📰വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷ; പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള നീക്കവുമായി യുജിസി
പരീക്ഷാസംവിധാനത്തില്‍ സമൂലമാറ്റം വരുത്താനുള്ള ശപാർശയുമായി യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യുജിസി) നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിന് കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് പുതിയ രീതി. ആന്തരികമൂല്യനിര്ണയ മാര്‍ക്ക് മൊത്തംമാര്ക്കിന്റെ പകുതിയായി ഉയര്‍ത്തണമെന്നാണ് മുഖ്യ ശുപാര്‍ശ.വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കുക, പരീക്ഷത്തട്ടിപ്പ് തടയാന്‍ ഹാള്‍ടിക്കറ്റില്‍ ബാര്‍കോഡ് രേഖപ്പെടുത്തുക, ചോദ്യക്കടലാസ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓണ്‍ലൈന്‍ വഴി സെന്ററുകള്‍ക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.തുടക്കത്തില്‍ ആന്തരിക മൂല്യനിര്‍ണയത്തിന്റെയും പൊതുപരീക്ഷയുടെയും അനുപാതം 30:70 ആയിരിക്കണം. ക്രമാനുഗതമായി മൂല്യനിര്‍ണയം 50:50 എന്ന അനുപാതത്തിലെത്തണം. ഉന്നതറാങ്കുള്ള സ്ഥാപനങ്ങളില്‍ ഇത് 60:40 എന്ന അനുപാതത്തിലുമാകാം. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫില്‍, പിഎച്ച്.ഡി. കോഴ്സുകള്‍ക്ക് യോജിക്കുന്ന മൂല്യനിര്‍ണയം കോളേജുകളും സര്‍വകലാശാലകളും തിരഞ്ഞെടുക്കണം. ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസവിദഗ്ധര്ക്കും പൊതുജനത്തിനും ഈ റിപ്പോര്ട്ടിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മാര്‍ച്ച് ഒമ്പതുവരെ renu.ugc@nic.in, evaluationerforms@gmail.com എന്നീ ഇ-മെയിലുകള്‍വഴി അറിയിക്കാം.
സമിതി മുന്നോട്ടുവച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. ആന്തരിക മൂല്യനിര്‍ണയം വിദ്യാര്‍ഥിസൗഹൃദവും സുതാര്യവും വസ്തുനിഷ്ഠവുമായിരിക്കണം. ആന്തരിക മൂല്യനിര്‍ണയം കഴിഞ്ഞാല്‍ ഉടന്‍തന്നെ ഫലം അറിയിക്കണം.നീതിപൂര്‍വകവും വിശ്വസനീയവും സുതാര്യവുമായ പരീക്ഷാസംവിധാനത്തില്‍ എല്ലാഘട്ടത്തിലും മോഡറേഷന് അനിവാര്യമാണ്. മൂല്യനിര്‍ണയം, തുടര്‍ മൂല്യനിര്‍ണയം തുടങ്ങിയ ഘട്ടങ്ങളില്‍ മോഡറേഷന് നല്‍കണം. 2-3 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പരീക്ഷാസംവിധാനം വിലയിരുത്തണം. ഇതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംസ്ഥാനതലത്തിലും പരീക്ഷാ പരിഷ്കരണസമിതി രൂപവത്കരിക്കണം.
വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കണം. ഇതിനായി ദേശീയതലത്തില്‍ ബോര്‍ഡ് രൂപവത്കരിക്കണം. പരീക്ഷയെഴുതാന്‍ പ്രായമോ, കുറഞ്ഞ യോഗ്യതയോ തടസ്സമാകരുത്. പാഠ്യപദ്ധതി, പഠനസാമഗ്രികള്‍, ക്വസ്റ്റ്യന്‍ ബാങ്ക് എന്നിവ ഇവര്‍ക്ക് ലഭ്യമാക്കണം. തുടക്കത്തില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഈ രീതി നടപ്പാക്കാം.ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ സമൂലപരിഷ്കരണം ആവശ്യമാണ്. മുന്‍കൂട്ടി നിശ്ചയിച്ച അനുപാതത്തില്‍ ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്നുള്ള ചോദ്യങ്ങളും ചോദ്യക്കടലാസ് തയ്യാറാക്കുന്നവര്‍ സ്വതന്ത്രമായി കണ്ടെത്തുന്ന ചോദ്യങ്ങളും ഉള്‍പ്പെടുത്തി ചോദ്യക്കടലാസ് തയ്യാറാക്കാം.
ശരാശരി വിദ്യാര്‍ഥികള്‍ക്ക് എഴുതാനും സമര്‍ഥരായ വിദ്യാര്‍ഥികളുടെ മികവ് അളക്കാനും സഹായകമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. തെറ്റില്ലാത്തതും ദുര്ഗ്രഹമല്ലാത്തതുമായ ചോദ്യക്കടലാസുകള്വേണം തയ്യാറാക്കാന്‍. ഇതിനായി അധ്യാപകരെ ബോധവത്കരിക്കാന്‍ ശില്പശാലകള് നടത്തണം.വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് പഠനഫലത്തില്‍ അധിഷ്ഠിതമായിരിക്കണം. കോഴ്സില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്; കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന അറിവ്, വൈദഗ്ധ്യം തുടങ്ങിയവ സര്‍വകലാശാലാ തലത്തിലോ കോളേജ് തലത്തിലോ ഓരോ കോഴ്സിനും നിശ്ചയിക്കണം.എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഓരോ കോഴ്സിലും ഗ്രേഡ്, ക്രെഡിറ്റ് തുടങ്ങിയവ നല്‍കുന്നതിന് ഏകീകൃതമായ സ്വഭാവമുണ്ടായിരിക്കണം. ഇതിന് യു.ജി.സി.യുടെ മാര്‍ഗരേഖ പിന്തുടരണം.