അവൻ തിരിഞ്ഞ് നോക്കിയില്ല.
സേതുവിന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്.
അച്ഛൻ അത് കാണണ്ട,
ഒരു പക്ഷെ വിഷമമാകും.
പെറ്റ വയറിന് നൊന്തില്ല.
പിന്നെ ആർക്ക് വേണ്ടി!
അവൻ മുന്നോട്ടേക്ക് നടന്നു.
എങ്ങോട്ട് പോകണമെന്ന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.
അശ്വതി വീടിന് വെളിയിൽ കാത്ത് നിൽക്കുന്നുണ്ട്.
അകത്തേക്ക് കയറണ്ടന്ന് വിചാരിച്ചു കാണും. അവളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. എല്ലാം കേട്ട് നിൽക്കുകയായിരിക്കണം.
"തോറ്റ് പോയോ സേതുവേട്ടാ!
അവൾ അവന്റെ കയ്യിൽ നിന്ന് പെട്ടി വാങ്ങി.
"മ്മ്........, തോറ്റ് പോയി.
അവന്റെ കണ്ണ് നിറഞ്ഞു തൂവി.
സേതു കരയുന്നത് ആരും കണ്ടിട്ടില്ല. ഇനിയിട്ട് ആരും കാണുകയും വേണ്ടാ.
അവൾ സാരി തുമ്പ് കൊണ്ട് അവന്റെ കണ്ണീരൊപ്പി.
പുറകിൽ വാതലിന് വെളിയിൽ നിന്ന് വിതുമ്പുന്ന അച്ഛനോട്,
ഒരു വാക്ക് അവസാനമായി ചോദിക്കണമെന്ന് അവൾക്ക് തോന്നി.
അശ്വതി ധൈര്യം സംഭരിച്ച് വീട്ടിലേക്ക് കയറി. സേതു അവളെ തടുത്തില്ല.
ഭാര്യയ്ക്ക് കാവൽ എന്ന പോലെ,
അവൻ അവിടെ തന്നെ തറഞ്ഞു നിന്നു.
"നന്ദിയുണ്ട് അച്ഛാ,
ഇതുവരെ കാരുണ്യം കാണിച്ചതിനും, തന്ന സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്. അടുത്ത് കൂടി വന്ന് കൈ പിടിച്ച് കൊണ്ടുവരുമ്പോൾ മനസ്സിൽ ഉള്ളത് എന്റെ കഴുത്തിലും കയ്യിലും കിടന്ന ഇത്തിരി പൊന്നായിരുന്നു എന്ന് എനിക്ക് മനസിലാകാതെ പോയി.
ആരോടും പരിഭവമില്ല. പരാതിയുമില്ല.
ആരൊക്കെ ഇതിന് കൂട്ട് നിന്നാലും,
അച്ഛൻ ഇതിന് കൂട്ട് നിൽക്കുമെന്ന് ഞാൻ കരുതി ഇരുന്നില്ല. പക്ഷേ ഇതുകൊണ്ടൊന്നും സേതുവേട്ടനെ തോൽപ്പിക്കാമെന്ന് ആരും കരുതണ്ട.
ആ മനുഷ്യന്റെ മനസ്സ് നൊന്താൽ അശ്വതി വെറുതെ ഇരിക്കുമെന്ന് ആരും ഓർക്കിയേം വേണ്ട!
അശ്വതിയുടെ ശബ്ദം കനത്തത് ആയിരുന്നു. അവളുടെ ദേഷ്യത്തിൽ സ്വയം കത്തി അമരുന്നത് പോലെയാണ് അയാൾക്ക് തോന്നിയത്. ഓരോ വാചകങ്ങൾ പറഞ്ഞ് നിർത്തുമ്പോഴും അവളുടെ കണ്ണിൽ നിന്ന് ചൂട് കണങ്ങൾ ഒഴുകി ഇറങ്ങി. അതിന്റെ ചൂട് അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അശ്വതി തിരികെ വരുമെന്നാണ് സേതു പ്രതീക്ഷിച്ചത്. പക്ഷെ അവൾ മടങ്ങി വന്നില്ല.
