ShareChat
click to see wallet page
search
#ശ്രീനാരായണ ഗുരു യാത്രയിൽ ഒരു അത്യാപത്ത്…..* *📚 കോഴിക്കോട് കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ( 1858-1919 ) അക്കാലത്ത് , ആ പട്ടണത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഒരു പൊതുക്കാര്യപ്രസക്തനായിരുന്നു. അദ്ദേഹത്തിന്റെ സഹായസഹകരണങ്ങളോടു കൂടാതെ അന്നു കോഴിക്കോടു പട്ടണത്തിൽ ഒരു പൊതുപരിപാടിയും നടന്നിരുന്നില്ല. എസ്.എൻ. ഡി.പി യോഗത്തിൻ്റെ നാലാം വാർഷികം കണ്ണൂർ വച്ചു നടന്നപ്പോൾ മൂപ്പനായിരുന്നു ആദ്ധ്യക്ഷ്യം വഹിച്ചത്. യോഗത്തോടനുബന്ധിച്ചു നടത്തിയ വ്യവസായ പ്രദർശനത്തിൻ്റെ വിജയത്തിൽ മൂപ്പനുള്ള പങ്കും ചെറുതല്ല. ശ്രീനാരായണ ഗുരുദേവൻ്റെ പരമഭക്തന്മാരിൽ ഒരാളായിരുന്നു അദ്ദേഹം….* *📚 കോഴിക്കോട്ട് ഒരു ശിവക്ഷേത്രം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിച്ചു തീരുമാനിക്കുന്നതിലേയ്ക്ക് 1907 നവംബർ ആദ്യം മൂപ്പൻ ശിവഗിരി മഠത്തിൽ വന്ന് സ്വാമികളെ ക്ഷണിച്ചു. അതനുസരിച്ച് നവംബർ 9 ന് സ്വാമികളും ശിഷ്യന്മാരും മൂപ്പന്റെ കാര്യസ്ഥനുമായി കോഴിക്കോട്ടേക്കു പുറപ്പെട്ടു. മൂപ്പൻ കാലേകൂട്ടി വേണ്ട ചിട്ടവട്ടങ്ങൾ ചെയ്യുന്നതിനായി മൂന്നു ദിവസം മുമ്പുതന്നെ ശിവഗിരിയിൽ നിന്നു മടങ്ങിയിരുന്നു. ഈ യാത്രയെപ്പറ്റിയുള്ള വിവരണം 1907 നവംബർ - ഡിസംബർ ലക്കം വിവേകോദയത്തിൽ സ്വന്തം റിപ്പോർട്ടർ എഴുതിയിട്ടുണ്ട്. “യാത്ര പുറപ്പെടുമ്പോൾ സ്വാമികൾക്കു തീരെ സന്തോഷമുണ്ടായിരുന്നില്ല. ഈ യാത്രയിൽ അശേഷം ഉത്സാഹം തോന്നുന്നില്ലെന്നും എന്തോ അശുഭങ്ങൾ വരാനുണ്ടെന്നും യാത്ര പുറപ്പെടുന്നതിനു കുറെ മുമ്പ് സ്വാമികൾ പറഞ്ഞു. പുറപ്പെടുന്ന അവസരത്തിലും പലപ്രാവശ്യം പ്രസ്‌താവിച്ചു. അതിനിർമ്മലമായ ആ മനോദർപ്പണത്തിൽ നിഴലിച്ച ഭാവിവിപത്തുകളുടെ ഛായ തെറ്റിയില്ല." ഇനി നമുക്ക് റിപ്പോർട്ടിനെത്തന്നെ ആശ്രയിക്കാം. “അതിനിർമ്മലമായ ആ മനോദർപ്പണത്തിൽ നിഴലിച്ച ഭാവി വിപത്തുകളുടെ ഛായ തെറ്റിയില്ല. സ്വാമിയും പരിജനങ്ങളും 25-നു കൊല്ലത്തും 26-നു ആലപ്പുഴയും എത്തി. 27-നു എറണാകുളത്തെത്തി. പിറ്റേദിവസം രാവിലത്തെ വണ്ടിക്കു കോഴിക്കോട്ടേയ്ക്കു സൗകര്യമായി പുറപ്പെടുന്നതിനുദ്ദേശിച്ചു അന്നു വൈകുന്നേരത്തെ വണ്ടിക്കു ആലുവായിൽ ഇറങ്ങി താമസിച്ചു. ആലപ്പുഴ നിന്നു കാലത്തു ഊണു കഴിഞ്ഞു പുറപ്പെട്ടതുമുതൽ സ്വാമിക്കു വയറ്റിന്നു നല്ല സുഖമായിരുന്നില്ല. അതുകൊണ്ടു അത്താഴം കഴിച്ചില്ല. പതിനൊന്നു മണിവരെ പതിവുപോലെ പലതും സംസാരിച്ചുകൊണ്ടിരുന്നു. പന്ത്രണ്ടു മണിമുതൽ അതിസാരത്തിൻ്റെ ലക്ഷണം കണ്ടു. ഒരു മണിക്കൂറിനുള്ളിൽ അതു വർദ്ധിക്കുകയും ഛർദ്ദി ആരംഭിക്കുകയും ചെയ്തു‌. വേഗത്തിൽ രോഗം പേടിക്കത്തക്കനിലയിൽ തോന്നി. ഡോക്ടറും മരുന്നുകടയും സമീപത്തുണ്ടായിരുന്നതിനാൽ ചികിത്സയ്ക്കു ഒട്ടും താമസം നേരിട്ടില്ല. എങ്കിലും രോഗം പ്രതിക്ഷണം ആപൽക്കരമാം വണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ കൂടെയുണ്ടായിരുന്ന ഒരാൾക്കുകൂടി ഛർദ്ദിയും അതിസാരവും തുടങ്ങി. ഡോക്‌ടർ അയാളുടെ രോഗം ഭേദപ്പെടുമെന്നും സ്വാമിയുടേതു അസാദ്ധ്യമാണെന്നും പ്രസ്‌താവിച്ചു. ശിഷ്യജനങ്ങളുടെ അപ്പോഴത്തെ വ്യാകുലതയും പരിഭ്രമവും പറഞ്ഞറിയിക്കുന്നതെങ്ങനെ...? ഡോക്‌ടർ ലബ്ഷഡിയാരുടെ ചികിത്സാ സാമർത്ഥ്യത്തെയും പരിജനങ്ങളുടെ ശ്രദ്ധയേറിയ ശുശ്രൂഷയെയും അതിക്രമിച്ചുകൊണ്ട് പിറ്റേദിവസം ഉച്ചയായപ്പോഴേക്കു രോഗം അതിന്റെ പരമകാഷ്‌ഠയിൽ എത്തി. സർവ്വാംഗവും ക്ഷീണിച്ചു തണുത്തു മരവിച്ചുപോയി. നാഡി നിന്നുപോയി. ബോധം ഇല്ലാതായി. കഷ്ട‌ം! മറ്റേ രോഗി ഇതിനിടയിൽ തന്നെ കഴിഞ്ഞു പോയിരിക്കുന്നു. അദ്ദേഹത്തിൻ്റെ പേർ കൊച്ചുമായിറ്റി ആശാൻ എന്നാണ്. 45 വയസ്സുകാണും. നെയ്യാറ്റിൻകരയാണു സ്വദേശം.