പുതിയ വർഷം പിറന്നല്ലോ.. അപ്പോ പുതിയ തുടക്കങ്ങളും വേണമല്ലോ.. എൻ്റെ കാർട്ടൂണുകളും പാട്ടുകളും മാത്രം പോസ്റ്റു ചെയ്തു കൊണ്ടിരിക്കുന്ന ഈ പേജിൽ ഇനി എൻ്റെ ബോധ്യത്തിലും അനുഭവത്തിലും ഉടലെടുക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള കുറിപ്പുകളും കൂടി ഇടയ്ക്കിടെ ആവാമെന്ന് കരുതുന്നു. ഇന്ന് അതിന് തുടക്കം കുറിക്കുകയാണ്. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ? 🥰
വിശപ്പിൻ്റെ ബാല്യം :
വിശപ്പിൻ്റെ വിലയറിയാൻ ബാല്യത്തിൽ പട്ടിണി കിടന്നിരിക്കണം എന്ന് നിർബന്ധം ഇല്ലെന്നാണ് എൻ്റെ പക്ഷം. വിശക്കുന്നവനെ കാണാനുള്ള മനസ്സു മതി. അടുത്തിടെ ഗാസയിലെ ഒരു അഭയാത്ഥിക്യാമ്പിൽ ഏതോ സന്നദ്ധ സംഘടനയുടെ ഭക്ഷണ വിതരണം കഴിഞ്ഞ ശേഷം തിരക്കിനിടയിൽ പാത്രവുമായി വിതരണക്കാരൻ്റെ മുമ്പിൽ എത്തിച്ചേരും മുമ്പ് ഭക്ഷണം തീർന്നുപോയത് കണ്ട് ചോറ് വിളമ്പിയ വലിയ വാർപ്പിൽ അവിടവിടായി അവശേഷിച്ച നാലോ അഞ്ചോ വറ്റ് ആർത്തിയോടെ നുള്ളിെ പെറുക്കി തിന്നുന്ന ഒരു ബാലനെയും അവൻ്റെ കൈ പിടിച്ച് മറ്റൊരു കാലി പാത്രവുമായി നിസ്സഹായതയോടെ നടന്ന് പോകുന്ന മറ്റൊരു ബാലനേയും കണ്ടിട്ട് അന്ന് എനിക്ക് ഉണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. നമ്മുടെയൊക്കെ വീട്ടിലെ കുട്ടികൾക്ക് നിർബന്ധിച്ച് കൊടുത്താൽ പോലും ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് ഓർക്കുമ്പോ എത്രയോ ബാല്യങ്ങൾ വിശന്ന് കരിഞ്ഞു നടക്കുമ്പോഴാണല്ലോ ഇവറ്റകൾ ഇങ്ങനെ പെരുമാറുന്നത് എന്ന് തോന്നിപ്പോവും. ഒരു പിടി ചോറെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്ന ധാരാളം കുട്ടികൾ നമുക്ക് ചുറ്റും ഉണ്ടെന്നുള്ള കാര്യം മക്കളോട് പറഞ്ഞു കൊടുക്കണം. കുട്ടികൾ പട്ടിണിയിലാവുന്നത് ഒരിക്കലും അവരുടെ തെറ്റല്ല. പട്ടിണി ഇന്ന് തുലോം കുറവാണെങ്കിലും വിശക്കുന്ന ബാല്യം ഇല്ലെന്ന് പറയാനാവില്ല. വിശന്ന കുട്ടികളുടെ കണ്ണുകൾ അത് വിളിച്ച് പറയുന്നുണ്ടാവും. നമുക്ക് ചെയ്യാൻ പറ്റുന്നത് നമ്മുടെ അറിവിലോ ബോധ്യത്തിലോ ഇത്തരത്തിൽ ഏതെങ്കിലും കുട്ടികളുണ്ടെങ്കിൽ അവർക്ക് ഒരു നേരത്തേ ആഹാരം എത്തിക്കാൻ ശ്രമിക്കണം എന്നതാണ്. കുട്ടികൾ നിഷ്ക്കളങ്കരാണ്. ചിലർ പറയുന്നത് കേൾക്കാം ഇതിനെയൊക്കെ പെറ്റു കൂട്ടിയവർക്കില്ലാത്ത ഉത്തരവാദിത്തം നമുക്ക് എന്തിനെ ന്ന്. അങ്ങനെ ഒരു തോന്നൽ ബാലിശമാണ്. ദരിദ്രമായ ഒരു സാഹചര്യം മനസ്സാ വരിച്ചവരല്ല ആ കുട്ടികൾ. അങ്ങനെ ആയിപ്പോയതിൽ അവർക്ക് ഒരു പങ്കും ഇല്ല.നമുക്ക് ഈ ലോകത്തിലെ മുഴുവൻ കുട്ടികളുടേയും വിശപ്പാറ്റാൻ പറ്റില്ല. പക്ഷെ നമ്മുടെ തൊട്ടടുത്ത് , നമ്മുടെ കൺവെട്ടത്തിൽ ഉള്ളവരെ നമുക്ക് സഹായിക്കാൻ പറ്റും.ഒരമ്പലത്തിലും പള്ളിയിലും എത്ര കാണിക്കയിട്ടാലും കിട്ടാത്ത പുണ്യം കിട്ടും ഇതിന്. ഇനി ഒരു കുട്ടിയും വിശപ്പടക്കി തളർന്നുറങ്ങാതിരിക്കട്ടെ എന്നത് നമ്മുടെ പുതുവർഷ പ്രതിജ്ഞ തന്നെയാവട്ടെ. 🙏🙏 #💓 ജീവിത പാഠങ്ങള് #❤ സ്നേഹം മാത്രം 🤗