@raizu4478
@raizu4478

✍️Raiza

🖤സലൈന🖤 A Horror-Romantic-Suspense Thriller Story

🖤 *സലൈന*🖤 *( A Horror-Romantic -Suspense Thriller Story)* ✍️ *Raiza* *പാർട്ട് 6* ============================= "ആരാണ് സലൈന..??? " നവീനിന്റെ ചോദ്യത്തിന് മൗനമായിരുന്നു ശ്രീറാം സാറിൽ നിന്നുമുള്ള മറുപടി... ഈ ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നുവെന്ന അർത്ഥത്തിൽ അയാളൊരു ദീർഘനിശ്വാസമെടുത്തു... "സർ.. ആർ യു ദെയ്ർ??? " സാറിൽ നിന്നൊരു മറുപടിയും കേൾക്കാത്തത് കൊണ്ട് നവീൻ കണ്ണുകൾ തുറന്നു .. "യാ നവീൻ..... " "പറയൂ സാർ.. സലൈന ആരാണ്.. സലൈനയും ഈ കേസും തമ്മിൽ എന്താണ് ബന്ധം.. " "നവീൻ... ഇവിടെ തന്നെയാണ് ഈ കേസിന്റെ ഊരാക്കുടുക്കുള്ളത്.... " "സർ.. മനസിലായില്ല... " "വ്യക്തമായി പറഞ്ഞാൽ ഐ ഡോണ്ട് നൗ.. ഹു ഈസ്‌ സലൈന... " "സർ...... " സർ പറഞ്ഞതിൽ അത്ഭുതം പൂണ്ട നവീൻ കയ്യിലെ കുരിശിലേക്ക് നോക്കി.. "സത്യമാണ് നവീൻ..... ഒരുപാട് അന്യോഷിച്ചിട്ടും ഈ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താൻ എനിക്കായിട്ടില്ല... ആ കുരിശു മാല... അതിലെ ആ നാമം.. അത് മാത്രമായിരുന്നു തെളിവ്... പക്ഷേ.. ആ തെളിവ് ഉപയോഗിച്ച് ഈ കേസ് തെളിയിക്കാൻ എനിക്കായില്ല.. " നവീനിന്റെ ചിന്തകൾ വീണ്ടും കാട് കയറി... ഈ ഒരു നാമം വെച്ച് കൊണ്ട് എങ്ങനെ മുന്നോട്ട് പോകും.... "നവീൻ.. ആകെ കൺഫ്യുസ്ഡ് ആയല്ലേ.. വർഷങ്ങൾക്ക് മുൻപ് എന്റെയും അവസ്ഥ ഇത് പോലെ തന്നെയായിരുന്നു... സലൈന എന്ന പേരും ആ കുരിശ് മാലയും ഒരുപാട് വട്ടം കറക്കിയിട്ടുണ്ട് എന്നെ.." "മ്മ്മ്മ്.. സർ.. അപ്പോൾ ഈ കുരിശു മാലയാണ് സാറിൽ സംശയം തോന്നാനുള്ള ആദ്യ കാരണം... അല്ലേ... " "ഓഫ്‌കോഴ്‌സ് നവീൻ.....അങ്ങനെയൊരു കുരിശു മാല ഒരിക്കലും അവിടെ നിന്നും ലഭിക്കാൻ ഇടയില്ലാത്തതാണ്.. എന്നിട്ടും.. അതെവിടെ നിന്നും വന്നു.. അതായിരുന്നു എന്റെ ആദ്യ ചോദ്യം... തുടർന്നുള്ള അന്യോഷണത്തിൽ ഞാൻ അറിഞ്ഞ ആ ഞെട്ടിപ്പിക്കുന്ന സത്യം........അത് നീ വായിച്ചു കാണുമല്ലോ... " ഒന്ന് നിർത്തി കൊണ്ട് ശ്രീ റാം ചോദിച്ചതും നവീൻ അമർത്തി മൂളി... "യെസ്... ആ സത്യം ഞാൻ കണ്ടെത്തിയതോടെ ഒരു കാര്യം എനിക്ക് മനസ്സിലായി... ദാറ്റ്‌സ് നോട്ട് ആൻ ആക്സിഡന്റ്..... പക്ഷേ.. ആര് എന്തിന് വേണ്ടി ചെയ്തു എന്നൊന്നും എനിക്ക് കണ്ടെത്താനായില്ല... " "മ്മ്മ്.. ഇത് കണ്ടെത്തേണ്ടത് ഇപ്പോൾ എന്റെ ആവശ്യം കൂടിയാണ് സർ.. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാം വൈകാതെ എന്നെ തേടി എത്തും... ഇനി എന്റെ കാൾ സാറിനെ തേടി വരികയാണെങ്കിൽ,, ഉറപ്പിച്ചോളൂ സത്യം ഞാൻ തെളിയിച്ചുവെന്ന്... " " എനിക്കുറപ്പുണ്ട്... നീയിതിൽ വിജയിക്കുമെന്ന്... ആൾ ദ ബെസ്റ്റ്.." "സാർ... ഒരു ചോദ്യം കൂടി... ഇതിന് ഉത്തരം സാറിന് അറിയുമായിരിക്കും... " "ചോദിക്കൂ..." "സാർ പറഞ്ഞല്ലോ ഈ കേസ് എന്റെ തറവാടിനെ ചുറ്റി പറ്റി ഉള്ളതാണെന്ന്... അച്ഛച്ഛന്റെ മരണവും ഈ കേസും തമ്മിൽ എന്താണ് ബന്ധം...????? " സംശയത്തോടെ നവീൻ ചോദിച്ചു... അതിനുള്ള വ്യക്തമായ മറുപടി കിട്ടിയതും അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ അവന് തോന്നി... കേസിനെ പറ്റി കൂടുതൽ അറിയും തോറും കുരുക്ക് മുറുകുകയാണെന്ന് അവന് ബോധ്യമായി.... ശ്രീ റാം സാറിന്റെ കാൾ കട്ട് ചെയ്തു കൊണ്ട് നവീൻ വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു... സാറിന്റെ ഓരോ വാക്കുകളും അവന്റെ ചിന്തകളെ വലിഞ്ഞു മുറുക്കി.....കയ്യിലെ കുരിശു മാലയിലെ ആ നാമത്തെ അവന്റെ കൈകൾ തലോടി.... "സലൈന... നീ ആരാണ്..????? മറഞ്ഞിരിക്കുന്ന നീ ശത്രുവോ മിത്രമോ.. ഒന്നുകിൽ നീയാണ് എല്ലാത്തിനും സാക്ഷി... അല്ലെങ്കിൽ നീ..... നീയാണ് ഈ കേസിലെ കുറ്റവാളി.... " കയ്യിലെ കുരിശു മാല ബാഗിലെ ഫയലിൽ തിരികെ വെക്കുമ്പോൾ അവന്റെ മനസ്സ് കൂടുതൽ കലുഷിതമായിരുന്നു.... *********************************** "എങ്ങോട്ടാ നീയെന്നെയീ വലിച്ചു കൊണ്ട് പോവുന്നത്... വിട്ടേ... " "ഒന്നടങ്ങി നിൽക്ക് ചാരൂ... കയറി വാ.. " വിനുവിന്റെ മുറിയിലേക്ക് പോകാനുള്ള കോണിപ്പടിയിലെ ആദ്യ പടിയിൽ കയറി നിന്ന് കൊണ്ട് നേഹ ചാരുവിനെ നോക്കി... "എങ്ങോട്ട്... നിന്റെ ഏട്ടന്റെ മുറിയിലേക്കോ.. " "അതേ.. അങ്ങോട്ട്‌ തന്നെ.. ഏട്ടൻ പോയതിൽ പിന്നെ അവിടേക്ക് ചെന്ന് നോക്കിയിട്ട് പോലുമില്ല.. ഇപ്പോൾ ഏട്ടൻ വിളിച്ചപ്പോൾ പറയുവാ ഒരു തരി പൊടി എവിടെയെങ്കിലും കണ്ടാൽ എന്നെ വെച്ചേക്കില്ലെന്ന് " മുഖം കോട്ടി കൊണ്ട് നേഹ പറഞ്ഞതും ചാരു അവളെ ഉറ്റു നോക്കി കൊണ്ട് തന്റെ ഇടുപ്പിൽ രണ്ട് കയ്യും വെച്ചു... "അയ്യോടാ... അപ്പൊ മോള് ക്ലീനിങ് ന് കൂട്ട് വിളിച്ചതാ അല്ലേ.. അതും ആ മരങ്ങോടന്റെ മുറിയിലേക്ക്.. എനിക്ക് സ്വകര്യമില്ല.. പുന്നാര ഏട്ടന്റെ പൊന്ന് മുറി മോള് തന്നെ വൃത്തിയാക്കിക്കോ... അന്ന് എന്തിനോ ഒന്ന് ഞാൻ അവിടെ കയറിയതിന് മൂപ്പരെന്നെ തിന്നില്ല എന്നേ ഉളളൂ " ദേഷ്യത്തോടെ ചാരു മുഖം തിരിച്ചതും നേഹ പടിയിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.. "അത് നീ ഏട്ടന്റെ ഷെൽഫ് തുറന്നിട്ടല്ലേ.. നിനക്കറിയാമല്ലോ ഏട്ടന്റെ സാധനങ്ങളിൽ മറ്റാരും കൈവെക്കുന്നത് ഏട്ടന് ഇഷ്ടമല്ലെന്ന്.. " "ഓ.. അതൊന്ന് തുറന്നിട്ടല്ലേ ഉള്ളൂ.. അതിനകത്തെന്താ നിധി ഇരിപ്പുണ്ടോ.. എന്നോട് ഫയൽ എടുക്കാൻ പറഞ്ഞു വിട്ടത് നിന്റെ ഏട്ടൻ കോന്തൻ തന്നെ ആയിരുന്നല്ലോ.. ഫയൽ ഷെൽഫിൽ ആണെന്ന് കരുതി ഞാനത് തുറന്നു.. അതെന്റെ കുറ്റമാണോ.. " "അത് എന്നോ നടന്ന സംഭവം അല്ലേ ചാരൂ.. ശെരി.. അന്ന് ഏട്ടന്റെ ഭാഗത്ത്‌ തന്നെയായിരുന്നു തെറ്റ്.. ഫയൽ എവിടെയാണെന്ന് ഏട്ടൻ പറയണമായിരുന്നു.... അതൊക്കെ എന്നോ കഴിഞ്ഞില്ലേ.. നീയത് വിട്.. നല്ല കുട്ടിയല്ലേ.. എനിക്കൊരു കൂട്ടിന് വാ " "നോ വേ..എന്ത് പറഞ്ഞാലും ആ കോന്തന്റെ റൂമിലേക്ക് ഞാനില്ല.. എന്നോട് ആ പടി കടന്ന് പോകരുതെന്നല്ലേ പറഞ്ഞത്.." ചാരു വീണ്ടും മുഖം കോട്ടി... ആ സമയം നേഹ പരിഭവത്തോടെ വാടിയ മുഖവുമായി അവളുടെ നേരെ നിന്നു.. "അപ്പോൾ നീയെന്റെ കൂടെ വരില്ല അല്ലേ.. ആ.. ശെരി.. ഇങ്ങനെ തന്നെ വേണം.. ഞാൻ എന്ത് പറഞ്ഞാലും അതിനൊരു വില ഇല്ലല്ലോ.. ക്ലാസ്സിന് പോകാൻ എല്ലാവരും വിലക്കിയത് കൊണ്ട് ഇന്നിനി വേറൊരു പണിയും ഇല്ല ...നീ കൂടി ഉണ്ടെങ്കിൽ അതൊരു രസമായിരുന്നു... ഹാ... നീ വരേണ്ട " നേഹയുടെ ആ ഡയലോഗ് കേട്ടതും ചാരു, കള്ള കണ്ണീര് തുടക്കുന്ന നേഹയുടെ തലക്കൊരു കൊട്ട് കൊടുത്തു.. "ഓ.. അവളുടെ ഒരു കള്ള കണ്ണീര്.. ഓവർ സെന്റിമെന്റ്സ് വേണ്ട.. ഇങ് വാ.. " അവളെ തള്ളി മാറ്റി കൊണ്ട് ചാരു കോണിപ്പടി കയറി. "ചൂലും മറ്റും നിന്റെ ഏട്ടൻ കൊണ്ട് വരുമോ.. പോയി എടുത്തു വാ ഡീ.. " തന്റെ പിറകിൽ കയറാൻ നിന്ന നേഹയെ തിരിഞ്ഞു നോക്കി കൊണ്ട് ചാരു പറഞ്ഞതും നേഹ ഇളിച്ചു കൊണ്ട് ഇറങ്ങി പോയി.. അവൾ വരാൻ കാത്ത് നിൽക്കാതെ ചാരു കോണിപ്പടികൾ ഓടി കയറി.... മുകളിൽ രണ്ടു മുറികളും വിശാലമായ ഹാളും ആണുള്ളത്.. വടക്ക് ഭാഗത്ത്‌ ആയാണ് വിനുവിന്റെ മുറി.. വിനുവിന്റെ ഷെൽഫ് തുറന്ന് നോക്കിയതിന് ഒരിക്കൽ ചെവിയിൽ നുള്ളി അവളെ മുറിയിൽ നിന്നും ഇറക്കിയതിൽ പിന്നെ അവൾ ആ മുറിയിൽ കയറിയിട്ടില്ല... ഒരുപാട് നാളുകൾക്ക് ശേഷം അവളാ മുറിയിൽ കാലു കുത്തി... വിശാലമായ വലിയൊരു മുറിയാണ് വിനുവിന്റേത്... കട്ടിലിനോട് ചേർന്നാണ് ഷെൽഫ് ഉള്ളത്.. തെക്ക് ഭാഗത്തും വടക്കേ മൂലയിലും ജനാലകൾ ഉണ്ട് വാതിൽ കടന്ന് ചെല്ലുമ്പോൾ തന്നെ ഇടത് ഭാഗത്ത് വലിയൊരു തുറന്ന ഷെൽഫ് ഉണ്ട്.. പുസ്തകങ്ങളും കേസ് ഫയലുകളും മറ്റുമാണ് അതിൽ.. അതിനോട് ചേർന്ന് ഒരു മേശയും കസേരയും... വലതു ഭാഗത്ത് ഡ്രസ്സ് വെക്കാൻ ഹാങ്ങറുകൾ തൂക്കിയിട്ടുണ്ട്.. പോലീസ് യൂണിഫോം ആയിരിക്കും അധികവും അവിടെ കാണാറുള്ളത്... അവിടെയുള്ള ചുമരിൽ വിനുവിന്റെ ഒരുപാട് ഫോട്ടോസും ഉണ്ട്.. മിക്കതും പോലീസ് യൂണിഫോമിൽ... എല്ലാം ഒന്ന് കണ്ണോടിച്ച ശേഷം അവൾ അകത്തേക്ക് കാലെടുത്തു വെച്ചു.. രണ്ടാഴ്ചത്തെ സകല പൊടികളും ഉണ്ട്.. മടിച്ചി നേഹ വെറുതെയല്ല തന്റെ സഹായം തേടിയതെന്ന് അവൾ ഓർത്തു.. അടുക്കും ചിട്ടയുമുള്ള ആ മുറിയിൽ അവൾ നടന്നു... അവളുടെ പാദസര കിലുക്കം മുറിയൊന്നാകെ നിറഞ്ഞു.... ജനാലകൾ രണ്ടും തുറന്നിട്ട്‌ തിരിഞ്ഞപ്പോൾ ആണ് ചുമരിൽ തൂക്കിയ പോലീസ് യൂണിഫോമിൽ ഉള്ള ഒരു ഫോട്ടോ അവളുടെ ശ്രദ്ധയിൽ പെട്ടത്.. തന്നെ തുറിച്ചു നോക്കുന്നത് പോലെ അവൾക്ക് തോന്നി.. ഉടനെ കൈ രണ്ടും പിണച്ചു വെച്ചവൾ പുച്ഛത്തോടെ ആ ഫോട്ടോയിലേക്ക് നോക്കി... "മിസ്റ്റർ ഐ പി എസ്.. നോക്കേണ്ട.. ഞാൻ തന്നെയാണ്.. ചാരു.. ഇവിടേക്ക് വന്നു പോകരുതെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. അത് അനുസരിക്കാൻ എനിക്ക് മനസ്സില്ല.. താൻ എന്താടോ ചെയ്യാ... എന്നെ പുറത്താക്കണോ... എന്നാ വാ.. ചെവിയിൽ നുള്ള്.. " ഒന്നൂടെ അടുത്ത് പോയി അവൾ ആ ഫോട്ടോക്ക് നേരെ വിരൽ ഞൊടിച്ചു.... "എടോ.. കണ്ട കുറ്റവാളികളോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറാൻ വരല്ലേ.. താനാരാണെന്ന തന്റെ വിചാരം.. ഞാനിങ്ങനെ പേടിച്ചിറുകി മുന്നിൽ നിൽക്കുന്നത് നോക്കി രസിക്കാറില്ലേ... നോക്കിക്കോ... ഒരുനാൾ എല്ലാത്തിനും ഞാൻ പകരം വീട്ടും... തന്റെ മുരടൻ സ്വഭാവം എന്റെ മുന്നിൽ മുട്ട് മടക്കും... " കൈ ചൂണ്ടി കൊണ്ട് അവൾ അവന് മുന്നിൽ പറയാൻ ആഗ്രഹിച്ച തന്റെ മനസ്സിൽ ഉള്ള എല്ലാം പറഞ്ഞു തീർത്തു... ഒരു ഫോട്ടോ ക്ക് മുന്നിൽ എങ്കിലും എല്ലാമൊന്ന് പറഞ്ഞല്ലോ എന്ന ആത്മ സംതൃപ്തിയോടെ അവൾ പിന്തിരിഞ്ഞു.. ആ സമയം ചൂലുമായി വാതിൽക്കൽ നിന്ന് ചിരി അടക്കാൻ പാട് പെടുന്ന നേഹയെ കണ്ടതും അവൾ കണ്ണുരുട്ടി അവളെ നോക്കി.. "എന്താ ഡീ ഇളിക്കുന്നെ.." "നീയീ പറഞ്ഞതൊക്കെ നേരിട്ട് ഏട്ടന്റെ മുന്നിൽ നിന്ന് പറയുന്ന രംഗം ഒന്ന് ഓർത്തതാ.. ഹിഹിഹി... അയ്യോ.. ഭയങ്കര കോമഡി ആയിരിക്കും അല്ലേ.. " നേഹ കളിയാക്കി കൊണ്ട് ചിരിച്ചതും പുച്ഛത്തോടെ മുഖം കോട്ടി കൊണ്ട് അവളുടെ കയ്യിൽ നിന്നും ചൂൽ തട്ടി പറിച്ചു വാങ്ങി... "എന്നെങ്കിലും ഒരിക്കൽ പറയുമെടീ ഞാൻ.. നിന്റെ ഏട്ടന്റെ ഗർവ് ഞാനൊന്ന് കുറക്കുന്നുണ്ട്... " "മ്മ്മ്.. നടന്നത് തന്നെ. ഏട്ടൻ വരുമ്പോഴും ഈ ഡയലോഗ് ഒക്കെ ഓർമ ഉണ്ടാവണം.. " "പോടീ... " പരസ്പരം കലഹിച്ചും കുറ്റം പറഞ്ഞും ഇരുവരും മുറി വൃത്തിയാക്കാൻ തുടങ്ങി... അതിനിടയിൽ ഷെൽഫിൽ പറ്റിയിരിക്കുന്ന മാറാല ചൂല് കൊണ്ട് തട്ടാൻ ചാരു അങ്ങോട്ടേക്ക് നടന്നു.. ഇപ്പുറത്തെ ഷെൽഫിലെ ബുക്ക്സ് അടുക്കി വെക്കുന്ന നേഹ അവളെ തന്നെ വീക്ഷിച്ചു... മാറാല തട്ടുന്നതിനിടയിൽ മെല്ലെ മെല്ലെ തുറന്നു വരുന്ന ഷെൽഫ് നേഹയുടെ കണ്ണിൽ പെട്ടു.. ചാരു ഇപ്പോൾ ഷെൽഫ് തുറക്കുമെന്ന് തോന്നിയതും ഉടനെ തന്നെ നേഹ അങ്ങോട്ടേക്ക് പാഞ്ഞു.. "ചാരൂ... " പെട്ടന്നുള്ള അവളുടെ വിളിയിൽ ചാരു ഞെട്ടി പോയി.. "എന്താ ഡീ.. " കണ്ണും മിഴിച്ചവൾ നേഹയെ നോക്കി..നേഹയുടെ കണ്ണുകൾ പാതി തുറന്ന ഷെൽഫിലേക്ക് ഇടയ്ക്കിടെ പോയി കൊണ്ടിരുന്നു.. "അത്... അത്... ആ.. നീ വന്നേ.. ഈ കട്ടിൽ ഒന്ന് നീക്കാൻ.. അരികിൽ മുഴുവൻ പൊടിയാണ്... " "ഹോ.. അതായിരുന്നോ.. നിന്റെ അലറൽ കേട്ടപ്പോൾ ഞാൻ കരുതി വല്ല പാമ്പിനെയും കണ്ടെന്ന്... വാ.. " ചൂല് അവിടെ വെച്ച് ചാരു കട്ടിലിനടുത്തേക്ക് തിരിഞ്ഞതും നേഹ പെട്ടന്ന് തിരിഞ്ഞു നിന്ന് ഷെൽഫ് ഭദ്രമായ് അടച്ചു വെച്ചു.... ആശ്വാസത്തിന്റെ നെടുവീർപ്പോടെ അവൾ ചാരുവിന്റെ അടുത്തേക്ക് നീങ്ങി.... ഉച്ച കഴിഞ്ഞപ്പോഴേക്ക് ജോലി എല്ലാം തീർത്ത് ചാരു തന്റെ വീട്ടിൽ എത്തിയിരുന്നു.. രാവിലെ നടന്ന സംഭവം എല്ലാവരും പാടേ മറന്ന മട്ടിൽ ആയിരുന്നു സംസാരം.. ചാരുവും അതോർക്കാൻ ഇഷ്ടപ്പെട്ടില്ല.. അവൾ നേരെ അപ്പച്ചിയുടെ മുറിയിലേക്ക് ചെന്നു.. പുറത്തേക്ക് പൂട്ടിയ വാതിൽ തുറന്ന് കൊണ്ടവൾ അകത്തേക്ക് നോക്കി... അപ്പച്ചി ഇപ്പോഴും കിടക്കുകയാണ്.. ടേബിളിൽ ഭക്ഷണം കൊണ്ട് വെച്ചത് അത് പോലെ തന്നെയുണ്ട്... അപ്പച്ചി ഇനിയും ഒന്നും കഴിച്ചില്ലേ എന്നോർത്ത് കൊണ്ടവൾ അപ്പച്ചിയുടെ അടുത്തേക്ക് നടന്നു... പാദസരത്തിന്റെ കിലുക്കം അപ്പച്ചിയുടെ കാതിൽ പതിഞ്ഞതും അവർ കണ്ണുകൾ തുറന്നു... ക്ഷീണിച്ച കണ്ണുകളിൽ ചാരുവിന്റെ മുഖം നിറഞ്ഞു നിന്നതും അപ്പച്ചി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. "അപ്പച്ചി ഒന്നും കഴിച്ചില്ലേ... എണീറ്റെ.." അപ്പച്ചിയെ എഴുന്നേൽപ്പിച്ചിരുത്തി കൊണ്ട് ചാരു ഭക്ഷണ പാത്രം കയ്യിലെടുത്തു... "ഇനി നല്ല കുട്ടിയായി ഇത് മുഴുവൻ കഴിച്ചേ.. " ചെറിയ കുട്ടികളെ കൊഞ്ചിക്കും പോലെ വാക്കുകൾ ഉതിർത്തു കൊണ്ട് ഉരുള ഉരുട്ടി അപ്പച്ചിയുടെ നേരേയവൾ നീട്ടി.. "മ്മ്.. കഴിക്ക്... " പുഞ്ചിരിക്കുന്ന ചാരുവിന്റെ മുഖത്തേക്ക് നോക്കി മിഴികൾ നിറച്ചു കൊണ്ട് അപ്പച്ചി അവൾ നീട്ടിയ ചോറുരുള കഴിച്ചു.. സന്തോഷത്തോടെ കഴിക്കുന്ന അപ്പച്ചിയെ കണ്ട് അവളുടെ ഉള്ളം നിറഞ്ഞു....... ************************************ രാത്രി പത്തരയോടെ നവീൻ നാട്ടിലെ റയിൽ വേ സ്റ്റേഷനിൽ വന്നിറങ്ങി.. തറവാട്ടിലേക്ക് ഇനിയും ദൂരമുണ്ട്.. റയിൽ വേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വന്നതും അവനെയും കാത്ത് നിൽക്കുന്ന അബുവിനെ അവൻ കണ്ടു... ചിരിച്ച മുഖത്താലെ നവീൻ അവന്റെ അടുത്തേക്ക് നടന്നു... "നോക്കിക്കേ ഞാൻ കൃത്യ സമയത്ത് തന്നെ എത്തിയില്ലേ.. അതാണ് ഞാൻ.. " കോളർ പൊക്കി കൊണ്ട് അബു പറഞ്ഞതും നവീൻ ബാഗ് അവന്റെ മേലേക്ക് എറിഞ്ഞു.... "ഓ.. ഇവിടെ എങ്കിലും നീ സമയത്തിന് വന്നല്ലോ. ഭാഗ്യം... വാ.. വണ്ടിയെടുക്ക്.. " ഇരുവരും വണ്ടിയിൽ കയറി റയിൽ വേ സ്റ്റേഷനിൽ നിന്നും തിരിച്ചു...യാത്രയിൽ ഉടനീളം അബു നോൺ സ്റ്റോപ്പായി പലതും പറയുന്നുണ്ട്.. പതിവിന് വിപരീതമായി നവീൻ അധികം സംസാരിക്കാതെ മൂളുക മാത്രം ചെയ്തു... അത് ഇടയ്ക്കിടെ അബു ശ്രദ്ധിക്കുന്നുണ്ടായിരുന്നു... എങ്കിലും അവൻ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.. സ്റ്റേഷനിലെ വിവരങ്ങൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... ഈ സമയം അബുവിന്റെ വാക്കുകൾക്ക് മൂളുകയും ചിരിക്കുകയും ചെയ്തിരുന്ന നവീൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഇരുളിലേക്ക് നോക്കി..... ഇരുട്ടിന്റെ സൗന്ദര്യം അവന്റെ കണ്ണിൽ ഉടക്കും തോറും കേസിലെ ദുരൂഹതകൾ അവന്റെ മനസ്സിൽ നിറഞ്ഞു.... പല ചിന്തകളിൽ അവൻ മുഴുകിയതും അബു ഇടം കണ്ണിട്ട് അവനെ നോക്കി... "വിനൂ.... ഇനി നേരെ തറവാട്ടിലേക്കല്ലേ... " പെട്ടന്നുള്ള അബുവിന്റെ ചോദ്യവും കര സ്പർശവും അവനെ ചിന്തകളിൽ നിന്നും ഉയർത്തി ... "നോ.. നേരെ നിന്റെ വീട്ടിലേക്ക് പോയാൽ മതി.. ഇന്നവിടെ തങ്ങാം. . കുറച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.. എല്ലാം നിന്നോട് പറയാതെ മനസ്സിലെ വീർപ്പുമുട്ടൽ ശമിക്കില്ല... ... " നവീന്റെ വാക്കുകൾ കേട്ട് കാറിന്റെ സ്പീഡ് കുറച്ച് അബു അവന്റെ മുഖത്തേക്ക് നോക്കി... "എന്ത് പറ്റി വിനൂ..