പാർട്ട്,, 09
. "നിന്നെ സസ്പെൻഡ് ചെയ്തതല്ലേ, ജയദേവൻ? ഈ യൂണിഫോം ഇട്ട് ചോദ്യം ചെയ്യാൻ നിനക്ക് എന്ത് അധികാരമാണുള്ളത്?"
രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…..
അരികിൽ ഗായത്രിയും ധൈര്യം വീണ്ടെടുത്തു.
"ഞാൻ എന്റെ വക്കീലിനോട് മാത്രമേ സംസാരിക്കൂ. You can't force us."
ജയദേവൻ ചിരിച്ചില്ല. അയാൾ മേശപ്പുറത്തിരുന്ന ഫയൽ തുറന്നു. അതിൽ നിന്ന് രണ്ട് ഫോട്ടോകൾ എടുത്ത് മേശപ്പുറത്തേക്ക് സ്ലൈഡ് ചെയ്തു.
"അധികാരം... അതവിടെ നിൽക്കട്ടെ," ജയദേവന്റെ ശബ്ദം തണുത്തുറഞ്ഞിരുന്നു.
"വക്കീൽ വരും. അതിനുമുൻപ്, എനിക്കൊരു കഥ കേൾക്കണം."
അയാൾ ഗായത്രിയെ നോക്കി. "ഗായത്രി. ആദർശ് നിന്നെ ഒഴിവാക്കി. അഞ്ജലിയെ വിവാഹം കഴിക്കാൻ വേണ്ടി. മറ്റൊരു ജീവിതത്തിന് വേണ്ടി."
എന്നിട്ട് രുദ്രനെ നോക്കി. "രുദ്രൻ, അഞ്ജലിയും നിന്നെ ചതിച്ചു. ആദർശിന്റെ പണത്തിനുവേണ്ടി. അങ്ങനെ, ബാംഗ്ലൂരിൽ വെച്ച്, വഞ്ചിക്കപ്പെട്ട നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടി. ഒരുമിച്ച്... ഒരു പ്ലാൻ ഉണ്ടാക്കി. അല്ലേ?" ജയദേവൻ ചോദിച്ചു.
"പ്രതികാരം," രുദ്രൻ പല്ലിറുമ്മി. "അതെ. അവർ അത് അർഹിച്ചിരുന്നു. അതിനെന്താ?"
"അതിനെന്താ?" ജയദേവൻ ഒരു നിമിഷം നിർത്തി. പിന്നെ അയാൾ എഴുന്നേറ്റു.
"പ്രതികാരം കൊള്ളാം. പക്ഷെ, നിങ്ങൾ ചെയ്തത് വെറും പ്രതികാരമല്ല. അതൊരു 'പെർഫെക്റ്റ് മർഡർ' ആയിരുന്നു. നിങ്ങളുടെ പ്ലാൻ... ഗംഭീരമായിരുന്നു.”
“താങ്ക്സ്…!!” രുദ്രൻ ചിരിച്ചു.
"അപ്പോൾ... ഏതാണ് സാറേ ശരിക്കുള്ള വാർത്ത? DySP ജയദേവൻ? അതോ... ഇന്നലെ ഞങ്ങൾ ടിവിയിൽ കണ്ട, സസ്പെൻഡ് ചെയ്യപ്പെട്ട SI ജയദേവനോ?" രുദ്രൻ ഗായത്രിയെ നോക്കി കണ്ണിറുക്കി. "ഏതായാലും, തലയിലെ കെട്ട് ഗംഭീരമായിട്ടുണ്ട്."
ഗായത്രിയുടെ ചുണ്ടിലൊരു ചിരി വിടർന്നു.
ജയദേവൻ ഫയലിൽ നിന്ന് കണ്ണെടുത്തില്ല. അയാളുടെ ശാന്തത രുദ്രനെ അലോസരപ്പെടുത്തി.
"രുദ്രൻ. ഗായത്രി," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "Let's start."
അയാൾ ഫയൽ അടച്ചു. "ബാംഗ്ലൂർ, വിപ്രോ. 'അമാര'സ്' ചോക്ലേറ്റ്. ബാച്ച് നമ്പർ BN-451. അലൻ എന്ന 'scapegoat'. വ്യാജ സിമ്മുകൾ. എയർപോർട്ട് ഡൈവേർഷൻ. നിങ്ങളുടെ ആ 'കുക്കിംഗ് ലാബ്'. സയനൈഡ്. വെൽവെറ്റ് ബോക്സ്… പാലയിലെ സീക്രട്ട് ഗാർഡൻ…!!”
ജയദേവൻ ഓരോ വാക്കുകളും ഒരു കല്ലെടുത്ത് മേശപ്പുറത്ത് വെക്കുന്നതുപോലെ പറഞ്ഞു. രുദ്രന്റെയും ഗായത്രിയുടെയും മുഖത്തെ ചിരി മാഞ്ഞു.
"A brilliant plan," ജയദേവൻ പറഞ്ഞു. "Almost perfect. എന്റെ അഭിനന്ദനങ്ങൾ."
"So you admit it," രുദ്രൻ അഹങ്കാരത്തോടെ പറഞ്ഞു. "ഞങ്ങൾ ബുദ്ധിശാലികളായിരുന്നു."
"ആയിരുന്നു," ജയദേവൻ സമ്മതിച്ചു. "പക്ഷെ നിങ്ങൾ ഇപ്പോൾ എവിടെയാണ്. ഞാൻ ഇവിടെയും. So... ആരാണ് കൂടുതൽ ബുദ്ധിശാലി?"
