~~~~സെക്കന്റുകൾ~~~~
~~~UnNi~~~~
ചെറിയ നെൽചെടികൾ പച്ച പരവതാനി വിരിച്ചതുപോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. മരങ്ങളിലെ ചില്ലകളിരുന്ന് പക്ഷികൾ കലപില കൂടുന്നു.രാത്രി ആയി വരുന്നു എന്നറിയാതെ ചില കൊക്കുകൾ വെള്ളം കുറവുള്ള തോട്ടിൽ നിന്നും മീൻപിടിക്കുന്ന തിരക്കിൽ ആണ്. പതിയെ പതിയെ ഇരുട്ട് ആ പ്രകൃതി മനോഹരിതയെ വിഴുങ്ങി കൊണ്ടിരിക്കുന്നു...
വയലുകളെ കീറിമുറിച്ചു കൊണ്ടു നീണ്ടു കിടക്കുന്ന ഒരു ടാർ ചെയ്തൊരു റോഡ്,ഉൾ റോഡ് ആയതിനാൽ വണ്ടികളും ആളുകളും ഇല്ല...
ഡാ..... വിഷ്ണു ഇരുട്ടായെടാ മതി...
തോടിന്റെ മുകളിലെ പാലത്തിന്റെ കൈവരിയിൽ ഇരുന്നു കൊണ്ടു മനു പറഞ്ഞു.
വിഷ്ണു അവന്റെ കാമുകിയോട് ഫോണിൽ സംസാരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
മനുവാണെങ്കിൽ ആ സമയമത്രയും തലയും താഴ്ത്തി ഫോണിൽ നോക്കിയിരിക്കുകയായിരുന്നു.
പെട്ടെന്ന് ഒരു കൊതുക് കടിച്ചപ്പോൾ തലയുയർത്തി നോക്കിയതാ...മൊത്തം ഇരുട്ട്...
വിഷ്ണുവാണെങ്കിൽ അനന്യ വിളിച്ചാൽ പിന്നെ ചുറ്റുപാട് ഒന്നും ശ്രദ്ധിക്കില്ല.
തന്നെയുമല്ല മനുവിൽ നിന്നും കുറച്ചു മാറി നിന്നിട്ടായിരുന്നു വിഷ്ണുവിന്റെ സംസാരം.
മനുവിന്റെ വിളികേട്ട് വിഷ്ണു ചുറ്റും നോക്കി..അതേ ഇരുട്ട് ആയിരിക്കുന്നു..
അനന്യക്കു ഫോണിൽ ഒരു ഉമ്മയും കൊടുത്തു കാൾ കട്ട് ചെയ്ത് അവൻ വേഗം മനുവിന്റെ അടുത്തു വന്നു.
എങ്കിൽ പോവാടാ...
വിഷ്ണു അതു പറയുമ്പോൾ ഫോണിൽ ബാറ്ററി ലോ എന്നു കാണിച്ചു.
മനു വിഷ്ണുവിന്റെ ഫോണിൽ നോക്കി ഒരു ശതമാനം മാത്രം ചാർജ്...
അതു കണ്ടു വിഷ്ണു പുഞ്ചിരിയോടെ തലതിരിച്ചു.
നീ ചിരിക്കേണ്ട...ഇരുട്ടു കൂടിവരികയാണ് നിന്റെ വീട്ടിലേക്ക് ആ ചെറിയ കാട്ടുവഴി നടന്നു പോകേണ്ടതാണ് അതോർത്താൽ നല്ലത്..
എടാ മനു ഇത് നിന്റെ പാട്ട ഫോൺ അല്ല...ഒരു ശതമാനം മതി രണ്ടു സിനിമ കാണാം...
ഓഹ് നമ്മളില്ലേ...നാളെ കാണാം.
രണ്ടുപേരും രണ്ടു വഴിക്കായി പിരിഞ്ഞു...
വിഷ്ണു തന്റെ മൊബൈലിന്റെ ഫ്ളാഷ്ലൈറ്റ് ഓൺ ചെയ്ത് മുന്നോട്ടു നടന്നു.
കാട്ടുവഴിക്കുള്ള പാതയിലേക്ക് അവൻ കാലുവെച്ചു...പെട്ടെന്ന് അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയി..എത്ര ശ്രമിച്ചിട്ടും ഫോൺ ഓൺ ആകുന്നില്ല...
