#പ്രണയിനി "വിട്‌ കണ്ണേട്ടാ... അമ്മ തിരക്കുന്നുണ്ടാവും..." "തിരക്കട്ടെ...." തിടുക്കമഭിനയിച്ചു കുതറി മാറാൻ അവൾ അലസതയോടെ ശ്രമിയ്ക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് ചിരി വന്നു... "ആരെങ്കിലും കാണും.." "ഈ നേരത്തു ഇങ്ങോട്ടേക്ക് ആരു വരാനാടോ??" നിരയായി നിൽക്കുന്ന കവുങ്ങിൻ കൂട്ടങ്ങൾക്കപ്പുറത്തേയ്ക്ക് അവൾ വീണ്ടും ആശങ്ക നിറഞ്ഞ നോട്ടമയച്ചു. കണ്ണുകളിൽ ദയനീയതയോടെ വീണ്ടുമെന്നെ നോക്കിയപ്പോൾ കള്ളച്ചിരിയോടെ ഞാനവളെ മുക്തയാക്കി... തിരിഞ്ഞു നടന്നു തുടങ്ങിയപ്പോഴേയ്ക്കും എന്തോ മറന്ന പോലെ അവൾ എന്നിലേക്ക് തന്നെ ഓടിയെത്തി... ഇരു കൈകളാലും മീശ പിരിച്ചു വച്ചു അവളെന്നെ നോക്കി ചിരിച്ചു... "ഇങ്ങനെ മതി..." വേഗത്തിൽ ദാവണിയുടെ ഇരു വശങ്ങളും ഉയർത്തിപ്പിടിച്ചു അവളോടി കവുങ്ങിൻ തോട്ടം കടന്നു മറഞ്ഞു.... സന്ധ്യയ്ക്ക് കാവിൽ വിളക്ക് വെച്ചു മടങ്ങുമ്പോൾ പതിവുപോലെ കൊടുക്കാറുള്ള ചുവന്ന മഞ്ചാടി മണികൾ ഞാനവൾക്ക് നീട്ടി.... ഇരു കൈകളിലേയ്ക്കും മാറി മാറി നിക്ഷേപിച്ചു എന്നോടൊപ്പം നടക്കുമ്പോൾ അവൾ കുപ്പിവളക്കിലുക്കം പോലെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.... "കണ്ണേട്ടൻ എന്തു കണ്ടിട്ടാ എന്നെ പ്രേമിച്ചത്??" അപ്രതീക്ഷിത ചോദ്യം കേട്ടപ്പോൾ ഞാൻ കണ്ണുകൾ മഞ്ചാടി മണികളിൽ നിന്നും അവളുടെ കണ്ണുകളിലേയ്ക്ക് മാറ്റി... "എന്തേ ഇപ്പൊ ഇങ്ങനൊരു ചോദ്യം...??" "പറയെന്നെ..." "എന്തെങ്കിലും കണ്ടിട്ടാണോ ഇഷ്ടം തോന്നണത്??" "എന്നാലും പറ... കേൾക്കാനാ..." അവൾ വിടാനുള്ള ഭാവമില്ല. "ഒന്നു പോ പെണ്ണേ..." സംശയ ഭാവത്തോടെ അവളെന്റെ കുറുകെയായി നിന്നു. "പറ കണ്ണേട്ടാ...." "കണ്ണുകൾ..." "അതെന്താ..." "നല്ല രസമാണ് എന്റെ മാളൂന്റെ ഈ മത്തകണ്ണു കാണാൻ...." എന്റെ അടക്കിച്ചിരി കണ്ടു അവൾ ചിണുങ്ങിക്കൊണ്ടു വലതു കയ്യാൽ എന്നെ പൊതിരേ തല്ലി... കുസൃതിയോടെ അവളെ തൊട്ടടുത്ത മതിലിൽ ചേർത്തു പിടിച്ചു ചുണ്ടുകൾ നുകർന്നപ്പോൾ അർധ മയക്കത്തോടെ കയ്യിലെ മഞ്ചാടി മണികൾ ഊർന്നു വീണു... ആദ്യ ചുംബനം.... പിടുത്തമയഞ്ഞതും കലങ്ങിയ കണ്ണുകളോടെ അവളെന്നെ പിടിച്ചു തള്ളിമാറ്റി നാണത്തോടെ വേഗത്തിൽ നടന്നു... ഒരു കയ്യകലം പിറകിൽ പുഞ്ചിരിയോടെ നടക്കുന്ന