@comrade_gsudhakaran
@comrade_gsudhakaran

G Sudhakaran

Minister of Public Works & Registration Kerala Government.

കാലങ്ങളായി എഞ്ചിനീയേഴ്സ് പില്‍ഗ്രിം ഷെല്‍ട്ടർ കമ്മിറ്റി അനധികൃതമായി കയ്യേറിയിരുന്ന ശബരിമല പില്‍ഗ്രിം സെന്‍ററിന്‍റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനാണെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ പൊതുമരാമത്ത് വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനോട് ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള കെട്ടിടം എഞ്ചിനീയേഴ്സ് പില്‍ഗ്രിം ഷെല്‍ട്ടർ കമ്മിറ്റി അനധികൃതമായി കയ്യേറി ഉപയോഗിച്ച് വരികയായിരുന്നു. ഈ സര്‍ക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം എഞ്ചിനീയേഴ്സ് പില്‍ഗ്രിം സെന്‍റർ സര്‍ക്കാരിലേയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അതിനെതിരെ കൈവശക്കാർ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസാണ് ഇപ്പോള്‍ സർക്കാരിന് അനുകൂലമായി വിധിയായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണകാലത്ത് അന്യാധീനപ്പെടുത്തിയ മൂന്നാർ, വൈക്കം, കുറ്റാലം റസ്റ്റ് ഹൗസുകള്‍ ഈ സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലിന്‍റെ ഭാഗമായി സര്‍ക്കാരിലേയ്ക്ക് തിരികെ ലഭിക്കുന്ന സാഹചര്യമുണ്ടായി. ശബരിമല പില്‍ഗ്രിം സെന്‍ററുമായി ബന്ധപ്പെട്ട കേസില്‍ നിരന്തരമായ ഇടപെടല്‍ നടത്തിയതിന്‍റെ ഫലമായി വസ്തുതകള്‍ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് പില്‍ഗ്രിം സെന്‍റര്‍ സര്‍ക്കാരിലേയ്ക്ക് തിരികെ ലഭിക്കാന്‍ സാഹചര്യമുണ്ടായത്. പൊതുസ്വത്ത് അന്യാധീനപ്പെട്ടു പോകുന്നത് തടയുന്നതിനുള്ള നടപടി സർക്കാർ ഇനിയും തുടരുമെന്നും അറിയിക്കുന്നു. #🙏 മണ്ഡലകാലം #വികസനം
പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എറണാകുളം ഡിവിഷന്‍/ആലുവ സെക്ഷന്‍ എന്നിവിടങ്ങളില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ 2013 മുതല്‍ 2016 വരെയുള്ള കാലത്ത് ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക മാറി നല്‍കുക, വ്യാജരേഖ ചമച്ചു സെക്യുരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുക തുടങ്ങിയവ കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായി കണ്ടെത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. കൂടാതെ ആരോപണവിധേയരായ താഴെ പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിനുണ്ടായ 1,77,62,492 രൂപയുടെ നഷ്ടം ഉത്തരവാദികളില്‍ നിന്നും ഈടാക്കുന്നതിനും കരാറുകാരന്‍ സുബിന്‍ ജോര്‍ജ്ജിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1. ഹുമയൂണ്‍ എസ് - സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ 2. ബല്‍ദേവ് - സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ 3. സുജാറാണി ടി.എസ് - സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ 4. ബിന്ദു കെ.ടി - സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ 5. സലീന എ - ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ 6. കെ.എസ് ജയരാജ് - എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 7. ബെന്നി ജോണ്‍ - എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 8. ഷാബു എം.ടി - എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 9. സജിന എസ്.ജെ - അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 10. സുനില്‍ എസ് - അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 11. മെജോ ജോര്‍ജ്ജ് വി - അസി. എഞ്ചിനീയര്‍ 12. ജെറി ജെ തൈക്കുടന്‍ - ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍റ് 13. പി ശ്രീരേഖ - അഡിമിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് 14. സജീവ്കുമാര്‍ സി.കെ - ഓവര്‍സിയര്‍ **** ഇത്തരം ക്രമക്കേടുകള്‍ സംസ്ഥാനത്ത് പല ഓഫീസുകളിലും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. #📰 വാര്‍ത്തകള്‍
പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ ക്രമക്കേടു കാണിച്ച കരാര്‍ കമ്പനിയുടെ പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായ 4.13 കോടി രൂപ കണ്ടുകെട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ കമ്പനി ഫയല്‍ ചെയ്ത കേസ് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാലും, നിര്‍മ്മാണത്തില്‍ ഗ്യാരണ്ടി കാലാവധിക്കു മുമ്പു തന്നെ തകരാറുകള്‍ ഉണ്ടായാലും, പെര്‍ഫോമന്‍സ് ഗ്യാരണ്ടി കണ്ടു കെട്ടാമെന്നാണ് കരാര്‍ വ്യവസ്ഥ. ചട്ടങ്ങള്‍ക്കു വിധേയമായ പ്രസ്തുത നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു.   വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയമാണിത്. നിയമത്തിനു വിധേയമായി സഹകരിക്കുന്നതിനു പകരം വീണ്ടും സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിക്കുന്നതിനാണ് കരാര്‍ കമ്പനിയും കരാറുകാരുടെ ചില സംഘടനകളും ശ്രമിക്കുന്നത്. വേഗത്തില്‍ കുഴപ്പങ്ങള്‍ പരിഹരിച്ചു റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി പാലം ദീര്‍ഘകാലം നിലനില്‍ക്കുന്ന വിധത്തില്‍ ജനങ്ങള്‍ക്കു ഉപയോഗിക്കാനാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുറ്റങ്ങളെ ന്യായീകരിക്കുന്നതിനും ക്രമക്കേടുകളെ വെള്ളപൂശുന്നതിനും അഴിമതി നടത്തിയവരെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ ഈ കരാറില്‍ കക്ഷിയല്ലാത്ത സ്വകാര്യ കരാറുകാരുടെ സംഘടനയും കോടതിയെ സമീപിച്ചിരിക്കുകയാണ്.  പൊതുജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടുകള്‍ കഴിയുന്നതും വേഗത്തില്‍ പരിഹരിക്കുന്നതിനെതിരെ നടത്തുന്ന ഇടപെടലുകളിലെ തെറ്റ് മനസ്സിലാക്കി പാലത്തിന്‍റെ റീഹാബിലിറ്റേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണം. #📰 കേരള വാർത്തകൾ
ആലപ്പുഴ ബൈപ്പാസിന്‍റെ ഭാഗമായി വരുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തില്‍ ഉണ്ടായിരുന്ന സാങ്കേതിക തടസ്സം റെയില്‍വേ ചീഫ് എഞ്ചിനീയര്‍ ഗിര്‍ഡറുകളുടെ ഡിസൈന്‍ അംഗീകരിച്ചത്തോട് കൂടി നീങ്ങി. മുടങ്ങി കിടന്നിരുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. പിണറായി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ ആലപ്പുഴ ബൈപ്പാസിന്‍റെ 15.3 ശതമാനം നിര്‍മ്മാണം മാത്രമാണ് കഴിഞ്ഞിരുന്നത്. ശക്തമായ ഇടപെടല്‍ മൂലം ഇപ്പോള്‍ 98 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. റെയില്‍വേയുടെ ഭാഗത്തുള്ള രണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ പ്രവൃത്തികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിട്ടിരുന്നു. സൂപ്പര്‍ വിഷന്‍ ചാര്‍ജുകള്‍ റെയില്‍വേ ഒഴിവാക്കി തരാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇതില്‍ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തതിന്‍റെ ഭാഗമായി 7 കോടി രൂപ റെയില്‍വേക്ക് സംസ്ഥാനം നല്‍കുകയുണ്ടായി. കൂടാതെ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം വിഹിതമാണ് വഹിക്കുന്നത്. ദേശീയപാത വിഭാഗത്തിനാണ് ആലപ്പുഴ ബൈപ്പാസിന്‍റെ നിര്‍മ്മാണ ചുമതല. റെയില്‍വേ മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ റെയില്‍വേയുടെ മാനദണ്ഡപ്രകാരം ഡിസൈന്‍ തയ്യാറാക്കുകയും റെയില്‍വേ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കാന്‍ രണ്ട് ആര്‍.ഒ.