നിലാവെളിച്ചം വളരെ കുറച്ചു മാത്രമേയുള്ളൂ...ചുറ്റുപാടും ഇരുട്ടു തന്നെ...
ചെറിയ ഭയത്തോടെ അവൻ മുന്നോട്ടു നടന്നു.
ആ ഭയത്തെ അതിജീവിക്കാൻ അവന്റെ ശരീരത്തിനുള്ളിൽ ഒരു തയ്യാറെടുപ്പ് തന്നെ നടത്തി കൊണ്ടിരുന്നു.
തലച്ചോറിനുള്ളിൽ അമിഗ്ഡലയും പ്രീഫ്രോണ്ടൽ കോർട്ടെക്സും തമ്മിൽ പരസ്പ്പരം ചർച്ചകൾ നടത്തി.
"വഴിയിൽ ഇനി വല്ലതും ഉണ്ടാവുമോ,ഇരുട്ടല്ലേ ചിലപ്പോൾ ഉണ്ടായേക്കാം...ചർച്ചകൾ അങ്ങെനെ പലവഴിക്കും നീങ്ങി.
എങ്കിലും ഒരു ചെറിയ ധൈര്യത്തിന്,അല്ലെങ്കിൽ ഒരു മുന്നൊരുക്കത്തിന് അമിഗ്ഡല ഹൈപോത്തലമസിനോട്
ഡാ... ചിലപ്പോൾ ഒരു പോരാട്ടം ഉണ്ടാവാൻ സാധ്യതയുണ്ട്..നീ നമ്മുടെ പിള്ളേരോട് ചെറുതായിട്ടു ഒന്നു തയ്യാറായി ഇരിക്കാൻ പറഞ്ഞേക്ക്...
അതു കേൾക്കേണ്ട താമസം
ഹൈപോത്തലമസ് പതുക്കെ സിംപതെറ്റിക് പ്രവർത്തനം ആരംഭിച്ചു.
ആ പ്രവർത്തനം തുടങ്ങിയതോടെ
കണ്ണുകൾ,ഹൃദയം,പേശികൾ,ശ്വാസം,കൈ കാലുകൾ എല്ലാവരും തന്നെ ചെയ്യുന്ന പ്രവർത്തികൾ ചെറുതായി ഒന്നു സ്പീഡ് കൂട്ടി...
അങ്ങെനെ കുറച്ചു സമയം കഴിഞ്ഞാപ്പോൾ...
കണ്ണുകൾ പറഞ്ഞു കുറച്ചു ദൂരെ എന്തോ കാണുന്നുണ്ടല്ലോ...
അതു കേട്ട് ബ്രെയിൻ എന്താടാ പ്രേതമോ,ചെകുത്താനോ അങ്ങെനെ വല്ലതും ആണോ?
ആ അറിയില്ലെടാ...രാത്രി എനിക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ കാണു...എന്തായാലും ഒരു രൂപമുണ്ട് അവിടെ...
ബ്രെയിൻ അതു കേട്ടതും,,ന്റമ്മോ പ്രേതം തന്നെ കണ്ടോ കൈയെല്ലാം ഇളകുന്നു.ഒരു ഇംഗ്ലീഷ് സിനിമയിൽ ഇതു പോലെയുണ്ട്...
അതു കേട്ടു കണ്ണിനു ദേഷ്യം വന്നു...നീ അപ്പോഴേക്കും അതു പ്രേതമാണെന്നുറപ്പിച്ചോ...അവിടെയും ഇവിടെയും കണ്ടത് ഇവിടെ കൊടുന്നിടണ്ടാ... ഞാൻ ഒന്ന് കൂടി നോക്കട്ടെ...
അരിഷത്തോടെ ബ്രെയിൻ പറഞ്ഞു നീ നോക്കി നിന്നോ ഞാൻ മറ്റുള്ളവരോട് പറയാൻ പോവുകയാണ്.
എങ്കിൽ ശെരി എല്ലാവരെയും അറിയിക്കാം..
ചെവികളും കണ്ണുകളും തനിക്കു ലഭിച്ച വിവരങ്ങൾ വേഗം തലാമസിനെ അറിയിക്കുന്നു.
തലാമസ് കിട്ടിയ വിവരങ്ങളുടെ ഒരു കോപ്പി വേഗം അമിഗ്ഡലക്കു കൊടുക്കുന്നു.