* *📚 വീട്ടിൽ താമസിക്കുന്ന ആളാണെങ്കിലും ചെറുപ്പം മുതൽ സ്വാമിയിൽ അത്യന്തം ഭക്തിയും സ്നേഹവും ഉള്ള ഒരു ശിഷ്യനും ബ്രഹ്മചാരിയുമായിരുന്നു. സംസ്‌കൃതത്തിൽ കുറേ പഠിപ്പും ജ്യോതിഷം , വേദാന്തശാസ്ത്രം ഇവയിൽ സാമാന്യപരിജ്ഞാനവും ഉണ്ടായിരുന്നു. സ്വാമിയുടെ സന്നിധിയിൽ തന്നെ ജീവിതശേഷം കഴിക്കണമെന്നു തോന്നുകയാൽ ഇപ്പോൾ വലിയ ദോഷകാലമാണെന്നും പറഞ്ഞു സ്വഗൃഹത്തിൽനിന്ന് ഒടുവിൽ ഇദ്ദേഹം ശിവഗിരിയിൽ എത്തി താമസമായിട്ടു ഒരു മാസമായില്ല. ഭാഗ്യവാൻ. പൂർണ്ണമായ മനസ്സമാധാനത്തോടുകൂടിയും സ്വാമിയെ സാക്ഷാൽ കണ്ടു കൊണ്ടും ശരീരത്തെ വെടിഞ്ഞു തൻ്റെ സാത്വികമായ ആത്മാവിനെ മോചിപ്പിച്ചു. ഇതിനിടയിൽ സ്വാമിയുടെ മേലൽപ്പറഞ്ഞ രോഗാവസ്ഥയെക്കുറിച്ചു പല സ്ഥലങ്ങളിലേയ്ക്കും കമ്പികൾ പോയിരുന്നു. അന്നു വൈകുന്നേരം ഒരു മണിക്കുള്ള മെയിൽ വണ്ടിക്കു സ്വാമി കോഴിക്കോട് എത്തുന്നു എന്നുള്ള തലേദിവസത്തെ അറിവു കൊണ്ട് സ്ഥലത്തും തലശ്ശേരി , കണ്ണൂർ മുതലായ ദിക്കുകളിലും നിന്നു സ്റ്റേഷനിൽ വന്നു തിക്കിത്തിരക്കിയ പുരുഷാരത്തിനു കണക്കില്ലായിരുന്നു. വണ്ടിയെ അത്യുൽസാഹത്തോടുകൂടി പ്രതീക്ഷിച്ചുകൊണ്ട് ഒരു മനസ്സായി നിൽക്കുന്ന ആ ജനക്കൂട്ടത്തിന്റെ മുന്നണിയിൽ നിന്ന രാരിച്ചൻ മൂപ്പൻ തൽക്ഷണം ആലുവായിൽ നിന്നു കിട്ടിയ കമ്പി വായിച്ചപ്പോൾ അവിടെ ഉണ്ടായ ക്ഷോഭവും നൈരാശ്യവും വ്യസനവും എന്തായിരുന്നു എന്നു ഊഹിച്ചുകൊള്ളുകയാണുത്തമം. ജീവച്ഛവമായി വീട്ടിലേയ്ക്കു മടങ്ങിയ മൂപ്പൻ അവർകൾ സ്വാമിയുടെ അവസ്ഥയെ ഉടനുടൻ കമ്പിമാർഗ്ഗം അറിയിക്കുന്നതിനും ചികിത്സ , ശുശ്രൂഷ മുതലായ കാര്യങ്ങൾക്കും ഉടനേവേണ്ട ഏർപ്പാടുകൾ ചെയ്കയും തലശ്ശേരിയിൽ വേൽകമ്പനി മരുന്നു ഷാപ്പ് പ്രൊപ്രൈറ്ററായ മിസ്റ്റർ കുഞ്ഞിക്കണ്ണൻ മുതലായ ചിലരെ ഉടനേ ആലുവായ്ക്ക് അയക്കുകയും ചെയ്തു.* *📚 29 നു കാലത്തുമുതൽ സ്വാമിക്കു നാഡിയുടെ അതിസൂക്ഷ്മമായ ചലനം ഉണ്ടായി. ബോധം അതിനു സ്വല്പം മുമ്പുതന്നെ കുറേശ്ശേ ഉണ്ടായിത്തുടങ്ങി. 