ആ ചോദ്യത്തിൽ രുദ്രന്റെ മുഖം മുറുകി.
"അപ്പോൾ... ആരായിരുന്നു ഈ കളിയുടെ സൂത്രധാരൻ?" ജയദേവൻ ചോദിച്ചു. "ആരുടെ തലയാണ് ഇതിന് പിന്നിൽ? രുദ്രൻ? അതോ ഗായത്രി?"
"അതറിഞ്ഞിട്ട് നിനക്കെന്താ?" രുദ്രൻ കയർത്തു. "ഞങ്ങൾ രണ്ടുപേരുമാണ്. അവർ ഞങ്ങളെ ചതിച്ചു. അവർ മരിക്കണമായിരുന്നു."
"അതെ," ജയദേവൻ സമ്മതിച്ചു. "അവർ ചതിച്ചു. പക്ഷെ... ആ ചതി ഒരുപോലെയായിരുന്നില്ല."
അവൻ തന്റെ പൂർണ്ണ ശ്രദ്ധ ഗായത്രിക്ക് നേരെ തിരിച്ചു. ആ സ്പോട്ട് ലൈറ്റിൽ അവൾ വിയർക്കുന്നത് ജയദേവൻ കണ്ടു.
"ഗായത്രീ," അവന്റെ ശബ്ദം മയപ്പെട്ടു. "ആദർശ് നിന്നെ ഉപയോഗിച്ചു. അല്ലേ? നിന്റെ ആവശ്യങ്ങൾക്ക് പണം തന്നു. കറങ്ങാൻ കൊണ്ടുപോയി. ഒരു 'good time' പാർട്ണർ. പക്ഷെ, കല്യാണം കഴിക്കാൻ നേരം... അവന് 'കുടുംബത്തിൽ പിറന്ന' ഒരു പെണ്ണിനെ വേണമായിരുന്നു. അവൻ നിന്നെ വലിച്ചെറിഞ്ഞു. പോരാത്തതിന്, അവൻ തന്ന പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തി. ഒരു വേശ്യയോട് പെരുമാറുന്നതിനേക്കാൾ മോശമായി..."
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പല്ലിറുമ്മി.
"അതെ," അവൾ പതറി. "ആ പന്ന മോൻ..." അവൾ പിറുപിറുത്തു.
"Correct," ജയദേവൻ പറഞ്ഞു. എന്നിട്ട് അതിവേഗം രുദ്രന് നേരെ തിരിഞ്ഞു.
"And you, രുദ്രാ," ജയദേവന്റെ ശബ്ദം കനത്തു. "നിന്റെ കഥ അതായിരുന്നില്ല. നിന്റേത് പ്രണയമായിരുന്നു. യഥാർത്ഥ പ്രണയം. നീ അഞ്ജലിയെ പെണ്ണുകണ്ടു. നിന്റെ വീട്ടുകാർക്ക് അവളെ ഇഷ്ടപ്പെട്ടു. അവളുടെ വീട്ടുകാർക്ക് നിന്നെയും. നിങ്ങൾ വിവാഹം സ്വപ്നം കണ്ടു. പക്ഷെ, നിന്റെ കയ്യിൽ പണമില്ലായിരുന്നു. നീ കുറച്ച് സമയം ചോദിച്ചു... പക്ഷെ ആദർശ് എന്ന പണച്ചാക്ക് ആ സമയം തന്നില്ല. അവൻ നിന്റെ ജീവിതം... നിന്റെ ഭാവി... എല്ലാം വിലയ്ക്ക് വാങ്ങി."
രുദ്രന്റെ കൈകൾ കസേരയുടെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു. അവന്റെ ശ്വാസം ഭാരമായി, ജയദേവൻ അവന്റെ മുറിവിലാണ് തൊട്ടത്.
"അപ്പോൾ, ഇതാണ് സത്യം," ജയദേവൻ കസേരയിൽ നിവർന്നിരുന്നു. "രണ്ടുപേരും ചതിക്കപ്പെട്ടു. പക്ഷെ," അവൻ ഗായത്രിയെ നോക്കി. "നിനക്ക് നഷ്ടപ്പെട്ടത് ഒരു എ.ടി.എം. മെഷീൻ മാത്രമാണ്. രുദ്രനോ? അവന് നഷ്ടപ്പെട്ടത് അവന്റെ ജീവിതമാണ്."
"സാർ!" രുദ്രൻ ജയദേവനെ നോക്കി. ആദ്യമായി, ആ കണ്ണുകളിൽ ഒരു നന്ദി പ്രകാശിച്ചു.
"അതുകൊണ്ട് ഗായത്രീ," ജയദേവൻ തുടർന്നു. "നിന്റെ ഈ ചെറിയ 'പ്രതികാരത്തിന്' വേണ്ടി, യഥാർത്ഥത്തിൽ സ്നേഹിച്ച, ജീവിതം തകർന്ന ഈ മനുഷ്യനെ നീ എന്തിന് ഉപയോഗിച്ചു?"
"What?" ഗായത്രിയും രുദ്രനും ഒരുമിച്ച് ഞെട്ടി.
"നീയെന്താ പറയുന്നേ?" രുദ്രൻ ജയദേവന് നേരെ തിരിഞ്ഞു.
"ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?" ജയദേവൻ രുദ്രനോട് പറഞ്ഞു. "ഇവൾ! ഗായത്രി! ഇവളാണ് ഈ പ്ലാനിന്റെ മാസ്റ്റർമൈൻഡ്! അവൾക്ക് ആദർശിനെ കൊല്ലണമായിരുന്നു, അവന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. പക്ഷെ ഒറ്റയ്ക്ക് അത് ചെയ്യാൻ അവൾക്ക് ധൈര്യമില്ലായിരുന്നു. അപ്പോഴാണ് അവൾ നിന്നെ കണ്ടെത്തുന്നത്. അഞ്ജലിയുടെ പേരും പറഞ്ഞ് നിന്റെ പ്രണയത്തെ... നിന്റെ വേദനയെ... അവൾ ആളിക്കത്തിച്ചു! അവൾ നിന്നെ ഒരു ആയുധമാക്കി മാറ്റി!"
"അല്ല!" ഗായത്രി അലറി. "രുദ്രാ! ഇയാൾ നുണ പറയുകയാണ്!"
"നുണയോ?" ജയദേവൻ രുദ്രനോട് ചോദിച്ചു. "ആ വ്യാജ സിമ്മുകൾ ഉണ്ടാക്കിയത് ആരാണ്? ആ പേടിഎം അക്കൗണ്ട്? ആ എയർപോർട്ട് ഡൈവേർഷൻ? അതെല്ലാം ചെയ്തത് ഇവളുടെ ടെക്നിക്കൽ ബുദ്ധിയാണ്! നീ വെറുമൊരു വിഡ്ഢി!
സ്നേഹത്തിന് വേണ്ടി കൊല്ലാൻ നടന്ന ഒരു വിഡ്ഢി! ഇവൾ നിന്നെ ഉപയോഗിച്ച്... ഇപ്പോൾ നിന്നെ ഒറ്റിക്കൊടുത്ത് രക്ഷപ്പെടാൻ നോക്കുന്നു!"
"രുദ്രാ!" ഗായത്രി പൊട്ടിക്കരഞ്ഞു. "ഇയാളെ വിശ്വസിക്കരുത്! അത്... അത് നമ്മൾ..."
"ഗായത്രീ! Shut your mouth!" രുദ്രൻ അവൾക്ക് നേരെ അലറി.
ആ ഒരൊറ്റ അലർച്ചയിൽ ഗായത്രി തകർന്നു. "എന്നെ... എന്നെയാണോടാ നീ നിശബ്ദയാക്കുന്നത്?"
അവൾ ജയദേവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകൾ കത്തുകയായിരുന്നു.
"അല്ല! അവൻ പറഞ്ഞത് നുണയാണ്! ഞാനല്ല അവനെ കണ്ടുപിടിച്ചത്! അവനാണ്! അവനാണ് എന്നെ ബാംഗ്ലൂരിലെ ആ ബാറിൽ വെച്ച് കണ്ടത്! അവൻ കരയുകയായിരുന്നു! അവന്റെ കാമുകിയെക്കുറിച്ച് പറഞ്ഞുകൊണ്ട്!"
രുദ്രൻ സ്തംഭിച്ചിരുന്നു. "ഗായത്രീ!"
"ഞാനാണ് അവനോട് പറഞ്ഞത് കരഞ്ഞിട്ട് കാര്യമില്ലെന്ന്!" ഗായത്രി അലറി. "ആദർശ് എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ, ഞാനാണ് അവനോട് ഒരു വഴി ചോദിച്ചത്! അപ്പോൾ... അപ്പോഴാണ് അവൻ...!"
ഗായത്രി ഒരു നിമിഷം നിർത്തി.
"അപ്പോഴാണ് അവൻ എന്ത് ചെയ്തത്?" ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
"അവനാണ്... അവനാണ് ആ പ്ലാൻ പറഞ്ഞത്!" ഗായത്രി പൊട്ടിക്കരഞ്ഞു. "അവനാണ് പറഞ്ഞത്... 'നമുക്ക് അവരെ കൊല്ലണം. പക്ഷെ, ഒരു കൊലപാതകം പോലെയല്ല. ഒരു കല പോലെ.' അവനാണ് അലന്റെ കാര്യം പറഞ്ഞത്... ആ ചോക്ലേറ്റ്... ആ വെൽവെറ്റ് ബോക്സ്... എല്ലാം! 'നമ്മൾ ജീവിക്കാൻ അവർ സമ്മതിക്കില്ലെങ്കിൽ, അവരെയും ജീവിക്കാൻ നമ്മൾ സമ്മതിക്കരുത്! ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ!' എന്ന് പറഞ്ഞത് അവനാണ്! എല്ലാം അവനാണ്!"
ആ മുറി നിശ്ചലമായി. കുറ്റസമ്മതം. പൂർണ്ണമായ കുറ്റസമ്മതം.
രുദ്രൻ പരാജയപ്പെട്ടവനെപ്പോലെ കസേരയിലേക്ക് തളർന്നിരുന്നു.
ജയദേവൻ ഒരു വാക്കുപോലും മിണ്ടിയില്ല. അവൻ കസേരയിൽ നിന്നെഴുന്നേറ്റു. ഇരുട്ടിൽ നിന്നിരുന്ന ബേസിലിനെ നോക്കി. ബേസിൽ എല്ലാം റെക്കോർഡ് ചെയ്തിരുന്നു.
ജയദേവൻ ആ ഇരുണ്ട മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. ഡോർ തുറക്കുന്നതിന് മുൻപ്, അവൻ തിരിഞ്ഞുനിന്ന് രുദ്രനെ നോക്കി.
"നീ ഒരു ആർട്ടിസ്റ്റ് തന്നെയായിരുന്നു, രുദ്രാ. പക്ഷെ, നിന്റെ ഈ കല... ഇത് മനസ്സിലാക്കാൻ കഴിയുന്ന ഒരു പോലീസുകാരന്റെ മുന്നിലായിപ്പോയി നിന്റെ കഷ്ടകാലം."
രുദ്രൻ അഹങ്കാരത്തോടെ ചിരിച്ചു. "So, you finally figured it out. കളി തീർന്നു."
"അതെ," ജയദേവൻ പറഞ്ഞു. "കളി തീർന്നു.
പക്ഷെ... നിങ്ങളുടെ കളി."
അയാൾ ഗായത്രിയെ നോക്കി. "ഗായത്രീ, നിനക്ക് രുദ്രനെ എങ്ങനെ അറിയാം?"
"അത്... ഞങ്ങൾ ബാംഗ്ലൂരിൽ... ഒരു കോഫി ഷോപ്പിൽ," അവൾ പതറി.
"നുണ," ജയദേവൻ പറഞ്ഞു. "നിങ്ങൾ കണ്ടുമുട്ടിയത് ഒരു ഡാർക്ക് വെബ് ഫോറത്തിലാണ്. 'Revenge Seekers' എന്ന ഗ്രൂപ്പിൽ. നിങ്ങൾ പരസ്പരം കണ്ടിട്ടുപോലുമില്ല. എല്ലാം ഓൺലൈൻ പ്ലാനിംഗ് ആയിരുന്നു. അല്ലേ?"
ഇരുവരും ഞെട്ടി. ഇത് പോലീസിന്റെ കയ്യിലുള്ള തെളിവുകളിൽ ഉണ്ടായിരുന്നില്ല.
"നിങ്ങൾ രണ്ടുപേരും ബുദ്ധിശാലികളാണ്," ജയദേവൻ തുടർന്നു. "പക്ഷെ നിങ്ങളുടെ ഈ 'പെർഫെക്റ്റ് പ്ലാനിൽ' ഒരു ചെറിയ പിശകുണ്ട്."
അയാൾ രുദ്രന് നേരെ തിരിഞ്ഞു. ആ സ്പോട്ട് ലൈറ്റിൽ അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി.
"രുദ്രാ... നീ പറഞ്ഞത് പച്ചക്കള്ളമാണ്."
രുദ്രന്റെ മുഖത്തെ ചിരി മാഞ്ഞു.
"നീ അഞ്ജലിയെ പ്രണയിച്ചിട്ടില്ല," ജയദേവൻ പതുക്കെ പറഞ്ഞു. "അഞ്ജലിക്ക് നിന്നെ അറിയുക പോലുമില്ല."
"What?!" ഗായത്രി അവിശ്വസനീയതയോടെ രുദ്രനെ നോക്കി.
"നുണ പറയരുത്!" രുദ്രൻ അലറി. "അവൾ എന്റെ..."
"അല്ല!" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. "ഞങ്ങൾ അഞ്ജലിയുടെ പഴയ ഫോൺ, അവളുടെ ലാപ്ടോപ്പ്, അവളുടെ ഡയറികൾ... എല്ലാം കീറിമുറിച്ച് പരിശോധിച്ചു. അതിൽ രുദ്രൻ
എന്നൊരു കാമുകൻ ഉണ്ടായിരുന്നു. പക്ഷെ അത് എന്റെ മുന്നിൽ ഇരിക്കുന്ന ഈ രുദ്രൻ അല്ല…..!! ഈ രുദ്രനുമായി അഞ്‌ജലിക്ക് ജീവിതത്തിൽ എവിടെയും ഒരു ബന്ധവുമില്ല…!!”
ഗായത്രിയുടെ ശ്വാസം നിലച്ചു.
"നീ ആരാണ്?" ജയദേവൻ രുദ്രന് നേരെ അലറി.
"'രുദ്രൻ' എന്നത് നിന്റെ യഥാർത്ഥ പേരല്ല. അതൊരു ഫേക്ക് ഐഡിയാണ്. നീ അഞ്ജലിയുടെ കാമുകനല്ലെങ്കിൽ... പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്?"
ജയദേവൻ ഗായത്രിക്ക് നേരെ തിരിഞ്ഞു.
"ഗായത്രീ, നീ ചതിക്കപ്പെട്ടു! ഇവൻ ആദർശിന്റെ കാമുകിയായിരുന്ന നിന്നെ കണ്ടെത്തി. നിന്റെ പ്രതികാരദാഹം മനസ്സിലാക്കി. എന്നിട്ട്, നിന്റെ വിശ്വാസം നേടാൻ, ഇവൻ അഞ്ജലിയുടെ 'വ്യാജ കാമുകനായി' അഭിനയിച്ചു! ഇവൻ നിന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിക്കുകയായിരുന്നു!"
"അല്ല... അല്ല..." ഗായത്രി പൊട്ടിക്കരഞ്ഞു. "രുദ്രാ... പറ... ഇത് സത്യമല്ലെന്ന് പറ!"
രുദ്രൻ നിശബ്ദനായിരുന്നു. അവന്റെ എല്ലാ അഹങ്കാരവും തകർന്നിരുന്നു.
"ഇനി പറയ്," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "നീ ആരാണ്? ആദർശിനോടും അഞ്ജലിയോടും നിനക്ക് എന്ത് പകയാണ് ഉണ്ടായിരുന്നത്? എന്തിനാണ് നീ ഗായത്രിയെയും അലനെയും ഒരുപോലെ കരുക്കളാക്കിയത്?"
"നീ വെറുമൊരു പ്രണയപ്പകയുടെ ഇരയല്ല. നീയാണ് ഈ കളിയുടെ മാസ്റ്റർമൈൻഡ്."
രുദ്രൻ നിശബ്ദത ഭേദിച്ചു. അവൻ പതുക്കെ തലയുയർത്തി.
അവന്റെ മുഖത്ത് ഭയമായിരുന്നില്ല. പരാജയപ്പെട്ടവന്റെ നിസ്സംഗതയായിരുന്നു. അവൻ ജയദേവനെ നോക്കി.
"നീ ജയിച്ചു, ജയദേവൻ. അതെ, ഞാൻ അഞ്ജലിയുടെ കാമുകനായിരുന്നില്ല."
"പിന്നെ എന്തിന്?"
"കാരണം," രുദ്രൻ ചിരിച്ചു. അതൊരു ഭ്രാന്തമായ ചിരിയായിരുന്നു. "എനിക്ക് ആദർശിനെ കൊല്ലണമായിരുന്നു. പക്ഷെ, അത് മാത്രം പോരായിരുന്നു. എനിക്കവനെ മാനസികമായി തകർക്കണമായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം... അവന്റെ ആദ്യരാത്രി... അവൻ ഏറ്റവും വിശ്വസിക്കുന്ന, സ്നേഹിക്കുന്ന പെണ്ണിന്റെ കൈകൊണ്ട് തന്നെ അവന് വിഷം കൊടുത്ത് കൊല്ലണം. അതാണ് എന്റെ പ്രതികാരം."
ഗായത്രി സ്തംഭിച്ചിരിക്കുകയായിരുന്നു.
"നീ... നീ ആരാണ്...?" ജയദേവൻ ചോദിച്ചു.
രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി.
"നീ അഞ്ജലിയുടെ ഡയറി വായിച്ചെന്നല്ലേ പറഞ്ഞത്? അതിൽ ‘രുദ്രൻ’ എന്നൊരു പേര് കണ്ടു. പക്ഷെ, നീ ആ ഡയറി മുഴുവൻ വായിച്ചില്ല."
അവൻ ഒരു നിമിഷം നിർത്തി.
"ആദർശിന് ഒരു അനിയൻ മാത്രമല്ല ഉണ്ടായിരുന്നത്, ജയദേവൻ. അവനൊരു ചേട്ടൻ കൂടിയുണ്ടായിരുന്നു.
ആദർശിന്റെ നിഴലിൽ, ആരുടെയും ശ്രദ്ധ കിട്ടാതെ വളർന്ന, അവന്റെ അഹങ്കാരം കൊണ്ട് ബിസിനസ്സിൽ നിന്ന് പുറത്താക്കപ്പെട്ട, സ്വന്തം അച്ഛന്റെ സ്വത്തിൽ നിന്ന് ഒരു നയാപൈസ കിട്ടാതെ പോയ ഒരു മൂത്ത മകൻ."
ജയദേവന്റെ കൈകൾ അറിയാതെ മേശയിൽ മുറുകി.
"അവന്റെ പേര്... എന്റെ പേര്..." രുദ്രൻ പറഞ്ഞു. "അത് 'രുദ്രൻ' എന്നല്ല."
"അത്... 'മാധവ്' എന്നാണ്."
അവൻ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. "ആദർശിന്റെ സ്വന്തം ചേട്ടൻ."
ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കയ്യിൽ നിന്ന് പേന നിലത്തുവീണു.
"നീ... നീ ആദർശിന്റെ..." ജയദേവൻ അവിശ്വസനീയതയോടെ പറഞ്ഞു.
"അതെ," മാധവ് പറഞ്ഞു. "അവന്റെ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. ആരും അറിയാത്ത രഹസ്യം. ഗായത്രിയെ ഞാൻ കണ്ടെത്തി, പണം വാഗ്ദാനം ചെയ്തു. അലനെ ഞാൻ കരുവാക്കി. എല്ലാം... എല്ലാം അവന്റെ അന്ത്യം ഇങ്ങനെയായിരിക്കാൻ വേണ്ടി മാത്രമായിരുന്നു. അവന്റെ കല്യാണ രാത്രിയിൽ, അവന്റെ വധുവിന്റെ കൈകൊണ്ട് തന്നെ.”
ജയദേവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അയാൾ ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. പിന്നെ... പതുക്കെ...
അവൻ ചിരിക്കാൻ തുടങ്ങി.
അതൊരു സാധാരണ ചിരിയായിരുന്നില്ല. ക്ഷീണിച്ച, എന്നാൽ എല്ലാം മനസ്സിലാക്കിയ ഒരുവന്റെ തണുത്ത ചിരി.
മാധവിന്റെ മുഖത്തെ അഹങ്കാരം ഒരു നിമിഷം സംശയത്തിന് വഴിമാറി. "നീ... നീയെന്തിനാ ചിരിക്കുന്നത്?"
