വാതിലിലോട്ടു നോക്കി നിൽകുമ്പോൾ ഒരുവർഷത്തെ കാത്തിരിപ്പിനേക്കാൾ കൂടുതൽ സമയം എടുക്കുന്നു ഒരു മണിക്കൂർ എന്ന് തോന്നി. വീടിനടുത്തെത്തി എന്നാണ് ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞത് എന്നിട്ട് എന്താണാവോ ഇത്രയും താമസിക്കുന്നത്. നഖം കടിച്ചു വിരൽ നൊന്തു തുടങ്ങി ദ എത്തിയല്ലോ. എത്ര നിയന്ത്രിച്ചിട്ടും നെഞ്ചു പെരുമ്പറ കൊട്ടുന്നു. അറിയാതൊരു നാണം ചുണ്ടിൽ ചിരിയായി. വാതിക്കൽ നിന്നും മാറി അടുക്കളയിൽ ഒളിച്ചു. കാർ വന്നുനിന്നു. മൂപ്പര് ഇറങ്ങുന്നതും അറിഞ്ഞു. പക്ഷേ കാലു ചലിക്കുന്നില്ല. ശരീരം വിറയ്ക്കുന്നുണ്ട്. ഉപ്പാ എന്ന് വിളിച്ചു മക്കൾ ഓടിച്ചെന്നു. സീനു...ഇവളെവിടെ ? ഉമ്മാ വിളിക്കുന്നു. തട്ടം നേരെ ഇട്ടുകൊണ്ട് ഹാളിലോട്ട് ചെന്നത് നേരെ മൂപ്പരുടെ മുമ്പിലോട്ട്. രണ്ടാളും ഒന്ന് നിന്നു ഒന്നും മിണ്ടാതെ. സീനു കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങിയത് കൈ കൊണ്ടു ഒപ്പി. മോളെ ചായ എടുക്കൂ. ഇത്രയും ദൂരം യാത്ര ചെയ്തു മോൻ വന്നതല്ലേ. ചായയുമായി ചെന്നപ്പോൾ മൂപ്പര് ഡ്രസ്സ്‌ മാറി പുറത്തേക്കു വരാൻ തുടങ്ങുക ആയിരുന്നു. എന്താ നീ എയർപോർട്ടിൽ വരാതിരുന്നത് ? ഇക്കാ വരുന്നത് വരെ ഇവിടെ കാത്തിരിക്കാൻ ആണ് എനിക്കിഷ്ടം. മ്മ്. റിയാസ് ഒന്ന് മൂളുക മാത്രം ചെയ്തു. എന്നിട്ട് ചായയുമായി ഉമ്മക്കൊപ്പം സെറ്റിയിൽ പോയിരുന്നു. ഒരു വർഷം മുമ്പ് ആദ്യായിട്ടാണ് റിയാസ് ഗൾഫിൽ ഒരു ജോലി കിട്ടി പോകുന്നത്. കല്യാണം കഴിഞ്ഞു എട്ടാമത്തെ കൊല്ലം. ആ വേർപാട് രണ്ടാൾക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒത്തിരി ബുദ്ധിമുട്ടിയാണ് അതിനെ ഒക്കെ മറികടന്നത്. നാട്ടിലെ ബിസിനസ്‌ കൊണ്ടു മാത്രം ആഗ്രഹിച്ച പോലൊരു വീട് സ്വപ്നം മാത്രം ആകും എന്നുതോന്നിയപ്പോൾ മക്കൾക്ക്‌ നല്ല വിദ്യാഭ്യാസവും അതിനൊപ്പം നൽകാൻ അങ്ങനെ ഒരു തീരുമാനം ഒരുമിച്ചെടുക്കേണ്ടി വന്നു. പക്ഷേ ഒരു മാസമായി റിയാസിക്ക ആളാകെ മാറിപ്പോയി. എന്തിനും ഏതിനും സീനു എന്ന് നാല്പത് വട്ടം വിളിക്കുന്ന ആൾ ആയിരുന്നു അടുത്തില്ലെങ്കിലും ഫോണിലൂടെ പതിവ് തുടർന്നിരുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾ, തമാശകൾ, വീട്ടു വിശേഷങ്ങൾ എല്ലാം എത്ര പറഞ്ഞാലും കേട്ടാലും ആൾക്ക് മതിയാവില്ല. ആ ആൾ ഈയിടെ ആയി സ്വല്പം മാറിയിട്ടുണ്ട് അതോ എന്റെ തോന്നലാണോ ?