. പാർട്ട് 06.
ജയദേവന്റെ 'വാർ റൂം' ഒരു യുദ്ധക്കളം പോലെയായിരുന്നു. അയാൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല… അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല….
ഇൻവെസ്റ്റിഗേഷൻ ബോർഡിലെ ചുവന്ന നൂലുകൾ ഇപ്പോൾ 'അലൻ', 'രുദ്രൻ', 'ഗായത്രി' എന്നീ മൂന്ന് പേരുകളിലേക്കും, 'ബാംഗ്ലൂർ', 'ചങ്ങമ്പുഴ പാർക്ക്', 'കൊച്ചിൻ എയർപോർട്ട്' എന്നീ മൂന്ന് സ്ഥലങ്ങളിലേക്കും നീണ്ടു കിടന്നു.
രാവിലെ പത്ത് മണിയോടെ ജയദേവന്റെ ഡെസ്കിലെ ഫോൺ ശബ്ദിച്ചു. എയർപോർട്ട് ലെയ്‌സൺ ടീമിൽ നിന്നായിരുന്നു.
"സാർ, ജയദേവനാണ്." ജയദേവൻ കാൾ അറ്റണ്ട് ചെയ്തുകൊണ്ട് പറഞ്ഞു.
"സാർ, ഞങ്ങൾ ഇവിടുത്തെ കഴിഞ്ഞ നാല് ദിവസത്തെ മുഴുവൻ പാസഞ്ചർ മാനിഫെസ്റ്റും പരിശോധിച്ചു. ഇന്റർനാഷണൽ, ഡൊമസ്റ്റിക്... 'രുദ്രൻ' എന്ന പേരിലോ 'ഗായത്രി' എന്ന പേരിലോ ആരും യാത്ര ചെയ്തിട്ടില്ല."
"Fake ID?" ജയദേവൻ ചോദിച്ചു. "ഫോട്ടോ വെച്ച് മാച്ച് ചെയ്തോ?"
"അതും ചെയ്തു സാർ. സൈബർ സെൽ തന്ന ഫോട്ടോകളുമായി സാമ്യമുള്ള ആരും ഈ ദിവസങ്ങളിൽ ഇവിടെ നിന്ന് പുറത്തേക്ക് പോയിട്ടില്ല. We are 100% sure. അവർ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടില്ല."
ജയദേവന്റെ നെഞ്ചിലൊരു ഭാരം കയറി. "Impossible! അവരുടെ ഫോണുകൾ എയർപോർട്ടിൽ വെച്ചാണ് ഓഫ് ആയത്. ടവർ ലൊക്കേഷൻ പെർഫെക്റ്റ് ആയിരുന്നു!"
"അതാണ് സാർ ഏറ്റവും വലിയ ട്വിസ്റ്റ്," മറുതലയ്ക്കൽ ഉദ്യോഗസ്ഥന്റെ ശബ്ദം താഴ്ന്നു. "ഞങ്ങൾ ആ ടവർ ലൊക്കേഷൻ വന്ന സമയം വെച്ച് എയർപോർട്ടിന്റെ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി ഒന്നേകാൽ കഴിഞ്ഞതോടെ ഒരു ടാക്സി... അത് ഇന്റർനാഷണൽ ഡിപ്പാർച്ചർ ഡ്രോപ്പ്-ഓഫ് പോയിന്റിൽ വന്ന് നിർത്തുന്നു. കൃത്യം ആ സമയത്താണ് രണ്ട് ഫോണുകളും ഒരുമിച്ച് ഓഫ് ആകുന്നത്."
"എന്നിട്ട്?"
"അവർ ടെർമിനലിലേക്ക് കയറിയില്ല സാർ. അവർ വണ്ടിയിൽ നിന്നിറങ്ങി, ടെർമിനലിലേക്ക് നടക്കുന്നതായി ഭാവിക്കുന്നു, ക്യാമറയുടെ ബ്ലൈൻഡ് സ്പോട്ടിൽ വെച്ച് തിരികെ നടക്കുന്നു...
ഡിപ്പാർച്ചറിൽ നിന്ന് നേരെ അറൈവൽ ഏരിയയിലേക്ക് വരുന്നു. അവിടെ... അവരെ കാത്ത് മറ്റൊരു കാർ കിടപ്പുണ്ടായിരുന്നു. അവർ അതിൽ കയറി, സിറ്റിയിലേക്ക് തന്നെ തിരിച്ചുപോയി."
ജയദേവൻ ഒരു നിമിഷം സ്തംഭിച്ച് നിന്നു.
"സാർ... അതൊരു പക്ക പ്ലാൻ ആയിരുന്നു. ഞങ്ങൾ അവരെ എയർപോർട്ടിൽ തിരയുമ്പോൾ, അവർ നഗരത്തിൽ എവിടെയോ സുരക്ഷിതരായി ഇരിപ്പുണ്ട്. അവർ നമ്മളെ വഴിതെറ്റിച്ചതാണ്."
ജയദേവൻ ഫോൺ വെച്ചു. "അവർ എവിടെയും പോയിട്ടില്ല ... അവർ ഇവിടെത്തന്നെയുണ്ട്. കൊച്ചിയിൽ."
അയാൾ ഇത് പറഞ്ഞ് തീരുമ്പോഴേക്കും ബേസിൽ മറ്റൊരു റിപ്പോർട്ടുമായി വാർ റൂമിലേക്ക് ഓടിക്കയറി.