എന്നെ വീടെത്തും മുൻപേ അവൾ നോക്കിയ നോട്ടം.... കണ്ണടച്ചാൽ ആദ്യം തെളിയുന്നതാ നോട്ടമാണ്... ഹൃദയത്തെ പുണർന്നൊരു തണുത്ത കാറ്റ് വീശുന്നത് പോലെ തോന്നാറുണ്ടപ്പോൾ... എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന വശ്യതയാണാ കണ്ണുകൾക്ക്... അതിനുശേഷം നനുത്ത ചുംബനങ്ങൾക്ക് വേണ്ടി മാത്രം ത്രിസന്ധ്യയെ കാത്തിരുന്ന ദിനങ്ങൾ... കട്ട പിടിച്ച ഇരുട്ടിൻ മറവിൽ ഉടലുകൾ ഒന്നുചേർന്ന കവുങ്ങിൻ തോട്ടത്തിലെ ആ രാത്രി... സർപ്പത്തെപ്പോലെ ഇഴഞ്ഞു നീങ്ങിയ ആ രാത്രിയിൽ അവളുടെ ചുണ്ടിൽ നിന്നുയർന്ന സീൽക്കാര ശബ്ദങ്ങൾ എന്നെ എന്തു മാത്രം ഭ്രാന്തമാക്കിയിരുന്നു.... "നിങ്ങൾക്കതിനുള്ള കഴിവില്ലേ???" ഭാര്യയുടെ വാക്കുകൾ പൊടുന്നനെ ചൂളയിൽ പഴുത്ത ഇരുമ്പു പോലെ കാതിൽ തറച്ചിട്ടും ഒന്നനങ്ങാൻ പോലും തോന്നിയില്ല... "ഇങ്ങനെ ഇരുത്തിപ്പൂജ ചെയ്യാനാണോ എന്നെ വിവാഹം കഴിച്ചത്??? എന്റെ ജീവിതം മനപ്പൂർവ്വം നശിപ്പിച്ചതാണ്... നിങ്ങൾക്കങ്ങിനെയൊരു വികാരമില്ല... നിങ്ങളൊരു പുരുഷൻ തന്നെയാണോ??" പാതിയൊഴിഞ്ഞ വിസ്കി ബോട്ടിൽ വീണ്ടും തുറന്നു ഗ്ലാസ്സിലേയ്ക്ക് പകർന്നു ചുണ്ടോട് ചേർത്തു... ചിന്തകളിൽ വീണ്ടും കള്ള ചിരിയോടെ മാളു നിറഞ്ഞു നിന്നു.... പിറ്റേന്ന് അടുക്കിയ വസ്ത്രങ്ങളുള്ള പെട്ടിയെടുത്തു ദേവു പുച്ഛത്തോടെ പടിയിറങ്ങുമ്പോഴും ഉമ്മറത്തെ അച്ഛന്റെ പഴയ ചാരു കസേരയിൽ ചാരിയിരുന്നു ഞാൻ മയക്കം നടിച്ചു.... "കണ്ണേട്ടാ...." "ഊം....." "ഞാനിറങ്ങാ.... എനിയ്ക്ക് മടുത്തു... നിങ്ങൾക്കൊരിയ്ക്കലും മാറാൻ കഴിയില്ല...." "ഊം..." " ഡിവോഴ്‌സ് നോട്ടീസ് അയയ്ക്കും... ഞാനിനി ഇങ്ങോട്ടേയ്ക്കില്ല... മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം.... സ്വസ്ഥതയും സന്തോഷവുമുള്ള ജീവിതം..." ഉമ്മറപ്പടിയിൽ കണ്ണീരൊപ്പുന്ന അമ്മയെ ഒന്നുകൂടെ നോക്കി അവളാ പടി കടന്നു മറഞ്ഞു.. "നന്നായി..." ശബ്ദമൽപ്പം ഉയർന്നു. ഒന്നും മിണ്ടാതെ 'അമ്മ ഉൾവലിഞ്ഞു. രണ്ടു കൊല്ലത്തിനു ശേഷം വീണ്ടും ദേവുവിനെ കണ്ടപ്പോൾ കൂടെ സുമുഖനായ ചെറുപ്പക്കാരനും പിഞ്ചു കുഞ്ഞുമുണ്ടായിരുന്നു... കണ്ണുകളിൽ വിജയത്തിന്റെ തിളക്കവുമായി അവളെന്നെ അയാളെ പരിചയപ്പെടുത്തിയപ്പോൾ അപരിചിതമായ ആ കണ്ണിലും കണ്ടിരുന്നു