*ഇങ്ങനേയും ഒരു ആദ്യരാത്രി* _*✍🏻Ashi Mhmd💜*_ "ഡാ മർജൂ... എന്നാലും നീയൊരു സംഭവാട്ടോ....." "പൊന്നോേേ.... ഇന്ന് നിന്റെ ദിവസമാ ടാ... പൊളിക്ക്... പൊളിച്ചടക്ക് മോനേേേേ.... " " അപ്പാെ ശരി... നാളെ കാണാം ടാ... ഓൾ ത ബെസ്റ്റ്...." ചങ്കുകളുടെ അഭിനന്ദനങ്ങളും ആശിർവാദങ്ങളുമേറ്റ് രോമാഞ്ചപുളകിതനായി വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാനോർക്കുകയായിരുന്നു. ഇന്നത്തെ സുപ്രഭാതം മാറ്റിമറിച്ച എന്റെ ജീവിതത്തെ...! സ്നേഹിച്ച പെണ്ണ് കൈവിട്ടു പോകുമെന്ന അവസ്ഥയിൽ മുന്നും പിന്നും നോക്കാതെ ഞാനെടുത്ത ഒരു തീരുമാനം. നാലാൾക്കിടയിൽ നാറിയിട്ടാണേലും എന്റെ വാശിക്കു മുന്നിൽ ഗത്യന്തരമില്ലാതെ മകളെ സമർപ്പിച്ച ഒരു വീട്ടുകാർ. മകന്റെ താന്തോന്നിത്തരത്തിൽ നാട്ടാർക്കു മുന്നിൽ നാണംകെട്ടു പോയ എന്റെ സ്വന്തം വീട്ടുകാർ. എല്ലാം അപ്രതീക്ഷിതമായി നടന്നു കൊണ്ടിരിക്കുമ്പോഴും മറ്റുള്ളവരുടെ നോട്ടവും പിറുപിറുക്കലുമല്ലാതെ പ്രതീക്ഷിച്ച കയ്യാങ്കളിയൊന്നും എനിക്ക് നേരെ ഉണ്ടായില്ലെന്നത് വലിയ ആശ്വാസമായിരുന്നു. അല്ലേലും അതിനുമാത്രം തെറ്റൊന്നും ഞാനും ചെയ്തിട്ടില്ലല്ലോ. എന്തായാലും ഞാനിപ്പാേൾ ഹാപ്പിയാണ്. എന്റെ പെണ്ണും.. അവളാണ് ഹാനി.. ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച ഒരു പാവം പൊട്ടിപ്പെണ്ണ്. അവളെക്കുറിച്ചോർക്കുമ്പോൾ തന്നെ വല്ലാത്തൊരു പിടച്ചിലാണ്. പടച്ചോൻ ഇത്ര പെട്ടെന്ന് അവളെ എനിക്ക് നൽകുമെന്നു വിചാരിച്ചില്ല.... എല്ലാം വിധി. രാവിലത്തെ കോലാഹളം കഴിഞ്ഞ് നിക്കാഹും കഴിച്ച് അവളെ വീട്ടിലാക്കി ഇറങ്ങിയതാണ്. ഇപ്പോൾ നേരം പാതിരാക്കടുത്തിട്ടുണ്ട്.. ഇത് വരെ ഒന്ന് വിളിച്ചു നോക്കിയിട്ടുപോലുമില്ല. ജോലിയും കൂലിയും ഇല്ലാതെ പാതിരാ വരെ തേരാ പാരാ നടക്കുന്ന ഞാനിന്ന് വീട്ടിലിരുന്നാൽ പിന്നെയത് മതി ചെക്കൻമാർക്ക് പൊങ്കാലയിടാൻ. ഇനി നേരം വൈകി വീട്ടിൽ വരുന്ന ഞാനിന്ന് നേരത്തെ ചെന്നാലോ.... ഹൊ അവരുടെയും ആക്കലും നോട്ടവും സഹിക്കണം. അതു കൊണ്ട് മന:പൂർവ്വം പതിവു തെറ്റിക്കാതിരിക്കാണ്... പാവം പെണ്ണ്.. അതിന്റ അവസ്ഥ എന്താണാവോ..? ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്.. ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു. അവൾക്കരികിലെത്താൻ ഉള്ളം വല്ലാതെ തുടിക്കുന്നുണ്ട്. ആ മുഖവും ഓർത്തിരുന്ന് വീടെത്തിയതറിഞ്ഞില്ല. ബൈക്കിൽ നിന്നിറങ്ങിയതും മുന്നിലതാ നിൽക്കുന്നു പിതാശ്രീ. ആ മുഖശ്രീ ഇപ്പഴും കടന്നൽശ്രീ കുത്തിയ പോലെ തന്നെയാണെന്ന് കണ്ടതും എന്റെ മുഖവും തളർന്നു.പാവം രോമാഞ്ചമെല്ലാം പേടിച്ചു വാടി കരിഞ്ഞു. കയ്യിലെ വാച്ചിലേക്കും നോക്കി എനിക്കു നേരെ തറപ്പിച്ചൊരു നോട്ടവും എറിഞ്ഞ് ഒന്നും മിണ്ടാതെ മൂപ്പര് അകത്തേക്ക് കയറിയതും എനിക്കു ചുറ്റും സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ നൃത്തം വെക്കാൻ തുടങ്ങി. ഇന്നത്തെ ദിവസമെങ്കിലും ചീത്ത കേൾക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്തോടെ വെള്ളരിപ്രാവുകളോടൊപ്പം രണ്ട് സ്റ്റെപ്പ് ചുവട് വച്ച് ഞാനും അകത്തേക്ക് കയറി. പെട്ടെന്ന്, ഹാളിൽ തീൻമേശക്കു ചുറ്റും കൂടിയിരിക്കുന്ന കണ്ണുകളെല്ലാം എന്നെ കണ്ടതും തിളങ്ങി. എല്ലാ മുഖങ്ങളിലും നവരസങ്ങൾ തുള്ളിക്കളിക്കാൻ തുടങ്ങി. 'ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെടാ ബലാലേ.........' ദയനീയ ഭാവവുമായി ഉമ്മച്ചി. 'എന്നാലും ഈ ചെക്കനിതെങ്ങനെ ഒപ്പിച്ചെടുത്തു... ഇതിന്റെ വല്ല എബിസിഡിയും അറിയോന്നാവോ.... ഹും..... ' ഡിമാന്റിനൊത്ത പെണ്ണിനെ കിട്ടാതെ കെട്ട് പ്രായം കഴിഞ്ഞ് പോസ്റ്റായിരിക്കുന്ന ഇക്കാക്കയുടെ രോദനം അസൂയയായി പുറത്തേക്ക് തള്ളി. 'ഈ കോലോം വച്ച് ഇവനിതെന്തോന്ന് ഉണ്ടാക്കാനാന്നാവോ..........' പുഛ ഭാവത്തോടെ എന്നെ അടിമുടി വീക്ഷിക്കുന്ന രണ്ട് പിള്ളേരുടെ തള്ളയായ മൂത്ത പെങ്ങൾ. 'കാക്കു വല്യ സംഭവാണല്ലോ..... ' കുഞ്ഞിക്കണ്ണുകളിൽ അത്ഭുതവും അഭിമാനവും വാരി വിതറി പെങ്ങളൂട്ടി. എല്ലാം രാവിലെ കണ്ട് മടുത്ത ഭാവങ്ങൾ തന്നെയായതിനാൽ എല്ലാവർക്കുമായി ഒന്ന് പുഞ്ചിരിച്ച് കൊടുത്ത് ഞാൻ റൂമിലേക്ക് നടക്കാനൊരുങ്ങി. " ഇന്നെങ്കിലും ഒന്ന് നേരത്തെ വരുമെന്നു കരുതി.... എവടെ.... ഹ്ഹാ...... " ആരോടെന്നില്ലാതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞ് ഉമ്മച്ചി എഴുന്നേറ്റതും ഞാനവിടെ സ്റ്റക്കായി. സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി. " എന്തേ ഉമ്മച്ച്യേ.... ഉപ്പച്ചി നേരം വൈകിയാണോ വന്നേ...???" എന്റെ നിഷ്കളങ്കമായ ചോദ്യം ഒരു കൂട്ടച്ചിരിക്കു വഴിമാറി. " എന്തോന്നാ ഇത്ര ചിരിക്കാൻ.... പോയിക്കിടക്കുന്നുണ്ടോ ഒക്കെ.... അല്ലേലേ ഭ്രാന്ത് പിടിച്ചിരിക്കാ... അപ്പൊഴാ അവന്റെയൊരു തമാശ....ഹും..." എന്നെ രൂക്ഷമായി നോക്കി ഉമ്മച്ചി അലറിയതും ഒക്കെക്കൂടി ചിരിയും പൊത്തിപ്പിടിച്ച് എഴുന്നേറ്റ് ഓടി. ഉമ്മച്ചിയും റൂമിൽ കേറി വാതിലടച്ചു. അപ്പോഴും ഒന്നും മനസ്സിലാകാതെ ഈ പാവം ഞാൻ മാത്രം ബാക്കിയായി. " ശ്ശ്.. ശ്ശ്... ശ്...." ഹാരപ്പാ അത്... "ശ്ശ്.... കാക്കോയ്.... ഇവിടെ... നോക്ക്.... " ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ പെങ്ങളൂട്ടിയുണ്ട് റൂമീന്ന് തലയും വെളിയിലേക്കിട്ട് പല്ലും കാട്ടി നിക്കുന്നു. " എന്താടീ.... ഇവിടെയുള്ളോർക്കൊക്കെ ഭ്രാന്തായോ... എന്താ പ്രശ്നം...?" "അയ്ശ്.... ന്റെ കാക്കോയ്... ഇങ്ങക്കിത്ര ബുദ്ധില്ലാതായല്ലോ... ഇന്നത്തെ ദിവസത്തിന്റെ പ്രത്യേഗത എന്താ... ഇന്നെങ്കിലും ഇങ്ങക്ക് നേരത്തെ വരായ്നു.... വെറുതെ ചീത്തേം വാങ്ങിക്കൂട്ടി...." ഓഹോ അപ്പൊ ഞാൻ നേരത്തെ വരാത്തതാണ് പ്രശ്നം. " സാരല്യ ടീ... അത്പ്പോ എന്നും കിട്ടണതല്ലേ... വിഷയല്യ..." " ന്റെ പൊട്ടൻ കാക്കോ... ഇങ്ങക്കത് വിഷയണ്ടാകൂലാ.... പക്ഷേ.... ഇന്ന് മുതലിവിടെ പുതിയൊരാൾ കൂടിയുണ്ടെന്ന ഓർമ വേണം... ഇത്തൂന് ഇങ്ങളെ തനിസ്വഭാവം ഇപ്പഴേ മനസ്സിലായിട്ടുണ്ടാകും.... " പടച്ചോനേ.... ശരിയാല്ലോ... ന്റെ ഹാനി... ശ്ശൊ ഞാനത് മറന്നു.... "അല്ലടീ.... എന്നിട്ടോളെവിടെ...????" "റൂമിക്കാണും.. നേരം ഒരു പാടായപ്പോ ഉമ്മച്ചി പോയി കിടക്കാൻ പറഞ്ഞീന്നു.. വേഗം ചെന്നോളീ... ഇന്നത്തെ ദിവസം തന്നെ കൊളാക്കണ്ട.... ഹി ഹി..." ഇതും പറഞ്ഞ് കണ്ണിറുക്കി ചിരിച്ച് തല ഉള്ളിലേക്ക് വലിച്ചവൾ വാതിലടച്ചു. പടച്ചോനേ... ഇതെന്റെ ഏഴാം ക്ലാസിൽ പഠിക്കണ പെങ്ങളൂട്ടി തന്നെയല്ലേ... ഓളെ വർത്താനോം ഉപദേശവുമൊക്കെ കേട്ട് എന്റെ കിളിയങ്ങ് പാറി പോയി. മൊട്ടേന്ന് വിരിയും മുമ്പേ ഇവറ്റകൾക്കൊക്കെ കാണാപാഠാ.. വല്ലാത്തൊരു കാലം.. എന്തൊരു പുരോഗതിയാ ഈ പിള്ളോർക്കൊക്കെ... അപ്പൊ ഞാൻ മാത്രമുള്ളൂ ഇനി പുരോഗമിക്കാൻ... മാറണം.... മാറ്റം അനിവാര്യമാണ്. പോയ കിളിയെ മാടി വിളിച്ച് ഞാനും റൂമിലേക്ക് നടന്നു... ഇനി ലേറ്റായതാേണ്ട് ലവളും ഉറങ്ങിക്കാണുമോന്നാവോ....??? പാതി ചാരിയ വാതിലുനുള്ളിലൂടെ ഞാനൊന്ന് പാളി നോക്കി... ഫുൾ ഡാർക്ക്. ശ്ശൊ ഈ പെണ്ണിത്ര പെട്ടെന്ന് ഉറങ്ങിയോ...? നിരാശയോടെ റൂമിൽ കയറി വാതിലടച്ചു ലൈറ്റ് ഓണാക്കിയതും... "...ബ്ബ്ബൗ....." ഹെന്റള്ളോയ്....യ്..... ഞെട്ടിവിറച്ച് തെന്നിമാറിയതും അടുത്തുള്ള ടേബിളിൽ തട്ടിത്തടഞ്ഞ് ഞാൻ ബാക്കും കുത്തി നിലത്തേക്ക് പതിച്ചു. ബാക്ഗ്രൗണ്ടിൽ ഒരു പൊട്ടിച്ചിരി ഉയർന്നു. ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് ഓർക്കുമ്പോഴേക്കും ടേബിളിൽ വച്ചിരുന്ന വെള്ളം നിറച്ച ഗ്ലാസ് ജഗ്ഗും തൊട്ടടുത്തായി വന്നു വീണു. ച്ച്ളിം.... ജഗ്ഗ് പൊട്ടിച്ചിതറി... വെള്ളമാകെ പരന്നു. സ്വിച്ചിട്ട പോലെ പൊട്ടിച്ചിരി നിന്നു. ഇതേതാ പുതിയ അവതാരം എന്ന മട്ടിൽ ഞാനാ ജഗ്ഗിനെ തന്നെ നോക്കി നിന്നു പോയ്.. "മ...ർജൂ........." കൈകൾ പിന്നിലേക്കും കുത്തിയിരുന്ന് ഞാൻ മെല്ലെ മുഖമുയർത്തി. വായും പൊത്തി കുന്തം വിഴുങ്ങിയ മോന്തയുമായി മുന്നിലതാ നിൽക്കുന്നു പെണ്ണ്. പറ്റിപ്പാേയെടാ... സോറി... ആ വിടർന്ന കണ്ണുകൾ കുറ്റബോധത്താൽ ചുരുങ്ങി വന്നതും വാതിലിൽ കൊട്ട് തുടങ്ങിയതും ഒപ്പം. "അയ്യോ... മർജൂ..... ആരൊക്കെയോ വന്നുക്കുണു.... എന്താപ്പോ നമ്മള് ചെയ്യാ...?? " നമ്മളോ..... എല്ലാം ഒപ്പിച്ചിട്ട് തലയും ചൊറിഞ്ഞ് ചാടിക്കളിക്കുന്നത് കണ്ടോ.... പിശാശ്. ഏത് നേരത്താണാവോ.... ""മർജൂ.... ടാ.... എന്താടാ അവിടെയൊരു ശബ്ദം.... ഹാനീ.. മോളേ എന്തു പറ്റി...വാതിലു തുറക്കെടാ..."" പടച്ചോനേ....കൊട്ടിനൊപ്പം കുരവയും ഉണ്ടല്ലോ... പണിയായോ. "എന്താ ചെയ്യാ മർജു.. വാതിലു തൊറക്കണോ....????" " നോക്കി നിൽക്കാതെ ആദ്യം എന്നെയൊന്ന് എഴുന്നേൽപ്പിക്കെടീ കോപ്പേേേ....." പല്ലുകടിച്ചു പിടിച്ച് ഞാനൊന്നലറിയതും പെണ്ണ് പേടിച്ച് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. പടച്ചോനേ കാത്താേളണേ... ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ച് ഞാൻ വാതിലു തുറന്നതും ഇടുക്കി ഡാം തുറന്നു വിട്ട പോലെ ഒരു വരവായിരുന്നു. "മോളേ... എന്തേലും പറ്റിയോ....???" "എന്താ ഹാനീ ശബ്ദം കേട്ടേ... നിനക്കെന്തേലും സംഭവിച്ചോ....??" ഉമ്മച്ചിയും പെങ്ങളും കൂടി ഒരേ ചോദ്യം തിരിച്ചും മറിച്ചും ചോദിച്ച് ഹാനിയെ സ്കാൻ ചെയ്യുകയാണ്. ഇക്കാക്ക സിഐഡികളെ പോലെ റൂമാകെ മണത്തു നടക്കുന്നു. പെങ്ങളൂട്ടിയപ്പോഴും ഒരു കള്ളച്ചിരിയാലെ എന്നെയും നോക്കി നിക്കാണ്. "ദാ... ഉമ്മച്ചിയേ... ഇങ്ങോട്ട് നോക്കിയേ... " ഇക്കാക്ക ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരുടേയും ദൃഷ്ടികൾ പതിഞ്ഞു. പരന്നു കിടക്കുന്ന വെള്ളം.. ചിതറിക്കിടക്കുന്ന ചില്ലുകഷ്ണങ്ങൾ... എല്ലാവരും എന്നെയും ഹാനിയേയും മാറി മാറി നോക്കുന്നു. ശ്ശൊ.. ഇവരിനി എന്തൊക്കെയാകും ചിന്തിച്ചു കൂട്ടുക. " അ...ത്.... താഴെ വീണു പൊ...ട്ടി...... " എന്റെ തലയും താഴ്ന്നു. " അത് പൊട്ടും.... ഞാനപ്പഴേ ഈ പെണ്ണിനോട് പറഞ്ഞതാ പുതിയതൊന്നും എടുക്കേണ്ടാന്ന്..... അപ്പൊ ഓൾക്കത് പുറത്തിറക്കിയേ മതിയാകൂ.... ആങ്ങളക്ക് മണിയറ ഒരുക്കിയതല്ലേ... പ്പൊന്തായീ... " ഉമ്മച്ചി പെങ്ങളൂട്ടിക്ക് നേരെ നിരിഞ്ഞതും അവളെന്നെ ഒരു നോട്ടം. ഒരു ഉപകാരം ചെയ്ത് തന്നതിന് എന്നെ കൊലക്ക് കൊടുത്തല്ലേടാ ഹംക്കേേേേ... എന്നാ കണ്ണുകളെന്നോട് വിളിച്ചു പറയുന്ന പോലെ. " എന്നാലും ഇതെങ്ങനെ പൊട്ടീ,????" പാരപ്പെങ്ങളെന്നെ ചൂഴ്ന്ന് നോക്കുന്നു.. ഞാനവളെ നോക്കി പല്ലുകടിച്ചു. " അതൊക്കെ പോട്ടെ... എന്റെ മോൾക്കൊന്നും പറ്റിയില്ലല്ലോ.. ഭാഗ്യം. ഒച്ചപ്പാട് കേട്ടപ്പോൾ ഞാനെന്തൊക്കെയോ വിചാരിച്ചു കൂട്ടി... മോള് പേടിച്ചു പോയോ..... " ഉമ്മച്ചി ഹാനിയുടെ കൈയും മുഖവുമൊക്കെ തലോടി സമാധാനിപ്പിച്ചു കൊണ്ടാണ് ചോദിക്കുന്നത്. അവൾ എന്തു പറയണമെന്നറിയാതെ എന്നെ നോക്കുന്നത് കണ്ടതും ഞാൻ തല തിരിച്ചു. എല്ലാം വരുത്തി വച്ചിട്ട്... അനുഭവിക്ക്... " അ..അത് ഞാ...ൻ... പെട്ടെ...ന്ന്... " ഉമ്മച്ചിക്കു മുന്നിൽ കിടന്ന് അവൾ ബബ്ബബ്ബയടിക്കുന്നത് കണ്ട് ചിരി വരുന്നുണ്ട്. ഞാൻ ചുണ്ടും കൂട്ടിപ്പിടിച്ച് എങ്ങോട്ടോ നോക്കിനിന്നു. "സാരല്യ മോളേ... ഈ ചെക്കനിപ്പഴും കുട്ടികളി മാറീട്ടില്ലല്ലോ... എനിക്കറിയാം. ഓൻ വല്ല കുസൃതിയും ഒപ്പിച്ചിട്ടുണ്ടാകും.... മോളെ പേടിപ്പിക്കാനായ്... " ഇതും പറഞ്ഞ് ഉമ്മച്ചി എന്നെ നോക്കി കണ്ണുരുട്ടിയതും എന്റെ വാ പൊളിഞ്ഞു പോയി.. കുസൃതിയോ... അതും ഞാനോ.. " ഉ...