പ്രതീക്ഷയുടെ കനലുകൾ ഭാഗം 3
വർഷങ്ങൾ കടന്നുപോയി.. സുകുമാരന്റെ അധ്വാനം വെറുതെയായില്ല…പക്ഷേ സുകുമാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു…
വിനിത തന്റെ പഠനം പൂർത്തിയാക്കി. അച്ഛന്റെ കഷ്ടപ്പാടുകൾ ഓരോ നിമിഷവും അവളുടെ ഓർമ്മയിലുണ്ടായിരുന്നു. പഠനത്തോടൊപ്പം തന്നെ അവൾ ചില പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. സുകുമാരൻ പഴയതുപോലെ ഇപ്പോഴും തന്റെ കടയിൽ സജീവമാണ്. പക്ഷേ, ഇപ്പോൾ അയാളുടെ മുഖത്ത് പഴയ ആധിയില്ല പകരം ഒരു വലിയ ലക്ഷ്യം പൂർത്തിയാക്കിയതിന്റെ സംതൃപ്തി മാത്രം…
ഒരു ശനിയാഴ്ച വൈകുന്നേരം. മഴ പെയ്യാൻ തുടങ്ങുന്ന സമയം. സുകുമാരൻ ചായയടിക്കാനുള്ള തിരക്കിലാണ്. അപ്പോഴാണ് കടയുടെ മുന്നിൽ ഒരു കാർ വന്നു നിന്നത്. ചായ കുടിച്ചു കൊണ്ടിരുന്ന നാട്ടുകാർ ആകാംക്ഷയോടെ നോക്കി…
കാറിൽ നിന്നും ഇറങ്ങി വന്നത് വിനിതയായിരുന്നു. കൂടെ അമ്മ വീണയും. വിനിതയുടെ കയ്യിൽ ഒരു മധുരപ്പൊതിയും ഒരു കവറുമുണ്ടായിരുന്നു. അവൾ നേരെ അച്ഛന്റെ അടുത്തേക്ക് ചെന്നു….
"അച്ഛാ..."
സുകുമാരൻ അമ്പരപ്പോടെ അവളെ നോക്കി.
"എന്താ മോളെ.. എന്താ വിശേഷം"
വിനിത ആ കവർ അച്ഛന് നൽകി. "അച്ഛാ, ഇത് എന്റെ ആദ്യത്തെ ശമ്പളമാണ്. പിന്നെ... എനിക്ക് സ്ഥിരനിയമനം ലഭിച്ചതിന്റെ ഉത്തരവും ഇതിലുണ്ട്."...
സുകുമാരന്റെ കൈകൾ വിറച്ചു. അയാൾ ആ കവർ തുറന്നു നോക്കി. വിനിതയ്ക്ക് ഒരു പ്രമുഖ ബാങ്കിൽ ഓഫീസറായി ജോലി ലഭിച്ചിരിക്കുന്നു. അയാൾക്ക് അക്ഷരങ്ങൾ മങ്ങിപ്പോയി, കാരണം സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഏട്ടൻ ഇനി ഈ കഷ്ടപ്പാട് നിർത്തണം. നമുക്ക് സമാധാനമായി വിശ്രമിക്കാം," വീണ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു…
പക്ഷേ സുകുമാരൻ ചിരിച്ചു. അയാൾ തന്റെ തട്ടുകടയിലെ അടുപ്പിലേക്ക് നോക്കി.
"ഇല്ല വീണേ... ഈ തട്ടുകടയിലെ തീയാണ് നമ്മുടെ മോളെ ഇത്രയും വലിയ നിലയിൽ എത്തിച്ചത്. ഇതിൽ നിന്ന് കിട്ടുന്ന പണത്തിനാണ് ഏറ്റവും കൂടുതൽ മൂല്യം ഉള്ളത്.. ഞാൻ ഇവിടെത്തന്നെയുണ്ടാകും. പക്ഷേ ഒരു വ്യത്യാസമുണ്ട്... ഇനി മോളെ പഠിപ്പിക്കാനല്ല, മറിച്ച് മോളെപ്പോലെ പഠിക്കാൻ കഷ്ടപ്പെടുന്ന മറ്റ് കുട്ടികളെ സഹായിക്കാൻ ഈ വരുമാനം ഞാൻ മാറ്റിവെയ്ക്കും."...
വിനിത അച്ഛനെ കെട്ടിപ്പിടിച്ചു. അവളുടെ വിദ്യാഭ്യാസത്തിന് വഴിമുട്ടിയപ്പോൾ ശിവൻ നൽകിയ ആ അഡ്വാൻസ് ആണ് തന്റെ ജീവിതം മാറ്റിയതെന്ന് അവൾക്കറിയാമായിരുന്നു…
അടുത്ത മാസം വിനിതയുടെ ആദ്യ ശമ്പളം കൊണ്ട് സുകുമാരൻ ആ തട്ടുകട പുതുക്കിപ്പണിതു. അതിന് അയാൾ ഒരു പേരും നൽകി ‘വിനിതാസ് - പ്രതീക്ഷയുടെ തണൽ'.
പഠിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആ കടയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സ്കോളർഷിപ്പായി നൽകാൻ അവർ തീരുമാനിച്ചു. സുകുമാരന്റെ തട്ടുകടയിലെ ചായയ്ക്ക് ഇപ്പോൾ പണ്ടത്തേക്കാൾ മധുരമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങി അത് കഠിനാധ്വാനത്തിന്റെയും സ്നേഹത്തിന്റെയും മധുരമായിരുന്നു…
തുടരും…
✍️സന്തോഷ് ശശി…
#✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ


