ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6azZ1MVx?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 36
ഇന്നലത്തെ ആക്‌സിഡന്റിന്റെ വിവരം ഒക്കെ വിശദമായി അമ്മയോട് പറയുന്നത് കേട്ടപ്പോ എന്റെ നെഞ്ചിടിപ്പ് കൂടി.
ഞാൻ അത് അമ്മയോട് പറഞ്ഞിരുന്നില്ലല്ലോ?
അയ്യോ എങ്ങനെ? എന്ത് പറ്റി? എന്നൊക്കെ അമ്മയും ചോദിക്കുന്നുണ്ട്.
" ചായ ഇടട്ടെ മോനെ....? "
ആക്‌സിഡന്റിന്റെ കാര്യം ഒക്കെ വിശദമായിത്തന്നെ ചോദിച്ചും പറഞ്ഞും തീർത്തിട്ട് അമ്മ ചോദിച്ചു.
" ഏയ് വേണ്ടമ്മേ... ഞാൻ ഇറങ്ങുവാ.... "
രാജേഷ് ചേട്ടൻ പോകാനായി എഴുന്നേറ്റ് നിന്നു.
" അത് ശരിയാവില്ല. ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും കുടിക്കണം. മക്കളേ... ഇച്ചിരി ചൂട് വെള്ളം ഇങ്ങ് എടുത്തേ.... "
അമ്മ തിരിഞ്ഞ് എന്നെ നോക്കി. ഞാൻ തലയാട്ടി അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ചെന്ന് നോക്കുമ്പോ വെള്ളം നല്ല ചൂട്. ഈ ചൂട് കുടിച്ചാൽ അങ്ങേരുടെ വായ മുഴുവൻ പൊള്ളിപ്പോവും. ഒരു ഗ്ലാസ്സ് എടുത്ത് വെള്ളം ഇച്ചിരി ഒന്നാറ്റി എടുത്തു.
" എനിക്കറിയാര്ന്ന് ഇങ്ങനെ എന്തെങ്കിലും ഉണ്ടാവൂന്ന്... പിള്ളേര് വീടെത്തണ വരെ ഞാൻ ദൈവത്തിനെ വിളിച്ചോണ്ടാ ഇരുന്നേ... വന്ന് കേറണ വരെ സഹസ്രനാമം വായിച്ചിരിക്കുവാരുന്നു. ബുക്കീന്ന് കണ്ണെടുത്തിട്ടില്ല ഞാൻ. അതാണ് കൊഴപ്പോന്നും പറ്റാഞ്ഞത്.
ഞാൻ അപ്പോഴേ ആ പെങ്കൊച്ചിനോട് പറഞ്ഞതാ... ചക്കുളത്തൊക്കെ പോവുമ്പോ മൂന്ന് ദിവസോങ്കിലും വൃതം നോക്കണംന്ന്... അതെങ്ങനെ? ഇപ്പഴത്തെ പിള്ളേര് വല്ലോം നമ്മൾ പറഞ്ഞാൽ കേൾക്കുവോ?
ഇതിപ്പോ തലേന്ന് ചെന്ന് വറുത്തതും പൊരിച്ചതും ഒക്കെ തിന്നിട്ട് അതും വയറ്റിൽ ഇട്ടോണ്ടല്ലേ ദേവിയെ തൊഴാൻ പോയത്? പിന്നെങ്ങനെ ഇതൊക്കെ വരാതിരിക്കും? എന്റെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഒഴിഞ്ഞു പോയതാ..... "
ഞാൻ വെള്ളോം കൊണ്ട് ചെല്ലുമ്പോ അടക്കിപ്പിടിച്ചു പറയുന്നുണ്ടവര്.
അത് കേട്ട് ചലിക്കാൻ മറന്ന് നിന്ന് പോയെന്റെ കാലുകൾ....
" കണ്ടാൽ പാവം പോലിരിക്കും... ഒരുവക പറഞ്ഞാ കേക്കൂല്ല.... "
മറ്റൊരാളോട് എന്നെക്കുറിച്ച് മോശം പറയുന്നത് കേൾക്കാൻ എനിക്കിനിയും കഴിയില്ലായിരുന്നു. കാലു വലിച്ചു വച്ച് മുൻവശത്തേക്ക് നടക്കുമ്പോ കണ്ണ് നിറയാതിരിക്കാൻ പാടുപെട്ടു.