ബി കള്‍ക്കും റെയില്‍വേയുടെ അംഗീകൃത പാനലില്‍ നിന്നും പ്രത്യേക ഫാബ്രിക്കേറ്റേഴ്സിനെ റെയില്‍വേയുടെ അംഗീകാരത്തോട് കൂടി ചുമതലപ്പെടുത്തിയിരുന്നു. ഫാബ്രിക്കേറ്റ് ചെയ്യുന്ന ഫാക്ടറികളില്‍ ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ നിലവാരം ഡിസൈന്‍ പ്രകാരം തന്നെയാണ് എന്ന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. റെയില്‍വേ സുരക്ഷ കമ്മീഷ്ണര്‍ 19-12-2018 ന് സൂപ്പര്‍ സ്റ്റ്ക്ചറിന്‍റെ ലോഞ്ചിങ്ങിന് അംഗീകാരം നല്‍കിയതനുസരിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫാക്ടറികളില്‍ മോക്ക് അസംബ്ലി നടത്തി നിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം 2019 ജനുവരിയില്‍ ഫാക്ടറികളില്‍ നിന്നും സൈറ്റിലേക്ക് ഗിര്‍ഡറുകള്‍ എത്തിച്ചു. സൈറ്റില്‍ എത്തിയ ഗിര്‍ഡര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേമ്പറില്‍ ചില വ്യത്യാസങ്ങള്‍ ചൂണ്ടികാണിക്കുകയും എന്നാല്‍ ഇതിന്‍റെ ഒരു അന്തിമ തീരുമാനം രേഖാമൂലം അറിയിക്കാതെ നിര്‍മ്മാണത്തിന് കാലതാമസം വരുത്തിയതിന്‍റെ സാഹചര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലുമായി ബന്ധപ്പെടുകയും ശേഷം റെയില്‍വേ ഉദ്യോഗസ്ഥരുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ റെയില്‍വേ എഞ്ചിനീയര്‍മാര്‍ ഒക്ടോബര്‍ 16, 17 തീയതികളില്‍ ഗിര്‍ഡറുകളുടെ സാങ്കേതിക പരിശോധന നടത്തി റിപ്പോര്‍ട്ട് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ക്ക് കൈമാറി. 24-10-2019 ന് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ ഗര്‍ഡറുകളുടെ ഡിസൈന്‍ അംഗീകരിക്കുകയും അതനുസരിച്ചുള്ള അറിയിപ്പ് രേഖാമൂലം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഗിര്‍ഡറുകളുടെ കേമ്പറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട കരാറുകാരന് നിര്‍ദ്ദേശം നല്‍കി. കരാറുകാരന്‍ ഗിര്‍ഡറുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടിയന്തിരമായി ചെയ്ത് തീര്‍ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ താമസം നേരിട്ടെങ്കിലും റെയില്‍വേയുടെ ഭാഗത്ത് നിന്നും സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കുന്നതിന് സഹായകരമായ നടപടികള്‍ കൈക്കൊണ്ടതിനുള്ള നന്ദി രേഖപ്പെടുത്തുന്നു. റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്‍റെ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ആലപ്പുഴയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. #എൻ്റെ നാട് #📰 വാര്‍ത്തകള്‍
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ പാലത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകും വിധം ക്രമക്കേട് കാട്ടിയ കോണ്‍ട്രാക്ടിംഗ് കമ്പനി ആര്‍.ഡി.എസിന്‍റെ പെര്‍ഫോമന്‍സ് ഗാരന്‍റി 4 കോടി 13 ലക്ഷം രൂപ കണ്ടുകെട്ടി ഖജനാവിലേക്ക് മുതല്‍ കൂട്ടി. കരാര്‍ പ്രകാരം നിര്‍മ്മാണം നല്ല നിലയില്‍ നിര്‍വ്വഹിച്ച് കഴിഞ്ഞാല്‍ പെര്‍ഫോമണ്‍സ് ഗാരന്‍റി റിലീസ് ചെയ്ത് കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കുന്നതാണ് രീതി. കരാര്‍ പ്രകാരം നിര്‍മ്മാണം നടത്താതിരുന്നാല്‍ പ്രസ്തുത തുക സര്‍ക്കാരിന് കണ്ടുകെട്ടാമെന്നുമുള്ള കരാര്‍ വ്യവസ്ഥ പ്രകാരമാണ് പണം കണ്ടുകെട്ടിയത്. ക്യാബിനറ്റ് തീരുമാന പ്രകാരം ഇന്നലെ (28-10-2019) റോഡ്സ് & ബ്രിഡ്ജസ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ എം.ഡി യായി ചുമതലയേറ്റ രാഹുല്‍ ആര്‍ ഐ.ആര്‍.എസ് പെര്‍ഫോമന്‍സ് ഗ്യാരന്‍റി തുക കണ്ടുകെട്ടാനുള്ള നിര്‍ദ്ദേശം ചെയര്‍മാനായ എനിക്ക് ഇന്ന് (29-10-2019) സമര്‍പ്പിച്ചിരുന്നു. പരിശോധിച്ച് ഉടന്‍ തന്നെ പെര്‍ഫോമന്‍സ് ഗാരന്‍റി ഇന്‍വോക്ക് ചെയ്യുന്നതിനുള്ള അംഗീകാരം നല്‍കുകയും ചെയ്തു. തകര്‍ച്ചയ്ക്ക് കാരണക്കാരായ കമ്പനിയില്‍ നിന്നും പാലം നിര്‍മ്മിക്കാനാവശ്യമായ തുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ത്വരിതഗതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാലത്തിന്‍റെ റീഹാബിലിറ്റേഷന്‍ പ്രവൃത്തികള്‍ക്കായി ഡി.എം.ആര്‍.സിയെ ക്യാമ്പിനറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്‍ പ്രകാരം ഡോ. ഇ.ശ്രീധരന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. #📰 വാര്‍ത്തകള്‍