സത്യത്തിൽ ഇന്നലെയാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്. ഇക്കയോട് പറയാതെ ഒരു സങ്കടം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സീനു മൂപ്പര് ഇന്നല്ലേ വരവ്. കാണുമ്പോഴേ മൊത്തത്തിൽ വിഴുങ്ങാതെ സൂക്ഷിച്ചോ. ആക്രാന്തം ആയിരിക്കും വർഷം ഒന്നായില്ലേ. കൂട്ടുകാരി നൂറ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട വോയിസ്‌ കേട്ട് ഗ്രൂപ്പിൽ ഉള്ള പെൺപട എല്ലാരും കൂടെ കൊന്നു കൊലവിളിച്ചതോർത്തപ്പോൾ ഇപ്പോളും ചിരി വരുന്നു. ആ ഒരു നിമിഷത്തിനായി എത്ര കാത്തിരുന്നു. പക്ഷേ വന്നു റൂമിൽ വെച്ചു ഒറ്റക്ക് കണ്ടിട്ട് പോലും ഇക്കാ മൈൻഡ് ചെയ്തില്ല. ഒന്ന് കയ്യിൽ തൊടുക പോലും. ഒരു കാർമേഘം വന്നു സന്തോഷങ്ങളുടെ ആകാശത്തു പെരുമഴ ആയി പെയ്യാൻ വെമ്പുന്ന പോലെ. അവഗണന താങ്ങാനാവുന്നതിനും അപ്പുറമായതു കൂട്ടുകാരെ കാണാൻ എന്നുപറഞ്ഞു പുറത്തു പോയ ആൾ ഉച്ചക്ക് ഉണ്ണാൻ എത്താതിരുന്നപ്പോഴാണ്. നാലുമണി ആയപ്പോൾ കേറി വന്നു ഉമ്മയുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തു ഊണ് വേണ്ടാന്നു പറഞ്ഞു റൂമിലേക്ക്‌ കേറി പോയപ്പോൾ അതുവരെ അടക്കി വെച്ച ദേഷ്യവും സങ്കടവും ഒരു കൊടുങ്കാറ്റായി. പക്ഷേ വാതിൽ എത്തും മുമ്പേ ഡോർ അടഞ്ഞു. തലയ്ക്കു ഭ്രാന്ത്‌ പിടിക്കുന്ന പോലെ, എല്ലാം അവസാനിപ്പിച്ചാലോ എന്നൊക്കെ തോന്നി പോകുന്നു ക്ഷമിക്കാൻ വയ്യാതെ മൂപ്പരുടെ മൊബൈലിലേക്ക് വിളിച്ചു. രണ്ടു വട്ടം റിങ് ചെയ്തിട്ടും എടുത്തില്ല പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌. എത്ര നേരം കരഞ്ഞു എന്നറിയില്ല മനസ്സ് അൽപ്പം ശാന്തമാക്കാൻ നൂറയെ വിളിച്ചു പക്ഷേ അവളും അമ്പരപ്പിലാണ്. റിയാസ് ഇങ്ങനെ പെരുമാറാൻ കാരണം എന്താണെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. സന്ധ്യ ആയപ്പോൾ മനസൊന്നു പാകപെട്ടു.കുറച്ചായി ഇക്കാ ഒരു അകലമിടുന്നുണ്ട് ഇന്ന് അത് ഏറ്റവും മൂർച്ഛിച്ചു ഇനി പിറകെ നടക്കേണ്ട കാര്യം ഇല്ല വരുന്നിടത്തു വെച്ചു കാണുക തന്നെ . രാത്രിയിൽ അത്താഴം വിളമ്പുമ്പോൾ അങ്ങനെ ഒരാൾ നാട്ടിൽ വന്നു എന്ന് പോലും തോന്നിയില്ല. പതിവ് പോലെ മക്കളെ പഠിപ്പിച്ചു അതുകഴിഞ്ഞു അവരെ ഉറക്കുമ്പോൾ റിയാസ് കിടക്കാൻ റൂമിലെത്തി. കട്ടിലിന്റെ ഒരു സൈഡിൽ മക്കളുടെ കൂടെ കിടക്കുമ്പോൾ ഇന്നും ഒറ്റക്കാണ് ഇക്കാ നാട്ടിൽ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ഇക്കാ വിളിച്ചു. സീനു... എന്ത് ചെയ്യണം വിളി കേൾക്കണോ വേണ്ടയോ ? നീ ഉറങ്ങിയോ ? അതുകേട്ടതും ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. നിങ്ങൾ ഒരു മനുഷ്യൻ ആണോ ?എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ ഇത്രയും ക്രൂരമായി പെരുമാറുന്നത് ഇതൊക്കെ അനുഭവിക്കാൻ മാത്രം ഞാൻ എന്ത് ചെയ്തു ? സീനു, നീ ചോദിച്ചതിനൊക്കെ ഉത്തരം ഞാൻ തരാം പക്ഷേ ആദ്യം നീ ശാന്തമാകണം പിന്നെ ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് മറുപടി പറയുക. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഞാൻ ജിജ്ഞാസയോടെ ആ മുഖത്തേക്ക് ഉറ്റുനോക്കി. ഞാൻ ഒരാളെ സ്നേഹിക്കുന്നു. കടലുപോലെ നീലിമ നിറഞ്ഞ കവിതകൾ എഴുതുന്നവൾ,നിള. പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ ഞാൻ അവളെ സ്നേഹിച്ചത് എന്ന് തൊട്ടു എന്നറിയില്ല. പക്ഷേ കുറെ നാളുകളായി എന്റെ മനസ്സിൽ വേറൊന്നും ഇല്ല അവളും അവളുടെ അക്ഷരങ്ങളും അല്ലാതെ. നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കുന്ന പോലെയല്ല ഒരു മിനിറ്റ് ശ്വാസം കിട്ടാതെ വന്നാൽ ഉള്ള അവസ്ഥ എന്താവും അതാണ് സംഭവിച്ചത്. തല പെരുക്കുന്ന പോലെ. ഒറ്റപ്പെടൽ നിങ്ങൾക്കോ ഞാനും മക്കളും നൂറു കനവുമായി കാത്തിരിക്കുമ്പോൾ എങ്ങനെ തോന്നി നിങ്ങൾക്ക് ഇങ്ങനെ പറയാൻ. സ്വബോധം വന്നപ്പോൾ ഞാൻ ചീറി. കുറച്ചു നാളുകളായി സീനു നീ എന്റെ ഫോൺ കാളുകൾ എടുക്കാൻ പോലും തയാറാവുന്നില്ലായിരുന്നു. വിളിച്ചാൽ അഞ്ചു മിനുട്ടിൽ സംസാരം ഒതുക്കും. വീഡിയോ കാൾ വിളിച്ചാൽ മക്കൾക്കു കൊടുത്തു ഒന്നെത്തി നോക്കി പോകും. ഞാൻ പറഞ്ഞതൊക്കെ ശരിയല്ലേ??? എല്ലാം ശരിയാണ്. പിന്നെ നിന്റെ സംസാരങ്ങൾ സ്കൂൾ ഫീസ്, വീടുപണിയുടെ ആവശ്യങ്ങൾ കൊടുക്കേണ്ട പണം പിന്നെ ഓരോ മാസത്തെ ചിലവുകൾ ഇതൊക്കെ മാത്രം ആരുന്നില്ലേ ? അതും ശരിയാണ്. എല്ലാം ഇക്കാ പറഞ്ഞത് ശരിയാണ് ഇനി അറിയേണ്ടത് ഒന്ന് മാത്രം ക്ലൈമാക്സ്‌ അതും കൂടെ പറഞ്ഞോളൂ. ഞാൻ ഒരു മാസമായി നിന്നോട് അകന്നു നിനക്കും അതറിയാല്ലോ. അതുപോലും നിനക്കു ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല അതാണ്‌ വാസ്തവം. മ്മ്. അതുകൊണ്ട് എന്താണ് ഇക്കയുടെ തീരുമാനം. തീരുമാനം നീ തന്നെ എടുക്കുക. നിന്നെ പഴയ പോലെ സ്നേഹിക്കാൻ എനിക്ക് ആവുന്നില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല. എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല എങ്കിലും വേറെ ആരുടെയോ പേര് പറഞ്ഞല്ലോ സന്തോഷം. എല്ലാം എനിക്ക് മനസിലായി. ഇക്കാ എന്ത് വേണമെങ്കിലും തീരുമാനിച്ചുകൊള്ളു എനിക്ക് എന്തിനും സമ്മതം. സീനു... ഇക്കാ വീണ്ടും വിളിച്ചു. പടച്ചോനെ ഓർത്തു നിങ്ങൾ എന്നോട് ഇന്നിനി സംസാരിക്കരുത്. അത്രയും പറഞ്ഞു കിടക്കുമ്പോൾ തലയണ കണ്ണീരിൽ കുതിരുന്നത് മാത്രം അറിഞ്ഞു. നേരം വെളുക്കും മുമ്പ് എഴുന്നേറ്റു അടുക്കളയിലോട്ടു പോയി പണികൾ ഓരോന്നായി പാവപോലെ ചെയ്തു തീർത്തു. മക്കൾ സ്കൂളിൽ പോയിക്കഴിഞ്ഞപ്പോൾ ആണ് ഉമ്മയും ഇക്കയും കാപ്പികുടിക്കാൻ വന്നിരുന്നത്. കസേരയിൽ ഇരിക്കാൻ വന്ന ആൾ പാത്രം എടുക്കാൻ എന്നമട്ടിൽ മുമ്പോട്ടു ആഞ്ഞു ദേഹത്ത് ഒന്ന് മുട്ടി. അപ്പത്തിൽ കറി ഒഴിച്ചു കൊടുത്തപ്പോൾ കൈകളിൽ പിടിച്ചു മതിയെന്ന് പറഞ്ഞു. കൂടെ ഇരുന്നു കഴിക്കാൻ നിർബന്ധിച്ചു. ഉമ്മാ അടുത്ത് ഉണ്ടായിരുന്നത് കൊണ്ടു മാത്രം അനുസരിച്ചു. കഴിച്ച പാത്രം എടുത്തു പോയപ്പോൾ കൈ കഴുകാൻ മൂപ്പര് അടുക്കളയിൽ വന്നു പിറകിൽ കൂടെ വട്ടം പിടിച്ചു. ഞാൻ ആ കൈകളെ തട്ടിമാറ്റി ഹാളിലേക്ക് ചെന്നു. ഇന്നലെ പറഞ്ഞതൊക്കെ ഇങ്ങേരു മറന്നോ ?നടന്നതൊക്കെ സത്യമോ സ്വപ്നമോ എന്ന് മനസ്സ് വ്യാകുലപ്പെട്ടു. റിയാസ് മോനെ രാവിലെ നിങ്ങൾ ആശുപത്രിയിൽ പോകുവല്ലേ. ആശുപത്രിയിലോ ? എന്താ ഉമ്മാ ഉമ്മാക്ക് എന്ത് പറ്റി? ആഹാ കൊള്ളാലോ നീ ഒന്നും പറഞ്ഞില്ലേ സീനു. എന്താണ് സീനു. ഡാ ഒരു മൂന്നുമാസം മുമ്പ് മോൾക്ക്‌ വയറ്റിലൊരു തടിപ്പ് വന്നു. കുറച്ചു പരിശോധനകൾ ഒക്കെ ഉണ്ടായിരുന്നു. ഡോക്ടർക്ക് അത് കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പിക്കാൻ. പെട്ടന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ റിയാസിക്ക നിലത്തു കിടക്കുന്നു. അല്ലാഹ് എന്നുപറഞ്ഞു ഓടിച്ചെന്നു വെള്ളം തളിച്ച് ഉമ്മ ഇക്കായെ ഉണർത്തി, കൂടെ ഞാനും കൂടെ ചേർന്നു പിടിച്ചു ചാരിയിരുത്തി. റൂമിൽ കൊണ്ടു കിടത്തി. പേടിപ്പിച്ചല്ലോ മോനെ അവൾക്കു ഒന്നുമില്ല റിസൾട്ട്‌ ഒക്കെ മിനിങ്ങാന് ഉച്ചക്ക് വന്നു ഒരു കുഴപ്പവും ഇല്ല പിന്നെ അത് കീറിക്കളയണം അത്രേം ഉള്ളു. ഉമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. ഉമ്മ എനിക്ക് ഇത്തിരി വെള്ളം വേണം. റിയാസിന്റെ കണ്ണുകൾ നിറഞ്ഞു. ന്റെ സീനു ഇവിടെ വാ. ഇല്ല ഇക്കാ ഇപ്പോൾ തോന്നുന്നു റിസൾട്ട്‌ അതായിരുന്നാൽ മതിയാരുന്നു എന്ന് എനിക്ക് എന്തിനാണ് ഇനി ഒരു ജീവിതം. ഒരു വർഷം മാറി നിന്നപ്പോൾ ഒരു ജന്മം അകന്നു നിങ്ങൾക്ക് എന്നെ വേണ്ടാതായി. പുതിയ ആൾ എത്തി. പിന്നെ എന്തിനാണ് എനിക്ക്.. സീനു കരഞ്ഞു പോയി. റിയാസ് എന്തേലും പറയും മുമ്പേ ഉമ്മ വെള്ളവുമായെത്തി. ന്റെ മോനെ ആദ്യം ആശുപത്രിയിൽ പോയി കാണിക്കാൻ പറഞ്ഞിട്ട് ഇവള് പോയില്ല. എന്നോട് പോലും പറയാതെ കൊണ്ടു നടന്നു. പിന്നെ ഒരുപാട് നിര്ബന്ധിച്ചാണ് കൊണ്ടു കാണിച്ചത് ഇപ്പോഴത്തെ കാലമല്ലേ ഡോക്ടർ പരിശോധന ഒക്കെ പറഞ്ഞപ്പോൾ ഇവള് ആകെ തകർന്നു. മോനോട് പറയാം എന്ന് പലവട്ടം ഓർത്തതാണ് വേണ്ട എന്ന് ഇവള് വിലക്കി പിന്നെ നിന്റെ സ്വഭാവം അറിയാവുന്ന കൊണ്ടു എനിക്കും പേടിയാരുന്നു ദ ഇപ്പോൾ തന്നെ കണ്ടില്ലേ കേട്ടപ്പോൾ തന്നെ വെട്ടിയിട്ട ചക്ക പോലെ. നീ വരുന്നതിന്റെ തലേന്ന് ആണ് റിസൾട്ട്‌ വന്നത് പിന്നെ എല്ലാം നേരിട്ട് പറയാം എന്നോർത്തു. ഹാളിൽ ഫോൺ റിങ് ചെയ്തു ഇക്കാടെ പെങ്ങളാണ് പതിവ് പോലെ ഉമ്മയെ വിളിക്കുന്നു. ഉമ്മ മോൾ വിളിക്കുന്നു എന്ന് പറഞ്ഞു ഫോൺ എടുക്കാൻ പോയി. ഇക്കാ നിങ്ങൾക്ക് കുറ്റബോധം ഒന്നും വേണ്ട നിങ്ങൾ ഇഷ്ടം ഉള്ളതുപോലെ ജീവിച്ചോളു പിന്നെ കടല് പോലെ കവിത എഴുതുന്ന പെണ്ണുങ്ങൾ ഉണ്ടാവും പക്ഷേ കടലുപോലെ നൂറുകൂട്ടം പ്രശ്നങ്ങളുമായി ആണ് നാട്ടിൽ ഭാര്യമാർ എന്ന് പ്രവാസികൾ ഓർത്തിരുന്നെങ്കിൽ എത്ര നന്നായേനെ. ജോലിയുടെ തിരക്ക് കഴിഞ്ഞാൽ നിങ്ങൾ ഫ്രീ ആവും പക്ഷേ നാട്ടിൽ ഞങ്ങൾ നിങ്ങൾ ഓടേണ്ട ദൂരം കൂടെ അപ്പോൾ ഓടിത്തീർക്കുക ആണ് അതിനിടക്ക് എപ്പോഴും ഫോണിൽ കൊഞ്ചാനും സംസാരിക്കാനും പറ്റിയെന്നു വരില്ല ഉടനെ തന്നെ അതുവരെ ഉള്ളതൊക്കെ കടലാസ്സിൽ എഴുതിയ പോലെ മായ്ച്ചു പുതിയ അധ്യായം തുറക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു എന്ന് എനിക്ക് അറിയില്ല അങ്ങനെ ഒക്കെ ചിന്തിക്കുന്ന പെണ്ണുങ്ങളും ഉണ്ടാവാം. അത്രയും