ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/61qd3ww?d=n&ui=v64j8rk&e1=c
ലെങ്ത് കൂടുതൽ ആണ് അതോണ്ട് ബാക്കി നാളെ ഇതിന്റെ തുടർച്ച ആയി ഇടാം
❤️❤️❤️❤️❤️ശിക്ഷാർഹം - പാർട്ട് 08
പിറ്റേന്നു രാവിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു ആൽബി. രാവിലെ തന്നെ ജയകുമാർ എത്തി വേണ്ട നിയമോപദേശങ്ങൾ കൊടുത്ത് മടങ്ങിയിരുന്നു. ധിലീഷ് പോത്തൻ എന്ന ഓഫീസറെപ്പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം ആൽബിയും അന്വേഷിച്ചു കണ്ടെത്തിയിരുന്നു.
അയാൾക്ക് ഭയമൊന്നും തോന്നിയില്ല. ഒരു വല്ലാത്ത ആത്മ ധൈര്യം. നാട്ടിലെ ജനങ്ങൾ മുഴുവൻ തന്റെ കൂടെയുണ്ടെന്നൊരു തോന്നൽ..
ആൽബി ബ്രേക്ക്ഫാസ്റ്റ് തിടുക്കത്തിൽ കഴിച്ചവസാനിപ്പിച്ച്, ഒരു പ്രാവശ്യം കൂടി ബെഡ് റൂമിൽ കയറി, തന്റെ യൂണിഫോമിലെ എല്ലാ ഡീറ്റയിലുകളും പെർഫെക്റ്റ് ആണെന്നുറപ്പു വരുത്തി പൂർണ്ണ ആത്മവിശ്വാസത്തോടെ പുറത്തേക്കിറങ്ങി ബുള്ളറ്റിൽ കയറിയിരുന്നു. ആൻസി വാതില്ക്കൽ തന്നെ നിന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്തുവാ ഇതുവരെയില്ലാത്തൊരു ഒരുക്കമൊക്കെ ? ” ഒരു സുഖമില്ലാത്ത ചിരിയുണ്ടായിരുന്നു അവൾക്ക്.
“ഇന്നലെ ഡെയ്സി... ഇന്നും ആരെയെങ്കിലും കിട്ടിയാലോ ? ” ആൽബി ചുണ്ടു കടിച്ചു പിടിച്ച് ഒരു ചിരി ചിരിച്ചു.
“കൊള്ളാം കൊള്ളാം... നടക്കട്ടെ.” അവൾ കെറുവിച്ച് അകത്തേക്ക് കയറിപ്പോകുന്നത് ഒരു കുസൃതിച്ചിരിയോടെ ആൽബി നോക്കി ഇരുന്നു.
ഒൻപതരക്കു തന്നെ അയാൾ കളക്ടറേറ്റിനടുത്തുള്ള ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യൽ സെൽ ഓഫീസ് കോമ്പൗണ്ടിലെത്തി. ബുള്ളറ്റ് അവിടെ ഒതുക്കി വെച്ചിട്ട് പുറത്തേക്കിറങ്ങി ഒരു പെട്ടിക്കടയിലെത്തി ഒരു ചായ ഓർഡർ ചെയ്ത് പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു. വരുന്ന വഴിയിൽ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
‘ചാരിറ്റി’ എന്ന നമ്പറിൽ നിന്നും രണ്ട് മിസ്സ്ഡ് കോളുകൾ.
എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് അയാൾ അവിടെ കിടന്ന ബെഞ്ചിലേക്കിരുന്നു. തിരിച്ചു വിളിക്കണോ ? എന്താണീ സ്ത്രീയുടെ ഉദ്ദേശം ? ഇന്നലത്തെ അവരുടെ ഓരോ മെസേജിലും തെളിഞ്ഞു നിന്ന ലൈംഗീക താല്പ്പര്യം വളരെ വ്യക്തമായിരുന്നു. ഇങ്ങനെയൊരു സുഹൃദ്ബന്ധം വേണോ ? അയാൾക്ക് തന്റെ തലക്കുള്ളിൽ അനേകം അപായ മണികൾ മുഴങ്ങുന്ന പോലെ തോന്നി. എന്നാൽ അതേ സമയം തനിക്ക് അവരോടൊരു കടപ്പാടുണ്ടെന്ന സത്യം, അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒടുവിൽ ഫോൺ പോക്കറ്റിലേക്കിടാമെന്നു തീരുമാനിച്ച നിമിഷം... അതു വീണ്ടും വൈബ്രേറ്റ് ചെയ്യാനാരംഭിച്ചു.
മനസ്സിൽ ശപിച്ചുകൊണ്ട് അയാൾ ഫോണെടുത്തു.
“ഹലോ മാഡം! ”
“ങേ! മാഡം വിളി നമ്മൾ ഇന്നലെ നിർത്തിയതാരുന്നല്ലോ.” അപ്പുറത്തു നിന്നും വന്ന ഡെയ്സിയുടെ ചിരി ശബ്ദം, അലകളായി തന്റെ ശരീരത്തിലൂടെ താഴേക്കൊഴുകിയിറങ്ങിയതു പോലെ തോന്നി അയാൾക്ക്.
“എന്താ വിളിച്ചത് ? ” ആൽബി പെട്ടെന്ന് ഗൗരവത്തിലായി.
“എന്നെ ഇതുവരെ അൺബ്ലോക്ക് ചെയ്തില്ല.എന്തു പറ്റി ? ” അപ്പുറത്തെ സ്വരത്തിന് ഒരു പിണക്കത്തിന്റെ ഛായ.
“അതേ... സത്യം പറയാം. വൈഫ് കണ്ടാൽ വെറുതേ തെറ്റിദ്ധരിക്കും. പെണ്ണുങ്ങളെങ്ങനായിരിക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ.”
“ഹോ! കഷ്ടം തന്നെ. പിന്നെ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? തിരിച്ച് ഡ്യൂട്ടിയിൽ കയറിയോ ? “
”ഇല്ല. കുറച്ചു പ്രശ്നങ്ങളുണ്ട്. ഉടനെ കയറും.“
”അയ്യോ ഞാൻ കരുതി ഇപ്പൊ സ്റ്റേഷനിലായിരിക്കുമെന്ന്... എനിക്കൊരു ചെറിയ പോലീസ് സഹായം വേണമായിരുന്നല്ലോ. സത്യത്തിൽ അതിനാ ഞാനീ വിളിയെല്ലാം വിളിച്ചത്.“
”സ്റ്റേഷനിൽ കോണ്ടാക്റ്റ് ചെയ്തോളൂ. എനിക്കു പകരം ഒരു മിസ്റ്റർ മാത്യൂസ് തരകൻ ആണിപ്പോൾ ചാർജ്ജ്. എന്തു പ്രശ്നമുണ്ടെങ്കിലും അങ്ങോട്ട് വിളിച്ചോളൂ.“
”അതല്ല, ഇതങ്ങനെ തല പോകുന്ന കേസൊന്നുമല്ല.” വീണ്ടും ആ ചിരി “എന്റെ കുറച്ച് ഓർണമെന്റ്സ് മിസ്സായിട്ടുണ്ട്. കുറച്ചു ദിവസമായി. ഞാൻ അതിങ്ങനെ മൈൻഡ് ചെയ്യാതെ കൊണ്ടു നടക്കുകയായിരുന്നു. ചിലപ്പോ വീട്ടിൽ തന്നെ കാണുമെന്ന് കരുതി. പണ്ട് അങ്ങനെ പറ്റിയിട്ടുണ്ട്. അതാണേ. പക്ഷേ ഇന്നലെ വീടു മുഴുവൻ അരിച്ചു പെറുക്കി. അതോടെ പേടിയായി. സ്വർണ്ണം പോയതല്ല വിഷയം, വീട്ടിൽ ആരോ ഞാൻ അറിയാതെ കയറിയിട്ടുണ്ട് എന്നൊരു തോന്നൽ. ഞാനൊറ്റക്കാണേ താമസം. “ നിസ്സാരമായാണ് അവൾ സംസാരിക്കുന്നതെങ്കിലും പറയുന്നത് സത്യം തന്നെയാണെന്ന് ആൽബിക്ക് തോന്നി.
”എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് ? “ ആൽബിയിലെ പോലീസ് സ്വഭാവം ഉണർന്നു. പോക്കറ്റിൽ നിന്ന് നോട്ട് പാഡ് എടുത്ത് കാൽത്തുടയിൽ വെച്ച് അയാൾ തയ്യാറായി.
”മെയിനായിട്ട് പോയിരിക്കുന്നത് അരയിൽ കെട്ടുന്ന ഒരു ഐറ്റമാണ്. ഏതാണ്ട് 16 പവനുണ്ടായിരുന്നു.“
ആൽബി ഞെട്ടി ”അരഞ്ഞാണം 16 പവനോ ? എന്താ ഡെയ്സി ഈ പറയുന്നത് ? “
”അയ്യോ, അരഞ്ഞാണമല്ല സർ, ഈ കല്യാണത്തിനൊക്കെ അരയിൽ കെട്ടുന്ന വലിയ ബെൽറ്റ് കണ്ടിട്ടില്ലേ ? ഡ്രസ്സിനടിയിലല്ല, മുകളിൽ ? “
”ഓ...“ അയാളുടെ മനസ്സിൽ ആ ആഭരണം തെളിഞ്ഞു. ”ഓക്കേ... എന്തായാലും, 16 പവനൊക്കെ മിസ്സായാൽ അതൊരു നല്ല കേസാണല്ലോ ഡെയ്സി. എന്താ വേണ്ടെന്ന് ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ട് അതു പോലെ ചെയ്യു. കേട്ടോ ? “
”ഉം“ അപ്പുറത്തെ മൂളലിൽ ഒരു സുഖമില്ലായ്മ.
”ആദ്യം, ഈ നഷ്ടപ്പെട്ട സ്വർണ്ണം, വാങ്ങിയ കടയിൽ നിന്നുള്ള ഒരു ബില്ലുണ്ടാകുമല്ലോ. അത് തപ്പിയെടുക്കണം. കാരണം പിന്നീട് ഇത്-“
”മനസ്സിലായി സർ.“
”ഓക്കെ, ആ ബില്ലുമായി നേരേ സ്റ്റേഷനിലേക്കു ചെല്ലുക. എസ്. ഐ. ശിവകുമാർ ആയിരിക്കും അറ്റൻഡ് ചെയ്യുക. നേരേ അയാളുടെ കാബിനിലേക്ക് കയറി ചെന്നോളൂ. ഞാൻ വിളിച്ചു പറഞ്ഞോളാം. പിന്നെ ഉണ്ടെങ്കിൽ, താൻ ഈ ആഭരണം ധരിച്ചു നില്ക്കുന്ന ഫോട്ടോസ് കൂടി കരുതിക്കോളൂ.
എന്നിട്ട് ഒരു പരാതി എഴുതേണ്ടി വരും. അതിന് അവിടെ-“
”സർ... ഒരു മിനിറ്റ്! “ അവൾ അയാളുടെ സംസാരം തടഞ്ഞു. ”ഇതെന്താ സർ ഞാൻ വല്ല പോലീസ് ഹെല്പ് ലൈനിലേക്കോ മറ്റോ ആണോ വിളിച്ചത് ? ഒരു ബോധവുമില്ലാത്ത ഒരാളെ പറഞ്ഞു മനസ്സിലാക്കുന്ന പോലുണ്ടല്ലോ. എനിക്ക് പരിചയമുള്ള ഒരു പോലീസ് സുഹൃത്തിന് ചിലപ്പൊ എന്നെ സഹായിക്കാനാകുമെന്നു തോന്നി വിളിച്ചതാണ്. സർ പറയും പോലെ, സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് അതിന്റെ പ്രൊസീജർ അനുസരിച്ച് കാര്യങ്ങൾ നടത്താനാണെങ്കിൽ ഞാൻ വിളിക്കണ്ട കാര്യമുണ്ടോ ? “ ചിരിയോടെയാണ് ചോദ്യമെങ്കിലും, ആൽബിയെ ചെറുതായൊന്ന് അസ്വസ്ഥനാക്കിക്കളഞ്ഞു അവൾ.
“ഡെയ്സി എന്താ ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. ഞാൻ ഒരു സർക്കിൾ ഇൻസ്പെക്ടറാണ്. ഒന്നല്ല, എന്റെ കീഴിൽ 3 സ്റ്റേഷനുകളുണ്ട്. ഞാൻ ഇത്തരം മോഷണക്കേസുകൾക്ക് നേരിട്ടിറങ്ങി അന്വേഷിക്കുക എന്നത് പ്രാക്ടിക്കലാണോ ? ഡെയ്സി തന്നെ ഒന്നാലോചിച്ചു നോക്കൂ.”
“ഓഹോ... അങ്ങനെയാണല്ലേ.” അവളുടെ സ്വരം ഗൗരവമാർജ്ജിച്ചു. “താങ്ക് യൂ സർ! എല്ലാം ക്ലിയറായി. ഇങ്ങനെ വെട്ടിത്തുറന്ന് ഉള്ള കാര്യങ്ങൾ പറയുന്നതാണ് എപ്പോഴും നല്ലത്. താങ്ക് യൂ സോ മച്ച്! ” അവൾ ഫോൺ കട്ടു ചെയ്തു.
“നരകം! ” പല്ലു ഞെരിച്ചു കൊണ്ട് ആൽബി ഫോൺ പോക്കറ്റിലേക്കു താഴ്ത്തി. എന്തൊക്കെ തരം പ്രശ്നങ്ങളാണ് ഓരോ ദിവസവും. ആ സ്കൂളിലേക്ക് പുറപ്പെട്ട നിമിഷം! അയാൾ സ്വയം ശപിച്ചു.
