ShareChat
click to see wallet page
search
🦋 മരുമകൾ 🦋 43 രാവിലെ ഞാനത് പറഞ്ഞത് മുതൽ എന്നോട് അങ്ങനെ മിണ്ടിയിട്ടില്ല. ഹരിയേട്ടൻ വന്നപ്പോഴും ചായയിട്ട് കൊടുത്തു എന്നല്ലാതെ ആളിനോടും അങ്ങനെ മിണ്ടുന്നതൊന്നും കണ്ടിരുന്നില്ല. അമ്മായി എന്തോ കാര്യമായ പണി തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ഇനിയത് എന്താണെന്ന് അറിഞ്ഞാൽ മാത്രം മതി. 🦋 🦋 🦋 🦋 🦋 ഹരിയേട്ടന് ഇംഗ്ലീഷും മലയാളവും, നോവലുകളുടെയും ചെറുകഥകളുടെയും നല്ലൊരു കളക്ഷൻ ഉണ്ട്. രാജേഷ് ചേട്ടനും അത് പോലെ ബുക്ക്‌ കളക്ഷൻ ഉണ്ടെന്ന് ഇടയ്ക്ക് എപ്പോഴോ ഹരിയേട്ടൻ പറഞ്ഞിരുന്നു. പുതിയ ബുക്സ് വാങ്ങുമ്പോൾ അവര് പരസ്പരം കൈമാറി വായിക്കാറുണ്ട്. ഇതിപ്പോ ഹരിയേട്ടന് ഏതോ ബുക്ക് കൊടുത്തിട്ട്, ഹരിയേട്ടൻ കഴിഞ്ഞാഴ്ച വാങ്ങിയ ബുക്ക് എടുത്തിട്ട് പോകാനുള്ള വരവാണ്. അവര് സംസാരിച്ചിരിക്കുമ്പോ ഞാൻ അകത്തേയ്ക്ക് കയറി. അമ്മേടെ മുറിയിൽ ഒന്ന് പാളി നോക്കുമ്പോ കട്ടിലിൽ കിടപ്പുണ്ട് ആള്. " ദൈവമേ.... ഇതിപ്പോ കാര്യമായി എന്തോ ഒപ്പിക്കനുള്ള പുറപ്പാടാണല്ലോ? നീ സൂക്ഷിച്ചോ ദേവൂ.... " എന്നെന്റെ മനസാക്ഷി എനിക്ക് മുന്നറിയിപ്പ് നൽകി. ഞാനൊരു നെടുവീർപ്പോടെ അകത്തേക്ക് നടന്നു. " അമ്മ എവിടെ ഹരി? " രാജേഷ് ചേട്ടൻ ഹരിയേട്ടനോട് ചോദിക്കുന്നത് കേട്ട് കൊണ്ടാണ് ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയത്. വെള്ളം കുടിച്ച് കഴിഞ്ഞ് തിരികെ വരുമ്പോ രാജേഷ് ചേട്ടൻ പോകാനായിട്ട് പുറത്തേക്ക് ഇറങ്ങിയിരുന്നു. കൂടെ ഹരിയേട്ടനും. അമ്മയും അവർക്ക് പിറകെ പുറത്തേക്ക് ഇറങ്ങുന്നത് കണ്ട് ഞാൻ പതിയെ നടന്ന് വാതിൽക്കൽ ചെന്ന് നിന്നുകൊണ്ട് പുറത്തേക്ക് നോക്കി. രാജേഷ് ചേട്ടൻ ബൈക്കിൽ കയറി ഇരിപ്പുണ്ട്. അമ്മ അടുത്തേക്ക് ചെന്നതും " എന്താ അമ്മാ? വയ്യേ? " എന്ന് ആള് ചോദിച്ചതും മാത്രേ കേട്ടുള്ളൂ... സ്വിച്ച് ഇട്ടത് പോലെ ഒറ്റ കരച്ചിൽ ആയിരുന്നു അമ്മായി. ഞങ്ങള് ഞെട്ടിപ്പോയി. എന്തിന് അത് വഴി നടന്നു പോയ പൂച്ച പോലും ആ ഇടിവെട്ട് പോലുള്ള ആ കരച്ചിലിന്റെ ആക്കത്തിൽ പേടിച്ചൊരൊറ്റ ഓട്ടമായിരുന്നു. " എന്തമ്മാ? എന്ത് പറ്റി? " ആദ്യം കേട്ടത് ആധിയോടെയുള്ള ഹരിയേട്ടന്റെ ശബ്ദമാണ്. അമ്മ അപ്പോഴും വെട്ടിക്കൊല്ലും പോലെ കരച്ചിലാണ്. " അമ്മ കരയാതെ കാര്യം പറ. നമുക്ക് പരിഹാരം ഉണ്ടാക്കാന്ന് ... " അമ്മയോടത് പറയുമ്പോ രാജേഷ് ചേട്ടന്റെ നോട്ടം എന്റെ നേർക്കു വരുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിലോ? നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും പറ്റാത്ത വിധം ആകെ ഒരു തളർച്ച തോന്നി എനിക്ക്... ഹരിയേട്ടൻ അമ്മയെ ചേർത്ത് പിടിച്ചിട്ടുണ്ട്. രാജേഷ് ചേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി നിൽക്കുന്നുണ്ട്. എനിക്ക് അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല. അവര് പറയാൻ പോകുന്നത് എന്ത് കഥയായാലും അതിലെ വില്ലത്തി ഞാനാകുമെന്ന് ഉറപ്പല്ലേ? " ഒന്നൂല്ല... എനിക്ക് പെട്ടെന്ന് സങ്കടം സഹിക്കാൻ പറ്റീല്ലെടാ മക്കളേ... നീയും എനിക്കെന്റെ മോനെപോലെ തന്നെയാടാ.... " രാജേഷ് ചേട്ടന്റെ കയ്യിൽ പിടിച്ചാണ് പറയുന്നത്. " അങ്ങനെ തന്നെ അമ്മ... അല്ലെന്ന് ആരാ പറഞ്ഞത്? അമ്മ ഇങ്ങനെ കരയാതെ.... " രാജേഷ് ചേട്ടൻ അവിടെ ഭയങ്കര ആശ്വസിപ്പിക്കൽ.... ഈ മനുഷ്യനെക്കുറിച്ച് , ഇപ്പൊ മോനെ പോലെ എന്ന് പറഞ്ഞവര് കുറച്ചു നാള് മുൻപ് പറഞ്ഞത് എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അങ്ങേര് തന്നെ നാല് പെടേം കൊടുത്തിട്ട് ഇവരെ വല്ല പൊട്ട കിണറ്റിലും കൊണ്ട് തള്ളും.... " നമ്മള് എല്ലാരേം മക്കളായിട്ടേ കാണൂ... ആരടുത്തും ദേഷ്യപ്പെട്ട് ഒരു വാക്കും ഞാൻ പറയൂല്ലന്ന് നിനക്ക് അറിയാല്ലാ മക്കളേ? എന്നിട്ടാണ് മനസ്സാ വാചാ അറിയാത്ത കാര്യങ്ങള് ഓരോന്നൊക്കെ ഓരോരുത്തര് പറയണത്. ചങ്ക് തകർന്ന് പോയി മക്കളേ.... അതാണ്‌ ഞാൻ.... " ഏങ്ങലടക്കി മൂക്ക് പിഴിയുന്നുണ്ടവര്. " എനിക്കെന്റെ സങ്കടം പറയാൻ ആരെങ്കിലും വേണ്ടേ? " രാജേഷ് ചേട്ടന്റെ കയ്യിൽ നിന്ന് പിടി വിട്ടിട്ടില്ല. തല കുനിഞ്ഞു പോയെന്റെ... കണ്ണ് നിറഞ്ഞു തൂവി... അപമാനം.... വല്ലാത്ത അപമാനം....! ഈ നിമിഷം ഉരുകി ഒലിച്ചു ഇല്ലാതായെങ്കിൽ എന്ന് ഓർത്ത് പോയി ഞാൻ. എത്രയൊക്കെ ധൈര്യം ഭാവിച്ചാലും ഇങ്ങനെ ഒരു സാഹചര്യത്തിൽ മനസ്സ് പിടിവിട്ട് പോകുന്നു. കണ്ണുകൾ അനുസരണക്കേട് കാട്ടുന്നു. തല കുനിച്ച് നിൽക്കുമ്പോഴും രാജേഷ് ചേട്ടന്റെ നോട്ടം ഇടയ്ക്കിടെ എന്റെ നേർക്ക് വരുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്. " അമ്മ ഇത് എന്തൊക്കെയാ പറയുന്നേ...? അകത്തേയ്ക്ക് കേറി വന്നെ.... " ഹരിയേട്ടൻ അമ്മയെ ബലമായി പിടിച്ച് അകത്തേക്ക് കേറ്റാൻ നോക്കുന്നു. അമ്മ ബലം പിടിച്ചു നിൽക്കുന്നേ ഉള്ളൂ.... " അമ്മാ... എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞു തീർക്കാല്ലോ? ദാണ്ടേ... ഹരിയോട് പറയ്‌... നമുക്ക് പരിഹാരം ഉണ്ടാക്കാന്നെ.... അമ്മയിങ്ങനെ കരഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കാതെ..... " അമ്മയോടായി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ ഹരിയേട്ടന് നേരെ തിരിഞ്ഞു. " എടാ ഹരി. നീ അമ്മേ വിളിച്ച് അകത്തേക്ക് കൊണ്ട് പൊ... എന്നിട്ട് കാര്യം എന്താണെന്ന് ചോദിച്ചു മനസ്സിലാക്ക് . പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല എന്നല്ലേ? " ഹരിയേട്ടന്റെ തോളിൽ തട്ടി പറഞ്ഞിട്ട് രാജേഷ് ചേട്ടൻ പിന്നെയും ബൈക്കിൽ കയറി. " നീ പിന്നെ ഒരിക്കെ വരുമ്പം പറയാം മക്കളെ ഞാൻ എല്ലാം.... ഇപ്പം അമ്മക്ക് വയ്യ.... " കണ്ണ് തുടച്ച് നിന്ന് പറയുന്നുണ്ടമ്മായി. രാജേഷ് ചേട്ടൻ പിന്നെയും അമ്മയെ ആശ്വസിപ്പിച്ചിട്ട് ബൈക്കും എടുത്ത് പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ട് പിറകിൽ എല്ലാം കേട്ട് അമ്മാവനും നിൽപ്പുണ്ട് എന്നറിയുന്നത്. അങ്ങേരെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്. ഞാൻ തളർച്ചയോടെ സിറ്റൗട്ടിലെ കസേരയിലേക്കിരുന്നു. എത്ര അടക്കിയിട്ടും സങ്കടം പിടിച്ചു നിർത്താൻ പറ്റുന്നില്ല. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. അവരിങ്ങനെ മറ്റൊരാളുടെ മുന്നിൽ ചെന്ന് നിന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞാൻ.... " നാടകത്തിൽ അഭിനയിക്കാത്തെന്ത്? അവാർഡ് കിട്ടിയേനേല്ലോ? " ഞാൻ കരയുന്നത് നോക്കി അച്ഛൻ എന്റെ മുന്നിൽ വന്ന് നിന്ന് പല്ല് കടിച്ച് പറയുന്നു. മുഖമുയർത്തി അയാളെ നോക്കിയപ്പോഴേക്കും ഹരിയേട്ടൻ അമ്മയെയും ചേർത്ത് പിടിച്ച് അകത്തേയ്ക്ക് വന്നിരുന്നു. അമ്മയെ എനിക്ക് എതിരെയുള്ള കസേരയിൽ തന്നെ ഇരുത്തി. " എന്താ അമ്മാ? എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയ്ക്ക് എന്നോട് പറഞ്ഞൂടെ? എന്തിനാ മറ്റുള്ളോരുടെ മുൻപിൽ ഇങ്ങനെ ഒക്കെ കാണിക്കുന്നത്? അവന്റെ മുന്നിൽ പോയി നിന്ന് കരഞ്ഞേക്കുന്നു....! എന്ത് കാര്യത്തിന്? " ഹരിയേട്ടൻ അമർഷം ഒതുക്കിയാണ് പറയുന്നതെന്ന് ആ ശബ്ദത്തിൽ നിന്നറിയാം. " ഇവളെന്നെ പറഞ്ഞതൊക്കെ നിന്നോട് പറഞ്ഞാ നീയെന്നെ വിശ്വസിക്കോ? ഇല്ലല്ലോ? നിനക്ക് ഇപ്പൊ എന്നെക്കാളും