"സാർ... ചങ്ങമ്പുഴ പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ...!"
"എന്തെങ്കിലും ഇമ്പ്രൂവ്മെന്റ്?" ജയദേവൻ ടേബിളിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു.
"അലൻ പറഞ്ഞത് നൂറ് ശതമാനം സത്യമാണ് സാർ!" ബേസിൽ ഒരു ലാപ്ടോപ്പ് തുറന്ന് അതിലെ മങ്ങിയ ദൃശ്യം പ്ലേ ചെയ്തു.
"ദാ... ഇതാണ് അവർ. കല്യാണത്തിന് രണ്ട് ദിവസം മുൻപ്, വൈകുന്നേരം 5:30. അലനും ആ പെൺകുട്ടി പ്രിയയും. ദാ, അവൻ പോക്കറ്റിൽ നിന്ന് ആ ചോക്ലേറ്റ് എടുക്കുന്നു, അവർ അത് പൊട്ടിച്ച് കഴിക്കുന്നു... എല്ലാം ക്ലിയർ ആണ് സാർ."
"Good. ഇനി... ആ വേസ്റ്റ് ബിൻ. ആ ദൃശ്യങ്ങൾ നോക്കിയോ? ആരെങ്കിലും അത് എടുക്കുന്നത്?"
ബേസിലിന്റെ മുഖം മങ്ങി. "അതാണ് സാർ പ്രശ്നം. പാർക്കിലെ പ്രധാന ക്യാമറകൾ ഗേറ്റ് ആണ് കവർ ചെയ്യുന്നത്. ഇവർ ഇരുന്ന സ്ഥലവും ആ വേസ്റ്റ് ബിന്നും ഒരു ബ്ലൈൻഡ് സ്പോട്ടിലാണ്.
ക്യാമറ കവറേജ് ഇല്ലാത്തതുകൊണ്ട് അവിടെ എന്ത് നടന്നു എന്ന് കാണാൻ കഴിയില്ല. അവർ ബിന്നിനടുത്തേക്ക് പോകുന്നത് കാണാം, പക്ഷെ പിന്നീട് ആരെങ്കിലും അവിടെ വന്നോ എന്ന് വ്യക്തമല്ല."
ജയദേവന്റെ മുഖം മുറുകി. ഒരു തുമ്പ് അടഞ്ഞല്ലോ എന്ന് അയാൾ ചിന്തിച്ചു.
"പക്ഷെ സാർ!" ബേസിലിന്റെ കണ്ണുകൾ തിളങ്ങി. "എനിക്ക് വേറൊന്ന് കിട്ടി. ഞാൻ അവിടുത്തെ ടിക്കറ്റ് കൗണ്ടറിലെ അന്നലത്തെ ലോഗ് ബുക്കും, ആ ദിവസത്തെ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ ലിസ്റ്റും പരിശോധിച്ചു."
"എന്നിട്ട്?"
"അലനും പ്രിയയും ടിക്കറ്റ് എടുത്തത് വൈകുന്നേരം 5:25 PM-നാണ്. രണ്ട് ടിക്കറ്റുകൾ. അവരുടെ പേര് ലോഗിൽ ഉണ്ട്."
ബേസിൽ ലാപ്ടോപ്പിലെ മറ്റൊരു ഫയൽ തുറന്നു.
"കൃത്യം രണ്ട് മിനിറ്റിന് ശേഷം. 5:27 PM. രണ്ട് ടിക്കറ്റുകൾ കൂടി ഇഷ്യൂ ചെയ്തിട്ടുണ്ട്.
കൗണ്ടറിലെ രജിസ്റ്ററിൽ ടിക്കറ്റ് വാങ്ങിയ ആൾ കൊടുത്ത പേര്... 'രുദ്രൻ'."
ആ പേര് കേട്ട് ജയദേവൻ ഞെട്ടി. സൈബർ സെൽ റിപ്പോർട്ടിലെ അതേ പേര്!
"ഞാൻ ഉടൻ ആ സമയത്തെ ഫ്രണ്ട് ഗേറ്റിലെ സിസിടിവി ഫൂട്ടേജ് എടുത്തു," ബേസിൽ വീഡിയോ പ്ലേ ചെയ്തു.
"ദാ നോക്കൂ സാർ... ഒരു പുരുഷനും സ്ത്രീയും. പക്ഷെ... അവർ മുഖം മറച്ചിരിക്കുകയാണ്."
ആ ദൃശ്യം വ്യക്തമായിരുന്നു. മഴയൊന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും ആ സ്ത്രീയും പുരുഷനും ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, അത് ക്യാമറയ്ക്ക് നേരെ മറച്ചുകൊണ്ടാണ് ഗേറ്റ് കടന്ന് അകത്തേക്ക് പോകുന്നത്.
ജയദേവന്റെ സിരകളിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി.
"yes… അവർ അവിടെ ഉണ്ടായിരുന്നു… അല്ലെ…!!” ജയദേവന്റെ ശബ്ദം കനത്തു.
"അലനെയും പ്രിയയെയും അവർ പിന്തുടരുകയായിരുന്നു. അവർ നമ്മളെ വെല്ലുവിളിക്കുകയാണ്. അവർ ആ പേര് അവിടെ ഉപയോഗിച്ചത് മനഃപൂർവ്വമാണ്. അവർ ഇവിടെയുണ്ട്. നമ്മുടെ തൊട്ടടുത്ത്!”
**********
"എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്, സാർ," ബേസിൽ ക്ഷീണത്തോടെ പറഞ്ഞു.
"അവർ നമ്മളെക്കാൾ ഒരുപടി മുന്നിലാണ്. അവർക്ക് നമ്മൾ എന്ത് ചിന്തിക്കുന്നു എന്ന് പോലും അറിയാം."
ജയദേവൻ ഒരു സിഗരറ്റ് കത്തിച്ചു. "അതെ. അവർക്കറിയാം. അവർ നമ്മളെ എയർപോർട്ടിലേക്കും പാർക്കിലേക്കും മനഃപൂർവ്വം പറഞ്ഞുവിട്ടതാണ്. നമ്മൾ ആ തെളിവുകളുടെ പിന്നാലെ ഓടുമ്പോൾ, അവർ അടുത്ത നീക്കം പ്ലാൻ ചെയ്യുകയായിരുന്നു."
അയാൾ സൈബർ സെൽ റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടി. "ഒരൊറ്റ വഴി കൂടിയുണ്ട്, ബേസിൽ.
നമ്മൾ ഇതുവരെ പോകാത്ത വഴി."
"സാർ... ആ ലോഡ്ജ്?" ബേസിൽ സംശയത്തോടെ ചോദിച്ചു. "അവർ സിം കാർഡ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ആ അഡ്രസ്സ്? അത് 100% ഒരു കെണിയായിരിക്കും."
"അതെ," ജയദേവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. "അതൊരു കെണിയാണ്. അങ്ങോട്ട് ചെന്നാൽ നമുക്ക് ഒന്നും കിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് നമ്മൾ അങ്ങോട്ട് പോകില്ലെന്ന് അവർ ഉറപ്പിച്ചു. അതുകൊണ്ട്... നമ്മൾ അങ്ങോട്ട് പോകുന്നു."
സമയം: പുലർച്ചെ 3:15 AM. സ്ഥലം: ഫോർട്ട് കൊച്ചി, ഓൾഡ് ഹാർബർ ലോഡ്ജ്.
പോലീസ് ജീപ്പിന്റെ ഇരമ്പമോ ലൈറ്റോ ഉണ്ടായിരുന്നില്ല. ഒരു പഴയ, അടയാളങ്ങളില്ലാത്ത മാരുതി 800-ൽ ജയദേവനും ബേസിലും ആ പൂട്ടിക്കിടന്ന കെട്ടിടത്തിന് മുന്നിൽ നിന്നു.
ഇരുവരും സാധാരണ വേഷത്തിലാണ്.
"ആരും താമസിക്കാത്ത സ്ഥലമാണ്, സാർ. അവർ നമ്മളെ പറ്റിക്കാൻ കൊടുത്ത അഡ്രസ്സ്," ബേസിൽ മന്ത്രിച്ചു.
"അവർ നമ്മളെ പറ്റിക്കാൻ തന്നെയാണ് ഇത് തന്നത്. വാ," ജയദേവൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് തള്ളിത്തുറന്നു.
അവർ തങ്ങളുടെ തോക്കുകൾ കയ്യിലെടുത്തു. മൊബൈൽ ഫോണിന്റെ മങ്ങിയ വെളിച്ചത്തിൽ ആ പൊളിഞ്ഞ കെട്ടിടത്തിന്റെ പടികൾ കയറി.
പൊടിയും ചിലന്തിവലയും നിറഞ്ഞ മുറികൾ.
"ഒന്നുമില്ല, സാർ. വെറുതെ..."
"ശ്!" ജയദേവൻ ബേസിലിനെ തടഞ്ഞു.
രണ്ടാമത്തെ നിലയിലെ ഒരു മുറിയുടെ വാതിൽ പാതി തുറന്നിരുന്നു. അതിൽ നിന്ന് മാത്രം ഒരു നേരിയ വെളിച്ചം വരുന്നു.
അവർ പരസ്പരം നോക്കി, തോളോട് തോൾ ചേർന്ന് ആ വാതിൽ തള്ളിത്തുറന്നു.
മുറി ഒഴിഞ്ഞതായിരുന്നു.
പക്ഷെ, ആ മുറിയിൽ അവർക്കായി ചിലത് ഒരുക്കിവെച്ചിരുന്നു.
മുറിയുടെ നടുവിലെ പൊടിപിടിച്ച മേശപ്പുറത്ത്, രണ്ട് ഒഴിഞ്ഞ കോഫി കപ്പുകൾ.
ഭിത്തിയിൽ, ആദർശിന്റെയും അഞ്ജലിയുടെയും വിവാഹ ഫോട്ടോകൾ പതിപ്പിച്ചിരിക്കുന്നു. ചുവന്ന മഷികൊണ്ട് ആ ചിത്രങ്ങൾ വെട്ടിമുറിച്ചിരിക്കുന്നു.
അതിന് നടുവിലായി, ആ മുറിയിലെ ഏക വെളിച്ചമായ ഒരു ചെറിയ ടേബിൾ ലാമ്പിന് താഴെ, ഒരു വസ്തു വെച്ചിരുന്നു.
അതൊരു വെൽവെറ്റ് ഗിഫ്റ്റ് ബോക്സ് ആയിരുന്നു.