മ്മച്ചി..... സത്യായ്ട്ടും ഞാനല്ല..... ക്രുസുതി... അല്ല.. കുത്രുസി.. സോറി... കു... കു...." "ച്ചീ... മിണ്ടാതെ പോടാ.. ഓരോന്നും ഒപ്പിച്ച് വച്ചിട്ട്... നീ ഇനി ഒന്നും മിണ്ടണ്ട.... " ഹാനിയടക്കം എല്ലാവരും എന്നെയും നോക്കി ചിരിച്ചപ്പോഴാണ് വീണ്ടാമതും ഞാൻ സസിയായി എന്നറിഞ്ഞത്. അടിപൊളി.... ഇനിപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല... എല്ലാം കൈവിട്ട് പോയി... ഇനി ബാത്ത് റൂം തന്നെ ശരണം. ഞാൻ വേഗം ബാത്ത് റൂമിലേക്കോടി. ഇതിങ്ങനെ പോയാൽ ശരിയാകൂലാ.... അല്ലെങ്കിലേ ഉമ്മച്ചിക്കുള്ള പരാതിയാ എനിക്ക് പക്വത ഇല്ലാന്ന്. ആ ചിന്താഗതിയെ മാറ്റിമറിച്ചിട്ടു തന്നെ ബാക്കി കാര്യം. ഇനി മുതൽ ഞാനാ പഴയ മർജുവല്ല. പുതിയ മർജുവിന്റെ പക്വതയും കാര്യബോധവും കണ്ട് എല്ലാവരും ഞെട്ടണം. വ്യക്തമായ തീരുമാനമുറപ്പിച്ച് ഒരു കുളിയും പാസാക്കി പുറത്തിറങ്ങിയപ്പോൾ രംഗം കുറെ ശാന്തമായിട്ടുണ്ട്. ഉമ്മച്ചിയും ഇക്കാക്കയും പെങ്ങളൂട്ടിയും കളം വിട്ടിട്ടുണ്ട്. പാരപ്പെങ്ങളും ഹാനിയും കൂടി റൂമാെക്കെ ക്ലീനാക്കുകയാണ്. എന്നെ കണ്ടതും രണ്ടും കൂടി പിന്നെയും ചിരി തുടങ്ങി. " എടാ...എന്നാലും ഇതെങ്ങനെ.... പൊ " " ദേ ഒരെറ്റ വീക്കങ്ങ് തന്നാലുണ്ടല്ലോ... മൂത്തതാണെന്നും നോക്കൂല.. കുറെ നേരായി സഹിക്കുന്നു.... " ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം പെങ്ങളെ നേരെ ഉയർന്നതും അവൾ ഓടി തടി തപ്പി. ഹാനിക്കു നേരെയും ഒരു നോട്ടം കൊടുത്തപ്പോൾ അവളും ചിരി നിർത്തി. "സാേറി മർജൂ..." അവൾ ചിണുങ്ങി ചിണുങ്ങി അടുത്ത് വന്ന് കയ്യിൽ പിടിച്ചു. മറുപടിയൊന്നും പറയാതെ ഞാനാ കയ്യിനെ തട്ടിമാറ്റി പോയി വാതിലടച്ചു. എന്നിട്ട് ബെഡിലേക്ക് മറിഞ്ഞു കിമിഴ്ന്നു കിടന്നു.. എന്റെ പെരുമാറ്റം അവളെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാകും. സാരല്യ എനിക്കിട്ടൊരു പണി തന്നതല്ലേ.... കുറച്ച് നേരം ഞാനും കളിക്കട്ടെ.. ഉള്ളിൽ ഊറിച്ചിരിച്ചു കൊണ്ട് ഞാൻ കണ്ണടച്ചു കിടന്നു. "മർജൂ... മർജൂ സോറി.....ടാ...." അവളുടെ ശബ്ദം ഇടറുന്നത് കേട്ടിട്ടും ഞാൻ മൈന്റിതില്ല. അങ്ങനെ തന്നെ കിടന്നു. കുറച്ചു നേരത്തിന് ശേഷം അവൾ ബാത്ത് റൂമിൽ കയറിയെന്നറിഞ്ഞതും ഞാൻ മലർന്നു കിടന്നു ചിരിച്ചു. പാവം പെണ്ണ്.... സങ്കടായിട്ടുണ്ടാകും. ഇങ്ങ് വരട്ടെ... എല്ലാം തീർക്കാം. അവൾ ബാത്ത് റൂമിൽ നിന്നിറങ്ങി വന്നതും ലൈറ്റ് ഓഫാക്കി ബെഡിന്റെ ഒരു സൈഡിൽ കയറി കിടക്കുന്നതുമൊക്കെ ഞാൻ അറിയുന്നുണ്ട്. അവള് തന്നെ അടുത്ത് വരട്ടെ എന്നു വിചാരിച്ച് അങ്ങനെ തന്നെ കിടന്നു. പക്ഷേ.... അവളുടെ ഒരു അനക്കവും പിന്നെ കണ്ടതേയില്ല... അരണ്ട വെളിച്ചത്തിലൂടെ ഞാൻ തിരിഞ്ഞു നോക്കി. അപ്പുറം തിരിഞ്ഞു കിടക്കുന്നതിനാൽ മുഖവും കാണുന്നില്ല. പടച്ചോനേ... ജാഢ കാണിച്ച് എനിക്കു തന്നെ പണി കിട്ടിയോ... എന്റെ ഫസ്റ്റ് നൈറ്റ് കൊളമാകുമോ.. വേണ്ടായിരുന്നു. അങ്ങാേട്ട് ചെന്നേക്കാം...! ചെറിയൊരു ചമ്മലോടെ ഞാനവൾക്കരികിലേക്ക് നീങ്ങിക്കിടന്നു. ആ കാതോരം ചെന്ന് മെല്ലെ വിളിച്ചു. ഹാനീ..... ഹാനി... ഹാ.... നീ.... ഒരു പ്രതികരണവുമില്ല.. ആഹാ.... അപ്പൊ കട്ടക്ക് നിൽക്കാൻ തന്നെയാണല്ലേ മോളേ പരിപാടി.. ഇപ്പൊ ശരിയാക്കിത്തരാം. എന്റെ കൈ അവളുടെ അരയിലൂടെ പതിയെ ഇഴഞ്ഞു... അവളൊന്ന് വളഞ്ഞു പുളഞ്ഞു.. "ജാഢ കാണിക്കാതെ വാ പെണ്ണേ... " പെട്ടെന്നവൾ എന്റെ നേരെ തിരിഞ്ഞു. എന്നെ കെട്ടിപ്പിടിച്ചു.. ശരീരമാസകലം ഷോക്കടിച്ച പോലെ... എത്ര നേരം ഞങ്ങളങ്ങനെ കിടന്നുവെന്നറിയില്ല... അവൾ മുഖമുയർത്തി നെറ്റിത്തടത്തിലൊന്ന് ചുംബിച്ചപ്പോഴാണ് ഞാനും കൈകളെ അയച്ചത്. അവളുടെ ആദ്യ ചുംബനം... അതങ്ങ് ഞാൻ കണ്ണും പൂട്ടി ആസ്വദിച്ചു. അപ്പൊ പെണ്ണ് വിചാരിച്ച പോലെയൊന്നുമല്ല.... ഇന്നീ രാത്രി ഞങ്ങൾ തകർക്കും. "മർജൂ... " "ഹ്ഹാ......." "ഉറക്കം വരുന്നുണ്ടോ...?" " ഹേയ് ഇല്ല... പറയ്..... " " എന്നാ എണീറ്റിരിക്ക്.... " ഓഹോ.... അപ്പൊ എണീറ്റിരുന്നാകും പരിപാടി തുടങ്ങുന്നത്... ഹൂ ഹൂ... എനിക്കു വയ്യ. ഞാൻ വേഗം ചാടിയെണീറ്റു. "ഓക്കെ... എന്നാ നമ്മക്കങ്ങോട്ട് ഐശ്വര്യമായി തുടങ്ങാം ലേ..." കള്ളച്ചിരിയാലെ തലയും കുലുക്കി ഞാനവളെ നോക്കി. " എന്തു തുടങ്ങാന്ന്....????" അവൾ ഒന്നുമറിയാത്ത മട്ടിൽ നെറ്റി ചുളിച്ചു. "ഓ പിന്നേ.... പോ പെണ്ണേ.... ഒന്നുമറിയാത്ത പോലെ...... ഇന്നേയ് നമ്മളെ ഫസ്റ്റ് നൈറ്റല്ലേ.... പെണ്ണുങ്ങളാ എല്ലാം കണ്ടറിഞ്ഞ് ചെയ്യേണ്ടത്... നീ മടിക്കൊന്നും വേണ്ട.... ഞാനല്ലേ കൂടെ...." ഞാനവളുടെ കൈയിൽ പിടിച്ച് അരികിലേക്ക് വലിച്ചു. "അയ്യട.... ദേ മർജൂ..... കളിക്കല്ലേ.... " പെണ്ണ് എന്നേം തള്ളിയിട്ട് എഴുന്നേറ്റു നിന്നു. "പിന്നെ നീയെന്തിനാടീ എന്നോട് എണീക്കാൻ പറഞ്ഞേ..???" " ഓ അതോ.... അത് പിന്നെ നമുക്ക് കുറച്ച് നേരം സംസാരിച്ചിക്കാം... വന്നേ... " "എടീ അതിനിനിയും സമയണ്ടല്ലോ... മാത്രോല്ല സംസാരം ആരോഗ്യത്തിന് ഹാനികരാ..." " കുന്തം... നീ വന്നേ മർജൂ... തമാശയൊക്കെ പിന്നെ.... " അവളെന്നെ വലിച്ചെഴുന്നേൽപ്പിച്ച് ബാൽക്കണിയിലേക്ക് നടന്നു. മനസ്സിലാ മനസ്സോടെ ഞാനും. സമയം ഒരു മണി... പാരിലാകെ വെണ്മ പരത്തി ചിരിച്ചു നിൽക്കുന്ന പൂർണ ചന്ദ്രനെ നോക്കി ഹാനി നിൽക്കുന്നു. ആ മുഖവും വെൺ ശോഭയാൽ തിളങ്ങുന്നുണ്ട്. " ആഹാ ഇത് കണ്ടിരിക്കാനാണോ എന്നേം വലിച്ച് കൊടുന്നത്...." അവളൊന്ന് ചിരിച്ചു. "മർജൂ.... എനിക്ക് കുറച്ച് ആഗ്രഹങ്ങളുണ്ടായിരുന്നു... " "ബെസ്റ്റ്..... അത് എല്ലാർക്കും ഉള്ളതല്ലേ..... " " അതേലോ.... പക്ഷേ അതൊക്കെ സഫലമാകുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ... അത് അനുഭവിച്ചറിയുക തന്നെ വേണം ലേ.. " അവളെന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കാണ്. ഞാനാ മുഖം കോരിയെടുത്ത് തിളങ്ങുന്ന കണ്ണുകളിൽ മാറി മാറി ചുംബിച്ചു. "നമ്മളിപ്പോൾ ഒന്നാണ്.... നിന്റെ ആഗ്രഹങ്ങൾ എന്റെയും കൂടിയാണ്.. നമുക്കതെല്ലാം ഒരുമിച്ച് നിറവേറ്റാം പെണ്ണേ....... " " ആണോ... എന്നാലിപ്പൊ തന്നെ തുടങ്ങിയാലോ... എനിക്ക് കുറെ ആഗ്രഹങ്ങളുണ്ട്... " പെട്ടെന്നവൾ തുള്ളിച്ചാടി പഴയ ആ പൊട്ടിപ്പെണ്ണായി മാറിയപ്പോൾ ചിരി വന്നു. " ശരി..... ആദ്യം ആഗ്രഹങ്ങളെന്തൊക്കെയാന്ന് പറ.... എന്നിട്ട് നോക്കാം ഇപ്പൊ നടക്കോ ഇല്ലയോന്ന്,... " "അങ്ങന്നെ വല്യ വല്യ ആഗ്രഹങ്ങളാെന്നു മല്ലട്ടോ..... ഞാനാെരിക്കെ ന്റെ ഉമ്മച്ചിയോടത് പറഞ്ഞപ്പോൾ കളിയാക്കി കൊന്നു... പിന്നെ ഉമ്മച്ചി പറയാ.. അതൊക്കെ കല്യാണം കഴിഞ്ഞ് കെട്ട്യോമ്മാരാ നടത്തി തരാന്ന്... അന്ന് മുതൽ ഞാൻ കാത്തിരിക്കുന്നതാ........." ഓഹ് ഈ ഉമ്മച്ചിയുടെ ഒരു തമാശ. ഉമ്മച്ചി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങ് നടത്തിക്കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. " അങ്ങനെയാണെങ്കി ഏത് ലോകത്ത് പോയിട്ടാണേലും നമുക്കത് നടത്താം ടീ.... നീ പറയ്..." ഞാനാവേശത്തോടെ അവളെ നോക്കി. "അയ്യേ..... അതിനങ്ങ് എവിടെയും പോവണ്ട.... ദാ ഇവിടെ ഇരുന്നും ചെയ്യാൻ പറ്റുന്നതേയുള്ളൂ..... " "ഓ അപ്പാെ അത്രയ്ക്ക് സില്ലി കാര്യമാണോ.. എന്നിട്ടാണോ... നീ കാര്യം പറഞ്ഞേ വേഗം..." ആദ്യരാത്രി തന്നെ പെണ്ണിന്റെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ആക്രാന്തം എന്നെ വല്ലാതെ പിടികൂടിയിട്ടുണ്ട്. " അതേയ്..., നമ്മളൊക്കെ കുഞ്ഞുകുട്ടികളായന്ന് നമ്മളെ എല്ലാരും ഒക്കത്ത് വെച്ച് എടുത്തീന്നിലേ....." " അതേ.... നടക്കാൻ പ്രായമാവാത്തവരെ അങ്ങനെ തന്നെയല്ലേ എടുക്കാ... അതിന്.....?" "അതിന് ഒന്നുല്യ... എന്നെയും അങ്ങനെ എടുക്കോ..." ങെ എന്തോന്ന്... " എന്നെയും അങ്ങനെ ഒക്കത്തെടുക്കാേന്ന്...ഒരഞ്ച് മിനുറ്റ് മതി... " ഹൊ വല്ലാത്താെരു ആഗ്രഹം... ഉമ്മച്ചീ.... ഇത്രേം സില്ലിയാകുമെന്ന് ജന്മത്തിൽ പ്രതീക്ഷിച്ചില്ല. എന്നാലും ഇവളെയൊക്കെ ഒക്കൊത്ത് ഇരുത്താന്ന് പറയുമ്പോൾ... പെണ്ണ് അത്യാവശ്യം തടിയൊക്കെയുണ്ട്. ഞാനാണേൽ ഈർക്കിലി പോലെയും... ഒരു കൈ നോക്കാംലേ. "എടീ... ഇതൊക്കെ ഒരു ആഗ്രഹമാണോ... കുറെ കാലം എല്ലാരും നിന്നെയും എടുത്ത് നടന്നിരുന്നതല്ലേ... പിന്നെന്താ.." " അത് ഞാൻ കുഞ്ഞായപ്പോഴല്ലേ... ബുദ്ധിയൊന്നും വെക്കാത്ത കാലത്ത്.... അന്ന് നിന്നെയും എടുത്തീന്നിലേ.... എന്നിട്ട് അതിന്റെ രസമെന്താന്ന് നിനക്കറിയാൻ പറ്റിയിട്ടുണ്ടോ...? ഇല്ലല്ലോ... അതൊക്കെ ഇപ്പോളാണേൽ ആ ഫീൽ നമുക്ക് ശരിക്കും കിട്ടും... അല്ലെ..." " ആ... ശരിയാല്ലേ..... എന്നാ നമുക്കാ ഫീലൊന്ന് അനുഭവിക്കാം..... വാ..." "അയ്യേ, ഇവിടെന്നല്ല... നമുക്ക് റൂമീ പോകാം...." " ആ റൂമെങ്കിൽ റൂമ്... നടക്ക്..." സന്തോഷത്തോടെ റൂമിലേക്ക് ഓടുന്ന അവൾക്കു പിറകിലായി അതിനിരട്ടി സന്തോഷത്തോടെ ഞാനും ഓടി. അവൾ വേഗം ബെഡിൽ കയറി നിന്നു. ഞാനവളെ വാരി എടുത്ത് ഒക്കത്ത് വച്ചു. ഹൊ മുടിഞ്ഞ വെയ്റ്റ്... ഒക്കത്താെന്നും ഒതുങ്ങുന്നില്ല... എന്നാലും ഒരു വിധം ഒതുക്കി ഇരുത്തി രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ചു. ഒന്ന് രണ്ടടി വച്ചതും ഞാനതാ പിസ ഗോപുരം പോലെ ചെരിഞ്ഞ് പോകുന്നു. അവളാണേൽ സന്തോഷം കൊണ്ട് എന്റെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചിരിക്കാണ്. "ഹാഹൂഹാ..... എന്താ രസം.... " പെണ്ണിന് നല്ല രസം... എന്റെ മുഖമാകെ മുത്തം കൊണ്ട് പൊതിയുന്നുണ്ട്. പക്ഷേ എന്താന്നാവോ.... എനിക്കതങ്ങ് ആസ്വദിക്കാൻ പറ്റുന്നില്ല.. പെണ്ണ് പിന്നെയും കിടന്ന് തുള്ളാണ്. എന്റെ ഒക്കത്തിരുന്നാണീ കാേപ്രായങ്ങളൊക്കെ കാണിക്കുന്നത് എന്ന ചിന്ത പോലുമില്ല. ഒക്കത്തിരുന്നാൽ ഇത്രേം സുഖമൊക്കെ കിട്ടോ.... കണ്ടിട്ട് എനിക്കും പൂതിയായി തുടങ്ങി. റൂമിലൂടെ അങ്ങോട്ടും ഇങ്ങാേട്ടും നടന്ന് അഞ്ച് മിനിറ്റും പത്തു മിനിറ്റും കഴിഞ്ഞു. അവളാണേൽ ആ രസത്തിലങ്ങനെ ഇരിക്കുകയാണ്. ആ രസം കാണുമ്പോൾ മതിയെന്ന് പറയാനും തോന്നുന്നില്ല.... ഞാനൊരു ഭർത്താവല്ലേ.... ഞാനല്ലാതെ വേറെയാരാ അവളെ എടുക്കാൻ.. എന്തായാലും അവളുടെ പൂതി തീരുവോളം ഇരിക്കട്ടെ.... ഊപ്പാടിളകിയില്ലെങ്കിൽ കാണാം. "മർജൂ.... അടിപൊളി ഫീലാട്ടോ.... മതിയാകുന്നില്ല.... ഒരാനപ്പുറത്തിരുന്നാൽ പോലും ഇത്രക്ക് ഫീൽ കിട്ടൂലാ..." പടച്ചോനേ ആനപ്പുറമോ... ഞാൻ മെല്ലെ കണ്ണാടി ലക്ഷ്യം വച്ച് നടന്നു. ഒന്നേ നോക്കിയുള്ളൂ..... അയ്യേ... പരമ ബോറ്... ഞാനവളെ താഴെയിട്ടു. "ഹൊ ഒന്ന് പറഞ്ഞ് താഴെയിട്ടൂടെ മർജൂ.... എന്റെ നടു ഇളകി.... " "നിന്റെ നടുവല്ലേ... എന്റെ ഉടലടക്കം ഇളകിയിരിക്കാ.... തൽക്കാലം ഇന്നിത്ര സുഖം മതി.... പോരേേ... " "ഹ്ം..... നല്ല രസായ്ന്നു.... ഹൊ ഞാനങ്ങ് ലയിച്ചു പോയീ.... " അവൾ എഴുന്നേറ്റു നിന്നു. " ആണോ... എന്നാലെനിക്കും ആ രസം കാട്ടിത്താ... എന്നെയും എടുക്ക്..." ഞാനവൾക്ക് നേരെ കൈ നീട്ടി. "അയ്യാേ.... ഞാൻ നിന്നെ എടുക്കേ.... എനിക്ക് താങ്ങില്ല..." അവൾ രണ്ടടി പിറകോട്ട് വച്ചു. " അപ്പൊ എനിക്കും ആ ഫീലറിയണ്ടേ... നീയല്ലേ എന്നെയും പൂതി വെപ്പിച്ചത്.... ഞാൻ നിന്റത്രേം വെയ്റ്റ് കൂടിയില്ല.. കണ്ടാലറിഞ്ഞൂടെ.." "അതൊക്കെ ശരിയാ...പക്ഷേ നിങ്ങളാണുങ്ങൾക്ക് എല്ലു ബലം ഉണ്ടാകും.... എനിക്ക് പറ്റൂല... " "പടച്ചോനേ.... അതാരു പറഞ്ഞു... ഞങ്ങളീന്നൊരു എല്ല് കൂടി നിങ്ങൾക്ക് തന്നിട്ടുണ്ടെന്നാ..... അപ്പൊ കൂടുതൽ എല്ല് നിങ്ങൾക്കല്ലേടീ കിട്ടിയിരിക്കുന്നെ... " "ങെ അതെപ്പൊ..." എന്റെ സിദ്ധാന്തം കേട്ട് അവൾ തല പുകഞ്ഞാലോചിക്കാൻ തുടങ്ങി. " ഞാനൊന്നും പറഞ്ഞില്ല.... ഇനിയതും ആലോചിച്ച് നേരം വെളുപ്പിക്കണ്ട... വന്നേ... നമുക്ക് കിടക്കാം... എന്റെ പൂതി അവിടെ തന്നെ കിടന്നോട്ടെ..." തൽക്കാലം എന്റെ പൂതിയെ പൂട്ടിട്ട് വെച്ച് ശരിക്കുമുള്ള പരിപാടി തുടങ്ങാനായ സന്തോഷത്താേടെ ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങിയതും പെണ്ണ് വന്ന് കയ്യിൽ പിടിച്ചു. "എന്താ പെണ്ണെ.... നമുക്ക് കിടക്കേണ്ടേ.... നേരം പോകുന്നു.." " അതേയ്.... എനിക്കൊരു ആഗ്രഹം കൂടിയുണ്ട്... നമുക്ക് രണ്ടാൾക്കും ഫീലറിയാൻ പറ്റുന്ന ഐറ്റം.... അതൊന്ന് നോക്കിയാലോ.....??" ഞാനവളെ ഒന്ന് നോക്കി.... "എടീ... നാളെ പോരേേ....??" " ഹ്ഹ്ം.....