ജയദേവൻ ചിരി നിർത്തി. അവൻ മുറിയുടെ മൂലയിൽ, ഇരുട്ടിൽ വെച്ചിരുന്ന മറ്റൊരു ഫയൽ കയ്യിലെടുത്തു. അവൻ അത് തിരികെ വന്ന് സ്റ്റീൽ മേശപ്പുറത്ത്, ആ സ്പോട്ട് ലൈറ്റിന് താഴേക്ക് വലിച്ചെറിഞ്ഞു.
"നീ ഒരു ഗംഭീര കഥ പറഞ്ഞു, മാധവ്," ജയദേവൻ പറഞ്ഞു. "പക്ഷെ, നീ ആ കഥ തുടങ്ങാൻ ഒരുപാട് വൈകിപ്പോയി."
അവൻ ആ ഫയൽ തുറന്നു. അതിലെ ആദ്യത്തെ പേജ് മാധവിന് നേരെ തിരിച്ചു. അതൊരു പഴയ ഫോട്ടോയായിരുന്നു. ആദർശിന്റെ അച്ഛന്റെയും, മറ്റൊരു സ്ത്രീയുടെയും, അവർക്കിടയിൽ നിൽക്കുന്ന ഒരു കൗമാരക്കാരന്റെയും.
"മാധവ്. ജനനം 1988," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "പിതാവ്: സച്ചിദാനന്ദൻ. മാതാവ്: മാധവിയമ്മാൾ, പഠനം ഊട്ടിയിൽ. 2015-ൽ ബാംഗ്ലൂരിലേക്ക് മാറി. ഒരു ടെക് കമ്പനി തുടങ്ങി... പക്ഷെ അത് പൂട്ടിപ്പോയി. കാരണം, നിന്റെ അച്ഛൻ, ആദർശിന്റെ അച്ഛൻ, ഫണ്ടിംഗ് പിൻവലിച്ചു."
മാധവിന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. അവന്റെ അഹങ്കാരം ഒരു നിമിഷം കൊണ്ട് തകർന്നു.
"നീ... നിനക്കിതെങ്ങനെ...?"
"നീ കരുതിയോ എനിക്കിതൊന്നും അറിയില്ലായിരുന്നെന്ന്?"
"നീ എറിഞ്ഞുതന്ന 'രുദ്രൻ', 'ഗായത്രി' എന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ മാത്രം ഓടുന്ന ഒരു വിഡ്ഢിയാണ് ഞാനെന്ന് നീ കരുതി അല്ലെ…!!”
ജയദേവൻ മേശയിൽ ആഞ്ഞടിച്ചു.
"നിന്റെ പ്ലാൻ പെർഫെക്റ്റ് ആയിരുന്നു, മാധവ്! അത് അത്ര പെർഫെക്റ്റ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് സംശയം തോന്നിയത്!
ഇതൊരു സാധാരണ പ്രണയപ്പകയല്ല. ഇതൊരു പ്രൊഫഷണൽ ഹിറ്റ് ആണ്. അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്ത ഒന്ന്. ഒരു സാധാരണ കാമുകന് ഇത് കഴിയില്ല!.
അവൻ ഗായത്രിക്ക് നേരെ വിരൽ ചൂണ്ടി. "അതുകൊണ്ട്, ഞങ്ങൾ ഇവളുടെ പിന്നാലെ മാത്രം പോയില്ല."
അവൻ മാധവിന് നേരെ തിരിഞ്ഞു. "ഞങ്ങൾ ആദർശിന്റെ ശത്രുക്കളെ തിരഞ്ഞു. അവന്റെ ബിസിനസ്സ്... അവന്റെ കുടുംബം... അവന്റെ ഭൂതകാലം... എല്ലാം ഞങ്ങൾ അരിച്ചുപെറുക്കി. അപ്പോഴാണ് ഞങ്ങൾ നിന്നെ കണ്ടെത്തിയത്."
ജയദേവൻ ആ ഫോട്ടോയിൽ വിരലമർത്തി.
"ആരും അറിയാത്ത, ആരും സംസാരിക്കാത്ത ആ Blank son. ആ മൂത്ത മകൻ!"
"നീ 'രുദ്രൻ' എന്ന പേരിൽ ഒളിച്ചിരിക്കുമ്പോൾ, ഞാൻ 'മാധവ്' എന്ന നിന്റെ യഥാർത്ഥ പേരിന് പിന്നാലെയായിരുന്നു. നീയാണ് ഗായത്രിയെ കണ്ടെത്തിയത്. നീയാണ് അലന്റെ ബലഹീനത മുതലെടുത്തത്. നീയാണ് ഈ കളി മുഴുവൻ നിയന്ത്രിച്ചത്."
ജയദേവൻ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. നെറ്റിയിലെ ബാൻഡേജിൽ നിന്ന് ഒരു തുള്ളി വിയർപ്പ് മേശപ്പുറത്തേക്ക് ഇറ്റുവീണു.
"നീയിപ്പോൾ കുറ്റം സമ്മതിക്കുകയല്ല ചെയ്തത്, മാധവ്."
ജയദേവന്റെ ശബ്ദം ഒരു മന്ത്രം പോലെ താഴ്ന്നു.
"എനിക്ക് നേരത്തെ അറിയാമായിരുന്ന ഒരു സത്യം... നീയിപ്പോൾ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്."
ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത. മാധവ് എന്ന 'മാസ്റ്റർമൈൻഡ്', ജയദേവൻ എന്ന പോലീസുകാരന് മുന്നിൽ ആദ്യമായി പതറി.