സമയം 10:30.
ആൽബി ധിലീഷിന്റെ ഓഫീസിൽ വിസിറ്റേഴ്സ് ചെയറിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.
കൃത്യം പത്തരയായപ്പോൾ ധിലീഷ് ഓഫീസിലേക്ക് ഓടിക്കയറി വന്നു. ആകെ നനഞ്ഞു കുതിർന്നിരുന്നു.
“സോറി ആൽബർട്ട്. ജീപ് ദാ രണ്ട് സ്റ്റോപ്പപ്പുറം ബ്രേക്ക്ഡൗണായി. അതോടെ മഴേം തുടങ്ങി. ഇവിടെ വരെ മഴേം കൊണ്ട് ഓടി.” അയാൾ അലമാരയിൽ നിന്ന് ഒരു ടവ്വലെടുത്ത് തല തുവർത്തി.
ആൽബി നിശബ്ദനായി തലകുലുക്കി കേട്ടു
അപ്പോൾ തന്നെ ഒരു യുവാവ് മുറിയിലെത്തി ഒരു കൂറ്റൻ റെക്കോർഡിങ്ങ് ഉപകരണം മേശപ്പുറത്തു വെച്ചു. അത് മേശക്കടിയിലെവിടെയോ പ്ലഗ്ഗ് ചെയ്തിട്ട് അയാൾ ബാഗിൽ നിന്ന് ഒരു ചെറിയ ക്യാമറയെടുത്ത് മുറിയിൽ തന്നെയുണ്ടായിരുന്ന ഒരു ട്രൈപോഡിൽ ഫിറ്റ് ചെയ്തു.
ക്യാമറയുടെ നോട്ടം തന്റെ മുഖത്തേക്കാണെന്നു തിരിച്ചറിഞ്ഞതും, ആൽബി ഒരല്പ്പം അസ്വസ്ഥനായി. വളരെ വിശദമായൊരു ചോദ്യം ചെയ്യലായിരിക്കും ഇതെന്ന് അയാൾ ഊഹിച്ചു.
“ആൽബർട്ട് പേടിക്കണ്ട കേട്ടോ. ഇതൊക്കെ നമ്മുടെ ഒരു രീതിയാണ്.” പോത്തൻ ചിരിച്ചു കൊണ്ട് തന്റെ കസേരയിലേക്കിരുന്നു.
“പേടിയല്ല മിസ്റ്റർ പോത്തൻ...” ആൽബി ഒരു ദീർഘനിശ്വാസത്തോടെ കസേരയിലേക്കമർന്നിരുന്നു. “ഇതിപ്പൊ എത്രാമത്തെ തവണയാണെന്നറിയാമോ ? എത്ര പേരോടാണ് ഞാൻ സമാധാനം പറയേണ്ടി വരുന്നത് ? സാബു അന്നങ്ങ് ചാടി രക്ഷപെട്ടു പോയിരുന്നെങ്കിൽ ഇത്രയും ടെൻഷൻ വരില്ലായിരുന്നു എന്നു തോന്നുന്നു.”
“ഏയ്... എങ്കിൽ താനിപ്പൊ തൊപ്പിയില്ലാ പോലീസായി വീട്ടിൽ കുത്തിയിരിക്കണ്ടി വന്നേനെ. ഓക്കെ. നമുക്ക് തുടങ്ങാം ? ”
“ഷുവർ! ”
റെക്കോർഡറും ക്യാമറയും ഓണാക്കിയതിനു ശേഷം, പോത്തൻ ടെക്ക്നീഷ്യനോട് മുറി വിട്ടു പോകാൻ ആംഗ്യം കാണിച്ചു.
“സോ, ആൽബി, നിയമപ്രകാരമുള്ള ഒരു ചോദ്യം ചോദിക്കട്ടെ ആദ്യം. താങ്കളുടെ ശബ്ദവും, വീഡിയോ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യുന്നതിന് താങ്കൾക്കെന്തെങ്കിലും എതിർപ്പുണ്ടോ ? ”
“ഇല്ല.” താഴ്ന്നതെങ്കിലും ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു.
