**ബെഡ്‌റൂം ഡിസൈനേഴ്സ്** full part "ലൈം-ഗ്രീൻ കളറിൽ തന്നെയാണോ ബെഡ്‌റൂം സെറ്റ് ചെയ്യേണ്ടത് ? ഓഫ് വൈറ്റ് വേണ്ട.. ല്ലേ ?! ഉറപ്പാണോ സർ?! " ബെഡ് റൂം റീഫർബിഷ് ചെയ്യാൻ വന്ന ഇന്റീരിയർ ഡിസൈനറുടെ ആ ചോദ്യം അയാൾക്ക് ഇഷ്ടമായില്ലെന്ന് വ്യക്തം. "അതെ, നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ ?! അവൾക്കതാണിഷ്ടം" "ശരി സർ...വിന്ഡോ ബ്ലൈൻഡ്‌സിന്റെ ...." "ഒരു സെക്കന്റ് ...അവളോട് ചോദിക്കട്ടെ " "ചാരൂ....ചാരൂ ..." പതുക്കെ വിളിച്ചുകൊണ്ടു ചാരിയിട്ടിരുന്ന അടുത്ത മുറിയിലേക്ക് അയാൾ പോയി. ഏതാനും നിമിഷങ്ങൾക്കകം തന്നെ തിരിച്ചു വരികയും ഡിസൈനർക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്തു. "മാഡത്തെ ഇങ്ങോട്ട് വിളിച്ചൂടെ ? " ഡിസൈനർ തെല്ലു സംശയത്തോടെ ചോദിച്ചു...തന്റെ ജോലി എളുപ്പമാക്കുക എന്നതിൽ കവിഞ്ഞു അയാൾക്കത് ഒരാഗ്രഹമായിരുന്നു...ചാരു എന്ന് പേരുള്ളവൾ സുന്ദരി ആയിരിക്കുമെന്നയാളുടെ മനസ്സ് പറഞ്ഞു. മാത്രമല്ല, അവൾക്ക് യോജിച്ചവൻ അല്ല ഇയാൾ, ഉറപ്പ്. "ചാരു ഓയിൽ പെയിന്റ് ചെയ്യുകയാണ്.അതാണ് വാതിൽ അടച്ചത്..തീരുന്നത് വരെ അവൾ പുറത്തിറങ്ങില്ല.." ഡിസൈനർക്ക് ഒരു ഉന്മേഷമില്ലായ്മ തോന്നി. പണി നിർത്തി ഉടമയോടു പിറ്റേന്ന് വരാമെന്നു പറഞ്ഞയാൾ പതിവില്ലാതെ നേരെ വീട്ടിലേക്ക് ബൈക്ക് തിരിച്ചു. ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്. അയാൾ ചുറ്റും നോക്കി.. റോഡിൽ മരത്തിനു ചുവട്ടിൽ ഒരു ബൈക്ക്.. അയാളുടെ മുഖഭാവത്തിൽ ആ വാഹനം അയാൾക്ക് നല്ല പരിചയമുള്ളതുപോലെ തോന്നി.. വീട്ടിലേക്ക് പാളി നോക്കി അയാളൊന്നു ദീർഘമായി നിശ്വസിച്ചു.. പെട്ടെന്നയാൾ പുഞ്ചിരിച്ചുകൊണ്ട് ഫോൺ കയ്യിലെടുത്തു. ഡിസ്‌പ്ലേയിൽ അയാളുടെയും ഭാര്യയുടെയും കല്യാണ ഫോട്ടോയാണുള്ളത്. തിരക്കിട്ട് അയാൾ ആരെയോ വിളിക്കുകയും ബൈക്ക് സ്റ്റാർട്ട് ചെയ്തു പോവുകയും ചെയ്തു.. പത്തു മിനിറ്റിനകം അയാൾ രണ്ടു നിലകളുള്ള ഒരു കെട്ടിടത്തിലെ ഒന്നാമത്തെ നിലയിൽ മൂന്നാം നമ്പർ ഫ്ളാറ്റിലെ ഡോർ ബെല്ലിൽ വിരലുകൾ അമർത്തി. ഒരു യുവതി ചിരിച്ചുകൊണ്ട് വാതിൽ തുറന്നു. അവളുടെ മുഖം കണ്ടാലറിയാം, കാത്തിരിക്കുകയാണെന്ന്…… ഡിസൈനർ പോയപ്പോൾ വീട്ടുടമ "ചാരൂ...ചാരൂ..." എന്ന് സ്വരം വളരെ താഴ്ത്തി വിളിച്ചുകൊണ്ട് ചാരിയിട്ടിരുന്ന ആ മുറിയിലേക്ക് കയറിപ്പോയി.അൽപ സമയത്തിനകം ഉള്ളിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടുതുടങ്ങി ….. അധികം വൈകാതെ ഡിസൈനർ സ്വന്തം വീട്ടിൽ തിരിച്ചെത്തുകയും ഭാര്യയോടൊപ്പം ചായ കുടിക്കുകയും ചിരിക്കുകയും ചെയ്തു. ഡിസൈനറുടെ വീട്ടിൽ ഉണ്ടായിരുന്ന 'അതിഥി'യും അപ്പോഴേക്ക് അയാളുടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു..അയാളും ഭാര്യയും ടി.വി. യിൽ ഒരു കോമഡി ഷോ കാണാൻ തുടങ്ങി ….. ചാരുവിന്റെ മുറിയിൽ ഏതാണ്ട് പൂർത്തിയായ ഒരു എണ്ണഛായാ ചിത്രം കാണാം.. വീട്ടുടമ ബ്രഷെടുത്ത് ഒന്നുകൂടെ അതിൽ നോക്കി..പിന്നെ ഭിത്തിയിൽ തൂങ്ങുന്ന ചിത്രത്തിലേക്കും... ഒരു വ്യത്യാസം മാത്രം – ചുമരിലെ ചിത്രത്തിലെ യുവതി വീൽ ചെയറിലായിരുന്നു. അയാൾ വരച്ച ചിത്രത്തിൽ അവൾക്ക് ചിറകുകളായിരുന്നു ഉണ്ടായിരുന്നത്. (ഹാരിസ്)
12.2k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post