പറഞ്ഞപ്പോഴേക്കും ഇക്കയുടെ ഫോൺ ബെല്ലടിച്ചു. ജോഷിയാണ് നിനക്കാണ് കാൾ അവൻ വിളിക്കുന്നു എന്നുപറഞ്ഞു എനിക്ക് തന്നു. ഗൾഫിലെ ഇക്കയുടെ റൂമിലുള്ള അടുത്ത കൂട്ടുകാരൻ. ഇടക്കൊക്കെ രണ്ടുപേരും കൂടെ ഇങ്ങോട്ടു വിളിക്കാറുണ്ട്. ജോഷി മലയാളം മാഷ് ആയിരുന്നു പ്രൈവറ്റ് സ്കൂളിൽ അത് കൊണ്ടു മെച്ചം ഇല്ലാതായപ്പോൾ അക്കരെ കടന്നതാണ്. അതെ ഇത്ത ഈ നിള എന്റെ ഫേക്ക് ഐഡി ആണ് കേട്ടോ നിങ്ങളെ ഒന്ന് വിരട്ടാൻ മൂപ്പര് ഒരു നമ്പർ ഇട്ടതാണ് കുറെ നാളായി നിങ്ങൾക്ക് മൂപ്പരോടു സ്നേഹം ഇല്ല എന്നൊക്കെ ഒരു തോന്നൽ പക്ഷേ ഇന്നലെ രാത്രിയിൽ തന്നെ മൂപ്പര് സത്യം പറയും എന്നാണ് ഓർത്തത് രാവിലെ വിളിച്ചപ്പോൾ ആണ് സംഭവം ഇത്ത അങ്ങ് വിശ്വസിച്ചു പിണങ്ങി നടക്കുക ആണെന്ന് അറിഞ്ഞത് ഇല്ലാത്ത കാര്യം ചൊല്ലി വഴക്കുണ്ടാക്കണ്ട മൂപ്പരെ അറിയാല്ലോ തങ്കം പോലത്തെ മനുഷ്യനാണ്. രണ്ടാളും വേഗം കൂടിക്കോ ഇല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിൽ ഞാൻ അങ്ങ് വന്നു നല്ല ഇടി തരും. ഫോൺ വെച്ചു അങ്ങേരെ നോക്കുമ്പോൾ ആൾ തലകുനിച്ചു ഇരിക്കുക ആണ്. ഇക്കാ ഇങ്ങോട്ട് നോക്കിയേ. നിങ്ങള് എപ്പോൾ ആണ് കവിത വായിക്കാൻ തുടങ്ങിയത് എന്നെനിക്കു ഒരു സംശയം തോന്നാതിരുന്നില്ല കേട്ടോ മലയാളത്തിനു ജസ്റ്റ്‌ പാസ്സ് മാർക്ക്‌ ഉള്ളു എന്ന് എപ്പോളും പറയാറില്ലേ പക്ഷേ അഭിനയം തകർത്തു. നീയും മോശമല്ല മോളെ പ്രവാസികളെയും ഭാര്യമാരെയും പറ്റിയുള്ള ഡയലോഗ് സൂപ്പർ ആരുന്നു. ആണോ ?ഇങ്ങളെ കൊന്നു തിന്നാനുള്ള ദേഷ്യം ഉണ്ട് ചുമ്മാ എന്നെ വട്ടാക്കി. നീ ഇങ്ങു വന്നേ മ്മക്ക് ഫസ്റ്റ് ഡേ ആഘോഷിക്കാം നൈറ്റ് പോയി. മോളെ സീനു.. ഉമ്മയാണ് നാത്തൂന്റെ ഫോൺ തരാൻ വിളിക്കുന്നു. എന്തോ, ഇക്കാ ഉമ്മ വിളിക്കുന്നു. ഇപ്പൊ വരാം. പെണ്ണ് ഓടുന്ന നോക്കി റബ്ബിന് നന്ദി പറഞ്ഞു. ന്റെ പടച്ചോനെ ഓള് ന്റെ ഖൽബാണ് കാത്തോളണേ. ചെറിയ ചെറിയ പിണക്കങ്ങൾ ചേർത്തു വെച്ചു വലിയ കലഹവും വേർപിരിയലും അവിഹിതവും ഒക്കെ കെട്ടിപ്പടുക്കുന്നവർ ഒരു നിമിഷം പരസ്പരം മനസിലാക്കിയാൽ ഈ സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ഐസ് പോലെ ഉരുകും. ദാമ്പത്യം എന്നെന്നേയ്‌ക്കുമുള്ള കൂടിച്ചേരൽ ആവട്ടെ ആശംസകളോടെ... #📔 കഥ
40.4k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post