നിന്നെ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുകയാ.. നിന്റെ മനസ്സ് ഇവിടെ ഒന്നുമല്ല.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡാ.. " അബുവിന്റെ ചോദ്യത്തിന് നവീൻ ശ്വാസം വലിച്ചു വിട്ട് കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.. "പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ... ഒരു കേസ് തടഞ്ഞിട്ടുണ്ട്.. മറ്റാരും അറിയാതെ എത്രയും പെട്ടന്ന് എനിക്കത് തെളിയിക്കണം... " "ഓഹ്.. അതായിരുന്നോ.. ഡൽഹിയിൽ നിന്നും വല്ല പെണ്ണും സെറ്റ് ആയോ ന്ന് ചോദിച്ചപ്പോൾ കേസും കൊണ്ടാണോ മോൻ വന്നത്.. ബെസ്റ്റ്....എന്നിട്ട് ആരുടെ കേസ് ആണ്... എന്താ കേസ്.. വല്ല പിടിച്ചു പറിയും ആണോ... " തമാശയോടെയുള്ള അബുവിന്റെ ചോദ്യത്തിന് നവീൻ മൗനം പാലിച്ചു.. അവന്റെ മുഖത്തെ ഗൗരവം കണ്ട് അബു നെറ്റി ചുളിച്ചു.. "സീരിയസ് മാറ്റർ ആണോ ഡാ.. " "യെസ്... എല്ലാം ഞാൻ പറയാം.. " കാര്യം വളരെ ഗൗരവമേറിയതാണെന്ന് മനസ്സിലായത് കൊണ്ട് അബു പിന്നീടൊന്നും ചോദിക്കാൻ നിന്നില്ല.... അരമണിക്കൂർ യാത്രക്കൊടുവിൽ അവർ അബുവിന്റെ വീട്ടിൽ എത്തിച്ചേർന്നു... അബു തനിച്ചാണ് താമസം.. ഒരേ ഒരു പെങ്ങളെ കല്യാണം കഴിപ്പിച്ചയച്ചതിൽ പിന്നെ അവൻ വീട്ടിൽ ഒറ്റക്കാണ്... അവന് വേണ്ട ഭക്ഷണവും അവൻ തന്നെയാണ് പാകം ചെയ്യാറുള്ളത്.. ക്ലീനിങ് ന് മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ചേച്ചി വരും.... കാർ മുറ്റത്ത് പാർക്ക് ചെയ്തു കൊണ്ട് ഇരുവരും വീട്ടിലേക്ക് കയറി.. ഹാളിൽ എത്തിയ പാടേ വിനു മൂക്ക് മേൽപ്പോട്ട് വലിച്ചു.. "ഹാ.. നല്ല വറുത്തരച്ച മീൻ കറി ആണല്ലോ.. ഞാൻ വേഗം കുളിച്ചു ഫ്രഷ് ആയി വരാം.. " "ഓക്കേ ഡാ.. ഞാനെല്ലാം എടുത്തു വെക്കാം... " ബാഗുമായി നവീൻ റൂമിലേക്ക് പോയി.. കുളി കഴിഞ്ഞു വന്നപ്പോഴേക്കും അബു എല്ലാം ടേബിളിൽ നിരത്തി വെച്ചിരുന്നു... ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കു വെച്ച് അവർ ആഹാരം കഴിച്ചു...... "വിനൂ.. കിടക്കുന്നില്ലേ... " ഭക്ഷണം കഴിക്കൽ കഴിഞ്ഞ് പുറത്തെ ബാൽക്കണിയിൽ ഇരുന്ന് അനന്തതയിലേക്ക് നോക്കി നിൽക്കുന്ന വിനുവിന്റെ അടുത്തേക്ക് അബു ചെന്നു... അബുവിനെ ഒന്ന് നോക്കി കൊണ്ട് അവൻ തലയാട്ടി... ഇരുൾ കാണുമ്പോൾ അവൻ പോലും അറിയാതെ ആ കേസ് അവനിലേക്കാഴ്ന്നിറങ്ങുന്നതിലും മനസ്സിൽ തെളിഞ്ഞു വരുന്നതിലും അവനാകെ അസ്വസ്ഥനായിരുന്നു..വരികൾ ഓരോന്നും മറക്കുമ്പോൾ ആരോ ഓർമിപ്പിക്കും വിധം അവക്ക് തെളിച്ചം കൂടി വരുന്നത് അവൻ അടുത്തറിഞ്ഞു... "നിന്റെ ഈ പെരുമാറ്റം കാണുമ്പോൾ എന്തോ പോലെ തോന്നുന്നു.. നീ ഇത്രത്തോളം അസ്വസ്ഥനാവാൻ മാത്രം എന്ത് കേസ് ആണത്....എത്രയോ വലിയ കേസുകൾ നീ പുഷ്പം പോലെ തെളിയിച്ചിട്ടുണ്ട്.. എന്നിട്ടാണോ ഇത്.." "എല്ലാ കേസും പോലെയല്ല അബൂ ഇത്.... സാക്ഷികൾ ആരുമില്ല.പ്രതികളെ പറ്റി യാതൊരു സൂചനയും ഇല്ലാ.. ആകെയുള്ളത് ഒരു കുരിശ് മാലയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും.. അത് രണ്ടും വെച്ച് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ... കാരണം... നാടും നാട്ടുകാരും വിശ്വസിച്ച കേസ് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്...." "നീയെന്തൊക്കെയാ ഈ പറയുന്നേ... എനിക്കൊന്നും മനസ്സിലാവുന്നില്ല ..ഒരു തെളിവും ഇല്ലെന്നോ... " "തെളിവുണ്ട്...സലൈന... അത് വെച്ച് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ." "സലൈനയോ???? " "യെസ്... സലൈന തന്നെ... ആ ഒരു പേര് വെച്ചാണ് കേസ് നമ്മൾ തെളിയിക്കേണ്ടത്... " "നീ പറയുന്നതൊന്നും എന്റെ തലയിൽ കയറുന്നില്ല... എന്തായാലും. കേസ് ഫയൽ ഞാനൊന്ന് വായിക്കട്ടെ... " "മ്മ്മ് എന്റെ ബാഗിൽ ഉണ്ട്... നീയെടുത്ത് വാ... " നവീൻ പറഞ്ഞതും അബു റൂമിലേക്ക് പോയി..അടുത്ത നിമിഷം തന്നെ ചുവന്ന കേസ് ഫയലുമായി അവൻ തിരിച്ചെത്തി... "അപ്പോൾ ഇതാണല്ലേ നിന്നെ അസ്വസ്ഥനാക്കുന്ന കേസ് ഫയൽ... " അതേ എന്ന് നവീൻ തലയാട്ടിയപ്പോഴേക്കും അബു ആ കേസ് ഫയൽ തുറന്നിരുന്നു... പെട്ടന്ന് വീശിയടിച്ച കാറ്റ് നവീന്റെ മുഖത്തേക്ക് പതിച്ചതും അവൻ മുഖം വെട്ടിച്ചു.... ആ സമയം അപ്രതീക്ഷിതമായി നവീന്റെ കണ്ണുകൾ ഫയലിലേക്ക് ചലിച്ചു.. അടുത്ത നിമിഷം !!!!!! "വാട്ട്‌ ദ ഹെൽ.... !!!!! " അമ്പരപ്പോടെ നവീൻ അബുവിന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി അതിലേക്ക് ഉറ്റു നോക്കി.... (തുടരും) #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
🖤 *സലൈന*🖤 *( A Horror-Romantic -Suspense Thriller Story)* ✍️ *Raiza* *പാർട്ട് 5* ============================= തുടരെ തുടരെയുള്ള അപ്പച്ചിയുടെ അലറലും പൊട്ടിക്കരച്ചിലും കേട്ട് സ്തബ്ധയായി ചാരു അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു... അമ്മയുടെ മുഖം വെപ്രാളത്താൽ നിറഞ്ഞു കവിഞ്ഞിരുന്നു.. അത് അപ്പച്ചിയുടെ കരച്ചിലും അലമുറയിടലും കേട്ടിട്ടല്ല എന്ന് മനസ്സിലാക്കിയ ചാരു അമ്മയുടെ ദൃഷ്‌ടി പതിഞ്ഞ ഇടത്തേക്ക് തല വെട്ടിച്ചു നോക്കി..... മുൻവാതിൽ കടന്ന് വന്നു നിന്ന് തന്നെ രൂക്ഷ്മമായി നോക്കുന്ന അച്ഛമ്മയെയും വല്യച്ഛനെയും അവർക്ക് പിറകിൽ നിന്ന് ദയനീയമായി തന്നെ നോക്കുന്ന നേഹയെയും അവൾ കണ്ടു...അച്ഛമ്മയുടെയും വല്യച്ഛന്റേയും കണ്ണുകൾ തന്റെ കാലിൽ കിടക്കുന്ന ചിലങ്കയിലേക്കാണെന്നവൾക്ക് മനസിലായി... ആാാാാ...... ആാാാാ..... ചാരുവിന്റെ നേരെ ദേഷ്യത്തിൽ നടന്നടുത്തപ്പോൾ ആണ് ഭ്രാന്തമായി മാറി തുടങ്ങിയ അപ്പച്ചിയുടെ ശബ്ദം വീണ്ടും അവരിലേക്കെത്തിയത്... ചാരുവിൽ നിന്നും നോട്ടം മാറ്റിയ അച്ഛമ്മയും വല്യച്ഛനും ഉടനെ തെക്കേ മുറിയിലേക്ക് പാഞ്ഞു... ഇത് വരെ കാണാത്ത അവരുടെ മറ്റൊരു മുഖം കണ്ടതിൽ ഷോക്ക് ആയി നിന്ന ചാരു അടുത്ത നിമിഷം തന്നെ അമ്മയുടേയും നേഹയുടേയും കൂടെ തെക്കേ മുറി ലക്ഷ്യം വെച്ച് ഓടി.... ഈ സമയം..... തന്റെ ചെവിയിൽ തുളഞ്ഞു കയറുന്ന ചിലങ്കയുടെ താളം കേൾക്കും തോറും അപ്പച്ചിയുടെ സ്വഭാവം കൂടുതൽ ഭ്രാന്തമായി.... മുടി പരത്തിയിട്ട് കൈകൾ ചെവിയെ പൊത്തി നിലത്ത് കൂനി കൂടി ഇരുന്ന് പൊട്ടിക്കരയുന്ന അപ്പച്ചിയുടെ അടുത്തേക്ക് അവരെല്ലാം ഓടിയടുത്തു.... "എന്റെ മോളേ..... " മകളുടെ അവസ്ഥയിൽ നൊന്ത് കണ്ണീർ ഒലിപ്പിച്ചു കൊണ്ട് അച്ഛമ്മ അപ്പച്ചിയുടെ മുടിയിൽ തലോടി എങ്കിലും കണ്ണിൽ തീക്കനൽ ജ്വലിപ്പിച്ചു കൊണ്ട് അപ്പച്ചി സ്വന്തം അമ്മയെ നോക്കി... അടുത്ത ക്ഷണം തന്നെ ആ കനൽ അണഞ്ഞ് പൊട്ടിക്കരച്ചിലിലേക്ക് വഴി മാറി... "ചാരൂ.... കുറച്ചു വെള്ളം കൊണ്ട് വാ... " അമ്മയുടെ വാക്കുകൾക്ക് തലയാട്ടി ചാരു മുറിയിൽ നിന്നും ഓടി പോയി... വീണ്ടും ചിലങ്കയുടെ താളം അപ്പച്ചിയുടെ കാതിൽ മുഴങ്ങിയതും അവസ്ഥ ഭയാനകമായി കൊണ്ടിരുന്നു.. എഴുന്നേറ്റു നിന്ന അപ്പച്ചി പൊട്ടിക്കരച്ചിലോടെ റൂമിലെ സാധനങ്ങൾ ഒന്നൊന്നായി തള്ളി മാറ്റി.... അച്ഛമ്മയും വല്യച്ഛനും അപ്പച്ചിയെ തടഞ്ഞു കൊണ്ട് മുറുകെ പിടിച്ചെങ്കിലും അപ്പച്ചി കൂടുതൽ അപകടകാരിയായി..... നേഹയോടൊപ്പം അടുക്കളയിൽ എത്തിയ ചാരുവിന്റെ ഇരു കണ്ണുകളും നിറഞ്ഞൊലിച്ചിരുന്നു... ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും അപ്പച്ചിയെ ഈ അവസ്ഥയിൽ കണ്ടതിൽ അവളുടെ ഹൃദയം ഒരുപാട് നൊന്തു.... എന്താണ് പെട്ടന്ന് അപ്പച്ചിക്ക് സംഭവിച്ചതെന്നറിയാതെ അവളുടെ ഉള്ളം തേങ്ങി.... നേഹ അവളെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു... "ചാരൂ..... " അപ്പച്ചിക്ക് നൽകാനുള്ള വെള്ളം എത്രയും പെട്ടന്ന് എത്തിക്കണം എന്ന ഉദ്ദേശത്തിൽ ചാരു വേഗത്തിൽ നടന്നതും പിറകെ നിന്ന് നേഹ അവളെ വിളിച്ചു...കലങ്ങിയ കണ്ണുകളോടെ ചാരു അവളെ നോക്കി.. "അച്ഛനും അച്ഛമ്മയും നല്ല ദേഷ്യത്തിലാണ്.. ചിലങ്ക ഊരി വെച്ചേക്ക്... " നേഹയുടെ വാക്കുകൾ അനുസരിക്കണമെന്ന് അവൾക്കും തോന്നി... അതിനാൽ വേഗം തന്നെ ചാരു ചിലങ്ക ഊരി നേഹയെ ഏൽപ്പിച്ചു കൊണ്ട് വെള്ളവുമായി മുറിക്കകത്തേക്ക് കയറി.... അതേ സമയം ചിലങ്കയുടെ താളം തന്റെ കാതുകൾക്ക് അന്യമായതും കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീരോടൊപ്പം അപ്പച്ചി തളർന്നു വീണു....... അപ്പച്ചിയെ കട്ടിലിൽ എടുത്തു കിടത്തി വല്യച്ഛൻ മുറിയിൽ നിന്നും ഇറങ്ങി പോയി... മകളുടെ മുടിയിൽ തലോടി കൊണ്ട് അച്ഛമ്മ അൽപ്പ നേരം അവിടെ ഇരുന്നു... അപ്പച്ചി മയക്കത്തിലായെന്ന് ബോധ്യം വന്നതും കണ്ണുകൾ തുടച്ചു കൊണ്ട് അച്ഛമ്മയും ചാരുവിന്റെ അമ്മയും പുറത്തേക്കിറങ്ങി... ചാരു മാത്രം മുറിയുടെ മൂലയിൽ ഒതുങ്ങി നിന്നു.. എല്ലാവരും പോയെന്ന് ഉറപ്പായതും അവൾ അപ്പച്ചിയുടെ അടുത്തേക്ക് നടന്നു..... "അപ്പച്ചീ.... " അരികിൽ ഇരുന്ന് മെല്ലെ വിളിച്ചെങ്കിലും അപ്പച്ചി കണ്ണുകൾ തുറന്നില്ല..നല്ല ക്ഷീണം ഉണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാമായിരുന്നു.. അതിനാൽ തന്നെ അപ്പച്ചിയെ ഇനിയും ശല്യം ചെയ്യേണ്ടെന്നവൾ തീരുമാനിച്ചു.. അപ്പച്ചിയുടെ നെറ്റിയിൽ മുത്തം നൽകി കൊണ്ടവൾ പോകാനായി തിരിഞ്ഞു നടന്നു.... മുറിയിൽ നിന്നും ചാരുവിന്റെ കാലുകൾ പുറത്തേക്ക് ചലിച്ചതും കട്ടിലിൽ കിടക്കുന്ന അപ്പച്ചിയുടെ ചുണ്ടുകൾ അവ്യക്തമായ് ആ നാമം പുറപ്പെടുവിച്ചു കൊണ്ടിരുന്നു.......... ************************************ അപ്പച്ചിയുടെ മുറിയിൽ നിന്നും ഞാൻ നേരെ എന്റെ മുറിയിലേക്ക് വെച്ചു പിടിച്ചു ... മുൻപ് പല തവണ അപ്പച്ചിയുടെ മാനസിക നില തെറ്റിയിട്ടുണ്ട്.... അതെല്ലാം ഞാൻ നേരിൽ കണ്ടിട്ടും ഉണ്ട്... ഭ്രാന്തി എന്ന് മുദ്ര കുത്തി ആ ഇരുട്ട് മുറിയിൽ അപ്പച്ചിയെ തളക്കുമ്പോൾ ഞാൻ മാത്രമായിരുന്നു അവിടേക്ക് ചെന്നിരുന്നത് ... എന്തോ.. വല്ലാത്ത അടുപ്പമായിരുന്നു എനിക്ക് അപ്പച്ചിയോട്.. ചിലപ്പോൾ എനിക്കായി അന്നൊരിക്കൽ അപ്പച്ചി ചിലങ്കകൾ സമ്മാനിച്ചത് കൊണ്ടാവാം... തിരിച്ച് അപ്പച്ചിക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.. അത് കൊണ്ടാണ് ആരെയും അരികിലേക്ക് അടുപ്പിക്കാത്ത അപ്പച്ചി ഞാൻ വരുമ്പോൾ മാത്രം ശാന്തയായിരുന്നത്... എന്റെ സ്നേഹവും സാമിപ്യവും കാരണം അപ്പച്ചിയുടെ അസുഖം പതിയെ ഭേദമാവുന്നുണ്ടെന്ന് മനസ്സിലാക്കിയ മുതൽ അപ്പച്ചിക്ക് സ്നേഹവും വാത്സല്യവും നൽകി എപ്പോഴും ഞാൻ അരികിൽ ഉണ്ടാവാറുണ്ട്.. അത് കൊണ്ട് തന്നെ അപ്പച്ചിയുടെ മനസ്സ് പിന്നീട് ഭ്രാന്തമായിട്ടില്ല... ഇന്നിപ്പോൾ പെട്ടന്ന് അപ്പച്ചിക്കെന്ത് സംഭവിച്ചെന്ന് മനസ്സിലാവുന്നില്ല... ഇനി ഒരു പക്ഷേ... ചിലങ്കയുടെ താളം കേട്ടിട്ടാവുമോ?? എനിക്ക് പ്രാണൻ എന്ന പോലെ അവ അപ്പച്ചിക്കും പ്രാണൻ ആയിരുന്നെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... ഓർമ വെച്ച നാൾ മുതൽ കേട്ട് തുടങ്ങിയതാണ് ചിലങ്കയോടുള്ള തറവാട്ടിലെ എതിർപ്പ്... കുഞ്ഞു നാളിൽ എന്നോ ഒരിക്കൽ അമ്മയുടെ കയ്യിൽ ഭദ്രമായ അപ്പച്ചിയുടെ ചിലങ്ക അച്ഛച്ഛൻ കാണാൻ ഇടയായതും അത് നശിപ്പിക്കാൻ നിന്നതും അച്ഛച്ഛൻ അറിയാതെ ഞാൻ അതെടുത്ത് ഒളിപ്പിച്ചു വെച്ചതും എനിക്ക് നല്ല ഓർമയുണ്ട്... എന്ത് കൊണ്ടാണ് എല്ലാവർക്കും ചിലങ്കയോട് ഇത്രമാത്രം ദേഷ്യം എന്ന് വ്യക്തമായി അറിഞ്ഞത് എനിക്ക് പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ ആണ്...അന്നത്തെ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു.... അപ്പച്ചിയെ ആദ്യമായി ഞാൻ കണ്ടതും എനിക്കായ് അപ്പച്ചി ചിലങ്ക സമ്മാനിച്ചതും അന്നായിരുന്നു........ "ചാരൂ.... " പഴയ ഓർമ്മകൾ ഓരോന്നും ഓർത്തു കൊണ്ട് ഞാൻ ഗോവണി കയറാൻ നിന്നതും പെട്ടന്നാണ് അച്ഛന്റെ വിളി എന്നിലേക്കെത്തിയത്... ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി... അച്ഛനും വല്യച്ഛനും ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്നുണ്ട്....അവരുടെ പിറകിൽ ശരത്‌ ഏട്ടനും ഉണ്ട്... നേഹയും അമ്മയും മാറി നിൽക്കുന്നുണ്ട്... ശരത് ഏട്ടൻ അച്ഛനോടൊപ്പം പുറത്ത് പോയതായിരുന്നു.. "തറവാട്ടിൽ നിഷിദ്ധമായത് സാധ്യമാക്കാൻ നിനക്കാരാ അധികാരം നൽകിയത്.. ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഉത്സവത്തിന് ആടാൻ സമ്മതം നൽകിയത്.. അപ്പോഴും ഞാൻ പറഞ്ഞിരുന്നു ഈ സാധനത്തിന്റെ ശബ്ദം ഈ തറവാടിനുള്ളിൽ കേട്ട് പോകരുതെന്ന്... മതിയാക്ക്,, എല്ലാം, നിന്റെ ആട്ടവും പാട്ടും ഒന്നും ഇനി വേണ്ട... കണ്ണിൽ കാണാത്തിടത്തേക്ക് വലിച്ചെറിഞ്ഞോ ഇത് " ചിലങ്ക അവളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അച്ഛൻ ക്രോധത്തോടെ പറഞ്ഞു... ഇന്നേവരെ തന്നോട് ദേഷ്യപെടാത്ത അച്ഛൻ പെട്ടന്ന് അങ്ങനെയൊക്കെ പറഞ്ഞതും അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല... ശരത് ഏട്ടനേയും അമ്മയെയും നേഹയെയും വല്യച്ഛനെയും മാറി മാറി നോക്കി കൊണ്ടവൾ വിതുമ്പി..... അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊലിച്ചു.. അടുത്ത നിമിഷം തന്നെ,,,, തന്റെ കാൽ ചുവട്ടിൽ കിടക്കുന്ന രണ്ട് ചിലങ്കകളും എടുത്ത് നെഞ്ചോട് ചേർത്ത് വെച്ച് കൊണ്ടവൾ വേഗത്തിൽ കോണിപ്പടി കയറി പോയി....... ചാരു പോയതും നേഹയുടെ അച്ഛൻ അവളെ ഒരു നോട്ടം നോക്കി..ചാരുവിന്റെ അടുത്തേക്ക് പോകാനും അവളെ ആശ്വസിപ്പിക്കാനും അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു ...പക്ഷേ അച്ഛന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ഉടനെ തല താഴ്ത്തി കൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു.....നേഹ പോയതും ആരോടും ഒന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ശരത്തും തന്റെ മുറിയിലേക്ക് പോയി... നേഹയും ശരത്തും പോയെന്ന് ഉറപ്പായതും വല്യച്ഛൻ ചാരുവിന്റെ അച്ഛന്റെ അടുത്തേക്ക് നടന്നു... "കൃഷ്ണാ.. അവളോട്‌ ഇത്രത്തോളം ദേഷ്യപ്പെട്ട് സംസാരിക്കേണ്ടിയിരുന്നില്ല...അവൾക്കെന്തറിയാം.. " "എന്താ ഏട്ടാ ഈ പറയുന്നേ..അവളെന്താ ചെറിയ കുട്ടിയാണോ.. പറഞ്ഞാൽ മനസ്സിലാവില്ലേ....എല്ലാം അവൾക്കും അറിയില്ലേ... " "എന്തറിയാം... എല്ലാം അവൾക്കറിയുമോ.. നമ്മൾ അനുഭവിച്ചതും മൂടി വെച്ചതുമൊക്കെ ആർക്കാണ് അറിയുന്നത്... " "ശെരിയാ..ആർക്കും അറിയില്ല... എല്ലാം മറന്നതല്ലേ... വീണ്ടും ഓർമിപ്പിക്കുമ്പോൾ ദേഷ്യപ്പെടുകയല്ലാതെ എന്താ ചെയ്യാ.. " "വിട്ടേക്ക്... ഇനിയവൾ ആവർത്തിക്കില്ല.. " കൃഷ്ണന്റെ തോളിൽ തട്ടി കൊണ്ട് വല്യച്ഛൻ അതും പറഞ്ഞു കൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു.. അച്ഛമ്മ ആദ്യമേ പോയിരുന്നു...ചാരുവിന്റെ അമ്മ നെടുവീർപ്പിട്ട് കൊണ്ട് തൂണിൽ ചാരി നിന്നു... "ദേവ നമ്പൂതിരി പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും കാതിൽ നിന്നും മായുന്നില്ല... നമ്മുടെ തറവാട് നശിക്കാറായി.. അതിന്റെ ഓരോ സൂചനയാണിതൊക്കെ... " നെഞ്ചിൽ തടവി കൊണ്ട് കൃഷ്ണൻ പറഞ്ഞു.. അയാൾ അസ്വസ്ഥനായിരുന്നു... "ദേവ നമ്പൂതിരി പറഞ്ഞതും ചാരു ചിലങ്കയണിഞ്ഞ് തറവാട്ടിൽ ആടിയതും തമ്മിൽ എന്ത് ബന്ധമാണ് ഏട്ടാ.. " പരിഭ്രമത്തോടെ ചാരുവിന്റെ അമ്മ ചോദിച്ചു... "ബന്ധമുണ്ടാവും ദേവീ...ഈ ചിലങ്ക ഒരിക്കൽ നമ്മുടെ തറവാടിനെ നശിപ്പിച്ചത് ഓർമയില്ലേ....