ആദർശിന്റെ മുറിയിൽ നിന്ന് കിട്ടിയ, വിഷം നിറച്ച അതേ തരം ബോക്സ്.
പക്ഷെ, ഇത് ഒഴിഞ്ഞതായിരുന്നു.
"ദൈവമേ..." ബേസിൽ അറിയാതെ പറഞ്ഞുപോയി. "ഇതൊരു ഒളിത്താവളമല്ല. ഇതൊരു ട്രോഫി റൂമാണ്.
ജയദേവൻഅയാളുടെ മൊബൈൽ വെളിച്ചം മുറിയുടെ മൂലയിലേക്ക് നീങ്ങി. അവിടെ, ഒരു പഴയ ചാക്ക് കൊണ്ട് എന്തോ ഒന്ന് മൂടിയിട്ടിരിക്കുന്നു.
ബേസിൽ തോക്ക് ചൂണ്ടിനിൽക്കേ, ജയദേവൻ സാവധാനം ആ ചാക്ക് വലിച്ചുമാറ്റി.
അതിനടിയിൽ ഒരു ചെറിയ ബാഗ് പാക്ക്.
ജയദേവൻ ഗ്ലൗസ് ധരിച്ച കൈകൊണ്ട് അതിന്റെ സിബ്ബ് വലിച്ചു തുറന്നു. ഉള്ളിലെ സാധനങ്ങൾ കണ്ട് ഇരുവരും ഒരു നിമിഷം സ്തംഭിച്ചു.
അതൊരു കൊലപാതകത്തിന്റെ 'Do It Yourself' കിറ്റ് ആയിരുന്നു.
ഒരു മിനി ഗ്യാസ് സ്റ്റൗ (ട്രെക്കിംഗിന് ഉപയോഗിക്കുന്ന തരം).
കൈപ്പിടിയുള്ള ഒരു ചെറിയ സ്റ്റീൽ പാൻ. അതിന്റെ അടിയിലും വശങ്ങളിലും കരിഞ്ഞ കറുത്ത പാടുകൾ.
ഒരു ലൈറ്റർ.
പിന്നെ... ജയദേവൻ അതീവ ശ്രദ്ധയോടെ പുറത്തെടുത്ത, ലേബലുകൾ പൂർണ്ണമായും ചുരണ്ടിക്കളഞ്ഞ ഒരു ചെറിയ ചില്ലുകുപ്പി.
അതിനുള്ളിൽ വെളുത്ത തരികൾ പറ്റിപ്പിടിച്ചിരിക്കുന്നു.
ബേസിൽ അവിശ്വസനീയതയോടെ ജയദേവനെ നോക്കി. "സാർ... ഇത്...?"
ജയദേവൻ ആ ചെറിയ പാൻ എടുത്ത് വെളിച്ചത്തിൽ കാണിച്ചു. അതിൽ പറ്റിപ്പിടിച്ച കരിഞ്ഞ അംശത്തിൽ നിന്ന് നേരിയ, മധുരമുള്ള ഒരു ഗന്ധം വരുന്നുണ്ടായിരുന്നു.
"ചോക്ലേറ്റ്," ജയദേവൻ പറഞ്ഞു.
അയാൾ ആ ചെറിയ കുപ്പിയിലേക്ക് നോക്കി.
"യെസ്, ബേസിൽ," ജയദേവന്റെ ശബ്ദം ആ ഒഴിഞ്ഞ മുറിയിൽ മുഴങ്ങി. " അവർ ആ ചോക്ലേറ്റ് ഇവിടെയാണ് തയ്യാറാക്കിയത്."
അയാൾ ആ പാനിലേക്ക് വിരൽ ചൂണ്ടി. "അവർ 'അമാര'യുടെ വെൽവെറ്റ് ബോക്സ് വാങ്ങി.
അത് ഇവിടെ കൊണ്ടുവന്നു... അത് ഈ പാനിലിട്ട് ഉരുക്കി, അതിലേക്ക് ഈ സൈനയിഡ് കൃത്യമായ അളവിൽ ചേർക്കുകയായിരുന്നു."
ബേസിൽ ഞെട്ടി. "അവർ... അവർ അത് വീണ്ടും അതേ ബോക്സിൽ പാക്ക് ചെയ്ത്..."
"അതെ," ജയദേവൻ പറഞ്ഞു. "അവർ വെറും കൊലയാളികളല്ല, ബേസിൽ. അവർ ക്ഷമയുള്ളവരാണ്. അവർ ഈ ഒഴിഞ്ഞ കെട്ടിടം ഒരു ലബോറട്ടറിയാക്കി മാറ്റി. വിഷം കലർത്തി, അത് വീണ്ടും ആ വെൽവെറ്റ് ബോക്സിൽ നിറച്ച്, ആർക്കും സംശയം തോന്നാത്ത ഒരു പെർഫെക്റ്റ് ഗിഫ്റ്റ് ആക്കി മാറ്റി."
"സാർ," ബേസിൽ ചുറ്റും നോക്കി. "അവർക്ക് നമ്മൾ ഇവിടെ എത്തുമെന്ന് അറിയാമായിരുന്നോ? അവർ ഈ തെളിവുകൾ നമുക്ക് വേണ്ടി ഉപേക്ഷിച്ചതാണോ?"
