
CPIM Edakkad North LC
@cpimedakkadnorthlc
Official Account of the CPIM Edakkad North LC
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഒക്ടോബർ 20 ന് നിർവഹിക്കുന്നു.
#💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
"ഒരു വിളിപ്പാടകലെ മുഖ്യമന്ത്രിയുണ്ട് എന്നത് ഒരു വെറും വാക്കല്ല, അതൊരു യാഥാർത്ഥ്യമാണ് എന്ന് അനുഭവംകൊണ്ട് ബോദ്ധ്യമായി"
CM with Me യിലേയ്ക്ക് വിളിച്ച ആലപ്പുഴ പുന്നപ്ര സ്വദേശി രതീഷ് തന്റെ അനുഭവം പങ്ക് വെയ്ക്കുന്നു. #💪🏻 സിപിഐഎം
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 2022 ഒക്ടോബര്‍ ഒന്നിനാണ് സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്. പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം പാര്‍ടിക്കും വിദ്യാര്‍ഥി–യുവജന പ്രസ്ഥാനങ്ങള്‍ക്കും വര്‍ഗബഹുജന സംഘടനകള്‍ക്കും ഊര്‍ജസ്വലമായ നേതൃത്വം നല്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധിഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു.
കേരളം മുഴുവന്‍ പ്രവര്‍ത്തനമണ്ഡലമാക്കിയ കോടിയേരി, മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളില്‍ അതീവശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു. നല്ലൊരു പാര്‍ലമെന്റേറിയന്‍കൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു.
കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. നിരവധിയായ ജയില്‍പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. കേരളത്തിന്റെ ഭാവിവികസനം മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് ആവിഷ്കരിച്ച വികസനപദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസനവിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയില്‍ ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. നര്‍മത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയില്‍ ശോഭിച്ചു. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച് അവരുടെ വാക്കുകള്‍ സശ്രദ്ധം കേട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുമായിരുന്നു.
സിപിഐ എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവിയും കോടിയേരി വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിലും സഖാവ് അതീവ ശ്രദ്ധപുലര്‍ത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്കി. ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതല്‍ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.
ചെറുപ്പംമുതല്‍ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഞങ്ങളിരുവരും സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായി വന്ന ഘട്ടംമുതല്‍ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന് (കെഎസ്വൈഎഫ്) രൂപീകരണവേളയില്‍ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാര്‍ഥിരംഗത്തായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം. ഞാന്‍ യുവജനസംഘടനാ രംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം ജീവിതാവസാനംവരെ ഒരു പോറല്‍പോലും ഏല്ക്കാതെ നിലനിന്നു.
സംഘാടകന്‍ എന്ന നിലയില്‍ ചെറുപ്പംമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധഘട്ടത്തിലും പാര്‍ടിയെ മുന്നോട്ടുനയിക്കുന്ന നേതാവ്. തലശേരി മേഖലയില്‍ ആര്‍എസ്എസിന്റെ കടന്നാക്രമണം തുടര്‍ച്ചയായി നടക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതില്‍ സഖാവ് മുന്നിലുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുന്നതില്‍ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകന്‍, പ്രസംഗകന് എന്നീ നിലകളില്‍ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു. പാര്‍ടിയില്‍ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാര്‍ടിയെ പരിക്കേല്‍ക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പങ്കുണ്ട്. 