ഭിന്നിപ്പിച്ചു ഭരിച്ചവർ നൽകിയ
സ്വാതന്ത്ര്യം ഒരു കള്ളമാണ്...
വിദേശാധിപത്യത്തിൽ നിന്ന്
സ്വദേശാധിപത്യത്തിലേക്കുള്ള
ദൂരം മാത്രമാണ് സ്വാതന്ത്ര്യം !!
വിഭജനത്തിലാത്മാവ് നഷ്ടപ്പെട്ട
വിധുരമായൊരിടം പോലെ രാജ്യം
പലായനത്തിന്റെ തിരുമുറിവുകൾ
ശേഷിച്ച നീറ്റലുകളുണങ്ങാത്തയിടം
സ്വാതന്ത്ര്യമല്ല നാം നേടിയെടുത്തത്
അധികാര കൈമാറ്റമതൊന്നു മാത്രം
അധിനിവേശങ്ങളിന്നും തുടരുകയാണ്
അവസ്ഥകൾക്കനുസരിച്ച് നിറം മാറി
വ്യവസ്ഥിതികളിന്നും പിൻപറ്റുകയാണ്
വെള്ളക്കാരവശേഷിപ്പിച്ച കനലുകളെ
ആരാന്റെ വിയർപ്പിൽ അധികാരമേറി
അധീശത്വം പുലർത്തുന്നു ജനാധിപത്യം
പണാധിപത്യം അളന്നു കുറിച്ച നാട്ടിൽ
പുരോഗതി കുത്തകകൾക്ക് മാത്രം..
ഉയിര് വിതച്ച മൺപാടങ്ങൾക്ക് മേലേ
വെയില് തിളക്കുമ്പോ ഹൃദയം കത്തുന്നു
വിളവ് കൊയ്യാത്തവരുടെ വിയർപ്പിൻ
ഗന്ധമിന്ന് തെരുവ് തോറും നിറയുന്നു
സ്വാതന്ത്ര്യം ചങ്ങലകളിൽ പുളയുമ്പോൾ
സമര ചരിത്രങ്ങൾ പാഴ്കഥ മെനയുന്നു
നാനാത്വം ഏകത്വമില്ലാതെ വിളറുന്നു
അഖണ്ഡത വിഘടിച്ച് അപൂർണ്ണമായ
ആത്മാവിനെ ഐക്യപ്പെടുത്തുന്നു
വികസന പാതകളിലോ ചൂഷണവും
അവസ്ഥാന്തരങ്ങളിൽ കലി തുള്ളിയ
പ്രകൃതി പ്രളയങ്ങൾ നട്ടു നനച്ചു
ദേശീയതയുടെ എക്കൽ മണ്ണടിഞ്ഞ
മനസ്സിലെ വന്യതകളാലൊരുവൻ
മറ്റൊരുവനെ കൊന്നു തള്ളുന്നു
വികസന പുരോഗതികളുടെ പാതയിൽ
വിസ്മരിക്കപ്പെട്ടവരുടേതു കൂടിയാണ്
നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം
അടയാളങ്ങൾ അവശേഷിപ്പിക്കാതെ
ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ
വീരയോദ്ധാക്കളുടെ ജീവത്യാഗങ്ങളെ
സ്മരിക്കുന്നതാകട്ടെ സ്വാതന്ത്ര്യ സ്മൃതി !
#independenceday🇮🇳