എല്ലാത്തിൽ നിന്നും കരകയറി സന്തോഷത്തിന്റെ നാളുകൾ വന്നു ചേർന്നപ്പോൾ വീണ്ടും.... കണ്ടില്ലേ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞത്... അതും ആ ചിലങ്ക നെഞ്ചോടു ചേർത്ത് വെച്ച്... എല്ലാം എന്തിന്റെയോ സൂചനയാണ്.." കണ്ണിൽ ഭീതി വർധിപ്പിച്ച് കൃഷ്ണൻ നെഞ്ചിൽ കിടക്കുന്ന രുദ്രക്ഷ മാലകളിൽ കൈകൾ അമർത്തി...... അരികിൽ പ്രാർത്ഥനയുമായി ദേവിയും.... ************************************ കരഞ്ഞു കലങ്ങിയ മിഴികളോടെ ചാരു ഷെൽഫിലേക്ക് ചിലങ്കകൾ എടുത്തു വെച്ചു .. ഇനിയൊരിക്കലും അവ തന്റെ കാലുകളിൽ പറ്റിച്ചേർന്ന് കിടക്കില്ലെന്ന് ബോധ്യമായത് കൊണ്ട് തന്നെ അവളുടെ ഹൃദയത്തിന്റെ തേങ്ങൽ നിലച്ചതേയില്ല... കിടക്കയിൽ ചെരിഞ്ഞു കിടന്ന് കണ്ണുനീർ തുടക്കുമ്പോഴാണ് ആരുടെയോ തലോടൽ അവൾക്കനുഭവപ്പെട്ടത്.. ഉടനെയവൾ കണ്ണുകൾ തുറന്നു നോക്കി... "അച്ഛാ.... " അരികിൽ ഇരിക്കുന്ന അച്ഛനെ കണ്ടതും അവൾ എഴുന്നേറ്റിരുന്നു.. "അച്ഛൻ ദേഷ്യപെട്ടത് വിഷമമായല്ലേ." അച്ഛന്റെ ചോദ്യത്തിന് ചാരു മൗനം പാലിച്ചു... "മോളേ.. നിനക്കറിയാത്ത ഒരുപാട് സംഭവങ്ങൾ ഈ തറവാട്ടിൽ നടന്നിട്ടുണ്ട്... അത്രയേറെ എല്ലാ വരും ഒന്നിനെ വെറുക്കുന്നുവെങ്കിൽ തക്കതായ കാരണം ഉണ്ടെന്ന് മോള് മനസ്സിലാക്കണം.. നിന്റെ അപ്പച്ചിയുടെ ഈ അവസ്ഥയും എന്റെ ഏട്ടന്റെ നാട് വിടലും അച്ഛന്റെ മരണവും... എല്ലാ പ്രശ്നത്തിന്റെയും തുടക്കം ആ ചിലങ്കയിൽ നിന്നായിരുന്നു... നമുക്കത് വേണ്ട മോളേ.... " അച്ഛന്റെ ശബ്ദം ഇടറുന്നുണ്ടെന്ന് മനസ്സിലാക്കിയ ചാരു അച്ഛന്റെ കൈകൾ കടന്നു പിടിച്ചു.. " അച്ഛാ.. അച്ഛനും ഈ തറവാടിനും അത്രയേറെ വിഷമം ആ ചിലങ്ക ഉണ്ടാക്കിയെങ്കിൽ ഇനിയൊരിക്കലും ഞാനത് അണിയില്ല.. പോരേ.. " പുഞ്ചിരിയോടെ ചാരു പറഞ്ഞതും അച്ഛന്റെ മുഖത്ത് ആശ്വാസത്തിന്റെ വെട്ടം തെളിഞ്ഞു... "എന്നാൽ ഈ കണ്ണൊക്കെ തുടച്ച് നല്ല കുട്ടിയായി താഴേക്ക് വാ.. " "അച്ഛൻ പൊയ്ക്കോളൂ. ഞാൻ വന്നോളാം " അച്ഛൻ മുറിയിൽ നിന്നും പോയതും ഞാൻ കണ്ണുകൾ തുടച്ചു... ഹൃദയം ഒരുപാട് നീറുന്നുണ്ടെങ്കിലും ഇനിയൊരിക്കലും ആ ചിലങ്ക അണിയില്ലെന്ന് ഞാൻ ഉറപ്പിച്ചു... അച്ഛനെയും വല്യച്ഛനെയും അപ്പച്ചിയെയും കൂടാതെ അച്ഛമ്മക്ക് ഒരു മകൻ കൂടി ഉണ്ട്.. എല്ലാവരുടെയും മൂത്തത്.. ആ വല്യച്ഛൻ കുടുംബസമേതം വിദേശത്ത് ആണ്.. ഒരിക്കൽ മാത്രമേ ഇവിടേക്ക് വന്നിട്ടുള്ളൂ.. തറവാട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... എനിക്കും നേഹക്കും വ്യക്തമായി ഒന്നും അറിയില്ല... വിനു ഏട്ടനും ശരത് ഏട്ടനും പോലും അതിനെ പറ്റി കൂടുതൽ അറിവുണ്ടാവില്ല.. ഞങ്ങൾ ഒന്നും അറിയേണ്ടെന്നുള്ളത് കൊണ്ടാവും ആരും ഒന്നും മുഴുവനായി പറഞ്ഞു തരാത്തത്.. എന്തായാലും ഇനി ഞാൻ ആയിട്ട് ആരെയും വിഷമിപ്പിക്കുന്നില്ല... ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ചിരിച്ച മുഖവുമായി ചാരു മുറിയിൽ നിന്നും ഇറങ്ങി.. പാദസര കിലുക്കത്തോടെ അവൾ കോണിപ്പടി ചാടിയിറങ്ങി...... ************************************ "ഇല്ല ഏട്ടാ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.ഏട്ടൻ ഇനിയും ഒരാഴ്ച കഴിയും വരാൻ എന്നാ അവളുടെ വിചാരം... ആ.. പറയില്ല.. ഓക്കേ.. " അൽപ നേരം മുന്നേ സംഭവിച്ചത് വിനുവിനെ വിളിച്ചറിയിക്കുന്ന തിരക്കിൽ ആയിരുന്നു നേഹ.. താൻ വരുന്ന കാര്യം ചാരുവിനെ അറിയിക്കേണ്ട എന്ന ഏട്ടന്റെ വാക്ക് അനുസരിച്ചു കൊണ്ട് നേഹ ഫോൺ വെച് തിരിഞ്ഞതും കണ്ടത് തന്റെ അടുത്തേക്ക് നടന്ന് വരുന്ന ചാരുവിനെയാണ്. "ആരോടാ ഡീ കൊഞ്ചുന്നെ.. ഞാൻ അറിയാതെ വല്ല ലൈനും സെറ്റ് ആയോ... " ചാരുവിന്റെ ഭാവ മാറ്റം നേഹയെ അത്ഭുതപ്പെടുത്തി... അവളുടെ ഈ സംസാരവും ചിരിയും ഒന്നും മനസ്സറിഞ്ഞല്ലെന്ന് നേഹക്ക് മനസ്സിലായി... സങ്കടം മറച്ചു വെച്ചു കൊണ്ടുള്ള അവളുടെ അഭിനയം താനായിട്ട് തകർക്കേണ്ടെന്ന് കരുതി നേഹ അവളെ നോക്കി ഇളിച്ചു... ഏട്ടനോട് സംസാരിച്ചത് അവൾ കേട്ടിട്ടില്ലെന്ന് നേഹ ഉറപ്പിച്ചു... "ഓ.. നീയറിയാതെ എനിക്കാരെങ്കിലും സെറ്റ് ആവുമോ മോളേ... ഇത് വിനു ഏട്ടനാണ്.. " "ഓ... ഐ പി എസ് ആയിരുന്നോ.. " പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് ചാരു പറഞ്ഞു... "എന്ത് പറഞ്ഞു... " "നമുക്കൊരു പണി തന്നിട്ടുണ്ട് ഏട്ടൻ" "എന്ത് പണി... അവിടെ ആയാലും സ്വസ്ഥത തരില്ല അല്ലേ നിന്റെ പുന്നാര ഏട്ടൻ... ഹോ... " പിറുപിറുത്തു കൊണ്ട് ചാരു പറഞ്ഞതും നേഹ അടക്കി ചിരിച്ചു... "എന്നിട്ട് എന്താണാവോ നമ്മെ ഏൽപ്പിച്ച ജോലി.... " "അതോ...നീ വാ... " നേഹ അവളെയും കൂട്ടി വിനുവിന്റെ മുറിയിലേക്ക് നടന്നു..... ************************************ ഫോൺ റിങ് ചെയ്തപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്.. നേഹ ആയിരുന്നു... എന്റെ ഒരേ ഒരു അനിയത്തി.. അപ്പച്ചിയുടെ മാനസിക നില വീണ്ടും തെറ്റിയതും തറവാട്ടിൽ ചാരു ചിലങ്കയണിഞ്ഞ് ആടിയതും ചെറിയച്ഛൻ അവളെ വഴക്ക് പറഞ്ഞതുമൊക്കെ നേഹ പറഞ്ഞു... എല്ലാം കേട്ടിരിക്കാൻ അല്ലാതെ അതിലൊന്നും തലയിടാൻ എനിക്കാവില്ല...... തറവാട്ടിൽ എന്നോ നിഷിദ്ധമാക്കിയതാണ് നൃത്തം.. അതിനെതിരെ ശബ്‌ദിക്കാനോ കാരണം ചികയാനോ ഞാൻ ഇന്നേവരെ മുതിർന്നിട്ടില്ല..... നേഹ ഫോൺ വെച്ചതും ഞാൻ പുറത്തേക്ക് നോക്കി.. ട്രെയിൻ ചെന്നൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.നാട്ടിലേക്കിനിയും ദൂരം താണ്ടാനുണ്ട്... എത്രയും പെട്ടന്ന് എത്തിച്ചേർന്നെങ്കിൽ എന്നായിരുന്നു എന്റെ മനസ്സിൽ... തറവാട്ടിലെ കാര്യങ്ങൾ ഓർക്കും തോറും കേസ് ഫയലിലെ ഓരോ വരികളും മനസ്സിലേക്ക് അനുവാദമില്ലാതെ കടന്ന് വരികയാണ്... എത്രയും പെട്ടന്ന് എല്ലാം കണ്ട്പിടിക്കണം .... ബാഗിൽ ഭദ്രമയെടുത്തു വെച്ച ഫയലിലെ ഊരാക്കുരുക്ക് അഴിക്കാനുള്ള സമയമാണിനിയെന്ന് അവന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.... വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു അവന്റെ മനസ്സിൽ... ശ്രീ റാം സാറിനെ ഒന്ന് വിളിക്കാൻ വിനു തീരുമാനിച്ചു... പോകുന്നതിന് മുന്നേ സാർ നൽകിയ നമ്പർ തപ്പിയെടുത്ത് നവീൻ ഡയൽ ചെയ്തു... "ഹെലോ... സാർ... ഞാൻ നവീൻ ആണ്... " "ഫയൽ മുഴുവൻ വായിച്ചു അല്ലേ... " "മ്മ്മ്... " "ഈ വിളി ഞാൻ പ്രതീക്ഷിച്ചിരുന്നു... പല ചോദ്യങ്ങളും സംശയങ്ങളും നിന്നെയിപ്പോൾ വേട്ടയാടുന്നുണ്ടെന്നെനിക്കറിയാം നവീൻ... " "ശെരിയാണ് സർ.. ഒരുപാട് ചോദ്യങ്ങളുണ്ട്.. അതിലേറെ നിഗൂഢമായ സംശയങ്ങൾ.. എല്ലാം ഞാൻ തന്നെ കണ്ടെത്തിക്കോളാം...പക്ഷേ... ഒരേ ഒരു കാര്യം.. അത് സാറിന് അറിയുമെങ്കിൽ പറഞ്ഞു തരണം.." "ഓക്കേ നവീൻ... എനിക്ക് അറിയാവുന്നതാണേൽ ഞാൻ എല്ലാം പറഞ്ഞു തരാം.. " "ഒരുപാട് നാൾ സാർ രഹസ്യമായി അന്യോഷിച്ചതല്ലേ.. അപ്പോൾ എന്റെ ഈ ചോദ്യത്തിന്നുത്തരം സാറിന് അറിയുമായിരിക്കും.. കേസ് ഫയൽ മുഴുവൻ വായിച്ചിട്ടും എനിക്കുത്തരം ലഭിച്ചില്ല.. അത് കൊണ്ടാണ് സാറിനോട് തന്നെ ചോദിക്കാമെന്ന് വിചാരിച്ചത്.... " "ചോദിക്കൂ നവീൻ..... " നവീൻ എന്തായിരിക്കും തന്നോട് ചോദിക്കാൻ പോകുന്നതെന്ന ആകാംഷയിൽ ശ്രീ സാർ അവനോട് പറഞ്ഞതും നവീൻ അൽപ നേരം മൗനം പാലിച്ചു..... പിന്നെ പതിയെ... മുറുകെ പിടിച്ച ഇടം കൈ മലർക്കെ തുറന്നു... തന്റെ ഉള്ളം കയ്യിൽ ഭദ്രമായ ആ കൊന്തയും അതിലെ കുഞ്ഞു ലോക്കറ്റിലേക്കും നോട്ടമെറിഞ്ഞു കൊണ്ടവൻ കണ്ണുകൾ ഇറുക്കി അടച്ചു... " ആരാണ് സലൈന...????? " (തുടരും) ചെങ്ങായീസ് 💖 സ്റ്റോറി ഇഷ്ടപ്പെടുന്നില്ലേ...സ്റ്റോറി മുഴുവൻ സസ്പെൻസ് ആയത് കൊണ്ടാണോ ഇഷ്ടപ്പെടാത്തത്... വായിക്കുന്നവർ അഭിപ്രായം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അറിയിക്കാൻ മടിക്കരുതേ.... ഒരു സസ്പെൻസ് ത്രില്ലർ സ്റ്റോറി തന്നെയാണിത്... ഹൊററിലേക്ക് ഇനിയും എത്തിയിട്ടില്ല.. എത്തിയാലും എല്ലാവരെയും പേടിപ്പിച്ച് നിർത്തുന്ന തരത്തിൽ ഉള്ളതൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല.... എല്ലാവരും അഭിപ്രായം അറിയിച്ച് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... അടുത്ത ഭാഗം നാളെ രാത്രി പോസ്റ്റാം💖💖 #📙 നോവൽ
🖤 *സലൈന*🖤 *( A Horror-Romantic -Suspense Thriller Story)* ✍️ *Raiza* *പാർട്ട് 4* ============================= "ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു കിട്ടി.. ഇനിയിപ്പോ ഒരു മാസം കൂടി പ്രാക്ടീസ് എന്നും പറഞ്ഞിറങ്ങണം അല്ലേ.. " ക്ലാസ്സ്‌ കഴിഞ്ഞ് മടങ്ങും വഴി നേഹ നീരസത്തോടെ പറഞ്ഞു... അവൾക്കാദ്യമേ താല്പര്യം ഇല്ലായിരുന്നു.. ചാരുവിന്റെ ഒറ്റ നിർബന്ധത്തിലാണ് ഇപ്പോഴുള്ള ഈ പോക്കും വരവും.. പക്ഷേ ചാരു അതീവ സന്തോഷവതിയായിരുന്നു.. വീണ്ടും തന്റെ കാലുകൾ ചിലങ്കയുടെ താളം അനുഭവിച്ചതിൽ അവളുടെ മെയ്യും മനവും ഒരുപോലെ കുളിരണിഞ്ഞിരുന്നു.. "നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ.. വെറുതെ ഇവളുടെ വാക്കും കേട്ട് " ശരത്തും നേഹയെ പിന്തുണച്ചതും ചാരു തന്റെ ഏട്ടനെ കണ്ണുരുട്ടി നോക്കി... "ഇവളെ കൂടെ കൂട്ടണമെന്നൊരു ആഗ്രഹവും എനിക്കുണ്ടായിരുന്നില്ല. എന്നെ ഒറ്റക്ക് പറഞ്ഞു വിടാൻ ആർക്കും വയ്യല്ലോ.. ഇവളുടെ ഐ പി എസ് ഏട്ടൻ തന്നെയല്ലേ പറഞ്ഞത് നേഹയും കൂടെ ഉണ്ടെങ്കിൽ പൊയ്ക്കോ എന്ന്.. നീ ആദ്യം നിന്റെ ഏട്ടനെ പോയി ചീത്ത വിളിക്ക്... " "ആ.. അതൊക്കെ ശെരി തന്നെ.. എന്നാലും നീയെന്തിനാ ഉത്സവത്തിന് അരങ്ങേറ്റം കുറിക്കാൻ പോകുന്നേ.. അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നൂടെ.. " നേഹ വീണ്ടും പരിഭവം തുടങ്ങി... "എടീ പൂതനെ... ഡിഗ്രി കഴിഞ്ഞ് മറ്റൊന്നിനും പോകാതെ വീട്ടിൽ തന്നെ ഇരിക്കുവായിരുന്നില്ലേ.. എന്നിട്ടും നിനക്ക് മതിയായില്ലേ....നിന്നെ കൊണ്ട് വരാൻ പറ്റില്ലേൽ വേണ്ട.. ഇനി മുതൽ ഞാൻ മാത്രം പ്രാക്ടീസിന് പോകുന്നുള്ളൂ എന്ന് നിന്റെ ഏട്ടൻ കോന്തനോട് ഞാൻ പറഞ്ഞോളാം " അല്പം ദേഷ്യവും പിണക്കവും ഇടകലർത്തി കൊണ്ട് നേഹയെ നോക്കി ഞാനതും പറഞ്ഞ് കൊണ്ട് മുഖം തിരിച്ചു... ചിലങ്കയണിഞ്ഞ നൃത്തം തറവാട്ടിൽ നിഷിദ്ധമായിട്ടും പല തവണ വിലക്കിയിട്ടും എല്ലാവരുടെയും കയ്യും കാലും പിടിച്ച് കണ്ണീരൊലിപ്പിച്ചാണ് ഉത്സവത്തിന് നൃത്തമാടാൻ എനിക്ക് സമ്മതം നൽകിയത്...അതിനാൽ ആര് കൂടെ ഇല്ലെങ്കിലും പ്രാക്ടീസിന് പോയി ക്ഷേത്രത്തിലെ ഉത്സവത്തിന് ചിലങ്കയണിയുമെന്ന് വാശിയാണെനിക്ക്... എന്റെ മുഖത്തെ പരിഭവം വായിച്ചെടുത്ത അവൾ എന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചേർന്ന് നടന്നു... "അയ്യേ.. അപ്പോഴേക്കും പിണങ്ങിയോ. ഞാൻ തമാശ പറഞ്ഞതല്ലേ... നിന്റെ കൂടെ എന്തിനും ഏതിനും ഞാനല്ലാതെ മറ്റാരാ ഉണ്ടാവുക... " നേഹയുടെ വാക്കുകൾ കേട്ട് ചാരുവിന്റെ മുഖം തെളിഞ്ഞു.. അവരുടെ ഇണക്കവും പിണക്കവും വീക്ഷിച്ച് ചിരിയോടെ ശരത്ത് അവർക്ക് പിറകിൽ നടന്നു... സാധാരണ ശരത്ത് ബൈക്കിൽ ആണ് ഓഫിസിലേക്ക് പോകാറുള്ളത്.. എന്നാൽ ഇന്ന് ചാരുവിനും നേഹക്കും എസ്കോട്ടായി പോകണമെന്ന വിനുവിന്റെ വാക്കിനാൽ ബൈക്ക് എടുക്കാതെ നടന്ന് പോകാൻ തീരുമാനിക്കുകയായിരുന്നു അവൻ...തറവാട്ടിൽ നിന്നും അവരുടെ കലാ മണ്ഡലത്തിലേക്ക് അധിക ദൂരമില്ല.. അങ്ങോട്ടേക്ക് അവന്റെ ഒരു സുഹൃത്ത് അവനെ പിക് ചെയ്യാൻ വന്നിരുന്നു..എല്ലാം വിനു ഏർപ്പാടാക്കിയത് തന്നെ.... തറവാട്ടിലെ ഓരോരുത്തരുടേയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണവന്.... "ദേ . പെട്ടന്ന് നടന്നോ.. കൃത്യം അഞ്ചരക്ക് തറവാട്ടിൽ എത്തണം.. വിനു വിളിക്കുമ്പോൾ നിങ്ങൾ എത്തിയില്ല എങ്കിൽ..... " നേഹയുടെയും ചാരുവിന്റെയും തമാശ നിറഞ്ഞ സംസാരത്തിനിടയിൽ ശരത് അത് പറഞ്ഞതും ചാരുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെയായി... പല്ലിറുമ്പി കൊണ്ട് വിനുവിനെ ഓരോന്ന് പറഞ്ഞ് അവൾ നടത്തത്തിന് വേഗത കൂട്ടി.... ************************************ അതിരാവിലെ തന്നെ നാട്ടിലേക്ക് മടങ്ങാനായി നവീൻ തയ്യാറെടുത്തു.. രണ്ടാഴ്ച ആയിട്ടേ ഉള്ളൂ ഇവിടെ വന്നിട്ട് എങ്കിലും ഹൃദയത്തിലേറ്റിയ പല സുഹൃത് ബന്ധങ്ങളെയും അവന് ഇവിടെ നിന്നും ലഭിച്ചിരുന്നു.. എല്ലാവരോടും യാത്ര പറഞ്ഞ് വീണ്ടും കണ്ട് മുട്ടാമെന്ന സ്ഥിര വാക്കും നൽകി നവീൻ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു... എട്ടരക്കാണ് ട്രെയിൻ പുറപ്പെടുന്നത്.. എട്ട് മണിക്ക് തന്നെ സ്റ്റേഷനിൽ എത്തിയ നവീൻ തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ കയറി ഇരുന്നു..... തന്റെ ബാഗും സാധനങ്ങളും സുരക്ഷിതമായൊരു സ്ഥാനത്ത് വെച്ച് കൊണ്ടവൻ വിൻഡോയോട് ചാരി ഇരുന്നു.. കയ്യിലെ ചെറു ബാഗ് നെഞ്ചോട് ചേർത്തിരിക്കവേ പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു.... " അബു " ഫോൺ ഡിസ്പ്ലേയിൽ മിന്നി മറയുന്ന ആ നാമം കണ്ടതും നവീനിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അടുത്ത നിമിഷം തന്നെ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ടവൻ ചെവിയോട് ചേർത്ത് വെച്ചു... "ഹെലോ... നവീൻ കൃഷ്ണ ഐ പി എസ് ഹിയർ " "പോടാ തെണ്ടി " തിരിച്ചൊരു തെറി അവനെ തേടി എത്തിയതും പരിസരം മറന്ന് നവീൻ പൊട്ടിച്ചിരിച്ചു.. "നീയൊക്കെ ജീവനോടെ ഉണ്ടോ ടാ.. അവിടെ എത്തിയപ്പോൾ നമ്മളെയൊന്നും വേണ്ട അല്ലേടാ നാറീ.. രണ്ടാഴ്ച ആയിട്ട് ഒരേ ഒരു ഫോൺ കാൾ മാത്രം.. അങ്ങോട്ട്‌ അടിച്ചാലോ ഒന്നുകിൽ ബിസി.. അല്ലെങ്കിൽ നോട്ട് റീച്ചബിൾ... " പരാതി ഒന്നാകെ തെറിയഭിഷേകം നടത്തി അവൻ തുടർന്നതും ചിരിയോടെ നവീൻ എല്ലാം കേട്ടിരുന്നു.... "എന്താ ടാ പട്ടീ.. നിന്റെ നാവിറങ്ങിയോ " "ഇല്ലെടാ.. താങ്കളുടെ പറച്ചിൽ കഴിയട്ടെ എന്ന് കരുതി... താങ്കൾ ഒന്ന് മറക്കുന്നു, ഞാൻ താങ്കളുടെ മേലുദ്യോഗസ്ഥനാണെന്ന് " "പോടാ %&%&&&&&* " വീണ്ടും തെറികൊണ്ട് അവനെ മൂടിയതും നവീൻ കാതുകൾ പൊത്തി.. "മതിയെടാ... ഒന്ന് നിർത്ത്.. ഫോൺ വിളിക്കാനുള്ള സാഹചര്യം ആയിരുന്നില്ല.. എന്തായാലും ഞാൻ അങ്ങോട്ട്‌ തന്നെ വരുവല്ലേ.. ഇനി അവിടെ വന്നിട്ടെന്നെ കൊല്ലുകയോ വളർത്തുകയോ എന്താന്ന് വെച്ചാ ചെയ്യ് " "ഓഹോ അപ്പൊ സാർ എഴുന്നള്ളുന്നുണ്ടല്ലേ... നല്ല കാര്യം.. ഞാൻ കരുതി അവിടെ കൂടിയെന്ന്.. " "അങ്ങനെ ഇവിടെ അങ്ങ് കൂടാൻ പറ്റുമോ... അത് പോട്ടെ.. എന്താ അവിടുത്തെ സ്ഥിതി.. " "ഓ . എന്തോന്ന്.. " അലസ മട്ടിൽ അബു ഇളിച്ചു കൊണ്ട് പറഞ്ഞതും നവീൻ ഒന്നമർത്തി മൂളി.. "മ്മ്മ്.. പോരുന്നതിനു മുൻപ് എന്റെ ചുമതല മുഴുവൻ നിന്നെ ഏൽപ്പിച്ചപ്പോൾ തന്നെ എനിക്കറിയാമായിരുന്നു നീ എന്തെങ്കിലും ഒപ്പിക്കുമെന്ന്.. " "പോടാ... ഞാൻ നല്ല കുട്ടിയായി നിന്റെ ചുമതല ഭംഗിയായി നിർവഹിക്കുന്നുണ്ട്.. ആർക്കും ഒരു പരാതികളുമില്ല... " "അങ്ങനെ എങ്കിൽ പൊന്നു മോനേ നിനക്ക് നല്ലത്. ആ ചിറ്റൂരിലെ കേസ് എന്തായി... " "എന്താവാൻ.. അവൻ വീണ്ടും മൊഴി മാറ്റി പറഞ്ഞു... ഇതിപ്പോ മൂന്നാമത്തെ തവണയായി നമ്മെ കളിപ്പിക്കുന്നു... മോനേ വിനൂ.... അവനെ ഒതുക്കാൻ നീ തന്നെ വരണം... " "മ്മ്മ്മ്... ഞാൻ വരുന്നുണ്ട്... " ഒന്നമർത്തി ഗൗരവത്തിൽ നവീൻ മൂളി കൊണ്ട് പറഞ്ഞു.. ഹെലോ.... എന്നെ മനസ്സിലായില്ലേ.. ഞാൻ തന്നെ.. നവീൻ കൃഷ്ണ ഐ പി എസ്... എല്ലാവരുടെയും വിനു.. നാലപ്പാട്ട് തറവാട്ടിലെ മോഹൻ കൃഷ്ണന്റെയും സീതയുടെയും മൂത്ത മകൻ.. ഡിജിപിയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് അക്കാദമിയിൽ ഉള്ളവർക്ക് ട്രെയിനിങ് നൽകാനാണ് ഞാൻ ദൽഹിയിൽ രണ്ടാഴ്ച തങ്ങിയത്.... ഇന്നിപ്പോൾ നാട്ടിലേക്ക് മടങ്ങുകയാണ്... നാട്ടിലെ എന്റെ പ്രിയ സുഹൃത്ത് അബൂബക്കർ എന്ന എന്റെ അബുവാണ് ഇപ്പോൾ ഫോണിൽ എന്നെ തെറി അഭിഷേകം നടത്തിയ മഹാൻ.. കാര്യം ഞാൻ അവന്റെ മേലുദ്യോഗസ്ഥൻ ആണെങ്കിലും അവനിപ്പോഴും ഞാൻ അവന്റെ പണ്ടത്തെ കളിക്കൂട്ടുകാരനാണ്.. സ്കൂൾ കാലഘട്ടം മുതൽ ഉള്ള കൂട്ടാണ് ഞങ്ങളുടേത് .....