സ്കൂൾ വാഹനത്തിൽ ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം പൂട്ടിപ്പോയി. പുറത്തെ കഠിനമായ ചൂടിൽ മണിക്കൂറുകളോളം കാറിനുള്ളിൽ ശ്വാസംമുട്ടി ആ കുരുന്ന് ജീവൻ പൊലിയുകയായിരുന്നു....
ബഹ്‌റൈനെ നടുക്കിയ 4 വയസ്സുകാരൻ ഹസൻ അൽ മഹരിയുടെ മരണം ഒടുവിൽ കോടതിമുറിയിൽ വികാരാധീനമായ ഒരു അന്ത്യത്തിലെത്തിയിരിക്കുകയാണ്. നിയമത്തിന്റെ കർക്കശമായ വഴികളേക്കാൾ സ്നേഹത്തിനും ക്ഷമയ്ക്കും പ്രാധാന്യം നൽകിയ ഹസന്റെ മാതാപിതാക്കൾ, തങ്ങളുടെ മകന്റെ മരണത്തിന് കാരണമായ വനിത ഡ്രൈവർക്ക് മാപ്പുനൽകി.
കഴിഞ്ഞ ഒക്ടോബർ 13ന് ആയിരുന്നു ദാരുണമായ ഈ സംഭവം. ലൈസൻസില്ലാതെ സ്കൂൾ സർവീസ് നടത്തിയതിന് വനിത ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു.
വിചാരണവേളയിൽ പ്രതിയായ സ്വദേശി വനിത തന്റെ നിസ്സഹായാവസ്ഥ കോടതിക്ക് മുന്നിൽ തുറന്നുപറഞ്ഞു.
താൻ 3 കുട്ടികളുടെ അമ്മയാണെന്നും ഭർത്താവ് സൗദിയിൽ ജയിലിലാണെന്നും അവർ പറഞ്ഞു.
കുടുംബം പുലർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഈ ജോലി ചെയ്യേണ്ടി വന്നത്.
"അറിയാതെയാണെങ്കിലും എന്റെ കൈപ്പിഴ കാരണം ആ കുഞ്ഞ് മരിച്ചല്ലോ, എനിക്ക് എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കാം" എന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കോടതിയിൽ പറഞ്ഞു.
തങ്ങളുടെ മകനെ നഷ്ടപ്പെട്ടെങ്കിലും ആ സ്ത്രീയുടെയും അവരുടെ 3 മക്കളുടെയും അവസ്ഥ ഹസന്റെ മാതാപിതാക്കളെ ചിന്തിപ്പിച്ചു. ഇനിയൊരു കുടുംബം കൂടി തകരരുത് എന്ന ഉറച്ച തീരുമാനത്തിൽ അവർ ഡ്രൈവർക്ക് നിരുപാധികം മാപ്പുനൽകി. പരാതിയില്ലെന്ന് അവർ കോടതിയെ ബോധ്യപ്പെടുത്തിയതോടെ കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.
മകന്റെ വേർപാടിലും അവരുടെ വേദന തിരിച്ചറിഞ്ഞ ആ മാതാപിതാക്കളുടെ മനസ്സ് ലോകത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. #അഭിപ്രായം #❤ സ്നേഹം മാത്രം 🤗