അകത്തേക്ക് കയറി പോകുന്ന അശ്വതിയെ കണ്ട് ഒരു നിമിഷം അവൻ അന്താളിച്ചു നിന്നു.
ഹാളിലേക്ക് കയറും മുന്നേ ഗിരിജയുടെ ചോദ്യം എത്തി.........
"അല്ലല്ലേ,
എങ്ങോട്ടാ ഈ എത്തികയറി വരുന്നേ!
എന്തേലും മൊഴിയാൻ വന്നത് ആണേൽ അവിടെ നിന്ന് പറഞ്ഞാൽ മതി.
നിന്റെ കെട്ടിയോന് പോലും ഈ വീട്ടിൽ സ്ഥാനം ഇല്ല. അപ്പോഴാ കണ്ട ഏപ്പരാച്ചികൾക്ക്"
എന്നത്തേയും പോലെ അശ്വതി ഒന്നും മിണ്ടാതെ മടങ്ങും എന്നാണ് ഗിരിജ കരുതിയത്. ഭൂമിയോളം ക്ഷമിച്ചു. ഇനി
ഇതിലും താഴണമെങ്കിൽ ഭൂമി തുരന്ന് പാതാളത്തിലേക്ക് പോകണം.
"കൂട്ടി കൊടുത്തിട്ട് ആണേലും മോളെ കെട്ടിക്കാൻ നടന്ന ഒരു സ്ത്രീ ഉണ്ടായിരുന്നല്ലോ ഇവിടെ,
അവരെയാണ് ഞങളുടെ നാട്ടിൽ ഏപ്പരാച്ചി എന്ന് വിളിക്കുന്നത്.
നിങ്ങടെ നിഴൽ വെട്ടം വീണാൽ ഏഴ് കുളത്തിൽ കുളിക്കണം എന്ന് അറിയാത്തത് കൊണ്ട് കയറി വന്നത് അല്ല. എന്റെ കുറച്ച് സാധനങ്ങൾ ഇവിടെ ഇരുപ്പുണ്ട്. അത് എടുത്തിട്ടേ ഞാൻ പോകുന്നുള്ളൂ"
"പിന്നെ.....,
ഉടു തുണിക്ക് മറുതുണി ഇല്ലാതെ കയറി വന്ന നിന്റെ എന്ത് സാധനമാ ഇവിടെ ഇരിക്കുന്നെ! അങ്ങനെ എന്തേലും ഉണ്ടേൽ തന്നെ ഭർത്താവ് ഉദ്യോഗസ്ഥൻ
അതും കൊണ്ട് ഇറങ്ങിയിട്ടുണ്ട്.
ഇപ്പൊ ചെന്നാൽ കൂട്ടത്തിൽ പോകാം.
അല്ലേൽ അവൻ നിന്റെ പെങ്ങളുടെ കൂടെ പൊറുക്കും"
ഗിരിജ ആർത്തു ചിരിച്ചു.
"അതിന് എന്റെ ഭർത്താവിന്റെ പേര് അശോകൻ എന്നല്ല. നിങ്ങൾക്ക് കിട്ടിയ ഭർത്താവും, മരുമകനും അങ്ങനെ ആയത് കൊണ്ട് എല്ലാവരും അങ്ങനെ ആണെന്ന് ആശ്വസിച്ച് ഇവിടെ അങ്ങ് ഇരുന്നോ! ഒടുക്കം വയസാം കാലത്ത് ഈ മകള് പോലും നോക്കാതെ പുഴുവരിച്ചു കിടക്കുമ്പോൾ ചെയ്ത തെറ്റെല്ലാം ഓർത്ത് നിങ്ങള് കരയും. അന്ന് ഹോം നഴ്സിനെ കിട്ടിയില്ലെങ്കിൽ വിളിച്ചാൽ മതി. ഞാൻ വന്ന് നിങ്ങളുടെ പഴുപ്പ് തുടച്ച് തരാം. ഇപ്പൊ ഞാൻ പോയി എന്റെ തുണി എടുക്കട്ടെ"
മിണ്ടാ പൂച്ച ഇത്രയും സംസാരിച്ചതിന്റെ അങ്കലാപ്പിൽ നിന്ന് അവർ വിട്ട് മാറിയില്ല.