“ഓക്കേ ഗുഡ്! താങ്കൾ ഇപ്പോൾ പൂർണ്ണാരോഗ്യ സ്ഥിതിയിൽ തന്നെയല്ലേ ? മദ്യമോ മറ്റെന്തെങ്കിലും ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടൊ ? “
”ഇല്ല. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.“
”ഓക്കെ. കേസ് നമ്പർ ............. പോലീസ് ഷൂട്ടിങ്ങ് ഇൻസിഡന്റ്. ഡേറ്റ് ............. ടൈം 10:46 AM ക്രൈം ബ്രാഞ്ച് പ്രിലിമിനറി ഇന്റ്രൊഗേഷൻ. ചോദ്യങ്ങൾ ചോദിക്കുന്നത്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ധിലീഷ് കെ പോത്തൻ. സസ്പെക്റ്റ് - സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ആൽബർട്ട് പി സാമുവൽ.“ തുടർന്ന് അയാൾ എഴുന്നേറ്റ് തന്റ് ഐഡി കാർഡ് ക്യാമറക്കു മുൻപിൽ കാണിച്ചു. എന്നിട്ട് ആൽബിയോടും അതു തന്നെ ചെയ്യാൻ ആംഗ്യം കാട്ടി.
“ഓക്കേ മിസ്റ്റർ ആൽബർട്ട്! ആദ്യം തന്നെ അന്നു നടന്ന കാര്യങ്ങൾ ഒന്ന് ചുരുക്കി പറയാമോ ? ”
ആൽബി ഒരു നിമിഷം നിശബ്ദനായി പോത്തന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പിന്നെ ക്യാമറയിലേക്കു നോക്കി ആ ശപിക്കപ്പെട്ട ദിവസം നടന്നതെല്ലാം വിശദീകരിച്ചു.
പോത്തൻ അയാൾ പറയുന്ന ഓരോ വാക്കുകളും അതീവ ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവിൽ ...
“താങ്ക് യൂ.” പോത്തൻ പുഞ്ചിരിയോടെ തലകുലുക്കി. “അപ്പോൾ... ജയിലിൽ നിന്ന് താങ്കൾ സാബുവിനെ പൂർണ്ണാരോഗ്യത്തോടെ തന്നെ സ്വീകരിച്ചു. അല്ലേ ? ”
“യെസ്! ”
“താങ്കൾ സാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നോ ? ”
“അം...” ആൽബി ഒന്നു പതറി. പക്ഷേ പെട്ടെന്നു തന്നെ മന:സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് “യെസ്. ഒഫീഷ്യൽ റിപ്പോർട്ടല്ല. ഇതിലെ മെയിൻ പോയിന്റ്സ് ഒക്കെ കണ്ടിരുന്നു.”
“അതെങ്ങനെ ? റിപ്പോർട്ട് ഇന്നലെയാണല്ലോ പുറത്തു വന്നത്. മാത്രമല്ല, ഇങ്ങനൊരു കേസായതിനാൽ തികച്ചും കോൺഫിഡൻഷ്യലായിട്ടാണ് കൈകാര്യം ചെയ്യുന്നത്.”
“രണ്ടു ദിവസം മുൻപ് ഒരു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് വീട്ടിൽ വന്നിരുന്നു. അയാളുടെ കയ്യിൽ ഒരു കോപ്പിയുണ്ടായിരുന്നു. എങ്ങനെ കിട്ടി എന്നെനിക്കറിയില്ല.”
“അയാളുടെ പേരു പറയാൻ ബുദ്ധിമുട്ടുണ്ടോ ? ”
“സായി നാരായണൻ.”
“ഓക്കേ! അയാളെന്തിനാണ് താങ്കളുടെ വീട്ടിൽ വന്നത് ? ”
“മറ്റൊന്നുമല്ല. ടീ വീ ചർച്ചകളിൽ അയാൾ ഞാൻ ചെയ്തത് ശരിയായില്ലെന്നോ മറ്റോ പറഞ്ഞു. എല്ലാവരും അയാളെ നഖശിഖാന്തം എതിർത്തു. ഈഗോ ഹർട്ടായി. അപ്പോൾ എന്നെ വന്നു കണ്ട് ഒന്നു ഭീഷണിപ്പെടുത്താമെന്നു കരുതിക്കാണണം. പോസ്റ്റുമോർട്ടത്തിൽ സാബുവിന്റെ ഇന്റേണൽ ഓർഗൻസിന് പരിക്കു പറ്റിയിട്ടുള്ളതായി കാണിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഇപ്പൊ ഈ അന്വേഷണമൊക്കെ അതിന്റെ ബാക്കിയാകാനേ തരമുള്ളൂ.“