യാന്ത്രികമായിട്ടാണ് മുൻവശത്തേക്ക് ചെന്ന് രാജേഷ് ചേട്ടന് ഗ്ലാസ്സ് നീട്ടിയത്. സത്യത്തിൽ വെള്ളം അമ്മായീടെ കയ്യിൽ കൊടുക്കണമെന്നായിരുന്നു. ഞാൻ രാജേഷ് ചേട്ടന് വെള്ളം കൊടുത്താൽ ഇനിയതിനും കുറ്റം പറഞ്ഞാലോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഗ്ലാസ്സ് കൊടുത്ത ശേഷമാണ് അതൊക്കെ ബോധത്തിൽ വന്നതെന്ന് മാത്രം.
അമ്മായി തിരിഞ്ഞിരുന്നത് കൊണ്ട് പിറകിൽ ഞാൻ വരുന്നത് കണ്ടിരുന്നില്ല. പക്ഷെ ആ ചേട്ടൻ എന്നെ കണ്ടിരുന്നു. ഞാൻ അവര് പറഞ്ഞത് കേട്ടിട്ടുണ്ടാകുമെന്ന് എന്റെ മുഖത്ത് നിന്ന് പുള്ളിക്കാരന് മനസ്സിലായിക്കാണണം... എന്റെ മുഖത്ത് നോക്കിയൊന്ന് വിളറി ചിരിച്ചു. എനിക്ക് ചിരിക്കാൻ പോലും പറ്റിയില്ല.
തിരിഞ്ഞു നടന്നു അടുക്കളയിലേക്ക് ചെന്ന് നിന്ന് വിതുമ്പി കരഞ്ഞു. ആരോടൊക്കെ അവരിങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവണം? ഞാൻ ഇവരോട് എന്ത് തെറ്റാണ് ചെയ്തത്?
എപ്പോഴാണ് അവരെന്നോട് അതൊക്കെ പറഞ്ഞത്? മൂന്ന് ദിവസം വൃതം വേണമെന്ന് പറഞ്ഞില്ല. ഫങ്ക്ഷന് പോകുമ്പോ നോൺ കഴിക്കരുത് എന്ന് പറഞ്ഞില്ല. നോൺ വെജ് കഴിച്ചു എന്ന് പറഞ്ഞപ്പോ പോലും കഴിച്ചെങ്കിൽ നാളെ പോകല്ലേ എന്ന് പറഞ്ഞില്ല.
എന്നിട്ടിപ്പോ....?
അവര് പറഞ്ഞതിൽ എന്താണ് ഞാൻ അനുസരിക്കാതിരുന്നിട്ടുള്ളത്? എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് മറ്റുള്ളവരോട് മോശം പറയുന്നത് കൊണ്ട് എന്ത് മനസുഖമാണ് കിട്ടുന്നത്? ഇങ്ങനെ സന്തോഷം കണ്ടെത്താൻ മാത്രം വികലമായ മനസ്സുള്ളവരുണ്ടോ?
കുറെ നേരം അടുക്കളയിൽ തന്നെ നിന്ന് കരഞ്ഞു.
" മക്കളേ... എവിടെ പോയി? "
പുറത്ത് നിന്ന് അവരുടെ വിളി കേൾക്കുന്നുണ്ട്. രാജേഷ് ചേട്ടൻ പോയിക്കാണണം... ഞാൻ ആ വിളി കേട്ടതായി നടിച്ചില്ല. കുറച്ചു കഴിഞ്ഞതും അവരെന്നെ അന്വേഷിച്ച് അടുക്കളയിലേക്ക് വന്നു.
" അയ്യോ.... ഇവിടെ നിക്കാണാ? എന്ത് പറ്റി മക്കളേ? മുഖോക്കെ എന്തോ പോലെ ഇരിക്കണല്ലാ? വയ്യേ....? "
അവരടുത്തേയ്ക്ക് വന്നതും ഞാൻ രണ്ടടി പിറകിലേക്ക് മാറി.
നിങ്ങൾ അതൊക്കെ എപ്പോഴാ എന്നോട് പറഞ്ഞത് എന്ന് മുഖത്ത് നോക്കി ചോദിക്കാൻ തോന്നി. പക്ഷെ അങ്ങനെ ചോദിച്ചാൽ.... അവർ അതൊരു പ്രശ്നം ആക്കിയാൽ... എന്റെ കൂടെ നിൽക്കാൻ ആരും കാണില്ല.
എന്റെ വീട്ടിൽ ആയിരുന്നേൽ... ഇതൊക്കെ പറഞ്ഞത് എന്റെ അച്ഛമ്മ ആയിരുന്നേൽ ചിലപ്പോ ഞാൻ ചോദിച്ചേനേ.... അവിടെയും അമ്മ മാത്രേ എന്റെ ഒപ്പം നിക്കുള്ളൂ... എന്നാലും... അത്... അതെന്റെ വീടല്ലേ? എന്റെ വീട്....!
