#🙏🏻 പൂജവെയ്പ്പ് 📚 #🙏 ഭക്തി Status
🥰പൂജവെയ്പ്പ് എങ്ങിനെ നടത്തണം🥰
*പൂജവെയ്പ്പ് കേരളത്തിലുള്ളവർ ക്ഷേത്രങ്ങളിലും മറ്റുസ്ഥലങ്ങളിൽ ഉള്ളവർ വീടുകളിലോ അല്ലെങ്കിൽ മലയാളി സമാജം ഒരുക്കുന്ന പ്രത്യേക വേദികളിലോ ആയിരിക്കും. വീട്ടിലായാലും, സമിതികളുടെ നേതൃത്വത്തിൽ മറ്റു വേദികളിലായാലും എങ്ങിനെയാണ് പൂജവെയ്പ് നടത്തേണ്ടത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.*
*കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക് വെയ്ക്കണം.*
*വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കൾ, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട് പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം.*
*ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച് അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്.*
*ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട കത്തിക്കണം.*
*ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക.*
*ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്.*
*ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. തുടർന്ന് പുതിയ ബെഡ്ഷീറ്റോ, പായയോ, പേപ്പറോ വെച്ച് അതിൽ പൂജയ്ക്കു വെയ്ക്കാനുള്ളതെല്ലാം വെക്കണം.*
*ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച് അതിൽ രണ്ടോ മൂന്നോ തുളസിയില ഇടുക എന്നിട്ട് വലതുകൈകൊണ്ട് അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്-*
*‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’*
*എന്ന മന്ത്രം ചൊല്ലി കിണ്ടിയുടെ മുരലിൽ കൂടി വലതു കയ്യിൽ അല്പം ജലം എടുത്ത് അതിനെ കിണ്ടിയിൽ തന്നെ ഒഴിക്കുക. എന്നിട്ട് തീർത്ഥമായി സങ്കൽപിച്ച് ഒരു തുളസിയിലകൊണ്ട് പുസ്തകത്തിലും മറ്റും തെളിച്ച് ശുദ്ധി വരുത്തുക.*
*നിവേദ്യം അർപ്പിച്ച് പൂജ ചെയ്ത് കർപ്പൂരം കാണിക്കണം.*
*അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത് ആരതി ഉഴിയണം.*
*വിജയദശമി ദിവസം പൂജാമുറി പുഷ്പങ്ങൾ കൊണ്ടും മറ്റും ഭംഗിയായി അലങ്കരിക്കുക. ഫോട്ടോയിലും പുസ്തകങ്ങളിലും മറ്റും ചന്ദനം തൊടുക. ഗണപതിയുടെയും, സരസ്വതിയുടെയും, മഹാലക്ഷ്മിയുടെയും മറ്റു ദേവതമാരുടെയും ഫോട്ടോകളിലും മറ്റും മാലകളും പുഷ്പങ്ങളും ചാർത്തുക.*
*വലതു വശത്തും ഇടതു വശത്തും കരിമ്പ് വെയ്ക്കണം.*
*തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങൾ തയ്യാറാക്കി ആദ്യം ഗണപതിക്ക് തേങ്ങയുടച്ച് പൂജചെയ്യുക,*
*തുടര്‍ന്ന് സരസ്വതി മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട് പുഷ്പാർച്ചന നടത്തുകയും ചെയ്യണം. തുടർന്ന് നിവേദ്യം അർപ്പിച്ച്, അതിനുശേഷം കർപ്പൂരം ആരതി കാണിച്ച് പൂജയ്ക്ക് വെച്ചെതെല്ലാം എടുക്കുക.*
*തുടർന്ന് ഒരു താലത്തിൽ അല്പം അരിയെടുത്ത് അരിയിൽ മുതിർന്നവരിൽ ഒരാൾ അല്ലെങ്കിൽ ഗുരു സ്ഥാനത്തുള്ളവർ പറഞ്ഞു തരുന്നതിനനസരിച്ച്-*
*‘ഹരിശ്രീഗണപതയേ നമ:*
*അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’*
*എന്ന് വലതു ചൂണ്ടാണി വിരൽ കൊണ്ട് എഴുതുക. തുടർന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസിൽ ധ്യാനിച്ച് പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച്, ബുദ്ധിയും ശക്തിക്കുമായി പ്രാർത്തിച്ച് നമസ്കരിക്കുകയും ചെയ്യുക.*