നുവല്ലോ നിങ്ങളോടൊപ്പം എനിക്ക് വരാൻ തോന്നിയത് എന്നുമായിരുന്നു ഷമ്മിയുടെ പ്രതികരണം.
മൂഴിക്കുളം ജംക്‌ഷനിൽ നിന്ന് പൂവത്തുശേരിയിൽ തിരിച്ചെത്തി അന്നമനട കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിൽ എത്തി മതിലകം റോഡിലേക്ക് കടന്ന് അരിപ്പാലം സെന്ററിൽ നിന്ന് പായമ്മൽ എത്തുമ്പോൾ വൈകീട്ടത്തെ ദീപാരാധനയുടെ സമയം ആയിരുന്നു.
മഴ കൊള്ളാതെ വരി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഒരുക്കിയിരുന്നു. വരിയില്‍ നിന്നുകൊണ്ട് തന്നെ വഴിപാട് കഴിക്കാനും സാധിക്കും. ഭക്തര്‍ക് കുടിവെള്ളം, ചികിത്സാസൗകര്യം എന്നിവയും ക്ഷേത്രത്തില്‍ സജ്ജമാക്കിയിരുന്നു.
ദേവസത്തിന്റെ കീഴിൽ ആണ് പല ക്ഷേത്രങ്ങൾ എങ്കിലും എല്ലായിടത്തും ഷർട്ട് അഴിച്ചുള്ള പ്രവേശനം മാത്രമേ അനുവദിച്ചിരുന്നുളൂ. കൂടൽ മാണിക്യത്തിൽ ആകട്ടെ എന്റെ പാന്റ് പോലും അഴിച്ചു മാറ്റിച്ചിട്ടാണ് അകത്തേക്ക് പ്രവേശിപ്പിച്ചത് പോലും.
ഭഗവാൻ സർവവ്യാപിയാണെങ്കിലും ഭഗവൽ ചൈതന്യം മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. അനുകൂല ഊർജം നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട്. ഭക്തിക്ക് പ്രാധാന്യം നൽകിവേണം ക്ഷേത്രദർശനം നടത്തേണ്ടത്.
ഇന്ന് പലരും നമ്മുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദര്‍ശനം നടത്താറുള്ളത്. അതിനായി എല്ലാക്കാര്യങ്ങളും നമുക്കനുകൂലമായി ഒത്തുവരണമെന്ന നിര്‍ബന്ധവും പലര്‍ക്കുമുണ്ട്. അങ്ങനെയുള്ള ചിലർ ആണ് ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ കയറാം എന്ന തിട്ടൂരം കൊണ്ട് വന്നതെന്ന് തോന്നുന്നു. ഇവർ ഭക്തിക്ക് പ്രാധാന്യം നൽകുന്നില്ല. മറിച്ച് മറ്റ് എന്തിനോയൊക്കെയാണ് പ്രാധാന്യം നൽകുന്നതെന്ന് വേണം കരുതാൻ.
ഈ യാത്ര കോറിയോ ഗ്രാഫർ റോഷ്‌ണി വിജയകൃഷ്ണന്റെ മനസ്സ് പറയുന്നതനുസരിച്ച് നടന്ന താണെന്ന് വേണം പറയാൻ.
ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി നാലമ്പലം വിളിക്കുകയായിരുന്നുവോ...!!!?
© jayaar 2025 #നാലമ്പലം #ശ്രീരാമൻ #തൃപ്രയാർ ശ്രീരാമൻ