"ഒരൊറ്റ ചോദ്യം കൂടി, മാധവ്," ജയദേവന്റെ ശബ്ദം താഴ്ന്നു. "എന്തിനാണ് ഇത്രയും ക്രൂരമായി? സ്വന്തം സഹോദരനെ... അവന്റെ വിവാഹ രാത്രിയിൽ തന്നെ…? എന്താണ് അവൻ നിന്നോട് ചെയ്തത്?"
ആ ചോദ്യം മാധവിനെ തളർത്തി. അവൻ ഒരു നിമിഷം കണ്ണുകളടച്ചു. അവന്റെ അഹങ്കാരമെല്ലാം ഒരു ചില്ലുപാത്രം പോലെ തകർന്നുവീണു.
"സഹോദരനോ?"
അവൻ ചിരിച്ചു. അതൊരു ഭ്രാന്തൻ ചിരിയായിരുന്നില്ല. അതിൽ ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു.
"അവനെന്റെ സഹോദരനായിരുന്നില്ല, ജയദേവാ... അവൻ എന്റെ അന്തകനായിരുന്നു."
അവൻ ആ ചോദ്യം ചെയ്യൽ മുറിയിലെ കസേരയിലേക്ക് തളർന്നിരുന്നു.
"നിനക്കറിയോ എന്റെ ബാല്യം?" മാധവ് ദൂരേക്ക് നോക്കി സംസാരിച്ചുതുടങ്ങി. ആ മുറി പെട്ടെന്ന് ഒരു കോടതിമുറി പോലെ നിശബ്ദമായി.
"എന്റെ ഓർമ്മ തുടങ്ങുന്നത് ഊട്ടിയിലെ ഒരു വലിയ ബംഗ്ലാവിലാണ്. 'ഗ്ലെൻവ്യൂ എസ്റ്റേറ്റ്'. പുറംലോകത്തിന് അതൊരു ഗസ്റ്റ് ഹൗസ് മാത്രം. എനിക്ക്... അതൊരു സ്വർണ്ണക്കൂടായിരുന്നു.
ആരും അറിയാത്ത, ആർക്കും വേണ്ടാത്ത ഒരു രാജകുമാരൻ. ഞാൻ... 'അയാളുടെ' ആദ്യഭാര്യയിലെ മകൻ…
"എല്ലാ മാസവും ഒന്നാം തീയതി അയാൾ വരും. വിലകൂടിയ കളിപ്പാട്ടങ്ങൾ... മുന്തിയ ചോക്ലേറ്റുകൾ... എല്ലാം തരും. പക്ഷെ ഒന്നുറക്കെ, 'അച്ഛാ' എന്ന് വിളിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. കാരണം, ഞാൻ 'രഹസ്യമായിരുന്നു'."
"എന്റെ അമ്മ... അവർ സുന്ദരിയായിരുന്നു. പക്ഷെ, ആരും വരാത്ത ആ ബംഗ്ലാവിൽ, പുറംലോകം കാണാതെ, ഭർത്താവിന്റെ പേര് പറയാൻ അവകാശമില്ലാതെ, അവർ പതിയെപ്പതിയെ... ഇല്ലാതാവുകയായിരുന്നു. അതൊരു ഒറ്റപ്പെട്ട ബാല്യമായിരുന്നു."
"എന്റെ അഞ്ചാമത്തെ വയസ്സിലാണ് ആദർശ് ജനിക്കുന്നത്. 'അയാളുടെ' നിയമപരമായ മകൻ. പത്രങ്ങളിലെല്ലാം അവന്റെ ചിരിക്കുന്ന ഫോട്ടോ വന്നു. 'കോടീശ്വരന്റെ അവകാശി'. അന്ന് രാത്രി ആദ്യമായി എന്റെ അമ്മ അയാളോട് വഴക്കിട്ടു. എനിക്കും ആ പേര് വേണം... എനിക്കും ആ സ്ഥാനം വേണം..."
മാധവിന്റെ കണ്ണുകൾ ചുവന്നു.
"അയാൾ അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട്... 'അവൻ എന്റെ മകനാണ്. നീയോ... നീ എന്റെയൊരു തെറ്റാണ്. തെറ്റിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. അതാണ് നീയും അവനും.'"
"അതായിരുന്നു എന്റെ അമ്മയുടെ നരകയാതനയുടെ തുടക്കം. അവർക്ക് ഭ്രാന്തായിരുന്നില്ല, ജയദേവാ. അവർക്ക് സ്‌നേഹം കിട്ടിയില്ല. അവർ ആ മുറിക്കുള്ളിൽ കിടന്ന് അലറി... കരഞ്ഞു... അവസാനം അവർ മരുന്നുകളിൽ അഭയം തേടി."
"എന്റെ പത്താമത്തെ വയസ്സിൽ, അയാൾ അവരെ ഊട്ടിയിലെ ഒരു ഭ്രാന്താശുപത്രിയിലാക്കി. എന്നെ ബാംഗ്ലൂരിലെ ഏറ്റവും വിലകൂടിയ ബോർഡിംഗ് സ്കൂളിലേക്കും അയച്ചു. പണം... അതെന്റെ അക്കൗണ്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, പേരിന്റെ സ്ഥാനത്ത് അപ്പോഴും ആ നീചന്റെ പേരുണ്ടായിരുന്നില്ല."