ഈശ്വരാ.......
നാശത്തിന്റെ പ്രാക്ക് ഭലിക്കുമോ?
ഗിരിജക്ക് പേടിയായി.
അവർ ആദിയോടേ മകളെ നോക്കി. പക്ഷേ
അവളുടെ നോട്ടം മുഴുവൻ ടെറസിലേക്ക് കയറി പോകുന്ന അശ്വതിയിലേക്ക് ആണ്.
"ഡി നിക്കടി അവിടെ,
എങ്ങോട്ട് കേറി പോകുവാ,
ഇത് എന്റെ വീടാ,
ഇങ്ങനെ വരുന്നവർക്കും പോകുന്നവാർക്കും കേറി മേയാൻ ഇത് സത്രം ഒന്നുമല്ല. നിന്റെ എന്തേലും സാധനങ്ങൾ മേളിൽ കിടപ്പുണ്ടേൽ പറഞ്ഞാൽ മതി, എടുത്തോണ്ടേ തരാം. അതുവരെ പുറത്ത് നിക്കണം. അല്ലാതെ തിണ്ണമിടുക്ക് കാണിക്കാനാണ് ഭാവമെങ്കിൽ കഴുത്തിന് കുത്തി പിടിച്ച് പുറത്ത് എറിയാൻ ഇവിടെ ആണുങ്ങൾ ഉണ്ട്.
അതിന് ഉത്തരമായി അശ്വതി നിന്ന് പൊട്ടി ചിരിച്ചു.
"എവിടെ,
എന്നിട്ട് ഞാൻ കണ്ടില്ലല്ലോ ആരെയും!
നിനക്ക് മീശ മുളച്ചിരുന്നെങ്കിൽ ആ പറഞ്ഞ സാധനം നീ ആണെന്ന് എങ്കിലും ഞാൻ കരുതിയേനെ! എലി പത്തായത്തിൽ ഒളിച്ചിരിക്കുന്ന നിന്റെ പെണ്ണൻ പൊങ്ങനെയാണ് നീ ആണ് എന്ന് അഭിസംബോധന ചെയ്തത് എങ്കിൽ ചിരിക്കാതെ വേറെ വഴിയില്ല മോളെ,
ഇനി നിനക്ക് അത്ര നിർബന്ധം ആണേൽ നീ പോയി എടുത്തോണ്ടേ തന്നാൽ മതി. മുകളിൽ ഞാൻ എന്റെ താറു തുണി നനച്ചിട്ടിട്ടുണ്ട്. അത് എടുത്ത് തരാൻ നിനക്ക് തന്നെയാണ് യോഗ്യത. കൂട്ടത്തിൽ ഇന്നലെ മുറിയിൽ വന്ന് ഇരന്ന് വാങ്ങിയ ഹോട് ബാഗ് മുതൽ ഒരു കക്ഷണം പിന്ന് വരെ ഒരു അണ തെറ്റാതെ പെറുക്കി എന്റെ കാൽക്കീഴിൽ വയ്ക്കണം. എന്തെ പറ്റില്ലേ നിനക്ക്!
അശ്വതി അവൾക്ക് നേരെ വിരൽ ചൂണ്ടി സംസാരിച്ചതും, ഗിരിജ നിന്ന് കിടുങ്ങാൻ തുടങ്ങി.
തുടരും 💜
------------------------------------------------------------
ഇഷ്ട്ടപെട്ടാൽ ഒരു വരി കുറിക്കണം.
സ്റ്റിക്കർ നൽകിയ എല്ലാവർക്കും നന്ദി.
#☠️മണിച്ചിത്രതാഴ് 🔐(ഗോസ്റ്റ് സ്റ്റോറി ☠️) #story #അടിപൊളി നോവലുകൾ #കഥകൾ, പ്രണയകഥകൾ, തുടർക്കഥ, നോവൽ #✍️ Novel


