@10jouharmuthu
@10jouharmuthu

Jouhar muthu

like follow and support me plz

#

📙 നോവൽ

🌿പ്രാണ 🌿 Part 8 "ചേട്ടാ... രണ്ട് പാക്കറ്റ് വിസ്പർ..." കടക്കാരൻ എന്നെയൊന്ന് അടിമുടി നോക്കി... ഇങ്ങേര് ഒറ്റ ഒരാളാണ് എന്നെ പറ്റി ഓരോന്ന് പറഞ്ഞ് ഈ നാടാകെ പരത്തുന്നത്... സാധാരണ കോണ്ടം വാങ്ങാൻ വരുന്ന ഞാൻ, വിസ്പർ വാങ്ങാൻ വന്നതിൻറെ തിളക്കമാണ് അങ്ങേരുടെ മുഖത്ത്...!! ഇന്നയാൾ പൊലിപ്പിക്കും... എന്നാലും എവിടെയോ ഒരു സംശയം ബാക്കി... "അല്ലാ, നിനക്കെന്തിനാ വിസ്പർ..." "എനിക്കെന്താ വിസ്പർ മേടിക്കാൻ പാടില്ലേ... താൻ വിൽക്കാൻ അല്ലെ ഇരിക്കുന്നേ... കാശ് തന്നാൽ തരാനെന്താ ഇത്ര പാട്..." "ഒന്നൂല്യെ.... ചോദിച്ചെന്നേ ഉള്ളൂ..." "മ്മ്... ചേട്ടന്റെ മോള് ശ്രീലക്ഷ്മിയെ പറ്റി സുധി എന്നോടും ചോദിച്ചിരുന്നു... അവൾക്ക് വല്ല ലൈനും ഉണ്ടോന്ന്... അവളിപ്പോ കോളേജിലായി അല്ല്യോ..." സുധിയ്ക്കും അത്യാവശ്യം നല്ല ചീത്തപ്പേരുള്ളത് കൊണ്ട്, അങ്ങേര് പെട്ടെന്ന് സാധനം പൊതിഞ്ഞെടുത്തു... അല്ല പിന്നെ... ബാക്കി തന്ന ചില്ലറപൈസ നുള്ളിപ്പെറുക്കിയെടുത്ത് ഞാൻ പോക്കറ്റിലിട്ടു... "വെള്ളപ്പൊക്കം വന്നപ്പോ ഇക്കണ്ട പയ്യന്മാരൊക്കെ വാങ്ങി നടന്ന സാധനാ ഇത്... എന്നിട്ടും താനൊന്നും ഒലിച്ച് പോയില്ലല്ലോ... പരമകഷ്ടം... എന്നാ പോട്ടെ..." ഇത് എന്തായാലും ഇന്ന് തന്നെ പാട്ടാകും, അതോണ്ട് ഇരിക്കട്ടെ ചുമ്മാ ഒരു പഞ്ചിന്...!! വീട്ടിൽ വരുമ്പോൾ ഉമ്മറപ്പടിയിൽ മുടിയൊക്കെ അഴിച്ചിട്ട് നിൽക്കുന്നു പ്രാണ... നല്ല കാച്ചെണ്ണയുടെ മണം... എന്റെ കയ്യിൽ നിന്നും പൊതി മേടിച്ച് അവൾ അകത്തേക്ക് നടക്കാൻ തുടങ്ങിയതും... "പ്രാണാ... ഇതും തനിക്ക് വേണ്ടി മേടിച്ചതാ..." സംശയഭാവത്തിൽ എന്റെ കയ്യിലിരുന്ന കവറിലേക്കായി അവളുടെ നോട്ടം.... "എന്തായിത്..." "തനിക്ക് മാറാൻ ഒരു സാരി... ഇട്ടിരിക്കുന്നത് മുഷിഞ്ഞ് കാണും..." "വേണ്ട ആദിത്ത്... അമ്മ എനിക്കൊരു സാരി തന്നു... എനിക്കത് മതി..." അതും പറഞ്ഞവൾ ഒന്ന് ചിരിക്ക പോലും ചെയ്യാതെ അകത്തേക്ക് പോയി... ഞാൻ വീണ്ടും ശശി...!! ഇനീപ്പോ ഈ പണ്ടാരം എന്താ ചെയ്യാ... "എന്താ ടാ അവിടെ..." എവിടെ നിന്നോ അമ്മയുടെ ശബ്ദം പൊട്ടിവീണു...!! "ഇവിടെയുണ്ടായിരുന്നോ... ഒക്കെ കണ്ട് കാണുമല്ലോ അല്ലേ..." "എല്ലാം കണ്ടു, എല്ലാം കേട്ടു... പുന്നാരമോന്റെ മോന്ത ഇങ്ങനെ അളിഞ്ഞിരിക്കുന്നത് കാണാൻ നല്ല ചന്തം..." "ട്രോളിക്കഴിഞ്ഞെങ്കി ദാ ഇതും കൂടി വച്ചോ...!!" അല്ലേലും ഈ പെണ്ണുങ്ങളൊക്കെ ഒറ്റക്കെട്ടാ... സാരി അമ്മയെ അടിച്ചേൽപ്പിച്ച് മുറുമുറുത്ത് ഞാൻ മുറിയിലേക്ക് നടന്നു... എന്നാലും പ്രാണ എന്താ ഒരു മൈൻഡില്ലാത്തെ... അതും പെട്ടെന്ന് ഒരു മാറ്റം... ഇനീപ്പോ ഞാൻ എന്ത് ചോദിക്കും എന്ന് കരുതിയാണോ... വാതിൽ തള്ളിത്തുറന്നതും ആരോ മേത്ത് വന്നിടിച്ചതും ഒന്നിച്ചാണ്...! നെറ്റി തടവി നോക്കുമ്പോൾ, കുളി കഴിഞ്ഞ് തലേക്കെട്ടുമായി മുന്നിൽ പ്രാണ...!!! "തനിക്കെന്താ ടോ കണ്ണ് കണ്ടൂടെ..." "എന്റെ മുറിയിൽ വന്നിട്ട് നീ എന്നോട് ചാടിക്കടിക്കുന്നോ... മനുഷ്യന്റെ തലയും പോയി...!" "അമ്മ തന്നെയാ എന്നോട് ഇന്നിവിടെ കിടക്കാൻ പറഞ്ഞെ... അപ്പുറത്ത് മാളൂനും അമ്മയ്ക്കും കിടക്കാനേ സ്ഥലമുള്ളൂന്ന് പറഞ്ഞു..." "അപ്പൊ ഞാനോ..." "നിനക്ക് ഉമ്മറത്ത് പായ വിരിച്ച് തരാം... അവിടെ കിടന്നോ..." പ്രത്യക്ഷപ്പെട്ടു പോരാളി... കക്ഷത്തിലൊരു പായയും ചുരുട്ടി പിടിച്ച്... "സാരിക്ക് പകരം പായ കിട്ടുന്ന വീട് ലോകത്ത് ഇതൊന്ന് മാത്രമായിരിക്കും... ഇനീപ്പോ വിരിച്ച് ബുദ്ധിമുട്ടണ്ട... ഇങ്ങ് തന്നേരെ... ഞാൻ തന്നെ വിരിച്ചോളാം..." "എന്നാ നീ തന്നെ വിരിച്ചോ..." കേൾക്കേണ്ട താമസം പായ എന്നെ ഏൽപ്പിച്ച് അമ്മയും പോയി... ഈ വീട്ടിൽ പിടിച്ച് നിൽക്കാൻ പറ്റില്ല... പായ നിലത്ത് വിരിച്ച് ഞാൻ ഉമ്മറത്ത് ചുരുണ്ട് കൂടി........... പതിവിൽ കൂടുതൽ കിളികളുടെ ഒച്ച കേട്ടാണ് കണ്ണ് തുറന്നത്... പിന്നെ ഫോണടിയും.... നോക്കുമ്പോൾ സ്റ്റീഫൻ കാളിങ്...!! പെട്ടെന്നാണ് കുളിപ്പിന്നുമായി പ്രാണ മുന്നിലെത്തിയത്... "ആദിത്ത്... ചായ..." ചായ മേടിക്കണോ ഫോണെടുക്കണോ... കൈയും വിറക്കുന്നു...! ഇതിപ്പോ എന്ത് ചോദിക്കാനാകും... പ്രാണയോ മാളുവോ... ഫോണെടുത്താൽ പെടും... "ആദിത്ത്... നോക്കി നിൽക്കാതെ ഫോണെടുക്ക്... അയാൾ എന്നെപ്പറ്റി എന്തായാലും ചോദിക്കില്ല..." "അത് നിനക്കെങ്ങനെ അറിയാം...." "അയാൾ എന്നെയും വിളിച്ചിരുന്നു...!! സ്റ്റേഷനിൽ നടന്നതിനെ പറ്റി ചോദിക്കാൻ... എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അവിടന്ന് ഇറങ്ങി പോന്നതെന്ന് പറഞ്ഞിട്ടുണ്ട്... അതോണ്ട് എന്റെ പേരിൽ അയാൾ നിങ്ങളെ ഒരിക്കലും ചോദ്യം ചെയ്യില്ല..." വിറച്ച കൈകളോടെ ഞാൻ ഫോണെടുത്തു....!! "നിനക്കെന്താ ടാ ഫോണെടുക്കാൻ ഇത്ര താമസം....!! എവിടാ നീയിപ്പോ... നാട് വിട്ടോ, അതോ..." "എന്താ സാർ ഇങ്ങനെയൊക്കെ ചോദിക്കുന്നെ... ഞാൻ എന്റെ വീട്ടിൽ തന്നെയുണ്ട്..." "ആ കൊച്ചോ..." "അതും എന്റെ കസ്റ്റഡിയിൽ തന്നെയുണ്ട്..." "അപ്പൊ നിനക്ക് സ്റ്റീഫനെ നന്നായി അറിയാം... ഗുഡ്... ഇനിയെന്താ നീ ചെയ്യേണ്ടതെന്ന് ഞാൻ പറയാം..." എല്ലാം ശ്രദ്ധിച്ച് കേട്ട് ഒടുവിൽ അയാളുടെ ആവശ്യം കേട്ടപ്പോൾ...... നിന്ന നിൽപ്പിൽ ഞാൻ ഇല്ലാതാകുന്ന പോലെ... "സാർ അത്..." "നീ ഞാൻ പറഞ്ഞത് ചെയ്‌താൽ മതി... അറിയാല്ലോ എന്നെ...!!" "ശരി സാർ..." സമ്മതം മൂളി ഞാൻ ഫോൺ വച്ചു.... "അയാൾ എന്ത് പറഞ്ഞു ആദിത്ത്‌... എന്താ അയാൾക്ക് വേണ്ടത്..." "അയാൾക്ക് വേണ്ടത് അത് തന്നെയാ ടോ, മാളു...!!" "ഇല്ല ആദിത്ത്, ഞാൻ ഇതിന് സമ്മതിക്കില്ല... അയാൾക്ക് കൊടുക്കരുത് അവളെ... നിങ്ങളെനിക്ക് വാക്ക് തന്നതാ..." "അയാൾക്കും വേണ്ട അവളെ... പക്ഷെ..." "പിന്നെന്താ അയാൾക്ക് വേണ്ടത്.... പറയ് ആദിത്ത്... എന്താ അയാൾ പറഞ്ഞത്..." "അവളെ കൊല്ലാൻ...!! കേസും നൂലാമാലയുമൊക്കെ അയാൾ നോക്കാമെന്ന്..." "നോ...!! ഇല്ല ആദിത്ത്... നിങ്ങൾ അവളെ തിരികെ ഏൽപ്പിക്കും എന്ന് വിശ്വസിച്ചാ ഞാൻ അവളെ നിങ്ങളെ ഏൽപ്പിച്ചത്... നിങ്ങൾക്ക് കഴിയില്ലെങ്കിൽ, വേണ്ട... ഞാൻ നോക്കിക്കോളാം... ആ സ്റ്റീഫനോട് പറയ്, ഞാൻ അവളെ കൊണ്ട് പോയെന്ന്... സ്റ്റേഷനിൽ വച്ച് വഴങ്ങാത്തതിന് എന്തായാലും അയാൾ എന്നെ കാണാൻ വരുമല്ലോ, കഴപ്പ് തീർക്കാൻ... അപ്പോ ഇതും കൂടി ചേർത്ത് ഞാൻ അനുഭവിച്ചോളാം ആദിത്ത്...!!" ചങ്കിലെവിടെയോ ഒരു തീക്കനൽ തറച്ച പോലെ....! "അങ്ങനെ നീയൊന്ന് കിടന്ന് കൊടുത്താൽ ഈ പ്രശ്നം തീരുമെന്ന് തോന്നുന്നുണ്ടോ...." അത് ചോദിക്കുമ്പോൾ എന്റെ നെഞ്ചും ഒന്ന് പിടഞ്ഞിരുന്നു... "എന്ത് വന്നാലും വേണ്ടില്ല ആദിത്ത്... എന്നാലും ഒരു തെറ്റും ചെയ്യാത്ത ഒരു കൊച്ചു കുട്ടിയെ ഇല്ലാതാക്കാൻ മാത്രം ഞാൻ കൂട്ട് നിൽക്കില്ല... ഒരിക്കലും...!! ആദിത്ത്... ഞാൻ അവളെ കൊണ്ട് പോകുവാ... ഇപ്പോൾ തന്നെ...!" എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ കൈത്തണ്ടയിൽ പിടിച്ച് ഞാൻ ഇരുത്തി... "പ്രാണാ... തനിക്ക് തോന്നുന്നുണ്ടോ, എനിക്കൊരാളെ കൊല്ലാൻ കഴിയുമെന്ന്...!!" ഒന്നും പറയാനില്ലാതെ അവളുടെ മിഴികൾ എന്നിലേക്ക് തിരിഞ്ഞു... "ഞാൻ ഇക്കാലമത്രയും ചെയ്ത് കൂട്ടിയതൊക്കെ തെറ്റാ... സമ്മതിക്കുന്നു... അല്ലറ ചില്ലറ തട്ടിപ്പൊക്കെ കാണിച്ചു തന്നെയാ ഞാൻ ജീവിക്കുന്നത്... എന്ന് കരുതി മറ്റൊരാളുടെ ജീവനെടുക്കാനും മാത്രം നെറികെട്ടവനല്ല ടോ ഞാൻ...!" എല്ലാം അവൾ കേട്ട് നിന്നു... "തനിക്ക് വിശ്വാസമാകില്ല എങ്കിൽ കൂടി... പ്രാണാ... ഞാൻ തനിക്ക് തന്ന വാക്ക് പാലിക്കും... മാളൂനെ അവളുടെ വേണ്ടപ്പെട്ടവരുടെ അടുക്കൽ ഞാൻ എത്തിച്ചിരിക്കും... ഉറപ്പ്... പക്ഷേ..." "എന്താ ഒരു പക്ഷേ..." "അത് പ്രാണാ... മാളു ആരാണെന്ന് തനിക്കറിയോ..." "ഇല്ലാ ആരാ..." "സ്റ്റീഫന്റെ മകൾ...!!" (തുടരും) 📝 Sony P Asokan #📙 നോവൽ *
1.7k കണ്ടവര്‍
8 മണിക്കൂർ
#