ഇപ്പോൾ ഒരുമിച്ച് സർവീസിൽ... സ്റ്റേഷനിൽ കോൺസ്റ്റബിൾ ആണ് അവൻ... കേസും അനുബന്ധ വിഷയങ്ങളിലേക്കും ഞങ്ങളുടെ സംസാരം നീണ്ടതും കൂട്ട് കെട്ട് മറന്ന് ഞങ്ങൾ ഗൗരവത്തിലായി... ഇത്തരം വിഷയങ്ങൾ വരുമ്പോൾ മാത്രം ഞങ്ങൾ ഗൗരവമായി മുന്നോട്ട് പോകും.. അല്ലാത്ത സമയമൊക്കെ തെറി വിളിയും പാര വെക്കലുമായി സൗഹൃദത്തിൽ തന്നെ..... "എന്നാൽ ഓക്കേ ഡാ.. പെട്ടന്ന് വാ...ആ കേസ് ഒതുക്കി തീർക്കാൻ മറ്റവന്മാർ ശ്രമിക്കുന്നുണ്ട്.. നീയില്ലാത്തത് കൊണ്ട് എന്നെ കുറെ മയക്കിയതാ...നീ വരാതെ അവന്മാർ അടങ്ങില്ല.. " "മ്മ്മ്.. അവന്മാർക്കുള്ളത് ഞാൻ കൊടുത്തോളാം..നീ വെച്ചോ.. നാട്ടിൽ എത്തിയിട്ട് ഞാൻ വിളിക്കാം.. ട്രെയിൻ പുറപ്പെടാനായി.. " "ഓക്കേ...പിന്നെ.. അവിടുത്തെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ പറ്റിയില്ല.. എങ്ങനെ ഉണ്ടായിരുന്നു.. നീ വിളിക്കാത്തത് കണ്ടപ്പോൾ ഞാൻ കരുതി വല്ല പെണ്ണും സെറ്റ് ആയെന്ന്.. " "ആ ഡാ പട്ടീ.. ഞാൻ പെണ്ണ് പിടിക്കാൻ ആണല്ലോ ഇങ്ങോട്ട് വന്നത്... " "ചൂടാവല്ലേ.. ഞാൻ തമാശ പറഞ്ഞതല്ലേ... നീയൊരു പെണ്ണിനേം നോക്കാൻ പോവില്ലെന്നെനിക്കറിയാലോ " അർത്ഥം വെച്ചൊരു ചിരിയാലെ അബു പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു... " ഏതെങ്കിലും പെണ്ണ് നിന്നെ വായിനോക്കിയോ എന്നറിയാൻ ചോദിച്ചതാ . അതാണല്ലോ പതിവ്...എന്നാ ഓക്കേ.. ഞാൻ ഫോൺ വെക്കട്ടെ.. നീ പോര് " "ഓക്കേ ഡാ " അബു ഫോൺ വെച്ചതും ഞാൻ സീറ്റിൽ ചാരി ഇരുന്നു.....നാടും വീടും എല്ലാം കണ്ണിൽ തെളിഞ്ഞു വന്നു..തറവാടിന്റെ രൂപം മനസ്സിൽ നിറഞ്ഞപ്പോഴാണ് ശ്രീ റാം സർ നൽകിയ കേസ് ഫയലിന്റെ കാര്യം എനിക്കോർമ്മ വന്നത്.. നാട്ടിലേക്ക് പുറപ്പെടാനുള്ള ധൃതിയിൽ അതൊന്ന് വായിച്ചു നോക്കാൻ പോലും പറ്റിയില്ല.. സാർ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല.. എന്റെ തറവാടിനെ ചുറ്റി പറ്റി ഒരു കേസ്..?????? നെറ്റി ചുളിച്ചു കൊണ്ട് നവീൻ ചിന്തയിലാണ്ടു... പതിയെ അവന്റെ കൈകൾ നെഞ്ചോട് ചേർത്ത് വെച്ച ബാഗിനെ മുറുകെ പിടിച്ചു .. ബാഗ് തുറന്നു കൊണ്ട് സാർ നൽകിയ ആ ചുവന്ന ഫയൽ അവൻ കൈകളിൽ എടുത്തു.... ഫയൽ കണ്ടാൽ അറിയാം വർഷങ്ങൾ പഴക്കമുണ്ടെന്ന്... പുറം ചട്ടയിലെ വർഷം വെച്ച് കണക്ക് കൂട്ടിയാൽ അഞ്ചു വർഷം... ഒരു ദീർഘ നിശ്വാസത്തോടെ നവീൻ പുറം ചട്ട മറിച്ചു... ഇന്നലെ കണ്ണിൽ ഉടക്കിയ ആ നാമം വീണ്ടും അവന്റെ കണ്ണിൽ തട്ടിക്കളിച്ചു... "സലൈന" ക്കൂൂൂൂ........ ക്കൂൂൂ... നിശബ്ദമായി ആ നാമം അവൻ മനസ്സിൽ ഉച്ചരിച്ചതും പെട്ടന്ന്... പുറപ്പെടാനുള്ള മുന്നൊരുക്കമെന്ന പോലെ ട്രെയിൻ ശബ്‌ദിച്ചു... പെട്ടന്നായതിനാൽ നവീൻ ഒന്ന് ഞെട്ടി... പതുക്കെ നീങ്ങി തുടങ്ങിയ ട്രെയിനിനുള്ളിലൂടെ പുറമെയുള്ള കാഴ്ചകൾ വീക്ഷിച്ച ശേഷം വീണ്ടും അവന്റെ കണ്ണുകളും മനസ്സും ചിന്തയും കേസ് ഫയലിലേക്ക് ചലിച്ചു.... സലൈന എന്ന നാമത്തെ തൊട്ട് തലോടി കൊണ്ടവൻ ഫയലിന്റെ അടുത്ത പേജ് മെല്ലെ മറിച്ചു.... ഒഴിഞ്ഞു കിടക്കുന്ന ആ വെള്ള പേജിൽ അവന് കാണാൻ സാധിച്ചത് ഒരു കുരിശ്മാല ആയിരുന്നു.... കണ്ണുകൾ ഇടുക്കി നെറ്റി ചുളിച്ചു കൊണ്ട് വിനു ആ കുരിശു മാല കയ്യിലെടുത്തു.... കർത്താവിന്റെ രൂപം പേറിയ ലോക്കറ്റിനെ അവൻ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് അവന്റെ മുഖത്തിന് നേരെ എടുത്തുയർത്തിയതും പുറമെ നിന്നും വരുന്ന കാറ്റിനാൽ ആ ലോക്കറ്റ് അവന്റെ കയ്യിൽ നിന്നും ആടികൊണ്ടിരുന്നു.... പെട്ടന്ന്..... വശങ്ങളിലേക്കും കറങ്ങിയും തിരിഞ്ഞും കൊണ്ടിരിക്കുന്ന ആ കുരിശുമാലയുടെ ലോക്കറ്റിന്റെ പിൻവശം അവന്റെ കണ്ണിൽ കാണപ്പെട്ടതും ഇരു കൈകൾ കൊണ്ടും അവനാ കുരിശു മാല മുറുകെ പിടിച്ചു.... കർത്താവിന്റെ രൂപത്തിന് പിറകെ മറ്റൊരു ഒരു കുഞ്ഞു ലോക്കറ്റ് അവന്റെ ശ്രദ്ധയിൽ പെട്ടു.. ഉടനെ തന്റെ ചൂണ്ടു വിരൽ കൊണ്ട് ആ ലോക്കറ്റ് മലർത്തിയതും അതിൽ കൊത്തി വെച്ച നാമത്തെ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. "സലൈന... " പെട്ടന്ന് തെളിഞ്ഞു കാണാത്ത മങ്ങിയ നിലയിലുള്ള ആ നാമം മാത്രമേ അവനതിൽ കാണാൻ കഴിഞ്ഞുള്ളൂ... രക്തക്കറ വിട്ട് മാറാത്തയാ കുരിശു മാലയും സലൈന എന്ന് നാമകരണം ചെയ്ത ലോക്കറ്റും അവനെ ചോദ്യങ്ങളുടെ കൊടുമുടിയിൽ കൊണ്ടെത്തിച്ചു...രക്തത്തിന്റെ ഗന്ധം തന്റെ നാസികയിലേക്ക് തുളഞ്ഞു കയറുന്ന പോലെ അവന് തോന്നി... അതവന് തീർത്തും അരോചകമായിരുന്നു... മാത്രമല്ല ജനാലയിലൂടെ അച്ചടക്കമില്ലാത്ത വരുന്ന കാറ്റും അവനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു... ഫയലിന്റെ പേജുകൾ നിയന്ത്രിക്കാൻ കഴിയാത്ത വിധം പാറി കളിച്ചതും ജനാലയുടെ ഷട്ടർ താഴ്ത്തി കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്ന് വിനു തന്റെ കണ്ണുകൾ അടച്ചു.... ആ പേരും ഈ കേസും തന്റെ തറവാടും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്??? ഇന്നേ വരെ താൻ കേൾക്കാത്ത പേര്...?? കേസ് ഫയലിന് എന്ത് കൊണ്ട് ഈ നാമം തന്നെ വന്നു??? ഒരുപാട് ചോദ്യങ്ങൾ അവനെ പിടിമുറുക്കി... പല ചിന്തയിൽ മനസ്സ് മൂടപ്പെട്ടതും കണ്ണുകൾ തുറന്ന്, കുരിശു മാല മുറുകെ പിടിച്ചു കൊണ്ടവൻ അടുത്ത പേജ് മറിച്ചു......ദുരൂഹത നിറഞ്ഞ അതിലെ ഓരോ വരികളും അവൻ ആകാംഷയോടെ വായിക്കാൻ തുടങ്ങി..... ഈ സമയം ഷട്ടർ താഴ്ത്തിയിട്ടും എവിടെ നിന്നോ വന്ന കാറ്റ് അവനെ തഴുകി ആ പേജുകളെ തലോടി കൊണ്ടേയിരുന്നു....നിഗൂഢമായ ആ കാറ്റിൽ ആരുടെയോ തേങ്ങലും പൊട്ടിച്ചിരിയും ഭയാനകമായ ശബ്ദത്തിലുള്ള അലറലും അലിഞ്ഞു ചേരുന്നുണ്ടായിരുന്നു... അവനെ ലക്ഷ്യം വെച്ച് മാത്രമുള്ള ആ കാറ്റിലെ നിഗൂഢത അറിയാതെ, മനസ്സിലാവാതെ ഫയലിലെ വരികളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ...... അതിനിടയിൽ ട്രെയിൻ പെട്ടന്ന് നിന്നതും ഞെട്ടലോടെ അവൻ ഫയലിൽ നിന്നും കണ്ണെടുത്തു... "വാട്ട്‌ ദെ ഹെൽ... " പുറത്ത് ആരുടെയൊക്കെയോ ബഹളം കേട്ടതും തന്റെ കട്ടി മീശയിൽ ഒന്ന് തടവി ഫയൽ ഇരിപ്പിടത്തിൽ വെച്ച് കൊണ്ട് നവീൻ എഴുന്നേറ്റു പോയി.... ആരോ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതാണ്... ആരാണെന്ന് ആർക്കും ഒരറിവും ഇല്ല.. ആരും കണ്ടതുമില്ല....നവീൻ തിരച്ചിൽ നടത്തിയെങ്കിലും അവനും കണ്ടെത്താൻ ആയില്ല..അൽപ നേരത്തിന് ശേഷം ട്രെയിൻ വീണ്ടും ചലിച്ചു തുടങ്ങി.. എല്ലാവരും പിറുപിറുത്തു കൊണ്ട് അവരവരുടെ സീറ്റിൽ ചെന്നിരുന്നു... ട്രെയിൻ വീണ്ടും കുതിച്ചു തുടങ്ങിയതും നവീൻ കേസ് ഫയലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു..... എന്നാൽ.... പകുതി നിർത്തി വെച്ച കേസ് ഫയൽ മുഴുവനാക്കാനുള്ള വ്യഗ്രതയിൽ കുരിശുമാലയുടെ ആ കുഞ്ഞു ലോക്കറ്റിലെ നാമം തിളങ്ങുന്നതും രക്തം കിനിയുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടില്ല....................... ************************************ "ചിൽ..... ചിൽ.... ചിൽ... " ചിലങ്ക ഉള്ളം കയ്യിൽ വെച്ച് കിലുക്കി കൊണ്ട് ചാരു പതിയെ പുഞ്ചിരിച്ചു...അവയുടെ താളം ഹൃദയത്തിൽ സ്പർശിക്കുന്ന പോലെ അവൾക്ക് തോന്നി... ഇരു ചിലങ്കകളും കയ്യിൽ മുറുകെ പിടിച്ചു കൊണ്ടവൾ റൂമിൽ നിന്നും താഴേക്കിറങ്ങി.... ഇന്നലെ അഭ്യസിച്ചെടുത്ത ചുവടുകൾ അമ്മയെ കാണിക്കണം.. ആതായിരുന്നു അവളുടെ ഉദ്ദേശം... ക്ഷീണം കാരണം ഇന്നലെ അതിന് പറ്റിയിരുന്നില്ല.. മാത്രമല്ല അച്ഛൻ തറവാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ചെറിയ പേടിയും അവൾക്കുണ്ടായിരുന്നു... തറവാട്ടിൽ ചിലങ്കയുടെ താളം കേൾക്കുന്നതെ അച്ഛനും വല്യച്ചനും അച്ഛമ്മക്കും ഒന്നും ഇഷ്ടമല്ല.. അത് ചാരുവിന് വ്യക്തമായി അറിയാം.. അച്ഛൻ രാവിലെ തന്നെ പുറത്ത് പോകുന്നത് കണ്ട് കൊണ്ടാണ് ചിലങ്കയുമായവൾ താഴേക്ക് എത്തിയത്..... "അമ്മേ.... അമ്മേ..... " താഴെ എത്തിയ പാടെ ചാരു ആർത്തു വിളിച്ചു.. അവളുടെ ഉച്ചത്തിലുള്ള വിളി കേട്ട് വെപ്രാളത്തോടെ അമ്മ അടുക്കളയിൽ നിന്നും പാഞ്ഞു വന്നു.. "എന്താ... എന്താ ചാരൂ.. " അമ്മയുടെ വികസിച്ചു വന്ന കണ്ണുകൾ കണ്ടും പരിഭ്രമം നിറഞ്ഞ വാക്കുകൾ കേട്ടും ചാരു അമ്മയെ നോക്കി ഇളിച്ചു.. ചാരുവിന്റെ കയ്യിലെ ചിലങ്കയും അവളുടെ ഇളിയും കണ്ട് അമ്മക്ക് കാര്യം മനസ്സിലായി... മുഖത്ത് ദേഷ്യം വരുത്തിക്കൊണ്ടവർ കയ്യിലെ തവി കൊണ്ട് അവളുടെ കയ്യിനൊരു അടി കൊടുത്തു.. "അസത്ത്.. മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ.. ഒന്ന് പതുക്കെ വിളിച്ചാൽ എന്താ .. " "സോറി അമ്മേ...താഴേക്ക് ഓടി വന്ന ആ ഫ്ലോയിൽ അങ്ങ് വിളിച്ചു പോയതാ... അമ്മ ഇവിടെ ഇരിക്ക്... " നടുമുറ്റത്തോട് ചേർന്നുള്ള വരാന്തയിലെ ഇരിപ്പിടത്തിൽ അമ്മയെ ഇരുത്തി കൊണ്ടവൾ നടുമുറ്റത്തേക്ക് ഇറങ്ങി ചെന്നു.... "ചാരൂ... നീയെന്താ ഈ കാണിക്കുന്നേ... വേണ്ട... നിനക്കറിയാമല്ലോ ഇതിനിവിടെ വിലക്കുള്ള കാര്യം.. " ചാരു ചിലങ്ക അണിയാൻ നിന്നതും വെപ്രാളപ്പെട്ടു കൊണ്ട് അമ്മ എഴുന്നേറ്റു നിന്നു... അത് കേട്ടിട്ടും ചാരുവിന് ഒരു കൂസലും ഇല്ലായിരുന്നു... "അമ്മ അവിടെ ഇരിക്ക്... ഞാനൊന്ന് കളിച്ചെന്ന് വെച്ച് ഈ തറവാട് ഇടിഞ്ഞു വീഴില്ല... " "ചാരൂ.. വേണ്ടാ..... നീ... " അമ്മ പറഞ്ഞു മുഴുവനാക്കും മുന്നേ ചാരുവിന്റെ കാലുകൾ ചിലങ്കയെ സ്വന്തമാക്കിയിരുന്നു.. അമ്മയുടെ എതിർപ്പിനെ അവഗണിച്ചവൾ കാലുകൾ നീട്ടി ചുവട് വെക്കാൻ തുടങ്ങി.... നിമിഷ നേരം കൊണ്ട് തറവാട്ടിൽ ആകമാനം ആ ചിലങ്കയുടെ താളം മുഴങ്ങി....... ആ മുഴക്കം നേഹയുടെയും അവളുടെ അച്ഛന്റെയും അച്ഛമ്മയുടെയും കാതിൽ പതിഞ്ഞതും മൂവരും അവരുടെ കാൽ വെപ്പുകൾ ചാരുവിന്റെ വീടിനകത്തേക്ക് വെച്ച് പിടിച്ചു... വല്യച്ഛന്റെയും അച്ഛമ്മയുടെയും മുഖത്തെ ഗൗരവം അറിയാതെ മനസ്സ് നിറഞ്ഞു കൊണ്ട് ചാരു തന്റെ ചുവടുകളുടെ വേഗത വർധിപ്പിച്ചു...... ആാാാാ............. അടുത്ത നിമിഷം.... തെക്കേ മുറിയിൽ നിന്നും അപ്പച്ചിയുടെ അലറൽ ചാരുവിന്റെ കാലുകളെ നിശ്ചലമാക്കി......... (തുടരും) ഇഷ്ടപ്പെട്ടാൽ രണ്ടു വരി കുറിക്കാൻ മറക്കരുതേ 💖 #📙 നോവൽ
🖤 *സലൈന*🖤 *( A Horror-Romantic -Suspense Thriller Story)* ✍️ *Raiza* *പാർട്ട് 3* ============================= "യെസ്..നവീൻ കൃഷ്ണ.. യഥാർത്ഥ അവകാശി വന്നെന്ന് ഞാൻ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസ്സിലായില്ലേ " രാജീവ്‌ തല വെട്ടിച്ചു കൊണ്ട് ശ്രീ റാമിനെ നോക്കി ചോദിച്ചതും അയാൾ രാജീവിനെ നോക്കി തലയാട്ടി പുഞ്ചിരിച്ചു.. "സത്യം പറയാലോ രാജീവ്.. ഞാൻ ഇവനെ ഒന്ന് കാണാനിരിക്കുവായിരുന്നു.. യാത്ര പറയാൻ.. പക്ഷേ ഇനിയൊരു മടങ്ങി പോക്ക് അങ്ങോട്ടുണ്ടാവില്ലെന്നറിയാവുന്നത് കൊണ്ട് നിരാശയിൽ ആയിരുന്നു .. ഇവനിവിടെ ഉണ്ടെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്.. " "മ്മ്മ്... രണ്ടാഴ്ചയായി നവീൻ ഡൽഹിയിൽ.. ഡി ജി പി യുടെ സ്‌പെഷ്യൽ ഇൻവിറ്റേഷൻ ആണ്... ഹി ഈസ്‌ സച് ആൻഡ് ഇന്റലിജന്റ് ഓഫിസർ.. " "അതെനിക്കറിയാമെടോ അവൻ പൊളിയാണെന്ന്.. സർവീസിലെ അവന്റെ വീര കഥകളൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്.. പോലീസ് വേഷം അണിഞ്ഞ് അധികം നാൾ ആവും മുന്നേ മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റിയ ഐപിഎസ് ഓഫിസർ... എല്ലാമെനിക്കറിയാം... " ശ്രീ റാം ചിരിച്ചു കൊണ്ട് വീണ്ടും നവീൻ കൃഷ്ണയെ നോക്കി... "എല്ലാം അറിഞ്ഞിട്ടും എന്ത് കൊണ്ട് ഈ കേസ് അവനെ ഏല്പിച്ചില്ല.. " രാജീവിന്റെ ചോദ്യത്തിന് ശ്രീറാം മൗനം പാലിച്ചു.. കടുത്ത നിരാശ അയാളെ വലയം ചെയ്തു.. " അതടഞ്ഞു കിടക്കട്ടെ എന്ന് ഞാൻ അന്നേ തീരുമാനിച്ചതാ... സാക്ഷികളോ മതിയായ തെളിവുകളോ ഇല്ല..പോരാത്തതിന് നാട് മുഴുക്കെ ആ ഇൻസിഡന്റ് അറിയപ്പെടുന്നത് മറ്റൊരു പേരിലും.. ആർക്കും പരാതികളില്ല.. എന്റെ ചെറിയൊരു സംശയം... അത് കൊണ്ട് മാത്രം ആ കേസ് ഞാൻ സ്വയം ഫയൽ ചെയ്ത് രഹസ്യമായി അന്യോഷിച്ചു.. എന്നിട്ടോ ഒന്നും നടന്നില്ല.... " നെടുവീർപ്പോടെ അയാൾ വാക്കുകൾ നിർത്തി.. വീണ്ടും തുടർന്നു.. "കേരളത്തിൽ നിന്നും പോരുന്നതിന് മുന്നേ ആരോടും ഒന്നും പറയാൻ തോന്നിയില്ല... നവീൻ കണ്മുന്നിൽ ഉണ്ടായിരുന്നിട്ട് കൂടി ഈ കേസ് അവന് മുന്നിൽ തുറക്കണമെന്ന് ഒരിക്കൽ പോലും എന്റെ മനസ്സിൽ വന്നില്ല... നീയിപ്പോൾ പറഞ്ഞപ്പോൾ,,, എന്തോ.. അവൻ തന്നെയാണ് ഈ ഇൻവെസ്റ്റിഗേഷന് ബെറ്റർ എന്നെന്റെ മനസ്സ് പറയുന്നു." "നീ ധൈര്യമായി കേസ് ഫയൽ അവനെ ഏൽപിക്ക്.. ഇരു ചെവിയറിയാതെ അവൻ അന്യോഷിച്ചോളും...... അവന്റെ അറിവിലെ ആ ഇൻസിഡന്റ്ൽ ഇങ്ങനെയൊരു ഊരാ കുരുക്കുണ്ടെന്ന് അവനും ഒന്നറിയട്ടെ..." "യെസ്.. അറിയണം.. എല്ലാം അവനറിയണം.. നമ്മുടെ കാലമൊക്കെ കഴിഞ്ഞു.. ഇനി പിള്ളേർ തകർക്കട്ടെ അല്ലേ.. " "അതേ ടോ.. നമുക്ക് റിസ്ക് ഉള്ളത് അവർ ഈസിയായി കൈകാര്യം ചെയ്യും പ്രത്യേകിച്ച് അവനെ പോലെയുള്ളവർ.... എന്നാൽ ഇനി താമസിക്കേണ്ട.. അവനെ കണ്ട് സംസാരിക്ക് " രാജീവ്‌ ശ്രീ റാമിനെ നിർബന്ധിപ്പിച്ചതും അയാൾ വാച്ചിലേക്ക് നോക്കി... "എനിക്ക് രണ്ട് മൂന്ന് പേരെ കൂടി കാണാൻ ഉണ്ട്... അവരെ കണ്ടിട്ട് എയർപോർട്ടിലേക്ക് പോകും വഴി ഞാൻ വരാം.. " "അങ്ങനെ എങ്കിൽ അങ്ങനെ.. നാളെ രാവിലെ നവീൻ കേരളത്തിലേക്ക് തിരിക്കും.. അതിന് മുൻപ് അവന്റെ കയ്യിൽ കേസ് ഫയൽ എത്തിയിരിക്കണം.. " "ഓഫ്‌കോഴ്സ്.... ഞാൻ കുറച്ചു കഴിഞ്ഞ് വീണ്ടും വരാം.. അവനെ കാണാൻ... " രാജീവിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആത്മസംതൃപ്തിയോടെ ശ്രീറാം ഒരിക്കൽ കൂടി നവീൻ കൃഷ്ണയെ നോക്കി... ************************************ "ചാരൂ.... ഡീ... " കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കുന്നതിനിടയിൽ നേഹയുടെ വിളി കേട്ട് ചാരു ചുവടുകൾ വെക്കുന്നതിനിടയിൽ അവളെ കണ്ണുരുട്ടി നോക്കി.. അവളോട് പോകാൻ പറഞ്ഞു കൊണ്ട് ചാരു വീണ്ടും ചുവടുകൾ വെക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു... "ചാരൂ.... " പതിഞ്ഞ ശബ്ദത്തിൽ നേഹ വീണ്ടും വിളിച്ചതും ടീച്ചറിനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റി കൊണ്ട് ചാരു ഒളിഞ്ഞു നിൽക്കുന്ന നേഹയുടെ അടുത്തേക്ക് ചെന്നു.. "എന്താ ഡീ പൂതനെ.... നിന്റെ ക്ലാസ്സ്‌ കഴിഞ്ഞോ... " "എപ്പോഴോ കഴിഞ്ഞു.. നീ വന്നേ നമുക്ക് പോകാം.. ഇവിടെ ഒറ്റക്കിരുന്ന് ബോർ അടിക്കുന്നു.." "ഒന്ന് പോയേ നീ.. എനിക്കിനിയും പഠിക്കാനുണ്ട്.. മാത്രമല്ല ശരത് ഏട്ടൻ വരാൻ ഇനിയും ഉണ്ട് ഒരു മണിക്കൂർ.. ഏട്ടനില്ലാതെ ഒറ്റക്ക് വീട്ടിൽ ചെന്ന് കയറിഎന്നറിഞ്ഞാൽ നിന്റെയാ കാട്ടുമാക്കാൻ ഏട്ടൻ നമ്മളെ പൊരിക്കും.. അത് കൊണ്ട് പൊന്നുമോൾ അടങ്ങി ഒതുങ്ങി ഇവിടെ ഇരിക്ക്..