1967–68 ഘട്ടത്തില്‍ നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ശക്തമായ ആശയസമരം നടന്നപ്പോള്‍ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതില്‍ വിദ്യാര്‍ഥിനേതാവെന്ന രീതിയില്‍ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാര്‍ടിക്കകത്ത് വിഭാഗീയത ഉയര്‍ന്ന ഘട്ടത്തിലും പാര്‍ടി നിലപാടുകളില്‍ ഉറച്ചുനിന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങള്‍ കണിശതയോടെ കൈകാര്യം ചെയ്യാന്‍ എന്നും ശ്രദ്ധിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിര്‍ത്താന്‍ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാര്‍ടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനായി. വിശ്രമരഹിതമായ രാഷ്ട്രീയജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏതു പരീക്ഷണഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരം പിടിച്ചുവാങ്ങാനും അദ്ദേഹത്തിനായി.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ വികസനപ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുകുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേര്‍പാടുണ്ടായത്. സഖാവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വപ്നം കണ്ട ആ പാതയിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുന്നത്. നാനാമേഖലയിലും വികസനവെളിച്ചം എത്തിയ ഒന്പതരവര്ഷം. നാടിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികള്‍. പാര്‍പ്പിടം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യനിര്‍മാര്‍ജനം തുടങ്ങി എല്ലാ മേഖലയിലും കാതലായ മാറ്റങ്ങളുടെ കാലം. ജനജീവിതംതന്നെ പരിഷ്കരിക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. കണ്മുന്നില് കാണാവുന്ന ഈ മാറ്റം സാധാരണജനത തിരിച്ചറിയുന്നുണ്ട്. അവര്‍ ഈ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നത്. നിയമസഭയില്‍പ്പോലും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രതിപക്ഷം. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉടക്കുകളെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ ജനകീയവിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ബിജെപിയാകട്ടെ, മതവും സമുദായവും വിശ്വാസവുമെല്ലാം ദുരുപയോഗിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കാനാകുമോ എന്ന ശ്രമത്തിലാണ്.
വികസനവിരുദ്ധരെ ഒറ്റപ്പെടുത്തി നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. നാടിനുവേണ്ടി യോജിച്ച പ്രവര്‍ത്തനമാണ് ആവശ്യം. പ്രക്ഷോഭപാതകള്‍ക്ക് എന്നും ഊര്‍ജംപകര്‍ന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏതു പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകള്‍ക്കുമുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം സംഘടിപ്പിക്കണം.
മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം തളിങ്ങിയ കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു. എൽഡിഎഫിനെ കെട്ടുറപ്പോടെ നയിക്കുന്നതിലും അനുപമമായ മാതൃക കാട്ടി.
ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച്, എൽഡിഎഫ് സർക്കാർ പത്താംവർഷത്തിലാണ്. വികസനപാതയിൽ അതിവേഗം കുതിക്കുന്ന സർക്കാരിന് ജനങ്ങളുടെ നിർലോഭമായ പിന്തുണയുണ്ട്. അതിൽ വിറളിപൂണ്ട് യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരാകട്ടെ ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചാണ് കേരളത്തോട് പെരുമാറുന്നത്. പരമാവധി ബുദ്ധിമുട്ടിച്ചും സാമ്പത്തികമായി ഞെരുക്കിയും വികസനം തടയാനാണ് നീക്കം. സാധാരണക്കാരെ മറന്ന കേന്ദ്രഭരണത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരണം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മുപ്പതിലധികം പേർ മരിച്ച സംഭവത്തിൽ ചെന്നൈ ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷണം നടത്താൻ തയാറാകണമെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സ. പി ഷൺമുഖം. നാളിതുവരെ ഇത്തരമൊരു സംഭവം തമിഴ്നാട്ടിൽ നടന്നിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു. #💪🏻 സിപിഐഎം
ലഡാക്ക് ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു. ഇൗ അടിച്ചമർത്തൽ നാല് പേരുടെ മരണത്തിനും ഒട്ടേറെപേർക്ക് പരിക്കേൽക്കാനും ഇടയാക്കി. പൂർണ അധികാരമുള്ള നിയമസഭയോടെ സംസ്ഥാന പദവി നൽകണമെന്നും മേഖലയെ ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലഡാക്ക് ജനത ആറ് വർഷമായി പ്രക്ഷോഭത്തിലാണ്. ഇതുവഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും ഇതര ആനുകൂല്യങ്ങളും അവർക്ക് ലഭിക്കും. ഇൗ അവകാശങ്ങൾക്കായുള്ള ആവശ്യം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അവഗണിച്ചുവരികയാണ്.