എന്നോടുള്ള പുച്ഛത്തിന്റെ നിഴലുകൾ.... സുന്ദരിയായ പെണ്ണിനെ വിവാഹം കഴിച്ചു വച്ചു പൂജ നടത്തിയ കഴിവില്ലാത്തവനെ നോക്കി യാത്ര പറഞ്ഞു നടക്കുമ്പോൾ രണ്ടാളും എന്തോ പറഞ്ഞു ചിരിയ്ക്കുന്നുണ്ടായിരുന്നു. വീടെത്തി വീണ്ടും മദ്യ കുപ്പികളിൽ അഭയം കണ്ടെത്തുമ്പോഴും ഉള്ളിൽ കലങ്ങിയ കണ്ണുകളുമായി മാളുവെന്നെ പുണർന്നു തേങ്ങി... "ഇനി കുടിയ്ക്കല്ലേ കണ്ണേട്ടാ...." അമ്മയും പോയപ്പോൾ തീർത്തും ആ വീടിനുള്ളിൽ ഒറ്റപ്പെട്ടു പോയിരുന്നു... "കണ്ണേട്ടൻ എന്നെ മറക്കണം..." പണ്ട് കേട്ടതിനേക്കാൾ ലഹരിയിൽ ആ വാക്കുകൾ തലച്ചോറിൽ പറ്റിക്കിടക്കുന്നുണ്ട്.. "എനിയ്ക്ക് വേറെ ആലോചന വന്നിട്ടുണ്ട്... എന്നെ മറന്നേക്കൂ... കണ്ണേട്ടനും വേറെ വിവാഹം കഴിക്കണം..." "മറക്കാനോ??? നമുക്കിടയിൽ നടന്നതെല്ലാം?? കഴിയോ നിനക്ക്?? പറ മാളു... നിനക്ക് കഴിയോ..." "അതേ നിവൃത്തിയുള്ളൂ..." "എന്താടി നിനക്ക് പറ്റിയത്??? ഞാൻ വീട്ടിൽ വന്നു ചോദിയ്ക്കാം... മറക്കാൻ ഇനി വയ്യെനിയ്ക്ക്..." "വേണ്ട... എനിയ്ക്ക് നിങ്ങളെ മടുത്തു... ഇനിയെൻറെ പിറകെ വരരുത്..." ദേഷ്യത്തോടെ അവൾ തിരിച്ചു പോയിട്ടും ദിവസേന ഞാനാ കാവിനു മുൻപിൽ പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ളതെന്തിനായിരുന്നു... ആറു മാസങ്ങളോളം ഒരു നോട്ടം പോലുമനുവദിയ്ക്കാതെ അവൾ സ്വയം മറഞ്ഞു നടന്നതിന്റെയും ദേഷ്യമഭിനയിച്ചു അകന്നു പോവാൻ നോക്കിയകുത്തിന്റെയും കാരണം വൈകിയായിരുന്നു മനസ്സിലായത്.. "നമ്മുടെ പടിഞ്ഞാറ്റയിലെ മാളു മരിച്ചു... എന്തോ മേലായ്കയായിരുന്നുത്രേ.. തലച്ചോറിലൊരു ട്യൂമറോ മറ്റോ ആണെന്ന് കേട്ടു..." അകത്തളത്തിലെ അമ്മയുടെ സ്വരം അപശ്രുതി പോലെ കേട്ടപ്പോൾ കയ്യിലിരുന്ന ചയഗ്ലാസ് ആയിരം കഷണങ്ങളായി പൊട്ടിച്ചിതറിയിരുന്നു... ഇറങ്ങിയോടി അവൾക്കരികിൽ ചെന്നിരുന്നു ആർത്തു കരയുമ്പോൾ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നു നോക്കിയത് കണ്ടിരുന്നില്ല.. കൂട്ടുകരാരൊക്കെയോ വിവരമറിഞ്ഞെത്തി പിടിച്ചു മാറ്റി തിരികെ കൊണ്ടു പോവുമ്പോഴും അവളുടെ ഉണങ്ങി വരണ്ട ചുണ്ടുകളെന്തൊ മന്ത്രിച്ചിരുന്നു... "എല്ലാരും എന്തു വിചാരിയ്ക്കും കണ്ണേട്ടാ... കണ്ണേട്ടനൊന്നു പോ.. എന്നെ നാണം കെടുത്താതെ..." ജീവിതത്തിലാദ്യമായി