വേണമെങ്കിൽ എന്റെ കൂടെ ചുവട് വെക്കാൻ വാ.. " "ഓ.. എനിക്ക് വയ്യ.. നീ തന്നെ കളിക്ക്.. പിന്നെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാൻ ആണ്... വിനു ഏട്ടൻ ഇല്ലേ ... " "ഓ.. മതി മതി...നീയും നിന്റെ ഏട്ടനും.. ഇവിടെ എങ്കിലും ആ നാമം ഒന്ന് മാറ്റിപ്പിടി.. സമാധാനത്തോടെ ഒന്ന് നൃത്തം കളിച്ചോട്ടെ.. " അവളെ പറയാൻ സമ്മതിക്കാതെ ഞാൻ തിരികെ നടന്നു... അവളുടെ നാവിൽ അല്ലെങ്കിലും ഏത് നേരവും അവളുടെ പുന്നാര ഏട്ടനെ പറ്റി പറയാനെ നേരം കാണൂ.. ഒരു വിനു ഏട്ടൻ... എന്നെഴുന്നള്ളും ആവോ.. അടുത്ത ആഴ്ച വരെ യാത്ര നീണ്ടാൽ മതിയായിരുന്നു.... മനസ്സിൽ അതും പ്രാർത്ഥിച്ചു കൊണ്ട് ചാരു, ചിലങ്കയുടെ താളത്തിൽ വീണ്ടും ചുവടുകൾ വെക്കാൻ തുടങ്ങി... അവളെ നോക്കി അർത്ഥം വെച്ചുള്ള ചിരിയോടെ നേഹ തൂണും ചാരി ഇരുന്നു.... *********************************** പരിശീലനം കഴിഞ്ഞ് അൽപ്പ നേര വിശ്രമത്തിനൊടുവിൽ പോലീസ് ക്യാമ്പിൽ നിന്നും അവൻ പുറത്തിറങ്ങി... പരിശീലന മൈദാനി കഴിഞ്ഞ് പ്രധാന കവാടത്തിലേക്കവൻ കടന്നു.. പോലീസ് പരേഡ് നടക്കുന്നുണ്ടവിടെ.. ബൂട്ടണിഞ്ഞ കാലുകൾ ആജ്ഞകൾക്കനുസരിച്ച് ഒരേ താളത്തിൽ വേഗത്തിൽ ഇടത്തേക്കും വലത്തേക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു...കാതടപ്പിക്കുന്ന എന്നാൽ ഒരേ താളത്തിലുള്ള അവയുടെ ശബ്ദം നെഞ്ചിലേറ്റി കൊണ്ടവൻ ഓഫിസ് വരാന്തയിലേക്ക് കയറി... മുഖത്തല്പം ഗൗരവം വരുത്തി, തൊപ്പി ശെരിയാക്കി വെച്ച് പോലീസ് മുദ്രയണിഞ്ഞ കുപ്പായത്തിൽ ആത്മവിശ്വാസം പൂണ്ട് കൈകൾ വീശി അവൻ നടന്നു... ഓഫിസിലെ വാതിലിന് മുന്നിൽ അനുവാദത്തിനായി കാത്തു നിന്നതും അകത്തു നിന്നും അവനെ വിളിച്ചു... പ്രൗഢിയോടെ തല ഉയർത്തി പിടിച്ച് അകത്തേക്ക് കയറി മുന്നിൽ ഇരിക്കുന്ന ഉന്നതാധികാരികളെ നോക്കി സല്യൂട്ട് അടിച്ചു കൊണ്ട് അവൻ അറ്റൻഷനോടെ നിന്നു... "മിസ്റ്റർ നവീൻ കൃഷ്ണ... " ഡി ജി പി കരൺസിംഗ് എന്ന് നാമകരണം ചെയ്ത ബോർഡിന് മുന്നിൽ ഇരുന്ന് പ്രസന്ന വദനത്തോടെ അയാൾ അവനെ വിളിച്ചു.. "യെസ് സർ... " ഡി ജി പി യുടെ ഓഫീസിൽ എത്തിയ മറ്റ് രണ്ട് അധികാരികളും അവനെ നോക്കി പുഞ്ചിരിച്ചു.. "വി ആർ പ്രൗഡ് ഓഫ് യു മിസ്റ്റർ നവീൻ കൃഷ്ണ.. ആൻഡ് താങ്ക്സ് ഫോർ യുവർ ട്രെയിനിങ് " ഡി ജി പി കരൺസിംഗ് ന്റെ അനുമോദനത്തിൽ പുഞ്ചിരി തൂകി നവീൻ നിന്നു... "നവീൻ... ഡി ജി പി പറഞ്ഞത് പോലെ...യു ആർ എക്സലന്റ്.. ഈ രണ്ടാഴ്ച തന്റെ കീഴിലുള്ള ട്രെയിനിങ് പുതിയ അനുഭവം ആയിരുന്നു എന്ന് എല്ലാവർക്കിടയിലും അഭിപ്രായമുണ്ട്.....ഇനിയും തന്റെ സേവനം ഈ അക്കാദമിക്ക് ലഭിക്കട്ടെ.. " "താങ്ക്യു സർ " "വെൽ.. താൻ എപ്പോഴാണ് കേരളത്തിലേക്ക് മടങ്ങുന്നത് " "നാളെ രാവിലെയാണ് സർ...." "ഓക്കേ...തന്നെയൊന്ന് പ്രശംസിക്കാനാണ് വിളിച്ചു വരുത്തിയത്....പറയാതിരിക്കാൻ വയ്യ.. പോലീസ് ഡിപ്പാർട്ട്മെന്റിന് മുഴുവൻ താനൊരു ഇൻസ്പിറേഷൻ ആണ്... " മേലുദ്യോഗസ്ഥരുടെ പ്രശംസയിൽ ആഹ്ലാദവാനായി സംയമനത്തോടെ നവീൻ അൽപ്പ നേരം അവരുമായി സംവദിച് അവരോടൊപ്പം ചിലവഴിച്ചു... ഡൽഹിയിലെ തന്റെ അവസാന ദിനം ആയതിനാൽ എല്ലാവരോടും യാത്ര പറയാനായി അവൻ ഓഫിസിൽ നിന്നും ഇറങ്ങി... ഡി ജി പി യുടെ ഓരോ വാക്കുകളും അവനിൽ സന്തോഷം ഉളവാക്കിയിരുന്നു... "ഹേയ്... നവീൻ.. " തിരികെ ക്യാമ്പിലേക്ക് കാലെടുത്തു വെക്കും വഴി അവനെ തേടി ആ വിളിയെത്തി... തല വെട്ടിച്ചു കൊണ്ട് നവീൻ പരിചിത ശബ്ദത്തിന് ഉടമ ആരെന്ന് നോക്കി.. ഉടനെ അവന്റെ ചാര കണ്ണുകൾ വികസിച്ചു... "ശ്രീരാം സർ... ഇവിടെ... " ആനന്ദത്തോടെ അയാളെ വരവേൽക്കുന്നതിനിടയിൽ തന്റെ മേലുദ്യോഗസ്ഥനെ സല്യൂട്ട് അടിക്കാൻ അവൻ മറന്നില്ല.. അടുത്ത നിമിഷം തന്നെ ശ്രീറാം അവനെ തടഞ്ഞു.. "എന്തായിത്.. ഞാൻ പറഞ്ഞിട്ടില്ലേ നമുക്കിടയിൽ ഈ ഫോർമാലിറ്റിസ് വേണ്ടെന്ന്... " സാറിന്റെ വാക്കുകൾക്ക് അവനൊന്ന് പുഞ്ചിരിച്ചു.. "സാർ എങ്ങനെ ഇവിടെ... എപ്പോൾ വന്നു.. സർപ്രൈസ് ആയിപ്പോയി.. അന്ന് ട്രാൻസ്ഫർ ആയി പോയതിന് ശേഷം കണ്ടിട്ടേ ഇല്ലല്ലോ.. " "ഹാ.. കേരളത്തിലേക്ക് പിന്നെ വരാനുള്ള സാവകാശം കിട്ടിയില്ല.. ഇപ്പോൾ റിട്ടയർ ആയി... ഇനി മകന്റെ അടുത്ത് വിശ്രമജീവിതം നയിക്കണം.. ഫളൈറ്റിന് ടൈം ആയി തുടങ്ങി... " "ഓഹ് .. സാർ ഇവിടെ... " "എല്ലാവരോടും യാത്ര പറയാൻ വന്നതാണ്.. അപ്പോഴാണ് നീ ഇവിടെ ഉള്ള വിവരം അറിഞ്ഞത്. ഇവിടുത്തെ മേധാവികൾക്ക് നിന്നെ പുകഴ്‌ത്താൻ ആണല്ലോ നേരം.. " ചിരിച്ചു കൊണ്ട് ശ്രീറാം അവന്റെ തോളിൽ കയ്യിട്ട് മുന്നോട്ട് നടന്നു.. ഒരുപാട് നാളുകൾക്കു ശേഷം കണ്ട് മുട്ടിയത് കൊണ്ട് കുറെ വിശേഷങ്ങൾ ഇരുവർക്കും പങ്കു വെക്കാൻ ഉണ്ടായിരുന്നു.. ഓരോ കാൽവെപ്പിലും അവരുടെ സംസാരവും നീണ്ടു..... "പിന്നെ എന്തൊക്കെ തന്റെ വിശേഷങ്ങൾ.. നിന്റെ സാഹസികത എല്ലാം ഞാൻ അറിയുന്നുണ്ട്.. ഡിപ്പാർട്ട്മെന്റിൽ നീ ഇപ്പോഴും പുലിയാണല്ലേ.. " "ഏയ്.. അങ്ങനെ ഒന്നുമില്ല സാർ... ഞാനെന്റെ ഡ്യൂട്ടി ചെയ്യുന്നെന്ന് മാത്രം.. " "അറിയാം.. നീ എത്രത്തോളം ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന്.. അല്ലാ.. ഇനി നാട്ടിലേക്ക് എപ്പോഴാ തിരിക്കുന്നെ.. " "നാളെ....... ട്രെയിനിൽ ആണ് പോകുന്നത്.. " "മ്മ്മ്..." ഒരു മൂളലിൽ ശ്രീറാം മറുപടി നൽകി...താൻ എന്തിന് വന്നെന്ന് അവനോട് എങ്ങനെ പറഞ്ഞു തുടങ്ങുമെന്ന ചിന്തയിൽ ഇരിക്കെ നവീൻ വാച്ചിലേക്ക് നോക്കി.... "സാർ... നാളെ രാവിലെ എനിക്ക് മടങ്ങണം.. പാക്കിങ് ഒന്നും ആയിട്ടില്ല..... ഞാൻ... " "ഓഹ്.. ഓക്കേ.. താൻ പൊയ്ക്കോളൂ....എനിക്കും പോകാൻ നേരമായി... " സാറിന് കൈ കൊടുത്തു കൊണ്ട് നവീൻ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കേസിന്റെ കാര്യം അയാളുടെ മനസ്സിൽ കിടന്നു കളിച്ചു.. അവന് കൈമാറാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് ഉറച്ച തീരുമാനത്തിൽ ശ്രീറാം അവനെ നോക്കി... "നവീൻ.. ഒരു നിമിഷം... " വീണ്ടും വിളി എത്തിയതും അവൻ തിരിഞ്ഞു നോക്കി.. ഇപ്രാവശ്യം സാറിന്റെ മുഖം ഗൗരവമേറിയ പോലെ അവന് തോന്നി... "എന്താ സാർ. എനി പ്രോബ്ലം... " അതേ എന്ന് സാർ തലയാട്ടിയതും നവീൻ തന്റെ നെറ്റി ചുളിച്ചു.. "നവീൻ... വർഷങ്ങൾക്ക് മുൻപ് എന്നെ കൊണ്ട് തെളിയിക്കാൻ പറ്റാതെ പോയൊരു കേസ്.. അത് നിനക്ക് തെളിയിക്കാൻ പറ്റുമോ.. " "വാട്ട്‌.. " ഒന്നും മനസ്സിലാവാതെ നവീൻ സാറിന്റെ മുഖത്തേക്ക് നോക്കി.. " യെസ്.... നിന്നെ കൊണ്ടേ അതിന് പറ്റൂ എന്നെന്റെ മനസ്സ് പറയുന്നു.. " "സാർ ഡീറ്റെയിൽസ് പറയൂ.. എന്നെ കൊണ്ട് കഴിയുന്ന പോലെ ഞാൻ ശ്രമിക്കാം... " "നവീൻ... ആ കേസ് ഒരു ഊരാക്കുടുക്കായിരുന്നു.. .. പക്ഷേ.. അത് തെളിയിക്കണമെന്ന് വാശി ആയിരുന്നു എനിക്ക്..... നടന്നില്ല... കേസ് ഫയൽ ഞാൻ നൽകാം... പിന്നെ.... " "എന്താണ് സാർ... " "ആ കേസ് നിന്റെ സ്വന്തം നാട്ടിൽ തന്നെ ഉള്ളതാണ്..... നിന്റെ തറവാടിനെ ചുറ്റി പറ്റി തന്നെ.. നിനക്കറിയാം... " ഞെട്ടലോടെ കണ്ണുകൾ ഇടുക്കി കൊണ്ട് അവൻ സാറിനെ നോക്കി... "ഡീറ്റൈൽ ആയി നിനക്ക് അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ കേസ് ഫയൽ നൽകാം.... നീ വാ.. കാറിൽ ഉണ്ട്.. " നവീനെയും കൊണ്ട് ശ്രീറാം പുറത്തേക്ക് നടന്നു... പല ചോദ്യങ്ങളാൽ അവന്റെ മനസ്സ് നിറഞ്ഞു കവിഞ്ഞിരുന്നു.. തന്റെ തറവാട്ടിൽ താൻ ഇന്നെവരെ അറിയാത്ത എന്ത് കേസ് ആണെന്ന് അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു.. ചിന്തകൾ മനസ്സിനെ മൂടപ്പെട്ടപ്പോഴേക്കും അവർ കാറിനടുത്തെത്തിയിരുന്നു. ഡോർ വലിച്ചു തുറന്ന് ശ്രീറാം ബാഗ് കയ്യിൽ എടുത്തു... ഒരുപാട് തപ്പേണ്ടി വന്നില്ല.... ചുവന്ന കേസ് ഫയൽ അയാൾ അവന് കൈമാറി.. "എല്ലാം ഇതിൽ ഉണ്ട്.... നിനക്ക് താല്പര്യം ഉണ്ടെങ്കിൽ അന്യോഷിക്കാം.. ഇല്ലെങ്കിൽ വിട്ട് കളയാം.. നിന്റെ തറവാടുമായി ബന്ധപ്പെട്ടത് കൊണ്ട് നീ വിട്ട് കളയില്ലെന്ന് പ്രതീക്ഷിക്കുന്നു.. എന്നെ കൊണ്ട് കഴിയാത്തത് നിനക്ക് കഴിയുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഏൽപ്പിക്കുന്നത്.. ഇനി എല്ലാം നിന്റെ ഇഷ്ടം... ഞാൻ ചെല്ലട്ടെ.... " നവീനിന്റെ തോളിൽ തട്ടി കൊണ്ട് ശ്രീറാം കാറിൽ കയറി... തന്റെ കാഴ്ചയിൽ നിന്നും കാർ മറഞ്ഞതും ആകാംഷയോടെ അവൻ തന്റെ കയ്യിലിരിക്കുന്ന ഫയലിലേക്ക് നോക്കി... മെല്ലെ അതിന്റെ ആദ്യ താൾ മറിച്ചു...... ചുവപ്പും കറുപ്പും ഇടകലർന്ന വലിയ അക്ഷരങ്ങളോടെയുള്ള ആ കേസ് ഫയലിന്റെ നാമം അവന്റെ ചാര കണ്ണുകളിൽ കുടുങ്ങി.... " സലൈന...." ആ നാമം അവന്റെ ചുണ്ടുകളെ തലോടിയതും പെട്ടന്ന്.. പ്രകൃതിയുടെ ഭാവം മാറി... സൂര്യൻ ഉച്ചിയിലെത്തി കത്തുന്ന കിരണങ്ങൾ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കെ ഞൊടിയിടെ സൂര്യനെ കറുത്തിരുണ്ടൊരു മേഘം വന്ന് മറച്ചു..... പാതിയിരുൾ എങ്ങും വ്യാപിച്ചതും വരാനിരിക്കുന്ന പേമാരിയുടെ ദുഃസൂചനയെന്ന പോലെ കാറ്റ് ആഞ്ഞു വീശി.. പൊടിപടലങ്ങൾ വായുവിൽ ഉയർന്നു കളിക്കേ ഉള്ളം കൈ മുഖത്തെ മറച്ചു കൊണ്ട് നവീൻ അപ്രതീക്ഷിതമായി വ്യതിചലിച്ച പ്രകൃതിയിലേക്ക് നോക്കി... ഇടിമിന്നൽ രൂപപ്പെടാനുള്ള സാധ്യത അവൻ കണ്ണിൽ കണ്ടതും തനിക്ക് ചുറ്റിലും വീശിയടിക്കുന്ന കാറ്റിൽ നിന്നും രക്ഷ നേടാൻ ഫയൽ അടച്ചു വെച്ച് മാറോട് അടക്കി പിടിച്ചു കൊണ്ടവൻ ക്യാമ്പിലേക്ക് വെച്ചു പിടിച്ചു........ അടുത്ത നിമിഷം... പ്രകൃതി ശാന്തമായി.... മേഘത്തിൽ ഒളിച്ച സൂര്യൻ മറ നീക്കി പുറത്തേക്ക് വന്നു... കാറ്റ് നിലച്ച അന്തരീക്ഷം പൂർവ്വസ്ഥിതിയിൽ ആയി.... പക്ഷേ..... ഒരു കരിമ്പൂച്ച തന്റെ തിളങ്ങുന്ന കണ്ണുകൾ വികസിപ്പിച്ചു കൊണ്ട് ഭയാനകമായി എവിടേക്കോ ദൃഷ്ടി പായിച്ചു കൊണ്ടിരുന്നു...... (തുടരും) ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കാൻ മറക്കരുതേ 💖 #📙 നോവൽ
🖤 *സലൈന*🖤 *( A Horror-Romantic -Suspense Thriller Story)* ✍️ *Raiza* *പാർട്ട് 2* ============================= തന്നിലേക്ക് അടുക്കുന്ന കാലടിയുടെ ശബ്ദം ആ രൂപത്തിന്റെ ചെവികളിൽ പതിച്ചതും അവർ തല ഉയർത്തി നോക്കി...... വിഷാദം നിറഞ്ഞ കണ്ണുകൾ കുഴിഞ്ഞു പോയിട്ടുണ്ട്.. പാറി പറന്ന മുടിയിഴകൾ മുഖത്തേക്ക് ചിന്നി ചിതറി കിടക്കുന്നു.. കയ്യിൽ തനിക്കായുള്ള ഭക്ഷണവുമായി വരുന്ന അവളെ കണ്ടതും ക്ഷീണിച്ച മുഖത്ത് നേർത്ത പുഞ്ചിരി വിരിഞ്ഞു വന്നു.. മെല്ലെ എണീറ്റവർ കട്ടിലിൽ ഇരുന്നു.. അവർക്ക് മുന്നിലായി പ്ലേറ്റ് വെച്ചു കൊണ്ട് അവൾ മുറിയിലെ ജനാല തുറന്നിട്ടു... പെട്ടന്ന് മുറിയിലേക്ക് വീശിയ കാറ്റിൽ അവരുടെ വെള്ള സാരിയുടെ തലപ്പ് പാറി കളിച്ചു.. മുടിയിഴകൾ സ്ഥാനം തെറ്റി നെറ്റിയിലേക്കും മുഖത്തേക്കും അടർന്നു വീണു... ജനാലയിലൂടെ വരുന്ന പ്രകാശം അരോചകമാകുന്നുണ്ടെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം.. എന്നാൽ അവൾ അത് കാര്യമാക്കിയില്ല.. എന്നുമുള്ള പതിവാണിത്... ആ ഇരുട്ട് മുറിയിൽ നിന്നുമവർക്കൊരു മോചനം എല്ലാവരും വിലക്കിയതിനാൽ ജനാല വഴിയുള്ള ശുദ്ധ വായു ശ്വസിക്കണമെന്നതും പ്രകാശത്തെ കൺ കുളിർക്കെ കാണണം എന്നതും അവൾക്ക് നിർബന്ധം ആയിരുന്നു.... തിരികെ കട്ടിലിൽ വന്നിരുന്ന അവൾ സന്തോഷത്തോടെ തന്നെ നോക്കുന്ന ആ രൂപത്തിൽ കണ്ണുടക്കിയിരുന്നു.. "അപ്പച്ചീ... " ഇമവെട്ടാതെ അവളെ നോക്കിയിരിക്കുന്ന രൂപത്തെ വിളിച്ചു കൊണ്ടവൾ പുട്ടും കടല കറിയും അപ്പച്ചിക്ക് നേരെ നീട്ടി.. അവളെ നോക്കി കഴിക്കുന്നതിനിടയിൽ അവൾക്കും വാരി കൊടുക്കാൻ അപ്പച്ചി മറന്നില്ല.. അപ്പച്ചി കഴിച്ചു കഴിഞ്ഞതും പ്ലേറ്റ് മാറ്റി വെച്ചവൾ അപ്പച്ചിയുടെ മുടി ചീകി കൊടുക്കാൻ ഒരുങ്ങി.. "ആഹാ.. ഇപ്പോൾ എന്റെ അപ്പച്ചി സുന്ദരി കുട്ടിയായി.. " കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് അവൾ പറഞ്ഞതും അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ മാത്രമേ അപ്പച്ചിയുടെ അടുത്തേക്ക് പോകാറുള്ളൂ.. അവളെ മാത്രമേ അപ്പച്ചി അടുപ്പിക്കൂ എന്നതാണ് സത്യം... ദിവസത്തിൽ പകുതിയിൽ ഏറെയും അവൾ അപ്പച്ചിയുടെ അടുത്താണ് ചിലവഴിക്കാറുള്ളത്.... മുടി ചീകി കൊടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതുമെല്ലാം അവൾ തന്നെ.. രാത്രിയിൽ അപ്പച്ചിയുടെ മടിയിൽ കിടന്ന് അന്നത്തെ വിശേഷങ്ങൾ എല്ലാം പങ്കു വെക്കും.. "അപ്പച്ചീ... കുറച്ചു നാളുകൾക്ക് ശേഷം ഞാൻ വീണ്ടും ചിലങ്കയണിയാൻ പോകുവാ.. അമ്പലത്തിൽ ഉത്സവം വരുന്നുണ്ട്.." ഉത്സാഹത്തോടെ ആഹ്ലാദവാദിയായി കണ്ണുകളിലെ തിളക്കത്തോടെ അവൾ അപ്പച്ചിയുടെ നീണ്ട മുടി ശെരിക്ക് കെട്ടി വെക്കുന്നതിനിടയിൽ പറഞ്ഞതും അപ്പച്ചിയുടെ കണ്ണുകളിലെ പ്രകാശത്തിന് മങ്ങലേറ്റു... ആ കണ്ണുകളിൽ വാത്സല്യത്തിന്റെയും വേദനയുടെയും ഒടുക്കം പകയുടെയും തീ ആളിക്കത്തി.....അപ്പച്ചിയിലെ മാറ്റം അറിയാതെ അവൾ സന്തോഷത്തോടെ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി..... അതിനിടയിൽ പുറത്ത് നിന്ന് നേഹ അവളെ വിളിച്ചതും അവളുടെ സംസാരം അവിടെ നിലച്ചു..... "ദേ വരുന്നൂ... " "അപ്പച്ചീ . പ്രാക്റ്റിസിന് പോയി വരാം" അപ്പച്ചിക്കൊരു മുത്തം കൊടുത്തു കൊണ്ട് അവൾ റൂമിൽ നിന്നും ഓടി പോയി. അവളുടെ വാക്കും പ്രവർത്തികളും പെട്ടന്ന്, പെട്ടന്ന് ആയതിനാൽ അപ്പച്ചി അവളുടെ നേരെ തിരിയും മുന്നേ അവൾ വാതിലിനടുത്തേക്ക് ഓടി പോയിരുന്നു... "മോ... ളേ... പ...വീ.... " അവളെ പിറകിൽ നിന്നും വിളിക്കാനായി കൈ നീട്ടി എഴുന്നേറ്റ് നിന്ന് മുന്നോട്ട് നീങ്ങിയതും കാലുകൾ അവരെ പിറകോട്ടു വലിച്ചു.. നിരാശയോടെ അവർ തന്റെ കാലുകളിലേക്ക് നോക്കി.. കട്ടിലിന്റെ ഒരു കാലിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ചങ്ങല തന്റെ കാലിൽ മുറുകി നിൽക്കുന്നത് കണ്ടതും അവർ പ്രത്യേക ഭാവത്തോടെ കണ്ണുകളിൽ തീക്ഷ്ണത വർധിപ്പിച്ച് നിലത്തമർന്നിരുന്നു........... ************************************ അപ്പച്ചിയുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയ ഞാൻ വേഗം എന്റെ മുറിയിലേക്ക് ഓടി പോയി..ദിവസവും രാവിലെ ഉള്ള പതിവാണ് അപ്പച്ചിയുടെ അടുത്ത് അൽപ സമയം ഇരിക്കുക എന്നത്.. വൈകുന്നേരം കിടക്കുന്നതിനു മുന്നേയും അപ്പച്ചിയുടെ മടിയിൽ കിടന്ന് ഓരോ വിശേഷങ്ങൾ പറയും.. എന്റെ സംസാരം കേൾക്കുമ്പോൾ അപ്പച്ചിയുടെ കണ്ണിൽ ഉണ്ടാവുന്ന ആ തിളക്കം,, അത് കാണാൻ വേണ്ടിയാണ് അപ്പച്ചിയുടെ അരികിലേക്ക് ഞാൻ പോകുന്നത് തന്നെ... അപ്പച്ചി ഇങ്ങനെ ഒന്നും ആയിരുന്നില്ലെന്ന് പലപ്പോഴും അച്ഛമ്മ വേദനയോടെ പറയാറുണ്ട്.. അപ്പച്ചിയുടെ ജീവിതത്തിൽ സംഭവിച്ച ആ ദുരന്തത്തോടെ മാനസിക നില തെറ്റി ഇരുട്ട് മുറിക്കുള്ളിൽ തളക്കപ്പെട്ടു... ഒരു നെടുവീർപ്പോടെ അപ്പച്ചിയുടെ കാര്യം ഓർത്തവൾ ഷെൽഫ് തുറന്ന് ചുവപ്പ് ചുരിദാർ എടുത്തു... ചുരിദാർ ധരിച്ച്,, നീണ്ട മുടി മെടഞ്ഞു കെട്ടി നെറ്റിയിൽ കുഞ്ഞു പൊട്ടും വാലിട്ടെഴുതിയ മിഴികളുമായവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു... സമയം വൈകിയാൽ നേഹയുടെ വിളി ഇപ്പോൾ ഈ നാലുകെട്ടിനെ മറിച്ചിടും എന്നതിനാൽ അവൾ പോകാനായി നിന്നു... ഷെൽഫിൽ നിന്നും ചെമന്ന കളർ പട്ടു പുടവയവൾ കയ്യിലെടുത്തു... മൃദു മന്ദഹാസത്തോടെ കണ്ണുകൾ വിടർത്തി കൊണ്ടവൾ ആ പട്ടുതുണി തുറന്നു... അതിൽ അവളുടെ പ്രാണ പ്രിയ ചിലങ്കൾ അവളുടെ കാലിൽ പറ്റിച്ചേർന്ന് കിടക്കാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു.. ഇരു ചിലങ്കകളും കയ്യിലെടുത്ത് ബാഗിൽ വെച്ചവൾ പട്ടു പുടവ തിരികെ വെച്ചു... പ്രാണനെ പോലെ കൊണ്ട് നടക്കുന്നതാണ് അവൾ അവ...