എനിക്ക് നിർബന്ധമൊന്നുമില്ല.... പിന്നെ എന്റെയൊരു ആഗ്രഹം മർജു സാധിച്ചു തന്നിട്ട് അത് പോലെ തിരിച്ചും സാധിച്ചു തരാൻ എനിക്ക് പറ്റാത്തെരു വിഷമംണ്ട്.... അതും ഞാനായിട്ട് നിന്നെ പൂതി വെപ്പിച്ചതാണെന്നോർക്കുമ്പോൾ...... ഇതാകുമ്പോൾ നിനക്കും ചെയ്ത് തരാലോന്ന് കരുതി.... സാരല്യ പോട്ടെ...." അവൾ സങ്കടത്തോടെ പറഞ്ഞ് നിർത്തിയതും എന്റെ ബൾബ് കത്തി. നേരത്തെ പോലെയുള്ള വല്ല ഐറ്റവുമാണെങ്കിലോ... ഐവ.... എനിക്കും സുഖിക്കാലോ.... " എന്നാ അങ്ങനെ നിന്നെ വിഷമിപ്പിച്ചിട്ട് എനിക്കിന്ന് ഉറങ്ങണ്ട.... പറ പെണ്ണെ.. എനിക്ക് കിട്ടിയില്ലേലും വേണ്ടില്ല... നിന്റെ സന്തോഷാ എനിക്ക് വലുത്..... " ഞാനവളുടെ തുടുത്ത കവിളു പിടിച്ചു വലിച്ചതും അവളുടെ കണ്ണുകൾ വിടർന്നു. " എന്നാ നമുക്കൊരു തൊട്ടിൽ കെട്ടാം....." "തൊട്ടിലോ.... ഇപ്പാെ തന്നെയോ..... അതിനു നമ്മൾ പ്രിപ്രറേഷനൊന്നും ചെയ്തില്ലല്ലോ.... മാത്രാേല്ല..... ഇപ്പൊ തന്നെ അതൊക്കെ വേണേ..... " തെല്ലൊരു നാണത്തോടെ ഞാനതു പറഞ്ഞതും പെണ്ണിന്റെ ചുണ്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.. പല്ലുകൾ ഞെരിഞ്ഞമർന്നു.... മുഖം വലിഞ്ഞു മുറുകി.. "പോടാ..... അവന്റെയൊരു പൂതി.... ഞാനതൊന്നുമല്ല ഉദ്ദേശിച്ചെ.... തൊട്ടിലേ നമുക്കാടാനാ....." "നമുക്കോ.... ഊഞ്ഞാലാണോ നീ ഉദ്ദേശിക്കുന്നെ..??" ഈ പെണ്ണിതെന്തൊക്കെയാ പറയുന്നെ. എനിക്കൊന്നും മനസ്സിലാകുന്നില്ല... "ഊഞ്ഞാലല്ല.... തൊട്ടിൽ.... നല്ല അടിപൊളി തുണി തൊട്ടിൽ..." ഞാൻ വേഗം പോയി ബെഡിലിരുന്നു. ഇതെന്നേയും കൊണ്ടേ പോകൂ.. " അതേടാ നമ്മളീ കുഞ്ഞായിരുന്നപ്പോൾ തൊട്ടിലിലാട്ടി ഉറക്കിയിരുന്നില്ലേ... അത് പോലെയൊരു തൊട്ടി കെട്ടി കിടന്നാട്ടി...." "എന്റെ പൊന്നാര ഹാനീ... നിനക്കീ ബെഡിലൊന്നും കിടന്നാൽ ഉറക്കം വരില്ലേ.... എന്തിനാ വെറുതെ... " " മർജൂ...... നീയൊന്നാലോചിച്ച് നോക്ക്... കുഞ്ഞു പ്രായത്തില്, ഒന്നും അറിയാനോ മനസിലാക്കാനോ ഉള്ള ബുദ്ധി പോലും ഉറക്കാത്ത കാലത്ത് നമ്മളെയൊക്കെ വീട്ടുകാർ എങ്ങനെയൊക്കെയാ വളർത്തിയിരുന്നെ... അതൊക്കെ അനുഭവിച്ചിട്ടുണ്ട് എന്ന് പറയുകയല്ലാതെ അതിന്റെ രസം..., അതെത്ര മാത്രം നമുക്ക് സന്തോഷം നൽകിയിട്ടുണ്ട് എന്നതൊക്കെ നമ്മളെ കൊണ്ട് പറയാൻ കഴിയാേ... ഇല്ലല്ലോ... അതാ പറഞ്ഞേ.... ഇപ്പോഴും നമ്മളുടെയൊക്കെ ഉള്ളിൽ ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ അനുഭവിച്ചറിയാനുള്ള ആഗ്രഹങ്ങളുണ്ടാകും.. അതിത്ര സിമ്പിളായിട്ടു പോലും മടി കൊണ്ടോ മറ്റോ നമ്മളതിനെ നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല എന്നതല്ലേ സത്യം....." അവളുടെ ഫിലോസഫി കേട്ട് ഞാനന്തം വിട്ടു. അവളു കാര്യം സീരിയസായിട്ടാണ്. "എടീ തൽക്കാലം ഒരു ഊഞ്ഞാലുകെട്ടി ആടിയാ പോരേ... " "പോരാ... നീയൊരു കയറെടുത്ത് വാടാ... ദാ ആ ഹുക്കിലൂടെ ഇടാം.... " അവളുടെ കണ്ണുടക്കി വലിക്കുന്ന സീലിംഗിലുള്ള ആ ഹുക്കിനെ ഞാൻ ദയനീയമായി നോക്കി. നിനക്കു വല്ല ഗ്യാരണ്ടിയും ഉണ്ടോടാ തെണ്ടീ..... " നോക്കി നിൽക്കാതെ വേഗം കയറ് കൊണ്ട് വാ മർജൂ..... തുണി റെഡി..." കയ്യിൽ പുത്തൻ ബെഡ്ഷീറ്റും പിടിച്ച് നിൽക്കുന്ന അവളെ കണ്ട് ഒരു നിമിഷം ഞാനോർത്തു പോയി.... ഇതിനു മാത്രം ഞാനെന്തു തെറ്റാന്നാവോ ചെയ്തേ... " ഉം....ചെല്ല്..... സമയം കൊറെയായിടാ... " "എടീ.. പഴയ വീടാ.. ഇതിനൊക്കൊ വല്ല ഉറപ്പുണ്ടോന്നാവോ....വെറുതെ തടി കേടാക്കണോ.. " ഞാനൊന്ന് കൂടി അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. " ഹ്.....ഇതിലും പഴയതായ ഞങ്ങളെ തറവാട്ടിൽ വരെ തൊട്ടിലുകെട്ടി ഞാനാടിയിട്ടുണ്ട്. എന്നിട്ടാപ്പോ...." " ആഹാ.... എന്നാലാ ആട്ടം പോരേ നിനക്ക് ഓർക്കാൻ.... ഇനിയുമെന്തിനാ വെറുതെ റിസ്ക്കെടുക്കുണൂ..." " അത് ഞാനല്ലേ ആടിയെ... മർജൂനും ആ സുഖം അനുഭവിക്കണ്ടെ.... നീ അതും ഇതും പറയാതെ കയറെടുക്കുന്നുണ്ടോ.....?" "എടീ.... അതിന് കയറ്....???" കയറില്ലെന്നും പറഞ്ഞ് തടിയൂരാൻ നോക്കാം. അതാ നല്ലത്. " കയറോ... കയറൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട്... " "ഹെ,,, ഹെബടെ????" " ടെറസിൽ.... ഇന്ന് ഡ്രസുണക്കാനിടാൻ കയറിയപ്പോൾ കണ്ടതാ.... നല്ല അസ്സൽ കയറ്... മോനതങ്ങ് ഊരിപ്പോര്... നമ്മുടെ പരിപാടി കഴിഞ്ഞ് കൊണ്ട് പോയി കെട്ടാം.... എപ്പടി... " അവൾ പുരികം പൊക്കി ഒന്ന് നിവർന്നു നിന്നു. പടച്ചോനേ..... ഇതിലും ഭേതം എന്നെയങ്ങ്...... വേണ്ട.... ഞാൻ സംലയനം പാലിച്ചു. ഇതെന്നേം കൊണ്ടേ പോകൂന്ന് ഉറപ്പായീ.... സാരല്യ... ഇതും കൂടി കഴിഞ്ഞാൽ കിടക്കാലോ.... ഞാൻ വേഗം വാതിലു തുറന്ന് പുറത്തേക്കിറങ്ങി. ആരേലും കണ്ടാൽ എല്ലാം കുളമാകുമെന്നറിയുന്നതിനാൽ എല്ലാം ശ്രദ്ധയോടെ വേണം. മെബൈൽ സ്ക്രീനിലെ ബ്രൈറ്റ്നെസ് പരമാവധി കുറച്ച് വച്ച് ആ വെളിച്ചത്തിൽ ടെറസും ലക്ഷ്യമാക്കി നീങ്ങി. ടെറസിലേക്കുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് പുറത്തേക്കിറങ്ങി. "ഏത് കയറാണാവോ ആ കോപ്പ് ഉദ്ദേശിച്ചത്....??" തുണികളുണക്കാൻ അയൽ കെട്ടിയ കയറുകളെല്ലാം ഞാൻ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. "ഐവ....കണ്ടുപിടിച്ചു..... ഇതു തന്നെ.... " കഴിഞ്ഞ മാസം ഉപ്പച്ചി ഗൾഫീന്ന് വന്നപ്പോൾ കൊണ്ട് വന്ന പെട്ടി കെട്ടിയ പുതിയ പ്ലാസ്റ്റിക് കയർ കണ്ട് എന്റെ കണ്ണുകൾ തിളങ്ങി. ഉമ്മച്ചി പറഞ്ഞിട്ട് ഞാൻ തന്നെയാണ് അതിവിടെ കെട്ടിയത്. കെട്ട് എന്റേതായതിനാൽ അഴിക്കാനും എളുപ്പമായി. വേഗം കയറഴിച്ച് ചുരുട്ടി പിടിച്ച് വാതിലൊക്കെ പഴയതുപോലെ അടച്ച് ഞാൻ റൂമിലേക്കോടി. റൂമിൽ ചെന്നപ്പോൾ ഹുക്കിനു നേരെ താഴെയായി ടേബിൾ വലിച്ചിട്ട് അവളെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ഹൗ എന്തൊരു ശുഷ്കാന്തി.... " വേഗം കേറി കയറിട് മർജൂ... ഞാൻ പിടിക്കാം.... " അവൾ ടേബിളിൽ പിടിച്ചു. ഞാൻ ടേബിളിൽ കയറി നിന്ന് എത്തി വലിഞ്ഞ് കഷ്ടപ്പെട്ടാണേലും കയറിട്ടു. പിന്നെ ഇറങ്ങി വന്ന് ടേബിളൊക്കെ മാറ്റിവച്ച് അവള് എടുത്തു വച്ച പുതിയ ബെഡ്ഷീറ്റെടുത്ത് രണ്ട് അറ്റത്തും മുറുക്കി കെട്ടി. ഹാവൂ.... തൊട്ടിൽ റെഡി. ഹൊ.. ഇപ്പൊ പെണ്ണിന്റെ മുഖമൊന്ന് കാണണം... ആ പതിനാലാം രാവ് പോലും തോറ്റ് പോകും. " ഞാനാദ്യം കിടക്കട്ടെട്ടോ..... " പെണ്ണ് പറയലും കിടത്തവും കഴിഞ്ഞു. ഇവിടെയും ഇവളോ.. ഹാ സ്ത്രീകൾക്കല്ലേ എവിടെയും മുൻഗണന... പാവം കിടന്നോട്ടെ. ഞാനവളെ ആട്ടാൻ തുടങ്ങി.... സ്പീഡിൽ ആട്ടിയാൽ പെട്ടെന്ന് ആട്ടം തീർന്നോളും എന്ന് വിചാരിച്ച് കുറച്ച് സ്പീഡ് കൂട്ടി. " മെല്ലെ ആട്ടിയാൽ മതീട്ടാേ.... എന്നാലേ നന്നായി ആസ്വദിക്കാൻ പറ്റുള്ളൂ..... " "ഓ ആയിക്കോട്ടെ..." അപ്പൊ ആ ഐഡിയയും പാളി.... ഇനിയിതെപ്പോ തീരുമോ എന്തോ..... മിക്കവാറും ഞാനൊരു ആട്ടക്കാരനാകേണ്ടി വരും. ഒരു ദീർഘശ്വാസം വിട്ട് ഞാനവളെ പതിയെ ആട്ടിക്കൊണ്ടിരുന്നു. "നല്ല രസണ്ട്ട്ടോ മർജു..... അടിപൊളി ഫീല്..... എന്റെത് കഴിഞ്ഞാൽ ഞാൻ നിന്നേയും ആട്ടിത്തരണ്ട്..." ഞാനൊന്ന് ചിരിച്ച് കൊടുത്ത് മേപ്പോട്ട് നോക്കി... കയറും തുണിയും പുതിയതാണ്... ഹുക്കേ നിന്നെയാണ് എനിക്കിത്തിരി വിശ്വാസക്കുറവ്... ചതിക്കല്ലേട്ടോ. " മർജൂ.... നീ എന്താ ഒന്നും മിണ്ടാത്തെ.... എന്തേലും പറ.... അല്ലേൽ ഒരു പാട്ട് പാട്... താരാട്ട് പാട്ട്.. " പടച്ചോനേ..ഇതാദ്യമേ ഇങ്ങനെ തന്നെയായിരുന്നോ.... അതോ എന്റേൽ കിട്ടിയതിനു ശേഷം ഇങ്ങനെ ആയതാണോ.. ഞാനവളെ ദയനീയമായി നോക്കി.. " എന്തേടാ ഇങ്ങനെ നോക്കുന്നെ.....???" "അല്ല ഏത് പാട്ടാ വേണ്ടത് എന്ന് പറഞ്ഞില്ല....? " "നിനക്കിഷ്ടമുള്ളത് പാടിക്കോ...... " ഉടനെ തന്നെ വായിൽ വന്ന പാട്ട് ഞാൻ പാടിത്തുടങ്ങി. 🎶 ആട്ടു തൊട്ടിലിൽ... നിന്നെ കിടത്തി ഉറക്കി മെല്ലെ......🎶 അറിയുന്ന വരികളെല്ലാം പാടിയും അറിയാത്തത് മൂളിയും മുക്കി മുരണ്ട് ഒരു വിധം ഞാൻ പാടികൊണ്ടിരുന്നു. പാട്ട് കേട്ടിട്ടാണെന്ന് തോന്നുന്നു അവൾ കണ്ണടച്ച് കിടക്കുകയാണ്. അനക്കമൊന്നുമില്ല. ഇനിപ്പോ കാറ്റ് പോയതാകോ പടച്ചോനേ.... ഞാനല്ലേ പാടുന്നത്. "ഹാനീ.... ടീ ഹാനീ..... " "മ്o.... " ഭാഗ്യം കാറ്റ് പോയിട്ടില്ല. "എടീ നീ ഉറങ്ങാണോ.... എടീ.. ഹാനീ..... " ഞാനാ തൊട്ടിലൊന്ന് കുലുക്കിയപ്പോൾ അവൾ കണ്ണു തുറന്നു. "സോറി..... നല്ല സുഖം. ഞാനൊന്ന് മയങ്ങിപ്പോയീ.. ഹീ...." അവൾ തൊട്ടിലിൽ കിടന്ന് ഇളിക്കുന്നത് കണ്ടപ്പോ ആ പല്ലിനിട്ടാെന്ന് കൊടുക്കാനാ തോന്നുന്നെ. മനുഷ്യനിവിടെ നിന്ന് ആട്ടി ആട്ടി കൈയും കാലും കടയുന്നുണ്ട്... അപ്പൊഴാ അവളുടെ ഒരു മയക്കം. " ആഹാ.... നല്ല സുഖായല്ലേ.... മോളൊന്നെണീറ്റേ... അത്ര മതി സുഖിച്ചത്..... " ഞാനാ തൊട്ടി കുത്തിക്കുലുക്കി അവളെ എണീപ്പിച്ചു. "ശ്ശൊ..., നല്ല രസായ്ന്നുടാ... താരാട്ടു പാട്ടും കേട്ട് ആടിയാടിയാടി.... ചുമ്മാതല്ല കുട്ടികളൊക്കെ തൊട്ടിലിട്ടാട്ടിയാൽ പെട്ടെന്ന് ഉറങ്ങുന്നത്... എനിക്കും ഉറക്കം വന്നു...." ഇതും പറഞ്ഞ് അവള് മെല്ലെ ബെഡിലേക്ക് ചാഞ്ഞതും ഞാനാ ബോഡി പിടിച്ചു. "അങ്ങനെ നീയിപ്പൊ ഉറങ്ങണ്ട.... നേരത്തെ എന്തൊക്കെ ഡയലോഗാ പറഞ്ഞിരുന്നെ..... വന്ന് എന്നെയും സുഖിപ്പിച്ച് താടീ... " ഞാനവളെ വലിച്ച് എഴുന്നേൽപ്പിച്ച് തൊട്ടിലിനരികിലേക്ക് കൊണ്ട് വന്നു. അവൾ ചിണുങ്ങി കൊണ്ടാണേലും എന്നോട് കിടക്കാൻ പറഞ്ഞു. ഞാനൊന്ന് കൂടി കയറു തൂക്കിയ ഹുക്കിനെ നോക്കി തൊട്ടിലിൽ ഇരുന്നു. ഒന്ന് കുലുങ്ങി ഉറപ്പു വരുത്തിയ ശേഷം മെല്ലെ നിവർന്നു കിടന്നു. എന്താപ്പത് കഥ.. കാല് തൊട്ടിലിനുള്ളിലാക്കുമ്പോൾ തല പുറത്തേക്ക് ചാടുന്നു. തല ഉള്ളിലാക്കുമ്പോൾ കാല് പുറത്ത് ചാടുന്നു. ഞാൻ ഹാനിയെ നോക്കി. അവൾക്ക് നല്ല ചിരി... "എന്റെ മർജൂ..... നിന്റെ നീളം ആ തുണിക്കുണ്ടാകോ.. ഒന്ന് ചുരുണ്ട് കിടന്ന് അഡ്ജസ്റ്റിയ്യ്... " ഞാനവൾ പറഞ്ഞ പോലെ ചുരുണ്ടുകൂടി.... ഓക്കെ ഇപ്പൊ എല്ലാം ശരിയായി... " എന്നാ തുടങ്ങിക്കോ.. പിന്നെയ് പതിയെ ആട്ടിയാ മതീട്ടോ..... എനിക്കും നന്നായി അസ്വദിക്കണം... " പെണ്ണ് ഇടം കണ്ണാലെ എന്നെയൊന്ന് നോക്കി. ഞാനവളെ ആക്കിയതാണെന്ന് മനസ്സിലായിട്ടുണ്ട്. ഞാനവൾക്കു നന്നായി ഒന്ന് ചിരിച്ചു കൊടുത്ത് കണ്ണടച്ച് ചെരിഞ്ഞു കിടന്നു. അവൾ പതിയെ ആട്ടാൻ തുടങ്ങി. ആഹാ....ഹാ എന്താ സുഖം... ആഹഹാ... ഞാനുമാ സുഖത്തിൽ ലയിച്ചു കിടന്നു. ട്ട്ട്ടപ്പേ........ ഹെന്റമ്മോേേ.... നടു.... "അയ്യോ മർജൂ..." കണ്ണു തുറന്നപ്പോൾ കാണുന്നത് ഒരറ്റത്തെ കെട്ട് കഴിഞ്ഞ് ഹുക്കിൽ തൂങ്ങിയാടുന്ന കയറാണ്. അപ്പൊ ഹുക്ക് ചതിച്ചിട്ടില്ല... കയറും തുണിയും ചതിച്ചിട്ടില്ല.. ചതിച്ചത് എന്റെ കെട്ടാ.....ങീ... "മർജൂ.... എന്തേലും പറ്റിയോടാ.... എവിടേലും വേദനിക്കുന്നുണ്ടോ.....???" അടുത്തിരുന്ന് എന്നെയാകെ തടവി വേവലാതിപ്പെടുകയാണ് ഹാനി. "ഭാഗ്യത്തിന് ഒന്നും പറ്റിയിട്ടില്ലല്ലോല്ലല്ലല്ലേ.........." സൈക്കിളിൽ നിന്നും വീണ ചിരിയുമായി ഞാൻ മെല്ലെ എഴുന്നേൽക്കാൻ നോക്കി. എവിടെയൊക്കെയോ നല്ല വേദന. ഹാനിയുടെ സഹായം കൊണ്ട് എങ്ങനെയാേ ബെഡിലേക്കിരുന്നു. ഇഞ്ചി കടിച്ച മുഖവുമായി അടുത്ത് വന്നിരിക്കുന്ന ഹാനിയുടെ മുഖം കണ്ട് എനിക്ക് ചിരി വരുന്നുണ്ട്. "നല്ല വേദനണ്ടോടാ... ഒന്നും വേണ്ടായിരുന്നുല്ലേ..." അവൾ സങ്കടത്തോടെ എന്നെ ചേർന്നിരുന്നപ്പോൾ പാവം തോന്നി. അവൾക്ക് നല്ല സങ്കടായിട്ടുണ്ട്... അവൾ കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. "സാരല്യടീ... അതിനു മാത്രം ഒന്നും പറ്റിയിട്ടില്ലല്ലോ... എന്തായാലും എനിക്കും ആ സുഖമൊക്കെ ആസ്വദിക്കാൻ പറ്റിയില്ലേ.. നീയൊന്ന് ചിരിച്ചേടി....... " ഞാനവളെ എന്റെ നെഞ്ചിലേക്കടുപ്പിച്ചു. ചെറിയൊരു ചിരിയാലെ അവളവിടെ മുഖം പൂഴ്ത്തി. " ഇനി നമുക്ക് കിടക്കാം ലേ......" "ഹ്ം......." അവളുടെ മുഖത്ത് നാണം. ഞാൻ കിടക്കാനൊരുങ്ങുമ്പോഴാണ് പെണ്ണെന്നെ തോണ്ടിയത്. " അപ്പൊ ആ കയറോ...?????" ശരിയാണല്ലോ.... ആ കയറ് യഥാസ്ഥാനത്ത് കൊണ്ട് വെച്ചില്ലേൽ പണിയാകും. പക്ഷേ ശരീരമാകെ വേദനിച്ചിട്ടാണേൽ ഒന്ന് കിടക്കാനാ തോന്നുന്നെ... എന്താ ചെയ്യാ.??? " ഞാൻ കൊണ്ട് പോയി കെട്ടിക്കോളാം മർജൂ.... " എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുള്ള ആ സംസാരം കേട്ടപ്പോൾ അവളോടെന്തോ ഒരു കൂടുതൽ ഇഷ്ടം തോന്നിപ്പോയി. പക്ഷേ.. അവളു പോയാൽ... പരിചയമില്ലാത്ത ഇടമല്ലേ. വല്ലയിടത്തും തട്ടിത്തടഞ്ഞ് ശബ്ദമുണ്ടായാലോ..