📙 നോവൽ

🌿പ്രാണ 🌿 Part 7 "ഇവിടെയോ...!" "അതെ ഇവിടെ തന്നെ...!!" "അപ്പോ എന്റെ അമ്മയ്ക്ക് അറിയോ..." "തന്റെ അമ്മ തന്നെയാ എന്നോട് പറഞ്ഞത്, താനൊരു ചെറ്റയാണെന്നും... മാളൂനെ എവിടേക്കെങ്കിലും മാറ്റി നിർത്താനും... ആലോചിച്ചപ്പോ തന്റെ വീടിനേക്കാൾ സേഫ് ആയ, വേറെ സ്ഥലം കിട്ടീല... മാളു അമ്മയുടെ മുറിയിൽ തന്നെയുണ്ട്... വേണേ പോയി നോക്കിക്കോ..." ഒക്കെ കേട്ടിട്ട് വാ നല്ല പോലെ ചൊറിഞ്ഞു വരുന്നുണ്ട്... ഒന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധി...!! നേരെ ചെന്നത് അമ്മയുടെ മുറിയിലേക്കും... അവിടെ കുറെ കളിപ്പാട്ടവും വച്ച് കളിച്ചോണ്ടിരിക്കുന്നു മാളു...!! "മാമാ..." "പോ കുരുപ്പേ...! മനുഷ്യനെ ഇട്ട് ഓടിച്ചതും പോരാ..." വാതിലടച്ച് ഞാൻ പുറത്തിറങ്ങി... പ്രാണ ഒരു കള്ളച്ചിരിയോടെ നിൽപ്പുണ്ട്... "എന്നെ സ്റ്റേഷനിൽ വച്ച് താൻ സഹായിച്ചില്ലേ, ആ സ്റ്റീഫന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ... അതിന് പകരമായിട്ടാ ഞാൻ മാളൂനെ തിരിച്ച് ഏൽപ്പിക്കുന്നത്..." "എന്നിട്ട് നിനക്കെന്താ ഇതിലെ ലാഭം..." "എന്ത് ലാഭം..." "ഒന്നും കാണാതെ നീ ഇവളെ കൊണ്ട് പോകില്ലല്ലോ..." "ഓ... പറഞ്ഞു വരുമ്പോൾ ഞാൻ വെടിയാണല്ലോ... അങ്ങനെയുള്ളോർ മറ്റുള്ളവരെ സഹായിക്കാനും പാടില്ല... സോറി മറന്ന് പോയി ട്ടോ... താനൊക്കെ ഏത് ലോകത്താ ടോ..." ഇവളെ ഞാൻ... അധികനേരം ഇവൾ ഇവിടെ നിന്നാൽ എന്റെ കിടപ്പ് പുറത്താകും... ഉറപ്പ്...! "മോള് ഇത് കുടിക്ക്..." അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നേക്കുന്നു... പതിവ് പോലെ എനിക്കില്ല...!! ഹും...!! റൂമിൽ കയറി, പാന്റ്സ് മാറ്റി കൈലി മടക്കി കുത്തി വന്നപ്പോഴും... ഉമ്മറത്ത് ഇരുന്ന് ചായ ആറ്റിയാറ്റി കുടിക്കുന്നു പ്രാണ...!! "ഇത് ഇത് വരെ കഴിഞ്ഞില്ലേ..." "കണ്ടൂടെ തനിക്ക്..." "ദേ ഇവിടെ അധികനേരം നില്ക്കാൻ പറ്റില്ല... ചായ കുടിച്ച് തീർന്നാൽ ഉടനെ നീ സ്ഥലം വിട്ടോണം..." "ആദിത്തിന് എന്താ ഒരു പേടി പോലെ... ഞാൻ അമ്മയോട് വല്ലതും പറയുമെന്ന് കരുതിയാണോ..." "നീ പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല... നീയാദ്യം സ്ഥലം വിടാൻ നോക്ക്..." "ഈ രാത്രിയിലോ... മോള് ഇന്നിനി ഇവിടെ നിന്നാൽ മതി..." പിന്നിൽ നിന്നും അമ്മയുടെ ശബ്‌ദം... എന്തേലും പറയും മുൻപ് അമ്മ അവൾ കുടിച്ച ഗ്ലാസ്സും മേടിച്ച് അകത്തേക്ക് പോയിരുന്നു... ഇങ്ങനെ വിട്ടാൽ ശരിയാകില്ല... ഇതെന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്...!! ഞാനും പിന്നാലെ പോയി... "അമ്മേ... അമ്മയിത് എന്ത് ഭാവിച്ചാ..." അമ്മ നോക്കി തുറിപ്പിക്കാൻ തുടങ്ങി...ചോദിക്കേണ്ടിയിരുന്നില്ല... വെറുതെയല്ല, ഞാൻ അമ്മയെന്ന് തികച്ച് വിളിക്കുന്നത് തന്നെ എത്രയോ മാസങ്ങൾക്ക് ശേഷമാണ്....! "നോക്കി ദഹിപ്പിച്ച് കഴിഞ്ഞെങ്കിൽ ഇനി ഞാൻ പറയുന്നതും കൂടി കേൾക്കോ... അവളെ ഇവിടെ നിർത്താൻ പറ്റില്ല... അമ്മ തന്നെ അവളോട് പറയ്, പോകാൻ..." "ഞാൻ പറയില്ല... നാലാള് പറഞ്ഞ് നിന്നെ പറ്റി ഇത് വരെ ഞാൻ ഒരു നല്ല വാക്ക് കേട്ടിട്ടില്ല... ഇത്രയും നാള് കൂലിത്തല്ലായിരുന്നു... ഇപ്പോ പിള്ളേരെ തട്ടിക്കൊണ്ട് പോകാനും തുടങ്ങിയല്ലേ നീ..." "ഞാൻ ചോദിച്ചതെന്താ, അമ്മ പറയുന്നതെന്താ..." "നീ എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാൻ ഇനി ഒരു കാലത്തും വിശ്വസിക്കില്ല... അതാ എനിക്ക് പറയാനുള്ളത്..." "ഓ......!! അമ്മ വിശ്വസിക്കേ വിശ്വസിക്കാതിരിക്കേ എന്ത് വേണോ ചെയ്തോ... പക്ഷേ അവളെ ഇവിടെ നിർത്തിയാൽ ഇത് വരെയില്ലാത്ത ചീത്തപ്പേരും കൂടി അമ്മ കേൾക്കേണ്ടി വരും... പറഞ്ഞേക്കാം... അവൾ ആരാണെന്ന് അമ്മയ്ക്കറിയോ... അവൾ മറ്റേതാ..." "അതൊക്കെ അമ്മയ്ക്ക് അറിയാം ആദിത്ത്..." പിന്നിൽ തന്നെയുണ്ട് പ്രാണ...!! ഈ കുരിശ് ഒക്കെ കേട്ട് നിൽക്കുവാരുന്നോ... "ഞാൻ തന്നെ അമ്മയോട് പറഞ്ഞിരുന്നു എന്റെ തൊഴിൽ എന്താണെന്ന്... പക്ഷേ ഈ പാവം തൊഴിലാളിയെ ആദിത്ത് എങ്ങനെ പരിചയപ്പെട്ടു എന്ന് മാത്രം ഞാൻ പറഞ്ഞില്ല..." ഇവളെന്റെ പൊക കണ്ടേ അടങ്ങൂ... കേട്ടതും അമ്മയുടെ കൈ നീങ്ങിയത് തവിയിലേക്കാണ്.... ഒരു മിന്നായം പോലെ അത് വായുവിൽ പറന്നതും, ഞാൻ ജീവനും കൊണ്ട് പുറത്തേക്കോടി.... "ഇവൻ ഏത് നേരത്താണോ എന്റെ വയറ്റിൽ.... ഈശ്വരാ എന്നെ എന്തിനാ ഇങ്ങനെ ബാക്കി വച്ചേക്കുന്നേ..." പ്രപഞ്ചത്തിലെ പോരാളി ശരിക്കും തിളച്ചു മറിയുന്നുണ്ട്... ഇനിയും മിണ്ടാൻ പോയാൽ ചിലപ്പോ പൊടി പോലും കാണില്ല... കൈലി മുറുക്കിയുടുത്ത് ഞാൻ തിണ്ണയിലിരുന്നു... "അല്ല ആദിത്ത്... അപ്പൊ ഞാൻ നിൽക്കണോ പോണോ..." പ്രാണ തൂണിൽ ചാരി നിന്നു... ഞാനും എഴുന്നേറ്റ് അവൾക്ക് എതിർമുഖമായ് നിന്നു... "എന്താ നിന്റെ ഉദ്ദേശം... കൊച്ചിനെ തന്നില്ലേ, ഇനി പൊയ്ക്കൂടേ..." "അമ്മ നിർബന്ധിക്കുമ്പോ ഞാൻ എങ്ങനെയാ ആദിത്ത്..." "ദേ കൂടുതൽ കിന്നരിക്കാൻ നിക്കല്ലേ..." "ഹഹഹഹ..." അവളുടെ ഒരു കിണി... "ആദിത്ത്, എന്നാൽ ഞാൻ സീരിയസായിട്ട് ഒരു കാര്യം പറയട്ടെ... മാളൂനെ നിങ്ങൾ അവളുടെ വീട്ടുകാരെ ഏൽപ്പിക്കണം... കൊച്ചുകുട്ടിയല്ലേ, പാവം സന്തോഷത്തോടെ ജീവിക്കട്ടെ ടോ..." "നടക്കുന്ന കാര്യം വല്ലതും പറ..." "നടക്കും... താൻ ഈ പുറമെ കാണിക്കും പോലെ അത്ര ദുഷ്ടനൊന്നും അല്ല... ആയിരുന്നേൽ നിങ്ങൾ മാളൂനെ ഈ വീട്ടിൽ തന്നെ കൊണ്ട് വരില്ലായിരുന്നു... എന്നെയും രക്ഷിക്കില്ലായിരുന്നു..." അത് എന്തിനാണ് ഞാൻ ചെയ്തതെന്ന് എനിക്ക് പോലും പിടിയില്ല... "സോ പ്ളീസ് ആദിത്ത്... എന്നാൽ ഞാൻ ഇറങ്ങട്ടെ... അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇറങ്ങുവാന്ന്..." ഇരുട്ടിലേക്ക് അവൾ ഇറങ്ങി നടന്നു... "പ്രാണ..." അവൾ തിരിഞ്ഞു നോക്കി, നിന്നു... "എന്താ ആദിത്ത്..." "താൻ ഇന്നിനി പോണ്ട... ഇവിടെ നിന്നോളൂ..." "ശരിക്കും... അങ്ങനെയാണേൽ എനിക്കൊരു സാധനം മേടിച്ചോണ്ട് വരോ... അത്യാവശ്യാ..." "മനസിലായി..." ഞാൻ പറഞ്ഞ കേട്ട് അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... "താൻ ശരിക്കും നല്ലവനാ ആദിത്ത്... ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ നിന്നൊക്കെ നല്ലവൻ..." മാളൂന് വേണ്ടിയാണ് അവൾ സോപ്പിടുന്നത്... ഇവൾ പറയണ കേട്ട് മാളൂനെ തിരികെ കൊണ്ട് പോയാൽ..... നോ..... നടക്കാനേ പോണില്ല....!! "അത്ര നല്ലവനൊന്നും അല്ല ഞാൻ... ലാഭമുള്ള കച്ചവടത്തിനേ ഞാനും നിൽക്കുന്നുള്ളൂ... മാളൂനെ തിരികെ കൊണ്ടാക്കിയാൽ എനിക്കെന്ത് കിട്ടും പ്രാണാ..." അവളെ ഞെട്ടിക്കാൻ തന്നെയാണ് ഞാനത് ചോദിച്ചത്... പക്ഷെ ഇത്തവണയും ഞെട്ടിയത് ഞാൻ തന്നെ... അവളുടെ മറുപടി കേട്ട്... "എന്തും തരും ഞാൻ... എന്നാൽ കഴിയുന്ന എന്തും...!!" അതും പറഞ്ഞവൾ തിരിഞ്ഞു നോക്കാതെ അകത്തേക്ക് നടന്നു...! (തുടരും) #📙 നോവൽ 📝 Sony P Asokan
1.2k കണ്ടവര്‍
8 മണിക്കൂർ
#

📙 നോവൽ

🌿പ്രാണ 🌿 Part 6 "താൻ ശരിക്കും ആരാ...?" "ചിരിപ്പിക്കല്ലേ ആദിത്ത്... ഒരു ലോഡ്ജ് മുറിയിൽ നിങ്ങളുടെ കൂടെ കിടക്കാൻ ഒരുങ്ങി നിന്നവളാ ഞാൻ... ആ എന്നോട് തന്നെയാണോ ഈ ചോദ്യം... കേട്ടിട്ട് ചിരി വരുന്നു..." "ഞാൻ നിന്നെ കളിയാക്കിയതല്ല... അങ്ങനെ വെറുതെയൊന്നും ആരും ഈ ജോലി തിരഞ്ഞെടുക്കില്ലല്ലോ..." "അതെന്താ തിരഞ്ഞെടുത്താൽ...?" "അത്... എന്തിനാ ഇങ്ങനെയൊരു ജോലി...? ജീവിക്കാൻ ആണെങ്കിൽ ഒരുപാട് ജോലിയില്ലേ..." "ഈ ചോദ്യം ഞാൻ ആദിത്തിനോട് ചോദിക്കട്ടെ...? ജീവിക്കാൻ ആണെങ്കിൽ ഒരുപാട് ജോലിയില്ലേ... എന്നിട്ടും താൻ എന്തിനാ ഈ ജോലി ചെയ്യുന്നേ...?" ഉത്തരം മുട്ടിയ പോലായി... എന്നാലും അങ്ങനെ വിട്ട് കൊടുക്കാൻ പാടില്ലല്ലോ... വായ തുറക്കാൻ തുടങ്ങിയതും അവൾ തന്നെ സംസാരിക്കാൻ തുടങ്ങി... "എന്റെ ശരീരം ഞാൻ ഇഷ്ടപ്പെട്ടവർക്ക് കൊടുക്കുന്നതിൽ എന്താ തെറ്റ്... ഇതൊക്കെ തന്നെയല്ലേ ഈ കല്യാണം കഴിക്കുന്നോരും ചെയ്യുന്നത്..." "അത് ഒരാൾക്ക് വേണ്ടിയല്ലേ..." "താനെന്താ തമാശ പറയാ... രണ്ടും മൂന്നും നാലും കെട്ടുന്ന ആൾക്കാരുണ്ട് നമ്മുടെ നാട്ടിൽ... അച്ഛൻ മകളെ പീഡിപ്പിക്കുന്നു, അമ്മയുടെ കാമുകൻ മക്കളെ തല്ലി കൊള്ളുന്നു, മകൻ അമ്മയെ കൂട്ടുകാർക്ക് കൊടുക്കുന്നു... അങ്ങനെ എന്തെല്ലാം സ്ഥിരം പത്രത്തിൽ വരുന്നു... പോട്ടെ... ഈ കല്യാണം കഴിഞ്ഞിട്ട് തന്നെ, ഇഷ്ടമില്ലാഞ്ഞിട്ട് കൂടി, ഭർത്താവിന്റെ മുന്നിൽ കിടന്ന് കൊടുക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്... അത്രയ്ക്ക് ഗതികേടൊന്നും എനിക്ക് ഇത് വരെയില്ല..." ദേശാടനം കഴിഞ്ഞെത്തിയ കിളികൾ അന്തിയുറങ്ങാൻ കൂട് തേടുന്ന നേരം..... കവുങ്ങിൻ മുകളിലിരുന്ന് ഏതോ കുരുവി ഈണത്തിൽ പാടി...... "ആദിത്ത് ഇവിടെ വന്നിരുന്നേ..." കുരിശായോ... അവൾ നീങ്ങിയിരുന്ന ഇടത്തായി, ഞാനും ഇരുപ്പുറപ്പിച്ചു... ചെരുപ്പൂരി മാറ്റി പാദങ്ങൾ ആ തണുത്ത വെള്ളത്തിലിറക്കി... "നിനക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ... അവർക്കൊക്കെ അറിയോ നീയൊരു........" "വേശ്യ ആണ് എന്നല്ലേ... അങ്ങനെ ചോദിച്ചാൽ, ചോദിക്കാനും പറയാനുമൊക്കെ ഉണ്ടായിരുന്നു... അച്ഛനും അമ്മയും... അവരൊക്കെ ഒരു ആക്‌സിഡന്റിൽ പോയി... ഞാൻ കോളേജിൽ പഠിക്കുമ്പോ...... അവര് തമ്മിൽ ആദ്യം കുറേക്കാലം നല്ല സ്നേഹമൊക്കെ ആയിരുന്നു... പിന്നീട് എല്ലാ റിലേഷനും പോലെ, ഒരു തരം അഡ്ജസ്റ്റ്മെൻറ്... മറ്റുള്ളവരെ കാണിക്കാൻ വേണ്ടി അവരും ജീവിച്ചു തീർത്തു... ഞാൻ എന്തായാലും അങ്ങനെ ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല... ജീവിക്കാനും പോണില്ല... അച്ഛനും അമ്മയും പോയ ശേഷം കുറെ നാൾ, ഒരു കടയിൽ സെയിൽസ് ഗേളായി നിന്നു... അതിന്റെ ഓണർക്ക് വൈകുന്നേരമായാൽ എന്നെ കാണുമ്പോ ഒരു ഏനക്കേടാ... അങ്ങേര് അത് ഒരിക്കൽ എന്നോട് തുറന്നും പറഞ്ഞു... എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യൻ... അങ്ങേരുടെ ചെപ്പക്കുറ്റിക്ക് നോക്കി ഒന്ന് കൊടുത്തിട്ട് ഞാൻ അവിടുന്നിറങ്ങി... അതിന് ശേഷം പല ജോലികളും നോക്കി... എല്ലായിടത്തും അവസാനം ഇത് തന്നെ അവസ്ഥ... ബസിൽ പോകുമ്പോഴാ ഒരിക്കൽ റാണിയക്കയെ കാണുന്നേ... കുറച്ച് നേരം സംസാരിച്ചിരുന്നു... പോകാൻ നേരം ജോലി ആവശ്യമുണ്ടേൽ അവരെ ചെന്ന് കാണാൻ പറഞ്ഞ് അവരുടെ കാർഡും തന്നു... ആരാമത്തിൽ ചെന്നപ്പോഴാ അറിയുന്നേ ഇതാണ് ജോലിയെന്ന്... അവരാരും എന്നെ നിർബന്ധിച്ചില്ല... ആലോചിച്ചപ്പോ എനിക്കും വലിയ തെറ്റായൊന്നും തോന്നിയില്ല... എനിക്കിപ്പോൾ കാത്തിരുന്ന് കെട്ടാൻ മുറച്ചെറുക്കനോ, അന്വേഷിച്ച് വരാനോ പടിയടച്ച് പിണ്ഡം വക്കാനോ, ആരും തന്നെയില്ല... അങ്ങനെ പിന്നെ ഞാനും സമ്മതിച്ചു... ഒരു കണ്ടീഷനോടെ... എനിക്ക് താല്പര്യമുള്ള കസ്റ്റമേഴ്‌സ് മാത്രമേ എന്റെ മുറിയിലേക്ക് വരാൻ പാടുള്ളു... അതിൽ ഒരാളാ സ്റ്റീഫൻ..." "പിന്നെന്തിനാ അയാളോട് അങ്ങനെ..." "അതേയ്... എനിക്കിത് തൊഴിലാ... അല്ലാതെ ആര് എവിടെ കിടക്കാൻ പറഞ്ഞാലും ഈ ഞാൻ നിന്ന് കൊടുക്കില്ല... അതിന് പ്രാണയ്ക്ക് കൂടി തോന്നണം... തോന്നുമ്പോ തോന്നുമ്പോ കെട്ടി മറിയാൻ അവന് വീട്ടിലൊരുത്തി ഉണ്ട്... അവളോട് കാണിക്കേ ഉള്ളു അവന്റെ വമ്പ്..." ഇവളെന്തിനാ അതിന് എന്നോട് ദേഷ്യപ്പെടുന്നെ... ആകെ മനസിലായത് ഒന്നാണ്, വെടിയാണേലും അനുവാദമില്ലാതെ ദേഹത്ത് തൊട്ടാൽ എനിക്കും കിട്ടും...! "അപ്പോൾ അന്ന് എന്നോട് വരാൻ പറഞ്ഞതോ..." "സ്റ്റീഫൻ തന്റെ ഫോട്ടോ അയച്ച് തന്നിരുന്നു... കണ്ടപ്പോ തരക്കേടില്ല എന്ന് തോന്നി... അതോണ്ട് പിന്നെ സമ്മതിച്ചു... പക്ഷെ അന്ന് ഒന്നും നടക്കാതിരുന്നത് നന്നായി ട്ടോ..." "അതെന്താ..." "അതോണ്ടാ നമ്മളിപ്പോ ഇങ്ങനെ സംസാരിക്കുന്നത്... എന്നെ തേടി വരുന്ന കാണ്ടാമൃഗങ്ങളോട് ഞാൻ പുറത്ത് വച്ച് കണ്ടാൽ മിണ്ടാറില്ല... സ്റ്റീഫൻ ഉൾപ്പെടെ..." അങ്ങനെയാണേൽ ഓകെ.... ഒന്നും നടക്കാത്തത് നന്നായി... എനിക്ക് വട്ടായതാണോ എന്നറിയില്ല... എന്തോ ഒരു രസം ഇങ്ങനെ കേട്ടിരിക്കാൻ... ഓരോ വട്ട്... "താനെന്തിനാ ചിരിക്കുന്നേ..." "ചിരിച്ചോ ഇല്ലല്ലോ... തോന്നിയതാകും..." "ഒരുപാട് ആണുങ്ങളെ കണ്ടിട്ടുള്ളതാ ഞാൻ ആദിത്ത്... ചിലതൊക്കെ എനിക്ക് മനസിലാകും..." തുറിപ്പിച്ച് നോക്കി അവൾ എന്റെ നേർക്ക് തിരിഞ്ഞതും........ വാക്കുകളൊക്കെ തൊണ്ടയിൽ കുരുങ്ങിയ പോലെ.....! പെട്ടെന്ന് ഞാൻ ചെരുപ്പിട്ട് എണീറ്റു... "പ്രാണാ... പോകാം..." അവളും എഴുന്നേറ്റു... നടക്കാൻ അവൾ ചെറുതായി മുടന്തുന്നുണ്ട്... "ഞാൻ സഹായിക്കണോ..." പിടിക്കാൻ തുനിഞ്ഞതും അവൾ കൈ തട്ടി മാറ്റി... "വേണ്ട...!! " ദൂരെ നിന്നും വെളിച്ചം തെളിച്ച് ഒരു ഓട്ടോ വരുന്നുണ്ട്... ഞാൻ അതിനെ കൈ കാണിച്ച് നിർത്തി... "എവിടേക്കാ..." ഓട്ടോ ചേട്ടന്റെ ചോദ്യം കേട്ട് ഞാൻ പ്രാണയെ നോക്കി... "എനിക്ക് മാളൂനെ വേണം പ്ളീസ്...." സമ്മതം മൂളിയാണ് അവൾ കേറിയത്... എങ്ങോട്ടാണോ കൊണ്ട് പോകുന്നത്... നല്ല പോലെ ഇരുട്ടി തുടങ്ങി.... വഴികളൊന്നും അത്ര വ്യക്തമല്ല... വണ്ടി നിന്നതും അവൾ കാശ് കൊടുത്തു... പുറത്തിറങ്ങിയ ഞാൻ സ്ഥലം കണ്ട് ഞെട്ടി... ഞാൻ രാവിലെ ഇറങ്ങി പോയ വീട്... ഉമ്മറ പടിയിൽ എന്റെ അമ്മ...!! ഞാൻ വിശ്വസിക്കാനാകാതെ അവളെ നോക്കി.... "ഇവിടെയോ...!! " "അതെ... ഇവിടെ തന്നെ...! " (തുടരും) #📙 നോവൽ 📝 Sony P Asokan *
1.1k കണ്ടവര്‍
8 മണിക്കൂർ
#

