കണ്ണാടിയിലെ ലോകം
ആദിത്യൻ എന്ന 16-കാരന് യഥാർത്ഥ ലോകം ഒരു മങ്ങിയ ചിത്രമായിരുന്നു. ജനലിനപ്പുറമുള്ള തെളിഞ്ഞ ആകാശമോ, പറന്നുപോകുന്ന പക്ഷികളോ, മുറ്റത്തെ മാമ്പഴക്കാലമോ അവനൊരു വിഷയമായിരുന്നില്ല. അവന്റെ ലോകം അവന്റെ മുറിയിലെ കമ്പ്യൂട്ടർ സ്ക്രീനിനുള്ളിൽ ഒതുങ്ങി. അവിടെ അവൻ ഒരു രാജാവായിരുന്നു. ‘നിഴൽ’ എന്നായിരുന്നു അവന്റെ ഓൺലൈൻ പേര്.
സ്കൂൾ ക്ലാസ്സുകൾ ഓൺലൈനായിരുന്നു. കൂട്ടുകാർ ഫോണിലെയും ഗെയിമുകളിലെയും ഡിജിറ്റൽ അവതാരങ്ങൾ മാത്രം.
രാത്രിയും പകലും അവനറിയില്ലായിരുന്നു. ഉറങ്ങുമ്പോൾ പോലും അവന്റെ കൈകൾ മൊബൈൽ ഫോണിൽ എന്തെങ്കിലും ടൈപ്പ് ചെയ്തുകൊണ്ടേയിരുന്നു. അവന്റെ അമ്മ, അവന്റെ ഈ അവസ്ഥയിൽ വല്ലാതെ ദുഃഖിച്ചു. "മോനെ, പുറത്തിറങ്ങി കളിക്കൂ, കൂട്ടുകാരുമായി സംസാരിക്കൂ," അമ്മ പറയുമ്പോൾ, "അമ്മേ, എന്റെ കൂട്ടുകാർ ഇവിടെയുണ്ട്, എനിക്ക് പുറംലോകം ആവശ്യമില്ല," എന്ന് അവൻ മറുപടി നൽകി. അവന്റെ കൈയിലെ ഫോണും കമ്പ്യൂട്ടർ കീബോർഡും അവനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവന്റെ എല്ലാ ചിന്തകളും അവന്റെ ഡിജിറ്റൽ ലോകത്തേക്ക് ചുരുങ്ങി.
ഒരു ദിവസം, ഓൺലൈൻ ഗെയിമിൽ അവന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ 'വിജയ്' അപ്രത്യക്ഷനായി. ആദിത്യൻ ദിവസങ്ങളോളം അവനെ വിളിച്ചുനോക്കി. സന്ദേശങ്ങൾ അയച്ചു, പക്ഷേ മറുപടിയൊന്നുമുണ്ടായില്ല. ആദിത്യൻ പരിഭ്രാന്തനായി. ആ ദിവസങ്ങളിൽ അവൻ ഒറ്റപ്പെട്ടു. അവനറിയാവുന്ന ലോകത്ത് വിജയ് ഇല്ലായിരുന്നു. അവന് ഒരു ശൂന്യത അനുഭവപ്പെട്ടു.
ഒടുവിൽ, വിജയിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അവന്റെ ഒരു സഹോദരി ഒരു കുറിപ്പ് പങ്കുവെച്ചു. "വിജയ് ഇനി നമ്മുടെ കൂടെയില്ല. ഓൺലൈൻ ഗെയിമിംഗിന് അടിമപ്പെട്ട അവൻ ശരിയായ ഭക്ഷണവും ഉറക്കവും ഇല്ലാതെ ആരോഗ്യപ്രശ്നങ്ങളാൽ മരണപ്പെട്ടു."
ഈ വാർത്ത ആദിത്യനെ തളർത്തി. അവന്റെ കണ്ണാടി ലോകം പൊട്ടിത്തകർന്നതുപോലെ അവനനുഭവപ്പെട്ടു. അവൻ സ്ക്രീനിൽ നിന്ന് തലയുയർത്തി മുറിക്ക് പുറത്തേക്ക് നോക്കി. അവിടെ യഥാർത്ഥ സൂര്യനുദിച്ചുയരുന്നുണ്ടായിരുന്നു. അവൻ പുറത്തിറങ്ങി. ശുദ്ധവായു ശ്വസിച്ചു. കാലങ്ങളായി അവൻ ശ്രദ്ധിക്കാതെപോയ പൂക്കൾ അവനെ നോക്കി ചിരിക്കുന്നതുപോലെ അവനനുഭവപ്പെട്ടു. അവൻ ആദ്യമായി വീടിന് പുറത്തുള്ള പുൽത്തകിടിയിൽ നടന്നു. കാലുകൾക്ക് ഒരുതരം വിചിത്രമായ അനുഭവം. അവന്റെ ശരീരത്തിൽ ആദ്യമായി സൂര്യരശ്മി പതിച്ചു. അവന്റെ കണ്ണുകൾക്ക് വെളിച്ചം താങ്ങാൻ കഴിഞ്ഞില്ല.
പെട്ടെന്ന് അവൻ തന്റെ ഫോൺ പുറത്തെടുത്തു. അതിൽ തന്റെ ഡിറ്റൽ സുഹൃത്തുക്കളെ അവൻ ബ്ലോക്ക് ചെയ്തു. അവന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. യഥാർത്ഥ ലോകത്തിൽ കൂട്ടുകാരെ കണ്ടെത്തുക. അവൻ തന്റെ മുറിയുടെ ജനൽ തുറന്നു. പുറത്തേക്ക് നോക്കി. ഒരു കൂട്ടം കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. അവൻ പതുക്കെ ഗേറ്റ് തുറന്ന് പുറത്തിറങ്ങി. പതിയെ അവരുടെ അടുത്തേക്ക് നടന്നു. അവന്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അവൻ ഒരു പുതിയ ലോകത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു. ഒരു ഡിജിറ്റൽ ലോകത്തിന് അപ്പുറമുള്ള ലോകത്തേക്ക്.
Soubanath
Edathanattukara #വായന മുറി #📚 വായന മുറി ✔️