വേണ്ട... ഞാൻ തന്നെ പോകുന്നതാണ് നല്ലത്. അതും കൂടി കഴിഞ്ഞാൽ വന്ന് കിടക്കാലോ. " വേണ്ടടീ.. നീ പോയാ ശരിയാകൂലാ.... ഞാൻ തന്നെ പോയിക്കോളാം.. " ഞാൻ മെല്ലെ എഴുന്നേറ്റ് നടന്നു നോക്കി. വലിയ ബുദ്ധിമുട്ടില്ല. അപ്പോഴേക്കും തൊട്ടിലഴിച്ച് അവൾ കയറ് കയ്യിൽ തന്നു. മൊബൈൽ വെളിച്ചത്തിൽ ഞാൻ പുറത്തേക്ക് നടന്നു. ടെറസിൽ ചെന്ന് കയറു കെട്ടി തിരിഞ്ഞു നടക്കാൻ നിൽക്കുമ്പോഴാണ് ആരോ വാതിൽക്കൽ വന്നത്. നിലാവെളിച്ചത്തിൽ പ്രതീക്ഷിക്കാത്ത ആ മുഖം കണ്ട് ഞാനും ഞെട്ടി.... തീർന്നെടാ നീ തീർന്നു. പാരപ്പെങ്ങൾ. അവൾ കാണാതിരിക്കാനായി ഞാൻ വേഗം പിറകിലേക്ക് മാറി നിന്നു. ഇവൾക്കെന്താ ഈ നേരത്തിവിടെ പണി??? സംശയത്തോടെ ഞാനെന്റെ കയ്യിലെ ഫോണിലേക്ക് നോക്കി. സമയം മൂന്ന് മണി. അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.അളിയൻ വിളിക്കുന്ന കറക്ട് ടൈം. ഉടനെ അവളെ ഫോൺ ശബ്ദിച്ചു. ഇനിയീ സല്ലാപം മണിക്കൂറോളം നീളും. എന്നാലും എന്റളിയാ... എന്നോടീ ചതി വേണ്ടായിരുന്നു. പെങ്ങൾ ഫോണും ചെവിയിൽ വെച്ച് ആ വാതിൽപ്പടിയിൽ തന്നെ ഇരുന്നു. മോനേ മർജൂ നീ പെട്ടടാ..... തലയിൽ കയ്യും വച്ച് ഞാനും അവിടെ ഒരു മൂലയിലിരുന്നു. പെങ്ങളുടെ മൂളലും ചീറ്റലും കേട്ട് കേട്ട് എപ്പഴോ ഉറങ്ങിപ്പോയി. പല പല ശബ്ദകോലാഹളങ്ങൾ കേട്ടിട്ടാണ് പിന്നെ ഞാനുണരുന്നത്. കണ്ണു തുറന്നത് ആകാശത്തേക്കായതിനാൽ കഴിഞ്ഞ സംഭവങ്ങളാെക്കെ പെട്ടെന്ന് പിടികിട്ടി. സമയം 8 മണിയാകാനായിട്ടുണ്ട്. പടച്ചോനേേ ഹാനീ... വേഗം മൂടും തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് ചെന്നപ്പോൾ വാതിൽ ലോക്കാണ്. പെങ്ങൾ അവളുടെ കുറുകല് കഴിഞ്ഞ് പൂട്ടിപ്പോയതാകും. ഇനി എന്താ ചെയ്യുക. ഒച്ചയിട്ട് ആളെ വിളിച്ചാൽ പിന്നെ ഒക്കെ കൂടി ചോദ്യം ചെയ്ത് കാര്യം നാറ്റക്കേസാകും. ഇത്ര നേരമായിട്ടും എന്നെ കാണാഞ്ഞിട്ട് ആ പെണ്ണിനും വന്ന് നോക്കാൻ തോന്നിയില്ലേ... അവളിതെവിടെ പോയി കിടക്കാന്നാവോ...??? എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ല.. വയറ്റീന്ന് വിശപ്പിൻ വിളിയാളം ഉയരുന്നുണ്ട്. നഖം കടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. രണ്ടും കൽപിച്ച് മെല്ലെ മുറ്റത്തേക്ക് പാളി നോക്കി. ദേ ഹാനിയവിടെ ആടിപ്പാടി മുറ്റം തൂത്തുവാരുന്നു. എടീ ഭദ്രകാളീ..... സാമദ്രോഹീ...... എന്നെ നീ മറന്നുല്ലേ... ഒന്നിങ്ങോട്ട് നോക്കടീ പിശാശേ.... ഞാൻ മനസ്സുകൊണ്ടവളെ തെറി വിളിച്ചു. ശബ്ദം പുറത്തു വന്നാൽ പണിയാകും. ആ ജന്തു അവളുടെ പണി തീർത്ത് അകത്തേക്ക് പോയെന്നല്ലാതെ ഒന്ന് ചുറ്റുപാടും നോക്കുക പോലും ചെയ്തില്ല... ആ പ്രതീക്ഷയും അസ്തമിച്ചു. അടുക്കള ഭാഗത്തു നിന്നും ഉമ്മച്ചിയുടെയും പാരപ്പെങ്ങളുടെയുമൊക്കെ പൊട്ടിച്ചിരിയും സൊറ പറച്ചിലും കേൾക്കുന്നുണ്ട്. ഇവർക്കാർക്കും എന്നെ കാണാഞ്ഞിട്ട് ഒരു കുഴപ്പവുമില്ലേ..? എനിക്ക് അത്ഭുതവും ദേഷ്യവും സങ്കടവുമൊക്കെ തോന്നുന്നുണ്ട്. ആ ഹാനിയാണ് എല്ലാത്തിനും കാരണക്കാരി.... എന്റെ ഫസ്റ്റ് നൈറ്റിനെ ബലി കൊടുത്ത് എന്തോരം സുഖിപ്പിച്ചതാ ഞാനവളെ. എന്നിട്ടു അവളു പോലുമെന്നെ മറന്നല്ലോ.... ഇനിപ്പൊ എന്നെ കാണാത്തതിൽ ഉമ്മച്ചിനെയൊക്കെ എന്ത് നുണ പറഞ്ഞാ മയക്കി വെച്ചിരിക്കുന്നെയാവോ...... ഞാനൊന്ന് പുറത്തിറങ്ങട്ടെ... നിന്റെ ശവമെടുക്കുമെടീ മൂതേവീ.... ഏത് നേരത്താണാവോ ആ മാരണത്തെ വിളിച്ചു കൊണ്ടുവരാൻ എനിക്ക് തോന്നിയത്. എന്റെ ഗതികേട്. ഫോണും കറക്കി അവളെ പ്രാകിയിരിക്കുമ്പോഴാണ് ചങ്ക് വിളിക്കുന്നത്. ഫസ്റ്റ് നൈറ്റ് എങ്ങനെയുണ്ടെന്നറിയാനാകും.... തെണ്ടി. അല്ലേൽ ഇവനോട് കാര്യം പറഞ്ഞാലോ??? വേണ്ട ഒക്കെ പാരയാ.... ശവത്തെ പോലും വെറുതെ വിടാത്ത ജാതി. അവനിത് സീനാക്കി പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാക്കും. ഞാനാ കോൾ കട്ട് ചെയ്തു കുറ്റിതാടിയും തടവിയിരുന്നു. "ഉമ്മച്ച്യേ...... ഈ ഡ്രസ്സൊന്ന് മോളീൽ പോയി ഉണക്കാനിടോ...? എനിക്ക് സമയല്യാഞ്ഞിട്ടാ....." "എനിക്കൊന്നും വയ്യ അങ്ങോട്ട് കുത്തിക്കേറാൻ...... നീ തന്നെയങ്ങ് ചെയ്തോ.... മെയ്ക്ക്അപ്പ് ചെയ്യാനുള്ള സമയത്തിൽ നിന്നും അഞ്ച് മിനുറ്റ് കടമെടുത്തളാ....." ഉമ്മച്ചിയുടെയും പെങ്ങളൂട്ടിയുടെയും സംഭാഷണം കേട്ട് എന്നിൽ പ്രതീക്ഷയുടെ തിരിനാളം കത്തി. ഞാൻ ചാടിയെണീറ്റു. മിക്കവാറും ആരെലും ഇങ്ങോട്ട് കയറി വരും. ആ നിമിഷം തന്നെ രക്ഷപ്പെടണം. ഞാൻ അപ്പുറത്തായി കൂട്ടി വച്ചിരിക്കുന്ന വിറകു കൂട്ടത്തിനു പിറകിൽ പോയി മറഞ്ഞിരുന്നു. അധികം ഇരിക്കേണ്ടി വന്നില്ല. വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പെങ്ങളൂട്ടി തന്നെയാണ്. മൂളിപ്പാട്ടും പാടി അവൾ അലക്കിയ തുണികളാെക്കെ അയയിലിടാൻ തുടങ്ങി. ഇതു തന്നെ അവസരം. ഞാൻ പതിയെ ശബ്ദമുണ്ടാക്കാതെ ശ്വാസം പോലും പിടിച്ച് വെച്ച് അവൾക്കു പിറകിലൂടെ സാഹസികമായി നടന്നു നീങ്ങി. അകത്തു കടക്കുന്നത് വരെ അവൾ കാണാതിരിക്കാൻ നന്നേ പാട് പെട്ടു. അകത്തു കടന്നതും ഒരു ഓട്ടമായിരുന്നു റൂമിലേക്ക്. പിടിച്ചു വച്ച ശ്വാസം പോലും അവിടെ എത്തിയിട്ടാണ് വിട്ടത്. ഹീ ഹാ ഹൂ.... ബെഡിലേക്കൊരു ചാട്ടം. എന്തൊരു സന്തോഷം... എന്തൊരു സമാധാനം... നയാഗ്ര വെള്ളച്ചാട്ടം ചാടിക്കടന്ന അനുഭൂതി....! കുറച്ച് നേരമങ്ങനെ മലർന്നു നിവർന്നു കിടന്നു. " ആഹാ.. ഇതെപ്പൊ വന്നു...?" ശബ്ദം കേട്ട് ഞാൻ തലയുയർത്തി. ആ മുഖം കണ്ടതും ദേഷ്യം വന്നു ഞാൻ ചാടിയെഴുന്നേറ്റു. "എടീ പിശാ...... " " എന്നാലും എന്നോടൊരു വാക്ക് പറഞ്ഞ് പോകായിരുന്നു....... " രണ്ട് തെറി വിളിക്കാൻ പോലും സമ്മതിക്കാതെ അവളിടയിൽ കയറിയത് പറഞ്ഞതും എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി. "ഹെ.....