അമിഗ്ഡല ആകെ പേടിച്ചു വിറച്ചു...നെല്ലേത് പതിരേത് എന്നു നോക്കാതെ കിട്ടിയ വിവരം വേഗം തന്നെ ഹൈപോത്തലമസിന് കൈമാറി...
"എന്തെങ്കിലും വേഗം ചെയ്തേ പറ്റൂ,,നിനക്കെ അതിനു കഴിയൂ..."
അമിഗ്ഡലയുടെ വാക്കുകൾ കേട്ട് ഹൈപോത്തലമസിന് അഭിമാനം തോന്നി..
കൂൾ ബ്രോ...കൂൾ..ഞാനുണ്ടല്ലോ ഇവിടെ...ഞാൻ എന്റെ പിള്ളേരോട് തയ്യാറായിരിക്കാൻ പറയാം..
പോരാടുക അല്ലെങ്കിൽ മരിക്കുക...
അമിഗ്ഡലയ്ക്ക് സമാധാനമായി.
ഹൈപോത്തലമസ് ആദ്യം തന്നെ സിംപതെറ്റിക് നാഡീവ്യവസ്ഥയോട് കാര്യം പറയുന്നു.
അപകടം മനസിലാക്കിയ
സിംപതെറ്റിക് വേഗം തന്നെ
അഡ്രിനാലിൻ ഗ്രന്ഥികൾക്കു ഒരു അതിവേഗ സിഗ്നൽ നൽകുന്നു.
അഡ്രിനാലിൻ + നോർഅഡ്രിനാലിൻ ഈ രണ്ടു ഹോര്മോണുകളെയും രക്തത്തിലൂടെ കടത്തിവിടുന്നു.
ഇവന്മാർക്ക് ചിലപ്പോൾ ഒറ്റയ്ക്ക് സാധിച്ചില്ലെങ്കിലോ എന്നു കരുതി ഹൈപോത്തലമസ് പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ചേർന്ന് കോർട്ടിസോൾ ഹോര്മോണ് പുറത്തുവിടുന്നു.
ഹാവൂ...കോർട്ടിസോൾ കൂടി ആ പ്രവർത്തനത്തിൽ പങ്കാളിയായപ്പോൾ ഹൈപോത്തലമസിന് സമാധാനമായി..
മ്മടെ ചെക്കൻ വന്നപ്പോൾ എല്ലാവർക്കും ഒരു ഊർജമായി.
ഹൈപോത്തലമസ് ഹൃദയത്തിനോട്
ഡാ.. വേഗം നിന്റെ മിടിപ്പ് കൂട്ട് എന്നാലേ പേശികൾക്ക് ഓക്സിജൻ അടങ്ങിയ രക്തം കിട്ടുകയുള്ളൂ...
ഹൃദയം വേഗം തന്നെ തന്റെ മിടിപ്പ് വേഗത്തിലാക്കി.
ഇനി നീയെന്താ നോക്കി നിൽക്കുന്നത് വേഗം ശ്വാസമെടുക്കുന്നത് വര്ധിപ്പിക്കൂ,കുറച്ചു ഓക്സിജൻ വേണം തന്നെയുമല്ല കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും വേണം.
അല്ല ഏട്ടാ ഞാൻ എന്താ ചെയ്യേണ്ടത്...
ന്റെ കരളേ..നീ പഞ്ചസാര സംഭരിച്ചിട്ടില്ലേ...
പഞ്ചസാരയോ?
എടാ മണ്ടാ ഗ്ലൂക്കോസ്...
ആ ഉണ്ട് ..
അത് രക്തത്തിലേക്ക് വിട്.
എന്നാലേ.. പോരാടാനും ഇനി അഥവാ ഓടാനും ഉള്ള ഊർജം പെട്ടെന്ന് കിട്ടുകയുള്ളൂ.
പേശികൾ എന്തിനും തയ്യാറായി നിലനിന്നു.
"ഏട്ടാ നിങ്ങൾ എന്ത് പണിയാണ് കാണിച്ചത്..എന്റെ ഊർജം നിങ്ങൾ എന്തിനാ തടഞ്ഞു വച്ചതു...ഇനി ഞാൻ എങ്ങെനെ എന്റെ ജോലി ചെയ്യും."
ശെടാ ഇതിനിടയിൽ ഇത് ഇപ്പോൾ ആരാണ്?
ഞാനാ ഏട്ടാ ദഹനവ്യവസ്ഥ..