”ഉം...“ പോത്തൻ ആലോചനയിലാണ്ടു. ”ജയിലിൽ വെച്ച് സാബുവിന് മർദ്ദനമേറ്റിരുന്നതായി തോന്നിയിരുന്നോ ? “
”എന്റെ കയ്യിൽ കിട്ടുമ്പോൾ അയാൾക്ക് പറയത്തക്ക യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.“
”ഓക്കേ - നമുക്ക് ആ ഇൻസിഡന്റിനെപ്പറ്റി സംസാരിക്കാം. ഇങ്ങനെ ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ, അയാളുടെ കൈകൾ ജീപ്പിലേക്കു തന്നെ വിലങ്ങിടുന്ന പതിവില്ലേ ? “
”ഉണ്ട്. പക്ഷേ, ഞങ്ങൾ ലോക്ക് ചെയ്ത ആ ഇരുമ്പ് ബാർ വെൽഡിങ്ങ് വിട്ടു പോകാറായ നിലയിലായിരുന്നു. അത് ശ്രദ്ധിക്കാൻ പറ്റിയില്ല. മാനസീകമായി വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. എത്രയും പെട്ടെന്ന് അവനെ കോടതിയിലെത്തിക്കാനുള്ള തിരക്കിനിടയിൽ...“
”മാനസീക പിരിമുറുക്കം വരാൻ പ്രത്യേകിച്ച് കാരണം ? “
”കാരണം, എന്റെ ഒരു എസ്. ഐ. എന്നെ വിളിച്ചു പറഞ്ഞിരുന്നു, കോടതി പരിസരത്ത് വെച്ച് സാബുവിനെതിരേ ആക്രമണമുണ്ടാകുമെന്ന്. ഒരു പക്ഷേ വരുന്ന വഴിയിൽ വെച്ചും വണ്ടി തടഞ്ഞേക്കാമെന്ന്. വല്ലാത്ത ടെൻഷനിലായിരുന്നു.“
”ഓക്കേ. ഈ ഇന്റർവ്യൂ തുടങ്ങിയിട്ട് 14 മിനിറ്റായി. അവസാനമായി ഒരു ചോദ്യം കൂടി. താങ്കൾ ഇവിടെ പറഞ്ഞ കാര്യങ്ങളല്ലാതെ വേറെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ? “
”ഇല്ല. ഒന്നുമില്ല.“ ആൽബിയുടെ ശബ്ദം ഉറച്ചതായിരുന്നു.
പോത്തൻ സാവധാനം എഴുന്നേറ്റ് റെക്കോർഡറും ക്യാമറയും ഓഫാക്കി. തുടർന്ന് ടേപ്പും, ക്യാമറയിലെ മെമ്മറി കാർഡും ഊരിയെടുത്ത് മേശപ്പുറത്തിരുന്നിരുന്ന ഒരു കറുത്ത പെട്ടിക്കുള്ളിലേക്ക് സുരക്ഷിതമായി ഇറക്കി വെച്ചു.
”സോ! ആ ചടങ്ങു കഴിഞ്ഞു. ഇനി നമ്മുടെ ഫോറൻസിക് ഈ ടേപ്പൊക്കെ ഒന്നു പരിശോധിക്കും. അതുകൂടി കഴിഞ്ഞാൽ എനിക്കെന്റെ റിപ്പോർട്ട് സമർപ്പിക്കാം. അതോടെ കേസു തീർന്നു. താനൊരു ഫ്രീ മാൻ ആകും മിസ്റ്റർ ആൽബർട്ട്.
“താങ്ക് യൂ മി. പോത്തൻ.” ആൽബി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.
“വെയ്റ്റ് ആൽബി... ഞാൻ പറഞ്ഞു തീർന്നില്ല. നമുക്ക് ‘ഓഫ് ദ റെക്കോർഡ്’ കുറച്ചു സംസാരിക്കാനുണ്ട്. എന്നിട്ടേ ഞാൻ എന്റെ റിപ്പോർട്ട് സമർപ്പിക്കൂ.” ചിരിയോടെയാണയാളത് പറഞ്ഞതെങ്കിലും, ആൽബിക്ക് പെട്ടെന്ന് എന്തോ പന്തികേടു തോന്നി. അയാൾ എന്തോ മനസ്സിൽ വെച്ചു സംസാരിച്ച പോലെ.
ഇന്റർകോമിലൂടെ രണ്ടു ചായ വിളിച്ചു പറഞ്ഞതിനു ശേഷം, പോത്തൻ നടന്ന് ആൽബിക്കരികിലെത്തി.
“എല്ലാവരും തന്നെ ആൽബി എന്നല്ലേ വിളിക്കുക ? ഞാനും അങ്ങനെ തന്നെ വിളിക്കട്ടെ ? ”
“തീർച്ചയായും. നോ പ്രോബ്ലം.” ആൽബി പുഞ്ചിരിച്ചു.