"അറിയില്ല," ജയദേവൻ എഴുന്നേറ്റു. "ഒരുപക്ഷേ, കൃത്യം കഴിഞ്ഞപ്പോൾ തിടുക്കത്തിൽ പോയപ്പോൾ മറന്നതാവാം. അല്ലെങ്കിൽ... ഇത് നമ്മളെ വഴിതെറ്റിക്കാനുള്ള മറ്റൊരു കെണിയാവാം. എന്തായാലും, ഈ കുപ്പി ലാബിലേക്ക് അയക്കണം . ഇത് സയനൈഡ് തന്നെയാണെന്ന് എനിക്ക് സ്ഥിരീകരിക്കണം. ഈ മുറി ഉടൻ സീൽ ചെയ്യണം."
അവർ ആ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, കൊലയാളികളുടെ മുഖം വ്യക്തമായില്ലെങ്കിലും, അവരുടെ ക്രൂരമായ രീതി ജയദേവന് മുന്നിൽ തെളിഞ്ഞിരുന്നു.
***********
ജയദേവനും ബേസിലും ആ പഴയ കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി, അടയാളങ്ങളില്ലാത്ത മാരുതി 800 ലേക്ക് കയറി. പുലർച്ചെയുടെ തണുത്ത കാറ്റ് കാറിനുള്ളിലേക്ക് അരിച്ചുകയറി. ബേസിൽ ആവേശത്തിലായിരുന്നു.
"സാർ! നമുക്ക് അവരുടെ ലാബ് കിട്ടി. സയനൈഡ് ബോട്ടിൽ, ഗ്യാസ് സ്റ്റൗ... അവർ അത് ഉരുക്കിയ പാൻ! ഇത് വലിയൊരു ലീഡ് അല്ലേ? നമുക്കിവരെ പൂട്ടാം!"
ജയദേവൻ കാറിന്റെ ഗ്ലാസിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. അയാൾ ഒരു സിഗരറ്റ് കത്തിച്ചു, പക്ഷെ വലിച്ചില്ല. അത് വിരലുകൾക്കിടയിൽ എരിഞ്ഞുതീരുന്നത് അയാൾ നോക്കിനിന്നു.
"ലീഡോ?" ജയദേവൻ പതുക്കെ പറഞ്ഞു. അയാളുടെ ശബ്ദം ക്ഷീണിച്ചിരുന്നു. "ഇതൊരു ലീഡല്ല, ബേസിൽ. ഇതൊരു പ്രസ്താവനയാണ്. ഒരു വെല്ലുവിളി."
"സാർ?" ബേസിലിന് മനസ്സിലായില്ല.
"നമ്മൾ ഇവിടെ എത്തുമെന്ന് അവർക്ക് അറിയാമായിരുന്നു. ഈ തെളിവുകൾ നമ്മൾ കാണണമെന്ന് അവർ ആഗ്രഹിച്ചു. അവർ നമ്മളോട് പറയുകയാണ്... 'നോക്കൂ, ഞങ്ങൾ എത്ര സൂക്ഷ്മമായാണ് ഇത് ചെയ്തതെന്ന്. ഞങ്ങൾ നിങ്ങളുടെ കൺമുന്നിലുണ്ട്, എന്നിട്ടും നിങ്ങൾക്ക് ഞങ്ങളെ തൊടാൻ കഴിയില്ല'."
ജയദേവൻ എരിഞ്ഞ തീർന്ന സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞു.
"നമുക്ക് അവരുടെ പേരുകൾ അറിയാം. രുദ്രൻ, ഗായത്രി. പക്ഷെ, അത് അവരുടെ യഥാർത്ഥ പേരുകളാണോ? അറിയില്ല. അവർ എയർപോർട്ടിൽ നമ്മളെ കബളിപ്പിച്ചു. പാർക്കിൽ മുഖം മറച്ചു. ഇപ്പോൾ ഈ ലോഡ്ജിൽ നമുക്കായി ഒരു കെണിയൊരുക്കി."
അയാൾ സ്റ്റിയറിംഗിൽ ആഞ്ഞിടിച്ചു.
"നമ്മൾ അവരുടെ നിഴലുകളെയാണ് പിന്തുടരുന്നത്, ബേസിൽ. അവർ എറിഞ്ഞുതരുന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ ഓടുകയാണ് നമ്മൾ. അവർക്ക് നമ്മളെ അറിയാം. നമ്മുടെ പേര്, നമ്മുടെ നീക്കങ്ങൾ... എല്ലാം."
ജയദേവൻ കാർ സ്റ്റാർട്ട് ചെയ്തു.
"നമുക്ക് 'എങ്ങനെ' എന്ന് ഇപ്പോൾ വ്യക്തമായി അറിയാം. 'എന്തിന്' എന്നും ഊഹിക്കാം. പക്ഷെ 'ആര്' എന്ന ആ പ്രധാന ചോദ്യത്തിന് മുന്നിൽ…
നമ്മൾ തുടങ്ങിയടത്ത് തന്നെ തിരികെ വരും."
ആ കാർ സാവധാനം ആ ഒഴിഞ്ഞ തെരുവിലൂടെ നീങ്ങുമ്പോൾ, ജയദേവന് ആദ്യമായി ആ അദൃശ്യരായ ശത്രുക്കളോട് ഒരുതരം ഭയം കലർന്ന ബഹുമാനം തോന്നിത്തുടങ്ങി. ഇപ്പോഴും അവർ ആരാണെന്ന് മനസിലാകാതെ, അവർ ഇരുട്ടിൽ തപ്പുകയായിരുന്നു…….