ആ..നിന്നോട് പറയാൻ മറന്നു..ഇവിടെ ഇപ്പോൾ ഒരു പോരാട്ടം നടക്കുകയാണ്.
നിനക്കു വേണ്ട ഊർജം തൽക്കാലം ഒന്ന് വഴി തിരിച്ചുവിട്ടിട്ടുണ്ട്..പേശികൾക്ക് ഇപ്പോൾ കൂടുതൽ ഊർജം വേണം അതാണ്...
പെട്ടെന്ന്
ഹൈപോത്തലമസിന് ഒരു സിഗ്നൽ വരുന്നു.
അമിഗ്ഡലയുടെ ആണ്.
പറയൂ ബ്രോ ഇപ്പോൾ എല്ലാം സെറ്റ് ആണ്.
പോരാടാനാണോ അതോ ഓടനോ,, ഞാനും എന്റെ പിള്ളേരും റെഡി ആയി നിൽക്കുവാണ്.
അമിഗ്ഡല പറഞ്ഞു.
ഇപ്പോൾ കണ്ണുകൾ ആ രൂപത്തെ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാപ്പോൾ
അതൊരു ചെറിയ മരത്തിന്റെ നിഴൽ ആണെന്ന്...
അതുകൊണ്ട് ഇപ്പോൾ പേടിക്കാൻ ഒന്നുമില്ല..
നീ നിന്റെ ആൾക്കാരോട് തിരിച്ചു വരാൻ പറയൂ...
ഓകെ ബ്രോ...
ഹൈപോത്തലമസ് തന്റെ സൈന്യകരോട്...
എല്ലാവരും തിരിച്ചു വരൂ...കണ്ണുകൾക്ക് ഒരു ചെറിയ അബദ്ധം പറ്റിയതാണ്...
ഹൈപോത്തലമസ് പാരസിംപതെറ്റിക് നേർവ്‌സ് സിസ്റ്റം ആക്റ്റീവ് ചെയ്യുന്നു.
എല്ലാവരും വിശ്രമിക്കുവാൻ ആരംഭിച്ചു.
വിഷ്ണു ധൈര്യത്തോടെ മുൻപോട്ട് നടന്നു.അപ്പോഴാണ് അത് ഒരു മരത്തിന്റെ നിഴൽ ആണെന്ന് മനസിലായത്..
ഹാവൂ..നാവു വരണ്ടുപോയിരുന്നു,കൈകാലുകളിൽവിറയൽ കുറഞ്ഞു വന്നു,അതോടൊപ്പം ശക്തിയിൽ മിടിച്ചിരുന്ന ഹൃദയം നോർമലായി വന്നു,വിയർപ്പുകണങ്ങൾ ഒഴുകുന്നത് നിറുത്തി.എല്ലാം കുറച്ചൊക്കെ ശാന്തമായി..
ഒരു നിഴൽ കണ്ടു താൻ പേടിച്ചിരിക്കുന്നു, അതും മരത്തിന്റെ,,, ചെറിയ പുഞ്ചിരിയോടെ വീണ്ടും അവൻ മുന്നോട്ടു നടന്നു.
പെട്ടെന്ന്
അവന്റെ കുറച്ചു മുന്നിലായി ഒരു കറുത്തരൂപം പതിയെ വലുതായി വന്നു..അതൊരു മനുഷ്യനായിരുന്നു. വിഷ്ണുവിനെ ലക്ഷ്യമാക്കി അതു നടന്നു വന്നു.
ചെറിയ നിലാവെളിച്ചത്തിൽ ആ മനുഷ്യന്റെ വായിൽ നിന്നും നാവും, ചുണ്ടുകളും അടർന്ന് വീണു,ഒപ്പം മൂക്കുകളും,ചെവികളും കണ്ണുകളിൽ തീനാളമായി അയാൾ വിഷ്ണുവിനെ നോക്കി.
അമിഗ്ഡല വളരെ അധികം ഭയത്തോടെ ഹൈപോത്തലമസിനെ വിളിച്ചു...
ബ്രോ...പിള്ളേരോട് ഓടാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പറ വേഗം.....വേഗം....
................UnNi.................
Helped by providing information ~ Chat Gpt
"Just for fun" #📔 കഥ #🧟 പ്രേതകഥകൾ! #📝 ഞാൻ എഴുതിയ വരികൾ