ഇവള് മതിയല്ലോ? ഞാനല്ലേ എല്ലാർക്കും ശല്യം? ഞാൻ ഇല്ലാതായാ അതങ്ങ് തീരുമല്ലോ? " അവരെന്തൊക്കെയോ വാശി കേറിയത് പോലെ പറയുന്നുണ്ട്. എന്റെ കണ്ണ് മിഴിഞ്ഞു പോയി. " പറഞ്ഞത് എന്താണെന്ന് അറിഞ്ഞാലല്ലേ വിശ്വസിക്കുമോ ഇല്ലയോ എന്നറിയാൻ പറ്റൂ? അല്ലാതെ സ്വയം അങ്ങ് തീരുമാനിച്ചാൽ എങ്ങനെ? " ഹരിയേട്ടൻ അസ്വസ്ഥതയോടെ മുഖം ചുളിച്ചു. " ഇന്ന് രാവിലെ ഇവള് എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞെന്നറിയാമോ നിനക്ക്? ഞാൻ എപ്പഴാടാ ഇവളെക്കുറിച്ചു മോശം പറഞ്ഞിട്ടുള്ളത്? നിന്റടുത്ത് ഞാൻ വല്ലോം പറഞ്ഞിട്ടൊണ്ടാ? ആരടുത്തെങ്കിലും പറഞ്ഞിട്ടൊണ്ടാ? നിന്നെപ്പോലേ കരുതീട്ടൊള്ളൂ... അതിനാ എനിക്കിന്ന് കിട്ടിയത്..... " പിന്നെയും അവരുടെ കരച്ചിൽ ഉച്ചത്തിലായി. അമ്മാവൻ അവരുടെ അടുത്തിരുന്ന് " പോട്ടേ കുമാരി... " എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. എന്നോട് നേരത്തെ അഭിനയം ആണെന്ന് പറഞ്ഞ ആളാണിപ്പോ ഓസ്കാർ അഭിനയം കാഴ്ച വയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നത് എന്നോർക്കണം? " എല്ലാരും എന്നോട് പറഞ്ഞതാ.... ഇപ്പൊ പാവം പോലെ ഇരിക്കണേനെ ഒന്നും വിശ്വസിക്കണ്ട. കുറച്ചു കഴിയുമ്പം തനി കൊണം കാണിക്കുമെന്ന്. അന്നൊക്കെ അങ്ങനെ ഒന്നൂല്ല എന്റെ കൊച്ച് പാവാണെന്ന് പറഞ്ഞ ഞാനാ... ആ എന്നെയാ ഇവള്.... കല്യാണം കഴിഞ്ഞിട്ട് പത്തു മാസം തികച്ചായില്ല. ഇപ്പഴേ ഇങ്ങനെ... കുറച്ചൂടെ കഴിഞ്ഞാ എങ്ങനെ ആയിരിക്കും? " അവരവിടെ കത്തിക്കയറുന്നു. " ഞാൻ എപ്പോഴാ അമ്മേ മോശം പറഞ്ഞത്? " ഇവരിത് എങ്ങോട്ടാ പറഞ്ഞു പോകുന്നത് എന്നോർത്തിട്ടെനിക്ക് പേടി തോന്നി. പറഞ്ഞു പറഞ്ഞു ഇതൊരു വലിയ പ്രശ്നം ആക്കാനുള്ള പുറപ്പാടാണ് ഇവര്. " എപ്പഴാന്നോ? ഇന്ന് രാവിലെ കോവിലീ പോയിട്ട് വന്നപ്പോ നീ എന്തൊക്കെയാ എന്നെ പറഞ്ഞത്? " അവരെന്നെ നോക്കി ദഹിപ്പിച്ചു. ഹരിയേട്ടനും നെറ്റി ചുളിച്ചെന്നെ നോക്കി. " ഞാൻ അതിന് അമ്മയെ ആണോ പറഞ്ഞത്? " നെഞ്ചിടിപ്പ് ഉയരുന്നുണ്ടെന്റെ. എങ്ങനെയാണ് ഈ പ്രശ്നം നേരിടേണ്ടത് എന്നെനിക്ക് അറിയുന്നില്ല. രാവിലെ ഇവരോട് ഒന്നും പറയേണ്ടിയിരുന്നില്ല എന്നിപ്പോ തോന്നുന്നുണ്ട്. ഇങ്ങനെ ഒന്നുണ്ടാകുമെന്ന് ഞാൻ കരുതിയില്ലല്ലോ? ഇതിപ്പോ പ്രശ്നം തീർക്കാൻ പോയത് അതിലും വലിയ പ്രശ്നമാകുന്നു എന്നാ തോന്നുന്നത്. " അയ്യെടീ.... നിന്റെ കൂട്ടുകാരീടെ അമ്മായി