********
ആ പഴയ മാരുതി 800 ഫോർട്ട് കൊച്ചിയിലെ ഇടുങ്ങിയ തെരുവുകളിൽ നിന്ന് ഹൈവേയിലേക്ക് കയറി. ബേസിൽ കരുതിയത് അവർ സ്റ്റേഷനിലേക്കാണ് മടങ്ങുന്നത് എന്നായിരുന്നു. എന്നാൽ ജയദേവൻ വണ്ടി തിരിച്ചത് നെടുമ്പാശ്ശേരി ഭാഗത്തേക്കാണ്.
പുലർച്ചെ 5 മണി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഏരിയയിലേക്ക് ആ അടയാളങ്ങളില്ലാത്ത കാർ സാവധാനം വന്നുനിന്നു. ആദ്യത്തെ അന്താരാഷ്ട്ര വിമാനങ്ങൾക്കായി യാത്രക്കാർ എത്തിത്തുടങ്ങിയിരുന്നു.
ജയദേവൻ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തു.
"എന്താ സാർ ഇവിടെ...?" ബേസിൽ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു. "അവർ ഇവിടെ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്ന് നമുക്ക് ഉറപ്പായതല്ലേ? ഇതും അവരുടെ മറ്റൊരു കെണിയാണെങ്കിലോ?"
ജയദേവൻ പുറത്തിറങ്ങി. പുലർച്ചെയുടെ തണുത്ത കാറ്റിൽ അയാൾ ഒരു സിഗരറ്റ് കത്തിച്ചു.
"അതെ, ബേസിൽ. ആ ലോഡ്ജ് ഒരു കെണിയായിരുന്നു. അവർക്കറിയാമായിരുന്നു നമ്മൾ അവിടെ വരുമെന്ന്." അയാൾ പുക പുറത്തേക്ക് ഊതി. "പക്ഷെ ഇത്... ഇത് കെണിയല്ല. ഇതാണ് അവർക്ക് പറ്റിയ ഒരേയൊരു പിഴവ്."
ജയദേവൻ യാത്രക്കാരെ ഇറക്കിവിടുന്ന ടാക്സി പാതയിലേക്ക് വിരൽ ചൂണ്ടി. "അവർ നമ്മളെ കബളിപ്പിക്കാൻ കാണിച്ച ആ നാടകം... ആ പത്ത് മിനിറ്റ്... അതാണ് അവരെ കുടുക്കാൻ പോകുന്നത്."
"സാർ?"
"അവർ അതിബുദ്ധിശാലികളാണ്. അവർ നമ്മളെ ലോഡ്ജിലേക്ക് വലിച്ചിഴച്ചു. പാർക്കിൽ മുഖം മറച്ചു. പക്ഷെ, എയർപോർട്ട് പോലൊരു ഹൈ-സെക്യൂരിറ്റി സോണിൽ വന്ന് ഫോൺ ഓഫ് ചെയ്യുമ്പോൾ, അവർ ആയിരക്കണക്കിന് ഡിജിറ്റൽ കാല്പാടുകളാണ് ഇവിടെ ഉപേക്ഷിച്ചുപോയത്."
അയാൾ മുകളിലെ സെൽ ടവറിലേക്ക് നോക്കി.
"ഒന്ന്, ആ ടവർ ഡമ്പ്. അവർ ആ ഫോണുകൾ ഓഫ് ചെയ്ത പത്ത് മിനിറ്റ്... ആ സമയത്ത് ആ ടവറിൽ കണക്റ്റ് ആയിരുന്ന മറ്റ് ആക്റ്റീവ് നമ്പറുകൾ. അതൊരു വൈക്കോൽത്തുറുവാണ്. അതിൽ നമ്മൾ തിരയും."
"രണ്ട്," ജയദേവന്റെ കണ്ണുകൾ ഒരു വേട്ടക്കാരന്റേതുപോലെ തിളങ്ങി. "അതിലും വ്യക്തമായ ഒരു തുമ്പ്. ടാക്സികൾ!"
അയാൾ താഴെ അറൈവൽ ഏരിയയിലേക്ക് കൈചൂണ്ടി. "അവരെ ഇവിടെ ഇറക്കിവിട്ട ആ ടാക്സിയും... അവരെ ഇവിടെ നിന്ന് പിക്ക് ചെയ്ത ആ കാറും. അവർ റിസ്ക് എടുക്കില്ല. അവർ ഒരു റാൻഡം ടാക്സി കൈ കാണിച്ചു നിർത്തില്ല. അവർ പണം നേരിട്ട് കൊടുക്കില്ല."
അയാൾ ബേസിലിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
"അവർ അത് ബുക്ക് ചെയ്തിരിക്കും. ഊബർ... ഓല... ഏതെങ്കിലും ഒരു ഓൺലൈൻ ആപ്പ്."
ബേസിലിന്റെ മുഖം തെളിഞ്ഞു.
"യെസ്," ജയദേവൻ പറഞ്ഞു. "സൈബർ സെല്ലിനോട് ആ ടവർ ഡമ്പ് എടുക്കാൻ പറ. അതോടൊപ്പം, ഈ ലൊക്കേനിൽ, ആ കൃത്യസമയത്ത് നടന്ന എല്ലാ ഓൺലൈൻ ടാക്സി ബുക്കിംഗുകളുടെയും ട്രിപ്പ് ലോഗുകൾ എനിക്ക് വേണം. അവരെ ഇറക്കിവിട്ട ട്രിപ്പ്. അവരെ പിക്ക് ചെയ്ത ട്രിപ്പ്."