ദേശീയപാത 544 ലെ മണ്ണൂത്തി - വടക്കഞ്ചേരി ഭാഗത്തെ കുതിരാന്‍ തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് എന്‍.എച്ച്.എ.ഐ യുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. 2018 ല്‍ കുതിരാന്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം നടത്തിയ യോഗത്തില്‍ 2019 ജനുവരിയില്‍ തുരങ്കത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്ന് എന്‍.എച്ച്.എ.ഐയും കരാറുകാരനും ഉറപ്പ് നല്‍കിയിരുന്നതാണ്. കരാറുകാരന് നിര്‍മ്മാണം നടത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നതാണ് കാരണം. നിര്‍മ്മാണ കമ്പനിയായ കെ.എം.സി പൂര്‍ണ്ണമായും കരാർ ലംഘിച്ച് കൊണ്ടിരിക്കുകയാണ്. കരാറുകാരന്‍റെ സൗകര്യത്തിനനുസരിച്ചുള്ള നിലപാടാണ് എന്‍.എച്ച്.എ.ഐ സ്വീകരിച്ച് വരുന്നത്. കരാറുകാരനെതിരെ നടപടി സ്വീകരിക്കാന്‍ എന്‍.എച്ച്.എ.ഐ എന്ത് കൊണ്ട് മടികാണിക്കുന്നുവെന്ന് തുറന്ന് പറയണം. പ്രസ്തുത പ്രവൃത്തിയുടെ നിർമ്മാണവും മേൽനോട്ടവും പൂർണ്ണമായും കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയുടെ കീഴിലായതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതികളുണ്ട്. ഉത്തരവാദിതത്തോടെയല്ല കരാര്‍ കമ്പനിയുടെ ഇടപെടൽ. കരാറുകാരന്‍ ഗുരുതരമായ കരാര്‍ ലംഘനം നടത്തിയിട്ടും ഒരു നടപടിയും ആ കമ്പനിക്കെതിരെ സ്വീകരിച്ചതായി കാണുന്നില്ല. ഇതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും ദേശീയ പാത അതോറിറ്റിക്കുമാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയ പാത അതോറിറ്റിക്കും ഈ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കാനാവശ്യപ്പെട്ട് പലതവണ കത്തുകള്‍ നല്‍കിയിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കാരണം ഈ പ്രദേശങ്ങളിലുണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും ഗതാഗതകുരുക്കിനും ദേശീയപാത അതോറിറ്റിയും കരാറുകാരും ഉത്തരം പറയേണ്ടതുണ്ട്. പ്രവൃത്തി ഉടന്‍ പുനരാരംഭിച്ച് പൂര്‍ത്തീകരിക്കുന്നതിനുള്ള ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നു. #📰 വാര്‍ത്തകള്‍
ഷൊര്‍ണ്ണൂര്‍ - പെരിന്തല്‍മണ്ണ റോഡില്‍ (14/750 മുതല്‍ 15/250 വരെയുള്ള ഭാഗത്ത്) ചെയ്ത ബി.എം പൂര്‍ണ്ണമായും ഇളകിയത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉത്തര മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറില്‍ നിന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് വാങ്ങുകയും ബി.എം പ്രവൃത്തിയുടെ ഗുണനിലവാരക്കുറവും മേല്‍നോട്ടക്കുറവും മൂലം സംഭവിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാലാണ് ഈ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്‍റ് എഞ്ചിനീയറായ ശ്രീമതി ശാലിനിത കെ (ഇപ്പോള്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ നിരത്തു സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍), ഓവര്‍സിയറായ ശ്രീ ജയകൃഷ്ണന്‍ വി.സി (ഇപ്പോള്‍ ഷൊര്‍ണ്ണൂര്‍ നിരത്തു സെക്ഷന്‍) എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത്. പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ ഒ.ബി മധു പാലക്കാട് ഷൊര്‍ണൂര്‍ നിരത്ത് ഉപവിഭാഗം ഓഫീസില്‍ നിന്നും വിരമിച്ചതാണ്. കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്പ്പെടുത്തുന്നതിനും സര്‍ക്കാരിനുണ്ടായ നഷ്ടം വിരമിച്ച അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കോണ്‍ട്രാക്ടര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നിവരില്‍ നിന്നും ഈടാക്കിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം നടക്കുമ്പോള്‍ ഗുണനിലവാരവും, മേല്‍നോട്ടവും നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു. #📰 വാര്‍ത്തകള്‍