30 ന് ഇക്കിൾ ആരംഭിച്ചു വീണ്ടും എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ടിരുന്നു. വൃശ്ചികം 1 ന് കാലത്ത് ഡോക്ട‌ർ പല്പുവിൻ്റെ ആവശ്യപ്രകാരം കൊച്ചിയിൽ നിന്ന് ചീഫ് മെഡിക്കൽ ആഫീസർ ഡോക്‌ടർ കുംബസ്സ് അവർകൾ എത്തി സ്വാമിയെ നോക്കി. രോഗം ശമനോന്മുഖമാകുന്നുണ്ടെന്നും ചികിത്സകൾ തൃപ്ത‌ികരമായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്നു വൈകുന്നേരം സ്വല്‌പം സുഖലക്ഷണമുണ്ടായി. 2-ാംതീയതിയിലെ സ്ഥിതി പറയത്തക്കവണ്ണം നന്നായില്ല. ഇക്കിൾ ഒഴിയാതെ വന്നുകൊണ്ടിരുന്നു. തൊണ്ട മുതൽ താഴോട്ടു യാതൊന്നും ഇറങ്ങുന്നതിനു കഴിയാത്തവണ്ണം കലശലായ വേദനയുണ്ടായിരുന്നു. തലശ്ശേരി ജ്ഞാനോദയ യോഗത്തിൽ നിന്നും ചെറുവാരി കൃഷ്‌ണൻ ഗുമസ്‌തൻ സ്വാമിയുടെ സുഖക്കേട് അറിവാൻ വന്നു. 3 ന് അതേസ്ഥിതിയിൽ തന്നെയായിരുന്നു. 4-നു സ്വല്‌പം ഭേദം കണ്ടു എന്നു പറയാം. വേറെ പറയത്തക്കവിശേഷം ഒന്നും ഉണ്ടായില്ല. ഇക്കിൾ നിന്നില്ലെന്നു മാത്രമല്ല കുറേശ്ശെ നീരിന്റെ ലാഞ്ഛനം അംഗങ്ങളിൽ കണ്ടിരുന്നു. 7 നു രാത്രി ഇക്കിളും നീരും പെട്ടെന്നു വർദ്ധിച്ചു വീണ്ടും ആപൽക്കരമായി തോന്നി. 8 ന് കാലത്തു ആ വികാരത്തിനുള്ള പ്രത്യേക ചികിത്സയാൽ സ്വല്‌പം ഭേദം കിട്ടി. 9-ന് കാലത്തെ വണ്ടിക്കു അയ്യാക്കുട്ടി മുൻസിഫും ഉച്ചയ്ക്കു പാലക്കാട്ട് അപ്പോത്തിക്കരി ഡോക്‌ടർ കൃഷ്ണനും വൈകുന്നേരത്തെ വണ്ടിക്കു മൂപ്പനും സ്വാമിയെ കാണാൻ വന്നു. ഡോക്‌ടർ കൃഷ്‌ണൻ സ്വാമിയെ പാലക്കാട്ടേയ്ക്ക കൊണ്ടുപോകാൻ ആഗ്രഹിക്കുകയും , സ്വാമിക്കും മറ്റുള്ളവർക്കും സമ്മതമാകയാൽ പിറ്റേദിവസം തിരിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്കയും ചെയ്തു. ഇതുവരെ ഡോക്‌ടർ ലബ്ഷഡിയാരുടെ ചികിത്സക്കുപുറമേ കളവേലിൽ കൃഷ്‌ണൻ വൈദ്യർ ഇടത്തുരുത്തിയിൽ മുണ്ടവൈദ്യർ മുതലായ യോഗ്യന്മാരുടെ അന്വേഷണങ്ങളും ഉണ്ടായിരുന്നു. 