ബേസിൽ ഒരു നിമിഷം ആലോചിച്ചു. "സാർ, പക്ഷെ ആ കാറുകൾ... അത് സാധാരണ ടാക്സി ആണെങ്കിൽ... നമ്മൾ എങ്ങനെ അവരെ കണ്ടെത്തും?
ആയിരക്കണക്കിന് വണ്ടികൾക്കിടയിൽ നിന്ന്?"
ജയദേവൻ ബേസിലിന്റെ തോളിൽ തട്ടി.
"അതാണ് ബേസിൽ, അവർക്ക് പറ്റിയ പിഴവ്. അവർ ഒരു സാധാരണ ടാക്സി വിളിക്കില്ല. അത് റിസ്ക് ആണ്. പണം നേരിട്ട് കൊടുത്താൽ ഡ്രൈവർ അവരെ ഓർത്തുവെക്കും. അവർ ഓൺലൈൻ ബുക്കിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്."
അയാൾ സൈബർ സെല്ലിനെ വിളിക്കാൻ ഫോൺ കയ്യിലെടുത്തു.
"നീ ഉടൻ എയർപോർട്ട് പോലീസിന്റെ സഹായത്തോടെ ആ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം," ജയദേവൻ ബേസിലിന് നിർദ്ദേശം നൽകി. "ഗായത്രിയേയും, രുദ്രനേയും ഇറക്കിവിട്ട ആ കാറിന്റെ നമ്പർ പ്ലേറ്റ്. അവരെ പിക്ക് ചെയ്ത കാറിന്റെ നമ്പർ പ്ലേറ്റ്. രണ്ടും എനിക്ക് വേണം."
"ആ കാറിന്റെ നമ്പറിൽ നിന്ന്," ജയദേവൻ തുടർന്നു, "അത് 'ഓല' ആണോ 'ഊബർ' ആണോ എന്ന് നമുക്ക് കൃത്യമായി അറിയാൻ കഴിയും.”
******
കൊച്ചിൻ എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ്.
സമയം: പുലർച്ചെ 5:45 AM.
"സാർ, കിട്ടി!" എയർപോർട്ട് സിസിടിവി റൂമിൽ നിന്ന് ഓടിക്കിതച്ച് വന്ന ഒരു ഉദ്യോഗസ്ഥൻ, ജയദേവന് നേരെ ഒരു പേപ്പർ നീട്ടി.
"പുലർച്ചെ 1:17 AM. അവരെ ഇറക്കിവിട്ട വാഹനം. KL 07 XX 1234. അതൊരു ഓല ടാക്സിയാണ്. ഇന്നോവ."
"1:28 AM. അറൈവലിൽ നിന്ന് അവരെ പിക്ക് ചെയ്ത കാർ. KL 01 XX 5678. അതൊരു പ്രൈവറ്റ് ഹ്യുണ്ടായ് വെർണയാണ്."
ജയദേവൻ ആ പേപ്പർ വാങ്ങി. "Good. ഈ ഓല ടാക്സി (KL 07 XX 1234)... ഇതിന്റെ ഡ്രൈവറെ എനിക്ക് ഇപ്പോൾ കിട്ടണം. അവന്റെ അഡ്രസ്സും ഫോൺ നമ്പറും ട്രേസ് ചെയ്യ്."
"സാർ, നമ്മൾ ഓല ഓഫീസിൽ..." ബേസിൽ തുടങ്ങി.
"ഓഫീസിലൊക്കെ പിന്നെ പോകാം," ജയദേവന്റെ കണ്ണുകൾ തിളങ്ങി. "ആർ.ടി.ഒ. ഡാറ്റാബേസിൽ നിന്ന് ഈ വണ്ടി നമ്പറിന്റെ ഉടമയെ കണ്ടുപിടിക്ക്. ഡ്രൈവറെ നമ്മൾ നേരിട്ട് പൊക്കുന്നു.
അവനാണ് നമ്മുടെ ആദ്യത്തെ സാക്ഷി. Move!"
സമയം: രാവിലെ 7:00 AM. സ്ഥലം: ആലുവയിലെ ഒരു വീടിന്റെ മുറ്റം.
രാത്രി മുഴുവൻ ഓട്ടം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന ടാക്സി ഡ്രൈവർ ജോണി, വീടിന്റെ വാതിലിൽ ആരോ ആഞ്ഞടിക്കുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്.
"ആരാടാ?"
വാതിൽ തുറന്നതും, യൂണിഫോമിലല്ലാത്ത ജയദേവനും ബേസിലും അകത്തേക്ക് ഇടിച്ചുകയറി.
"പോലീസ്! എഴുന്നേൽക്കെടാ!"
"സാർ... സാർ... ഞാ... ഞാനൊന്നും..." ജോണി പേടിച്ചു വിറച്ചു.
"നീയാണോ KL 07 XX 1234 ഓടിക്കുന്നത്?" ജയദേവൻ അയാളുടെ ലൈസൻസ് വലിച്ചെടുത്ത് നോക്കിക്കൊണ്ട് ചോദിച്ചു.
"അതെ സാർ... ഓല ടാക്സിയാണ്..."