നൃത്തത്തോടുള്ള അടങ്ങാത്ത ആഗ്രഹം അവളിൽ ഉണ്ടെന്ന് മനസ്സിലാക്കിയ സുമതി അപ്പച്ചി വർഷങ്ങൾക്ക് മുൻപ് സമ്മാനിച്ചതാണവ...മറ്റൊരർത്ഥത്തിൽ ഒരിക്കൽ നശിപ്പിക്കപ്പെടാൻ ഒരുങ്ങിയ അവയെ അവൾ സൂക്ഷിച്ചു വെച്ച് കാലങ്ങൾക്കൊടുവിൽ അപ്പച്ചിക്ക് കൈമാറിയപ്പോൾ അവൾക്കായി കൊടുത്തതാണെന്നും പറയാം......... "ഡീ... പൂതനെ.... " കോണിപ്പടി ഇറങ്ങുന്നതിനിടയിൽ വീണ്ടും നേഹയുടെ വിളി എത്തി.. ഈ പെണ്ണിത് ഇങ്ങനെ തന്നെയാണ്.. എന്റെ രൂപം കണ്ണിൽ കാണുന്നത് വരെ നാലുകെട്ട് മൊത്തം കേൾക്കും വിധം വിളിച്ചു കൊണ്ടിരിക്കും... അവളുടെ വിളി കൂടട്ടെ എന്ന് കരുതി പലപ്പോഴും ഞാൻ താഴെ ഇറങ്ങി വന്നിട്ടും വാതിലിൽ മറഞ്ഞിരിക്കും...അവളെ വട്ട് പിടിപ്പിക്കാൻ പ്രത്യേക രസമാണ്.. . ചെറിയ കുട്ടികളെ പോലെയാണ് ഞങ്ങൾ രണ്ടുമെന്ന് എല്ലാവരും പറയും.....വയസ്സിത്ര ആയിട്ടും കുസൃതി വിട്ട് പോവാത്ത രണ്ടെണ്ണം..... ആരെന്തു പറഞ്ഞാലും ഞങ്ങൾ ഞങ്ങളുടെ സ്വഭാവം മാറ്റാൻ ഒന്നും പോവില്ല.. നേഹയുടെ പതിനഞ്ചാം വിളിക്ക് (ഒരു ഊഹം വെച്ച് അങ്ങനെ പറയാം.. ) "ദാ വരുന്നെന്നു വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്ക് വന്നു.. എന്നെ കണ്ട പാടെ ഇടുപ്പിൽ ഇരു കയ്യും വെച്ച് നേഹ കണ്ണുരുട്ടി നോക്കി... അവൾക്കൊരു പരന്ന ചിരി സമ്മാനിച്ചു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു... "ആട്ടിലമ്മയുടെ ഒരുക്കം കഴിഞ്ഞോ... " " സമയം വൈകിയിട്ടൊന്നും ഇല്ലല്ലോ... പിന്നെ നിന്നെ പോലെ ഒരിടത്തിരുന്ന് തൊണ്ട കീറാൻ പോകുവല്ല ഞാൻ..ആട്ടമാടി ക്ഷീണം വരും മുഖത്ത്..സോ.. നല്ലത് പോലെ ഒരുങ്ങണം.. " ഗമയിൽ ഞാൻ മറുപടി കൊടുത്തതും നേഹ എന്റെ കയ്യിൽ പിച്ചി....അമ്പലത്തിൽ ഉത്സവം അടുത്തു വരികയാണ്... എന്റെ നൃത്ത അരങ്ങേറ്റവും നേഹയുടെ കച്ചേരിയും ഉണ്ട്... നാട്ടിൽ തന്നെയുള്ള കലാമണ്ഡലത്തിലേക്കാണ് ഞങ്ങൾ അഭ്യസിക്കാൻ പോകുന്നത്... "വേഗം വാടീ.. ആദ്യ ദിവസം തന്നെ ലേറ്റ് ആവേണ്ട." പോകാമെന്നു പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് ദൃഷ്ടി പായിച്ചു.. "അമ്മേ........ ഞങ്ങൾ ഇറങ്ങി... " ഉറക്കെ നീട്ടി വലിച്ചു കൊണ്ട് അവൾ അമ്മയെ വിളിച്ചു.. ചെവി പൊത്തി കൊണ്ട് വീടിന് വടക്ക് ഭാഗത്ത് നിന്നും അവരുടെ അടുത്തേക്കെത്തിയ അമ്മയെ നോക്കി ഇവിടെ തന്നെ ഉണ്ടായിരുന്നോ എന്ന മട്ടിൽ അവൾ ഇളിച്ചു... "പോകുന്നവർക്കങ് പോയാൽ പോരേ.. ഈ നാലുകെട്ട് പൊളിച്ചടുക്കണമെന്ന് വല്ല നേർച്ചയും ഉണ്ടോ.. " "അമ്മ അകത്തെന്ന് കരുതിയല്ലേ വിളിച്ചേ....പിന്നെ,, എന്റെ കുഞ്ഞു ശബ്ദം ഇവിടെ പ്രതിധ്വനിച്ചത് കൊണ്ട് ഈ പുരാവസ്തു തകരില്ല.. അല്ലേൽ തന്നെ ഇനി തകരാൻ എന്തിരിക്കുന്നു... വെട്ടിപ്പൊളിച്ച് നല്ലൊരു ബംഗ്ലാവ് ഉണ്ടാക്കണം ഇവിടെ... " "മ്മ്മ്.. അതും പറഞ്ഞ് അച്ഛമ്മയുടെ അടുത്തേക്ക് ചെല്ല് നീ.... ഹാ.. കൂടുതൽ പറയാൻ നിൽക്കാതെ രണ്ടും വേഗം പോയേ..." അമ്മ ആട്ടിയതും ഇരുവരും കൈകോർത്തു പിടിച്ച് നടന്നു. രണ്ടടി വെച്ചതും അമ്മയുടെ വിളി വന്നു.. "ആ ഒറ്റക്ക് പോകേണ്ട.. ശരത് ഓഫിസിലേക്ക് ഇറങ്ങാൻ നിൽക്കുവല്ലേ.. അവന്റെ കൂടെ പോയാൽ മതി.. വിനു ഉണ്ടെങ്കിൽ അവൻ തന്നെ ധാരാളം ആയിരുന്നു.. രണ്ടാഴ്ചയായില്ലേ അവൻ പോയിട്ട്.. നിങ്ങളെ എവിടേക്കും ഒറ്റക്ക് വിടരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഇതിപ്പോ കലാമണ്ഡലം വരെ തനിയെ പോകേണ്ടേ... " "മിസ്റ്റർ മൊശടൻ... " അവൾക്ക് കേൾക്കാൻ പാകത്തിന് പല്ലുകൾ ഇറുമ്മി കൊണ്ട് വിനുവിനെ ഓർത്തവൾ പറഞ്ഞു...ഭയങ്കര സ്ട്രിക്റ്റ് ആണ് വിനു വീട്ടിൽ.. പ്രത്യേകിച്ച് അവളുടെ അടുത്ത്.. അത് കൊണ്ട് തന്നെ അവൾക്കത് പിടിക്കില്ല...പക്ഷേ അവനെ എതിർക്കാനുള്ള ധൈര്യവും അവൾക്കില്ല... "എന്താ അമ്മേ ഇത്... ഞങ്ങളെന്താ ചെറിയ കുട്ടികളാണോ തനിയെ പോകരുതെന്ന് പറയാൻ.. ഞങ്ങൾക്കാരുടെയും തുണ വേണ്ട.. ഞങ്ങൾ പൊയ്ക്കോളാം " ചിണുങ്ങി കൊണ്ടവൾ കൈ നഖം പല്ലിനിടയിൽ വെച്ചമർത്തി കടിച്ചു കൊണ്ട് പറഞ്ഞു.... അതിന് മറുപടി അമ്മ നൽകും മുൻപ് ഓഫിസിൽ പോകാനായി ശരത് മാറ്റി ഒരുങ്ങി പുറത്തേക്ക് വന്നു... "ഓക്കേ.. നിങ്ങൾ ഒറ്റക്ക് പൊയ്ക്കോ.. എന്താ അമ്മേ അവൾ പറയുന്ന പോലെ ചെറിയ കുട്ടികളാണോ അവർ... " അമ്മയെ ശകാരിക്കുന്ന പോലെ വാക്കുകൾ ഉതിർത്തു വിട്ട് കൊണ്ട് ശരത് പറഞ്ഞതും പൗർണമി തെളിച്ചത്തോടെ ചിരിച്ച് ഏട്ടന് താങ്ക്സും പറഞ്ഞു കൊണ്ട് നേഹയും അവളും വേഗം തിരിഞ്ഞു നടന്നു.. എന്നാൽ.... "അതേയ്... ഒരു നിമിഷം... " പിറകിൽ നിന്നും ഏട്ടൻ വിളിച്ചതും ഞാനും നേഹയും തിരിഞ്ഞു നോക്കി... രക്ഷപ്പെട്ടല്ലോ എന്ന് കരുതി വേഗം ഓടാൻ നിന്നപ്പോഴേക്കും പിറകെ നിന്ന് വിളിച്ചു... ഇനി എന്ത് ഏടാകൂടമാണെന്നോർത്ത് ഞാൻ ഏട്ടനെ നോക്കി... ആ സമയം എന്നെ അടിമുടി നോക്കി ഒന്നിളിച്ചു കൊണ്ട് ഏട്ടന്റെ ഫോൺ എന്റെ കയ്യിൽ തന്നു.... എന്താ എന്ന അർത്ഥത്തിൽ ഞാൻ നോക്കിയതും ഫോൺ ചെവിയിൽ വെക്കെന്ന് കാണിച്ചു കൊണ്ട് ഏട്ടൻ ചിരി അടക്കി പിടിച്ചു നിന്നു... സംശയത്തോടെ ഞാൻ ഏട്ടനെ നോക്കി ഫോൺ ചെവിയിൽ വെച്ചു... "ചാരൂ..... " അടുത്ത നിമിഷം.... ആ ശബ്ദം കാതുകളിൽ വന്നടിച്ചതും പെട്ടന്ന് എന്റെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നിറങ്ങി .. എന്നാൽ അത് മുൻകൂട്ടി മനസ്സിലാക്കിയ ഏട്ടൻ താഴെ വീഴും മുന്നേ സുരക്ഷിതമായി ഫോൺ പിടിച്ചു.... മുഖം ചുളിച്ചു കൊണ്ട് ഞാൻ ഏട്ടനെ നോക്കി കണ്ണുരുട്ടി.. വീണ്ടും ഫോൺ വാങ്ങി ചെവിയിൽ വെച്ചു... "ആ.. വിനു ഏട്ടാ.. ദേ ഞങ്ങൾ ഇറങ്ങി.. ഏട്ടന്റെ കൂടെ തന്നെയാണ്.. ഒറ്റക്കൊക്കെ ഞങ്ങൾ പോകുമോ.. എന്നാ ഓക്കേ.. ഇപ്പോൾ തന്നെ ലേറ്റ് ആയി.... ബൈ... " ഒറ്റ ശ്വാസത്തിൽ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു കൊണ്ട് അവൾ ശ്വാസം വലിച്ചു വിട്ടു... "ഹഹ... ഹ്ഹ... ഇപ്പോൾ എങ്ങനെ ഉണ്ട്... " എന്നെ കളിയാക്കി ചിരിക്കുന്ന ഏട്ടനെ കണ്ടതും ഏട്ടന്റെ കാലിൽ ഉഗ്രൻ ഒരു ചവിട്ടും കയ്യിലൊരു പിച്ചും കൊടുത്തു കൊണ്ട് ഞാൻ മുഖം വീർപ്പിച്ച് തിരിഞ്ഞു നടന്നു... വിനു ഏട്ടൻ ഇപ്പോൾ വിളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... രണ്ടാഴ്ച ആവാറായി പോയിട്ട്.. ഇത് വരെയും തറവാട്ടിലേക്ക് വിളിക്കുമ്പോൾ എന്നോടൊന്നു സംസാരിച്ചിട്ടില്ല.. എന്നിട്ടിപ്പോ വന്നിരിക്കുന്നു.. ചീത്ത പറയാൻ ആവുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇങ്ങോട്ടൊന്നും പറയാൻ അനുവദിക്കാതെ പെട്ടന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തത്.. വെറുതെ രാവിലെ തന്നെ ചീത്ത വാങ്ങിക്കണോ.... ഹോ...എന്നാലും ആ ഒരൊറ്റ വിളി... ശരീരം തരിച്ചു പോയി.... അതേയ്.... ഇപ്പോൾ മനസ്സിലായി കാണുമല്ലോ എന്റെ പേര് എന്താണെന്ന്... ശാരിക എന്ന ഇവരുടെ പ്രിയപ്പെട്ട ചാരു...കോളേജിലെ ഫ്രണ്ട്സ് എല്ലാവരും ശാരീ എന്നാണ് വിളിക്കാറുള്ളത്... ശാരിക എന്നും ശാരി എന്നും വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ചാരു എന്ന് വിളിക്കുന്നതാണ്.. പക്ഷേ.. മിസ്റ്റർ മൊശടൻ ഇല്ലേ...അങ്ങേര് വിളിക്കുന്നത് മാത്രം ഇഷ്ടമല്ല... എനിക്കെന്തെങ്കിലും പണി തരുവാനോ അല്ലെങ്കിൽ ചീത്ത പറയാനോ വേണ്ടിയുള്ള ഒരു വിളിയുണ്ട്.... അടിമുടി വിറച്ചങ്ങനെ ഞാൻ നിൽക്കും... ഹാ...ഒരിക്കൽ എന്റെ മാവും പൂക്കും.. പേടി ഇല്ലാതെ അങ്ങേരെ മുന്നിൽ നിൽക്കുന്ന ദിവസം വരും... വരുമായിരിക്കും... "നീ എന്താ ചാരൂ ഈ പിറുപിറുക്കുന്നെ " നേഹ എന്റെ തോളിൽ തട്ടിയതും ഒന്ന് ഞെട്ടി കൊണ്ട് ഞാൻ അവളുടെ നേരെ മുഖം തിരിച്ചു.. "നിന്റെ ഏട്ടൻ ഇല്ലേ.. ആ കാട്ടുമാക്കാനേ വല്ല കാശ്മീരിലേക്കും ട്രാൻസ്ഫർ ചെയ്യാനുള്ള വകുപ്പ് ഉണ്ടോ എന്ന് ആലോചിക്കുവായിരുന്നു.. " "അയ്യോ... ആ ബാധ ഈ തറവാട് വിട്ട്, പ്രത്യേകിച്ച് നിന്നെ വിട്ട് പോവില്ലല്ലോ മുത്തേ " "മ്മ്മ്.. അതെനിക്കറിയാം എന്നെയും കൊണ്ടേ പോകൂ എന്ന്.. ഹോ.. അപ്പോഴത്തെ പേടിയിൽ വേഗം ഫോൺ വെക്കുകയും ചെയ്തു.. ഇങ്ങോട്ടൊന്നും പറയാൻ സമ്മതിച്ചില്ല.. ഇനി വന്നാൽ അതിനാവും ചീത്ത " "അതുറപ്പല്ലേ... " വെപ്രാളത്തിൽ ഞാനത് പറഞ്ഞതും ഏട്ടൻ ചിരിച്ചു കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും ഇടയിൽ കയറി വന്നു നിന്നു.. ഏട്ടനെ നോക്കി ഞാൻ മുഖം ചുവപ്പിച്ചു.. "നീയെന്നെ നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല.. ഇറങ്ങാൻ നേരം വിനു ഇങ്ങോട്ട് വിളിച്ചതാ.. നിന്റെ കയ്യിൽ തരാൻ പറഞ്ഞു,,, തന്നു.. അത്രേ ഉള്ളൂ " "അത്രേ ഉളളൂ അല്ലേ.. ഏട്ടൻ കോന്താ... " ഞാൻ വീണ്ടും ഏട്ടനെ നോക്കി കണ്ണുരുട്ടി.. "ഓ.. മതി മതി... എന്തായാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല... നീ വേഗം നടക്ക് " നേഹ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിച്ചു.. ഒരു നെടുവീർപ്പിട്ട് കൊണ്ട് ചാരു നടത്തത്തിന് വേഗത കൂട്ടി... അവർ രണ്ടു പേരും ആണെങ്കിൽ അറിയാത്ത ഊടുവഴികളിലൂടെ സഞ്ചരിച്ച് അപ്പയോടും കുറുന്തോട്ടിയോടും വാഗ്വാദം നടത്തി കലാമണ്ഡത്തിൽ എത്തിയാൽ എത്തി.. അതാവും അവസ്ഥ... അത് കണ്ടറിഞ്ഞു കൊണ്ടാണ് വിനു ആദ്യമേ അമ്മയോട് വിളിച്ച് അവരെ തനിയെ വിടേണ്ട എന്ന് പറഞ്ഞത്... വിനുവിന്റെ ഉറ്റ ചങ്ങാതി ആയതിനാൽ തന്നെ ഇവിടെ നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ ശരത് വിനുവിന്റെ കാതുകളിൽ എത്തിക്കും.. അത് അറിയാവുന്നത് കൊണ്ട് അച്ചടക്കത്തോടെ നല്ല കുട്ടികളായി ഇരുവരും ശരതിനോടൊപ്പം നടന്നു... ************************************ ഡൽഹി നഗരം..... തിരക്കേറിയ ഡൽഹി നഗരത്തിലെ പോലീസ് അക്കാദമിയിൽ ട്രെയിനിങ് ആരംഭിച്ചു കഴിഞ്ഞിരുന്നു.. മൈതാനിയിൽ പരിശീലനത്തിനായുള്ള ഒരുക്കം തുടങ്ങി.. പരേഡും ആയുധങ്ങൾ ഉപയോഗിച്ചുള്ള ഡ്രില്ലിങ്ങും തോക്കുകൾ കൊണ്ടുള്ള ഫയറിംഗ് ഉം മുറ പോലെ നടക്കുന്നുണ്ട്... ക്യാമ്പിൽ നിന്നും അക്കാദമിയിലെ ഓഫീസിലേക്കുള്ള നടപ്പാതയിലൂടെ നീങ്ങവേ അവരുടെ കണ്ണുകൾ പരിശീലനം നടത്തുന്നവരിലേക്ക് തിരിഞ്ഞു.. വർഷങ്ങളായുള്ള സ്വപ്‌നം സംയുക്‌തമാക്കാൻ കഠിന പ്രയത്നം നടത്തുന്ന അവരെ നോക്കിയവർ പുഞ്ചിരി തൂകി... കൂട്ടത്തിൽ അവർക്ക് പരിശീലനം നൽകുന്ന ആ യുവ പോലീസ് ഓഫിസറിലേക്ക് ഡി ജി പിയുടെ കണ്ണുകൾ ചലിച്ചു.... "എക്സലന്റ്.. " "യെസ്... ഹി ഈസ്‌ ഔട്‍സ്റ്റാന്ഡിങ് " മേലധികാരികൾ ആത്മ സംതൃപ്തിയോടെ പരസ്പരം പറഞ്ഞു കൊണ്ട് ഓഫിസിലേക്ക് നടന്നു.... തങ്ങളുടെ അധികാര സൂചകമായ കസേരയിൽ നിവർന്നിരുന്ന അവർ പോലീസ് അക്കാദമിയുടെ ചർച്ചയിലേക്ക് കടന്നു.... അതിനിടയിൽ അനുവാദം ചോദിച്ചു കൊണ്ട് ഒരാൾ വാതിൽക്കൽ വന്നു നിന്നതും ഡി ജി പി പെർമിഷൻ നൽകി.. "ഓഹ്.. ശ്രീറാം ജി.. വാട്ട്‌ എ സർപ്രൈസ്.. " ഡിജിപി എഴുന്നേറ്റു നിന്നപ്പോഴേക്കും ശ്രീ റാം സല്യൂട്ട് അടിച്ചു കഴിഞ്ഞിരുന്നു.. "ഏയ്.... " കൈകൾ താഴ്ത്തി കൊണ്ട് ഡി ജി പി അയാളെ ചേർത്ത് പിടിച്ചു.. "സർവീസിൽ നിന്നും ഇന്നലെ വിരമിച്ചു.. ഇനി മകന്റെ കൂടെ സ്വസ്ഥ ജീവിതം നയിക്കണം.. അതിന് മുൻപ് എല്ലാവരെയും കാണാമെന്നു കരുതി.." "അപ്പോൾ ഇനി വിശ്രമ ജീവിതം അല്ലേ.. " പഞ്ചാബിയായ ഡി ജി പി കരൺ സിംഗ് സ്‌ഫുടതയോടെ മലയാളം ഉരുവിട്ടതും ശ്രീ റാം ചിരിച്ചു.. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ താനും സഹപ്രവർത്തകരും കരണിനെ മലയാളം പഠിപ്പിച്ചത് അയാളുടെ ഓർമയിൽ തെളിഞ്ഞു... "യെസ്... ഇനി അങ്ങോട്ട്‌ വിശ്രമം തന്നെ... ഇന്നേവരെ സർവീസിൽ ഒരു ബ്ലാക് മാർക്ക്‌ പോലും വീണിട്ടില്ല.. ആ ഒരു ആഹ്ലാദത്തിൽ ഇനിയുള്ള കാലം ജീവിക്കാം... " ആത്മവിശ്വാസത്തോടെ ശ്രീ റാം അത് പറഞ്ഞെങ്കിലും വർഷങ്ങൾക്ക് മുമ്പുള്ള ആ ഇൻസിഡന്റ് പെട്ടന്ന് ഓർമ വന്നതും അയാളിൽ മൗനം വന്ന് നിറഞ്ഞു... ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആവുന്നതിനു മുൻപ് കേരളത്തിലെ ഉൾ നാട്ടിലെ തന്റെ സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്ന ആ സംഭവം അയാളുടെ കണ്ണിൽ മിന്നി മറഞ്ഞു.... അയാളുടെ മാറ്റം മനസ്സിലാക്കിയത് കൊണ്ട് തന്നെ കരൺ സിംഗ് ശ്രീ റാമിന്റെ കൈകൾ പിടിച്ചു.. "അത് മറന്നേക്ക് ശ്രീ റാം. ദാറ്റ്‌സ് നോട്ട് യുവർ ഫാൾട്ട്.. പരാതി ആർക്കും ഇല്ലാതിരുന്നിട്ടും സംശയം തോന്നി രഹസ്യമായി നീ ഒരുപാട് അന്യോഷിച്ചതല്ലേ... ഒരു തുമ്പും കിട്ടിയില്ലല്ലോ..ലീവ് ഇറ്റ്... " കരൺ സിംഗ് ആശ്വസിപ്പിച്ചതും ഒരു നെടുവീർപ്പോടെ അയാൾ ചിരിച്ചു.. അതേ സമയം അവർക്കൊപ്പം ഓഫിസിൽ ഉണ്ടായിരുന്ന അവരുടെ പോലീസ് സുഹൃത്ത് ചിന്തയിലാണ്ടു.. "എന്താ രാജീവ്...മനസ്സിവിടെ ഒന്നും അല്ലേ... " ചിന്തയിൽ മുഴുകി ഇരുന്ന അയാളെ ശ്രീറാം വാരി പുണർന്നു... അൽപ സമയം വിശേഷങ്ങൾ പങ്ക് വെച്ച് ശ്രീ റാം പോകാനായി എഴുന്നേറ്റു.... "എനിക്ക് പോകാനുള്ള സമയം ആയി... ഫ്ലൈറ്റ്ന് ടൈം ആവുന്നതിനു മുൻപ് കുറച്ചു പേരെ കൂടി കാണാൻ ഉണ്ട്.. " "ഓക്കേ മിസ്റ്റർ... ലെറ്റസ്‌ മീറ്റ് എഗൈൻ ... " ഇരുവരോടും യാത്ര പറഞ്ഞ് ശ്രീ റാം ഓഫിസിൽ നിന്നും പുറത്തേക്കിറങ്ങി.... കോണിപ്പടികൾ ഇറങ്ങി വരാന്തയിലേക്ക് കയറിയതും പിറകെ വരുന്ന ബൂട്ട് ശബ്ദം അയാളുടെ കാലുകളെ നിശ്ചലമാക്കി.തിരിഞ്ഞു നോക്കിയതും തന്നിലേക്ക് വേഗത്തിൽ വരുന്ന രാജീവിനെ കണ്ടതും അയാളിൽ പുഞ്ചിരി വിടർന്നു..... "എന്താ ഡോ.. പിറകെ വന്ന് പേടിപ്പിക്കുവാണോ... " തമാശയോടെ അയാൾ ചോദിച്ചു... എന്നാൽ രാജീവിന്റെ മുഖം അൽപ്പം ഗൗരവത്തിൽ ആണെന്ന് കണ്ടതും എന്താ കാര്യം എന്ന അർത്ഥത്തിൽ ശ്രീറാം അയാളെ നോക്കി.. "ശ്രീ.. എനിക്കൊരു കാര്യം പറയാനുണ്ട്... ആ കേസ് ഫയൽ ഇല്ലേ.. വർഷങ്ങൾക്ക് മുൻപ് നീ അടച്ചു വെച്ച മറ്റാർക്കും അറിയാത്ത ആ കേസ്.. അത് എത്തേണ്ടിടത്ത് എത്താനുള്ള സമയം അടുത്തെന്ന് തോന്നുന്നു... " "വാട്ട്‌ യു മീൻ....???" "യെസ് ശ്രീ... അന്ന് ഉത്തരം ലഭിക്കാതെ നീ അടിവരയിട്ട പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാനുള്ള സമയം ആയി.. നീ അന്യോഷിച്ച പോലെ വീണ്ടും രഹസ്യമായി അന്യോഷിക്കാൻ മിടുക്കുള്ള ഒരാൾ ഉണ്ട് " "വാട്ട്‌ ആർ യു സെയിങ് ??? അതിനൊരു ഉത്തരം കിട്ടില്ല രാജീവ്... ആ കേസ് അടഞ്ഞു തന്നെ കിടക്കട്ടെ.... ആരെ കൊണ്ടും തെളിയിക്കാൻ കഴിയാത്ത കേസ് ആണത്... " "നോ മിസ്റ്റർ... ആ കേസ് ഫയലിന്റെ യഥാർത്ഥ അവകാശി വന്നെന്ന് കൂട്ടിക്കോ.. " "ഹു ഈസ്‌ ദാറ്റ് .??? ആരാണത്.. " വർഷങ്ങൾക്ക് മുൻപ് താൻ കഠിന പ്രയത്നം നടത്തിയിട്ടും കണ്ട് പിടിക്കാൻ കഴിയാത്തത് ഇപ്പോൾ ആർക്കാണ് കഴിയുകയെന്ന സംശയത്തിൽ അയാൾ രാജീവിനെ നോക്കി.. രാജീവിന്റെ കണ്ണുകൾ അപ്പോൾ മൈതാനിയിൽ ആയിരുന്നു... പരേഡിന് നേതൃത്വം നൽകുന്ന ആ യുവ പോലീസ് ഓഫിസറെ കണ്ടതും രാജീവിൽ വിജയ ഭാവത്തിൽ ഒരു ചിരി വിടർന്നു... അയാളുടെ നോട്ടമെത്തിയ സ്ഥാനത്തേക്ക് ശ്രീ റാം നോക്കി.... "നിനക്കറിയാം ശ്രീ അവനെ... ദി മോസ്റ്റ്‌ ഇന്റലിജന്റ് പവർ ഫുൾ ഓഫീസർ.... സർവീസിലെ പുലിക്കുട്ടി... ഈ കേസ് അന്യോഷിക്കാൻ അവനെക്കാൾ ബെറ്റർ ആയി മറ്റാരുമില്ല.... യെസ്... ഹി ഈസ്‌.. മിസ്റ്റർ നവീൻ കൃഷ്ണ ഐ പി എസ്..... " രാജീവിന്റെ വാക്കുകളിൽ അത്ഭുതം കൊണ്ട് ശ്രീ റാം ഗ്രൗണ്ടിലേക്ക് കണ്ണും നട്ടു... പോലീസ് മുദ്രയണിഞ്ഞ യൂണിഫോമിൽ ചുറുചുറുക്കോടെ പരിശീലനം നൽകുന്ന ആ യുവ പോലീസ് ഓഫിസറെ നോക്കി അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു... "നവീൻ കൃഷ്ണ...." (തുടരും) ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കാൻ മറക്കരുതേ💖 #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ
🖤*സലൈന*🖤 (The Horror-Romantic -Suspense Thriller Story) ✍️ Raiza പാർട്ട് 1 " ഒന്ന് വേഗം ഇറങ്ങാ... സന്ധ്യക്ക്‌ മുൻപ് അങ്ങെത്തണം " വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെ കൃഷ്ണൻ തന്റെ ഭാര്യ ദേവിയോട് ആജ്ഞാപന സ്വരത്തിൽ പറഞ്ഞു.. തലയാട്ടി കൊണ്ട് ദേവി തന്റെ പതിയുടെ കൂടെ നനഞ്ഞ മണ്ണിൽ കാൽവെപ്പുകൾ ചേർത്ത് നടന്നു... "ഇപ്പോൾ തന്നെ പോകണോ ഏട്ടാ " ഭീതി അല്പം വാക്കുകളിലും കൺ കോണിലും പ്രകടമാക്കി ദേവി ചോദിച്ചതും കൃഷ്ണൻ നടത്തം നിർത്തി ദേവിയുടെ നേരെ മയത്തിൽ നോക്കി.. "ഒന്ന് കൊണ്ടും പേടിക്കേണ്ട. എല്ലാം നമ്മുടെ കുടുംബത്തിന്റെ നല്ലതിന് വേണ്ടി തന്നെയല്ലേ.. ഈ ദുരാപത്ത് ഒഴിഞ്ഞു പോകേണ്ടേ ദേവീ... " "ഈ പൂജ കഴിഞ്ഞാൽ എല്ലാം ശെരിയാവുമോ ഏട്ടാ " ദേവിയുടെയാ മറു ചോദ്യത്താൽ കൃഷ്ണന്റെ മുഖം മങ്ങി... മൗനം മാത്രം മറുപടി നൽകി അയാൾ മുഖം തിരിച്ചു... ആ ചോദ്യത്തിന് ഉത്തരം അയാൾക്ക് തന്നെ അറിയില്ല.. ഉത്തരമില്ലാത്തയാ സമസ്യ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള കാൽ വെപ്പുകളാണ് അവരുടേത്... "ദൈവം നമ്മെ കൈവിടില്ല... നീ വാ.." മറ്റൊന്നും പറയാതെ അയാൾ വീണ്ടും നടന്നു... തറവാടിനോട് ചേർന്ന ഇടുങ്ങിയ വഴിയിലൂടെ നടന്ന് അവർ ഒരു കുറ്റിക്കാട്ടിൽ എത്തിച്ചേർന്നു.. സന്ധ്യയുടെ ചുവന്ന മൂടുപടം അണിയാൻ അന്തരീക്ഷം തയ്യാറായി നിൽക്കുന്നുണ്ട്.. സൂര്യൻ വിടവാങ്ങാനുള്ള ഒരുക്കത്തിൽ പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്നു.. പക്ഷികൾ തങ്ങളുടെ കൂട്ടിലേക്ക് ചേക്കേറാനായി കലപില കൂട്ടുന്നു.. സന്ധ്യക്ക് മുന്നേ കുറ്റിക്കാട് കടന്ന് അപ്പൻ കോവിൽ എത്തണം.. അതാണവർക്ക് കിട്ടിയ നിർദ്ദേശം.. അതിലൊട്ടും പിഴവ് വരുത്താതെ ഇരുവരും കുറ്റിക്കാടിനുള്ളിലൂടെയുള്ള കൈവഴിയിലൂടെ നടന്നു. ദേവിയുടെ മനസ്സും ശരീരവും പതറാൻ തുടങ്ങിയിരുന്നു.. നാലപ്പാട്ട് തറവാട്ടിലെ ഇളയ ആൺ സന്തതിയും വേളിയും തന്നെ പൂജാകർമ്മങ്ങൾ ചെയ്യണമെന്ന ദേവനമ്പൂതിരിയുടെ ആജ്ഞ അനുസരിക്കുകയല്ലാതെ മറ്റൊരു വഴിയും അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. സന്ധ്യ മയങ്ങും മുന്നേ ആപത്തൊന്നും കൂടാതെ കുറ്റിക്കാട് കടന്ന് അപ്പൻകോവിലിന്റെ മുന്നിൽ എത്തിയതിന്റെ ആശ്വാസത്തിൽ കൃഷ്ണൻ നെഞ്ചിൽ കൈവെച്ച് ദൈവത്തെ സ്തുതിച്ചു .... തങ്ങൾക്ക് മുന്നിൽ ഉയർന്നു നിൽക്കുന്ന ഇടിഞ്ഞു പൊളിയാറായ ആ വലിയ തറവാടിനെ കണ്ണുകൾ കൊണ്ടിരുവരും ഉഴിഞ്ഞു... ഇരുൾ തെളിയുന്ന അന്തരീക്ഷത്തിൽ ഒരു ഭീകര രൂപമായി ആ തറവാട് കാണപ്പെട്ടു.. ചുറ്റിനും കൂരിരുട്ടിനേക്കാൾ തീവ്രതയേറിയ കാടുകളാണ്.. പല തരത്തിലുള്ള ചെറു പ്രാണികളുടെയും ഭയാനകമായ ഓരിയിടലുകളും അവരുടെ കാതുകളിൽ മുഴങ്ങി.. അതിനെയെല്ലാം കവച്ചു വെച്ച് അപ്പൻകോവിൽ എന്ന് നാമകരണം ചെയ്ത ആ കൂറ്റൻ തറവാടിനുള്ളിൽ നിന്നും ഉയരുന്ന മന്ത്രോച്ചാരണങ്ങൾ ഇരുവരെയും ഒന്നാകെ പൊതിഞ്ഞ ഭയത്തെ എടുത്തു കളഞ്ഞു.. "ദേവനമ്പൂതിരി എത്തിയിട്ടുണ്ട്.. ഇനി പേടിക്കാനില്ല " ആശ്വാസത്തിന്റെ വെട്ടം കണ്ണുകളിൽ തെളിയിച്ച് കൃഷ്ണൻ ദൈവനാമം ഉരുവിട്ട് കൊണ്ട് വലതു കാൽ വെച്ച് അകത്തേക്ക് കയറി... കൂടെ ചുറ്റിലും നോക്കി ഇടതടവില്ലാതെ പ്രാർത്ഥനകളുമായി ദേവിയും... ചാരി വെച്ച മുൻവാതിൽ തുറന്ന് അവർ അകത്തേക്ക് കടന്നതും മുന്നിലെ അഗ്നി കുണ്ഡവും കത്തിച്ചു വെച്ച നിലവിളക്കുകളും അതിനെല്ലാം മുന്നിൽ കണ്ണടച്ചിരുന്ന് മന്ത്രങ്ങൾ ഉരുവിടുന്ന ദേവനമ്പൂതിരിയേയും കണ്ട് കൃഷ്ണനും ദേവിയും കണ്ണടച്ച് കൈകൾ തൊഴുതു പിടിച്ച് പ്രാർത്ഥനകളോടെ ഹോമത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. അക കണ്ണാലെ അവർ വന്നുവെന്ന് മനസ്സിലാക്കിയ നമ്പൂതിരി മന്ത്രോച്ചാരണം വർധിപ്പിച്ചു.. നമ്പൂതിരിയുടെ സഹായികളും അയാൾക്കൊപ്പം ചേർന്നു......... *********************************** മൂടൽ മഞ്ഞ് അന്തരീക്ഷത്തെ പൊതിഞ്ഞ് മിഴികളുടെ കാഴ്ച മറച്ചിരിക്കുന്നു...എങ്ങും പടർന്ന നിശബ്ദതയെ ഭേദിച്ച് കിളികൾ തങ്ങളുടെ ഉണർവറിയിച്ചു കൊണ്ട് കൊക്കുകൾ ഉരസി ചെറു ശബ്ദം പുറപ്പെടുവിക്കുന്നു.... മനോഹരമായ പ്രകൃതിയെ കൺകളിൽ നിറച്ചീടാൻ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ നാലുകെട്ട് തറവാടിന്റെ വടക്കേ മുറിയുടെ കിളി വാതിൽ മെല്ലെ തുറന്നു വന്നു..... പുഞ്ചിരിയേറും ചുവന്ന ചുണ്ടുകളും കരിമഷി എത്താത്ത കറുത്ത കണ്ണുകളും സീമന്ത രേഖ കാണും വിധം ഇരു വശത്തേക്കായി മാടിയ നീണ്ട മുടികളും അഴകാർന്ന വടിവൊത്ത മേനിയുമുള്ള അവൾ തന്റെ മെലിഞ്ഞു നീണ്ട കൈകൾ കിളി വാതിലിൽ പിടിച്ച് മുഖം മാത്രം വെളിയിലേക്കിട്ടു...... മുറ്റത്തെ തുളസി ചെടിക്ക് വെള്ളമൊഴിച്ച് ജപ നാമം ചൊല്ലുന്ന അമ്മയെ കണ്ടതും പുഞ്ചിരിക്ക് മാറ്റ് കൂട്ടി കൊണ്ടവൾ താഴേക്കോടി.... അവളുടെ പാദസരകിലുക്കം ആ നാലുകെട്ടിലാകെ പരന്നൊഴുകി..... "അച്ഛാ.... " പുറത്തേ സോഫയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന അച്ഛനെ പിറകിലൂടെ ചെന്ന് കഴുത്തിൽ വട്ടം പിടിച്ചവൾ കാതിൽ ഉറക്കെ വിളിച്ചു.. ഞെട്ടി പോയ അച്ഛൻ അവളെ ഓങ്ങാനായി കൈ ഉയർത്തിയതും ചിരി പൊഴിച്ചവൾ നീണ്ട വരാന്തയിലൂടെ ഇടത് ഭാഗത്തേക്കോടി.... "ഈ പെണ്ണിത്... " ചിരിച്ചു കൊണ്ട് അതും പറഞ്ഞ് അച്ഛൻ പത്രത്തിലേക്ക് കണ്ണും നട്ടു.. മകളുടെ പാദസര കിലുക്കം ശ്രവിച്ച അമ്മ പിന്തിരിഞ്ഞു നോക്കി.. അപ്പോഴേക്കും അവൾ മറഞ്ഞിരുന്നു.. "ഈ കുട്ടിക്കിത് എന്തിന്റെ കേടാ... സൂര്യൻ ഉദിച്ചു വരുന്നല്ലേ ഉള്ളു.. ഇനി അവിടെ ചെന്ന് അവളുടെ ഉറക്കം കൂടെ കളയണമായിരിക്കും.. " "എന്റെ ദേവീ.. വിനു ഇല്ലാത്തത് കൊണ്ടല്ലേ അവളിത്ര ധൈര്യത്തിൽ ഇത്രയും രാവിലെ അവിടെ ചെല്ലുന്നത്... അവൻ ഉണ്ടെങ്കിൽ അവളാ പരിസരത്ത് പോലും പോവില്ലല്ലോ " "മ്മ്മ്.. അവനുണ്ടെങ്കിൽ അവളുടെ ചെവി പൊന്നാക്കിയിരുന്നു.ഇങ്ങനെ ഒരാൾ കുടുംബത്തിൽ ഉള്ളത് നല്ലത് തന്നെയാ.. അല്ലെങ്കിൽ അവളെ പോലൊരുത്തിയെ മെരുക്കാൻ കഴിയില്ല.. " നെടുവീർപ്പോടെ ദേവി പറഞ്ഞതും കൃഷ്ണൻ സോഫയിൽ ചാരി ഇരുന്ന് കണ്ണുകൾ അടച്ചു... പുറമെ സന്തോഷം നടിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും നെഞ്ചിൽ തീ ആണെന്ന് കണ്ണുകൾ വിളിച്ചറിയിക്കുന്നുണ്ട്.. "എത്ര കാലം ഈ സന്തോഷം നമ്മുടെ കൂടെ ഉണ്ടാവും... ഒരു പ്രതിവിധിയും ഇല്ലാതെ പോയല്ലോ ദൈവമേ " മിഴിനീർ പൊഴിച്ചു കൊണ്ട് പറഞ്ഞ ദേവിയുടെ വാക്കുകൾ കേട്ട് കൃഷ്ണൻ കണ്ണുകൾ തുറന്നു.... "ഏയ്. എന്തായിത്. ഇനി കരഞ്ഞൊലിപ്പിച്ചു കൊണ്ട് എല്ലാവരെയും അറിയിക്കാനാണോ ഭാവം.. ഒന്നും ഉണ്ടായിട്ടില്ല ഒന്നും.. നീ അകത്തേക്ക് ചെല്ല് " ഭർത്താവിന്റെ വാക്കുകൾ അനുസരിച്ചു കൊണ്ട് ദേവി സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി.. അസ്വസ്ഥതയോടെ നെഞ്ചിൽ തടവി കൃഷ്ണൻ വീണ്ടും ചാരി കിടന്നു..... തലേന്ന് പൂജയും കർമ്മങ്ങളും കഴിഞ്ഞ് ദേവ നമ്പൂതിരി ഉണർത്തിയ കാര്യങ്ങൾ ഭയത്തോടെ അയാൾ ഓർത്തു... "നിങ്ങളുടെ തറവാടിന് രക്ഷയില്ല... " ഹോമകുണ്ഡത്തിലെ തീ ആളിക്കത്തിയതിനു പിറകെയുള്ള നമ്പൂതിരിയുടെ ആ വാക്കുകൾ വീണ്ടും വീണ്ടും അയാളുടെ കാതിൽ മുഴങ്ങി..... തറവാട്ടിൽ കുറച്ചു നാളുകൾ ആയുള്ള പല അപശകുനങ്ങൾക്കും പ്രശ്നം വെപ്പിച്ചപ്പോഴാണ് വലിയ വിപത്ത് തങ്ങളെ കാത്തിരിപ്പുണ്ടെന്ന് കൃഷ്ണൻ അറിഞ്ഞത്.. ഉടനെ പ്രതിവിധിക്കായി ദേവനമ്പൂതിരിയെ സമീപിച്ചപ്പോൾ അദ്ദേഹം കവടി നിരത്തി.. അടഞ്ഞു കിടക്കുന്ന അപ്പൻ കോവിൽ തറവാട്ടിൽ ഹോമം നടത്തണം എന്നറിയിച്ചു. ആ ഹോമത്തിന്റെ ഫലത്തിൽ അവരെ കാത്തിരിക്കുന്ന ആ കൊടിയ വിപത്ത് കൃഷ്ണനും ദേവിയും ഭീതിയോടെ മനസ്സിലാക്കി.. പൂജാദി കർമ്മങ്ങൾ കഴിഞ്ഞ് പുലർച്ചെയാണ് അപ്പൻകോവിൽ വിട്ട് ഇരുവരും വീടണഞ്ഞത്.. സന്ധ്യ കഴിഞ്ഞാൽ ആ പ്രാദേശത്തേക്ക് പ്രവേശിക്കരുതെന്ന കടുത്ത നിർദേശം ദേവ നമ്പൂതിരി നൽകി കഴിഞ്ഞിരുന്നു.... മറ്റാരെയും അറിയിച്ച് ഭയപ്പെടുത്താതെ എല്ലാം ഉള്ളിൽ കൊണ്ട് നടക്കാൻ കൃഷ്ണനും ദേവിയും തീരുമാനിച്ചാണ് തറവാട്ടിലേക്ക് ചെന്ന് കയറിയത്... ************************************ അച്ഛന്റെ അടുത്ത് നിന്നും അവൾ ഓടി പോയത് അവളുടെ വല്യച്ഛന്റെ വീട്ടിലേക്കാണ്... നാലുകെട്ടിനോട് ചേർന്ന് തന്നെയാണ് വല്യച്ഛന്റെ വീടും.. ചേർന്ന് എന്ന് പറഞ്ഞാൽ ഇരു വീടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് നീണ്ട വരാന്തയാണ്. പണ്ട് കാലങ്ങളിൽ നാട്ടിലെ സമ്പന്ന കുടുംബമായിരുന്നു നാലപ്പാട്ട് തറവാട്.... രണ്ട് നാല് കെട്ട് വീടുകൾ ഒരുമിച്ച് നിൽക്കുന്നതിനാൽ തന്നെ കാണാൻ എടുപ്പ് തോന്നിച്ചിരുന്നു.... ഇന്ന് പല മുറികളും ഭാഗങ്ങളും ഉപയോഗിക്കാൻ പറ്റാത്ത വിധം ദ്രവിച്ചു പോയിട്ടുണ്ടെകിലും അതിന്റെ പ്രൗഢി അതേ പോലെ തന്നെയുണ്ട്... വരാന്തയിലൂടെ ഓടി പോയ അവൾ നേരെ ചെന്നിറങ്ങിയതൊരു നടുമുറ്റത്തേക്കാണ്.. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞവൾ ഗോവണി പടിയുടെ വലത്തേ വശത്തുള്ള മുറി ലക്ഷ്യം വെച്ച് നടന്നു.. മുറിയിലേക്ക് പ്രവേശിക്കും മുന്നേ അവൾ തന്റെ നയനങ്ങൾ കൊണ്ട് ഗോവണിയുടെ താഴെ നിന്ന് മുകളിലേക്ക് നോട്ടം പായിച്ചു... നിലത്തമരുന്ന ഷൂവിന്റെ ശബ്ദം ചെവികളിലേക്ക് ഓടിയെത്തിയതും കണ്ണ് ചിമ്മി കൊണ്ടവൾ റൂമിലേക്ക് കയറി പോയി...... ഓടി മറയുന്ന പാദസര കിലുക്കം കേട്ട് പൂജാമുറിയിൽ താളിയോലകൾ ഭദ്രമയെടുത്തു വെക്കുന്ന വല്യച്ഛന്റെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു ...... റൂമിലേക്ക് കയറിയ അവൾ ഇരു കൈകളും ഇടുപ്പിൽ വെച്ച് കട്ടിലിൽ തല മൂടി പുതച്ചു കിടക്കുന്ന രൂപത്തെ അല്പ നേരം നോക്കി.. "എണീറ്റില്ല അല്ലേ.. കാണിച്ചു തരാമെടീ പൂതനെ " ഉടുത്തിരിക്കുന്ന ദാവണി അല്പം പൊക്കി ഇടുപ്പിൽ തിരുകി കൈ രണ്ടും കയറ്റുന്നത് പോലെ കാണിച്ച് അവൾ കട്ടിലിലേക്ക് എടുത്തു ചാടി... "ആ... അമ്മേ... " ഹ്ഹ്ഹ് ഹ്ഹഹ്ഹ വീണ പാടെ കുഴിഞ്ഞു പോയതും അവൾ ഞെട്ടി പോയി.. അതേ സമയം റൂമിന്റെ ഒരരികിൽ നിന്നും പൊട്ടിച്ചിരി ഉയർന്നു.... തിരിഞ്ഞു നോക്കിയ അവൾ ആ രൂപത്തെ കണ്ട് തലയിണ ആ രൂപത്തിന് നേരെ എറിഞ്ഞു.. "ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ.. വരാന്തയിൽ നിന്നും കയറിയപ്പോഴേ നീ വരുന്നതിന്റെ താളം എനിക്ക് കിട്ടി മോളേ... ഓൺ ദ സ്പോട്ടിൽ ഞാൻ എണീറ്റു.. " "പോടീ... " "വാ... ചായ കുടിക്കാം.. നീ കുടിച്ചു കാണില്ല അല്ലേ " ഇല്ലെന്ന് തലയാട്ടിയതും അറിയാമേ എന്ന അർത്ഥത്തിൽ ആ രൂപം ചിരിച്ചു..... ഒരു നിമിഷം.......... വെറുതെ വായിച്ചു പോയിട്ട് കാര്യമില്ലല്ലോ.. ഞാൻ ആരാണെന്ന് അറിയേണ്ടേ.. അല്ലെങ്കിൽ വേണ്ട.. ഇനിയും ഒരുപാട് സമയം ഉണ്ട്.. പതിയെ പറയാം..എന്റെ കൂടെയുള്ള ഐറ്റത്തിനെ പരിചയപ്പെടുത്താം.. നേഹ എന്റെ വല്യച്ഛന്റെ ഇളയ മോൾ.. എന്റെ ബെസ്റ്റ് ഫ്രണ്ട്...രണ്ടു പേരും ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.. അച്ഛനെയും അമ്മയെയും കുറച്ചു മുൻപ് പരിചയപ്പെട്ടു കാണുമല്ലോ.. അതേ.. കൃഷ്ണന്റെയും ദേവിയുടെയും രണ്ടു മക്കളിൽ ഇളയതാണ് ഞാൻ . എനിക്കൊരു ഏട്ടൻ ഉണ്ട്.. ശരത്.. ആള് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ബാക്കിയെല്ലാം വഴിയേ പറയാം.. ഇപ്പോൾ അച്ഛമ്മയുടെ ചൂട് ദോശ കഴിച്ചു വരാം... നേഹയുടെ കയ്യിൽ പിടിച്ച് ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങി. അച്ഛമ്മ വല്യച്ഛന്റെ കൂടെയാണ് നിൽക്കാറുള്ളത്.. ഒരേ വീട് ആണെങ്കിലും മരിച്ചു പോയ അച്ഛച്ഛന്റെ ഓർമ്മകൾ ഓരോ മൂലയിലും ഉള്ളതിനാൽ അവിടം വിട്ട് അച്ഛമ്മ പോകാറില്ല... ഇടക്ക് മാത്രം ഞാനും അച്ഛനും അമ്മയും നിർബന്ധം പിടിക്കുമ്പോൾ മാത്രം അങ്ങോട്ട്‌ വരും.. എങ്കിലും ഒരു രാത്രിയും പകലും മാത്രമേ അവിടെ തങ്ങൂ.. മുത്തശ്ശിക്കിഷ്ടം ഇവിടെ നിൽക്കാൻ തന്നെയാണ്.. നടുമുറ്റം ചുറ്റി കോർത്തു പിടിച്ച കൈ ആട്ടി കൊണ്ട് ഞങ്ങൾ അടുക്കളയിലേക്ക് നടന്നു... ഞങ്ങളുടെ വരവ് കണ്ടതും അച്ഛമ്മ ചിരിച്ചു.. അച്ഛമ്മയെ നോക്കി ഞാനും ചിരിച്ചു... "ഇന്നും പതിവ് തെറ്റിച്ചില്ലല്ലോ.. വാ ഇരിക്ക്.... " അച്ഛമ്മ ഞങ്ങളെ ഇരുത്തി ചായ തന്നു.. അച്ഛമ്മയുടെ കൈപ്പുണ്യത്തെ എത്ര വർണ്ണിച്ചാലും മതിയാവില്ല... "കൃഷ്ണനും ദേവിയും ഇന്നലെ എപ്പോഴാ എത്തിയത് മോളേ " "ആവോ.. ആർക്കറിയാം.. ഞാൻ ഇന്നലെ നേരത്തെ കിടന്നു.. അവർ പോയതും വന്നതും ഞാനറിഞ്ഞില്ല. ഈ പൂജയും വഴിപാടും അവർക്ക് സ്ഥിരം ഉള്ളതല്ലേ.. " ആർത്തിയോടെ വെട്ടിവിഴുങ്ങുന്നതിനിടയിൽ ഞാൻ മറുപടി കൊടുത്തു "എന്നാലും പെട്ടന്നുള്ള ഈ പൂജ എന്തിനാവും.. അതും അപ്പൻകോവിൽ വെച്ച് തന്നെ.. " അച്ഛമ്മയുടെ സംശയം കണ്ട് നേഹ കുലുങ്ങി ചിരിച്ചു. "ഹിഹിഹിഹി.. എന്റെ അച്ഛമ്മേ... ഇവളുടെ കാര്യം പറഞ്ഞല്ലേ എല്ലാ പ്രാവശ്യവും പൂജയും വഴിപാടും.. 24 വയസ്സ് ആവുന്നതിനു മുൻപ് ഇവളുടെ വിവാഹം നടത്തണം അല്ലെങ്കിൽ മുപ്പത്തഞ്ചാം വയസ്സിലെ മംഗല്യ യോഗം ഉണ്ടാവൂ എന്നല്ലേ കഴിഞ്ഞ മാസം ഏതോ കണിയാര് പറഞ്ഞത്..... എത്രയും പെട്ടന്ന് വിവാഹം നടക്കാനുള്ള പൂജയോ മറ്റോ ആവും ഇന്നലെ നടന്നത് " "ആണോ. അയ്യോ..