“അതു പോലെ തനിക്കെന്നെ പോത്തൻ എന്നു വിളിക്കാം. എന്തോ എന്നെ അങ്ങനെ വിളിക്കുന്നതാണെനിക്കിഷ്ടം. കാര്യം, പോത്തൻ എന്റെ അപ്പനാ. എന്നാലും.”
ആൽബി പുഞ്ചിരി വിടാതെ തലയാട്ടി.
“ഓക്കേ! താൻ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ സമ്മതിക്കുന്നു ആൽബി. ഒരേ ഒരു കാര്യമൊഴിച്ച്. “ പോത്തന്റെ കണ്ണുകൾ കുറുകി ” സാബു കൊല്ലപ്പെട്ടത് തന്റെ വെടിയേറ്റല്ല! അയാളെ ആരോ അതിനു മുൻപ് അതി ക്രൂരമായി മർദ്ദിച്ചിരുന്നു. ഒന്നുകിൽ തന്റെ ജീപ്പിൽ വെച്ച് പോലീസുകാർ. അല്ലെങ്കിൽ അതിനു മുൻപ് ജയിലിൽ ആരോ.”
എന്തോ പറയാനാഞ്ഞ ആൽബിയെ തടഞ്ഞുകൊണ്ട് പോത്തൻ തുടർന്നു “താൻ വളരെ ശ്രദ്ധിച്ചു കേൾക്കണം. പോലീസുകാരായാലും, ജയിൽ അധികൃതരായാലും എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം, സാബു അതർഹിക്കുന്നവൻ തന്നെയാണ്. അവനു കിട്ടേണ്ട ശിക്ഷ അതി മനോഹരമായി ആരോ അറേഞ്ചു ചെയ്തതാണ്. എനിക്കത്രേ പറയാനുള്ളൂ. പക്ഷേ...
എന്താണ് നടന്നതെന്ന് കൃത്യമായി എനിക്കറിയണം. മനസ്സിലായോ ? ഞാൻ ഈ കേസിന്റെ പുറകേ പട്ടി നടക്കുന്ന പോലെ നടന്നിട്ട് അവസാനം മറ്റേതു പോയ അണ്ണാന്റെ പോലെ ഒറ്റ റിപ്പോർട്ടിൽ എല്ലാം അവസാനിപ്പിച്ച് നിന്നെയങ്ങ് ഊരി വിടുമെന്ന് കരുതരുത്! “ അവസാന ഭാഗമെത്തിയപ്പോഴേക്കും ശബ്ദം വളരെ പരുഷമായിരുന്നു. ”സോ, മര്യാദയുടെ ഭാഷയിൽ ഞാൻ ഒരു പ്രാവശ്യം ചോദിക്കും. എനിക്ക് തൃപ്തികരമായൊരു വിശദീകരണം തന്നാൽ ... ദാറ്റ്സ് ഇറ്റ്! കേസ് ക്ലോസ്ഡ്! ഇനി അതല്ല, നേരത്തെ പറഞ്ഞ വെടിക്കഥ റിപ്പീറ്റ് ചെയ്യാനാണ് ഭാവമെങ്കിൽ ... മോനേ ആൽബീ... പോത്തനാരാന്ന് നീ അറിയും. മനസ്സമാധാനത്തോടെ ഒരു സെക്കൻഡ് പിന്നെ നീ ഉറങ്ങില്ല. ഓക്കേ ? എല്ലാ റെക്കോർഡിങ്ങ് സംവിധാനങ്ങളും ഓഫാണ്. പറഞ്ഞോളൂ. എന്താണ് ശരിക്കും സംഭവിച്ചത് ? “
“മിസ്റ്റർ പോത്തൻ...” ആൽബിയുടെ മുഖത്ത് യാതൊരു വിധ പകപ്പും ഉണ്ടായിരുന്നില്ല. “ഒരു കാര്യം നിങ്ങളോർക്കണം കേട്ടോ. നമ്മൾ രണ്ടും ഒരേ റാങ്കുള്ള ഓഫീസേഴ്സാണ്. അതിന്റെ ഒരു മര്യാദ സംസാരത്തിൽ കാണിക്കണം. ഭീഷണിയൊക്കെ തന്റെ ലോക്കപ്പിൽ കിടക്കുന്നവരോട്. മനസ്സിലായോ ? തന്നോട് പറയാനുള്ളത് ഞാൻ നല്ല പച്ച മലയാളത്തിൽ പറഞ്ഞു തന്നിട്ടുണ്ട്. ഇതിലും കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ പറയാൻ എനിക്ക് സൗകര്യമില്ല എന്നു തന്നെ കൂട്ടിക്കോ. “ശബ്ദം വല്ലാതെ ഉയർന്നു പോയി.” കഴിഞ്ഞില്ലേ നാടകം ? പൊയ്ക്കൂടേ എനിക്ക് ? ”
പോത്തൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് നില്ക്കുകയാണ്. കുറച്ചു സമയമെടുത്തു അയാൾക്കൊരു മറുപടി ഉണ്ടാകാൻ. സാവധാനം തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടാണയാൾ സംസാരിച്ചു തുടങ്ങിയത്.