നീതിയുക്തമായ ആവശ്യങ്ങളെ കേന്ദ്രം വിവേകശൂന്യമായി അവഗണിക്കുന്നതിൽ നിരാശരായും, കഴിഞ്ഞ മൂന്ന് വർഷത്തിൽ പലവട്ടം നടന്ന ചർച്ചകളിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും ലേ അപ്പെക്സ് ബോഡി(എൽഎബി)യുടെയും മറ്റ് ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ 15 ദിവസമായി സമാധാനപരമായ നിരാഹാരസമരം നടന്നുവരികയായിരുന്നു. അർഥപൂർണമായ ചർച്ചയ്ക്ക് തയ്യാറാകുന്നതിനു പകരം നിരാഹാരസമരത്തെ ബലംപ്രയോഗം വഴി നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വ്യാപക ജനരോഷത്തിന് വഴിയൊരുക്കി. സംഘർഷത്തിനു ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചശേഷവും കേന്ദ്രസർക്കാർ പ്രക്ഷോകരെ കുറ്റപ്പെടുത്തുകയാണ്.
എല്ലാ അടിച്ചമർത്തൽ നടപടികളും കേന്ദ്രം നിർത്തിവയ്ക്കണം. ജനകീയപ്രസ്ഥാനത്തിന്റെ പ്രതിനിധികളുമായി ഫലപ്രദമായ ചർച്ചയ്ക്ക് തയ്യാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകണം.
സിപിഐ എം പോളിറ്റ് ബ്യുറോ #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
സെപ്റ്റംബർ 23
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala
എറണാകുളം മുളവുകാട് ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സ. എം എം ലോറൻസ് ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. സഖാവ് വേർപിരിഞ്ഞിട്ട് സെപ്തംബർ 21ന് ഒരുവർഷം പൂർത്തിയാകുന്നു. വിദ്യാർഥിയായിരിക്കെത്തന്നെ സഖാവ് ദേശീയ പ്രസ്ഥാനത്തിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ ലോറൻസ് വഹിച്ച പങ്ക് ചെറുതല്ല. എത്ര ഭീകരമർദനവും അദ്ദേഹത്തെ തളർത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ ധീരനാക്കുകയും ചെയ്തു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞ സഖാവ്, ഇന്ത്യ-ചൈന യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിലിലടയ്ക്കപ്പെട്ടു.
1946ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ ലോറൻസ്, അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സെൽ സെക്രട്ടറി മുതൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, എൽഡിഎഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായി. കൊച്ചി കോർപറേഷൻ രുപീകരിച്ച 1969 മുതൽ '79 വരെ കൗൺസിലറായിരുന്നു. ദേശാഭിമാനി നിരോധിച്ച കാലത്ത് എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ച 'നവലോക'ത്തിന്റെ ചുമതലക്കാരനായി. ദേശാഭിമാനിയുടെ റിപ്പോർട്ടറായും വിതരണക്കാരനായും പ്രവർത്തിച്ചു.
തൊഴിലാളിവർഗത്തിന്റെ കരുത്തും സർഗാത്മകതയും വർധിപ്പിക്കാൻ പ്രവർത്തിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു ലോറൻസ്. മുളവുകാട് മാടമാക്കൽ വീട്ടിൽ അവര മാത്യുവിൻ്റെയും മേരിയുടെയും 12 മക്കളിൽ നാലാമനായി 1929 ജൂൺ 15ന് ജനനം. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ ആകൃഷ്ടനായി. പാർടി പ്രവർത്തനം ദുഷ്കരമായ കാലത്ത് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾക്കും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി അതിശക്തമായി പോരാടിയ നേതാവാണ്. കൊടിയ മർദനങ്ങൾക്കും ദീർഘകാലം ജയിൽവാസത്തിനും വിധേയനായ അദ്ദേഹം, സിപിഐ എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും നൽകിയ സംഭാവന വിലമതിക്കാനാകില്ല.
അവസാനശ്വാസംവരെ സാധാരണ മനുഷ്യരെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത നേതാവായിരുന്നു ലോറൻസ്. ഏതൊരു കമ്യൂണിസ്റ്റുകാരനും ആവേശംപകരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സമരധീരമായ ആ ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി #💪🏻 സിപിഐഎം #☭ CPIM #🔴cpim🔥 #CPIM കണ്ണൂർ #CPIM kerala