അറിഞ്ഞില്ല ട്ടോ" അവൾക്ക് നേരെ മുഖം വീർപ്പിച്ചു കൊണ്ട് ഞാൻ അച്ഛമ്മയുടെ നേരെ തിരിഞ്ഞു.. അച്ഛമ്മയും ചിരിക്കുന്നുണ്ട്.. കാര്യം അവള് എന്നെ കളിയാക്കിയതാണേലും സത്യം അത് തന്നെയാണ്.. അച്ഛനും അമ്മക്കും എന്റെ പേരിൽ പൂജയും കർമ്മങ്ങളും നടത്താനേ നേരമുള്ളൂ.. ഇന്നലെ നടന്നതും നേഹ പറഞ്ഞ പോലെ അതിന് വേണ്ടി തന്നെയാവും... അൽപ നേരം അതാലോചിച്ചു കൊണ്ട് വീണ്ടും അച്ഛമ്മയുടെ ദോശ ആർത്തിയോടെ കഴിക്കാൻ തുടങ്ങി.. അപ്പോഴാണ് നേഹയുടെ അച്ഛൻ, എന്റെ വല്യച്ഛൻ അടുക്കളയിലേക്ക് വന്നത്... "മ്മ്മ്.. കഴിക്ക്... കഴിക്ക്... അവനിവിടെ ഇല്ലാത്തത് നന്നായി.. അല്ലെങ്കിൽ രണ്ടു പേർക്കും മതിവരുവോളം കിട്ടിയിരുന്നു... രാവിലെ പെൺകുട്ടികൾ അടുക്കളയിൽ കയറി പാചകം ചെയ്യണമെന്ന് എത്ര ഓതി തന്നാലും നിങ്ങളുടെ തലയിൽ കയറില്ല അല്ലേ.." കഴിക്കുന്നതിനിടയിൽ വല്യച്ഛന്റെ വാക്കുകൾ കേട്ട് തരിപ്പിൽ കയറിയതും ഇടത് കൈ കൊണ്ട് തലമണ്ട കൊട്ടി ചുമച്ചു കൊണ്ട് ഞാൻ വല്യച്ചനെ നോക്കി.. "എന്റെ പൊന്നു വല്ല്യച്ഛ കഴിക്കുന്നതിനിടയിൽ എങ്കിലും ഏട്ടന്റെ പേരൊന്നു പറയാതിരുന്നൂടെ.. " "ഓ.. പേടി.. അവന്റെ പേര് കേൾക്കുമ്പോഴും അവനെ കാണുമ്പോഴും മാത്രമല്ലേ ഈ പേടിയുള്ളൂ.. അവനിങ് വരട്ടെ.. രണ്ടു പേരുടെയും അലസത മാറ്റി തരും " വല്യച്ചൻ പോയതും എന്തോ പോയവളെ പോലെ ഞാൻ കൈ താടിക്ക് താങ്ങു കൊടുത്തിരുന്നു.. നേഹ എന്നെ ആക്കി ചിരിക്കുന്നുണ്ട്.. അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി... ചായ കുടി കഴിഞ്ഞതും ഞാനും നേഹയും മുറ്റത്തേക്കിറങ്ങി... ഇരു വീടുകൾക്കും ഒരു മുറ്റമാണ് ഉള്ളത്.. നീണ്ടു പരന്ന് വിസ്തൃതിയോടെ ഉള്ള മുറ്റത്ത് ഇടത് വശത്തായി കൂറ്റൻ മുത്തശ്ശി മാവുണ്ട്.. മാവിൽ ഒരു ഊഞ്ഞാലും കെട്ടിയിട്ടുണ്ട്.. അവിടെ നിന്നും നടന്നാൽ മതിൽ കെട്ടി അതിര് തിരിച്ചിരിക്കുന്നത് കാണാം. മതിലിൽ കയറി ഇരുന്നാൽ കാണാൻ കഴിയുന്നത് നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽവയലുകൾ ആണ്.. അതൊക്കെ ഞങ്ങളുടെ തന്നെയാണ്.. മതിലിൽ കയറി ഇരുന്ന് ഞങ്ങൾ കടല കൊറിച്ചു കൊണ്ടിരുന്നു..... "എടീ ഏട്ടൻ വിളിച്ചിരുന്നു... ഇന്നലെ.. ഒരു മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ എത്തുമെന്ന് പറഞ്ഞു.. " നീണ്ടു കിടക്കുന്ന വയലോലകളിൽ കണ്ണും നട്ടിരിക്കുന്നതിനിടയിൽ ആണ് നേഹ അത് പറഞ്ഞത്.. "ഓ.. എന്തിനാ വരുന്നേ അവിടെ തന്നെ നിൽക്കാലോ.. വന്നിട്ട് എന്റെ മേലേക്ക് തട്ടിക്കയറാൻ അല്ലേ.. ഡീ... ഇവിടെ വാ.. അത് ചെയ്യ് ഇത് ചെയ്യ്... എന്ത് കോലമാ ഇത്. പോയി മുഖം കഴുക്.. കണ്ണെഴുത്... ഇപ്പോഴാണ് എണീക്കുന്നെ...... ഹോ.." ഞാൻ അവളുടെ ഏട്ടനെ അനുകരിക്കുന്നത് കണ്ട് നേഹ പൊട്ടിച്ചിരിച്ചു... "അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാ..നിന്റെ ഏട്ടനെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ആണോ കൊന്നത്.. അതിന്റെ പ്രതികാരം തീർക്കുവാണോ എന്നോട്.. " "ഏയ്....ഏട്ടൻ പാവമാ..." "മ്മ്മ്.. പാവം...ശെരി തന്നെയാ.. പക്ഷേ എന്നോട് മാത്രമേ മുരടൻ സ്വഭാവം എടുക്കുകയുള്ളൂ.. " "ഇനിയിപ്പോ വന്നാൽ ശ്വാസം വിടാൻ പോലും മൂപ്പരുടെ അനുവാദം വാങ്ങേണ്ടി വരും... എടീ.. ഇനിയുണ്ടോ ഇത് പോലെ രണ്ടാഴ്ച നീളുന്ന യാത്രകൾ വല്ലതും . ഉണ്ടെങ്കിൽ പെട്ടന്ന് പോകാൻ പറയണേ " അവളുടെ സംസാരം കേട്ട് ചിരിക്കാൻ അല്ലാതെ നേഹക്കായില്ല. ചിരിയടക്കി പിടിച്ച് നേഹ അവളുടെ നേരെ തിരിഞ്ഞു.. " ഇനി ഇങ്ങനെ യാത്ര ഉണ്ടാവില്ല ട്ടോ.. മോള് മനക്കോട്ട കെട്ടേണ്ട.. ഏട്ടൻ മാറി നിന്നാൽ വീട് ഉറങ്ങിയ പോലെയാണ്.. " "അതൊക്കെ ശെരി തന്നെ.. എന്നാലും " "ഒരെന്നാലും ഇല്ല.. നിന്റെ ഈ ഒതുക്കമില്ലാത്ത സ്വഭാവം മാറ്റിയെടുക്കാൻ ഏട്ടൻ മുരടൻ സ്വഭാവം കാണിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല.. " "ഹോ... ഇപ്പൊ അനിയത്തിയും ഏട്ടനും ഒന്നായി അല്ലേ... മ്മ്മ്.. നടക്കട്ടെ.. നമ്മൾ അല്ലേലും പുറത്തല്ലേ... അത് പോട്ടെ.. നിന്റെ ഏട്ടൻ വിളിച്ചെന്നല്ലേ പറഞ്ഞെ... എന്നെ അന്യോഷിച്ചിരുന്നോ " തല ചെരിച്ചു കൊണ്ട് അവൾ ചോദിച്ചതും നേഹ ഇളിച്ചു കാണിച്ചു.. അത് കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു... "അതല്ലേലും എനിക്കറിയാമല്ലോ എന്നെ ചോദിക്കില്ലെന്ന്... നിന്റെ ഏട്ടൻ ഇല്ലേ ശെരിക്കും മുരടൻ തന്നെയാ. മൂരാച്ചി... ഇനി ഒരു മാസം അവിടെ തന്നെ നിന്നോട്ടെ... " നേഹയോട് അതും പറഞ്ഞ് ഞാൻ മതിലിൽ നിന്നും ചാടി ഇറങ്ങി.. എന്തെല്ലാമോ പിറുപിറുത്തു തിരിഞ്ഞു നോക്കാതെ ഞാൻ മുന്നോട്ട് നടന്നു... അതല്ലേലും മൂപ്പർ ഒരു മൊശടൻ ആണ്.. എന്നെയൊക്കെ എന്തിനാ അന്യോഷിക്കുന്നെ.. കുറ്റം കണ്ട് പിടിക്കാൻ ഭയങ്കര മിടുക്കാ.. മുരടൻ. വായിൽ തോന്നിയതൊക്കെ പിറു പിറുത്തു കൊണ്ട് മനസ്സിൽ അവളുടെ വിനു ഏട്ടനെ ഓർത്ത് ഞാൻ വീട്ടിലേക്ക് നടന്നു... അവൾ പോകുന്നതും നോക്കി നേഹ മതിലിൽ നിന്നും ഇറങ്ങി.. പിണങ്ങി പോയ അവൾക്ക് പിറകെ നേഹയും വെച്ചു പിടിച്ചു.... അവളിൽ നിന്നും അർത്ഥം വെച്ചൊരു കള്ള ചിരി വിരിഞ്ഞു വരുന്നുണ്ടായിരുന്നു..... " നിൽക്കെന്റെ പെണ്ണേ.. നിന്റെയൊരു കാര്യം " അവളുടെ അടുത്തെത്തി നേഹ അവളുടെ കഴുത്തിൽ കയ്യിട്ട് വീട്ടിലേക്ക് കയറി... ചുണ്ട് കോട്ടി കൊണ്ട് അവൾ നേഹയെ നോക്കി... നേഹ അവൾക്ക് ഇളിച്ചു കൊടുത്തു. നേഹയുടെ ചിരി കണ്ടതും എന്റെ മുഖത്തും ചിരി വിടർന്നു വന്നു.. ഞങ്ങൾ നേരെ പോയത് എന്റെ അമ്മയുടെ അടുത്തേക്കാണ്.. നേഹയുടെയും വിനു ഏട്ടന്റെയും അമ്മ മരിച്ചിട്ട് വർഷങ്ങളായി. അവരുടെ അമ്മ പോയതിൽ പിന്നെ അവർക്ക് സ്വന്തം അമ്മയെ പോലെയാണ് എന്റെ അമ്മ.. അടുക്കളയിൽ തിരക്കിൽ പെട്ട അമ്മയുടെ അടുത്തേക്ക് നേഹ ചെന്നതും പിറകെ ഞാനും ചെന്നു.. ഞങ്ങളെ കണ്ടതും കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന എന്റെ ഏട്ടൻ ഒന്ന് ചുമച്ചു.. "മ്മ്മ്.. വന്നു വന്നു.. നാട് തെണ്ടൽ കഴിഞ്ഞ് വന്നിട്ടുണ്ട് അമ്മേ... കഴിക്കാൻ എടുത്തു കൊടുക്ക് " "അയ്യോ.. വേണ്ടായേ.. ഞങ്ങൾ അച്ഛമ്മ ഉണ്ടാക്കിയ നല്ല ചൂട് ദോശ കഴിച്ചിട്ടാ വരുന്നേ " എടുത്തടിച്ച പോലെയുള്ള മറുപടി പറഞ്ഞു കൊണ്ട് ഏട്ടന്റെ അടുത്തായി ഞാനും നേഹയും ഇരുന്നു.. നേഹ പാത്രം എടുത്ത് അമ്മയുണ്ടാക്കിയ പുട്ട് കഴിക്കാൻ തയ്യാറായി..ഇതൊക്കെ എങ്ങോട്ട് പോകുന്നെടീ എന്ന അർത്ഥത്തിൽ ഞാൻ അവളെ നോക്കിയപ്പോഴേക്കും അവൾ തീറ്റ തുടങ്ങി കഴിഞ്ഞിരുന്നു . "മസിലു പിടിച്ചിരിക്കാതെ നീയും വേണേൽ കഴിക്ക് " നേഹയെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഏട്ടൻ എന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.. "ഓ.. നീയവളെ നിർബന്ധിക്കാനൊന്നും പോകേണ്ട.. അല്ലേലും ഞാൻ ഉണ്ടാക്കുന്നെ ഒന്നും അവൾക്ക് പിടിക്കില്ലല്ലോ" അമ്മ പരാതിയോടെ മുഖം വീർപ്പിച്ചതും ഞാൻ ഏട്ടന്റെ കാലിൽ അമർത്തി ചവിട്ടി കൊണ്ട് കണ്ണുരുട്ടി....ഏട്ടൻ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ചായ വലിച്ചു കുടിച്ച് എഴുന്നേറ്റു.. അമ്മക്കുട്ടി പരാതി പെട്ടി തുറക്കും മുന്നേ സോപ്പിടുന്നത് തന്നെയാ ബുദ്ധി.. ഇരുന്നിടത്ത് നിന്ന് എണീറ്റു കൊണ്ട് ഞാൻ അമ്മയെ വട്ടം പിടിച്ചു... കവിളിൽ ഉമ്മ കൊടുത്തു.. ഇടയ്ക്കിടെ അമ്മയെ മയാക്കാനുള്ള എന്റെ അടവ്.... "എന്റെ അമ്മ ഉണ്ടാക്കുന്നത് ഞാൻ കഴിക്കാതിരിക്കോ.. " അതും പറഞ്ഞ് പ്ലേറ്റിൽ പുട്ടും കടല കറിയും എടുത്ത് കണ്ണിറുക്കി കൊണ്ട് അടുക്കളയിൽ നിന്നും ഞാൻ പുറത്തേക്ക് നടന്നു.. "അവൾക്കിനി അവിടെ ചെന്ന് കഴിച്ചാലേ ഇറങ്ങൂ. " അതും പറഞ്ഞ് ശരത് അടുക്കളയിൽ നിന്നും പോയി.. നേഹ അപ്പോഴും വെട്ടി വിഴുങ്ങുന്ന തിരക്കിൽ ആയിരുന്നു... ശരത്തിന്റെ വാക്കുകൾക്ക് മറുപടിയായി ആ അമ്മ ഒന്ന് നെടുവീർപ്പിട്ടു.. പ്ലേറ്റിൽ പുട്ടും കറിയുമായി പുഞ്ചിരിയോടെ അവൾ നേരെ പോയത് തെക്കേ മുറിയിലേക്കായിരുന്നു.. മറ്റാരും പോകാൻ മടിക്കുന്ന അവൾക്ക് മാത്രം പ്രവേശനമുള്ള മുറി.... പുറമെ നിന്ന് അടച്ച വാതിലിൽ അവൾ കൈവെച്ചു.. പുറത്തേക്ക് താഴിട്ട ആ വാതിൽ അവൾ തുറന്നു.. പഴകി ദ്രവിക്കാറായ വാതിൽ അലോസരപ്പെടുത്തും ശബ്ദത്തോടെ തുറന്നതും അവൾ തന്റെ പാദങ്ങൾ അകത്തേക്ക് വെച്ചു... ഒരു ജനൽ മാത്രമുള്ള ആ നാല് ചുമർ മുറിയൊന്നാകെ അവൾ കണ്ണോടിച്ചു... കട്ടിലിന് താഴെ ഇരിക്കുന്ന ആ വെളുത്ത വസ്ത്രധാരിയെ കണ്ടതും പുഞ്ചിരിയോടെ അവൾ ആ രൂപത്തിന്റെ അടുത്തേക്ക് നടന്നു... (തുടരും) ചെങ്ങായീസ്💖 ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കണേ.. ചെറിയ ഇടവേളക്ക് ശേഷം എഴുതുന്നതിനാൽ അതിന്റെതായ പോരായ്മകൾ ഉണ്ടാവും.. എഴുതാനൊരു ഫ്ലോ കിട്ടാത്തത് കൊണ്ടും അതിന് പറ്റിയ അവസ്ഥയിൽ അല്ലാത്തത് കൊണ്ടുമാണ് പോസ്റ്റാൻ വൈകിയത്... തെറ്റ് കുറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞ് എല്ലാവരും കൂടെ ഉണ്ടാവണേ.. നിങ്ങളുടെ സപ്പോർട്ടും സ്നേഹവും കൂടെ ഇല്ലെങ്കിൽ ഈ സ്റ്റോറി അവസാനം വരെ കൊണ്ടെത്തിക്കാൻ എനിക്ക് കഴിയില്ല... അഭിപ്രായങ്ങൾ എന്ത് തന്നെയായാലും അറിയിക്കുക.... കൂടെ ഉണ്ടാവുമെന്ന് പറഞ്ഞവരോടെല്ലാം ഒത്തിരി ഇഷ്ടം 😘😘😘. ഹൊറർ ആയതിനാൽ രാത്രി വായിക്കില്ല പേടിയാണ് എന്നൊക്കെ പറഞ്ഞവർ ഉണ്ട്... ഒന്ന് കൊണ്ടും പേടിക്കണ്ട.. അങ്ങനെ പേടിക്കാൻ മാത്രം ഹൊറർ ഒന്നുമില്ല.. കഥ വായിച്ചു തുടങ്ങുമ്പോൾ തന്നെ അത് ബോധ്യമാവും.. ഹൊറർ ഉണ്ടെങ്കിൽ തന്നെ അത് സ്റ്റോറിയുടെ അവസാന ഭാഗങ്ങൾ എത്തുമ്പോൾ ആയിരിക്കും.. എല്ലാവരും അവസാനം വരെ കൂടെ നിൽക്കുക 💖💖 #📙 നോവൽ
*സലൈന* *പ്രോമോ* ✍️ Raiza ഇരുണ്ട രാവിൽ കറുത്തിരുണ്ട മഴ മേഘങ്ങൾ കോപാകുലയായി വണ്ണമേറും തുള്ളികളെറിഞ്ഞു.. മേഘ പാളികൾക്കിടയിൽ വാനം കീറി മുറിക്കും മിന്നൽ പിളർപ്പുകൾ ഭൂമിയെ കിടു കിടെ വിറപ്പിച്ചു... ശക്തമായി വീശിയടിക്കുന്ന കാറ്റിൽ വന്മരങ്ങളുടെ ചില്ലകൾ പോലും ആടിയുലഞ്ഞു.... ഭയാനകമായ അന്തരീക്ഷത്തെക്കാൾ ഭയം കണ്ണുകളിൽ നിറച്ച് ആ അമ്മ മരവാതിൽ അമർത്തി അടച്ച്‌ പിന്തിരിഞ്ഞു.... തന്നിലേക്ക് നീണ്ടവരുടെ കണ്ണുകളിലേക്ക് നോക്കാതെ അടക്കി വെച്ച തേങ്ങലോടെ തൂണിനോട് ചാരി അവർ ഇരുന്നു... "കൃഷ്ണാ... എന്റെ മക്കൾക്കൊന്നും വരുത്തല്ലേ... " ഹൃദയത്തിൽ നിന്നും ഉതിർന്ന വാക്കുകൾ കൂടെയുള്ളവരിൽ നീണ്ട നെടുവീർപ്പ് സൃഷ്ടിച്ചു...... "വല്യച്ചാ ..," ആ സമയം വാതിൽ തുറന്ന് അകത്തേക്ക് ഓടി വന്നവനിലേക്കായി അവരുടെയൊക്കെ കണ്ണുകൾ... നനഞ്ഞു കുതിർന്ന ശരീരത്തോടെ വർധിച്ച കിതപ്പോടെ അവനവർക്ക് മുന്നിൽ വാക്കുകൾ പുറത്തേക്ക് വരാതെ ഉമിനീർ വിഴുങ്ങി കൊണ്ട് നിന്നു.... "എന്താ... എന്താ ശരത് .. അവരെപ്പറ്റി എന്തെങ്കിലും.... " "അത്... അവർ...... അപ്പൻകോവിലിനടുത്തുള്ള... ആ... ആ... തറവാട്ടിലേക്ക് പോയത് കണ്ടവരുണ്ടെന്ന്.... ". "കൃഷ്ണാ....... " നീട്ടി വിളിച്ച ദൈവ നാമത്തിന് പിറകെ ഓരോരുത്തരുടെയും ചുണ്ടിൽ ഇടതടവില്ലാത്തൊരു വിറയലും കണ്ണുകളിൽ ഭയവും വർധിച്ചു കൊണ്ടേയിരുന്നു..... "എന്ത് അവിവേകമാണ് ആ കുട്ടികൾ ചെയ്തത്... ആരും കടക്കാത്ത ആ ഭാഗത്തേക്ക് ഇന്നത്തെ ദിവസം തന്നെ എന്തിന് പോയി...രാവിലെ കത്തിച്ചു വെച്ച ദീപം നിമിഷ നേരം കൊണ്ട് അണഞ്ഞപ്പോഴേ അപശകുനമെന്ന് ഞാൻ മനസ്സിൽ കണ്ടതാ.. അതിപ്പോ വലിയ വിപത്തായി വന്നല്ലോ ഭഗവാനെ. . ഇനി എന്തൊക്കെ സംഭവിക്കും... " " എന്റെ മക്കൾ.... " വല്ല്യച്ഛന്റെ വാക്കുകളിൽ നിന്ന് കാര്യ ഗൗരവം മനസ്സിലാക്കിയതും കരഞ്ഞു തളർന്ന അമ്മയെ അവൻ ചേർത്ത് പിടിച്ചു... "കരഞ്ഞ് നിലവിളിച്ചിട്ട് കാര്യമില്ല ദേവീ.....എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം... അവളുടെ കയ്യിലകപ്പെടുത്താതെ അവരുടെ ജീവൻ കാക്കണം..." "ഹഹഹ.. ഹ്ഹ.. അവരെ തന്റെ കണ്മുന്നിൽ കിട്ടാൻ കാത്തിരിക്കുകയല്ലേ അവൾ... ഇപ്രാവശ്യം അവർക്ക് രക്ഷയില്ല.....രക്ഷയില്ല... " മൂലയിൽ കുനിഞ്ഞു കൂടിയിരിക്കുന്ന മുത്തശ്ശി ആർത്ത് ചിരിച്ചതും ദേഷ്യത്തോടെ അതിലേറെ ഭയത്തോടെ അവരെല്ലാം മുത്തശ്ശിയിൽ കണ്ണുകളുടക്കി നിന്നു.... അമ്മയുടെ തേങ്ങൽ പതിയെ കരച്ചിലിലേക്ക് ഗതി മാറി ഒഴുകി..... "ഒന്ന് മിണ്ടാതിരിക്ക് അമ്മേ... എല്ലാവരും പേടിച്ചിരിക്കുന്നതിനിടയിൽ വെറുതെ..... " "ഭയക്കണം.... എല്ലാവരും ഭയക്കണം അവളെ...എന്തിനവൾക്കീ പക എന്നറിയാതെ കിടന്ന് നെട്ടോട്ടമോടണം എല്ലാവരും... അതാണവൾക്കാവശ്യം..... അവളുടെ പക തീരാതെ ഈ ഭൂലോകം വിട്ടവൾ പോവില്ല..." കണ്ണുകൾ നിശ്ചിത ബിന്ദുവിൽ കേന്ദ്രീകരിച്ച് ഭയം കണ്ണുകളിൽ പ്രകടമാക്കി കൊണ്ട് മുത്തശ്ശി പറഞ്ഞു തീർത്തു... പൊടുന്നനെ മലർക്കെ തുറന്ന ജനലുകൾ കാറ്റിൽ ശക്തിയായി അടഞ്ഞു തുറന്നു കൊണ്ടേയിരുന്നു.. പൂജാമുറിയിൽ കത്തിച്ചു വെച്ച ദീപങ്ങൾ അണഞ്ഞു.... നാല് കെട്ടിനുള്ളിൽ നടുമുറ്റത്തിനു ചുറ്റും സ്ഥാപിച്ച തൂക്കുവിളക്കുകൾ കാറ്റിൽ ആടിയുലഞ്ഞു..... "ദേവീ.... " തന്റെ ഭാര്യയെ ചേർത്ത് പിടിച്ച് ഭയത്തോടെ കൃഷ്ണൻ തങ്ങൾക്ക് ചുറ്റും നടക്കുന്നവക്ക് നേരെ കണ്ണുകൾ ഇറുക്കി അടച്ചു...... "വിപത്ത്.... കൊടും വിപത്ത്....ക്രോധയാണവൾ.... ഇതിൽ നിന്നിനി രക്ഷയില്ല.... " അയാളുടെ വാക്കുകൾ വായുവിൽ അലിഞ്ഞു ചേർന്നു.... *********************************** "ചാരൂ....... ചാരൂ.... " ഇരുണ്ട മുറികൾക്കുള്ളിൽ ഓടി നടന്ന് ഇടയ്ക്കിടെ തെളിയുന്ന മിന്നൽ പിളർപ്പിൽ അവനവളെ തിരഞ്ഞു കൊണ്ടിരുന്നു..... ഭയപ്പെടുത്തും വിധമുള്ള കനത്ത ഇരുട്ടോ പുറമെ പെയ്യും മഴയോ മിന്നലോ ശക്തമായ ഇടിയോ അവനെ ഭയപ്പെടുത്തിയില്ല... അവന്റെ മനസ്സിൽ ഒരേ ഒരു രൂപം മാത്രമായിരുന്നു... ചുണ്ടിൽ ഒരേ ഒരു നാമം മാത്രമായിരുന്നു...... അടഞ്ഞു കിടന്ന ആ വലിയ തറവാട്ടിലെ വാതിലുകളോരോന്നായി ചവിട്ടി തുറന്നവൻ അവളെ തേടി..... അല്പം മുൻപ് വരെ തന്റെ കൈകളിൽ ചേർത്ത് പിടിച്ച് നടന്ന നെഞ്ചിൽ തലചായ്ക്കാൻ തുടങ്ങിയ അവളെങ്ങോട്ട് പോയെന്ന ചിന്ത അവനെ തളർത്തി.... മുകളിലെ ഏറ്റവും അറ്റത്തുള്ള മുറിയുടെ വാതിൽ അവൻ ദേഷ്യത്താൽ അലറി വിളിച്ച്‌ ചവിട്ടി...... പെട്ടന്ന്..... "ചാരൂ" അലറി വിളിച്ചവൻ ഭയത്തോടെ മുന്നിലേക്ക് നോക്കി..... വിറങ്ങലിച്ച് പ്രത്യേക ഭാവത്തിൽ കയ്യിലെ കടലാസുകളിൽ നിന്നും നോട്ടം മുറിക്കാതെ നിൽക്കുന്ന ചാരുവിന്റെ അരികിലേക്കവൻ ഓടി.. "ചാരൂ....നീ.... നീയെന്തെടുക്കുവാ... " അരികിലെത്തി അവളുടെ കൈകളിൽ തട്ടി വിളിച്ചതും ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി.. ആ സമയം കൈകളിൽ നിന്നും വർണ്ണ കടലാസുകൾ നിലത്തേക്ക് പാറി വീണു.... ഇമകൾ വെട്ടിച്ചു കൊണ്ടവൻ താഴേക്ക് നോക്കിയതും വർണ കടലാസ്സിൽ വലിയ അക്ഷരങ്ങളോടെ എഴുതിയ ആ നാമം അവന്റെ കണ്ണുകളിൽ തെളിഞ്ഞു.. *സലൈന* ചോദ്യമുനയോടെവൻ കുനിഞ്ഞ് ആ കടലാസ് കയ്യിലെടുത്ത് ചാരുവിനെ നോക്കി... അവനിലേക്കാഴ്ന്ന അവളുടെ കറുത്ത മിഴികൾ പല സംശയങ്ങളാൽ നിറഞ്ഞു നിൽക്കുന്നത് അവന്റെ കണ്ണുകളിൽ ഉടക്കി... കയ്യിലെ വർണ്ണ കടലാസിലേക്ക് വീണ്ടും മിഴികൾ ചലിക്കവേ ചാരു അവന് നേരെ ഒരു ഫോട്ടോ നീട്ടി...... ഒരു കയ്യിൽ വർണ്ണ കടലാസും മറു കയ്യിൽ ഫോട്ടോയും പിടിച്ചവൻ അന്താളിപ്പോടെ ചാരുവിനെ നോക്കി..... "ഇവൾ.....????" നെഞ്ചിൽ കുരുങ്ങിയ മിടിപ്പ് വാക്കുകളിൽ പ്രകടമായി അവൻ ചോദിച്ചു.... " അതേ... അവൾ..തന്നെ *സലൈന* " (തുടരും) ചെങ്ങായീസ്😘 അപ്പൊ നമുക്ക് തുടങ്ങാം... പ്രോമോ പോസ്റ്റിയിട്ട് മുങ്ങിയെന്ന് വിചാരിക്കുന്നുണ്ടാവും അല്ലേ.. എഴുതാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല... കുറെ പേർ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം.. അത് കൊണ്ടാണ് എഴുതി മുഴുവനാക്കാം എന്ന് തീരുമാനിച്ചത്.. അധിക പാർട്ടുകൾ ഉണ്ടാവില്ല.. അവസാനം വരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് പോസ്റ്റിങ്ങ്‌ ആരംഭിക്കുന്നത്... ഫസ്റ്റ് പാർട്ട് രാത്രി പോസ്റ്റാം..... #📙 നോവൽ