📙 നോവൽ

🌿പ്രാണ 🌿 Part 5 "ഇത്ര പെട്ടെന്ന് പോകാൻ ധൃതിയായോ നിനക്ക്... ഞാനൊന്ന് കണ്ണ് നിറച്ച് കാണട്ടെ ടീ..." എസ്‌ ഐ അവളെ അടിമുടി നോക്കാൻ തുടങ്ങിയതും അവൾ മുഖം തിരിച്ച് നിന്നു... "സാറേ... വനിതാ കോൺസ്റ്റബിൾമാരൊന്നും ഇല്ലാത്ത സമയാ... ആറ് മണിയാകാറായി... ഈ കൊച്ചിനെ അധികനേരം നിർത്താൻ പറ്റൂല ട്ടാ..." കോൺസ്റ്റബിൾ അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പുഞ്ചിരിയായിരുന്നു... എന്നെയും സുധിയേയും വെറുതെയൊന്ന് നോക്കിയ ഭാവത്തിൽ... അയാൾ എസ് ഐ യുടെ മുറിയിലേക്ക് കടന്നു... ഞങ്ങൾ മൂന്ന് പേര് മാത്രം കോൺസ്റ്റബിളിന്റെ കൂടെ അവിടെ.. ആ കറങ്ങുന്ന ഫാനിൻ കീഴിൽ... "ടോ ശങ്കരാ..." അകത്ത്ന്നാ വിളി... നിന്ന പാടെ കോൺസ്റ്റബിൾ അകത്തേക്കോടി... നിമിഷ നേരത്തിനുള്ളിൽ തിരികെ വന്ന്... "ടീ നിന്നെ സാർ വിളിക്കുന്നു... അകത്തോട്ട് ചെല്ലാൻ..." പ്രാണ രൂക്ഷഭാവത്തിൽ എന്നെ നോക്കി, വാതിൽ പാളികൾ തുറന്ന് അകത്തേക്ക് കടന്നു... "അവളെന്തിനാ നിന്നെ ഇങ്ങനെ നോക്കുന്നേ..." സുധി പറഞ്ഞത് തന്നെയാണ് ഞാനും ചിന്തിച്ചത്...!! "അളിയാ ഇനീപ്പോ എന്താ ചെയ്യാ... കുറച്ച് പൈസ കൊടുത്താൽ ഊരിപ്പോകാൻ പറ്റോ..." അവൻ രക്ഷപ്പെടാനുള്ള ഉപായം നോക്കുമ്പോൾ എന്റെ ചിന്തകൾ എവിടെയോ കാട് കയറിക്കൊണ്ടിരുന്നു........ *** "താനൊക്കെ എന്തൊരു തോൽവിയാ ടോ... ശരീരം പണി മുടക്കുമ്പോ ഞാൻ എങ്ങനെ പണിയെടുക്കാനാ..." പ്രാണ എന്നോട് പറഞ്ഞതും അവളുടെ നോട്ടവും ഒക്കെയാണ് കണ്മുന്നിൽ.......... *** "ആദിത്തേ... നീയെന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കണേ..." ഒന്നും മിണ്ടാതെ ചുമരിൽ ചാരി ഞാൻ നിലത്തിരുന്നു... എന്നോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് സുധിയ്ക്കും മനസിലായി... അവൻ തന്നെ കോൺസ്റ്റബിളിനോട് പോയി എന്തൊക്കെയോ സോപ്പിടാൻ തുടങ്ങി... "നോക്കാം നോക്കാം... ഞാൻ സാറിനോട് സംസാരിച്ച് നോക്കട്ടെ..." കോൺസ്റ്റബിൾ സമ്മതിച്ചതും, സുധി സന്തോഷത്തിൽ ഓടി വന്ന് അടുത്തിരുന്നു... "ആദി... ആ കോൺസ്റ്റബിൾ പോയി സംസാരിക്കാം എന്ന് പറഞ്ഞു..." "അത് വേണോ... അകത്ത് പോയാൽ നമ്മൾ ഉറപ്പായും പെടും...!" "എന്തിന്..." "അയാൾ ആരാണെന്ന് നിനക്കറിയോ... അതാണ് സ്റ്റീഫൻ... മാളൂനെ കടത്താൻ എനിക്ക് കൊട്ടേഷൻ തന്ന സ്റ്റീഫൻ...!! ഇപ്പോൾ അകത്തോട്ട് പോയാൽ അങ്ങേര് ഉറപ്പായും ചോദിക്കും കൊച്ചിനെ പറ്റി... നമ്മളെന്താ പറയാ..." "നീ എന്നിട്ട് ഇതൊക്കെ ഇപ്പോഴാണോ പറയുന്നേ... ഞാൻ ആ കോൺസ്റ്റബിളിന്റെ കാല് പിടിച്ചാ സമ്മതിപ്പിച്ചത്... ഇനീപ്പോ എന്താ ചെയ്യാ..." "സുധീ... എന്തായാലും അകത്തോട്ട് പോകേണ്ടി വരും... പക്ഷെ മാളു നമ്മുടെ കയ്യിൽ ഇല്ല എന്നറിഞ്ഞാൽ അങ്ങേര് നമ്മളെ തട്ടും... ഉണ്ടെന്ന് പറഞ്ഞാൽ, നാളെ കൊച്ചിനെ കൊണ്ട് വരാൻ പറയും... രണ്ടായാലും പണി ഉറപ്പാ..." "കൊച്ച് അവളുടെ കയ്യിലാണെന്ന് പറഞ്ഞാലോ..." "പോടാ... അങ്ങനെ പറഞ്ഞാ അവള് കള്ളം പറയും... അങ്ങേര് നമ്മളെ വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ... പ്രാണ അങ്ങേരുടെ സെറ്റപ്പാണ്... അങ്ങേര് പറഞ്ഞിട്ടാണ് നമുക്ക് അവളെ അന്ന് റെഡിയാക്കി തന്നത്..." "ഇതിപ്പോ രണ്ടും കെട്ട അവസ്ഥ ആയല്ലോ ഈശ്വരാ.... ഇനീപ്പോ എന്താ ചെയ്യാ..." ജാമ്പവാന്റെ കാലത്തുള്ള ഫാൻ രാ റാ ശബ്ദത്തിൽ കരഞ്ഞു കൊണ്ടിരുന്നു... അതേ സമയം സ്റ്റീഫന്റെ മുറിയിൽ നിന്നും ഒരു ശബ്ദവുമില്ല...!! എന്തായോ...! "സുധീ... നീയിവിടെ ഇരിക്ക്... ഞാൻ ആ കോൺസ്റ്റബിളിനോട് ഒന്ന് സംസാരിക്കട്ടെ... ആ സ്റ്റീഫന്റെ മുന്നിലേക്ക് വിടാതെ എങ്ങനേലും പുറത്ത് കടക്കാൻ പറ്റോന്ന്..." പൊടി തട്ടി എഴുന്നേറ്റ് കോൺസ്റ്റബിളിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും........ ഉള്ളിൽ നിന്നും കുപ്പിഗ്ലാസ്സ് പൊട്ടിച്ചിതറുന്ന ഒച്ച...!!! "സാർ പ്ളീസ്... ഞാൻ പറഞ്ഞു എനിക്ക് പറ്റില്ല എന്ന്...! എനിക്ക് പോണം...!" പ്രാണയുടെ ശബ്ദം... മേലാകെ ഒരു മാതിരി... സ്റ്റീഫന്റെ മുന്നിൽ പെടാതെ രക്ഷപ്പെടണം.. അത് ചോദിക്കാനാണ് കോൺസ്റ്റബിളിന്റെ അടുക്കൽ വന്നത്... പക്ഷെ ഞാൻ പറഞ്ഞതോ..., "സാർ പ്ളീസ്... എങ്ങനേലും ഒന്ന് അകത്തേക്ക് വിടോ... സ്റ്റീഫൻ സാറിന്റെ കാല് വേണേലും ഞാൻ പിടിക്കാം..." "ടോ ഇപ്പോൾ അകത്തേക്ക് പോയാ പ്രശ്നമാ... സ്റ്റീഫൻ സാറ് നിന്നെ തിന്നും..." "അങ്ങനെ പറയല്ലേ സാർ... പ്ളീസ് സാർ..." എന്റെ പോക്കറ്റിൽ ഇരുന്നത് മുഴുവൻ ഞാൻ അയാളുടെ കയ്യിൽ തിരുകി... "ഇവനൊക്കെ എവിടുന്ന് വരുന്നോ..." എന്നെ പ്രാകി കൊണ്ട് അയാൾ സ്റ്റീഫന്റെ മുറിയിലേക്ക് നടന്നു... തൊട്ട് പിറകെ ഞാനും... വാതിൽ തുറക്കാൻ മടിച്ചു നിന്ന അയാളെ, ഞാൻ ചെറുതായൊന്ന് ഉന്തിയതും അയാൾ അകത്തേക്ക് വീണു... ഒരു മിന്നായം പോലെ ഞാനും കണ്ടു... ചുമരിൽ പറ്റി പിടിച്ചു നിൽക്കുന്ന പ്രാണ... ഷർട്ടിന്റെ ബട്ടൺ തുറന്നിട്ട് അവളോട് അടുക്കാൻ നോക്കുന്ന സ്റ്റീഫൻ...!! "സാർ...!!!" വിളിച്ചത് ഞാനാണ്... സ്റ്റീഫൻ നോക്കിയത് കോൺസ്റ്റബിളിനെയും... "എന്താ ടോ...!!!!" "സോറി സാർ... ഈ പിള്ളേരെ നിർത്തിയേക്കണോ എന്ന് ചോദിയ്ക്കാൻ വന്നതാ..." സ്റ്റീഫൻ അവളുടെ മുന്നിൽ തന്നെ മുരണ്ടു നിൽക്കുന്നു... കാൽകീഴിൽ പൊട്ടിച്ചിതറിയ ചില്ലുകളും പേപ്പറുകളും... പ്രാണയുടെ കണ്ണുകളാകെ ചുവന്ന്... കണ്മഷി പടർന്ന് പിടിച്ചിട്ടുണ്ട്... എന്തോ അർഥം വച്ചുള്ള നോട്ടവും... ഞാൻ എന്തോ കുറ്റം ചെയ്ത പോലെ... തുറന്നു പിടിച്ച വാതിൽ പാളിക്കിടയിലൂടെ, പണിപ്പെട്ടാണ് ഞാൻ അവളുടെ കണ്ണുകളിൽ നോക്കി നിന്നത്... "അവന്മാർക്കെന്താ പോകാൻ ഇത്ര അത്യാവശ്യം... അവിടെ പോയി ഇരിക്കാൻ പറയെടോ..." "സാർ സാർ പ്ളീസ്... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..." അതും പറഞ്ഞ് ഞാൻ മുറിക്കുള്ളിലേക്ക് ഇടിച്ച് കയറിയത് സ്റ്റീഫന് ഇഷ്ടമായിട്ടില്ല... എന്നെ കണ്ടതും അയാൾ പ്രാണയിൽ നിന്നും വിട്ട് മാറി നിന്നു... "എന്താ ടാ..." "സാർ മാളു..." സ്റ്റീഫൻറെ കണ്ണുകൾ ശങ്കരനെ തേടി... അത് മനസിലാക്കിയെന്നോണം ശങ്കരൻ പ്രാണയെയും കൊണ്ട് പുറത്തിറങ്ങി... വാതിലടഞ്ഞു... "സോറി സാർ... മാളുന്റെ കാര്യം ചോദിക്കാനാ ഞാൻ..." "എവിടെ അവൾ..." "അത് പിന്നെ... അവൾ ഞങ്ങടെ കസ്റ്റഡിയിൽ തന്നെയുണ്ട് സാർ... അത് എപ്പോഴും കരച്ചിലാ... എത്ര നാൾ ഇങ്ങനെ..." "മ്മ്... ഞാനൊന്ന് ആലോചിക്കട്ടെ... പറയാം... നീ പോയിട്ട് ആ ശങ്കരനോട് ഇച്ചിരി വെള്ളമെടുത്തോണ്ട് വരാൻ പറ..." തലയാട്ടി ഞാൻ പുറത്തിറങ്ങി... അവിടെ ഒരു കസേരയിൽ ഇരിക്കയാണ് ശങ്കരൻ... അയാളുടെ അടുത്ത് ചുമരിൽ ചാരി പ്രാണയും... "സാർ... സാറിനോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു... കുറച്ച് വെള്ളം കൂടി എടുക്കാൻ പറഞ്ഞു..." "ഓ.." മേശപ്പുറത്തിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയും എടുത്ത് അയാൾ സ്റ്റീഫന്റെ അടുത്തേക്ക് ഓടി... ഏത് നിമിഷവും അയാൾ തിരിച്ച് വരും... സുധി ഒന്നും മനസിലാകാതെ ഇപ്പോഴും തറയിൽ തന്നെ... അവൻ ചെറഞ്ഞു നോക്കുന്നുണ്ട്... വീണ്ടും വാതിൽ തുറക്കുന്ന ഞരക്കം....!! "സുധീ...!! " അവൻ എന്നെ നോക്കുമ്പോൾ ഞാൻ പ്രാണയുടെ നേർക്ക് തിരിഞ്ഞിരുന്നു... അടുത്ത നിമിഷം പ്രാണയുടെ ഇടത് കൈ എന്റെ വലത് കയ്യിലായിരുന്നു... സുധി ചാടി എണീക്കുമ്പോഴേക്കും, ഞാൻ അവളെയും വലിച്ചു കൊണ്ട് പുറത്തേക്ക് മണ്ടി പാഞ്ഞു... സുധി ഏത് വഴിക്ക് പോയെന്ന് അറിയില്ല... ഇട വഴികളിലൂടെ പാഞ്ഞ് ഞങ്ങൾ വന്ന് നിന്നത് ഒരു മെയിൻ റോഡിലും... ഇത് ഏതാണോ സ്ഥലം... അവളാകെ തളർന്നു കഴിഞ്ഞു... ശ്വാസമെടുക്കാനും മല്ലിടുന്നുണ്ട്... കുറുകെ വന്ന ഓട്ടോ ഞാൻ കൈ കാണിച്ചു നിർത്തി... "ചേട്ടാ.. അടുത്ത ജംഗ്ഷനിൽ വിട്ടാൽ മതി..." കവുങ്ങിൻ തോട്ടങ്ങൾ നിറഞ്ഞ വഴിയിലൂടെയാണ് വണ്ടി പോകുന്നത്... വെള്ളം മേടിക്കാൻ പോലും ഒരു കടയില്ല... കിതയ്ക്കുന്ന കാരണം ഞങ്ങൾ രണ്ടു പേർക്കും ഒന്നും തന്നെ മിണ്ടാനും പറ്റുന്നില്ല... പെട്ടെന്നാണ് ഒരു കട കാണുന്നത്... "ചേട്ടാ... ഇവിടെ മതി..." ഇറങ്ങിയ ശേഷമാണ് ബോധം വന്നത്... കയ്യിൽ അഞ്ചു പൈസയില്ല...!! ഉണ്ടായിരുന്നതൊക്കെ ആ കോൺസ്റ്റബിളിന് കൊടുത്തു... പ്രാണ കയ്യിലെ കുഞ്ഞു പേഴ്സിൽ നിന്നും ഇരുപത് രൂപ ഡ്രൈവർക്ക് കൊടുത്തു... വണ്ടി പോയതും എനിക്ക് നേരെ ആ പേഴ്‌സ് നീട്ടി... അതും വാങ്ങി കടയിൽ കയറി വാട്ടർ ബോട്ടിലും മേടിച്ച് വരുമ്പോൾ.. ദൂരെ നിന്നും ഒഴുകി വരുന്ന അരുവിയോട് ചേർന്നുള്ള കവുങ്ങിൻ കീഴിൽ അവൾ ഇരിക്കുന്നു... വെള്ളം ഞങ്ങൾ മാറി മാറി കുടിച്ചു... പേഴ്‌സ് ഞാൻ തിരികെ നൽകിയതും അവളത് ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചു.... ചെരുപ്പൂരി നിലത്തിട്ട്, ആ വെളുത്ത പാദങ്ങൾ വെള്ളത്തിലേക്ക് ഇറക്കി വച്ചു... അപ്പോഴാണ് ഞാൻ കാണുന്നത്, ഊരിയിട്ട ചെരുപ്പിൽ ഒന്നിൽ ചോരപ്പാട്...! കുപ്പിച്ചില്ല് കയറിയത്...!! എന്റെ മനസ് പോലെ ആ വെള്ളവും കലങ്ങി മറിഞ്ഞിട്ടുണ്ട്... "ആ വെള്ളം അത്ര നല്ലതായിരിക്കില്ല... ചിലപ്പോ മുറിവ് സെപ്റ്റിക് ആകും..." ഞാനത് പറയുമ്പോൾ നിറഞ്ഞ പുച്ഛമായിരുന്നു അവളുടെ മുഖത്ത്... "ഇതിലും വലിയ വിഴുപ്പുകൾ ഞാൻ കണ്ടിരിക്കുന്നു ആദിത്ത്... പിന്നെയാ..." "താൻ ശരിക്കും ആരാ..." (തുടരും) ബാക്കി 6മണിക്ക് #📙 നോവൽ 📝 Sony P Asokan *
1.4k കണ്ടവര്‍
20 മണിക്കൂർ
#

📙 നോവൽ

🌿 പ്രാണ 🌿 Part 4 "ആദിത്തേ... വാതില് തുറക്ക്...!" സുധിയ്ക്ക് വാതിൽ തുറന്ന് കൊടുത്ത് ഞാൻ തിരികെ വന്ന് കട്ടിലിലേക്ക് വീണു... "ടാ നിന്റെ അമ്മ എവിടെ..." സംസാരം അമ്മ കേൾക്കോ എന്ന പേടിയിലാണ് അവൻ... "അതൊന്നും നോക്കണ്ട... നീ വന്ന കാര്യം പറ..." "അളിയാ കേട്ടത് സത്യാണോ..." വാതിൽ ചാരി ശബ്ദം കുറച്ച് കൊണ്ടാണ് സുധിയുടെ ചോദ്യം... "അല്ലാതെ പിന്നെ... അവള് കൊണ്ടോയി ആ കൊച്ചിനെ..." "ആ പെണ്ണിന് എന്തെടുക്കാനാ ഈ കൊച്ചിനെ..." "അത് അറിയലാണല്ലോ ഇപ്പൊ അത്യാവശ്യം... ടാ പുല്ലേ നമ്മളാണ് ആ കൊച്ചിനെ തട്ടിക്കൊണ്ട് വന്നത്... ഇതിനെ ചുറ്റി പറ്റി എന്തേലും അന്വേഷണം വന്നാലുണ്ടല്ലോ, കുടുങ്ങുന്നത് നീയും ഞാനും മാത്രാ..." ഇടിത്തീ വീണ പോലെ അവൻ കട്ടിലിൽ ഇരുന്നു... "അപ്പൊ വീട്ടിലൊക്കെ....." "ആ എല്ലാം അറിയും...." "അയ്യോ എന്റെ അമ്മ... അളിയാ... ഇത് അങ്ങനെ വിട്ടാൽ പറ്റില്ല... എന്ത് വന്നിട്ടായാലും വേണ്ടില്ല, എങ്ങനെയും അവളെ കണ്ടെത്തണം..." സുധിയും തീരുമാനിച്ച് ഉറപ്പിച്ചിരുന്നു........!! ഞാനും....! സമയം കൃത്യം അഞ്ചു മണി... ആരാമത്തിലേക്ക് പോകാനുള്ള വഴിയിൽ തന്നെ ഞങ്ങൾ കുറ്റിയടിച്ചു... "ഈ വഴി താണ്ടാതെ അവൾക്ക് അകത്തോട്ട് പോകാൻ പറ്റില്ലല്ലോ... വരട്ടെ ശവം... കൊടുക്കുന്നുണ്ട് കയ്യോടെ..." ഷർട്ടിന്റെ ചുരുളുകൾ മടക്കി ഉയർത്തി രണ്ടും കൽപ്പിച്ച് തന്നെ നിന്നു ഞാൻ....! എട്ട് മണിയായിട്ടും നിന്ന് കാല് കുഴങ്ങിയതല്ലാതെ അവളുടെ പൊടി പോലുമില്ല... "ടാ അവളിനി നേരത്തെ പോയിട്ടുണ്ടാകോ..." "ഏയ്... പോയിക്കാണോ... നമുക്കൊന്ന് അകത്ത് കേറി നോക്കിയാലോ ആദി..." "എവിടെ 609 ലോ... അവിടെ കേറാൻ കാശ് നിൻെറ..." "വേണ്ട... തന്തക്ക് വിളിയല്ലേ... ഞാൻ ഊഹിച്ചു..." രണ്ടു ദിവസം തുടരെ കാത്ത് നിന്നിട്ടും അവളെ കാണാൻ കിട്ടിയില്ല..... ഇനിയിപ്പോ എങ്ങോട്ടേലും മുങ്ങി കാണോ... എന്തായാലും അവളെ അങ്ങനെയൊന്നും വിടില്ല... ഏത് പാതാളത്തിൽ പോയാലും അവളെ ഞാൻ പൊക്കിയിരിക്കും...!! വീട്ടിലിരുന്ന് ഓരോന്ന് ആലോചിച്ച് തള്ളി മറിക്കുമ്പോഴാണ് സുധിയുടെ കോൾ... "ടാ എന്തായി വല്ല തുമ്പും കിട്ടിയോ..." "അളിയാ ആദിത്തേ... ഇതിന് നീയെനിക്ക് ചിലവ് ചെയ്യേണ്ടി വരും..." "നിന്ന് ചിലക്കാതെ കാര്യം പറയെടാ... അവളെ കണ്ടോ..." "കണ്ടോന്നോ... ദാ കണ്ട് കൊണ്ടിരിക്കുന്നു..." "എവിടെ... എവിടെയാ അവൾ..." ഒറ്റ ശ്വാസത്തിൽ കയ്യിൽ കിട്ടിയ ഷർട്ടും വലിച്ച് കേറ്റി ഒരു ഓട്ടമായിരുന്നു... "പറയെടാ... എവിടെ അവൾ..." "ടാ.. ഞാനിപ്പോൾ അവളുടെ കൂടെ ബസിലാ... അവള് ചേങ്കോട്ടുകോണം ഇറങ്ങാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്... നീ എങ്ങനേലും പെട്ടെന്ന് അങ്ങോട്ട് വാ..." "ശരി സുധീ... പിന്നേ, അവളുടെ അടുത്തൊന്നും പോയി ഇരിക്കരുത്... അവൾ ആള് പിശകാണ്..." "അതൊക്കെ എനിക്കറിയാം..." അത് വഴി വന്ന ഓട്ടോ പിടിച്ച്, ഞാൻ അവർക്കും മുന്നേ ബസ് സ്റ്റോപ്പിൽ എത്തി... എന്നെ കണ്ടാൽ അവൾ തടിയൂരും... ഉറപ്പ്... അത് കൊണ്ട് തന്നെ ബസ് സ്റ്റോപ്പിൽ നിന്നും മാറി ഓട്ടോ സ്റാൻഡിലായി എന്റെ നിൽപ്പ്... ദൂരെ നിന്നും വളവ് തിരിഞ്ഞ് ബസ് വരുന്നുണ്ട്... സുധിയെ ഡയൽ ചെയ്ത് ഇയർ ഫോൺ കാതിൽ തിരുകി... "ആദിത്തേ... നീ എവിടുണ്ട്... ഞങ്ങൾ എത്താറായി..." "ഞാൻ ഇവിടെ തന്നെയുണ്ട്... നിങ്ങടെ ബസും കണ്ടു..." ബസ് നിന്നതും മുൻ വാതിലിലൂടെ പ്രാണ ഇറങ്ങി വരുന്നു... പിന്നിലൂടെ സുധിയും... "സുധീ നീ തിരിഞ്ഞു നോക്കണ്ട... ഞാൻ നിങ്ങടെ പുറകിലുണ്ട്... നീ കുറച്ച് ഡിസ്റ്റൻസ് ഇട്ട് അവളുടെ പിറകെ വിട്ടോ... ഞാൻ ഇപ്പുറത്തെ സൈഡിൽ കൂടി വരാം..." "ശരിയെടാ..." ജംഗ്ഷനിൽ നിന്നും ഇടത് വശത്തൂടെ മെയിൻ റോഡേ തന്നെ പ്രാണ നടത്തം തുടർന്നു... പിന്നാലെ സുധി... വലത് വശം ക്രോസ് ചെയ്ത് ഞാനും... ഇരു വശത്തും നിറയെ വീടുകളും കടകളും... കടയിലിരുന്ന ആരെയൊക്കെയോ നോക്കി അവൾ ചിരിക്കുന്നുണ്ട്... നോക്കി നിൽക്കെ പെട്ടെന്ന് അവൾ അതിലൊരു കടയിൽ കയറി... പുറത്തിറങ്ങും വരെ ഞങ്ങൾ വഴിപോക്കരെ പോലെ നിന്ന് പരുങ്ങി... ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും നോക്കാൻ പറ്റാത്ത അവസ്ഥ...! രണ്ടു കവർ നിറയെ സാധനങ്ങളും താങ്ങി പിടിച്ചാണ് അവളുടെ വരവ്... "ആദിത്തേ... ഇപ്പൊ എന്തേലും ചെയ്‌താൽ ഇവിടെ നിൽക്കുന്നോരൊക്കെ കാണുമെടാ..." "നോക്കാം... എന്തായാലും അവൾ കുറച്ചൂടി മുന്നോട്ട് പോട്ടെ..." മൂന്നാല് വളവ് കഴിഞ്ഞ്, പിന്നെ അധികം വീടുകളില്ല... കടകൾ ചിലതൊക്കെ അടഞ്ഞ് കിടക്കുന്നു... അടുത്തെങ്ങും ആരുമില്ല.... "സുധീ... ഇതാ പറ്റിയ ടൈം... നീ അവളെ ഓവർടേക്ക് ചെയ്... ഞാനും ഇപ്പോ എത്തും..." സുധി സ്പീഡ് കൂട്ടി... ഞാൻ അല്പം പിന്നിലായത് കൊണ്ട് ഒപ്പമെത്താൻ ഓടാൻ തുടങ്ങിയതും പ്രാണ റോഡ് ക്രോസ് ചെയ്ത് എന്റെ സൈഡിലേക്ക് വന്നു.... ഓടി പത്തടി തികച്ച് വച്ചില്ല, പ്രാണ തിരിഞ്ഞ് എനിക്ക് അഭിമുഖമായ് നിന്നു.... "എന്താ ആദിത്ത് ഇത്.....!! നോക്കി നിൽക്കാതെ ഈ കവറൊന്ന് വന്ന് പിടിക്ക്... എത്ര നേരായി ഞാൻ ഇതും തൂക്കിപ്പിടിച്ച് ഇങ്ങനെ...!! " കേട്ടതും ഇടി വെട്ടേറ്റ പോലായി ഞാൻ... ഇവൾക്ക് പുറകിലും കണ്ണുണ്ടോ....!! അവളുടെ ശബ്ദം നല്ല ഉച്ചത്തിൽ തന്നെയായിരുന്നു... അപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നേ, ചുറ്റിലും പല ആൾക്കാരുടെയും തല പൊങ്ങുന്നു... സുധിയും എന്നെ പോലെ തന്നെ അന്ധാളിച്ച് നിൽപ്പാണ്... "നോക്കി നിൽക്കാതെ വന്ന് പിടിക്കുന്നുണ്ടോ..." അതും പറഞ്ഞ് ഒരു കവർ താഴെ വച്ച് അവൾ തിരിഞ്ഞ് നടന്ന് തുടങ്ങി... അവലക്ഷണം പിടിച്ച ആൾക്കാരുടെ നോട്ടം സഹിക്ക വയ്യാതെ, നിലത്തിരുന്ന കവർ ഞാൻ കയ്യിലെടുത്തു... അവളുടെ ഒപ്പം നടന്ന് തുടങ്ങി... "ആദിത്ത്... ഞാനൊരു കാര്യം പറയട്ടെ.... ഇത് അത്യാവശ്യം ആളനക്കമുള്ള ഒരു സ്ഥലമാ... അത് കൊണ്ട് എന്നെ ഇവിടെ വച്ച് എന്തേലും ചെയ്തു കളയാം എന്ന് വല്ല പ്ലാനും ഉണ്ടെങ്കിൽ തിരികെ പോകുന്നതാ നല്ലത്.... കാരണം..., ഒന്നും നടക്കാൻ പോകുന്നില്ല...!! അത് കാണിച്ച് തരാനാ തന്നെ കൊണ്ട് ഞാൻ ആ കവർ എടുപ്പിച്ചത്... അവിടെ നിന്ന് നോക്കിയ ആൾക്കാരില്ലേ... അവരൊക്കെ ഇപ്പോഴും നമ്മളെ തന്നെ നോക്കുന്നുണ്ടാകും.... വേണ്ടി വന്നാൽ ഒച്ച വച്ച് ഞാൻ തന്നെ ആളെക്കൂട്ടുകേം ചെയ്യും... വേണോ... " തിരിഞ്ഞു നോക്കിയപ്പോഴും അതിർത്തിയിൽ നിരന്ന പട്ടാളക്കാരെ പോലെ ആ കാരണവർമാർ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നു... സുധി എന്തൊക്കെയോ കയ്യും കാലും കാട്ടി... ഇപ്പൊ വരണ്ട എന്ന് ഞാൻ തിരിച്ചും... അവന് മനസിലായോ ആവോ... "താൻ വെറുതെ ആരാമത്തിൽ പോയി കാത്ത് നിന്നു ല്ലേ... റാണിയക്ക വിളിച്ചപ്പോൾ പറഞ്ഞു, നിങ്ങളെ അവിടെ കണ്ടൂന്ന്.... എനിക്ക് ഈ വീക്ക് ലീവാ, അതാ നമ്മൾ കാണാത്തെ....!" "ഓ ഈ ജോലിക്കും ലീവൊക്കെ ഉണ്ടായിരുന്നോ... അറിഞ്ഞിരുന്നില്ല..." "താനൊക്കെ എന്തൊരു തോൽവിയാ ടോ... ശരീരം പണി മുടക്കുമ്പോ ഞാൻ എങ്ങനെയാ പണിയെടുക്കാ..." കളിയാക്കിയത് ആണെങ്കിലും അത് കേട്ടിട്ടാണോ എന്നറിയില്ല... മനസ്സിൽ ഒരു അലിവ് തോന്നിയ പോലെ... ഈ അവസ്ഥയിൽ അവൾ ഈ സാധനങ്ങളൊക്കെ പിടിച്ച്.... ആ സഞ്ചിയും കൂടി വാങ്ങി പിടിക്കണോ... ശോ ഞാൻ വന്നതെന്തിനാ ചിന്തിക്കുന്നതെന്താ... അവളോടൊപ്പം നടന്ന് മുന്നിലെ വളവ് കഴിഞ്ഞതും പിന്നിലൂടെ ആരോ ഓടി വരുന്ന ഒച്ച.... സുധി...!! ഇവനെന്ത് കോപ്പാ കാണിക്കുന്നേ... ഇവിടെ വച്ച് വേണ്ടാന്ന് പറഞ്ഞതല്ലേ... അവൻ ഓടി മുന്നിൽ കയറി നിന്നു... "എവിടേ ടീ ഞങ്ങടെ കൊച്ച്..." "സുധി വേണ്ടാ... ഞാൻ പറയുന്നതൊന്ന് കേൾക്ക്..." "എന്ത് കേൾക്കാൻ... നീ ഇവളുടെ കൂടെ കിന്നരിച്ചോണ്ട് നടക്കണത് ഞാൻ നോക്കി നിൽക്കണോ..." കയർത്തുള്ള സംസാരം അവിടവിടായി പലരും ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്... "ടാ കോപ്പേ എല്ലാരും നമ്മളെയാ നോക്കണത്..." "ആര് കണ്ടാലും എനിക്ക് പുല്ലാ... ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാൻ പോകൂ..." ഞാൻ അവനെ തടയാൻ നോക്കിയെങ്കിലും, അവൻ അപ്പോഴേക്കും എന്റെ കയ്യിലിരുന്ന കവർ വലിച്ചെറിഞ്ഞിരുന്നു... "സുധി ഒന്ന് നിർത്തുന്നുണ്ടോ...!!" പ്രാണയുടെ കയ്യിലിരുന്ന കവറിലായി അവന്റെ അടുത്ത പിടുത്തം... ഭ്രാന്ത് പിടിച്ച പോലെ അവൻ അതൊക്കെ തട്ടി തെറിപ്പിച്ചു... പിന്നെ എന്തേലും പറയും മുൻപേ ചുറ്റുമുള്ളവർ ഓടി കൂടുന്ന ശബ്ദവും... ഇടക്ക് എവിടെന്നോ സൈറണും... മൊത്തത്തിൽ ശബ്ദ കോലാഹലമായി... ആരൊക്കെയോ ഞങ്ങളെ പിടിച്ചു മാറ്റാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങളൊക്കെ കൈ വിട്ടു പോയി എന്ന് മനസിലായത്... കാരണം പിടിച്ചു മാറ്റുന്നവരുടെ വേഷം കാക്കി തന്നെയായിരുന്നു...!! അടുത്ത സീനിൽ ഞങ്ങൾ പോലീസ് സ്റ്റേഷനിലും... അല്ലെങ്കിൽ തന്നെ ഞങ്ങൾക്കിട്ട് പണിയാൻ നിൽക്കുവാണ് അവൾ... ഇതിപ്പോ ഗോൾ അവളുടെ കോർട്ടിലും... "എസ് ഐ എത്തിയിട്ടുണ്ട്... നിങ്ങടെ കാര്യം ഇനി സാറ് നോക്കിക്കോളും...!!" അതും പറഞ്ഞ് കോൺസ്റ്റബിൾ സൈഡിലേക്ക് മാറി നിന്നു... പക്ഷെ അയാളുടെ കണ്ണ് ഇപ്പോഴും പ്രാണയിൽ തന്നെയാണ്... എസ് ഐ സാർ അകത്തേക്ക് വന്നതും ബാക്കി സാറന്മാരൊക്കെ ഷൂ ആഞ്ഞ് ചവിട്ടി.... അയാൾ അതൊന്നും വക വയ്ക്കാതെ നേരെ വന്ന് നിന്നത് പ്രാണയുടെ മുന്നിലാണ്... ചുണ്ടിൽ നിറഞ്ഞ കാപട്യം... "നമുക്കൊന്ന് കൂടണ്ടേ പ്രാണ... കുറെ നാൾ ആയില്ലേ..." മുഖമുയർത്താതെ നിൽക്കയാണ് പ്രാണ... "സർ പ്ളീസ് എനിക്ക് പരാതിയില്ല.... ദയവ് ചെയ്ത് ഞങ്ങളെ പോകാൻ അനുവദിക്കണം...!!" ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അവളുടെ മറുപടി...! (തുടരും) 📝 Sony P Asokan plzz ലൈക് &ഫോള്ളോ ചെയ്യൂ #📙 നോവൽ *
1.5k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🌱പ്രാണ 🌱 Part 3 "നിങ്ങൾ എങ്ങനെയാ എന്റെ മുറിയിൽ...!!" "എന്താ വേറെ ആരെയെങ്കിലും പ്രതീക്ഷിച്ചിരുന്നോ നീ..." ഒരു നിമിഷം അവൾ ചുറ്റും നോക്കി... ഞാൻ തിരിഞ്ഞ് വാതിലിലേക്കും... "അക്കാ...... രുക്കൂ...." അവൾ വീണ്ടും അലമുറയിട്ടു.... എന്ത് ചെയ്യണം എന്നറിയാതെ, ഞാൻ ഓടിച്ചെന്ന് അവളുടെ വായ പൊത്തി... കഴിയുന്ന വിധത്തിൽ അവൾ കുതറാൻ നോക്കി... "ഒച്ച വക്കണ്ട... ഞാൻ പോകാം... പക്ഷേ ഞങ്ങളെ പറ്റി നീ ആരോടെങ്കിലും ഒരക്ഷരം മിണ്ടിയാൽ........." പറഞ്ഞു തീരും മുൻപ് മേശപ്പുറത്തിരുന്ന ഫ്ലവർ വേസ് എന്റെ തലയിൽ ഇടിച്ച് ചിന്നി ചിതറി...!! ആ ആഘാതത്തിൽ ഞാൻ വാതിലിന്റെ അടുക്കൽ തെറിച്ച് വീണിരുന്നു.... "എടീ നിന്നെ ഞാൻ..." അടികൊണ്ട ഭാഗം കൈ കൊണ്ട് പൊത്തിപ്പിടിച്ച് ഞാൻ എഴുന്നേറ്റ് നില്ക്കാൻ ശ്രമിക്കവേ.... താഴത്തെ നിലയിൽ നിന്ന് സുധിയുടെ അലർച്ചയും... തുടർന്ന് ആരൊക്കെയോ മുകളിലേക്ക് ഗോവണി കയറുന്ന ശബ്ദവും...!! മുന്നിൽ പ്രാണ....!! തത്രപ്പാടിൽ ഏത് കണ്ടം വഴിയാണ് ഓടിയതെന്ന് ഓർമയില്ല... എങ്ങനെയോ വീട്ടിലെത്തിയത് മിച്ചം... സുധിയെ പറ്റി ഒരു വിവരവും ഇല്ല... ഫോൺ ഓഫ്...! അന്വേഷിക്കാമെന്ന് വിചാരിച്ചാൽ ആരാമത്തിൽ പോയിട്ട് പുറത്തിറങ്ങാൻ പോലും ധൈര്യം ഇല്ല... കണ്ണടച്ചാൽ അവളുടെ മുഖമാണ്... പ്രാണ...! എന്നാ ഒരു അടിയായിരുന്നു... ഹോസ്പിറ്റലിൽ പോയി നെറ്റിയിലെ കെട്ട് ഇന്ന് അഴിച്ചു... തിരികെ പോരാൻ ബസിൽ കേറി... പാവം സുധി... അവനെ അവർ എന്തേലും ചെയ്ത് കാണോ... ബസ് ഉള്ളൂർ എത്താറായതും, എന്റെ അടുത്തിരുന്ന ചെക്കൻ എഴുന്നേൽക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നി... കാണേണ്ട താമസം തൊട്ടടടുത്ത് നിന്നവർ സീറ്റ് കൈക്കലാക്കാൻ ഇടി തുടങ്ങി... "ആദ്യം ആ ചെക്കന് ഇറങ്ങാൻ സ്ഥലം കൊടുക്ക്..." എന്ന് പറയണം എന്ന് തോന്നി... വേണ്ട... വെറുതെ വഴിയേ പോകുന്നത് തോട്ടി വച്ച് പിടിക്കണ്ട... ജീവനും കൊണ്ട് ആ പയ്യൻ രക്ഷപ്പെട്ട ഗ്യാപ്പിൽ ദേ ഒരുത്തി കേറി വരുന്നു... ന്റമ്മോ ഇത് ലവളല്ലേ... ഞാൻ തല പുറത്തിട്ട് മുഖം കൊടുക്കാതെ ഇരുന്നു... എന്നെ കണ്ട് കാണല്ലേ... ഇരുന്നു... അവൾ അടുത്ത് തന്നെ ഇരുന്നു...! കുറെ നേരത്തേക്ക് ശ്വാസം പിടിച്ചാണ് ഇരുന്നത്... ഈ ശവം എവിടെ ഇറങ്ങോ എന്തോ... ബസ് ശ്രീകാര്യം കഴിഞ്ഞ് ചെമ്പഴന്തി റൂട്ടിലേക്ക് തിരിഞ്ഞു.... "ടോ...!! താൻ എന്തിനാ എന്റെ കാലിൽ ചവിട്ടുന്നേ...!! " എന്നെയാണോ... ഞാൻ ചെറുതായ് ഇടം കണ്ണിട്ട് നോക്കിയതും പ്രാണ ഉണ്ടക്കണ്ണും മിഴിച്ച് നോക്കുന്നു...!! "താനെന്താ ഒളിച്ച് കളിക്കുന്നോ... കുറെ നേരമായി സഹിക്കുന്നു..." "ഞാനോ..." "പിന്നെ താനല്ലാതെ... വന്ന് കേറിയപ്പോൾ തൊട്ടേ ഞാൻ ശ്രദ്ധിക്കുവാ... ഒരു തൊടലും പിടിക്കലും... കാലിൽ ആകുമ്പോൾ ആരും കാണില്ലല്ലോ..." "ടീ അനാവശ്യം പറഞ്ഞാലുണ്ടല്ലോ..." "തനിക്ക് കാണിക്കാം അല്ലേ..." "ഞാൻ എന്തോ കാണിച്ചെന്നാ ടീ പുല്ലേ..." "ദേ വായിൽ തോന്നിയത് എന്നോട് പറഞ്ഞാലുണ്ടല്ലോ... പട്ടാപ്പകൽ ഒരു പെണ്ണിന്റെ കാലിൽ ചൊറിയാൻ വന്നതും പോരാ, താൻ നിന്ന് ന്യായം പറയുന്നോ... ഇവനെയൊന്നും ഇറക്കി വിടാൻ പോലും ചങ്കൂറ്റമുള്ള ഒരുത്തനും ഈ ബസിൽ ഇല്ലേ..." ആ അവസാനത്തെ ഡയലോഗ് മതിയാരുന്നു, ബസിന്റെ പല ഭാഗത്ത് നിന്നും ഭീമൻ രഘുവിനെ പോലെ ഓരോന്ന് പൊങ്ങി വന്ന് ചോദ്യം പറച്ചിലുമായി... ഒടുവിൽ കണ്ടക്റ്റർ ബെല്ലടിച്ചു... വണ്ടി നിന്നു... എന്നെയവർ പുറത്തേക്ക് തള്ളി... ശരിക്കും ഇവളെ ഇനി വേറെ ആരെങ്കിലും തോണ്ടി കാണോ... സ്റ്റാർട്ട് ചെയ്ത ബസ് നൂറ് മീറ്റർ മുന്നോട്ട് പോയി, വീണ്ടും നിന്നു... ദേ അവൾ ഇറങ്ങി വരുന്നു... ബസും പോയി... ഇവളിത് എന്തിനുള്ള പുറപ്പാടാ... പ്രാണയുടെ കൺവെട്ടിച്ച് ഞാനോടി ഇടവഴിയിൽ കയറി... ചുറ്റും റബ്ബർ കാടുകളായി ആ റോഡ് എങ്ങോട്ടോ നീണ്ട് പോകുന്നു.... അവൾ വേറെ വഴിയേ പോയിട്ടുണ്ടാകണേ...... നടത്തത്തിന് സ്പീഡ് കൂട്ടിയപ്പോഴാണ് പിന്നിൽ നിന്നൊരു വിളി... "ടോ താൻ നിൽക്കുന്നോ... അതോ ഞാൻ ഇവിടെയും ആളിനെ വിളിച്ച് കൂട്ടണോ..." "ഓഹോ... അപ്പൊ അതൊക്കെ നിന്റെ അഭിനയമായിരുന്നു അല്ലേ ടീ പുല്ലേ..." "അല്ലാതെ പിന്നെ... താൻ എന്നെ ചവിട്ടിയോ ഇല്ലയോന്ന് തനിക്ക് പോലും അറിയില്ലേ..." ഞാൻ അവളെ നോക്കി കയ്യും കെട്ടി നിന്നു... "എന്താ നിന്റെ ഉദ്ദേശം... സുധി എവിടെ..." "അത് പറയാം... അതിന് മുൻപ് എനിക്ക് ആ കുട്ടി എവിടെ ഉണ്ടെന്ന് അറിയണം..." "നിനക്കെന്തിനാ അറിഞ്ഞിട്ട്..." "താനാരാ ചോദിയ്ക്കാൻ... എന്റെ കണ്മുന്നിൽ വച്ചൊരു കുട്ടിയെ കടത്താൻ നോക്കിയാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കണോ... സത്യം പറ... നിങ്ങൾ ആ കുട്ടിയെ കൊന്നോ... അതോ ആർക്കെങ്കിലും മറിച്ചു വിറ്റോ..." "നിന്റെ ജോലി അല്ല എന്റേത്..." "എങ്കിൽ പിന്നെ മാളു എവിടെ..." "അവളെന്റെ വീട്ടിൽ തന്നെയുണ്ട്... എന്റെ അമ്മ അവളെ നന്നായി നോക്കുന്നും ഉണ്ട്... അതോണ്ട് നീ വല്ലാതെ സ്നേഹം നടിച്ച് ആ കൊച്ചിനെ പറ്റി ബേജാറാകണ്ടാ..." കേൾക്കേണ്ട താമസം അവൾ തിരിഞ്ഞു നടന്നു.... "അങ്ങനെ പോയാലോ... എന്റെ സുധി എവിടെ..." "ദാ കിടക്കുന്നു തന്റെ സുധി..." അതും പറഞ്ഞ് അവൾ ബാഗ് തുറന്ന് എന്തോ വലിച്ചെറിഞ്ഞ് നടന്ന് പോയി... നോക്കുമ്പോൾ സുധിയുടെ ഫോൺ... അപ്പോൾ സുധി.... തിരികെ ബസ് സ്റ്റോപ്പിൽ വന്ന് നിൽക്കുമ്പോൾ അവിടെ പ്രാണയില്ല... കിട്ടിയ ബസിൽ കയറി ഞാൻ ചെന്നത് സുധിയുടെ വീട്ടിലാണ്... "ഇതാര് ആദിത്തോ... കേറി ഇരിക്ക് മോനേ..." സുധിയുടെ അമ്മയുടെ സൽക്കാരം കണ്ടിട്ട് അവന് ഒന്നും സംഭവിച്ച ലക്ഷണമില്ല... "അമ്മേ സുധി എവിടെ..." "അവൻ ദേ അകത്ത് കിടന്ന് ഉറങ്ങുന്നു... ഒരീസം പണി കഴിഞ്ഞ് വന്നപ്പോൾ ഒരുപാട് താമസിച്ചു മോനെ... അന്ന് തൊട്ട് ക്ഷീണമാണെന്നും പറഞ്ഞ് എപ്പോഴും കട്ടിലിൽ തന്നെയാ ആ ചെക്കൻ... നീ കേറി നോക്കിയേ..." സുധിയുടെ മുറിയിൽ ചെല്ലുമ്പോൾ... അവൻ കട്ടിലിൽ മലർന്നടിച്ച് കിടക്കുന്നു... "ടാ സുധി നീ ചത്തില്ലേ..." "അളിയാ നീയോ... എന്റെ പൊന്നളിയാ നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല... ഞാൻ ഒരിക്കലും മറക്കില്ല അളിയാ ആ രാത്രി..." "അപ്പോൾ നിനക്കൊന്നും പറ്റിയില്ലേ... നിന്റെ കരച്ചിൽ ഞാൻ കേട്ടതോ..." "അതോ... ആദ്യം ഞാൻ പോയ റൂം ഇല്ലേ... 505... അവിടെ ഒരു ട്രാൻസ്‌ജെൻഡർ ആയിരുന്നു... എനിക്ക് ഇതിൽ അധികം പരിചയം ഇല്ലാത്തത് കൊണ്ട് ഞാൻ അവരോട് കാല് പിടിച്ച് പറഞ്ഞു, വേറെ റൂം തരാൻ... അവസാനം 608 കിട്ടി... അതൊരു ചരക്ക് തന്നെയായിരുന്നു... അവിടുന്ന് പോരുമ്പോ ഞാൻ എന്റെ ഫോൺ പോലും എടുക്കാൻ മറന്നു..." "ഇനി സാറ് അതാലോചിച്ച് സങ്കടിക്കണ്ട... ദാ നിന്റെ ഫോൺ..." "ആഹാ... ഇത് നിന്റേൽ എത്തിയോ... അല്ലാ, നീ ഒന്നും പറഞ്ഞില്ല... എങ്ങനെ ഉണ്ടായിരുന്നു നിന്റെ സെറ്റപ്പ്...." കിടന്ന കിടപ്പിൽ അവന്റെ നടുവിനിട്ട് ഒരു തൊഴി കൊടുക്കാനാണ് തോന്നിയത്... വീടായി പോയി... "പറയെടാ ആദി... പിന്നെ ആ കൊച്ച് എന്തിയേ..." അവൻ പറയുമ്പോഴാണ് ഞാനും അത് ഓർക്കുന്നത്... പ്രാണ എങ്ങോട്ടാകും അത്ര ധൃതിയിൽ പോയത്.... "സുധീ... ഞാൻ ഇറങ്ങുന്നു... എനിക്ക് അത്യാവശ്യമായിട്ട് ഒന്ന് വീട് വരെ പോണം...." ഓടിപ്പിടച്ച് വീട്ടിലെത്തുമ്പോൾ അമ്മ മുറ്റമടിക്കയാണ്... പെട്ടെന്നുള്ള എന്റെ വരവ് അമ്മയ്ക്കും ബോധിച്ചിട്ടില്ല... വീട്ടിനുള്ളിലേക്ക് ഞാൻ ഓടി കയറി... "മാളൂ... മാളൂ... അമ്മേ മാളു എവിടെ... ഇവിടെ ആരെങ്കിലും വന്നിരുന്നോ..." "മോളെ നോക്കണ്ട... അവൾ അവിടെ ഇല്ല..." "അതാ ചോദിച്ചേ ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്ന്..." "ആ കൊച്ചിന്റെ അമ്മ വന്നിരുന്നു... അതിനെ കൂട്ടി കൊണ്ട് പോയി..." അമ്മയോ... നെറ്റിയിലെ മുറിവിൽ അറിയാതെന്റെ വിരലുകൾ തടവുന്നുണ്ടായിരുന്നു....... ഇത് അവൾ തന്നെ... പ്രാണ......!!! (തുടരും) nxt prt 6.30 pm 📝 Sony P Asokan #📙 നോവൽ
1.8k കണ്ടവര്‍
1 ദിവസം
#