"കഴിഞ്ഞ തിങ്കളാഴ്ച," ജയദേവന്റെ ശബ്ദം കനത്തു.. "അന്ന് രാത്രി ഒരു മണിക്ക് ശേഷം നീ എവിടെക്കാ ട്രിപ്പ് പോയത്…?”
"പോ... പോയിരുന്നു സാർ.”
"ആരെയാണ് നീ ഡ്രോപ്പ് ചെയ്തത്?"
"സാർ, രാത്രി പലരെയും... എനിക്കോർമ്മയില്ല..."
"ഓർമ്മയില്ലേ?" ബേസിൽ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. "ഒരു ആണിനെയും പെണ്ണിനെയും. അവർ ടെർമിനലിൽ ഇറങ്ങിയില്ല. ഓർക്കുന്നുണ്ടോടാ?"
ജോണിയുടെ മുഖം വിളറി.
"ദൈവമേ... അവരോ? സാർ... അവരെന്താ... വല്ല കള്ളക്കടത്തും..."
"നിന്റെ ഫോൺ എവിടെ?" ജയദേവന്റെ ശബ്ദം കനത്തു.
ജോണി വിറച്ചുകൊണ്ട് തന്റെ ഫോൺ ടേബിളിൽ നിന്ന് എടുത്തു. "സാർ, ഇതാ."
"നിന്റെ ഓല ആപ്പ് തുറക്ക്," ജയദേവൻ ആജ്ഞാപിച്ചു.
"ട്രിപ്പ് ഹിസ്റ്ററി എടുക്ക്. കഴിഞ്ഞ തിങ്കളാഴ്ചത്തെ. ആ എയർപോർട്ട് ട്രിപ്പ്. വേഗം!"
ജോണി വിരൽ വിറപ്പിച്ചുകൊണ്ട് ആപ്പ് തുറന്നു.
കഴിഞ്ഞ ദിവസങ്ങളിലെ ട്രിപ്പ് ഹിസ്റ്ററിയിലേക്ക് പോയി... ദാ, തിങ്കളാഴ്ച, 1:17 AM.
"ദാ സാർ... ഇതാണ്. പിക്കപ്പ് ചെയ്തത് മറൈൻ ഡ്രൈവിൽ നിന്നാണ്."
ജയദേവൻ ആ ഫോൺ തട്ടിപ്പറിച്ചുവാങ്ങി. ആ ട്രിപ്പ് ഡീറ്റെയിൽസിലേക്ക് അയാൾ സൂക്ഷിച്ചുനോക്കി.
ബുക്ക് ചെയ്ത പേര്: രുദ്രൻ.
പിക്കപ്പ്: മറൈൻ ഡ്രൈവ് (Goshree Walkway).
പേയ്‌മെന്റ്: "Paid via PayTM Wallet."
"കിട്ടി," ജയദേവൻ പല്ലിറുമ്മി. "ബേസിൽ! ഈ പേടിഎം അക്കൗണ്ട്... ഈ വാലറ്റുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്… മെയിൽ ഐഡി അത് രണ്ടും നമുക്ക് വേണം."
അയാൾ ജോണിയുടെ നേരെ തിരിഞ്ഞു. "ഇനി ആ രണ്ടാമത്തെ കാർ... KL 01 XX 5678 ആ വെർണ. അറൈവലിൽ നിന്ന് അവരെ പിക്ക് ചെയ്തത്. അതും നീ അറേഞ്ച് ചെയ്തതാണോടാ…?"
"അല്ല സാർ! സത്യമായിട്ടും! എനിക്കവരെ അറിയില്ല!" ജോണി കൈകൂപ്പി.
"സാരമില്ല," ജയദേവൻ പറഞ്ഞു. അയാൾ ജോണിയുടെ ഫോൺ കയ്യിൽപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങി.
"അയ്യോ സാർ! എന്റെ ഫോൺ!" ജോണി പരിഭ്രാന്തനായി പിന്നാലെ വന്നു. "അതെന്റെ ഉപജീവനമാണ് സാർ... ഓട്ടം കിട്ടുന്നത് അതിലാണ്..."
ജയദേവൻ തിരിഞ്ഞുനിന്നു. അയാളുടെ നോട്ടം തണുത്തുറഞ്ഞതായിരുന്നു.
"സ്റ്റേഷനിൽ വന്ന് മൊഴി എഴുതി ഒപ്പിട്ടിട്ട് നിന്റെ ഫോൺ വാങ്ങിക്കൊണ്ട് പോയാൽ മതി. കേട്ടല്ലോ?"
അയാളുടെ മുഖത്ത്, ഇരയെ കണ്ടെത്തിയ വേട്ടക്കാരന്റെ തണുത്ത ചിരി വിടർന്നു.
"അവർ നമ്മളെ കളിപ്പിക്കുകയായിരുന്നു, ബേസിൽ. ലോഡ്ജിൽ, എയർപോർട്ടിൽ... പക്ഷെ ഇത്," അയാൾ ഫോണിന്റെ സ്ക്രീനിൽ തട്ടി. "ഇതവരുടെ ആദ്യത്തെ, അവസാനത്തെ പിഴവാണ്."
അയാൾ കാർ സ്റ്റാർട്ട് ചെയ്തു.
"Let's finish the game.”
ജയദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
തുടരും..
DARK CHOCOLATE... ✍️✍️✍️ബിനു.
#✍ തുടർക്കഥ #📙 നോവൽ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