“ഒരേ റാങ്കൊക്കെയാ. ഞാൻ സമ്മതിച്ചു. പക്ഷേ നിന്നെക്കാൾ അഞ്ചെട്ട് ഓണം കൂടുതൽ ഉണ്ട മനുഷ്യനല്ലേ ഞാൻ ? നീ ഓർത്തോ മോനേ, എന്നെ ഇവരങ്ങനെ വല്യ ഭാരിച്ച കേസൊന്നും ഏല്പ്പിക്കാറില്ല. കൊറെയൊക്കെ എന്റെ കയ്യിലിരുപ്പിന്റെയാ. പക്ഷേ, ഏല്ക്കുന്ന കേസുകൾ നല്ല മാനം മര്യാദയായിട്ട് തെളിയിച്ചിട്ടേ പോത്തൻ ക്ളോസ് ചെയ്യൂ. മനസ്സിലായോ ? നീ വിട്ടോ. ഉടനെ തന്നെ നമുക്ക് വീണ്ടും കാണാം.”
“ശരി. കാണാം! ഭീഷണിപ്പെടുത്താൻ വന്നേക്കുന്നു! ! ഇച്ചിരിയില്ലാത്തൊരു കൊച്ചിനെ ഒരുത്തൻ റേപ്പ് ചെയ്തു കൊന്ന കേസാ. എന്റെ പൊറത്തേക്കു കേറുന്നേനു മുൻപ് അതൊന്നാലോചിക്ക് എല്ലാരും! ” രൂക്ഷമായ സ്വരത്തിൽ അതും പറഞ്ഞ് ആൽബി പുറത്തേക്കിറങ്ങി.
പുറത്തിറങ്ങി ബുള്ളറ്റിൽ കയറി ഇരുന്നപ്പോഴേക്കും ഫോൺ വൈബ്രേറ്റ് ചെയ്ത് തുടങ്ങിയിരുന്നു.
മേലുദ്യോഗസ്ഥന്മാരാരെങ്കിലുമായിരിക്കുമെന്നുറപ്പിച്ചാണ് ആൽബി ഫോണെടുത്തത്. പക്ഷേ
“ഹലോ...”
“സർക്കിൾ സാറേ...”
ആ സ്വരം! ഷാജി ഇടിക്കുള! ! ആൽബിയുടെ രക്തം തിളച്ചു വന്നു.
“നിന്നോട് ഞാനന്ന് മര്യാദക്കു പറഞ്ഞതല്ലേ ആ സായി തെണ്ടിയെ അങ്ങ് അവസാനിപ്പിക്കാമെന്ന് ? ഇപ്പൊ എന്തായി ? ഈ പോത്തൻ കഴുവേറി തന്നേം കൊണ്ടേ പോകൂ. അറിയാവോ ? വേതാളം പോലെ ഇനി അവനെ ചൊമക്കണ്ടി വരും നീ.”
“ഷാജി...” വളരെ ബുദ്ധിമുട്ടി സ്വയം നിയന്ത്രിച്ചുകൊണ്ടാണ് ആൽബി സംസാരിച്ചു തുടങ്ങിയത്. ഒരു പക്ഷേ സമാധാനമായി സംസാരിച്ചാൽ ഇവനാരാണെന്ന് കണ്ടു പിടിക്കാനായേക്കുമെന്നൊരു പ്രതീക്ഷ. “ഷാജി പറഞ്ഞത് സത്യമാണ്. സായി മാഷ് ചതിച്ചു.”
“ആ നന്നായിപ്പോയി. ഇനി എന്നെക്കൊണ്ട് ഒന്നും ചെയ്യാനൊക്കില്ല. അനുഭവിച്ചോ. ഈ പോത്തൻ എന്നു പറയുന്നവൻ നൊട്ടോറിയസാണ്. എങ്ങനെയെങ്കിലുമൊക്കെ അവൻ ഇത് പൊക്കിയെടുക്കും. നീ നന്നായി വെള്ളം കുടിക്കും. മിക്കവാറും ഒരു ക്രിമിനൽ കേസൊറപ്പാ. ഇനിയിപ്പൊ ഈ
തുടരും
നാളെ ഇതിന്റെ ബാക്കി ആയിരിക്കും
കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