ന്തോന്ന്..??" "ഒന്നും പറയണ്ട.... ഞാൻ നിന്നോട് മിണ്ടൂലാ... ഉമ്മച്ചി എല്ലാം പറഞ്ഞു.. അങ്ങ് വാ ബാക്കി അവിടുന്ന് കിട്ടിക്കോളും....." ഇതും പറഞ്ഞ് തലക്കുലുക്കി പെണ്ണൊരു പോക്ക്. ഇതെന്ത് കഥ... ഉമ്മച്ചി എന്തോന്ന് പറഞ്ഞെന്ന്....??? ഒന്നും മനസ്സിലാകാതെ ഞാനും നടന്നു. അടുക്കളയിൽ എല്ലാവരും ഉണ്ട്. എന്നെ കണ്ടതും ഉമ്മച്ചിയൊരു വരവായിരുന്നു. "ടാ ചെക്കാ..... മര്യാദക്ക് നിന്റെ കുട്ടിക്കളിയൊക്കെ അവസാനിപ്പിക്കുന്നതാ നല്ലത്.... ഇല്ലേൽ ഞാനൊരു തീരുമാനമുണ്ടാക്കും.. അവന്റെയൊരു പന്ത് കളി... രാവിലെ നിന്നെ കാണാഞ്ഞ് ഈ പെണ്ണെത്ര പേടിച്ചെന്നോ..... ഞങ്ങളെ കാര്യം പോട്ടെ.... ഞങ്ങൾക്കതൊക്കെ ശീലായി..... എന്നാലീ പെണ്ണിനോടെലും പറഞ്ഞിട്ട് പൊക്കൂടായ്നോ.... അതിനെ കൂടി എടങ്ങേറാക്കി..... എന്തിനാ അധികം പറയുന്നെ.... പ്രായത്തിനൊത്ത കഥയും ബുദ്ധിയും വേണ്ടേ..... ഇനിയെങ്കിലും കുറച്ച് പക്വത വരുമെന്ന് വെച്ചു..... എവടെ.... എല്ലാം വെറുതെയായി... " ഒരു പേമാരി കണക്കെ മുന്നിൽ കിടന്ന് ഉമ്മച്ചി പെയ്തപ്പോൾ എന്റെ കണ്ണുകൾ ഉടക്കി നിന്നത് ചിരിയടക്കിപ്പിടിച്ചു നിൽക്കുന്ന അവളിലായിരുന്നു. നിന്നെ സ്നേഹിച്ചത് ഇത്ര വലിയ തെറ്റായിരുന്നെന്ന് ഞാനറിഞ്ഞില്ല പെണ്ണേേ..... എല്ലാം കേട്ട് തൃപ്തിയടങ്ങി ഞാൻ തിരിഞ്ഞു നടന്നു. " എങ്ങോട്ടാ ഇനി പോകുന്നേ... ചായയൊന്നും വേണ്ടേ......??" "വേണ്ടാ..... വയറു ഫുള്ളായി...... " പിറകിൽ നിന്നുള്ള ഉമ്മച്ചിയുടെ ചോദ്യത്തിന് തിരിഞ്ഞു നോക്കാതെ മറുപടി കൊടുത്തു. "ഹാ.... ആ പോക്ക് കണ്ടപ്പോഴേ തോന്നി, പുറത്ത് നിന്നും കഴിച്ചിട്ടുണ്ടാകുമെന്ന്...... ഇവനിതെന്ന് നന്നാവാനാ പടച്ചോനേ........" ഉമ്മച്ചിയുടെ വാക്കുകൾ ഒരശരീരി കണക്കെ ചെവിയിൽ വന്ന് പതിക്കുമ്പോഴും ഞാൻ ചിരിക്കായിരുന്നു. എന്റെ ഉമ്മച്ച്യേ.... ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല... ഞാൻ നന്നാവില്ല. കാരണം, നിങ്ങളെ മുന്നിൽ ഞാനെന്നും മർജുവാണ്... കുട്ടിക്കളി മാറാത്ത,പക്വത എത്താത്ത ആ പഴയ മർജു... ഇനിയത് എത്ര മാറ്റിയാലും മാറില്ല... ഒരു കുട്ടിത്തേവാങ്കിനെയല്ലേ കൂട്ടിന് കിട്ടിയിരിക്കുന്നത്. ഇങ്ങനെ പോയാൽ ജീവിതം അടിപൊളിയാകും. ഓരോന്നും ഓർത്ത് ബാൽക്കണിയിലങ്ങനെ കാലും ആട്ടിയിരിക്കുകയാണ് ഞാന്. " മർജൂ..... വേദനയൊക്കെ മാറിയോ.?? ഉമ്മച്ചി നന്നായി പെരുമാറീല്ലേ..." കയ്യിലൊരു കപ്പ് ചായയുമായി ഹാനി എന്റെയരികിൽ വന്നപ്പോൾ എന്താേ ദേഷ്യമൊന്നും തോന്നിയില്ല. കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് ഇവൾക്കു മുന്നിലെങ്കിലും എന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് തോന്നി. നല്ല വിശപ്പുണ്ടായതിനാൽ ചിരിച്ചോണ്ട് തന്നെ വേഗം ചായ വാങ്ങി കുടിച്ചു. "എന്തിനാ മർജൂ ഇന്നുതന്നെ കളിക്കാൻ പോയേ... വേദനയൊക്കെ ശരിക്കും മാറീട്ട് പോയാ മതിയായിരുന്നില്ലെ.... നീയാ കയറു കെട്ടാൻ പോയത് മാത്രേ എനിക്കോർമ്മയുള്ളൂ..... ക്ഷീണം കൊണ്ട് പെട്ടെന്നുറങ്ങിപ്പോയിടാ...... പിന്നെ നീ വന്നതും കിടന്നതും നേരത്തെ എണീറ്റ് പോയതുമൊന്നും ഞാനറിഞ്ഞിട്ടില്ല. ഉമ്മ വന്ന് വിളിച്ചിട്ടാ എണീറ്റേ..... ആദ്യം നിന്നെ കാണാഞ്ഞ് പേടിച്ചു. വേദനയൊക്കെ എന്തായി എന്നറിയാഞ്ഞിട്ട് ഒരു സ്വസ്ഥതയും തോന്നുന്നില്ല. കളിക്കാൻ പോയിട്ടുണ്ടാകുമെന്ന് പറഞ്ഞ് ഉമ്മച്ചിയാ സമാധാനിപ്പിച്ചെ.... ഇല്ലേൽ ടെൻഷനടിച്ചു ഞാൻ ചത്തീന്നു.... ഇനിയെന്നോട് പറയാതെ എങ്ങും പോകരുത്ട്ടോ....." അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ പല വിധം മുഖഭാവങ്ങളുമായി പരാതിപ്പെടുന്നതും താക്കീത് നൽകുന്നതുമെല്ലാം നോക്കി ഞാനങ്ങനെ ഇരുന്നു. പാവം പെണ്ണ്... എന്റെ അവസ്ഥയൊന്നും അവൾക്കറിയില്ലല്ലോ, ഇനി എന്തിനാ അതൊക്കെ പറഞ്ഞ് വീണ്ടും വിഷമിപ്പിക്കുന്നെ..... വേണ്ട.... ആരും ഒന്നും അറിയണ്ട. " സോറി പെണ്ണേ..... നീ നല്ല ഉറക്കായിരുന്നില്ലേ. അതാ വിളിക്കാഞ്ഞെ.... ഇനി ഞാൻ പറയാതെ പോകില്ലട്ടോ... " കുടിച്ച് തീർത്ത കപ്പ് തിരിച്ചു വാങ്ങി കവിളിലൊരു മുത്തം തന്ന് പോകാൻ നിന്ന പെണ്ണിനെ ഞാൻ പിടിച്ച് വലിച്ച് അരികിലിരുത്തി. "അല്ല..... നിന്റെ ആഗ്രഹങ്ങളൊക്കെ തീർന്നോ..... എന്റെ ഫസ്റ്റ് നൈറ്റ് പാവം ഒരു മൂലയിലിരിക്കാണ് എന്ന ഓർമ്മ ഉണ്ടായിക്കോട്ടെട്ടോ........" "മോന് കിട്ടിയതൊന്നും പോര എന്നുണ്ടെങ്കിൽ ശരി, കുറച്ചൂടി കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ ബാക്കിയുണ്ട്. ഇന്ന് രാത്രി നോക്കാംട്ടോ..... ഫസ്റ്റ് നൈറ്റ് നമുക്കങ്ങ് ക്യാൻസലാക്കാംടാ..." കണ്ണിറുക്കി ചിരിച്ച് കുതറി ഓടാൻ ശ്രമിച്ച പെണ്ണിന്റെ കൈകളെ തിരിച്ച് പിടിച്ച് ലോക്കാക്കി വെച്ച് ഞാൻ നെഞ്ചിലേക്കിട്ടു. " എന്റെ ഫസ്റ്റ് നൈറ്റിലെ കൊലക്ക് കൊടുത്തിട്ട് വേണമല്ലേടീ നിന്റെ കുട്ടിക്കളി.... നിന്നെ ഞാനിന്ന് ശരിയാക്കിത്തരാടീ......... " അവളെ കോരിയെടുത്ത് റൂമിലെ ബെഡിലേക്കിട്ടപ്പോൾ ശരീരത്തിൽ നിന്നെവിടെ നിന്നോ ഒരു വേദന ഉയർന്നു. ഒരു ആദ്യരാത്രിയുടെ ഓർമ്മപ്പെടുത്തലെന്ന പോലെ....! *ശുഭം* 😊 #📙 നോവൽ #📔 കഥ
43.2k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post