11 ന് കാലത്തെ വണ്ടിക്കു പുറപ്പെട്ടു. വണ്ടിയിൽ കൊണ്ടു പോകുന്നതിനു വലുതായ ശ്രമവും വ്യാകുലതയും ഉണ്ടായിരുന്നു. ഷൊർണ്ണൂർ സ്റ്റേഷനിൽ മുണ്ട വൈദ്യൻ അവർകൾ മഞ്ചലും ആൾക്കാരുമായി തയ്യാറായി നിന്നിരുന്നു. അതുകൊണ്ട് അവിടെ വണ്ടിമാറുന്നതിൽ ക്ലേശമുണ്ടായില്ല. ഒലവക്കോടു സ്റ്റേഷനിൽ ഡോക്ടർ കൃഷ്ണൻ തന്നെ മഞ്ചലും ആൾക്കാരുമായി എത്തിയിരുന്നതിനാൽ അവിടെയും വൈഷമ്യമുണ്ടായില്ല. സ്വാമിക്കും കൂടെയുള്ളവർക്കും താമസിക്കുന്നതിനായി പ്രത്യേകം ചട്ടം കെട്ടി വെടിപ്പാക്കിയിരുന്ന ഒരു വലിയ ബംഗ്ലാവിൽ വൈകുന്നേരം എത്തി. യാത്രകൊണ്ട് വിശേഷാൽ ക്ഷീണതയോ സുഖക്കേടോ ഉള്ളതായി കണ്ടില്ല. 11 മുതൽ ഡോക്‌ടർ കൃഷ്‌ണൻ അവർകളുടെ ചികിത്സയിൽ ക്രമേണ സുഖം കണ്ടു തുടങ്ങി. 16 ന് ഡോക്ട‌ർ പല്പു അവർകൾ സ്വാമിയെ ബാംഗ്ളൂരിൽ കൊണ്ടുപോകുന്നതിനു വന്നു. പാലക്കാട്ടു സുഖമുണ്ടെന്നു കാണുകയാലും ഡോക്ട‌ർ കൃഷ്ണന്റെ വിസമ്മതത്താലും സ്വാമി ബാംഗ്ലൂരിലേക്കു പോയില്ല. വൃശ്ചികം 18-ന് പാലക്കാട്ട് ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ ഡോക്‌ടർ കൃഷ്‌ണൻ്റെ നോട്ടീസിൻ പ്രകാരം സ്വാമി വിശ്രമിച്ചുവന്ന ബംഗ്ലാവിൽ പാലക്കാട്ടു താലൂക്കിലെ ഈഴവരുടെ ഒരു യോഗം കൂടി. യോഗം തീർച്ചയാക്കേണ്ട സംഗതിയെ പ്രസ്താവിച്ചു. യോഗത്തിൽ മൂപ്പനവർകൾ , ഡോക്‌ടർ പല്പു മുതലായവർ ഹാജരായിരുന്നു. വൈകുന്നേരത്തെ വണ്ടിക്കു ഡോക്ട‌ർ പല്പു മടങ്ങി. 20 ന് ഈഴവരുടെ വേറൊരു യോഗം കൂടുകയും ക്ഷേത്രം സ്ഥാപിക്കുന്ന കാര്യത്തിന്നു വേണ്ടതു തീർച്ചയാക്കി പണപ്പിരിവു ആരംഭിക്കുകയും ചെയ്‌തു. സ്വാമിയുടെ സുഖക്കേടു പ്രതിദിനം ശമിച്ചു തുടങ്ങി. സ്ഥലത്തും അന്യദേശങ്ങളിലും നിന്ന് സുഖക്കേട് അറിവാനും സ്വാമിയെ സന്ദർശിപ്പാനുമായി ദിവസംപ്രതി വളരെ ആളുകൾ വന്നുകൊണ്ടിരുന്നു. സ്ഥലത്തെ ജനങ്ങളുടെ വകയായി സ്വാമിയുടെ പേർക്ക് 29 ന് നാനാജാതിക്കാരായ സാധുക്കൾക്കു കഞ്ഞിവെച്ചു പകർന്നു. അന്നു വൈകുന്നേരം തലശ്ശേരിയിൽ നിന്നും കൊറ്റിയത്തു രാമുണ്ണിവക്കീൽ , വക്കീൽ കെ. കൃഷ്ണൻ ബി.