മദ്യക്കുപ്പികളിൽ ഒരിറ്റു സാന്ത്വനം തേടിയപ്പോൾ പരാതിയുമായി വന്നു നിന്ന അമ്മയുടെ കണ്ണുനീരും താൻ മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചു... ഒടുവിൽ കല്യാണമാണ് പ്രതിവിധിയെന്നു ആരോ ഉപദേശിച്ച വാക്കുകളുൾക്കൊണ്ടു ദേവുവെന്റെ ജീവിതം പങ്കിടാനായെത്തിയപ്പോഴും ഒന്നേ പറഞ്ഞുള്ളു അവളോട്... "സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല..." മാറ്റിയെടുത്തോളാമെന്നു അഹങ്കരിച്ചെത്തിയവളും ഒരു വർഷം തികയുന്നതിനു മുൻപേ തോറ്റു പിന്മാറിയപ്പോൾ മാളു മാത്രം എല്ലാം സഹിച്ചു എന്റെ തോളൊട്ടി ചേർന്നിരുന്നു... നടവഴിയിലെവിടെയോ ചോര ഛർദിച്ചു വീണു പോയപ്പോഴും അവളെന്നെ നോക്കി വാവിട്ടു കരഞ്ഞു കാണും... ഒടുക്കം ലിവർ സിറോസിസ് സ്ഥിതീകരിച്ച വെള്ളക്കടലാസ് ഡോക്റ്റർ നീട്ടുമ്പോൾ മാത്രം അന്നാദ്യമായി ഞാനവളുടെ മുഖത്തു ശാന്തത കണ്ടു... പ്രണയം കണ്ടു.... "കണ്ണേട്ടനെന്നെ എത്ര ഇഷ്ടാ??" ചിണുങ്ങിക്കൊണ്ടു അവളിടക്കിടെ ചോദിയ്ക്കുമ്പോൾ ചിരിച്ചുകൊണ്ട് ഞാനവളുടെ നെറുകയിൽ ചുംബിയ്ക്കും... "എന്റെ ജീവനോളം...." അതേ മറുപടി വീണ്ടും വീണ്ടും കേൾക്കാൻ അവളെപ്പോഴും പുതുമയോടെ അത് തന്നെ ആവർത്തിച്ചു ചോദിയ്ക്കും.... അവസാനമായി ഉറങ്ങാൻ തുടങ്ങിയ രാത്രിയിൽ പതിവിലും സന്തോഷവതിയായി അവളെ കണ്ടപ്പോൾ ചോദിച്ചിരുന്നു എന്താണിത്ര ആഹ്ലാദമെന്നു... മറുപടിയായി അവളിത്രയെ പറഞ്ഞുള്ളു... എനിക്കിനിയീ വിയർപ്പൊട്ടിക്കിടക്കാമല്ലോയെന്ന്... ആരും തടസ്സമില്ലാതെ നമുക്കിനിയെന്നും ഒന്നിച്ചിരിയ്ക്കാമല്ലോയെന്ന്... അർധ രാത്രിയുടെ അവസാന നാഴികയിലെവിടെയോ ശാന്തമായൊരു മരണത്തെ സ്വായത്തമാക്കിയപ്പോൾ പതിവിലും സുന്ദരിയായി അവളെന്നെ കാത്തു നിന്നിരുന്നു... വാരിപ്പുണർന്നു നനുത്ത അധരങ്ങളിൽ അധരങ്ങൾ ചേർക്കുമ്പോൾ പതിവുപോലെ അവൾ തിടുക്കമഭിനയിച്ചതെയില്ല.... ഭയമുള്ള കണ്ണുകളോടെ ചുറ്റും നോക്കിയില്ല... ആരെങ്കിലും കണ്ടാലോ എന്നു വ്യഗ്രതപ്പെട്ടില്ല... എന്റെ ഇടംകൈ ചുറ്റിപ്പിടിച്ചു ചേർന്നു നടക്കുമ്പോൾ പതിവ് വാക്കുകൾ അവൾ വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു... പ്രണയമൊരിയ്ക്കലും മരിയ്ക്കുന്നില്ല കണ്ണേട്ടാ.... written by കർണ്ണൻ #📔 കഥ #💌 പ്രണയം