ഇവിടെയോ? ഒപ്പം നിൽക്കണമെന്ന് ഞാൻ ആശിക്കുന്ന ആൾക്ക് പോലും എന്നെ വിശ്വാസം ഉണ്ടോ? അല്ലെങ്കിൽ തന്നെ അതിനും മാത്രമുള്ളൊരു ആത്മബന്ധം ഒന്നും ഞാനും ഹരിയേട്ടനും തമ്മിൽ ആയിട്ടില്ലലോ?
" തലവേദനയാണാ ? അതാ പൊറത്തായ ? "
അവര് പിന്നെയും ചോദിക്കുന്നുണ്ട്.
" തലവേദന.... "
ഞാൻ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
" എന്നാ കൊറച്ചു നേരം പോയി കെടന്നോ.... "
മിണ്ടാതെ... അവരെ നോക്കാതെ... ഞാൻ എന്റെ മുറിയിലേക്ക് നടന്നു .
കുറച്ചു നേരം എന്തൊക്കെയോ ഓർത്ത് കിടന്നു. ഉറക്കമൊന്നും വന്നില്ല. കുറച്ചു നേരം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ അമ്മായി ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.
എന്റെ കുറ്റങ്ങൾ അടക്കിപിടിച്ചു പറയുന്നത് കേട്ടു കൊണ്ട് തന്നെയാണ് പുറത്തേക്കിറങ്ങിയത്. രാജേഷ് ചേട്ടനോട് പറഞ്ഞതൊക്കെത്തന്നെ ആവർത്തിക്കുന്നുണ്ട്. അതിലും കൂടുതലായി മറ്റെന്തൊക്കെയോ കൂടി പറയുന്നുണ്ടെന്ന് മാത്രം. വല്യമ്മയോടോ കുഞ്ഞമ്മയോടോ ആയിരിക്കണം.
ചെവി കൊടുക്കാൻ നിന്നില്ല. നേരത്തെ കരഞ്ഞത് കണ്ണിന്റെ പുകച്ചിൽ ഇത് വരെ മാറിയിട്ടില്ല. ഇനിയും ഓരോന്ന് കേട്ട് കരയാൻ വയ്യ.
അടുക്കളയിൽ ചെന്ന് വെള്ളോം കുടിച്ചിട്ട് പിന്നെയും റൂമിലേക്ക് തന്നെ പോയിരുന്നു.
പിന്നീട് പുറത്തിറങ്ങിയത് ഉച്ചയ്ക്ക് ഊണ് കഴിക്കാനാണ്.
" മക്കളേ അമ്മ ഒരു കാര്യം പറയട്ടാ...? "
പാത്രത്തിൽ പകർന്നെടുത്ത ചോറ് കഴിക്കാൻ പോലും തോന്നാതെ അതിൽ വിരലിട്ടിളക്കി ഇരിക്കുന്ന എന്റെ അടുത്തുള്ള കസേരയിൽ അവർ ചോറും എടുത്ത് വന്നിരുന്നു.
ഞാൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി.
" ആ രാജേഷില്ലേ? അവൻ ആളത്ര ശരിയല്ല. "
എന്റെ നെറ്റി ചുളിഞ്ഞു. ഇനി ആ ചേട്ടനെപ്പറ്റി എന്താണാവോ പറയാൻ പോണത്?
" അവനേ ആദ്യം ഒരു പെണ്ണിനെ പ്രേമം ന്നും പറഞ്ഞു പറ്റിച്ചതാ.... ഇപ്പം കെട്ടിയത് രണ്ടാമത്തെയാ.... "
ഇത് ഹരിയേട്ടൻ എന്നോട് പറഞ്ഞിരുന്നതാണ്. രാജേഷ് ചേട്ടൻ ആദ്യം ആരെയോ ഇഷ്ടപ്പെട്ടിരുന്നു എന്നും പിന്നെ എന്തൊക്കെയോ പ്രശ്നം കാരണം അത് മാറിപ്പോയെന്നും ആ കൊച്ച് വേറെ കല്യാണം കഴിച്ചെന്നും ഒക്കെ... അത് പിന്നെ എന്നെ ബാധിക്കുന്ന വിഷയം അല്ലാത്തത് കൊണ്ട് ഞാൻ അതിന് കൂടുതൽ ശ്രദ്ധ കൊടുത്തില്ല.
" അവന്റെ കൂടെയുള്ള പോക്കും വരവും ഒന്നും അത്ര നല്ലതിനല്ല മക്കളേ... ഇപ്പത്തന്നെ കണ്ടില്ലേ? ഒരു കൊച്ച് പെണ്ണിനെ അല്ലെ കെട്ടിയത്? അവനെത്ര വയസ്സുണ്ടെന്നാ? ഇതും വളച്ചെടുത്തതാ....