എ.ബി.എൽ. ഗോവിന്ദൻ ശിരസ്‌തദാർ മുതലായ മാന്യന്മാർ സ്വാമിയെ കാണാൻ വന്നിരുന്നു. ദീനം സുഖമായാൽ സ്വാമി അവർകൾ തലശ്ശേരിവരെ എത്തീട്ടു മടങ്ങണം എന്നുള്ള അപേക്ഷയോടുകൂടി അവർ 30-നു മടങ്ങിപ്പോയി. 10-നു സ്വാമിക്കു വിശ്വാസയോഗ്യമാംവണ്ണം സുഖം കാണുകയും അതനുസരിച്ച് അവിടുന്ന് ധനു 29-ന് കോഴിക്കോട്ട് എത്തത്തക്കവണ്ണം തീർച്ചയാക്കുകയും ചെയ്ത‌തിനാൽ ഇതുവരെയും കൂടെയുണ്ടായിരുന്ന എൻ കുമാരനാശാൻ യോഗം സംബന്ധിച്ചും മറ്റുമുള്ള കാര്യങ്ങൾക്കായി അനുവാദം വാങ്ങി മുൻകൂട്ടി കോഴിക്കോട്ടേക്കു പുറപ്പെട്ടു. സ്വാമിയുടെ രോഗകാലം മുഴുവൻ അസാധാരണമായ ശുഷ്കാന്തിയോടും ഭക്തിസ്നേഹങ്ങളോടും കൂടി ഇടവിടാതെ ശുശ്രൂഷിച്ചു നിന്ന ചൈതന്യസ്വാമി മുതലായ ശിഷ്യന്മാരുടെയും ചികിത്സ നടത്തൽ ആദിയായ സകലവിധമുള്ള അന്വേഷണങ്ങളിലും മുമ്പിട്ടുനിന്ന രാരിച്ചൻ മൂപ്പൻ , ഡോക്ടർ കൃഷ്ണൻ , ഇക്കിറി പറമ്പത്തു രാരിച്ചൻ മൂപ്പൻ ഈ മാന്യന്മാരുടെയും ഇക്കിറിപ്പറമ്പത്തു കണ്ണൻ രാരിച്ചൻ മുതലായ യോഗ്യന്മാരുടെയും ഗുരുഭക്തിയും ഔദാര്യവും എപ്പോഴും സ്‌മരിക്കത്തക്കതാകുന്നു. ധനു 7 ന് സ്വാമി ഡോക്ട്‌ടർ കൃഷ്‌ണനുമായി വണ്ടിയിൽ സവാരി ചെയുകയും കോട്ട , ആശുപത്രി മുതലായ സ്ഥലങ്ങൾ കാണുകയും ചെയ്തു‌. മിസ്റ്റർ കുരോത്തു കണ്ണൻ വക്കീൽ , കുഞ്ഞിരാമൻ മാസ്റ്റർ ബി.എ., എൽ.ടി. ചക്യത്തു ബാപ്പുവക്കീൽ മുതലായ യോഗ്യന്മാർ സ്വാമിയെ കാണ്മാൻ തലശ്ശേരിയിൽനിന്നു വന്നിരുന്നു.* *📚 8 ന് സ്വാമി അവർകൾ പാലക്കാട്ടു ക്ഷേത്രത്തിന്നു ആഘോഷപൂർവ്വം സന്നിഹിതരായി. അടുത്ത ദിവസം സ്വാമി വീണ്ടും കോഴിക്കോട്ട് എത്തുന്നു എന്നുള്ള ശ്രുതി അവിടത്തെ ജനങ്ങളെ പൂർവ്വാധികം ഉൽകണ്ഠിതരാക്കി. 9 ന് വൈകുന്നേരത്തെ മെയിൽ വണ്ടിയെ കാത്തുനില്‌പാൻ കോഴിക്കോട്ടു സ്റ്റേഷനിൽ കൂടിയ പുരുഷാരം അസാമാന്യമായിരുന്നു. ഡോക്ടർ കൃഷ്ണൻ മുതലായവരോടുകൂടി സ്വാമി കോഴിക്കോട്ടെത്തി. ഫ്ളാറ്റുഫാറത്തിൽ ഉണ്ടായ തിരക്കു വർണ്ണിപ്പാൻ പ്രയാസം. മൂപ്പൻ ഭക്തിപൂർവ്വം സ്വാമിയെ എതിരേറ്റു. പുറത്തു തയ്യാറായിരിക്കുന്ന വണ്ടിയിലേക്കു കൊണ്ടുപോയി. കുതിരയെ അഴിച്ചുകളഞ്ഞിട്ട് വണ്ടിയെ ജനങ്ങൾ വലിക്കുകയായിരുന്നു. വാദ്യം , ഭജനം മുതലായവയോടുകൂടി അങ്ങാടിവഴി മൂപ്പൻ്റെ ഭവനത്തിലേയ്ക്കുള്ള ഘോഷയാത്ര ജനങ്ങൾക്കു സാത്വികമായ കൗതുകത്തെയും ആനന്ദത്തെയും വർദ്ധിപ്പിച്ചു. സ്വാമിയുടെ വസതിക്കായി പ്രത്യേകം വെടിപ്പുവരുത്തി കുലവാഴ മുതലായവ കെട്ടി അലങ്കരിച്ചു തയ്യാറാക്കിയിരുന്നു. പാലക്കൽ ഭവനത്തു സ്വാമിയെത്തുമ്പോൾ മൂപ്പന്റെ മൂത്ത പുത്രൻ പുഷ്‌പദീപാദികളോടുകൂടി ഭക്തിപൂർവ്വം എതിരേറ്റു കാൽകഴുകി ഉപചരിച്ചു അകത്തേയ്ക്കു കൊണ്ടുപോയി. സ്വല്‌പം വിശ്രമിച്ചശേഷം കൂടിയിരുന്ന വലിയ ജനക്കൂട്ടത്തിനു കണ്ടുവന്ദിക്കുന്നതിന്റെ സൗകര്യത്തിനായി സ്വാമി വെളിയിലേക്കു വന്നിരുന്നു. നാനാജാതി മതസ്ഥന്മാരായ പല യോഗ്യരും സ്വാമിയെ കാണാൻ എത്തിയിരുന്നു."* *📚 ദിവാൻ ബഹദൂർ കെ. കൃഷ്‌ണൻ്റെ ( 1865-1932 ) പാലക്കാട്ടെ ആശുപത്രിയിലായിരുന്നു സ്വാമികളെ ചികിത്സിച്ചിരുന്നത്. പാലക്കാട്ടെ ജയിൻമേടെന്നറിയപ്പെടുന്ന പുരാതനമായ മാണിക്യപട്ടണത്തിലെ ജൈനക്ഷേത്രത്തിൻ്റെ മുന്നിലുള്ള വിനയചന്ദ്രജൈനൻ്റെ ബംഗ്ലാവിലാണ് സ്വാമികളും കുമാരനാശാനും താമസിച്ചത്. മനോഹരമായ ആ ബംഗ്ലാവിന്റെ മുറ്റത്തു പടിഞ്ഞാറു ഭാഗത്തായി ഒരു മുല്ലത്തറ പ്രശോഭിച്ചിരുന്നു. മലയാളത്തിലെ ഒന്നാമത്തെ ആത്മ ഗീതി അഥവാ പ്രതിരൂപാത്മക കാവ്യം പിറന്നുവീണ ആ ഭവനം ഇന്നും അവിടെയുണ്ട്. പക്ഷെ ആശാന് അവാച്യമായ പ്രചോദനമേകിയ ആ മുല്ലത്തറ ഇപ്പോൾ അവിടെയില്ല. വിടർന്നു നിൽക്കുന്ന പൂവല്ല അടർന്നുവീണ പൂവിനെക്കുറിച്ചാണ് ആശാൻ പാടിയത്. കീർത്തികേട്ട ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു 1950-ൽ അന്തരിച്ച വിനയചന്ദ്രജൈനൻ. സിദ്ധാന്തകൗമുദി തുടങ്ങിയ വിലയേറിയ ഗ്രന്ഥങ്ങൾ കൊടുത്ത് പലവിധത്തിലും ആശാനെ സഹായിച്ച വ്യക്തി. അദ്ദേഹം വച്ചുനീട്ടിയ ഒരു നോട്ടുബുക്കിൽ “പന്തലിൽനിന്ന് താഴത്തു വീണു കിടന്നിരുന്ന സുഗന്ധവാഹിനിയായ മുല്ലപ്പൂവിനെ കണ്ട് മനം നൊന്തെഴുതിയത്" എന്ന കുറിപ്പോടെ 'വീണപൂവി'ലെ ആദ്യപദ്യം കുറിച്ചുകൊണ്ടാണ് ആശാൻ ഈ കാവ്യരചനയ്ക്ക തുടക്കം കുറിച്ചത്. ആ നോട്ടുബുക്ക് ഇന്നും അവിടെ സൂക്ഷിച്ചിട്ടുണ്ട്.* *📚 കൃഷ്ണന്റെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു പലവുരു സ്വാമികൾ മരണത്തിന്റെ വക്കോളമെത്തി. മരണത്തിൻ്റെ പിടിയിൽനിന്ന് അത്ഭുതകരമായിട്ടാണ് സ്വാമികൾ രക്ഷപ്പെട്ടത്. തൻ്റെ ദൈവമായ സ്വാമികളുടെ ദീനാവസ്ഥ ആശാനെ വേദനിപ്പിച്ചതിന് അതിരില്ല. ഡോക്‌ടർ കൃഷ്‌ണന്റെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുന്ദരിയും സന്തോഷവതിയുമായ ഒരു യുവതിയെ ആശാൻ കണ്ടിരുന്നു. പെട്ടന്ന് അസുഖം ബാധിച്ച് ആ യുവതി മരിച്ചു. ഇതും ആശാന്റെ മനസ്സിനെ ഇളക്കിമറിച്ചതിനതിരില്ല. ജീവിതത്തിൻ്റെ ക്ഷണികതയെയും നശ്വരതയെയും കുറിച്ച് പ്രഗാഢമായി ചിന്തിക്കാൻ ഈ രണ്ടു സംഭവങ്ങളും ആശാനെ പ്രേരിപ്പിച്ചു. ഇക്കാര്യം ആശാൻ മൂർക്കോത്തു കുമാരനോടു സൂചിപ്പിക്കുകയും ചെയ്തതിട്ടുണ്ട്. അങ്ങനെ പിറവിയെടുത്തതാണ് അമൂല്യവും അനശ്വരവും ആദിത്യഭാസുരവുമായ 'വീണപൂവ്' എന്ന കാവ്യനിധി. മൂർക്കോത്തുകുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽനിന്നും പ്രസിദ്ധപ്പെടുത്തിവന്ന മിതവാദി ദ്വൈവാരികയുടെ 1907 ഡിസംബറിലെ ആദ്യലക്കത്തിലാണ് 'വീണപൂവ്' ആദ്യം വെളിച്ചം കണ്ടത്.* 📚 ഗ്രന്ഥം : ശ്രീനാരായണഗുരു ചരിത്രയാഥാർത്യങ്ങൾ......
ശ്രീനാരായണ ഗുരു - SIV 6rouelr ೧೧olclru6n SIV 6rouelr ೧೧olclru6n - ShareChat