📙 നോവൽ

🌿പ്രാണ 🌿 Part 2 "ആളിറങ്ങണം... ആളിറങ്ങണം..." എന്നെ നോക്കിയാണ് പ്രാണ കൂകി വിളിച്ചത്...! "ടാ പണി പാലും വെള്ളത്തിൽ കിട്ടുമെന്നാ തോന്നുന്നെ...! " അവൾ അപ്പോഴേക്കും വാതിലിന്റെ അടുക്കൽ ഓടിയെത്തി... "ആ പണ്ടാരം കണ്ടക്റ്റർ ബെല്ലുമടിച്ചു..." "നീ നിന്ന് പണി മേടിക്കാതെ വരുന്നുണ്ടോ സുധീ....!! " മാളുവിനേം കൊണ്ട് ഞാൻ ഓടുന്ന കണ്ട് സുധിയും പിന്നാലെ കൂടി... "ഓട്ടോ...! " ചീറി പാഞ്ഞെത്തിയ ഓട്ടോ സഡൻ ബ്രേക്കിട്ടതും ഞാൻ ചാടി കയറി... കൊച്ചിനെ സുധിയുടെ മടിയിൽ വച്ച് തിരിഞ്ഞു നോക്കുമ്പോൾ.... പ്രാണ അവിടെ ഞങ്ങളെ തന്നെ നോക്കി നിൽക്കയാണ്... അവളുടെ ബസ് ഡിപ്പോയിൽ നിന്നും എടുത്തിട്ടുണ്ട്... മാളു കരച്ചിൽ നിർത്തിയിട്ടില്ല... ഡ്രൈവർ ആണേൽ സംശയത്തിൽ കണ്ണാടിയിൽ കൂടി നോക്കുന്നു... "മാളൂട്ടി എന്തിനാ കരയുന്നേ... ഒരു ഐസ് ക്രീം മേടിക്കാത്തതിനാണോ ഇത്രേം പിണക്കം..." "ഏത് ഐസ് ക്രീം..." ഇങ്ങനൊരു പൊട്ടൻ... ഓട്ടോ ചേട്ടൻ കാണാതെ ഞാൻ അവന്റെ കൈ പിടിച്ച് തിരിച്ചു.... കാലിൽ ആഞ്ഞൊരു തൊഴിയും... ഉണ്ടക്കണ്ണ് മിഴിച്ച് സുധിയെ നോക്കി കീറി വിളിച്ചോണ്ടിരുന്ന കൊച്ച് അത് കണ്ട് ചിരിക്കാനും തുടങ്ങി... "മാമാ... നിച്ച് ഐഷ് ക്രീം മേണം..." അത് എന്റെ കോളറിൽ പിടിച്ച് വീണ്ടും തുടങ്ങി.... "മതി മതി... മേടിച്ച് തരാം..." "ചേട്ടാ... ആ പോസ്റ്റ് ഓഫീസിന്റെ മുൻപിൽ നിർത്തിക്കോ..." പോസ്റ്റ് ഓഫീസിന്റെ പിന്നിൽ മുഴുവൻ ഏക്കറു കണക്കിന് നെൽപ്പാടമാണ്... അതിലൂടെ പത്തു മിനിറ്റ് നടന്നാൽ എന്റെ വീടും... കൊച്ചിനെ കരയിൽ നിർത്തി ഞാൻ വയലിലേക്കിറങ്ങി... സുധി ഓട്ടോയ്ക്ക് കാശും കൊടുത്ത് പുറകെ വരുന്നുണ്ട്... "ആദിത്തേ... ഈ കൊച്ചിനെ ഇനി എന്ത് ചെയ്യാനാ..." "ഞാൻ ഇത്രയേ ഏറ്റിട്ടുള്ളൂ... ഈ സാധനത്തെ സ്റ്റീഫൻ സാറിനെ ഏൽപ്പിച്ചാൽ പണി കഴിഞ്ഞു..." ഒഴുകി വരുന്ന തെളിനീർ കയ്യിലെടുത്ത് ഞാൻ മുഖം കഴുകി... ഷർട്ടിൽ തന്നെ കൈ തുടച്ച് ഞാൻ തെങ്ങിൻ ചോട്ടിലേക്ക് മാറി നിന്നു... ഫോൺ വിളിച്ചു കഴിഞ്ഞ് വരുമ്പോൾ മാളു സുധിയുടെ കൈ പിടിച്ച് വെള്ളത്തിൽ കളിക്കുവാണ്... "ടാ സുധീ... സ്റ്റീഫൻ സാർ സ്ഥലത്തില്ല... അങ്ങേര് വയനാട്ടിൽ എന്തോ കടത്താൻ പോയേക്കുവാന്ന്..." "അതിന്..." "അതോണ്ട് അങ്ങേര് തിരിച്ചു വരും വരെ ഈ കൊച്ചിനെ ആരും കാണാതെ ഒളിപ്പിക്കണം..." "അപ്പൊ കാശോ..." "കാശിന് പ്രശ്നമൊന്നും ഇല്ല... അത് ഗോഡൗണിൽ ചെന്ന് മേടിക്കാൻ പറഞ്ഞു..." "ഹാ അത് അറിഞ്ഞാൽ മതി..." "പിന്നെ സുധീ... നീയിനി കുറച്ച് നാൾ പുറത്ത് അധികം ഇറങ്ങണ്ടാ... പ്രത്യേകിച്ച് ആ ഡിപ്പോയിൽ എങ്ങാനും നിന്റെ തല പൊങ്ങിയാൽ, അവസാനം നിന്നെ രക്ഷിക്കാൻ എന്നെ കൊണ്ട് പോലും പറ്റില്ല..." "അതെന്താ ടാ ഒരു മാതിരി കോപ്പിലെ വർത്താനം..." "ഈ കൊച്ച് ഏതോ കൊമ്പത്തെ വീട്ടിലെയാ ടാ... ഇപ്പോൾ സ്റ്റീഫൻ സാർ പറഞ്ഞതാ... അതോണ്ട് കുറച്ച് നാൾ ഒന്ന് സൂക്ഷിക്കാൻ... പിന്നെ ആ ബസ് സ്റ്റോപ്പിൽ കണ്ട പെണ്ണില്ലേ... അവൾ അത്ര പെട്ടെന്നൊന്നും എന്റെ മോന്ത മറക്കില്ല... നിന്നെയും...! " "ശെടാ... ഇതിപ്പോൾ പേടിച്ച് പുറത്തിറങ്ങാനും പറ്റില്ലേ..." "നിനക്ക് പേടിയില്ലാത്ത ഒരു ഐറ്റം ഉണ്ട്..." "എന്തുവാ..." "നീ ആരാമം എന്ന് കേട്ടിട്ടുണ്ടോ..." "അത് ഇവിടെ അടുത്തുള്ള വെടിപ്പുര അല്ലേ... അതിപ്പോൾ ആരാ കേൾക്കാത്തത്‌..." "സ്റ്റീഫൻ സാർ വക നമുക്ക് രണ്ട് പേർക്കും ഇന്ന് അവിടെ ഫ്രീ ടിക്കറ്റാ..." "പൊന്നളിയാ... ഇതല്ലേ നീ ആദ്യം പറയേണ്ടത്... സത്യായും...?" "ആ ടാ..." സുധിയുടെ മുഖത്ത് ആയിരം സൂര്യനുദിച്ച സന്തോഷമായിരുന്നു... നല്ല കാര്യങ്ങൾ നീട്ടി വക്കാൻ പാടില്ല എന്നല്ലേ... മാളുവിനെ സുരക്ഷിതമായ് ഒരിടത്ത് ഏൽപ്പിച്ച് വിസ്തരിച്ചുള്ള കുളിക്കു ശേഷം, കൃത്യം ഏഴരയ്ക്ക് ഞങ്ങൾ ആരാമത്തിന് മുന്നിൽ പൊങ്ങി... പേര് കേട്ട ലോഡ്ജ് ആണ്... സ്ഥിരം വരുന്നവർക്ക് മാത്രമേ അറിയൂ, ഇവിടെ കിട്ടാത്തതായി ഒന്നും തന്നെയില്ല എന്ന്... സ്നേഹക്കുറവ് തോന്നുമ്പോൾ ഞാനും ഇടയ്ക്ക് ഒക്കെ വന്ന് പോകാറുണ്ട്... സ്നേഹം കൂടും തോറും നമ്മുടെ പോക്കറ്റും ചെറുതാകും... പക്ഷെ ഇത്തവണ എപ്പോഴും വരും പോലെയല്ല... സ്റ്റീഫൻ സാറിന്റെ വക സ്പെഷ്യൽ സ്വീകരണം തന്നെ കിട്ടും... "റാണിയക്കാ... ഞങ്ങൾ..." ഈ ലോഡ്ജിന്റെ മൊത്തം നടത്തിപ്പുകാരി ഈ റാണിയക്ക ആണ്... ഇവിടത്തെ റിസപ്ഷനിസ്റ്റ്...! "സ്റ്റീഫൻ സാർ പറഞ്ഞിരുന്നു നിങ്ങൾ വരുമെന്ന്..." കേട്ടതും സകല നാഡീ ഞരമ്പും ഒന്ന് എണീറ്റ് നിന്നു... "രുക്കൂ... സ്റ്റീഫൻ സാറിന്റെ ഗസ്റ്റാ... ഇവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോ..." "വേണമെന്നില്ല അക്കാ... റൂം നമ്പർ പറഞ്ഞാൽ മതി... ഞങ്ങൾ പൊയ്‌ക്കോളാം..." സുധിയെ പിന്നിലേക്ക് മാറ്റി നിർത്തിയാണ് ഞാൻ ചോദിച്ചത്... റൂം നമ്പർ ചോദിച്ചത് വേറൊന്നിനും അല്ല... ഓരോ നില കൂടും തോറും വേറെ ലെവൽ ഫിഗർ ആയിരിക്കും... ഈ കെട്ടിടത്തിൽ മൊത്തം ആറു നിലയുണ്ട്... എന്റെ കയ്യിലുള്ളത് വച്ച് ഞാൻ ഇത് വരെ രണ്ടാമത്തെ നിലയിൽ കൂടുതൽ പോയിട്ടില്ല... "മ്മ്... രുക്കു പൊയ്‌ക്കോ... നിങ്ങളുടെ റൂം ഒന്ന്, 505, മറ്റൊന്ന് 609..." എന്റമ്മോ... ചെവിയിലൂടെ കിളികൾ ആർത്ത് പറന്നു... ഭാഗ്യത്തിന് സുധി കേട്ടിട്ടില്ല... "സുധീ... നിനക്ക് 505..." കണ്ണും തള്ളിയാണ് അവൻ 505 ലേക്ക് നടന്നത്... എന്റെ അവസ്ഥ അതുക്കും മേലെയായിരുന്നു........ റൂം നമ്പർ 609...! പാതി ചാരിയ വാതിൽ തുറന്നു........ ചുവന്ന വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന മുറി... ഉച്ചിയിൽ നിന്ന് താഴേക്ക് ഇറങ്ങി നിൽക്കുന്ന മുത്തുക്കല്ലുകൾ... കണ്ണാടി പതിപ്പിച്ച ചുവർ... ക്വീൻ സൈസ് ബെഡിന്റെ അടുത്ത് കണ്ണാടിയിൽ നോക്കി നിൽക്കുന്നു ആ രൂപം...... പിങ്ക് നിറത്തിലെ ഒഴുകി നടക്കുന്ന സാരി... ഇതിലും കിടിലം ഐറ്റം ഈ കെട്ടിടത്തിൽ വേറെ കാണില്ല... ഉള്ളിൽ കയറി ഞാൻ വാതിൽ ചാരി... കണ്ണാടിയിലെ പ്രതിബിംബത്തിൽ അറിയാതൊന്ന് നോക്കിയ ഞാൻ ഞെട്ടി... ഇവളോ...!! അതോ എനിക്ക് തോന്നിയതാണോ....... വേഗത്തിലാണ് അവൾ എന്നിലേക്ക് തിരിഞ്ഞത്... "നിങ്ങളോ...!! " രാവിലെ കണ്ട അതേ രൂപമല്ലേ ഇത്... അപ്പോൾ മേക്കപ്പ് പോയിട്ട് ഒരു പൊട്ട് പോലും ഇല്ലായിരുന്നു... ഇപ്പോൾ ആരെയും മനം മയക്കുന്ന രൂപത്തിൽ... "പ്രാണ...!! " "അക്കാ....!!! " അവൾ അലറി വിളിച്ചു... (തുടരും) #📙 നോവൽ 📝 Sony P Asokan
1.7k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
അണ്‍ഫോളോ
ലിങ്ക് കോപ്പി ചെയ്യാം
റിപ്പോര്‍ട്ട്
ബ്ലോക്ക്
റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള കാരണം