"പിന്നീട് ഞാൻ കേൾക്കുന്നത് ആദർശിന്റെ വളർച്ചയാണ്. അച്ഛന്റെ സ്നേഹം... ബിസിനസ്സിലെ പങ്കാളിത്തം... എല്ലാം. ഞാൻ ബിസിനസ്സ് തുടങ്ങാൻ പണം ചോദിച്ചപ്പോൾ അയാൾ തന്നു. പക്ഷെ, ഞാൻ ആദർശിനേക്കാൾ വളരുമെന്ന് കണ്ടപ്പോൾ, അയാൾ എന്റെ ഫണ്ടിംഗ് നിർത്തി. എന്നെ വീണ്ടും പൂജ്യമാക്കി."
അവൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി.
"അവസാനമായി ഞാൻ അവനെ കണ്ടു. ആദർശിനെ. അഞ്ജലിയുമായുള്ള അവന്റെ വിവാഹനിശ്ചയത്തിന് ഒരാഴ്ച മുൻപ്. ഞാൻ അവന്റെ ഓഫീസിൽ പോയി. ഒരൊറ്റ കാര്യം ചോദിക്കാൻ. എന്റെ അമ്മ ഇപ്പോഴും ആ ഇരുട്ടുമുറിയിലുണ്ട്. അവരെ മോചിപ്പിക്കാൻ... അവരെ എനിക്ക് തിരിച്ചുതരാൻ."
"അവൻ എന്നെ നോക്കി ചിരിച്ചു.
അവനറിയില്ലായിരുന്നു ഞാൻ അവന്റെ ചേട്ടനാണെന്ന്. അവൻ അവന്റെ അച്ഛൻ എന്നോട് പറഞ്ഞ അതേ വാക്ക് ആവർത്തിച്ചു."
'You are a mistake. My father's mistake.'
"അന്ന്," മാധവ് ശ്വാസമെടുക്കാൻ പാടുപെട്ടു. "അന്ന് ഞാൻ തീരുമാനിച്ചു. ഈ 'തെറ്റ്' നിങ്ങളെ എല്ലാവരെയും തിരുത്തും."
"എന്റെ അമ്മയുടെ താലി അറുത്ത ആ കുടുംബത്തെ ഞാൻ ഇല്ലാതാക്കും. എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, അവന്റെ അഹങ്കാരമായ ആദർശിൽ നിന്ന് തന്നെ ഞാൻ തുടങ്ങി. അവന്റെ ഏറ്റവും സന്തോഷമുള്ള രാത്രി... അവന്റെ ആദ്യരാത്രി... അത് അവന്റെ അവസാനത്തെ രാത്രിയാക്കി. അവന്റെ പെണ്ണിനെ കൊണ്ട് തന്നെ അവന് വിഷം കൊടുപ്പിച്ചു!"
മാധവ് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ കണ്ണുനീരുണ്ടായിരുന്നു.
"അതൊരു പ്രതികാരമായിരുന്നില്ല, ജയദേവാ. അതൊരു ശുദ്ധീകരണമായിരുന്നു. ആര് കേട്ടാലും അറച്ചു പോകുന്ന എന്റെ ബാല്യത്തിനുള്ള എന്റെ സ്വന്തം നീതി!"
ആ മുറിയിൽ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ജയദേവൻ ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നുപോയി.
അയാൾ ഒരു ഭീകരനായ കുറ്റവാളിയെ ആയിരുന്നില്ല പിടികൂടിയത്. കാലം വേട്ടയാടി, മുറിവേൽപ്പിച്ചു ഭ്രാന്തനാക്കിയ ഒരു ഇരയെയായിരുന്നു.
"ബേസിൽ," ജയദേവൻ തിരിഞ്ഞുനോക്കാതെ വിളിച്ചു. "വനിതാ പോലീസിനെ വിളിക്ക്. ഗായത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തു. ആൻഡ്..."
അവൻ മാധവനെ നോക്കി. "ഇവന് സ്പെഷ്യൽ സെല്ലിലേക്ക് ഒരു സിംഗിൾ റൂം ബുക്ക് ചെയ്തേക്ക്. The rest of his life.”
ജയദേവൻ വേഗം അവിടെ നിന്നേഴുന്നേറ്റു, പുറത്തേക്ക് കടക്കുവാൻ ദൃതിയോടെ നടന്നു….
പെട്ടെന്ന്, പിന്നിൽ നിന്ന് ഒരു നീട്ടിയ വിസിലടി കേട്ടു.
ജയദേവൻ വാതിൽക്കൽ നിശ്ചലനായി.
"ഐവ... എന്താ സാറേ, കഥ തീർന്നോ…? നിന്റെ സ്ക്രിപ്റ്റ് ഇവിടെ വരെ ഉണ്ടായിരുന്നുള്ളൂല്ലേ….…. പക്ഷെ എന്റെ കഥ ഞാൻ അവസാനിപ്പിച്ചിട്ടില്ല, ജയദേവാ….. നീ എനിക്ക് പറ്റിയ ഒരു നായകനേയല്ല, ഇത് വില്ലന്റെ കഥയാടാ DySP സാറേ…!!” ലേശം ഉളുപ്പുണ്ടെങ്കിൽ കാക്കിയൂരി കളഞ്ഞിട്ട്, തെണ്ടി തിന്നെടാ… തുഫ്…..!”
തുടരും..
✍️✍️ബിനു.
#✍ തുടർക്കഥ