പറഞ്ഞെന്നും പറഞ്ഞ് ഓരോന്ന് പറഞ്ഞാ എന്നെയാ പറഞ്ഞതെന്ന് എനിക്ക് മനസിലാവൂല്ലന്നാ.... " ഇത്തവണ എന്റെ നേർക്കുള്ള ഹരിയേട്ടന്റെ നോട്ടം കൂർത്തു. " അമ്മ എന്നെക്കുറിച്ച് അങ്ങനെ ഒക്കെ പറഞ്ഞിട്ടല്ലേ, അത് ഞാൻ അമ്മേക്കുറിച്ച് പറഞ്ഞതാണെന്ന് അമ്മയ്ക്ക് തോന്നിയത്.? " ഇങ്ങനെ ഒക്കെ ചോദിക്കാനുള്ള ധൈര്യം എനിക്ക് എവിടുന്ന് കിട്ടുന്നാവോ? എല്ലാം കൈവിട്ട് പോകുമെന്ന് തോന്നുമ്പോ തനിയെ വന്ന് പോകുന്നതാവണം. " കണ്ടാടാ... കണ്ടാ? അവളെന്റടുത്ത് തർക്കിക്കണത് കണ്ടാ? സ്വന്തം മോളെപ്പോലെയാ ഞാൻ ഇവളെ കാണണത്. ആ ഞാൻ ഇവളെക്കുറിച്ച് ആരോടെങ്കിലും കുറ്റം പറയുവോടാ? നിനക്ക് അങ്ങനെ തോന്നാണൊണ്ടാ? " ഹരിയേട്ടൻ ആകെ പകച്ചിരിപ്പാണ്. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയുന്നില്ല എന്നാ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. " അമ്മ എന്നെക്കുറിച്ച് വളരെ മോശമായിട്ട് പലരോടും പറഞ്ഞിട്ടുണ്ട്. ഞാൻ അതൊക്കെ എന്റെ ചെവി കൊണ്ട് കേട്ടിട്ടുമുണ്ട്. ഞാൻ മാത്രമല്ല. ഹരിയേട്ടനും..... അമ്മ എന്നെക്കുറിച്ച് പറയുന്നതൊക്കെ ഹരിയേട്ടനും കേട്ടിട്ടുണ്ട്. " അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞു പോയതാണ്. അല്ലെങ്കിലും ദേഷ്യവും സങ്കടവും ടെൻഷനും ഒക്കെകൂടി ഒരുമിച്ചു വന്നാൽ എന്താ പറയുന്നേന്ന് ബോധം ഉണ്ടാവില്ലല്ലോ? വികാരം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ വിവേകത്തോടെ ചിന്തിക്കാൻ പറ്റുമോ? എനിക്കും പറ്റിയത് അതാണ്‌. ' ഹരിയത് എങ്ങനെ കേട്ടു?' എന്നൊരു ചോദ്യം വരുമെന്ന് അന്നേരം ഞാൻ ചിന്തിച്ചതേയില്ല. പക്ഷെ ഹരിയേട്ടന്റെ ചിന്ത ആ വഴി പോയെന്ന് ദയനീയമായി ഇങ്ങോട്ടുള്ള ആ നോട്ടം കണ്ടപ്പോ മനസ്സിലായി. " എപ്പോഴാടാ? ഞാൻ എപ്പഴാ ഇവളെ പറഞ്ഞത്? നീ എപ്പഴാ കേട്ടത്? " ഒരിക്കലും ഹരിയേട്ടൻ അതൊന്നും കേൾക്കില്ല എന്നൊരുറപ്പ് അമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എപ്പോഴോ ആവേശത്തിൽ എഴുന്നേറ്റ് നിന്നിരുന്ന ഞാൻ പിന്നെയും തളർച്ചയോടെ കസേരയിലേക്കിരുന്നു. റെക്കോർഡ് ചെയ്തു എന്നെങ്ങാനും ഇവരറിഞ്ഞാൽ ഇപ്പോ കാണിക്കുന്നതിന്റെ ഇരട്ടി പ്രകടനം കാണിക്കും ഇവർ. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. 🦋 🦋 🦋 🦋 🦋 അഭിപ്രായം പറയൂ ട്ടോ... ❤️ കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