അവന്റെ കുഞ്ഞമ്മ ഇല്ലേ? ഇവിടെ തൊട്ട് മോളിലാ താമസം. അവക്ക് മറ്റേ പണിയാ.... ഈ വീടുകളിൽ ഒക്കെ ആൾക്കാരെ ജോലിക്ക് കൊടുക്കണില്ലേ? അത്.... "
രാജേഷ് ചേട്ടന്റെ കുഞ്ഞമ്മ ഹൌസ് കീപ്പേഴ്സിനെയൊക്കെ recruit ചെയ്യുന്ന ഒരു ഏജൻസി നടത്തുന്നുണ്ട്. ഞങ്ങൾ ഒന്നിച്ചു പോയപ്പോ ആതിര എപ്പോഴോ പറഞ്ഞതാണ്.
" അവിടെ.... അവക്ക് അതൊന്നും അല്ല പരിപാടി എന്നാ പറയണത്... മറ്റേതാന്ന്... "
എനിക്ക് അവര് എന്താ പറഞ്ഞ് വരുന്നതെന്ന് മനസ്സിലായതേയില്ല. എനിക്ക് മനസ്സിലായില്ല എന്ന് തോന്നിയത് കൊണ്ടാവണം അവർ വിശദീകരിച്ചു.
" പെൺപിള്ളേരെയൊക്കെ മറ്റേ പരിപാടിക്ക് കൊടുക്കുവാണെന്ന്... ഈ പത്രങ്ങളിൽ ഒക്കെ കാണണില്ലേ? അത് തന്നെ.... "
ഇത്തവണ അവരെന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക് കത്തി. പല്ല് കടിച്ച് പിടിച്ചാണ് ഞാൻ ദേഷ്യം ഒതുക്കി ഇരുന്നത്. എത്രയോ സ്ത്രീകൾ അവരുടെ സ്ഥാപനത്തിലൂടെ വീട്ടുജോലികൾക്ക് പോകുന്നുണ്ടാവും.
അവരെയൊക്കെയും അധിക്ഷേപിക്കുകയല്ലേ ഇവര്?
" അമ്മ എന്തൊക്കെയാ ഈ പറയണത്? വല്യമ്മേടെ അവിടെ ജോലിക്ക് വരണതും അവിടുന്ന് ഒരു ചേച്ചിയല്ലേ? "
ചോദിക്കാതിരിക്കാനായില്ല എനിക്ക്.
" അതല്ലേ ഞാൻ പറഞ്ഞത്? എല്ലാരും ഒന്നും അല്ല. അവക്ക് വഴങ്ങണ പെൺപിള്ളേരും കാണുമല്ലാ....?
അല്ലെങ്കി പിന്നെ അവക്ക് എവിടുന്നാ ഇത്രേം പൈസ? അവളിപ്പം മൂന്നാമത്തെ വീടാണ് വയ്ക്കണത്. ഈയൊരു ജോലിം വച്ച് അതെങ്ങനെ പറ്റൂന്നാ? "
" അതിന് അവരുടെ ഭർത്താവ് ഗൾഫിൽ അല്ലെ? "
" ഓ... ഗൾഫ് കാരെയൊക്കെ കാര്യം നമ്മക്ക് അറിഞ്ഞൂടെ? ഇവിടെ കൂലിപ്പണിക്ക് വയ്യാത്തൊണ്ട അവിടെ പോയി ചെയ്യണത്. അല്ലാതെ എട്ട് പാസാവാത്ത അവനവിടെ അവള് പറയണത് പോലെ എഞ്ചിനീയർ പണിയല്ലേ? "
ഞാൻ ചോദിക്കുന്നത് ഇഷ്ടപ്പെടാത്തത് പോലെ ചിറി കോട്ടുന്നുണ്ടവര് .
" ഇത് ഞാൻ പറഞ്ഞത് തന്നെ. അതുങ്ങളെ വിറ്റ് ഇവള് പൈസ ഉണ്ടാക്കുവാണ്. ഇവനും ആ പരിപാടിക്ക് അവളുടെ കൂടെ ഉണ്ടെന്നാ കേട്ടത്.... നല്ല കമ്മീഷൻ കിട്ടൂല്ലേ? "
പറഞ്ഞ് പറഞ്ഞ് ഇവരിത് എങ്ങോട്ടാ പോണതെന്ന് അറിയാൻ ഞാൻ മിണ്ടാതെ തന്നെ ഇരുന്നു. അല്ലെങ്കിലും എന്ത് മിണ്ടാൻ ? എന്തോ ഉദ്ദേശം ഉണ്ടവർക്ക് ... അതാദ്യം എന്താന്ന് അറിയട്ടെ ....
🦋 🦋 🦋 🦋തുടരും 🦋 🦋 🦋
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ


